'ഇനിയെന്റെ ദേഹത്ത് അടികൊള്ളാത്ത ഒരിടവുമില്ല; രാവിലെ ഒന്‍പതു വരെ സ്റ്റേഷനില്‍ നിര്‍ത്തി'- 47 ദിവസത്തെ ജയില്‍ അനുഭവങ്ങള്‍

വയോധികയുടെ മാല പൊട്ടിച്ചെടുത്തെന്ന കേസില്‍ ആരോപണ വിധേയനായ രമേശ് കുമാര്‍ തടങ്കലില്‍ കഴിഞ്ഞത് 47 ദിവസമാണ്. താനല്ല ചെയ്തത് എന്ന് പലവട്ടം പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ പൊലീസ് തയാറായില്ല
രമേശ് കുമാർ
രമേശ് കുമാർ

ഴിയാധാരമായ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന രമേശ് കുമാറിനുമേല്‍ ചെയ്യാത്ത ഒരു കുറ്റത്തിന്റേയും കള്ളക്കേസിന്റേയും നിഴലുണ്ട്. മോഷണക്കേസില്‍ കഴിഞ്ഞ നവംബര്‍ 27 മുതല്‍ ജനുവരി ഏഴു വരെ ജയിലില്‍ കഴിഞ്ഞു; പുറത്തിറങ്ങിയപ്പോള്‍ ഭാര്യയും മക്കളും സ്വീകരിച്ചില്ല, സ്വകാര്യ സ്‌കൂളിലെ ഡ്രൈവര്‍ ജോലി പോയി. 57 വയസ്സുള്ള രമേശിന് ഇപ്പോള്‍ കിടക്കാനിടവുമില്ല. പൊലീസിന്റെ ക്രൂരമര്‍ദ്ദനം ആരോഗ്യത്തേയും ബാധിച്ചു. നാട്ടുകാരില്‍ ബഹുഭൂരിപക്ഷവും രമേശിന്റെ നിരപരാധിത്വത്തില്‍ വിശ്വസിക്കുന്നു. ജയിലില്‍നിന്ന് ഇറക്കിയ അവര്‍ നിയമപിന്തുണ നല്‍കുന്നുമുണ്ട്. 

കായംകുളത്തിനു സമീപം ചെട്ടിക്കുളങ്ങരയിലാണ് സംഭവം. രമേശിന്റെ അയല്‍ക്കാരി കാര്‍ത്ത്യായനി അമ്മയാണ് പരാതിക്കാരി. നവംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെയാണ് അവരുടെ കഴുത്തില്‍നിന്ന് സ്വര്‍ണ്ണമാല കള്ളന്‍ പൊട്ടിച്ചെടുത്തത്. അയാള്‍ ഓടിയത് രമേശിന്റെ വീടിന്റെ ഭാഗത്തേക്കാണെന്നും അത് രമേശന്‍ തന്നെയാണെന്നും കാര്‍ത്ത്യായനി പൊലീസില്‍ പരാതി നല്‍കി. അതാണ് തുടക്കം. മോഷണത്തിന്റേയോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയോ പശ്ചാത്തലം രമേശിന് ഇല്ല. 

ചെറുപ്പത്തില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നതൊഴിച്ചാല്‍ രമേശ് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമല്ല.  അതുകൊണ്ടു തന്നെ പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് യാതൊന്നും തടസ്സമായില്ല. പക്ഷേ, തൊണ്ടിമുതല്‍ അന്വേഷിച്ചു കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ല. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത രമേശിനെ കസ്റ്റഡിയില്‍ വാങ്ങുകയോ പരാതിക്ക് ഇടയാക്കിയ സ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തുകയോ ചെയ്തില്ല. ആഴ്ചകള്‍ക്കുശേഷം മറ്റൊരു മോഷണക്കേസില്‍ പൊലീസ് പിടിച്ച ആളെ ചോദ്യം ചെയ്തപ്പോള്‍ കാര്‍ത്ത്യായനി അമ്മയുടെ മാല പൊട്ടിച്ച കാര്യം അയാള്‍  സമ്മതിച്ചു. അതോടെ രമേശിന്റെ നിരപരാധിത്വത്തെക്കുറിച്ചുള്ള സംശയങ്ങള്‍ മാറി.

എങ്കിലും കേസ് നിലനിന്നു. കേസ് ക്രമേണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എഴുതിത്തള്ളുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടെ, രമേശ് തന്നെയാണ് യഥാര്‍ത്ഥ പ്രതി എന്നു വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു. ഭാര്യയും രണ്ടു പെണ്‍മക്കളും മരുമക്കളും ഉള്‍പ്പെടുന്ന കുടുംബം തുടക്കം മുതല്‍ രമേശിനെ തള്ളിപ്പറയുന്നത് തങ്ങള്‍ക്കു നാണക്കേടുണ്ടാക്കി എന്ന പേരിലാണ്. അവര്‍ കൂടി ഒപ്പം നിന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് രമേശ് ഉറച്ചു വിശ്വസിക്കുന്നു. 

ചെട്ടിക്കുളങ്ങര എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് കെ. മധുസൂദനന്‍ നായര്‍, ഡി.സി.സി അംഗവും ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും കെ. രാമചന്ദ്രന്‍, ബി.ജെ.പി നേതാവ് മോഹനക്കുറുപ്പ്, എച്ച്.ഡി.എഫ്.സി ബാങ്ക് ചീഫ് മാനേജരായി വിരമിച്ച രാധാകൃഷ്ണ പണിക്കര്‍ തുടങ്ങി പലരും രമേശിന് നീതി കിട്ടണമെന്ന് വാദിക്കുന്നു. അതേസമയം, രമേശ് തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്നും കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും മാവേലിക്കര പൊലീസ് പറയുന്നു. തൊണ്ടിമുതലായ സ്വര്‍ണ്ണമാല കണ്ടെത്താന്‍ കഴിയാത്തത് ഒരു പ്രശ്‌നം തന്നെയാണ് എന്നു പൊലീസ് തുറന്നു സമ്മതിക്കുന്നു. 

 ''രമേശ് കുമാര്‍ തന്നെയാണ് പ്രതി. മറ്റൊരു പിടിച്ചുപറിക്കേസിലെ പ്രതി നിതിന്‍ വിക്രമനെ പിടിച്ചപ്പോള്‍ തെളിഞ്ഞ 14 കേസുകളിലൊന്ന് കാര്‍ത്ത്യായനി അമ്മയുടെ മാല പിടിച്ചുപറിച്ച കേസാണെന്ന് ആളുകള്‍ പറഞ്ഞുപരത്തിയതാണ്. ഒരു ദിവസം പുലര്‍ച്ചെ ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ മാല ഊരിക്കൊടുത്തതായി നിതിന്‍ വിക്രമന്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇത് പത്രങ്ങളില്‍ വന്നപ്പോഴാണ് ആ കേസ് രമേശ് പ്രതിയായ കേസാണെന്നു പ്രചരിച്ചത്. എന്നാല്‍, അങ്ങനെ മോഷ്ടാവിന് മാല ഊരിക്കൊടുക്കേണ്ടി വന്നതായി ഒരു പരാതി വന്നിട്ടില്ല. ഞങ്ങള്‍ക്ക് അറിയാത്ത കാര്യം നാട്ടുകാര്‍ പറഞ്ഞുണ്ടാക്കുകയാണ്'' - മാവേലിക്കര സി.ഐ ബി. വിനോദ് കുമാര്‍ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ . രമേശ് പ്രതിയായ കേസില്‍ വേറെ എന്തെങ്കിലും തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും രമേശിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിട്ടുണ്ടെന്നും സി.ഐ വിശദീകരിക്കുന്നു: ''റിമാന്‍ഡ് ചെയ്ത ശേഷം അന്നത്തെ എസ്.ഐ പ്രദീപ്കുമാര്‍ രണ്ടു ദിവസം കസ്റ്റഡിയില്‍ വാങ്ങിക്കുകയും തെളിവെടുക്കുകയും ചെയ്തു. എന്നാല്‍, മാല കിട്ടിയില്ല. വലിച്ചെറിഞ്ഞു കളഞ്ഞു എന്നാണ് രമേശ് പറഞ്ഞത്. അന്വേഷിച്ചിട്ടു കിട്ടിയില്ല. പരാതിക്കാരിയായ കാര്‍ത്ത്യായനി അമ്മയെക്കൊണ്ട് മജിസ്ട്രേറ്റിനു മൊഴി നല്‍കിക്കുകയും ചെയ്തു. അപ്പോഴും രമേശാണ് എന്നുതന്നെയാണ് അവര്‍ പറഞ്ഞത്.'' 

സി.ഐയുമായി സംസാരിച്ച ശേഷം വീണ്ടും രമേശിനോട് ചോദിച്ചപ്പോഴും കസ്റ്റഡിയില്‍ വാങ്ങുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല എന്നുതന്നെയാണ് ആവര്‍ത്തിച്ചത്. അങ്ങനെയൊരു തെളിവെടുപ്പ് നടന്നതായി നാട്ടുകാരില്‍ ഒരാളും പറയുന്നില്ല. നിതിന്‍ വിക്രമനുമായി പിന്നീട് പൊലീസ് തെളിവെടുപ്പു നടത്തി. ആദ്യ ദിവസം കൊണ്ടുവരുന്നത് അറിഞ്ഞു നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും കൂടിയപ്പോള്‍ കൊണ്ടുവന്നില്ല. പിന്നീടാണ് ആരും അറിയാതെ കൊണ്ടുവന്നത്. അപ്പോഴും പെട്ടെന്നു വിവരമറിഞ്ഞ് ആളുകളും മാധ്യമങ്ങളും എത്തിയിരുന്നു. 

ഇല്ലാതാകുന്ന ജോലിയും കുടുംബവും

നേരത്തെ രമേശ് സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. പിന്നീട് എട്ടു വര്‍ഷം ഗള്‍ഫില്‍ ഡ്രൈവറായി ജോലിചെയ്തു. അതിനുശേഷമാണ് നാട്ടില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായത്. ''ഇങ്ങനെയൊരു അനുഭവം വേറൊരാള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ഞങ്ങള്‍ അയാളുടെ കൂടെ ഉറച്ചുനില്‍ക്കുന്നത്.'' വിഷയം ഒന്നുമൊന്നും ആകാതെ കിടക്കുകയാണ്, അതാണ് വിഷമം. ഒരാളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. നിരപരാധിയാണ്, കള്ളക്കേസാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, തെറ്റിദ്ധാരണയുടേയോ മറ്റാരുടേയെങ്കിലും വിരോധത്തിന്റേയോ പേരിലുണ്ടായ കേസ് ഒരാളുടെ ജീവിതമാണ് ഇല്ലാതാക്കുന്നത്'' കെ. രാമചന്ദ്രന്‍ പറയുന്നു. ''മാല പിടിച്ചുപറിച്ചിരിക്കാം. പക്ഷേ, അതു ചെയ്ത ആള്‍ ഒരു വീടിന്റെ ഭാഗത്തേയ്ക്കു പോയാല്‍ ആ വീട്ടിലെ ആള്‍ കള്ളനാകുന്നത് എങ്ങനെ? എന്റെ വീടിന്റെ ഭാഗത്തേയ്ക്കാണ് വന്നതെങ്കില്‍ ഞാന്‍ കള്ളനാകുമോ?'' രാധാകൃഷ്ണ പണിക്കര്‍ ചോദിക്കുന്നു. ''ഞങ്ങളെപ്പോലെ തന്നെ ഒരാളാണ് രമേശും.'' ''രമേശ് മദ്യപിക്കുന്ന ആളാണ്. പക്ഷേ, കള്ളനല്ല. മുന്‍പ് മോഷ്ടിച്ചിട്ടില്ല, ഇനിയും അതു ചെയ്യുമെന്നു കരുതുന്നില്ല. ഇത് ഇത്രയും കാലത്തെ അനുഭവംകൊണ്ട് പറയുകയാണ്'' രാമചന്ദ്രന്‍ പറയുന്നു. അച്ഛനെ പൊലീസ് കൊണ്ടുപോയി എന്ന് രാമചന്ദ്രനെ അന്നു രാവിലെ വിളിച്ചു പറഞ്ഞത് രമേശിന്റെ സ്‌കൂള്‍ അധ്യാപികയായ മകളാണ്. ചെല്ലുമ്പോള്‍ മാവേലിക്കര എസ്.ഐ പ്രദീപ് കുമാര്‍ അവിടെയുണ്ട്. തിരക്കിയപ്പോള്‍ പറഞ്ഞത് രമേശ് മാല പൊട്ടിച്ചെന്നും ഞങ്ങള്‍ കൊണ്ടുപോവുകയാണ് എന്നുമാണ്. ബൈക്കില്‍ കയറ്റിക്കൊണ്ടുപോയിട്ട് കുറച്ചപ്പുറത്തു കിടന്ന ജീപ്പിലേയ്ക്കു മാറിക്കയറ്റി. 

പിടിച്ചുകൊണ്ടുപോയ അന്നു വൈകുന്നേരം മോഹനക്കുറുപ്പും രാമചന്ദ്രനും സി.പി.ഐ മുന്‍ ലോക്കല്‍ സെക്രട്ടറി ശശിയും കൂടി പൊലീസ് സ്റ്റേഷനില്‍ ചെന്നു. എസ്.ഐ ഉണ്ടായിരുന്നില്ല. അവരവിടെ നില്‍ക്കുമ്പോള്‍ എത്തി. നിങ്ങളിപ്പോള്‍ അവനെ കാണണ്ട, കണ്ടാല്‍ അത് അവന് (രമേശിന്) 'വള'മാകും എന്നു പറഞ്ഞ് എസ്.ഐ അവരെ സ്റ്റേഷനു പുറത്തേയ്ക്കു വിളിച്ചു. പക്ഷേ, അടിച്ച് അവശനാക്കി ഇട്ടിരിക്കുന്നത് തങ്ങള്‍ കാണാതിരിക്കാനുള്ള തന്ത്രമായിരുന്നു എസ്.ഐയുടേതെന്നു പിന്നീടു മാത്രമാണ് മനസ്സിലായത്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ വാങ്ങിക്കൊടുക്കണം, അതല്ല, നിരപരാധിയെ കുടുക്കാനാണെങ്കില്‍ അതനുസരിച്ചുള്ള പ്രതികരണം ഉണ്ടാകും എന്ന് എസ്.ഐയോട് പറഞ്ഞതായി അവര്‍ പറയുന്നു. ''ഇല്ലില്ല, ഇന്നു രാത്രി അവന്‍ സമ്മതിക്കും'' എന്നായിരുന്നു മറുപടി. 

സംഭവ ദിവസം പുലര്‍ച്ചെ കാര്‍ത്ത്യായനി അമ്മയുടെ മകനാണ് ആദ്യം വീട്ടില്‍ച്ചെന്ന് രമേശിനെ വിളിച്ചത്. പുലര്‍ച്ചെ എണീറ്റ് കോഴികള്‍ക്കു തീറ്റ കൊടുക്കുകയായിരുന്നു രമേശ്. അമ്മയെ കണ്ടോ എന്നാണ് ചോദിച്ചത്. ഇല്ലെന്നു പറഞ്ഞപ്പോള്‍ വീട്ടിലേക്കൊന്നു വരാമോ എന്നു ചോദിച്ചു. ചെന്നപ്പോള്‍ അവിടെ കാര്‍ത്ത്യായനി അമ്മയുടെ ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ കുറേ പേരുണ്ടായിരുന്നു. അമ്മേടെ മാല പൊട്ടിച്ചത് അണ്ണനാണോ, അതിങ്ങു തന്നേക്ക് എന്നു മകന്‍ പറഞ്ഞു. താന്‍ അറിയാത്ത കാര്യമാണ് എന്നു പറഞ്ഞപ്പോള്‍ എങ്കില്‍ അണ്ണന്‍ പൊയ്ക്കോളാന്‍ പറഞ്ഞു. തിരിച്ചുപോയി കുറച്ചുകഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ ബൈക്കില്‍ വന്നു വിളിച്ചു. അതിലൊരാള്‍ എസ്.ഐ ആണെന്നു പരിചയപ്പെടുത്തി. യൂണിഫോമിലായിരുന്നില്ല. ഒരു മാലയുടെ കാര്യമുണ്ട്, സ്റ്റേഷന്‍ വരെയൊന്നു വരണമെന്നു പറഞ്ഞു. വീട്ടില്‍ മറ്റാരും ഉണരുകപോലും ചെയ്യുന്നതിനു മുന്‍പു വിളിച്ചുകൊണ്ടുപോയ ആ പോക്കിനാണ് ഒന്നര മാസം കഴിഞ്ഞുമാത്രം മടക്കമുണ്ടായത്. 

പിടിച്ചുകൊണ്ടുപോയി രാവിലെ ഒന്‍പതുവരെ സ്റ്റേഷനില്‍ നിര്‍ത്തി. അതുകഴിഞ്ഞാണ് മര്‍ദ്ദനം തുടങ്ങിയത്. ''ഇനിയെന്റെ ദേഹത്ത് അടികൊള്ളാത്ത ഒരിടവുമില്ല'' എന്ന് രമേശ് പറയുന്നു. കുറ്റം സമ്മതിക്കാന്‍ ഭീഷണിപ്പെടുത്തി. നിന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുപോയാല്‍പ്പിന്നെ പുറംലോകം കാണില്ലെന്നും കെട്ടിത്തൂക്കിയിട്ട് അടിക്കും എന്നുമൊക്കെ ആവര്‍ത്തിച്ചു. എന്നെ എന്തു ചെയ്താലും എവിടെ കൊണ്ടുപോയാലും മാല എടുത്തെങ്കിലല്ലേ തരാന്‍ പറ്റുകയുള്ളു എന്നു പറഞ്ഞു. പിന്നീട് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു മുന്‍പ് തെറിവിളിച്ച് ആക്ഷേപിച്ചുകൊണ്ട് നടത്തിച്ചു. ഭിത്തിയില്‍ പിടിച്ച് അവശനായാണ് നടന്നത്. രണ്ടാംദിവസം വൈകുന്നേരമാണ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യത്തില്‍ ഇറങ്ങി നേരെ തന്നെ കാണാന്‍ വന്ന രമേശിന്റെ കാല്‍വെള്ളയില്‍ പൊലീസിന്റെ അടിയുടെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് രാമചന്ദ്രന്‍ പറയുന്നു. തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് രമേശ് പറഞ്ഞത്. കുനിച്ചുനിര്‍ത്തി പുറത്തിടിച്ചു. കൈമുട്ടുകള്‍കൊണ്ട് നടുവിനു കുത്തി. എല്ലാം ചെയ്തത് എസ്.ഐ പ്രദീപ് കുമാറും രണ്ടു പൊലീസുകാരുമാണ്. തല്ലുകിട്ടിയത് കോടതിയില്‍ പറഞ്ഞാല്‍ തെളിവെടുപ്പിനു കസ്റ്റഡിയില്‍ വാങ്ങി കെട്ടിത്തൂക്കിയിട്ട് അടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് മര്‍ദ്ദിച്ചതായി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോഴോ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ അയാളുടെ അഭിഭാഷകനോ പറയാമായിരുന്നു എന്ന് സി.ഐ പറയുന്നു: ''മുന്‍പ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും കസ്റ്റഡിയില്‍ കൊടുക്കാന്‍ പാടില്ലെന്നും പറയാം. അങ്ങനെയൊരു ആക്ഷേപം അന്നൊന്നും ഉന്നയിച്ചിട്ടില്ല.''

റിമാന്‍ഡ് കഴിഞ്ഞു പുറത്തുവന്ന രമേശിനെ വീട്ടില്‍ കയറ്റാന്‍ ഭാര്യയും മക്കളും തയ്യാറായില്ല. മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞയാളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ല. ജാമ്യമെടുക്കാനും അവര്‍ ശ്രമിക്കാതിരുന്നതുകൊണ്ടാണ് അത്രയും ദിവസം റിമാന്‍ഡ് നീണ്ടത്. പിന്നീട് രമേശിന്റെ രണ്ടു ചേട്ടന്മാരും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു ജാമ്യമെടുക്കുകയായിരുന്നു. തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ഒരു ബാഗ് ഗേറ്റില്‍ കൊണ്ടുവച്ചിട്ട് ഇതാ നിങ്ങളുടെ സാധനങ്ങള്‍, ഇങ്ങോട്ടു കയറണ്ടെന്നു പറഞ്ഞു. പക്ഷേ, രമേശ് അതെടുക്കാതെ മടങ്ങി. മൂന്നാം ദിവസം അമ്പലത്തിന്റേയോ പാര്‍ട്ടിയുടേയോ മറ്റോ പിരിവിനു ചെന്ന ആളുകളാണ് ബാഗ് അവിടെത്തന്നെ ഇരിക്കുന്നതു കണ്ടത്. 

രമേശിനുവേണ്ടി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ രാമചന്ദ്രനും മറ്റും വീട്ടില്‍ പോയി. പക്ഷേ, വിട്ടുവീഴ്ചയ്ക്ക് അവര്‍ മാനസികമായി പാകപ്പെട്ടിരുന്നില്ല. ഭര്‍ത്താവ് കുടുംബത്തിന്റെ മാനംകെടുത്തി എന്ന നിലപാടില്‍ത്തന്നെ ഭാര്യ വല്‍സലയും അമ്മയെ പിന്തുണച്ച് രണ്ടു മക്കളും ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. അവരുടെ തെറ്റിദ്ധാരണ മാറുന്നില്ല. എന്തായാലും രമേശിനെ സ്വന്തം വീട്ടില്‍ കയറ്റണം എന്നതില്‍നിന്നു പിന്നോട്ടു പോകാന്‍ ഇവരാരും തയ്യാറല്ല. ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്കു പരാതി കൊടുത്തിരിക്കുകയാണ്. കേസില്‍ വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. 

നീതികിട്ടും വരെ 

റിമാന്‍ഡിലായതിന്റെ അടുത്ത ദിവസം എസ്.ഐ അസാധാരണമായി ജയിലില്‍ച്ചെന്ന് രമേശിനെ കണ്ടു. ജാമ്യമെടുക്കാനുള്ള എല്ലാ ഏര്‍പ്പാടും ചെയ്തിട്ടുണ്ടെന്നു പറയുകയും ചെയ്തു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ജനുവരി ഏഴിനാണ് ചേട്ടന്മാരും സുഹൃത്തുക്കളും ചേര്‍ന്നു ജാമ്യത്തില്‍ ഇറക്കിയത്. എസ്.ഐയുടെ ആ സന്ദര്‍ശനവും വാഗ്ദാനവും എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് രമേശ് പറയുന്നു. 
രമേശിനെ കേസില്‍ പ്രതിയാക്കിയതില്‍ അബദ്ധംപറ്റിയെന്ന് പിന്നീട് പൊലീസിനും മനസ്സിലായി എന്നാണ് എസ്.ഐയുടെ ജയില്‍ സന്ദര്‍ശനം നല്‍കുന്ന സൂചന. നാട്ടുകാരും അതു ശരിവയ്ക്കുന്നു. രമേശിന്റെ ഭാഗത്തുനിന്നു പൊലീസിനെ കുടുക്കുന്ന നിയമനീക്കങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താന്‍ ചേട്ടന്മാരെ പൊലീസ് കാണുകയും ചെയ്തു. ആ ഉറപ്പ് അവര്‍ക്ക് കിട്ടിയില്ല. പക്ഷേ, ജാമ്യത്തില്‍ ഇറങ്ങിയശേഷവും രമേശിനെ സ്വീകരിക്കാന്‍ ഭാര്യയും മക്കളും തയ്യാറാകാതിരുന്നത് പൊലീസിനു പിടിവള്ളിയായി. അതോടെ രമേശ് തന്നെയാണ് പ്രതി എന്ന ആദ്യ നിലപാടിലേയ്ക്ക് പൊലീസ് എത്തുകയും ചെയ്തു. രണ്ടാമത് അറസ്റ്റിലായ ആളെക്കൊണ്ട് അതിനനുസരിച്ചു മൊഴിമാറ്റിച്ചു എന്നാണ് രമേശും രാമചന്ദ്രനും മോഹനക്കുറുപ്പും രാധാകൃഷ്ണ പണിക്കരും ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. 

82 വയസ്സുള്ള പരാതിക്കാരിക്ക് വെട്ടംവീഴാത്ത അഞ്ചരമണിക്ക് എങ്ങനെയാണ് തന്നെത്തന്നെ ഇത്ര കൃത്യമായി 'തിരിച്ചറിയാന്‍' കഴിഞ്ഞതെന്നു ചോദിക്കുമ്പോള്‍ രമേശിനു ദേഷ്യമല്ല, സങ്കടമാണ്. ആരുടേയോ എന്തോ വിരോധത്തിനു താന്‍ ഇരയായിപ്പോകുന്നല്ലോ എന്ന സങ്കടം. എന്നെങ്കിലും സത്യം തെളിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് രമേശ്. ''വല്യമ്മയുടെ (ചെട്ടിക്കുളങ്ങര ഭഗവതി) മുന്നില്‍വെച്ചാണ് പറയുന്നത്. ഈ കാര്യത്തില്‍ കല്ലും നെല്ലും തിരിയാതെ പിന്നോട്ടു പോകില്ല. വിഷം കഴിക്കാനോ തൂങ്ങാനോ ഒന്നും പോകുന്നില്ല'' രമേശ് പറയുന്നു. രമേശ് കേസില്‍ നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേയ്ക്കു നീങ്ങുകയാണ്. പി. നാരായണക്കുറുപ്പ് എന്ന നല്ല മനുഷ്യന്റെ കൂടെയാണ് രമേശ് ഇപ്പോള്‍ താമസിക്കുന്നത്. കിടക്കാനിടമില്ലാതെ ബുദ്ധിമുട്ടുന്ന രമേശിന്റെ ദയനീയസ്ഥിതി അറിഞ്ഞ്, അദ്ദേഹം തന്റെ വീട്ടില്‍ കൂടാന്‍ വിളിച്ചു വരുത്തുകയായിരുന്നു. സമ്പന്നരായ നാരായണക്കുറുപ്പിനും ഭാര്യയ്ക്കും രമേശിനെ അത്രയ്ക്കു വിശ്വാസമാണെങ്കില്‍ അതുതന്നെയാണ് അയാളുടെ നിരപരാധിത്വത്തിന് ഏറ്റവും വലിയ തെളിവെന്നു ചൂണ്ടിക്കാണിക്കുന്നവര്‍ ഏറെയുണ്ട്  ചെട്ടിക്കുളങ്ങരയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com