പെരിയ ഇരട്ടക്കൊലപാതകം; കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്തിന്?

കുടുംബങ്ങളെ ഒന്നാകെ തകര്‍ത്ത് കളയുന്ന രാഷ്ട്രീയ കൊലപാതകത്തെ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീണ്ടും വീണ്ടും ന്യായീകരിച്ച് സ്വാഭാവികമാക്കി തീര്‍ക്കുന്നത്
കൃപേഷിനേയും ശരത് ലാലിനേയും അടക്കം ചെയ്ത സ്ഥലം- ഫോട്ടോ : ടി.പി. സൂരജ്/എക്‌സ്പ്രസ്
കൃപേഷിനേയും ശരത് ലാലിനേയും അടക്കം ചെയ്ത സ്ഥലം- ഫോട്ടോ : ടി.പി. സൂരജ്/എക്‌സ്പ്രസ്

രു കൊലപാതക കേസ് കൃത്യമായി അന്വേഷിക്കാതിരിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും. കേരള പൊലീസിന്റെ അതിദുര്‍ബ്ബലമായ കുറ്റപത്രം തള്ളി ഹൈക്കോടതി ആവശ്യപ്പെട്ട സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ മാത്രം ലക്ഷക്കണക്കിനു രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നത് എന്തിനായിരിക്കും. നിയമസഭയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട് ഇനിയും സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടുതന്നെ അപ്പീല്‍ പോകുമെന്നു വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രിക്കുള്ള പ്രേരണ എന്തായിരിക്കും. സി.ബി.ഐ കേസ് ഏറ്റെടുത്താല്‍ കേരളാ പൊലീസിന്റെ മനോവീര്യം തകര്‍ന്നുപോകുന്നത് തടയാന്‍ വേണ്ടിയാണോ സര്‍ക്കാരിന്റെ ഈ കഷ്ടപ്പാടുകള്‍. 

കാസര്‍ഗോഡ് പെരിയ കല്ല്യോട്ട് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത് 2019 ഫെബ്രുവരി 17-നാണ്. രാഷ്ട്രീയ കൊലപാതകത്തില്‍ പാര്‍ട്ടി പ്രതിരോധിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, സി.പി.എമ്മിനു യാതൊരു പങ്കുമില്ലെന്നു തുടക്കം മുതല്‍ പറയുകയും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന ഒരു കൊലപാതകം എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഭവത്തില്‍ ന്യായമായ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതിന്റെ യുക്തിയെന്താണ്? കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തെങ്കിലും കേസ് ഫയല്‍ കൈമാറാന്‍ കേരള പൊലീസ് ഇതുവരെ തയ്യാറായില്ല. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ അന്തിമ തീരുമാനം വന്നില്ല എന്നതാണ് സര്‍ക്കാര്‍ നിരത്തുന്ന ന്യായം. എന്നാല്‍, അന്വേഷണം ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനാല്‍ സി.ബി.ഐയ്ക്ക് കേസുമായി മുന്നോട്ടുപോകാം. സി.ബി.ഐ അന്വേഷണം വരാതിരിക്കാന്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരെ കൊണ്ടുവന്നാണ് സര്‍ക്കാര്‍ കേസ് വാദിക്കുന്നത്.

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട സ്ഥലം
ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട സ്ഥലം

എതിര്‍ക്കാന്‍ പാര്‍ട്ടിയും സര്‍ക്കാറും 

സി.പി.എമ്മിന്റെ ഭാരവാഹികളും അംഗങ്ങളും സജീവപ്രവര്‍ത്തകരുമായ 14 പേരാണ് പ്രതിപട്ടികയിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയും സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയും പെരിയ ഏരിയാകമ്മിറ്റി അംഗവുമായ എ. പീതാംബരനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. പീതാംബരന് കൃപേഷിനോടും ശരത് ലാലിനോടുമുള്ള വ്യക്തിവിരോധമാണ് കൊലയുടെ കാരണമെന്നാണ് സി.പി.എമ്മും കേരളാ പൊലീസും പറഞ്ഞത്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചെങ്കിലും കുടുംബങ്ങള്‍ തുടക്കം മുതല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.എം. പ്രദീപ്കുമാര്‍ മെയ് 20-നു കുറ്റപത്രം സമര്‍പ്പിച്ചു. കേസിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കുറ്റപത്രമായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. പ്രോസിക്യൂഷന്‍ സാക്ഷികളായി ചേര്‍ത്തിരിക്കുന്നവരിലേറെയും സി.പി.എം അനുഭാവികളും കൊലപാതകത്തില്‍ പങ്കുണ്ട് എന്നു കുടുംബം സംശയിക്കുന്നവരുമാണ് എന്നതായിരുന്നു ഞെട്ടിക്കുന്ന വസ്തുത. ഒന്നാംപ്രതി എ. പീതാംബരന്റെ ഭാര്യ മഞ്ജുഷ, സി.പി.എം ജില്ലാക്കമ്മിറ്റിയംഗം വി.പി.പി. മുസ്തഫ, സി.പി.എം പ്രാദേശിക നേതാവ് കെ. ഗോപാലന്‍ നായര്‍, അഞ്ചാംപ്രതി ജിജിന്റെ അച്ഛന്‍ ശാസ്താ ഗംഗാധരന്‍, ഗൂഢാലോചനയില്‍ പങ്കാളിയും കൊലയ്ക്കുവേണ്ട സാമ്പത്തിക സഹായം നല്‍കിയ ആളുമെന്നു കുടുംബങ്ങള്‍ ആരോപിച്ച എം. വത്സരാജ് തുടങ്ങി നിരവധി പേരാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലെ പ്രോസിക്യൂഷന്‍ സാക്ഷികള്‍. അതിദുര്‍ബ്ബലമായ ഈ കുറ്റപത്രം 2019 സെപ്തംബര്‍ 30-നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കേരള പൊലീസിനേയും സര്‍ക്കാരിനേയും കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഒക്ടോബര്‍ 31-ന് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ കേട്ടെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടില്ല. സി.ബി.ഐ കേസ് ഏറ്റെടുത്തെങ്കിലും കേരള പൊലീസ് കേസ് ഫയല്‍ കൈമാറാന്‍ ഇതുവരെ തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അപ്പീല്‍ നിലനില്‍ക്കുന്ന കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി വാദിച്ചത്. കേസ് സി.ബി.ഐയ്ക്ക് വിട്ടെങ്കിലും നാലു മാസമായിട്ടും അന്വേഷണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ശരത്തിന്റേയും കൃപേഷിന്റേയും കുടുംബങ്ങള്‍ കൊച്ചി സി.ബി.ഐ ഓഫീസിനു മുന്‍പില്‍ സമരം നടത്തിയിരുന്നു. കൊലയാളിയെ കണ്ടുപിടിക്കാന്‍ സര്‍ക്കാരിനെതിരെ സമരം നടത്തേണ്ട ഗതികേടിലാണ് ഈ കുടുംബം.

ലക്ഷങ്ങള്‍ മുടക്കുന്നത് ആര്‍ക്കുവേണ്ടി?

സി.ബി.ഐ കേസ് ഏറ്റെടുക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍നിന്നുള്ള സീനിയര്‍ അഭിഭാഷകരെ കൊണ്ടുവന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. തുടക്കത്തില്‍ കേസ് ഏറ്റെടുത്ത അഡ്വ. രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് ഫീസായി നല്‍കിയത്. പിന്നീട് വന്ന അഡ്വ. മനീന്ദര്‍ സിങിന് 20 ലക്ഷവും അദ്ദേഹത്തിന്റെ ജൂനിയറായ പ്രഭാസ് ബജാജിന് ഒരു ലക്ഷവും നല്‍കി. ഇതിനു പുറമെ നവംബര്‍ മാസത്തെ രണ്ട് സിറ്റിങില്‍ മനീന്ദറിനു 40 ലക്ഷവും പ്രഭാസ് ബജാജിനു രണ്ട് ലക്ഷവുമാണ് ഫീസ്. സി.ബി.ഐ അന്വേഷണം നടക്കാതിരിക്കാന്‍ വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ സര്‍ക്കാര്‍ ഇത്രയധികം തുക ചെലവഴിക്കുന്നത് എന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ചോദിക്കുന്നു. കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷന്‍ ടീമാണ്. അന്വേഷണം സി.ബി.ഐയിലേക്കെത്തിയാല്‍ അവര്‍വഴി പാര്‍ട്ടിയിലെ പല ഉന്നതരിലേയ്ക്കും കേസെത്തും. ഇതിനെ തടയിടാനാണ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിക്കുന്നത് - കൃഷ്ണന്‍ പറയുന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പങ്കുവെച്ചിരുന്നു. അറസ്റ്റിലായതു മുഴുവന്‍ പെരിയയിലേയും പരിസരത്തേയും പ്രാദേശിക പാര്‍ട്ടി നേതാക്കളും. 

14 പ്രതികളില്‍ എട്ടു പേര്‍ക്ക് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, ഒന്നാംപ്രതി പീതാംബരനെ ഒഴികെ മറ്റാരെയും പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. പ്രതികളെ ആരെയും പൊലീസ് തേടിപ്പിടിച്ചതല്ല, പാര്‍ട്ടി എത്തിച്ച് കൊടുത്തതാണെന്ന് പെരിയയിലെ കോണ്‍ഗ്രസ്സ് നേതാവും അഡ്വക്കേറ്റുമായ എം.കെ. ബാബുരാജ് പറയുന്നു.

''പാര്‍ട്ടിക്കു പങ്കില്ലെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയധികം കഷ്ടപ്പെടുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി ഇരകളുടെ കൂടെയല്ലേ നില്‍ക്കേണ്ടത്. ഞാനും ഒരു സി.പി.എം പ്രവര്‍ത്തകനാണ്. ഈ ചാപ്പയില്‍ താമസിക്കുന്ന സമയത്തും സി.പി.എം ക്ലബ്ബ് കെട്ടുമ്പോള്‍ എന്റെ കയ്യിലുള്ള പൈസ സംഭാവന കൊടുത്തയാളാണ് ഞാന്‍. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് കണ്ണൂരിലൊക്കെ ഉള്ളതുപോലെ ഒരു ഗുണ്ടാസംഘത്തിനെ വളര്‍ത്തിയെടുക്കാനാണ്. പാര്‍ട്ടിക്ക് പങ്കില്ലെന്നു പറയുമ്പോഴും പ്രതിപട്ടികയിലുള്ളവരുടെ വീടുകളിലേയ്ക്ക് കൃത്യമായി ചെലവിനെത്തുന്നുണ്ട് - കൃഷ്ണന്‍ പറയുന്നു. മട്ടന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലും സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ എത്തിച്ചിരുന്നു.

പഠനവും ജീവിതവും തകര്‍ത്ത രാഷ്ട്രീയ പക 

കൊല്ലപ്പെടുമ്പോള്‍ 24 വയസ്സായിരുന്നു ശരത് ലാലിന്. കൃപേഷിന് പത്തൊന്‍പതും. രണ്ട് തൊഴിലാളി കുടുംബത്തിലെ പ്രതീക്ഷകളായിരുന്നു അത്. കൊല നടന്ന് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും കണ്ണീര്‍ തോരാത്ത രണ്ട് വീടുകളാണ് ശരത്തിന്റേയും കൃപേഷിന്റേയും. അവരുടെ ഓര്‍മ്മകള്‍ മാത്രമുള്ള വീട്. വീടുകളില്‍നിന്നു നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ഇരുവരും വെട്ടേറ്റ് വീണത്. കേസിലെ നീതി മാത്രമാണ് ഇനി അവരുടെ പ്രതീക്ഷ. 

കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ
കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ

പെയിന്റിങ് തൊഴിലാളിയാണ് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. അമ്മ ബാലാമണി തൊഴിലുറപ്പ് ജോലിക്കും പോകും. ഷീറ്റ് മറച്ചുകെട്ടിയ ചെറിയ വീട്ടിലിരുന്നും കൃപേഷ് പഠിക്കാന്‍ പോയത് സുന്ദരമായ ഒരു ഭാവി സ്വപ്നം കണ്ടായിരിക്കണം. പെരിയ പോളിടെക്നിക്കിലായിരുന്നു പഠനം. പക്ഷേ, എതിര്‍ പാര്‍ട്ടിക്കാരനായി പോയതിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍നിന്നുണ്ടായ മര്‍ദ്ദനവും ഭീഷണിയും കാരണം പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു. രാഷ്ട്രീയത്തിന്റെ മനസ്സിലാക്കലുകള്‍ക്കപ്പുറമാണ് ജീവിക്കാന്‍ വേണ്ടിയുള്ള ചില കുടുംബങ്ങളുടെ പോരാട്ടങ്ങള്‍. സഹപാഠിയുടെ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാത്ത വിദ്യാര്‍ത്ഥിരാഷ്ട്രീയം കാരണം അവിടെനിന്നും കൃപേഷിനു മടങ്ങേണ്ടിവന്നു. പെയിന്റിങ്ങ് ജോലിക്കു പോയാണ് പിന്നീട് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഗള്‍ഫില്‍ പോയി കുടുംബത്തെ രക്ഷപ്പെടുത്തണം എന്നതായിരുന്നു അവന്റെ മുന്നിലുണ്ടായിരുന്ന വഴി. പാസ്പോര്‍ട്ടും മറ്റുമായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, ജീവിക്കാനും അതേ രാഷ്ട്രീയം അവനെ അനുവദിച്ചില്ല. രണ്ട് സഹോദരിമാരാണ് കൃപേഷിന്. ഹൈബി ഈഡന്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് കൃപേഷിന്റെ കുടുംബമിപ്പോള്‍. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ കോഴിക്കോട് ദേവഗിരി കോളേജില്‍ ബി.ബി.എ വിദ്യാര്‍ത്ഥിയാണ്.

കൃഷിപ്പണിക്കാരനാണ് ശരത്തിന്റെ അച്ഛന്‍ സത്യനാരായണന്‍. ബിടെക് കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിക്കു പോകാനിരിക്കെയാണ് കൊല നടന്നത്. ശരത്തിന്റെ അമ്മ ലത ഇപ്പോഴും സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. മൊബൈലില്‍ മകന്റെ ചില വീഡിയോകള്‍ കാണിച്ച് പൊട്ടിക്കരയുന്ന അമ്മ. മകന്റെ മരണശേഷം അവരധികം പുറത്തിറങ്ങാറില്ല, സംസാരിക്കാറില്ല. ഒരു വാക്കിനും അവരെ ആശ്വസിപ്പിക്കാനും കഴിയുന്നില്ല. കുടുംബങ്ങളെ അപ്പാടെ തകര്‍ത്തു കളയുന്ന രാഷ്ട്രീയ കൊലപാതകത്തെ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനം വീണ്ടും വീണ്ടും ന്യായീകരിച്ച് സ്വാഭാവികമാക്കി തീര്‍ക്കുന്നത്. തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് പരിശീലനത്തിലാണ് ശരത്തിന്റെ സഹോദരി അമൃത.

കൊലവിളി പ്രസംഗങ്ങള്‍ 

കേസിലെ പതിമൂന്നാം പ്രതിയാണ് സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍. ജാമ്യത്തിലിറങ്ങിയ അദ്ദേഹം പെരിയയില്‍ സി.പി.എം ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചത് ധര്‍മ്മ സംസ്ഥാപനത്തിനായി സ്വന്തം അമ്മാവനെയടക്കം പല ദുഷ്ടശക്തികളേയും കൊന്ന ശ്രീകൃഷ്ണനെ നമ്മളാരും കൊലയാളി എന്നു വിളിക്കാറില്ല എന്നാണ്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തങ്ങളെ കൊലയാളികള്‍ എന്നു വിളിക്കുന്നതിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പി. ജയരാജനായിരുന്നു ഉദ്ഘാടകന്‍. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു എന്‍. ബാലകൃഷ്ണന്റെ പ്രസംഗം. കൊല നടത്തിയത് തങ്ങളാണെന്ന കുറ്റസമ്മതം ആണ് അദ്ദേഹം നടത്തിയതെന്ന് ശരത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. കൃപേഷും ശരത്തും കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ കല്ല്യോട്ട് നടത്തിയ കൊലവിളി പ്രസംഗം ഏറെ വിവാദമായിരുന്നു. പ്രസംഗത്തില്‍ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. കൊലയ്ക്കുശേഷം പ്രതികളിലൊരാള്‍ തന്നെ അതേ സ്ഥലത്ത് വീണ്ടും പ്രകോപന പ്രസംഗം നടത്തുന്നത് വെല്ലുവിളിയാണെന്നും പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറയുന്നു. കല്ല്യോട്ട് ഇപ്പോഴും ശാന്തമല്ല. പൊലീസിന്റെ നിരീക്ഷണം എപ്പോഴുമുണ്ട്. കൊലപാതകത്തിന്റെ ഒന്നാംവാര്‍ഷികത്തിന്റെ സമയത്ത് കോണ്‍ഗ്രസ്സ് - സി.പി.എം സംഘര്‍ഷം വീണ്ടും ഉടലെടുത്തിരുന്നു. ഓഫീസുകളും വീടുകളും വെയ്റ്റിംഗ് ഷെല്‍ട്ടറുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

പ്രതികളുടെ കൂടെയാണ് സര്‍ക്കാര്‍  

ശരത് ലാലിന്റെ അമ്മ ലത

''റോഡില്‍ എന്റെ മോന്‍ വെട്ടുകൊണ്ടു കരയുന്ന ശബ്ദം ഞങ്ങളിവിടെ കേട്ടിരുന്നു. എന്താണ് സംഭവം എന്ന് അപ്പോള്‍ മനസ്സിലായില്ല. അമ്മ കൂടെയുള്ളതുകൊണ്ട് അമ്മയെ ഒറ്റയ്ക്കാക്കി പോകാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ പോയി നോക്കിയില്ല. മോളും മറ്റ് ബന്ധുക്കളും ഒരു കല്യാണവീട്ടില്‍ പോയി ജീപ്പില്‍ അതുവഴി വന്നപ്പോഴാണ് ശരത് റോഡില്‍ കിടക്കുന്നത് കണ്ടത്. വെട്ടുകൊണ്ട് മോനവിടെത്തന്നെ വീണു. കൃപേഷ് കുറച്ചുദൂരം ഓടി എന്നാണ് പറഞ്ഞു കേട്ടത്. അതേ ജീപ്പില്‍ത്തന്നെ കാഞ്ഞങ്ങാട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അവിടുന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന വഴിയാണ് മരിച്ചത്. എന്നോട് ആരും ഒന്നും പറഞ്ഞില്ലായിരുന്നു. ചെറിയൊരു മുറിവുമാത്രമേ ഉള്ളൂന്നാണ് മോളും പറഞ്ഞത്. കുറച്ചുനേരം സമാധാനിച്ചെങ്കിലും രാത്രിയായതോടെ എന്റെ മോന്‍ പോയത് ഞാന്‍ അറിഞ്ഞു. 

മംഗലാപുരത്താണ് ശരത് ബിടെക് സിവില്‍ എന്‍ജിനീയറിംഗ് പഠിച്ചത്. ബാംഗ്ലൂരില്‍ ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇവിടെ നാട്ടില്‍ എല്ലാ കലാപരിപാടികളിലും അവന്‍ ഉണ്ടാകും. ചെറുപ്പക്കാരേയും കുട്ടികളേയും ഒക്കെ സംഘടിപ്പിക്കാനും അവന്‍ മുന്നിലുണ്ടാകും. അതാണ് അവര്‍ക്കവനോട് വൈരാഗ്യം വരാനുണ്ടായ കാരണവും. ഇവനെ ഇല്ലാതാക്കിയാല്‍ അതൊക്കെ നിക്കും എന്നവര്‍ക്ക് തോന്നിയിട്ടുണ്ടാകും. കുറച്ചു മുന്‍പ് കണ്ണൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്ന വാര്‍ത്ത ടി.വിയില്‍ കാണിക്കുമ്പോള്‍ അതിനെപ്പറ്റി വിഷമത്തോടെ അവന്‍ പറയാറുണ്ടായിരുന്നു. അതുപോലുള്ള വാര്‍ത്ത കണ്ടിട്ട് ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്. എനിക്കും അതേ അവസ്ഥ വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

അവന്‍ പോയതിനുശേഷം ഞാനധികം പുറത്തിറങ്ങിയിട്ടില്ല. അവനില്ലാതായതോടെ എനിക്ക് ഒന്നിനും തോന്നാറില്ല. അവനു ഞങ്ങളെ ടൂറിനു പുറത്തൊക്കെ കൊണ്ടുപോകാന്‍ വലിയ ഇഷ്ടമായിരുന്നു. എന്തൊക്കെയോ പ്ലാന്‍ ചെയ്തിരുന്നു. ഏതു കാര്യമായാലും അവന്‍ വീട്ടില്‍ ആഘോഷിക്കും. പിറന്നാളിനും മറ്റുമൊക്കെ കേക്ക് വാങ്ങി വന്നു വലിയ സന്തോഷത്തിലായിരിക്കും. ഇത്ര വേഗം പോകാന്‍ വേണ്ടിയാണ് അവന്‍ ഇത്രത്തോളം സ്‌നേഹം ഞങ്ങള്‍ക്ക് തന്നത് എന്നു ചിലപ്പോള്‍ തോന്നും. അതുപോലെയാണ് അവന്‍ വീട്ടില്‍ പെരുമാറിയിരുന്നത്.
പ്രതിയായ പീതാംബരനേയും കുടുംബത്തേയും ഒക്കെ ഞങ്ങള്‍ക്കറിയാവുന്നതാണ്. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലാന്ന് ഭാര്യയും മോളും പറഞ്ഞതായി പിന്നീട് അറിഞ്ഞു. അതവര്‍ തിരുത്തിപ്പറയുകയും ചെയ്തു. പീതാംബരനെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇങ്ങനെയൊക്കെ ഈ കേസില്‍ ഇടപെടും എന്നു തോന്നുണ്ടോ? പ്രതികളുടെ ഭാഗത്താണ് അവര്‍. പ്രതികള്‍ക്കുവേണ്ടിയാണ് ഇവിടത്തെ സര്‍ക്കാരും.''

എന്റെ മക്കള്‍ക്കു വേണ്ടി നിരാഹാരം കിടക്കാനും തയ്യാര്‍ 

കൃപേഷിന്റെ അമ്മ ബാലാമണി

''പെരിയ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കിനു ചേര്‍ന്നതായിരുന്നു കൃപേഷ്. എസ്.എഫ്.ഐക്കാരുമായുള്ള പ്രശ്‌നം കാരണം കോളേജില്‍ പോകാന്‍ പേടിയായിരുന്നു. കൊല്ലും എന്നൊക്കെ ഭീഷണിയായപ്പോഴാണ് അവന്‍ പഠിത്തം നിര്‍ത്തിയത്. പിന്നെ അവന്റെ അച്ഛന്റെ കൂടെ പെയിന്റിങ് പണിക്കു പോയിത്തുടങ്ങി. ചെണ്ടയും കലാപരിപാടികളും ഒക്കെ അതിന്റെ കൂടെ ഉണ്ടായിരുന്നു. കല്ല്യോട്ട് പെരുങ്കളിയാട്ടം കഴിഞ്ഞ് ഗള്‍ഫിലേയ്ക്ക് പോകാനുള്ള പ്ലാനായിരുന്നു. പാസ്പോര്‍ട്ടൊക്കെ റെഡിയാക്കിവെച്ചിരുന്നു. അതൊന്നും ആയിരുന്നില്ല പക്ഷേ, അവന്റെ വിധി. രാത്രി ഏഴര സമയത്താണ് സംഭവം നടക്കുന്നത്. വൈകിട്ട് ആറേമുക്കാലിനു ഞാനവനെ വിളിച്ചു സംസാരിച്ചതാണ്, അമ്പലത്തില്‍ പോയി വന്നശേഷം. പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം മീറ്റിങ്ങൊക്കെ കഴിഞ്ഞ് ശരത്തിനെ വീട്ടിലേയ്ക്ക് ആക്കാന്‍ ബൈക്കില്‍ പോയതായിരുന്നു കൃപേഷ്. തലയ്ക്കാണ് വെട്ടിയത്. വെട്ടുകൊണ്ട് എന്റെ മോന്‍ കുറേ ദൂരം ഓടിയെന്ന് ആരൊക്കെയോ പറഞ്ഞറിഞ്ഞു. മരിച്ച വിവരം പിറ്റേന്നാണ് ഞാനറിഞ്ഞത്. എല്ലാവരും അവനെ കിച്ചൂന്നാണ് വിളിക്കുക. ഞാന്‍ ചിക്കൂന്നു വിളിക്കും. അവന്‍ പോകുമ്പോ എന്റെ മൂത്തമോള് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ആ കുഞ്ഞിനെ ഞാനിപ്പോള്‍ ചിക്കൂന്നു വിളിക്കും. ഫുട്ബോള്‍ കളിക്കാനൊക്കെ അവനു വലിയ ഇഷ്ടമായിരുന്നു. രാവിലെ കുട്ടികളെയൊക്കെ കൂട്ടി ഓടാന്‍ പോകും. മാമനോട് ഷൂ കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. ഷൂ കൊണ്ടുവച്ചിട്ട് അതിട്ട് കളിക്കാനുള്ള ഭാഗ്യം അവനുണ്ടായിരുന്നില്ല. 

നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതൊക്കെ ഞങ്ങള്‍ കണ്ടു. എന്തു മറുപടിയാണ് അതിനൊക്കെ പറയേണ്ടത് എന്നറിയില്ല. എന്റെ മക്കള്‍ക്കു നീതികിട്ടാന്‍ വേണ്ടി എന്തിനും ഞാന്‍ തയ്യാറാണ്. നിരാഹാരം കിടക്കാനാണെങ്കില്‍ അതിനും. ലോകത്ത് ഒരമ്മയ്ക്കും ഇനിയീ ഗതിയുണ്ടാവരുത്. ആ ചാപ്പയിലായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ ഈ വീട്ടില്‍ ഇരിക്കുമ്പോള്‍ തോന്നുന്നത് അവന്‍ പോയിട്ട് വലിയ വീടുണ്ടാക്കി തന്നതുപോലെയാണ് - ആ വാക്കുകള്‍ക്കുശേഷം വലിയൊരു പൊട്ടിക്കരച്ചിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com