ലോക്ഡൗണ്‍ കേരളത്തെ തളര്‍ത്തുമ്പോള്‍

കൊവിഡ് 19-ന്റെ പിന്‍വാങ്ങല്‍ നാളുകളില്‍ തകര്‍ന്ന ഒരു സമ്പദ്വ്യവസ്ഥയാണ് അവശേഷിക്കുക. ഇതിനകം തന്നെ ജീവിതം വഴിമുട്ടിയ അനേകായിരങ്ങള്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ അതിനെ പുതുക്കിപ്പണിയുക
ഫോട്ടോ: ടിപി സൂരജ്/എക്സ്പ്രസ്
ഫോട്ടോ: ടിപി സൂരജ്/എക്സ്പ്രസ്

സെക്രട്ടേറിയറ്റിനു സമീപം ട്യൂട്ടേഴ്സ് ലെയിനില്‍ മുടിവെട്ടു കട നടത്തുന്ന ഷണ്‍മുഖ വേലുവിന്റെ മാറിപ്പോയ ജീവിതാവസ്ഥയില്‍ ലോക്ഡൗണ്‍ പ്രതിസന്ധിയിലാക്കിയ കേരളത്തിലെ സാധാരണ ജനജീവിതത്തിന്റെ നേര്‍ചിത്രമുണ്ട്. മുരുകന്‍ എന്ന ഷണ്‍മുഖ വേലു വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ്നാട്ടില്‍നിന്നു കേരളത്തിലെത്തിയതാണ്. അപ്രതീക്ഷിതമായി വന്ന പ്രതിസന്ധിക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നവരിലൊരാള്‍. കുടുംബസമേതം തിരുവനന്തപുരത്തു സ്ഥിരതാമസം; കേരളത്തില്‍ ജനിച്ചുവളര്‍ന്ന ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്‍കുട്ടികളുടെ അച്ഛന്‍. ജീവിതവും രണ്ടു മക്കളുടെ പഠനവുമൊക്കെ നടത്തുന്നത് ഈ ഒരൊറ്റ വരുമാനത്തിലാണ്. 

കൊവിഡും നിയന്ത്രണങ്ങളുമൊക്കെ വരുന്നതിനും വളരെ മുന്‍പുതന്നെ മുടിവെട്ടുമ്പോള്‍ സ്ഥിരമായി മാസ്‌ക് ധരിക്കും; ഒരു മുന്‍കരുതല്‍. ''അന്നന്നു കിട്ടുന്നതുകൊണ്ട് അന്നന്നു ജീവിക്കുകയായിരുന്നു. പെട്ടെന്നൊരു ദിവസം കടപൂട്ടി വീട്ടില്‍ ഇരുന്നപ്പോള്‍ കാര്യങ്ങള്‍ വഴിമുട്ടി. ആദ്യ ദിവസങ്ങളിലൊന്നും കയ്യില്‍ 10 രൂപ പോലും തികച്ച് എടുക്കാനില്ലായിരുന്നു'' മുരുകന്‍ പറയുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിരമായി മുരുകനെക്കൊണ്ട് മുടി വെട്ടിച്ചിരുന്നവരില്‍ പലരും വിളിച്ചു തുടങ്ങി. അവരുടെ വീട്ടില്‍ച്ചെന്ന് മുടി വെട്ടിക്കൊടുത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. മറ്റൊന്ന്, പ്രയാസകാലത്ത് മനസ്സറിഞ്ഞു സഹായിക്കുന്ന ആളുകളുടെ സ്‌നേഹമാണ്. കടയിലെ പതിവു സന്ദര്‍ശകരില്‍ ചിലര്‍ അക്കൗണ്ടില്‍ പണമിട്ടു കൊടുത്തു സഹായിച്ചു. ''അങ്ങോട്ടു ചോദിച്ചതല്ല, സ്ഥിതി മനസ്സിലാക്കി ചെയ്തതാണ്.'' പക്ഷേ, തന്റെ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷത്തിന്റേയും സ്ഥിതി ഇതല്ലെന്ന് മുരുകന്‍ തന്നെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പറയുന്നു. ഇടയ്ക്ക് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുമെന്നു പറഞ്ഞെങ്കിലും പിന്നീട് കേന്ദ്ര നിര്‍ദ്ദേശപ്രകാരം അതു നടക്കാതെ പോയി. അതില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പരാതിയില്ല. എല്ലാവരുടേയും നല്ലതിനു വേണ്ടിയല്ലേ എന്നു പറയുന്നു കോട്ടയം കുടമാളൂരിനടുത്തു മുടിവെട്ടുകട കട നടത്തുന്ന റഫീഖ്. പക്ഷേ, വീട്ടില്‍ പോയി വെട്ടുന്നതിന്റെ ചില ബുദ്ധിമുട്ടുകള്‍ റഫീഖിനു പറയാനുണ്ട്: ''ചില വീട്ടിലെ മറ്റംഗങ്ങള്‍ക്കു പുറത്തു നിന്നുള്ളവര്‍ ആ പരിസരത്തു ചെല്ലുന്നതുപോലും ഇഷ്ടമാകില്ല. കൊവിഡും കൊണ്ടാണ് ചെല്ലുന്നത് എന്ന പേടി. ഫ്‌ലാറ്റുകളിലാണെങ്കില്‍ മുടിവെട്ടാന്‍ ടെറസില്‍ പോകണം. പക്ഷേ, മറ്റു ഫ്‌ലാറ്റുകളിലുള്ളവര്‍ക്കു ചിലപ്പോള്‍ അത് ഇഷ്ടപ്പെടാറില്ല.'' കുലത്തൊഴില്‍ എന്ന നിലയിലല്ലാതെ മിക്ക സമുദായങ്ങളില്‍പ്പെട്ടവരും ഇപ്പോള്‍ മുടിവെട്ടു കടകള്‍ നടത്തുന്നുണ്ട് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അതുകൊണ്ട് ജീവിക്കാനും കഴിഞ്ഞിരുന്നു. പക്ഷേ, കട തുറക്കാന്‍ പറ്റാതെ വന്നപ്പോള്‍ അവരെല്ലാം വിഷമത്തിലായി. വീട്ടിലിരിക്കുന്ന എല്ലാ ആളുകളും വിളിച്ചു വരുത്തി മുടി വെട്ടിക്കുന്നവരല്ലതാനും. 

കൊവിഡും ലോക്ഡൗണും കേരളത്തെ എങ്ങനെ സാമ്പത്തികമായി ബാധിച്ചു എന്ന ചോദ്യത്തിനു സാധാരണ മുടിവെട്ടു തൊഴിലാളിയുടെ മുതല്‍ വമ്പന്‍ റിസോര്‍ട്ട് ഉടമകളുടെ വരെ നിസ്സഹായതയുടെ എണ്ണമറ്റ അനുഭവങ്ങളാണ് ഉത്തരം; ലോകത്തെയാകെയും ഇന്ത്യയെ മുഴുവനായും ബാധിച്ച കൊവിഡ് കുറച്ചു മാത്രം ബാധിച്ച പ്രദേശമാണ് കേരളം. പക്ഷേ, മറ്റേതു സംസ്ഥാനത്തേക്കാള്‍ സാമ്പത്തിക പ്രത്യാഘാതത്തിന്റെ പങ്കു പറ്റേണ്ടി വരികയാണ്. തെളിവുകളും ഉദാഹരണങ്ങളും നിരവധി. 

''പെട്ടെന്നൊന്നും തിരിച്ചുവരാനാകും എന്നു ഞാന്‍ കരുതുന്നില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നിലനില്‍ക്കും'' ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറയുന്നു. ''വന്‍തോതില്‍ ചെറുകിട വ്യവസായങ്ങളും കടകളും അടച്ചുപൂട്ടുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്. അവര്‍ക്കു കനത്ത നഷ്ടമുണ്ടാകും. സാധനങ്ങളും അസംസ്‌കൃത വസ്തുക്കളും കെട്ടിക്കിടന്ന് ഉപയോഗശൂന്യമാകും. തുറന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു പ്രത്യേക പാക്കേജ് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നോട്ടുനിരോധന കാലത്തേക്കാള്‍ മോശമായിരിക്കും കാര്യങ്ങള്‍; അവരില്‍ പലരും ഇതുവരെയുണ്ടായിരുന്ന ജീവിതത്തിലേക്കു തിരിച്ചു വന്നെന്നു തന്നെ വരില്ല. അതിനര്‍ത്ഥം ഇത് നീളുന്ന സാമ്പത്തിക മാന്ദ്യമാകും എന്നാണ്'' - ധനമന്ത്രിയുടെ വാക്കുകള്‍. 

ഏപ്രില്‍ 21-നും 22-നും പതിവു വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞു തുടങ്ങിയത്. കൈവിട്ടു പോകാതിരിക്കാന്‍ എന്തു ചെയ്യണം എന്നു പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം അധ്യക്ഷനായ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കുന്നതിനാണ് വിദഗ്ദ്ധ സമിതി. ''സംസ്ഥാനത്തിന്റെ പൊതു ധനകാര്യ രംഗത്ത് ഞെരുക്കം അനുഭവപ്പെട്ടെങ്കിലും സാമൂഹികക്ഷേമ ചെലവുകളില്‍നിന്നു സര്‍ക്കാര്‍ ഒട്ടും പിന്നോട്ടുപോയിട്ടില്ല. എന്നാല്‍, കോവിഡ് നമ്മുടെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്'' - മുഖ്യമന്ത്രി പറഞ്ഞു. ''ഉപഭോക്തൃ സംസ്ഥാനമായ കേരളം നിര്‍മ്മാണമേഖലയിലും വിനോദസഞ്ചാര മേഖലയിലും നേടിയ വളര്‍ച്ച പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ പിന്‍ബലത്തോടു കൂടിയുള്ള വാങ്ങല്‍ ശേഷിയാണ്. ഇതിനു ഗണ്യമായ ഇടിവു വന്നു; സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം മിക്കവാറും നിലച്ചിരിക്കുന്നു. ലോക്ക്ഡൗണാണ് ഒരു കാരണം; ചെലവുകളുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലയില്‍ സര്‍ക്കാരിനു പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാകില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു ഭാഗം 'താല്‍ക്കാലികമായി മാറ്റിവെക്കാന്‍' സര്‍ക്കാര്‍ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ഒരു മാസത്തില്‍ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേയ്ക്ക് ഇത്തരത്തില്‍ മാറ്റിവെക്കാനാണ് തീരുമാനിച്ചത്. ഏപ്രില്‍ 24-നു ഉത്തരവും ഇറങ്ങി. ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും ഇതു ബാധകം. 20,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്കു മാത്രമാണ് ഇളവ്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ബോര്‍ഡംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ ശമ്പളത്തിന്റെ അല്ലെങ്കില്‍ ഓണറേറിയത്തിന്റെ 30 ശതമാനം ഒരു വര്‍ഷത്തേക്ക് ഓരോ മാസവും കുറവ് ചെയ്യാനും തീരുമാനിച്ചു.

ഇടിത്തീവീണ ജീവിതങ്ങള്‍ 

ട്രാവല്‍ ഏജന്‍സികളുടെ ടൂര്‍ പാക്കേജ് ഓട്ടം പോകുന്ന ടാക്‌സിയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശി അഷ്റഫിന്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും രാജ്യത്തിനു പുറത്തു നിന്നുമുള്ള ടൂറിസ്റ്റുകളെ കേരള കാണിക്കാന്‍ കൊണ്ടുപോകുന്ന നിരവധിപ്പേരിലൊരാള്‍. അതുമാത്രം ജീവിതമാര്‍ഗ്ഗമാക്കിയിരുന്നവരെല്ലാം കടുത്ത ബുദ്ധിമുട്ടിലായി എന്ന് അഷ്റഫ് പറയുന്നു. നിരവധി കുടുംബങ്ങള്‍ എന്തു ചെയ്യുമെന്നറിയാതെ വലയുന്നു. റേഷന്‍ കടകള്‍ വഴി കിട്ടിയ സൗജന്യ ഭക്ഷ്യസാധനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പട്ടിണി ആയിപ്പോകുമായിരുന്നു എന്നു പറയാന്‍ മടിയില്ല. മാര്‍ച്ച് ആദ്യം മകളുടെ വിവാഹമായിരുന്നു. അതുമായി ബന്ധപ്പെട്ട് കുറേ ദിവസം കാറോടിക്കാന്‍ പറ്റിയില്ല. വിവാഹമൊക്കെ കഴിഞ്ഞ് കാലിപ്പോക്കറ്റുമായി 'അന്നം തേടാന്‍' ഇറങ്ങിയപ്പോഴാണ് ലോക്ഡൗണ്‍. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍നിന്നുള്ള രണ്ടു ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നാര്‍ യാത്രയ്ക്കുള്ള രണ്ട് ബുക്കിംഗ് ഒന്നിനു പിന്നാലെ ഒന്നായി ഉണ്ടായിരുന്നു. രണ്ടും റദ്ദാക്കി. ഓട്ടം തരുന്ന ട്രാവല്‍ ഏജന്‍സികളില്‍നിന്ന് ഇപ്പോള്‍ വിളിക്കുന്നു പോലുമില്ല. ആളുകള്‍ക്കു പുറത്തിറങ്ങാനും വിനോദയാത്ര ചെയ്യാനും കഴിയുന്ന ദിനങ്ങള്‍ അടുത്തെങ്ങും വരില്ല എന്നുതന്നെയാണ് അഷ്റഫ് ഭയക്കുന്നത്. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന ഭയം. ഓരോ വിനോദ സഞ്ചാര മേഖലയിലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന കടകളിലെ ജീവനക്കാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവരും പ്രതിസന്ധിയിലായി. 

എങ്ങനെ മുന്നോട്ടു പോകുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലെന്ന് സീരിയല്‍ നടന്‍ ദിനേശ് മംഗലശേരി പറയുന്നു. മകന്‍ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥി, മകള്‍ ഒന്‍പതാം ക്ലാസ്സില്‍. എല്ലാ പ്രതീക്ഷയും ആശ്രയവും സീരിയല്‍ മാത്രമാണ്. ഒരേസമയം ഒന്നിലധികം സീരിയലുകളൊക്കെ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു. സ്വാതിനക്ഷത്രം ആണ് അവസാനം ചെയ്തത്. പങ്കജകസ്തൂരിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചു. അതു വന്നു തുടങ്ങിയില്ല. പണം നേരത്തെ കിട്ടിയതാണ്. 

ടി.എസ്. സജിയുടെ പുതിയ സീരിയലില്‍ പ്രധാനപ്പെട്ട ഒരു റോള്‍ പറഞ്ഞിരുന്നു. ചിത്രീകരണം തുടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ലോക്ഡൗണൊക്കെ കഴിഞ്ഞ് എല്ലാമൊന്നു നേരേയായി വരാന്‍ കുറേ സമയമെടുക്കും. സീരിയല്‍ പ്രവര്‍ത്തകരുടെ സംഘടനയായ ആത്മ എന്തെങ്കിലും സഹായ പദ്ധതി തുടങ്ങാന്‍ ആലോചിക്കുന്നതായി അറിയില്ല. ടെലിവിഷന്‍ ഫ്രറ്റേണിറ്റി ഒരു സഹായ പദ്ധതി തുടങ്ങി. പക്ഷേ, ഒരുപാടാളുകള്‍ ഉള്ളതുകൊണ്ട് അവര്‍ക്കും താങ്ങാന്‍ പറ്റില്ല. കുറച്ചുപേരെ, കുറച്ചൊക്കെ സഹായിക്കാന്‍ പറ്റും. സംസ്ഥാന സാസ്‌കാരിക വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോര്‍ഡ് 1000 രൂപ വീതം നല്‍കുമെന്നു പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും കിട്ടിത്തുടങ്ങിയില്ലെങ്കിലും, പരിമിതമാണെങ്കിലും അതും ഒരാശ്വാസമായി എന്നു പറയാമെന്നു മാത്രം.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ വിനോദ്, ടു വീലര്‍ വര്‍ക് ഷോപ് നടത്തുന്ന അനില്‍കുമാര്‍, നാലാഞ്ചിറ മാര്‍ക്കറ്റിലെ മീന്‍ വില്പനക്കാരന്‍ കബീര്‍, പുളിമൂട്ടിലെ ഹോട്ടല്‍ തൊഴിലാളി ശെല്‍വന്‍, അടുത്തുതന്നെ ചെറിയ ഹോട്ടല്‍ നടത്തുന്ന സനല്‍ കുമാര്‍, പെയിന്റിംഗ് തൊഴിലാളി അന്‍സാരി, ലോട്ടറി വില്‍പന നടത്തുന്ന കുമാരിയും സുരേന്ദ്രനും ബിവറേജ് ജീവനക്കാരന്‍ തോമസ് തുടങ്ങി നിരവധി പേരുമായി നേരിലും ഫോണിലും ഞങ്ങള്‍ സംസാരിച്ചു. ജീവിതം വഴിമുട്ടി എന്ന് അവരൊക്കെ പറയുന്നത് ഒരേ സ്വരത്തിലാണ്. ചെറുതെങ്കിലും വേറെ വരുമാനമുള്ളവര്‍ വളരെക്കുറവ്. 

സ്വന്തം നിലയില്‍ കഴിയുന്നവിധം കൃഷി ചെയ്യണം എന്ന മനോഭാവം ആളുകളില്‍ ഉണ്ടാക്കാന്‍ ഇടയാക്കി എന്നതാണ് ലോക്ഡൗണ്‍ പ്രതിസന്ധിയുടെ വലിയ ഗുണവശമായി പലരും ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, സ്വന്തമായി ഒരു സെന്റു ഭൂമി പോലും സ്വന്തമായി ഇല്ലാത്തവര്‍ നിരവധിയാണ്. അവരെക്കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യംതന്നെ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സംവിധാനം പരിമിതമായി മാത്രം പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആ പാക്കേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ നടന്നില്ല. സംസ്ഥാനം പരമാവധി ശ്രമിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള പാക്കേജ് വിഹിതം പരിമിതമാണ്. അവര്‍ വേണ്ടതു തരുന്നില്ല, കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണം എന്ന ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നുമില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ആവശ്യമുള്ള സാധനങ്ങള്‍ പുറത്തുനിന്നു വരുന്നതു നിലയ്ക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ''കേരളത്തിന് ആവശ്യമുള്ള അരിയുടെ 40 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ബാക്കി അരി വരുന്നത്. ഇതില്‍ ആന്ധ്രാപ്രദേശില്‍ മാത്രമാണ് കാര്യമായ പ്രതിസന്ധി ഇല്ലാത്തത്. പക്ഷേ, എല്ലായിടത്തും ലോക്ഡൗണ്‍ ആയിരിക്കുമ്പോള്‍ ഉല്‍പ്പാദനത്തേയും ചരക്കു ഗതാഗതത്തേയും അതു ബാധിക്കും. മറ്റു ധാന്യങ്ങളൊക്കെ മഹാരാഷ്ട്ര ഉള്‍പ്പെടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് വരുന്നത്. അവിടുത്തെ കൃഷിയെ ലോക്ഡൗണ്‍ ബാധിക്കുന്നത് നമ്മളേയും ബാധിക്കുന്നു. സാധനങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതി രൂക്ഷമാകും'' മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം. ജയചന്ദ്രന്‍ പറയുന്നു. 

മാര്‍ച്ച് 24-നാണ് കേരളം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസംതന്നെ പ്രധാനമന്ത്രിയുടെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപനവും വന്നു. ഈ 21 ദിവസത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജി.എസ്.ഡി.പി) നഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധനും കേരളത്തിന്റെ അഞ്ചാം ധനകാര്യ കമ്മിഷന്‍ അധ്യക്ഷനുമായിരുന്ന ഡോ. ബി.എ. പ്രകാശ് ഒരു കണക്കെടുപ്പു നടത്തി. ജി.എസ്.ഡി.പി അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ വരുമാനം നിര്‍ണ്ണയിക്കുന്നത് കേരളത്തിനുള്ളില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും ആകെ സാമ്പത്തിക മൂല്യത്തിന്റെ ആകെത്തുക എന്ന നിലയിലാണ്. 

ആദ്യ 21 ദിവസത്തെ ജി.എസ്.ഡി.പി നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ അടുത്ത 19 ദിവസത്തെ നഷ്ടവും കണക്കാക്കാന്‍ കഴിയുമെന്ന് ഡോ. ബി.എ. പ്രകാശ് ചൂണ്ടിക്കാട്ടുന്നു. ''അതുപ്രകാരം 40 ദിവസം കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന നഷ്ടം 70132 കോടി രൂപയാണ്. ലോക്ഡൗണും കൊവിഡ് പ്രതിസന്ധി തുടരുന്നതും 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ഡി.പി വളര്‍ച്ചാ നിരക്ക് പ്രതിസന്ധിയിലാക്കും. കേരള രൂപീകരണ ശേഷമുള്ള ഏറ്റവും മോശപ്പെട്ട സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു വന്‍തോതില്‍ പ്രവാസി മലയാളികള്‍ തിരിച്ചുവരുന്നത് ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്നും നികുതി, നികുതിയേതര വരുമാനങ്ങളില്‍ വലിയ ഇടിവ് സംഭവിക്കുമെന്നും ഭയക്കണം. ഇത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ത്തുകളയും'' - അദ്ദേഹം പറയുന്നു.

രണ്ടു മുതല്‍ മൂന്നു ലക്ഷം വരെ പ്രവാസികള്‍ സമീപ മാസങ്ങളില്‍ കേരളത്തിലേക്കു തിരിച്ചു വരും എന്നാണ് കൊവിഡ്, ലോക്ഡൗണ്‍ പ്രത്യാഘാത വിദഗ്ദ്ധ പഠന സമിതി അംഗവും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസറുമായ ഡോ. എസ്. ഇരുദയരാജന്‍ വിലയിരുത്തുന്നത്. ''അതാണ് ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ പോകുന്നത്. വരുന്നവരില്‍ എത്ര പേര്‍ തിരിച്ചുപോകും എന്നത് അവര്‍ തൊഴിലെടുത്തു ജീവിക്കുന്ന രാജ്യങ്ങള്‍ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നമുക്കൊന്നും പ്രവചിക്കാന്‍ കഴിയില്ല. തിരിച്ചുപോയാല്‍ത്തന്നെ 10 ശതമാനത്തിലേറെപ്പേര്‍ പോകില്ല എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെ തിരിച്ചുവന്ന് ഇവിടെ തുടരുന്നവരും അവരുടെ കുടുംബങ്ങളും ചേര്‍ന്നു 10 ലക്ഷത്തോളമാളുകളെ ഈ തിരിച്ചുവരവിന്റെ പ്രതിസന്ധി നേരിട്ടു ബാധിക്കും. അതുകൊണ്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു വേണ്ടി ഒരു പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടി വരും. ഈ പാക്കേജ് അവര്‍ക്ക് സൗജന്യങ്ങള്‍ നല്‍കലല്ല. പകരം, തിരിച്ചു വരുന്നവര്‍ക്കു വേണ്ടി എത്രത്തോലം തൊഴിലുകള്‍ ഇവിടെ നമുക്കു സജ്ജമാക്കാന്‍ കഴിയും എന്നതാണു പ്രധാനം'' - കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയം പ്രത്യേകമായി പഠിച്ച ഡോ. ഇരുദയരാജന്‍ വിശദീകരിക്കുന്നു.

അല്ലെങ്കില്‍ത്തന്നെ സാമാന്യം ദുര്‍ബലാവസ്ഥയില്‍ ആയിരുന്നു നമ്മള്‍ എന്നു ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ സാമ്പത്തിക കാര്യ കോളമിസ്റ്റ് പി.എ. വാസുദേവന്‍. ''തകര്‍ന്ന ഉല്‍പ്പാദന മേഖലയും കേരളത്തെ താറുമാറാക്കിയ രണ്ടു വെള്ളപ്പൊക്കങ്ങളുമാണ് കാരണം. അതുകൊണ്ട് ഉല്‍പ്പാദനക്ഷമമായ കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കാന്‍ കഴിയാതെ വന്നു. തകര്‍ന്നുപോയതൊക്കെ പുനസ്ഥാപിക്കുന്നതായി പ്രധാനം. വെള്ളപ്പൊക്കത്തിനു ശേഷം നമ്മുടെ സമ്പദ്ഘടന കരകയറിയിട്ടില്ല. നമ്മള്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഊന്നുന്ന ഒരു സമ്പദ് വ്യവസ്ഥയിലാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. വീടു പോയവര്‍ക്കു വീടു വെച്ചു നല്‍കുക, കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതിന്റെ ആശ്വാസം നല്‍കുക, റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. അതാണ് ആ ഘട്ടത്തില്‍ നമുക്കു ചെയ്യാനുണ്ടായിരുന്നത്. സ്വാഭാവികമായും അതിനായിരുന്നു മുന്‍ഗണന. ഉല്‍പ്പാദന വ്യവസ്ഥയെ ഉണര്‍ത്താനാവശ്യമായ നിക്ഷേപത്തിനോ അതിനു വേണ്ട നടപടിക്രമങ്ങള്‍ക്കോ നേരം കിട്ടിയില്ല. തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിവച്ചതായിരുന്നു. അപ്പോഴാണ് കൊവിഡ് വന്നത്'' - പി.എ. വാസുദേവന്‍ പറയുന്നു. 

മൂന്നു കാര്യങ്ങളാണ് കേരളത്തിനു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത് എന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ''വായ്പാ പരിധി ഉയര്‍ത്തുകയും റിസര്‍വ്വ് ബാങ്കില്‍നിന്നു നേരിട്ട് വായ്പയെടുക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ഒന്നാമത്തേത്. സംസ്ഥാനാന്തര, രാജ്യാന്തര പ്രവാസി തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും കേന്ദ്രം വഹിക്കുക എന്നതാണ് രണ്ടാമത്തെ ആവശ്യം. കുടിയേറ്റം, സംസ്ഥാനത്തിനു പുറത്തേക്കുള്ളതായാലും രാജ്യത്തിനു പുറത്തേക്കുള്ളതായാലും അത് കേന്ദ്ര വിഷയമാണ് എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം നിര്‍ബ്ബന്ധമായും ജി.എസ്.ടി നഷ്ടം വകവെച്ചു തന്നേ തീരൂ എന്നാണ് മൂന്നാമത്തെ ആവശ്യം. ഏപ്രില്‍ മാസത്തില്‍ ജി.എസ്.ടി വരുമാന ശേഖരണം തന്നെ ഇല്ല. അതുകൊണ്ട് സെസ് ഫണ്ടില്‍നിന്നു നഷ്ടം നികത്തിത്തരണം. സെസ് ഫണ്ടിന് ഇതു നല്‍കുന്നതിനായി വിപണിയില്‍ നിന്നു കടമെടുക്കാം എന്ന് ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചതാണ്. അതുപോലെതന്നെ, അഞ്ചു വര്‍ഷത്തേക്കുള്ള സെസ് ഒന്നോ രണ്ടോ വര്‍ഷത്തേക്കു കൂടി നീട്ടണം. ഇത്ര ചെറിയൊരു കാര്യം കേന്ദ്രത്തിനു ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണ് എന്നു മനസ്സിലാകുന്നില്ല; കേന്ദ്ര സര്‍ക്കാര്‍ മനസ്സുമാറ്റും എന്നാണു പ്രതീക്ഷ'' - ധനമന്ത്രി പറയുന്നു.

പ്രവാസികള്‍ക്ക് കൈത്താങ്ങാകണം

വിദഗ്ദ്ധരുടെ ആദ്യഘട്ട വിലയിരുത്തല്‍ പ്രകാരം 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേരളത്തിന്റെ മൊത്തം മൂല്യവര്‍ധനയിലുണ്ടായ നഷ്ടം ഏകദേശം 80,000 കോടി രൂപയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ നഷ്ടം ഇനിയും വര്‍ദ്ധിക്കും - പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ കേരളം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതു വിശദീകരിക്കുകയും ചെയ്തു.

ലോക്ഡൗണ്‍ കാലയളവില്‍ 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍, കാഷ്വല്‍ തൊഴിലാളികളുടെ വേതന നഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകളില്‍ യഥാക്രമം 6,000 കോടി രൂപയുടേയും, 14,000 കോടി രൂപയുടേയും നഷ്ടമുണ്ടായി. മത്സ്യബന്ധന മേഖലയും വിവരസാങ്കേതിക മേഖലയുമാണ് ഗണ്യമായ തൊഴില്‍ നഷ്ടമുണ്ടായ മറ്റു ചില മേഖലകള്‍.

ചെറുകിട വ്യാപാരികളില്‍ മഹാഭൂരിഭാഗവും സ്വയംതൊഴില്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണക്കണം. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ നിലനില്‍പ്പിനു ദേശീയതലത്തില്‍ വരുമാന സഹായ പദ്ധതി നടപ്പാക്കണം.

ലോക്ഡൗണ്‍ കാര്യമായി ബാധിച്ച ചെറുകിട വ്യാപാരികള്‍ക്ക് രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെ വായ്പ അനുവദിക്കണം. ഈ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണം. തൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ നിലനിര്‍ത്തുന്നതിന് ഇവയ്ക്കാവശ്യമായ സബ്സിഡി നല്‍കണം.

ചെറുകിട വ്യവസായങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ പണമിടപാട് ഈ മേഖലയില്‍ നടക്കണമൊണ് വിദഗ്ദാഭിപ്രായം. നിലവിലെ വായ്പകള്‍ക്ക് 50 ശതമാനത്തോളം പലിശ ഇളവ് നല്‍കണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ വേതനം നല്‍കുതിനു നടപടി സ്വീകരിക്കണം. ഇ.പി.എഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി 10,000-ത്തില്‍ നിന്നും 25,000 ആയി ഉയര്‍ത്തണം. 

സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടേയും പയര്‍ വര്‍ഗ്ഗങ്ങളുടേയും വിതരണം മതിയായ വിധം നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. നാഫെഡും അതുപോലുള്ള മറ്റ് ഏജന്‍സികളും ഈ കാര്യത്തില്‍ അനുകൂലമായ നിലപാടെടുക്കണം.

പ്രവാസികളുടെ കൂട്ടത്തില്‍ വളരെ ചെറിയ വരുമാനം ഉള്ളവരും ലേബര്‍ ക്യാമ്പുകളില്‍ കഴിയുവരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരും പാര്‍ട്ട് ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികളും ലോക്ക്ഡൗ കാരണം തൊഴില്‍ നഷ്ടപ്പെ'വരും ഉണ്ട്. ഇവര്‍ക്കു തിരിച്ചുവന്നേ മതിയാകൂ. ഇവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം.

ലോക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികമായ പിന്തുണ അനിവാര്യമാണ്. അവര്‍ക്കു വേണ്ടി പുനരധിവാസ പാക്കേജ് കേന്ദ്ര ഗവമെന്റ് അടിയന്തരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ സാധിക്കു സ്‌കീമുകള്‍ക്കും രൂപം നല്‍കണം.
നാല് ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ നിലവില്‍ കേരളത്തിലുണ്ടൊണ് കണക്കാക്കുന്നത്. ഇവരെ ഘട്ടം ഘട്ടമായി തിരികെ നാട്ടിലെത്തിക്കുന്നതിന് നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണം.

കേരളത്തില്‍നിന്നു മറ്റു സംസ്ഥാനങ്ങളിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഇവര്‍ക്കു ശുചിത്വമുള്ള ക്വാററ്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്വര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം - കേരളം ആവശ്യപ്പെടുന്നു.

ഇതിനപ്പുറമെന്ത്? 

സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിലച്ചുപോകുന്നു. മറ്റൊരു വലിയ പ്രതിസന്ധിയാണ് ഇത് എന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നര്‍ ചൂണ്ടിക്കാണിക്കുന്നു. പുസ്തകപ്രസാധനം പ്രതിസന്ധിയില്‍. സ്വകാര്യ വിദ്യാഭ്യാസ മേഖല തകര്‍ച്ചയില്‍. ട്യൂഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയിലാകുന്നതോടെ ലാബുകളും ക്ലിനിക്കുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സഹകരണ ബാങ്കുകളുടെയും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുടേയും നില പരുങ്ങലിലാകും. ടൂറിസം മേഖല പൂര്‍ണ്ണമായും നിശ്ചലം. 

കേരളത്തില്‍ ലക്ഷക്കണക്കിനു സ്ത്രീത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയാണ് ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ നിന്നു മാത്രം ജോലി ചെയ്യേണ്ടി വന്നിരുന്ന ഇവര്‍ ഇടയ്ക്കൊന്ന് ഇരിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം ശ്രദ്ധ നേടിയിരുന്നു. കുറഞ്ഞ വരുമാനത്തിനു കൂടുതല്‍ അധ്വാനിക്കുന്ന ഇവരില്‍ ബഹുഭൂരിപക്ഷവും അവരുടെ കുടുംബങ്ങളുടെ താങ്ങാണ്. ലോക്ഡൗണ്‍ ആ താങ്ങിന്റെ കടയ്ക്കലാണ് മഴു വെച്ചിരിക്കുന്നത്. ഈ പ്രതിസന്ധി നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും. ''രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയൊക്കെ ജോലി ചെയ്യേണ്ടി വന്നിരുന്നു ഞങ്ങള്‍ക്ക്. ശമ്പളം തുച്ഛവുമായിരുന്നു. പക്ഷേ, അതെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ് ഇപ്പോള്‍. ഇത് ഇങ്ങനെ നീണ്ടുപോയാല്‍ ജീവിതം എന്താകും എന്നറിയില്ല; സത്യത്തില്‍ അതിനപ്പുറം ചിന്തിക്കാന്‍ പോലുമുള്ള ധൈര്യമില്ല'' തിരുവനന്തപുരം എംജി റോഡിലെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന രേഷ്മയുടെ (യഥാര്‍ത്ഥ പേരല്ല) വാക്കുകളില്‍ കേരളത്തിലെ പാവപ്പെട്ടവരുടെ ലോക്ഡൗ്ണ്‍ കാലത്തെ വേദന മുഴുവനുമുണ്ട്.  

എന്തെങ്കിലും വഴിയുണ്ടെങ്കില്‍ നാണംകെട്ടു ഭക്ഷണപ്പൊതി ചോദിക്കുമോ?  
(ലോക്ഡൗണ്‍ കാലത്ത് നടി ശോഭാ ശങ്കറിന്റെ അനുഭവങ്ങള്‍)

സീരിയല്‍ കലാകാരി ശോഭാ ശങ്കറിന്റെ ലോക്ഡൗണ്‍ കാലത്തെ ജീവിതവും അനുഭവങ്ങളും പെട്ടെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നും. തിരുവനന്തപുരത്ത് ജഗതിയില്‍ ഭര്‍ത്താവും നാലു വയസ്സുള്ള മകനുമൊത്ത് ജീവിക്കുന്ന ശോഭ നഗരസഭയുടെ സമൂഹ അടുക്കളുടെ ഗുണഭോക്താവാണ്. നാലു വര്‍ഷം മുന്‍പ് ഉണ്ടായ വാഹനാപകടത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളില്‍നിന്ന് ഭര്‍ത്താവ് ശങ്കര്‍ ഇപ്പോഴും തിരിച്ചുവന്നിട്ടില്ല. തലയ്ക്കാണു ഗുരുതര പരിക്കേറ്റത്. ജോലി ചെയ്യാന്‍ കഴിയില്ല. ഒരു കടയുണ്ടായിരുന്നത് അടയ്‌ക്കേണ്ടി വന്നു. ശോഭ അഭിനയിച്ചുകിട്ടുന്ന വരുമാനമാണ് ഏക ആശ്രയം. ഒരു സമ്പാദ്യവുമില്ല, താമസം വാടക വീട്ടില്‍. വാടകയുടെ കാര്യം തല്‍ക്കാലം പറഞ്ഞു നിര്‍ത്താന്‍ കഴിയും. പക്ഷേ, സംസാരശേഷിക്കു ചില പ്രശ്‌നങ്ങളുള്ള മകന്റെ ചികിത്സ മുടക്കാന്‍ വയ്യ.

മാര്‍ച്ച് 16-നു ചിത്രീകരണം തുടങ്ങിയ പുതിയ സീരിയലിന്റെ ലൊക്കേഷനിലേക്കു പോകാന്‍ അടുത്ത ദിവസം വാഹനം കാത്തിരിക്കുമ്പോഴാണ് വെള്ളിടിപോലെ ആ അറിയിപ്പു വന്നതെന്ന് ശോഭ. ലോക്ഡൗണ്‍ മൂലം ചിത്രീകരണം നിര്‍ത്തിയെന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു പറയുമ്പോള്‍ കാനറാ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ആറായിരം രൂപ. അതില്‍ മൂവായിരം രൂപ മകനെ നോക്കാന്‍ നിന്നിരുന്ന ചേച്ചിക്കു കൊടുത്തു വിട്ടു. ബാക്കി 3000 എടുക്കാമെന്നു വിചാരിക്കുമ്പോള്‍ ഫോണില്‍ മെസ്സേജ്, 1800 രൂപ പിടിച്ചിരിക്കുന്നു. ബാങ്കില്‍ പോയി അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ലോക്കര്‍ ചാര്‍ജ്ജാണ് എന്നാണ്. ലോക്കറില്‍ ഒന്നുമില്ലെങ്കിലും അക്കൗണ്ട് തുടങ്ങുമ്പോള്‍ ആ സൗകര്യം കൂടി ഉള്‍പ്പെടുത്തിയിരുന്നതുകൊണ്ട് വാടക ഇനത്തില്‍ നേരത്തെ 8000 രൂപ മുന്‍കൂര്‍ പിടിച്ചിരുന്നു. അതിനു പുറമേയാണ് ആകെയുള്ള പണത്തില്‍നിന്ന് ഈ പിടുത്തം. ഹെഡ്ഡോഫീസിലാണ് ഇത്തരം നടപടികളുടെ നിയന്ത്രണമെന്നു പറഞ്ഞു ബാങ്കുകാര്‍ കൈമലര്‍ത്തി. പക്ഷേ, ശോഭ അവിടെത്തന്നെ ഇരുന്നപ്പോള്‍ ബാങ്കുകാര്‍ പൊലീസിനെ വിളിച്ചു. ഒരു സി.ഐയും പൊലീസുകാരും വന്നു കാര്യം ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുപോയെന്ന് ശോഭ പറയുന്നു. ശോഭയോടു പറഞ്ഞതു മാത്രമേ പൊലീസിനോടും ബാങ്കുകാര്‍ക്ക് പറയാനുണ്ടായിരുന്നുള്ളു. ഒടുവില്‍ ബാക്കി 1200 രൂപ വാങ്ങി മടങ്ങുമ്പോള്‍ സി.ഐ നിര്‍ബ്ബന്ധിച്ച് 1000 രൂപ ഏല്‍പ്പിച്ചു, വേണ്ടെന്നു പറഞ്ഞെങ്കിലും പിന്നീട് പണം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്നും കടമായി കരുതണമെന്നും പറഞ്ഞപ്പോള്‍ വാങ്ങി. ഗതികേടിന്റെ പാരമ്യത്തിലുള്ള സ്വന്തം സ്ഥിതിയെക്കുറിച്ച് ശോഭ പറയുന്നു.

തുടക്കത്തില്‍ സമൂഹ അടുക്കളയില്‍നിന്നു നാലു ദിവസം ഭക്ഷണപ്പൊതി എത്തിച്ചു കൊടുത്തു. അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ് ഇങ്ങനെ ഭക്ഷണം കൊടുക്കുന്നതെന്നും ഇനി തരാന്‍ പറ്റില്ലെന്നും അഞ്ചാം ദിവസം പൊതി കൊണ്ടുവന്നവര്‍ പറഞ്ഞു. നിങ്ങള്‍ക്കു വെച്ചുണ്ടാക്കി കഴിച്ചുകൂടേ എന്നായിരുന്നു ചോദ്യം. വെച്ചുണ്ടാക്കാന്‍ വല്ലതും വേണ്ടേ എന്ന് അവരോടു തിരിച്ചു ചോദിച്ചില്ല. പക്ഷേ, നിസ്സഹായതുകൊണ്ട് പല വഴിക്കും ഫോണില്‍ ബന്ധപ്പെട്ട് ഒടുവില്‍ സമൂഹ അടുക്കളയുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കിട്ടി. സ്ഥിതി പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം വേദനിപ്പിക്കുന്നതായിരുന്നു. നിങ്ങളൊരു ആര്‍ട്ടിസ്റ്റല്ലേ, ഇങ്ങനെ ആഹാരത്തിനു വേണ്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ നാണമില്ലേ എന്നായിരുന്നു ചോദ്യം. മേഡം ഒരു സ്ത്രീയായതുകൊണ്ടാണ് ഞാന്‍ പറയാന്‍ മടിക്കാത്തത് എന്നു പറഞ്ഞെങ്കിലും ഫോണ്‍ ഇടയ്ക്കു വെച്ച് അവര്‍ കട്ട് ചെയ്തു. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസില്‍ വിളിച്ചു തന്റെ സ്ഥിതിയും ആളുകളുടെ പ്രതികരണവും അറിയിച്ചു. വേറെ വഴിയില്ലായിരുന്നു എന്ന് ശോഭ. മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള വിളി ചെന്നപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്നു നാലു പേര്‍ വീട്ടിലെത്തി. തനിക്കും കുടുംബത്തിനും ആഹാരത്തിനു വകയുണ്ടായിട്ടും അര്‍ഹത ഇല്ലാത്തതു ചോദിക്കുന്നു എന്നു തന്നെയായിരുന്നു അപ്പോഴും അവരുടെ മനോഭാവം. അതു വാക്കുകളില്‍ വരികയും ചെയ്തു. ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും സ്ഥിതി നേരിട്ട് അവരെ കാണിച്ചു. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ആഹാരത്തിനുവേണ്ടി നുണ പറയുകയും മറ്റുള്ളവരുടെ മുന്നില്‍ ഇങ്ങനെ നിസ്സഹായയായി നില്‍ക്കുകയും ചെയ്യുമോ എന്നു ചോദിച്ചപ്പോള്‍ അവര്‍ക്കു മറുപടി ഉണ്ടായില്ല. അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നുമൊക്കെ പറഞ്ഞ് അവര്‍ മടങ്ങി. അന്നു മുതല്‍ ഭക്ഷണം വീണ്ടും കിട്ടിത്തുടങ്ങുകയും ചെയ്തു. 

അതിനു പിന്നാലെ റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ സൗജന്യ അരി നല്‍കിയതും ആശ്വാസമായി. അങ്ങനെയാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടു പോകുന്നത്. മകനു മെഡിക്കല്‍ കോളജിലും നിഷിലും ചികിത്സയുണ്ട്. മരുന്നുകള്‍ വാങ്ങണം. ഒരു വീട്ടില്‍ എന്തൊക്കെ കാര്യങ്ങളുണ്ട്. ചില സുഹൃത്തുക്കളും നിര്‍മ്മാതാക്കളും ചെറിയ സഹായങ്ങളൊക്കെ ചെയ്തു. ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ അവര്‍ക്കും കൂടുതലൊന്നും ചെയ്യാന്‍ പറ്റില്ല. 

ദിവസക്കൂലിക്കാരായ സീരിയല്‍ രംഗത്തെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു പൊടുന്നനേ വരുമാനം നിലച്ചാല്‍ ഉണ്ടാകുന്ന ദുരവസ്ഥയ്ക്ക് ഉദാഹരണമാണു ശോഭയുടെ ജീവിതം.

നഷ്ടക്കണക്കുകളുടെ ലോക്ഡൗണ്‍: ഡോ. ബി.എ. പ്രകാശ്  

2019-2020ലെ ജി.എസ്.ഡി.പി വിവരങ്ങളുടെ അഭാവത്തില്‍, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച 2018-2019ലെ മേഖലാടിസ്ഥാനത്തിലുള്ള ജി.എസ്.ഡി.പി വിവരങ്ങളാണ് പഠനത്തിന് ഡോ. ബി.എ. പ്രകാശ് അടിസ്ഥാനമാക്കിയത്. പിന്നീട്, ഓരോ മേഖലയുടേയും ഉപമേഖലയുടേയും ശരാശരി ജി.എസ്.ഡി.പിയും ഓരോ മേഖലയിലേയും ഉപമേഖലയിലേയും വരുമാന നഷ്ടവും കണക്കുകൂട്ടി. ലോക്ഡൗണിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളാണ് നഷ്ടം കണക്കാക്കാന്‍ അടിസ്ഥാനമാക്കിയത്. പ്രാഥമിക മേഖലയില്‍ ധാന്യങ്ങള്‍ക്ക് 70 ശതമാനവും കന്നുകാലികള്‍ക്ക് 50 ശതമാനവും മത്സ്യമേഖലയ്ക്കും ഖനനത്തിനും ക്വാറികള്‍ക്കും 100 ശതമാനവുമാണ് നഷ്ടം കണക്കാക്കുന്നത്. നിര്‍മ്മാണ മേഖലയ്ക്ക് ലോക്ഡൗണില്‍ പൂര്‍ണ്ണമായും സ്തംഭനമാണ്. വ്യാപാര മേഖലയില്‍ അവശ്യസാധനങ്ങളുടെ കച്ചവടം മാത്രമാണ് നടന്നത്. റെയില്‍വേയ്ക്കു 100 ശതമാനവും റോഡ് ഗതാഗതത്തിന് 90 ശതമാനവുമാണ് നഷ്ടം. വാര്‍ത്താവിനിമയ മേഖലയ്ക്ക് നഷ്ടം 50 ശതമാനം; പൊതുഭരണ മേഖലയ്ക്കു 40 ശതമാനവും. ഇവയുടെ അടിസ്ഥാനത്തില്‍ ആകെ നഷ്ടത്തിന്റെ നിരക്കും പ്രതിദിന നഷ്ടത്തിന്റെ നിരക്കും 21 ദിവസത്തെ ജി.എസ്.ഡി.പി നഷ്ടത്തിന്റെ നിരക്കും കണക്കാക്കി.

ഒന്നാം ഘട്ട ലോക്ഡൗണിലെ വരുമാന നഷ്ടം സംബന്ധിച്ച പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്: 

ആകെ ജി.എസ്.ഡി.പി നഷ്ടം 36819 കോടി രൂപ, കൃഷിയും മീന്‍പിടുത്തവും ഉള്‍പ്പെടെയുള്ള പ്രാഥമിക മേഖലയുടെ നഷ്ടം 3315 കോടി രൂപ, വ്യവസായ മേഖലയുടെ നഷ്ടം 3469 കോടി രൂപ, നിര്‍മ്മാണ മേഖലയുടെ നഷ്ടം 5292 കോടി രൂപ, വൈദ്യുതി, പാചകവാതകം, ജലവിതരണം എന്നിവ ഉള്‍പ്പെട്ട ദ്വിദീത മേഖലയുടെ നഷ്ടം 8966 കോടി രൂപ, വ്യാപാരമേഖല, അറ്റകുറ്റപ്പണികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയുടെ നഷ്ടം 5878 കോടി രൂപ, ഗതാഗതം, സംഭരണ, വാര്‍ത്താ വിനിമയം എന്നീ മേഖലകളുടെ നഷ്ടം 2158 കോടി രൂപ, റിയല്‍ എസ്റ്റേറ്റ്, ആശയവിനിമയ പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടം 5907 കോടി രൂപ; പൊതുഭരണ മേഖലയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട നഷ്ടം 20153 കോടി രൂപ. ഉല്‍പ്പന്നങ്ങളുടെ നികുതി നഷ്ടം 4065 കോടി രൂപയും ഉല്‍പ്പന്നങ്ങളുടെ സബ്സിഡി നഷ്ടം 321 കോടി രൂപയുമാണ്. 

കേരളത്തിലെ തൊഴിലിന്റെ മേഖല അടിസ്ഥാനത്തിലുള്ള പങ്കാളിത്തത്തിന്റെ കണക്ക് നാഷണല്‍ സാമ്പിള്‍ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.ഒ) നല്‍കുന്നുണ്ട്. 2017-2018ലെ കണക്കാണ് ഒടുവില്‍ വന്നത്. ഇതുപ്രകാരം പ്രാഥമിക മേഖലയില്‍ 20 ശതമാനവും ദ്വിദീയ മേഖലയില്‍ 31 ശതമാനവും പൊതുഭരണ സേവന മേഖലയില്‍ 49 ശതമാനവുമാണ് പങ്കാളിത്തം. ഔപചാരിക, അനൗപചാരിക മേഖലകളിലെ ആകെ തൊഴിലാളികളുടെ കണക്കുകളും എന്‍.എസ്.ഒ സര്‍വ്വേയില്‍ ലഭ്യമാണ്. സ്ഥിര വേതനമുള്ള ഔപചാരിക മേഖലയിലെ തൊഴിലാളികള്‍, സ്വകാര്യ-പൊതുമേഖലകളിലെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ ആകെ തൊഴിലാളികളുടെ 33 ശതമാനമാണ്. അനൗപചാരിക മേഖലയിലെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ 38 ശതമാനവും സ്ഥിരമല്ലാത്ത തൊഴിലാളികള്‍ 29 ശതമാനവുമാണ്; ആകെ തൊഴിലാളികളുടെ 67 ശതമാനം. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ സ്വന്തം നിലയ്ക്ക് മിക്കപ്പോഴും തൊഴിലാളിയും തൊഴിലുടമയുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രവാസികളുടെ തിരിച്ചുവരവ് എന്ന യാഥാര്‍ത്ഥ്യം 

ഡോ. എസ്. ഇരുദയ രാജന്‍ 
(ലോക്ഡൗണ്‍ പ്രത്യാഘാത വിദഗ്ധ പഠന സമിതി അംഗം) 

മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തി തൊഴിലെടുത്തു ജീവിക്കുന്നവരില്‍ കുറേപ്പേര്‍ ലോക്ഡൗണിനു തൊട്ടുമുന്‍പുതന്നെ തിരിച്ചു പോയിട്ടുണ്ട്. ഇനി ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍ കൂടുതലാളുകള്‍ പോവുകയും ചെയ്യും. തിരിച്ചുവരുന്ന മലയാളികള്‍ ഇവിടെ നിന്നു മടങ്ങുന്നവര്‍ അവശേഷിപ്പിക്കുന്ന തൊഴിലുകള്‍ ചെയ്യാന്‍ തയ്യാറായാല്‍ കുറേപ്പേര്‍ക്കു തൊഴിലാകും. പക്ഷേ, അവര്‍ അതു ചെയ്യാന്‍ തയ്യാറാകുമോ എന്നതാണു പ്രശ്‌നം. ഗള്‍ഫ് രാജ്യങ്ങളില്‍ നമ്മുടെ ആളുകള്‍ വന്‍തോതില്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, അതേ ജോലി ഇവിടെ ചെയ്യണമെന്നില്ല; വരുമാനക്കുറവും നാട്ടില്‍ അതു ചെയ്യുന്നത് കുറച്ചിലാണ് എന്ന തോന്നലുമാണ് കാരണം. അവര്‍ ചെയ്യാന്‍ തയ്യാറായാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പോകുന്നതിന്റെ ബുദ്ധിമുട്ടും പ്രവാസികള്‍ തിരിച്ചുവരുന്നതിന്റെ ബുദ്ധിമുട്ടും വലിയൊരു അളവോളം കുറയും. 

പ്രവാസികള്‍ തിരിച്ചുവരുന്നത് അവരേയും കുടുംബാംഗങ്ങളേയും മാത്രമല്ല, ബാധിക്കുക. അവരില്‍നിന്നുള്ള പണം വരവു നിലയ്ക്കുന്നത് കേരളത്തിന്റെ വിപണിയെ സാരമായി ബാധിക്കും. അതില്‍ ഹ്രസ്വകാല പ്രത്യാഘാതവും ദീര്‍ഘകാല പ്രത്യാഘാതവും ഉണ്ടായിരിക്കും. ഇപ്പോള്‍ കുറച്ചു പണമൊക്കെ നീക്കിയിരിപ്പുള്ളവര്‍ക്ക് ഉടനെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. അവര്‍ എല്ലാ സാധനങ്ങളും വാങ്ങുകയും ചെയ്യും. പക്ഷേ, പണം തീരുകയും വരുമാനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവരും പ്രതിസന്ധിയിലാകും വിപണിയും തളരും. പിന്നെ, കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശ വിമാനങ്ങള്‍ പൂര്‍ണ്ണമായും വന്നു തുടങ്ങാന്‍ മൂന്നു,നാല് മാസം വരെ എടുത്തേക്കും. അങ്ങനെയാകുമ്പോഴും പെട്ടെന്ന് ഒറ്റയടിക്ക് ആളുകളുടെ തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് ആശ്വസിക്കാം. പക്ഷേ, അവര്‍ നമ്മുടെ ഭാഗമാണ്, ജീവിക്കാന്‍ പ്രവാസികളായവരാണ്, നമുക്കു വിദേശനാണയം നേടിത്തന്നവരാണ്. പ്രതിസന്ധി ഘട്ടത്തില്‍ അവരുടെ തിരിച്ചുവരവ് എന്ന യാഥാര്‍ത്ഥ്യം നാം അഭിമുഖീകരിക്കുകതന്നെ വേണം.

ഇപ്പോള്‍ നമ്മള്‍ പൊരുതിക്കൊണ്ടിരിക്കുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലാണ്. ഈ ഘട്ടം കഴിയുമ്പോള്‍ ഉപജീവനമാര്‍ഗ്ഗങ്ങളുടെ പ്രതിസന്ധി നമ്മളെ തുറിച്ചു നോക്കും. എങ്ങനേയും നാട്ടിലെത്തുക എന്നതാണ് ഇപ്പോള്‍ ആളുകളില്‍ വലിയൊരു വിഭാഗത്തിന്റെ ചിന്ത. തിരിച്ചുവന്നു കഴിയുമ്പോഴാണ് പ്രശ്‌നം. കൊറോണയെ നമുക്ക് ഓടിക്കാന്‍ കഴിയുകതന്നെ ചെയ്യും. പക്ഷേ, നമുക്ക് എവിടേക്കും ഓടിപ്പോകാന്‍ കഴിയില്ല.
 
അതിജീവിക്കും; പക്ഷേ, എളുപ്പമല്ല: പി.എ. വാസുദേവന്‍ 

(സാമ്പത്തികകാര്യ കോളമിസ്റ്റ്)

ഇപ്പോഴും ആകെയൊരു പ്രതീക്ഷയുള്ളത് കാര്‍ഷിക മേഖലയിലാണ്. ഇത്തവണ കാര്‍ഷിക മേഖല സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു. ആവശ്യമായതിനേക്കാള്‍ ഒന്നര ഇരട്ടി നെല്ലൊക്കെ ഉല്‍പ്പാദിപ്പിച്ചു. അതുകൊണ്ട് അടുത്ത ഒരു മൂന്നു മാസത്തേയ്ക്ക് കഞ്ഞികുടിക്കാന്‍ പറ്റും. പക്ഷേ, അതേ പറ്റു. ലോക്ഡൗണ്‍ നീണ്ടാല്‍ വിശപ്പു മാത്രമാകില്ല പ്രശ്‌നം. നമുക്കു കൈത്താങ്ങായ വ്യവസ്ഥകളെ ഉയര്‍ത്തിക്കൊണ്ടു വരണം. ആവശ്യത്തിലധികം നെല്ലു കൊണ്ടുമാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. 

നമ്മുടെ വലിയൊരു വിഭാഗത്തിന്റെ ജോലി ഇപ്പോഴും ദുര്‍ബ്ബല മേഖലകളിലാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ജോലി നഷ്ടപ്പെടാം. തൊഴിലിന്റേയും മനുഷ്യന്റേയും ചലനമില്ലെങ്കില്‍ സമ്പദ്ഘടന ചലിക്കില്ല. അതാണ് ലോക്ഡൗണ്‍ ഉണ്ടാക്കുന്ന വലിയ പ്രശ്‌നം. സമ്പദ്വ്യവസ്ഥ ചലിക്കണമെങ്കില്‍ മനുഷ്യന്‍ ചലിക്കണം. 

പണം മുഴുവന്‍ ആരോഗ്യ മേഖലയിലേക്കും അതിന്റെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളിലേക്കും പോവുകയാണ്. നമുക്കതു ചെയ്യാതെ പറ്റില്ല. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യണം. അവരോട് ഇങ്ങോട്ടു വരണ്ട എന്നു പറയാന്‍ പറ്റില്ലല്ലോ.ഇവിടെ നിന്നു പോയി പെട്ടുപോയത് അവരുടെ കുറ്റംകൊണ്ടല്ല. അവര്‍ നമ്മുടെ ഭാഗമാണ്, അവരുടെ നല്ല കാലത്തിന്റെ ഗുണം നമുക്കും കിട്ടിയതാണ്. ഒരാള്‍ അവിടെ ജോലി ചെയ്ത് ഇവിടെ അഞ്ചോ ആറോ ആളുകളെ പോറ്റുന്നുണ്ട്. അതല്ലെങ്കില്‍ അവരെ ഇവിടുത്തെ സമ്പദ്വ്യവസ്ഥ പോറ്റണം. 
കൃഷിയൊഴികെ ഉല്‍പ്പാദന മേഖലകളെല്ലാം കഴിഞ്ഞ ഒരു മാസമായി നിശ്ചലമായിരുന്നു. ഉല്‍പ്പാദിപ്പിച്ച നെല്ലുതന്നെ കൊയ്‌തെടുക്കാന്‍ കഴിയാതെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ആരുടേയും കുറ്റമല്ല. പക്ഷേ, കൊയ്ത്തുയന്ത്രം ഇവിടേയും ഡ്രൈവര്‍ തമിഴ്നാട്ടിലുമായിരിക്കും. അയാള്‍ക്കു വരാന്‍ പറ്റാത്ത സാഹചര്യം. അതുകൊണ്ട് ഇനി ഇത്തരം കഴിവുകള്‍ ഇവിടുത്തെ കര്‍ഷകര്‍ക്കോ കുറച്ചു ചെറുപ്പക്കാര്‍ക്കോ പഞ്ചായത്തു തലത്തില്‍ നല്‍കണം. തേങ്ങയില്‍നിന്നു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. അതും പ്രാദേശിക തലത്തില്‍ ചെയ്യാവുന്നതാണ്. കുടുംബശ്രീപോലുള്ള സംവിധാനങ്ങളിലൂടേയും ശക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടേയാണ് നമ്മള്‍ നിലനില്‍ക്കുന്നത്. ഇത്തരം കാര്യങ്ങളും അവരിലൂടെ നടപ്പാക്കണം. മാറിയ സാഹചര്യങ്ങള്‍ നമ്മില്‍നിന്നു അധികം ഊര്‍ജ്ജവും മുന്‍പില്ലാത്ത തരം ഇടപെടലുകളും ആവശ്യപ്പെടുന്നുണ്ട്.

ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും. പക്ഷേ, എളുപ്പമല്ല. പെട്ടെന്നു പുനരുജ്ജീവനം പോയിട്ട് ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കുന്നില്ല നമ്മള്‍. ആറു മാസത്തേക്കെങ്കിലും നീണ്ടുപോകുന്ന പ്രതിസന്ധിയാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com