ലോക്ഡൗണില്‍ കേരളത്തെ ഊട്ടുന്നവര്‍

കൊവിഡിനെതിരെ സ്വയം സമര്‍പ്പിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം എഴുതിച്ചേര്‍ക്കേണ്ട പേരുകളാണ് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിലേയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേയും (സപ്ലൈകോ) വലിയൊരു വിഭാഗത്തിന്റേത്
സപ്ലൈകോ ഉ​ദ്യോ​ഗസ്ഥർ കിറ്റുകൾ തയ്യാറാക്കുന്നു/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
സപ്ലൈകോ ഉ​ദ്യോ​ഗസ്ഥർ കിറ്റുകൾ തയ്യാറാക്കുന്നു/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

കാവേരി എന്ന 25 വയസ്സുകാരി ഇപ്പോള്‍ ദിവസവും 24 കിലോമീറ്റര്‍ നടക്കും. വ്യായാമമല്ല, വണ്ടി കിട്ടാത്തതുകൊണ്ട് രാവിലെ 12 കിലോമീറ്റര്‍ നടന്നു ജോലി സ്ഥലത്തേയ്ക്ക്, വൈകിട്ടു തിരിച്ചും. കൊല്ലത്തെ സപ്ലൈകോ ഡിപ്പോയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഈ പെണ്‍കുട്ടി, ലോക്ഡൗണ്‍ കാലത്തു കേരളത്തെ പട്ടിണിയില്‍നിന്നു രക്ഷിക്കുന്ന പൊതുവിതരണ ശൃംഖലയുടെ നിരവധി കണ്ണികളിലൊരാള്‍ മാത്രം. കാവേരിയുടെ കാല്‍ നീരുവെച്ച് വീര്‍ത്തിരിക്കുന്നതു കണ്ടു സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് എല്ലാ ദിവസവും നടന്നാണ് വരുന്നത് എന്നറിയുന്നത്. അങ്ങനെ ഒരാളല്ല, പലര്‍. കൊവിഡിനെതിരെ സ്വയം സമര്‍പ്പിച്ചു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ലോക്ഡൗണ്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച പൊലീസ്, സാമൂഹിക അടുക്കളകളെ കൂട്ടായ്മയുടെ പ്രതീകമാക്കി മാറ്റിയ നിരവധി പ്രാദേശിക ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കൊപ്പം എഴുതിച്ചേര്‍ക്കേണ്ട പേരുകളാണ് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിലേയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേയും (സപ്ലൈകോ) വലിയൊരു വിഭാഗത്തിന്റേത്. 

നാടിന്റെ പ്രയാസകാലം അങ്ങനെയല്ലാതാക്കാന്‍ അവര്‍ തങ്ങളെത്തന്നെ മറന്നു കഠിനാധ്വാനം ചെയ്യുന്നു. എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി 15 കിലോ അരി, പിന്നെ, ഏറ്റവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 18 ഇന ഭക്ഷ്യോല്‍പ്പന്ന കിറ്റ്, അന്ത്യോദയ-അന്നയോജന (എ.എ.വൈ) ഗുണഭോക്താക്കളുടെ ആ കിറ്റ് വിതരണത്തിനു പിന്നാലെ മുന്‍ഗണനാ (ബി.പി.എല്‍) കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് കിറ്റ്, പിന്നെ, മുന്‍ഗണനാ പട്ടികയില്‍ ഇല്ലാത്തവരും എന്നാല്‍, സബ്സിഡി ലഭിക്കുന്നവര്‍ക്കും അതുകഴിഞ്ഞാല്‍ സബ്സിഡി ഇല്ലാത്തവര്‍ക്കും കിറ്റ്. അതായത് കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യോല്‍പ്പന്ന കിറ്റ് കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതു നടപ്പാക്കി കാണിച്ചുതരികയാണ് ഇവര്‍ ചെയ്യുന്നത്. പക്ഷേ, വിചിത്രമായ കാര്യം: നിയന്ത്രണങ്ങളില്ലാതെ ലോക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭക്ഷ്യവകുപ്പുമില്ല, സപ്ലൈകോയുമില്ല. 

ലോക്ഡൗണിന്റെ ആദ്യദിനങ്ങളില്‍ത്തന്നെ റേഷന്‍ കടകളില്‍ എത്തിച്ച സൗജന്യ അരി മുഴുവനാളുകളും വാങ്ങിച്ചു കഴിഞ്ഞു; ചരിത്രമാണത്. ''റേഷന്‍ കാര്‍ഡ് കൊടുത്ത് സൗജന്യ അരി വാങ്ങിയവരുടെ എണ്ണം 97.5 ശതമാനം കഴിഞ്ഞിരിക്കുന്നു. കാര്‍ഡ് ഇല്ലാതെ സത്യവാങ്മൂലം എഴുതിക്കൊടുത്ത് വാങ്ങിയവരുണ്ട്. അതുകൂടി ചേര്‍ക്കുമ്പോള്‍ നേരത്തെ കണക്കുകൂട്ടിയതിനും മുകളില്‍പ്പോകും'' - സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജീവ് കുമാര്‍ പറയുന്നു. 

ജില്ലാ സാമൂഹികനീതി ഓഫീസര്‍ നല്‍കുന്ന പട്ടികയിലുള്ള അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും പ്രത്യേക ഭക്ഷ്യോല്‍പ്പന്ന കിറ്റ് കൊടുക്കുന്നുണ്ട്. എ.എ.വൈ കിറ്റിലെ അതേ സാധനങ്ങളല്ല അരി ഉള്‍പ്പെടെ കൂടുതല്‍ പലതുമുള്ള കിറ്റാണ് കൊടുക്കുക. അതിഥി തൊഴിലാളികള്‍ക്കുമുണ്ട് ആട്ടയും ഉരുളക്കിഴങ്ങും ഉള്‍പ്പെടെ അവരുടെ ആഹാര അഭിരുചികള്‍ പ്രകാരമുള്ള കിറ്റ്. ദുരിതകാലത്തെ പ്രത്യേക പോഷകാഹാര ചാര്‍ട്ടു പ്രകാരം ഓരോ ആള്‍ക്കുമുള്ള കൃത്യം വിഹിതമാണ് ആ കിറ്റില്‍. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് അത് അവരില്‍ എത്തുന്നത്. വീട്ടില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ (ഹോം ക്വാറന്റൈന്‍) കഴിയുന്നവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് മറ്റൊന്ന്. ''മഞ്ഞ, പിങ്ക്, നീല, വെള്ള നിറങ്ങളുള്ള റേഷന്‍ കാര്‍ഡുകളിലൂടെ ഉള്ളവരേയും ഇല്ലാത്തവരേയും വേര്‍തിരിച്ച മാനദണ്ഡങ്ങളൊക്കെ തല്‍ക്കാലത്തേക്കെങ്കിലും മാഞ്ഞുപോയിരിക്കുന്നു; പക്ഷേ, മങ്ങലൊട്ടുമില്ലാതെ നില്‍ക്കുകയാണ് പൊതുവിതരണ മേഖലയുടെ കേരള മാതൃക. കൊവിഡും വീട്ടിലിരിപ്പും നല്‍കിയ അനുഭവങ്ങളുടെ മുന്‍നിരയില്‍ത്തന്നെയാണ് ഇത്'' - തിരുവനന്തപുരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അനില്‍ ജോണ്‍ പറയുന്നു. 

ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിനേയും സപ്ലൈകോയേയും അവശ്യ സര്‍വ്വീസില്‍പ്പെടുത്താതെ ഇറങ്ങിയ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ
ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിനേയും സപ്ലൈകോയേയും അവശ്യ സര്‍വ്വീസില്‍പ്പെടുത്താതെ ഇറങ്ങിയ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ

''അസാധാരണ സാഹചര്യം നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരല്ല. എന്നിട്ടും പെട്ടെന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിവിധ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടായിട്ടും എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള 18 ഇനം സാധനങ്ങള്‍ പാക്ക് ചെയ്തു റേഷന്‍ കടകളില്‍ എത്തിച്ചു. ഡിപ്പോ ജീവനക്കാരോ പാക്കിംഗിനു വരുന്ന ദിവസവേതന ജീവനക്കാരോ മറ്റു വിവിധ തലങ്ങളിലുള്ളവരോ ഇപ്പോള്‍ അവധിയെക്കുറിച്ചോ ഒരു ദിവസം വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചോ ആലോചിക്കുന്നില്ല'' - രാജീവ് കുമാര്‍ പറയുന്നു. ഇതുപോലെയൊരു സാഹചര്യമോ ഭക്ഷ്യക്ഷാമമോ ഉണ്ടായാല്‍ സജ്ജരായി ഇറങ്ങുന്നതിനു കുറഞ്ഞ തോതിലെങ്കിലും പരിശീലനം വേണം എന്ന അഭിപ്രായം ഇപ്പോള്‍ സര്‍ക്കാര്‍ തലത്തിലും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥ തലത്തിലും ഉയര്‍ന്നിട്ടുമുണ്ട്. ''ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തില്‍ ഈ വിധം ഇത്രയും കാര്യങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്കും സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. പക്ഷേ, എണ്ണയിട്ട യന്ത്രംപോലെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.'' പറയുന്നത് സപ്ലൈകോയിലെ വനിതാ ഡിപ്പോ മാനേജര്‍മാരിലൊരാള്‍. അവരുള്‍പ്പെടെ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമ്പോള്‍ പേര് ചേര്‍ക്കരുത് എന്നു നിര്‍ബ്ബന്ധിച്ച പലരുമുണ്ട്. ''എത്രയോ ഡോക്ടര്‍മാരും നഴ്സുമാരും പൊലീസുകാരും നമുക്കുവേണ്ടി രാപ്പകലില്ലാതെ ജോലി ചെയ്യുന്നു. അവരുടെയൊന്നും പേര് ആരും അറിയുന്നില്ലല്ലോ - ഇടതു സംഘടനാ പ്രവര്‍ത്തക കൂടിയായ ഡിപ്പോ മാനേജര്‍ പറയുന്നു. അതേസമയം, ആരോഗ്യപ്രവര്‍ത്തകരും പൊലീസും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ് എന്നു സമ്മതിച്ചുകൊണ്ടുതന്നെ സപ്ലൈകോ ജീവനക്കാര്‍ മറ്റൊന്നുകൂടി പറയുന്നു: ''അവര്‍ക്കെല്ലാം തുടര്‍ച്ചയായ കഠിനാധ്വാനത്തിനു ശേഷം കുറച്ചെങ്കിലും വിശ്രമം കിട്ടുന്നുണ്ട്. തുടര്‍ച്ചയായി 14 ദിവസം കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന സ്റ്റാഫ് നഴ്സിനു കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും വിശ്രമം കൊടുക്കും. പൊലീസുകാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. പക്ഷേ, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സപ്ലൈകോയിലെ മുഴുവന്‍ ജീവനക്കാരും വിശ്രമമില്ലാത്ത ജോലിയിലാണ്. കിറ്റ് വിതരണ തീരുമാനം വന്നതോടെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തനം. രാവിലെ എട്ടിന് എത്തിയാല്‍ 10 വരെ കിറ്റ് നിറയ്ക്കല്‍, അതുകഴിഞ്ഞു ചില്ലറ വില്‍പ്പന ശാലയുടെ പ്രവര്‍ത്തനം, അഞ്ചു മണിക്ക് അത് അവസാനിപ്പിച്ച ശേഷം വീണ്ടും കിറ്റ് നിറയ്ക്കല്‍. ഇങ്ങനെ ചെയ്യാനാണ് നിര്‍ദ്ദേശം'' - അവരുടെ വാക്കുകള്‍.

ഇങ്ങനേയും മാറാം 

രാത്രി പതിനൊന്നരയ്ക്ക് ഡിപ്പോ മാനേജരെ പായ്ക്കിംഗ് ജീവനക്കാരിലൊരാള്‍ വിളിക്കുന്നു. സര്‍, കിറ്റില്‍ ഇടാന്‍ 22 രൂപയുടെ രണ്ട് സോപ്പ് ഇല്ല. പത്ത് രൂപയുടെ നാലെണ്ണം ഇടട്ടെ? 
ഇതെന്താ ഈ സമയത്ത് എന്നു ചോദിച്ചപ്പോഴാണ് അറിയുന്നത്, നാട്ടിലെ കുറച്ചു ചെറുപ്പക്കാര്‍ ആ സമയത്ത് പായ്ക്കു ചെയ്യാന്‍ സഹായിക്കാം എന്ന് അറിയിച്ചു. അത് ഉപയോഗപ്പെടുത്താനാണ് ശ്രമം. സാമൂഹിക അകലം ഉള്‍പ്പെടെ കൃത്യമായി പാലിച്ചുകൊണ്ട്, ആ രാത്രി അവര്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് കൂടെ നിര്‍ത്തി പായ്ക്ക് ചെയ്യിച്ചു. ഇത്തരം അനുഭവങ്ങളുടെ നിരയാണുള്ളത്. 

മടികൂടാതെ ചാക്കു ചുമന്ന റേഷനിംഗ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒ.ഐ.സി ( ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്) ബിജു കുമാരക്കുറുപ്പ് ഉള്‍പ്പെടെ ആഘോഷിക്കപ്പെടാത്ത ഹീറോകള്‍ പലരുണ്ട്. ജനങ്ങള്‍ക്കു സൗജന്യ കിറ്റ് കൊടുക്കും എന്നു മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞ വാക്ക് പാലിക്കുക എന്നതു മാത്രമാണ് മുന്നില്‍; അതിനിടയില്‍ കുടുംബമോ ആരോഗ്യമോ നോക്കുന്നില്ല. ഉള്‍പ്രദേശങ്ങളിലെ റേഷന്‍ കടയില്‍ സാധനങ്ങള്‍ എത്തിച്ചപ്പോള്‍ ലോക്ഡൗണ്‍ ആയതുകൊണ്ട് ഇറക്കാന്‍ തൊഴിലാളികളെ കിട്ടിയില്ല. അപ്പോഴാണ് ബിജു കുമാരക്കുറുപ്പ് സ്വയം ചുമട്ടുകാരനായത്. വണ്ടിയുമായി ഡിപ്പോയില്‍ എത്തി സാധനങ്ങള്‍ കൊണ്ടുപോകുന്ന റേഷന്‍ കടക്കാരും ഉണ്ടെങ്കിലും ''എത്തിച്ചുതന്നാല്‍ ആളുകള്‍ക്കു കൊടുക്കാം'' എന്ന കടുംപിടുത്തക്കാരുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഒരു മടിയുമില്ലാതെ ഓഫീസര്‍ ചുമട്ടുകാരനാകുന്നത് പ്രതിബദ്ധതയുടെ ഊര്‍ജ്ജംകൊണ്ടു മാത്രമാണ്.

കൊവിഡ് രോഗം സ്ഥിരീകരിച്ച ഒരാള്‍ ഇടപഴകിയതിന്റേയും യാത്ര ചെയ്തതിന്റേയും റൂട്ട് മാപ്പില്‍ കൊല്ലം ജില്ലയിലെ ഒരു മാവേലി സ്റ്റോര്‍ ഉണ്ടായിരുന്നു. നാല് ദിവസ വേതനക്കാരുള്‍പ്പെടെ ആറു ജീവനക്കാരാണ് അവിടെ ഉണ്ടായിരുന്നത്. അടച്ചിടട്ടെ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് സപ്ലൈകോ ചോദിച്ചു. ആളുകള്‍ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് കാത്തിരിക്കുമ്പോള്‍ അടച്ചിടുന്നത് പ്രായോഗികല്ല എന്ന് ഡി.എം.ഒ തന്നെ അഭിപ്രായപ്പെട്ടു. അതിലും നല്ലത് കട അണുമുക്തമാക്കുന്നതാണ് എന്ന ഉപദേശമാണ് ലഭിച്ചത്. ആരോഗ്യ വകുപ്പില്‍നിന്നു മുഴുവന്‍ സഹായങ്ങളും ചെയ്തു. പൂര്‍ണ്ണമായും അണുവിമുക്തമാക്കുകയും ജീവനക്കാരെ ക്വാറന്റൈനില്‍ അയയ്ക്കുകയും ചെയ്തു. വേറെ ജീവനക്കാരെ അവിടേയ്ക്ക് അയച്ചു. അവര്‍ പേടിയില്ലാതെ, പരാതി പറയാതെ ചുമതലയേറ്റു. സപ്ലൈകോ ജീവനക്കാര്‍ പങ്കുവയ്ക്കുന്ന നിരവധി കൊവിഡ്കാല അനുഭവങ്ങളിലൊന്നാണ് ഇത്. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ മുതല്‍ സാധാരണ ജീവനക്കാര്‍ വരെ വല്ലാതെ സമ്മര്‍ദ്ദത്തിലായ അനുഭവം. പക്ഷേ, കൂട്ടായ്മയുടെ കരുത്തുതന്നെയാണ് താങ്ങായത്. ജീവനക്കാരില്‍ ഒരാള്‍ക്കുപോലും കുഴപ്പമില്ലാതെ നിശ്ചിത കാലാവധിക്കുശേഷം തിരിച്ചെത്തി ജോലിക്കു ചേര്‍ന്നു. ആ പ്രദേശത്തെ കിറ്റ് വിതരണം ഈ കട മുഖേനയാണ്. എ.എ.വൈ കിറ്റ് കിട്ടാന്‍ കാത്തിരിക്കുന്ന നിരവധിപ്പേരുണ്ട്. അതൊക്കെയാണ് പരിഗണിച്ചത്. 

ബിജു കുമാരക്കുറുപ്പ് ചാക്കു ചുമക്കുന്നു
ബിജു കുമാരക്കുറുപ്പ് ചാക്കു ചുമക്കുന്നു

പക്ഷേ, എപ്പോഴും അതേ പരിഗണനകള്‍ കഴിയണമെന്നില്ല. തെക്കന്‍ കേരളത്തില്‍ത്തന്നെ ഒരിടത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടായ ചിലര്‍ മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നു. അത് അറിഞ്ഞു മറ്റാളുകള്‍ സാധനങ്ങള്‍ വാങ്ങാതെ പിരിഞ്ഞുപോയി. രണ്ടു ദിവസം കട അടച്ചിട്ട് പൂര്‍ണ്ണമായും അണുവിമുക്തമാക്കി. ജീവനക്കാരെ സ്രവ പരിശോധനയ്ക്ക് അയച്ചു. കടയില്‍ വന്നവര്‍ക്കു രോഗിയുമായോ അടുത്ത് ഇടപഴകിയവരുമായോ യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് അന്വേഷിച്ചു സ്ഥിരീകരിച്ച ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മാസ്‌ക് ഉപയോഗിക്കാന്‍ ആളുകള്‍ക്കു മടിയായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ മാവേലി സ്റ്റോറിലേക്കോ സൂപ്പര്‍ മാര്‍ക്കറ്റിലേക്കോ കയറുന്നതിനു മുന്‍പ് കൈ കഴുകാന്‍ പറഞ്ഞാല്‍, ഞാന്‍ ഇപ്പോള്‍ വീട്ടില്‍നിന്നു കൈകഴുകിയേ ഉള്ളൂവെന്നു പറയുന്നവര്‍, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാല്‍ എനിക്കു കുഷ്ഠമൊന്നുമില്ല എന്നു ദേഷ്യപ്പെടുന്നവര്‍. 

കയ്യുറ ധരിച്ചുകൊണ്ട് സാധനങ്ങളുടെ പാക്കിംഗ് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പാക്കിംഗ് ജീവനക്കാര്‍ ഇടയ്ക്കിടെ കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ചു കഴുകിയാണ് ജോലി ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു ചരക്കുലോറിയില്‍ വരുന്നവര്‍ ആരൊക്കെയാണ് എന്നോ അവരുടെ സമ്പര്‍ക്കം ആരുമായിട്ടൊക്കെ ആണെന്നോ ഒരറിവുമില്ല. അവര്‍ കൈകള്‍ കഴുകി എന്ന് ഉറപ്പു വരുത്തിയശേഷമാണ് കൊണ്ടുവരുന്ന ബില്ലുപോലും വാങ്ങുന്നത്. ബില്‍ വാങ്ങിവച്ചിട്ട് ഉദ്യോഗസ്ഥരും കൈകഴുകുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും സാഹചര്യങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ മറ്റു സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെട്ട് മാറി നില്‍ക്കുന്നില്ല.

എത്ര കിറ്റുകളാണോ വേണ്ടത് അത്രയും കിറ്റിലും 18 ഇനങ്ങളും നിശ്ചിത അളവില്‍ തൂക്കി പാക്ക് ചെയ്തു വേണം തയ്യാറാക്കാന്‍. ജീവനക്കാര്‍ക്കു മാത്രമായി ഇതു ചെയ്തു തീര്‍ക്കാന്‍ പറ്റില്ല. ആരെയെങ്കിലും ഉപയോഗിച്ചു ചെയ്യാനും പറ്റില്ല. രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയാണ് എടുക്കാന്‍ പറ്റുക. അവരും ഈ ജോലിയില്‍ പരിചയം ഇല്ലാത്തവരായതുകൊണ്ട് പ്രശ്‌നമാണ്. ഒരു മണി അരി പോയാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടി വരും. ''ഒരു പാക്കറ്റില്‍ വെറും രണ്ട് ഗ്രാം വീതം പാക്കിംഗിനിടയില്‍ നഷ്ടപ്പെട്ടാല്‍പ്പോലും അവസാനം വരുമ്പോള്‍ നിശ്ചിത പായ്ക്കറ്റുകള്‍ക്കു തികയാതെ വരും. അത് ഒ.ഐ.സി(ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്)യുടെ ബാധ്യതയായി മാറും. അതുകൊണ്ട് സന്നദ്ധ പ്രവര്‍ത്തകരെ എടുക്കുന്നതിനും പരിമിതിയുണ്ട്. പല സാധനങ്ങളും സമയത്തു കിട്ടാതെ വരുന്നതു മാത്രമല്ല ആവശ്യത്തിനു ത്രാസ് ഇല്ലാത്ത പ്രശ്‌നം വരെയുണ്ട്. അധികം ത്രാസുകള്‍ വാങ്ങാന്‍ അനുമതിയില്ല. ഉദ്യോഗസ്ഥരുടെ ബന്ധം വെച്ചു റേഷന്‍ കടക്കാരുടെ കയ്യില്‍ അധികമുള്ളതോ അടച്ചിട്ടിരിക്കുന്ന കടക്കാരോടോ ഒക്കെയാണ് വാങ്ങുന്നത്. 

അതിനിടയിലും ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നവരുണ്ട് എന്നു വിഷമത്തോടെ പറയുന്നു പലരും. എല്ലാവരും കിറ്റ് പാക്ക് ചെയ്യാന്‍ നില്‍ക്കുന്നതുകൊണ്ട് ചില്ലറ കച്ചവടത്തിലെ ശ്രദ്ധ ചിലപ്പോള്‍ അല്‍പ്പമൊന്നു കുറഞ്ഞെന്നു വരും. പക്ഷേ, സാധനം കിട്ടാന്‍ കുറച്ചൊന്നു വൈകിയാല്‍ ചിലര്‍ ദേഷ്യപ്പെടും. പക്ഷേ, സാധാരണഗതിയില്‍ ദേഷ്യപ്പെടുന്നവരോടു തിരിച്ചും ദേഷ്യപ്പെടുകയും വഴക്കാവുകയും ചെയ്യാറുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ മാറിപ്പോയിരിക്കുന്നു. വഴക്കടിക്കാന്‍ നില്‍ക്കാതെ അനുനയിപ്പിക്കുന്ന രീതി. തങ്ങള്‍ക്കു വലിയ ജോലി ചെയ്യാനുണ്ട് എന്ന ഉത്തരവാദിത്തബോധമാണ് കാരണം. പെരുമാറ്റം പോലും മാറിപ്പോയിരിക്കുന്നു. എല്ലാക്കാലത്തും സര്‍ക്കാരുകള്‍ക്കു ചീത്തപ്പേര് കേള്‍പ്പിക്കാറുള്ള പൊതുവിതരണ വകുപ്പിനേയും സപ്ലൈകോയേയും കുറിച്ച് ആളുകള്‍ക്ക് ഇപ്പോള്‍ നല്ലതു മാത്രമേ പറയാനുള്ളു. ''മാവേലി സ്റ്റോറില്‍നിന്നും റേഷന്‍ കടയില്‍നിന്നും കിട്ടുന്ന സാധനങ്ങളെ മുഴുവന്‍ കുറ്റം പറയുന്നവര്‍ നിരവധിയായിരുന്നു. പക്ഷേ, കൊവിഡിന്റേയും ലോക്ഡൗണിന്റേയും പ്രതിസന്ധിഘട്ടത്തിലെ ചിത്രത്തില്‍ വേറെ ആരുമില്ല. പൊതുവിതരണ സംവിധാനം കൂടെയുണ്ട് എന്നു തുറന്നു സമ്മതിക്കാന്‍ ആളുകള്‍ക്കു ധൈര്യം നല്‍കുന്ന സേവനമാണ് അവരുടേത്'' കോട്ടയത്തെ എല്‍.ഐ.സി ഏജന്റും സാമൂഹിക പ്രവര്‍ത്തകനുമായ വി.റ്റി. മധു പറയുന്നു. 

ഭക്ഷ്യമന്ത്രിയുടെ ഓഫീസും സപ്ലൈകോ ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മില്‍ പലതുകൊണ്ടും നിലനിന്ന അകല്‍ച്ച മാറാനും ഇപ്പോഴത്തെ കൂട്ടായ പ്രവര്‍ത്തനം ഇടയാക്കി. ഡിപ്പോ ഓഫീസുകളില്‍ മന്ത്രി നേരിട്ടെത്തുന്നു, പലപ്പോഴും. ഓരോ ജില്ലയ്ക്കും ഓരോ മോണിട്ടറിംഗ് ഓഫീസറുണ്ട്. അവരും കാലില്‍ ചക്രം പിടിപ്പിച്ചവരെപ്പോലെ മുഴുവന്‍ സമയ ഓട്ടത്തില്‍ത്തന്നെ. 

ആദ്യ ദിവസങ്ങളില്‍, ലോക്ഡൗണ്‍ വളരെ കര്‍ക്കശമായി നടപ്പാക്കിയപ്പോള്‍ ലോറിത്തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. പൊതുവായ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് ഡ്രെവര്‍മാരെ പലയിടത്തും തടഞ്ഞു. കളക്ടര്‍മാര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ആ പ്രതിസന്ധി പലപ്പോഴും പരിഹരിച്ചത്. 

പൊട്ടാത്ത ശൃംഖല 

സാധനങ്ങളുടെ ലഭ്യതക്കുറവു മാത്രമാണ് ഒരേയൊരു പ്രശ്‌നം. ബാക്കി ഏതു പരിമിതിയും സമ്മര്‍ദ്ദവും മറികടക്കാന്‍ മടിയില്ലാത്ത കാലമാണിത്. ഉദാഹരണത്തിന്, കടുകും ഉലുവയും കടലയും തീരെ കിട്ടാനില്ല. ഗുജറാത്തില്‍നിന്നാണ് ആദ്യത്തെ രണ്ടും വരുന്നത്; കടല മഹാരാഷ്ട്രയില്‍നിന്നും. ഈ വിദൂര സംസ്ഥാനങ്ങളില്‍നിന്ന് ലോക്ഡൗണ്‍ കാലത്ത് ലോറികള്‍ പല സംസ്ഥാനങ്ങള്‍ കടന്ന് ഇവിടെ എത്തുകയെന്നത് നടക്കാത്ത കാര്യമാണ്. ഒരിക്കല്‍ വന്നു മടങ്ങുന്ന ഡ്രൈവര്‍മാരെ ക്വാറന്റൈനില്‍ അയയ്‌ക്കേണ്ടി വരുന്നതുകൊണ്ട് പൊതുവേ ചരക്കു ലോറികള്‍ വരാന്‍ മടി. എല്ലാ ജില്ലാ സപ്ലൈ ഓഫീസര്‍മാരും അതാതു ജില്ലകളിലെ മൊത്ത വ്യാപാരികളെ വിളിച്ചുവരുത്തി പരമാവധി സഹായം ഉറപ്പാക്കി. അവരുടെ കരുതല്‍ശേഖരത്തില്‍ ഉണ്ടായിരുന്ന ഭക്ഷ്യസാധനങ്ങള്‍ മിക്കവാറും സപ്ലൈകോ വാങ്ങിക്കഴിഞ്ഞു. 

ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വീട്ടില്‍ കഴിയുന്നതു മൂലം ചെലവുകള്‍ പൊതുവേ കുറയുന്ന സമയമാണ്. പക്ഷേ, സപ്ലൈകോ ജീവനക്കാരുടെ സ്ഥിതി അതല്ല. ഓട്ടോറിക്ഷ കിട്ടാനില്ല, കിട്ടിയാല്‍ത്തന്നെ ഇരട്ടി പണം കൊടുക്കേണ്ടി വരുന്നു. സ്വന്തം വാഹനം ഉള്ളവര്‍ എല്ലാ ദിവസവും ഓടിക്കൊണ്ടിരിക്കുന്നു. സ്വന്തം കാറുള്ള സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍മാര്‍ രാത്രി എട്ടിന് കിറ്റ് നിറയ്ക്കല്‍ കഴിഞ്ഞു ജീവനക്കാരെ പലയിടങ്ങളിലായി എത്തിക്കുന്ന അനുഭവങ്ങളുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല, എല്ലാ ദിവസവുമാണ് ഇതു ചെയ്യുന്നത്. ഈ ഇന്ധനച്ചെലവൊന്നും എവിടെയും കണക്കുവയ്ക്കുന്നില്ല. മാവേലി സ്റ്റോര്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ളവയുടെ മാനേജര്‍മാര്‍ക്കും എഎവൈ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടു മാത്രം മൂവായിരം മുതല്‍ ഏഴായിരം രൂപ വരെ അധികം ചെലവഴിക്കേണ്ടി വന്നു എന്നാണ് കണക്ക്. സാധനങ്ങള്‍ നിറയ്ക്കാന്‍ ഓരോ പ്രദേശത്തും യോജിച്ച സ്ഥലം സൗജന്യമായി കൊടുക്കാന്‍ ആളുകള്‍ തയ്യാറാകാറുണ്ട്. അവിടെ ടാര്‍പോളിന്‍ വിരിക്കുന്നതു മുതലുള്ള അത്യാവശ്യങ്ങള്‍ക്ക് മാനേജര്‍ കയ്യില്‍നിന്നു പണമെടുക്കും. അതു തിരിച്ചു കിട്ടുമോ എന്നൊന്നും ഉറപ്പില്ല; കിട്ടിയാല്‍ സന്തോഷം. ഇതാണ് ഇവരില്‍ ഭൂരിഭാഗത്തിന്റെയും മനോഭാവം. 

പക്ഷേ, സാധാരണ ജനം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സപ്ലൈകോ ജീവനക്കാരുടെ പ്രതിബദ്ധതയും തിരിച്ചറിഞ്ഞു എന്നതാണ് ആശ്വാസമായി ഇവര്‍ കാണുന്നത്. അരി എല്ലായിടത്തും എത്തുകയും എ.എ.വൈ കിറ്റ് എല്ലാവര്‍ക്കും കിട്ടുകയും ചെയ്തപ്പോഴാണ് ആളുകള്‍ക്കു കാര്യം മനസ്സിലായത്. അതുകൊണ്ട്, സ്വന്തം ഉത്തരവാദിത്തം തിരിച്ചറിയുന്നവരുടെ ഒരിക്കലും പൊട്ടിപ്പോയിക്കൂടാതെ ശൃംഖലയാണ് പൊതുവിതരണ മേഖലയിലേത് എന്നു പറയുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതാണ് അവരുടെ അനുഭവം. ''അവശ്യസേവനം എന്നതിനപ്പുറം അടിയന്തര സേവനം എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വരുമാനമില്ലാതെ ദിവസങ്ങളോളം വീട്ടില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കിറ്റ് എന്നെങ്കിലും കിട്ടുമോ എന്നായിരുന്നു ചിന്ത. പക്ഷേ, കണ്ണടച്ചു തുറക്കുമ്പോഴേയ്ക്കും സംഗതി കിട്ടി.'' കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തുണിക്കട നടത്തുന്ന കെ.എം. ഷാജി പറയുന്നു. ''എങ്കിലും മറ്റു പല വിഭാഗങ്ങള്‍ക്കും ലഭിച്ച പരിഗണനയും അംഗീകാരവും അവര്‍ക്കു ലഭിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. പ്രതീക്ഷക്കും അപ്പുറത്തെ കരുതലോടെയാണ് ഭക്ഷ്യ വകുപ്പും സപ്ലൈകോയും പ്രവര്‍ത്തിച്ചത്. പക്ഷേ, അതു വേണ്ടവിധം ചര്‍ച്ചകളില്‍ വരുന്നില്ല'' ആലപ്പുഴയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.എം. ഷംസുദ്ദീന്‍.

അതിനിടയില്‍, കൂടുതല്‍ പാക്കിംഗ് നടത്തുന്നവര്‍ക്കു സപ്ലൈകോ മാനേജ്മെന്റ് സമ്മാനം പ്രഖ്യാപിച്ചത് ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയാണ് ഉണ്ടാക്കിയത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാരുടെ സംഘടനകള്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. സൗജന്യ കിറ്റ് സമയബന്ധിതമായി തയ്യാറാക്കുന്നതിന് ഓരോ ഡിപ്പോയ്ക്കു കീഴിലും 15000 രൂപയുടെ സമ്മാനമാണ് സപ്ലൈകോ പ്രഖ്യാപിച്ചത്. ഓരോ താലൂക്കിലേയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയില്‍ ഒന്നാമതായി പാക്കിംഗ് പൂര്‍ത്തിയാക്കുന്ന യൂണിറ്റിന് 7000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയുമാണ് പ്രഖ്യാപിച്ചത്. 56 ഡിപ്പോകളിലുമായി ഈയിനത്തില്‍ 8,40,000 രൂപയാണ് കൊടുക്കേണ്ടി വരുന്നത്. ജീവനക്കാരുടെ പ്രതിബദ്ധതയെ പരിഹസിക്കുന്നതു മാത്രമല്ല പ്രതിസന്ധിക്കിടയിലെ ധൂര്‍ത്തുകൂടിയാണ് ഇത് എന്നും വിമര്‍ശനം ഉയര്‍ന്നു.

എറണാകുളം ന​ഗരത്തിനോട് ചേർന്ന കടമക്കുടിയിൽ റേഷൻ കടയിൽ ക്യൂ നിൽക്കുന്നവർ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്
എറണാകുളം ന​ഗരത്തിനോട് ചേർന്ന കടമക്കുടിയിൽ റേഷൻ കടയിൽ ക്യൂ നിൽക്കുന്നവർ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്

സ്ത്രീ ശക്തി 

കേരളത്തിലെ കര്‍മ്മനിരതമായ മിക്ക മേഖലകളിലേയും പോലെതന്നെ പൊതുവിതരണ മേഖലയിലും സ്ത്രീ പങ്കാളിത്തം വളരെയധികമാണ്; അവര്‍ എടുക്കുന്ന റിസ്‌കും. പാക്കിംഗ് ജീവനക്കാരിലാകട്ടെ ഭൂരിപക്ഷവും സ്ത്രീകള്‍. ദൂരെയുള്ളവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വന്നില്ലെങ്കിലും അവരെ പിരിച്ചുവിടുകയൊന്നുമില്ല. അവര്‍ക്കു വരാതിരിക്കാം. എന്നിട്ടും നടന്നും ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചു വാങ്ങിയുമൊക്കെ അവര്‍ വരുന്നു. അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പുതുതായി തുടങ്ങിയ മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സജ്ജമാണ്. പക്ഷേ, മുന്‍പു മുതല്‍ പ്രവര്‍ത്തിക്കുന്ന പലയിടത്തും മറ്റെതെങ്കിലും സ്ഥാപനത്തിന്റെ കൂടി മൂത്രപ്പുര അടക്കമുള്ള സൗകര്യങ്ങളാണ് ഇവരും ഉപയോഗിക്കേണ്ടി വരുന്നത്. അത്തരം പരിമിതികളിലൊന്നും പരാതി പറയാത്തവരാണ് ബഹുഭൂരിപക്ഷവും. അവര്‍ക്കു ലഭിക്കുന്ന വേതനത്തേക്കാള്‍ അധികമാണ് അവരുടെ സേവനത്തിന്റെ വലിപ്പം. രാവിലെ എട്ടു മണിക്കു സ്ത്രീത്തൊഴിലാളികള്‍ എത്തണമെങ്കില്‍ വീട്ടിലെ ജോലികളൊക്കെ കഴിഞ്ഞിട്ട് ആറരയ്ക്കും ഏഴിനും ചിലപ്പോള്‍ അതിനു മുന്‍പും ഇറങ്ങേണ്ടി വരും. രാത്രി എട്ടിനു ജോലി കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ വൈകും. എന്നിട്ടു വേണം മിക്കപ്പോഴും അവിടുത്തെ കാര്യങ്ങളൊക്കെ ചെയ്യാന്‍. 

രാത്രി 11 മണിക്കു വാഹനം സംഘടിപ്പിച്ചു കിറ്റുകളുമായി എത്തിയ സപ്ലൈകോ ജീവനക്കാരിയുടെ ആത്മാര്‍ത്ഥതയും ജോലി ഭാരവും മനസ്സിലാക്കാതെ, റേഷന്‍ കട തുറന്നുകൊടുക്കാന്‍ ഉടമ വിസമ്മതിച്ച സംഭവമുണ്ടായി. അവര്‍ വനിതാ ഏരിയാ മാനേജരെ ഫോണില്‍ വിളിച്ചു പൊട്ടിക്കരഞ്ഞു. പിറ്റേന്നു പകല്‍ വേറൊരു വാഹനത്തില്‍ ഈ ഏരിയാ മാനേജര്‍ കിറ്റുകള്‍ റേഷന്‍ കടയില്‍ എത്തിച്ചു. രാത്രി വൈകി ജീവനക്കാരിയോടു കാണിച്ച നെറികേടു ചോദിക്കണം എന്നു കൂടി തീരുമാനിച്ചാണ് പോയത്. പക്ഷേ, കണ്ടപ്പോള്‍ റേഷന്‍ കടക്കാരന്‍ പ്രായമുള്ള ആള്‍. ഒന്നും മിണ്ടാതെ, പത്തു കിലോയിലധികം ഭാരമുള്ള ഓരോ കിറ്റും ഒന്നൊന്നൊയി എടുത്തു കടയില്‍ എത്തിച്ചു. തസ്തികയും പദവിയുമൊന്നും അതിനു തടസ്സമായില്ല, റേഷന്‍ കടക്കാരനോട് അതു പറയാനും പോയില്ല. 

ക്യാരി ബാഗുകളും സാധനങ്ങള്‍ നിറയ്ക്കുന്ന കവറുകളും കിട്ടാനില്ലാതെ വന്നത് ഇടയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് വന്നുകൊണ്ടിരുന്നത്. മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുന്നില്ല. തുണികൊണ്ടുള്ള ക്യാരി ബാഗ് നിര്‍മിക്കുന്ന കാര്യത്തില്‍ കുടുംബശ്രീയുമായി ധാരണയുണ്ടാക്കി. നിരവധി സ്ത്രീകള്‍ക്ക് അതു വരുമാന മാര്‍ഗ്ഗമായി മാറി.

കാണാതെ പോകരുത് ഈ പ്രതിബദ്ധത 

(കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന് ഏപ്രില്‍ 16-നു നല്‍കിയ നിവേദനത്തില്‍നിന്ന്) 

പതിനെട്ടിന കിറ്റ് കൈപ്പറ്റിയ റേഷന്‍ കാര്‍ഡുടമയുടെ മുഖത്തു തെളിഞ്ഞ സംതൃപ്തിയുടെ പുഞ്ചിരി സര്‍ക്കാരിനൊപ്പം ഞങ്ങളും അനുഭവിച്ചു. ഏതു മാര്‍ഗ്ഗത്തിലും മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കും മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സൗജന്യ കിറ്റ് തയ്യാറാക്കി നല്‍കി ചരിത്രത്തില്‍ ഇടം പിടിക്കാനാണ് ആഗ്രഹം. അതേസമയം അതിലെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. അതിജീവന കിറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് താഴേത്തട്ടില്‍നിന്നു നേരിട്ടു ബോധ്യപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നു.

സൗജന്യ കിറ്റ് വിതരണം രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള 31,51308 കുടുംബങ്ങള്‍ക്കു വേണ്ടി കിറ്റുകള്‍ തയ്യാറാക്കണം. ഇത് വിതരണം പൂര്‍ത്തിയാക്കിയ എ.എ.വൈ കുടുംബങ്ങളുടെ ആറ് ഇരട്ടിയോളമാണ്. 5,92,483 എ.എ.വൈ കുടുംബങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് ഒരാഴ്ചയോളം വിവിധ പാക്കിംഗ് കേന്ദ്രങ്ങളില്‍ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ ശ്രമിച്ചാണ് തയ്യാറാക്കി എത്തിച്ചത്. 31 ലക്ഷം കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് പാക്ക് ചെയ്ത് റേഷന്‍ കടകളില്‍ എത്തിക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണം. ഇതുപ്രകാരം മെയ് പകുതിയോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. പിന്നെയും 25 ലക്ഷത്തോളം നീല കാര്‍ഡുടമകള്‍ക്കും അത്ര തന്നെ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ബാക്കിയാകും. നാഫെഡ് മുഖേന വിതരണത്തിന് എത്തിച്ചിട്ടുള്ള ചെറുപയര്‍, കടല എന്നിവ പാക്കിംഗ് കേന്ദ്രങ്ങളില്‍ വൃത്തിയാക്കി നിറയ്ക്കാനാണ് പുതിയ നിര്‍ദ്ദേശം. അങ്ങനെയെങ്കില്‍ സമയപരിധിക്കുള്ളില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണം വീണ്ടും വെല്ലുവിളി നിറഞ്ഞതാകും. 

പൊതുഗതാഗതം നിലച്ചതോടെ ഓട്ടോയിലും മറ്റു വാഹനങ്ങളിലും കയറിപ്പറ്റി എത്തുന്ന ദിവസ വേതനക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ധനാശ്വാസ പാക്കേജുകളൊന്നും വാഗ്ദാനംപോലും ചെയ്യാതെ 'കിറ്റ് പാക്കിംഗ്' മത്സരവും ക്യാഷ് അവാര്‍ഡും പ്രഖ്യാപിക്കുകയാണ് സപ്ലൈകോ മാനേജ്മെന്റ് ചെയ്തത്. അതിനോട് ജീവനക്കാരില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതു ജീവനക്കാരുടെ പ്രതിബദ്ധതയെ പരിഹസിക്കുന്ന നടപടിയാണ്. മുന്‍ഗണനാ വിഭാഗങ്ങളുടെ കിറ്റുകള്‍ നല്‍കിക്കഴിഞ്ഞാല്‍ മറ്റു വിഭാഗങ്ങള്‍ക്ക് സപ്ലൈകോയുടെ നിലവിലെ ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനത്തിലൂടെ 1000 രൂപയുടെ സബ്സിഡി ഫ്രീ കിറ്റ് വിതരണം ചെയ്യണം എന്നാണ് ഉയര്‍ന്ന നിര്‍ദ്ദേശം. മാവേലി സ്റ്റോറുകളില്‍നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നും ഈ വിധം മെയ് 30 വരെ വാങ്ങാന്‍ സാവകാശം നല്‍കിയാല്‍ സപ്ലൈകോയില്‍ വരുന്ന കാര്‍ഡുടമകള്‍ മറ്റ് അവശ്യസാധനങ്ങളും വാങ്ങാം. ചില്ലറ വില്പനശാലകളുടെ വിറ്റുവരവ് വര്‍ധിക്കുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com