ഇടനിലക്കാരന്‍ ജോസ് കെ. മാണി; ഇടത്തേക്കൊഴുകാന്‍ ഇനിയും പാര്‍ട്ടികള്‍?

ജോസഫ് ഗ്രൂപ്പ് പിളര്‍ത്തി ഒരു വിഭാഗത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള ശ്രമം സി.പി.എം തുടങ്ങിക്കഴിഞ്ഞു. ജോസാണ് ഇടനിലക്കാരന്‍
ജോസ് കെ മാണിയും റോഷി അ​ഗസ്റ്റിനും എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കുന്നു
ജോസ് കെ മാണിയും റോഷി അ​ഗസ്റ്റിനും എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കുന്നു

യു.ഡി.എഫ് ഘടകകക്ഷികളെല്ലാം ഇടതു ജനാധിപത്യ മുന്നണിയുടെ ഭാഗമാവുന്ന കോണ്‍ഗ്രസ് രഹിത രാഷ്ട്രീയ കേരളം സ്വപ്‌നം കാണുന്ന സി.പി.എം, ആ അജന്‍ഡ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒരു പടികൂടി മുന്നിലെത്തി. ഇനി കോണ്‍ഗ്രസ്സിനൊപ്പമുള്ള പ്രധാന പാര്‍ട്ടികള്‍ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ആര്‍.എസ്.പിയും മാത്രമാണ്. ജോസഫ് ഗ്രൂപ്പും ആര്‍.എസ്.പിയും മുന്‍പ് എല്‍.ഡി.എഫ് ഘടകകക്ഷികളായിരുന്നു. ദേശീയതലത്തില്‍ ആര്‍.എസ്.പി ഇപ്പോഴും ഇടതുസഖ്യത്തിന്റെ ഭാഗവുമാണ്. മുന്നണി ഏതായാലും ആര്‍.എസ്.പി കുറഞ്ഞ ജനസ്വാധീനമുള്ള പാര്‍ട്ടി മാത്രമാണ്. ഇടതുപക്ഷ രാഷ്ട്രീയ പാരമ്പര്യവും ദേശീയതല നയവുമാണ് അതിനെ പ്രസക്തമാക്കുന്നത്. ജോസഫ് ഗ്രൂപ്പ് പിളര്‍ത്തി ഒരു വിഭാഗത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള ശ്രമം സി.പി.എം തുടങ്ങിക്കഴിഞ്ഞു. ജോസാണ് ഇടനിലനിക്കാരന്‍. അതു നടന്നാല്‍ ആര്‍.എസ്.പിയും ലീഗും കോണ്‍ഗ്രസ്സും പിളര്‍ന്നു ദുര്‍ബ്ബലമായ ജോസഫ് ഗ്രൂപ്പും പേരിനു മാത്രമുള്ള സി.എം.പി, ഫോര്‍വേഡ് ബ്ലോക്ക്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പാര്‍ട്ടികളും മാത്രമുള്ളതാകും യു.ഡി.എഫ്. 

അഞ്ചു വര്‍ഷം ഭരണത്തില്‍നിന്നു മാറിനില്‍ക്കേണ്ടിവന്ന യു.ഡി.എഫിന് ഊര്‍ജ്ജം നല്‍കുന്നത് പതിവുരീതിയനുസരിച്ച് ഉടന്‍ അധികാരത്തിലെത്താന്‍ കഴിയും എന്ന പ്രതീക്ഷയാണ്. അതു തകര്‍ന്നാല്‍ മുന്നണിയിലെ ഓരോ കക്ഷിയില്‍നിന്നും കൊഴിഞ്ഞുപോക്കു തുടങ്ങും. ജോസഫ് ഗ്രൂപ്പില്‍നിന്നു മാണി ഗ്രൂപ്പിലേക്ക്, ലീഗില്‍നിന്ന് ഐ.എന്‍.എല്ലിലേക്ക്. പക്ഷേ, കോണ്‍ഗ്രസ്സില്‍നിന്ന് എങ്ങോട്ട് എന്നതാണ് അതിപ്രധാനം. കോണ്‍ഗ്രസ് ദുര്‍ബ്ബലമാകുമ്പോള്‍ കരുത്തു നേടുന്നത് ബി.ജെ.പി ആയിരിക്കുമോ? കോണ്‍ഗ്രസ് ദുര്‍ബ്ബലമാകുന്തോറും മുസ്ലിംലീഗിന് യു.ഡി.എഫിലെ വിലപേശല്‍ ശേഷി വര്‍ദ്ധിക്കുന്നുമുണ്ട്. ബി.ജെ.പി ഒരു ഭാഗത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്.ഡി.പി.ഐയുമായും രാഷ്ട്രീയ വിട്ടുവീഴ്ച ചെയ്യുന്ന ലീഗ് മറുഭാഗത്തും. 

കെഎം ജോർജ്
കെഎം ജോർജ്

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച കാലം

1964-ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച ശേഷം 1965-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലായിരുന്നു വിജയം. അന്ന് എന്‍.എസ്.എസ്സിന്റേയും മന്നത്തു പത്മനാഭന്റേയും അനുഗ്രഹാശിസ്സുകള്‍ കേരള കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. 25 എം.എല്‍.എമാര്‍ ഉണ്ടായിട്ടും നിയമസഭ കാണാനോ മന്ത്രിസഭയില്‍ പങ്കാളിയാകാനോ സാധിക്കാതെപോയി. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്നതിനെത്തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതായിരുന്നു കാരണം. പിന്നീട് പിളര്‍പ്പുകള്‍ പലതും അനുഭവിച്ച് കഷണങ്ങളായി മാറിയ കേരള കോണ്‍ഗ്രസ്സുകള്‍ക്കു വിലപേശല്‍ ശേഷി കുറഞ്ഞു. 1967-ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച കേരള കോണ്‍ഗ്രസ്സിനു കിട്ടിയത് വെറും അഞ്ചു സീറ്റ്. മന്നത്തു പത്മനാഭന്‍ ഇതിനകം പാര്‍ട്ടി വിട്ടിരുന്നു. 1969-ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാരിന്റെ വീഴ്ചയ്ക്കുശേഷം അധികാരത്തിലെത്തിയ സി. അച്യുതമേനോന്‍ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ്സുണ്ടായിരുന്നു. ചെയര്‍മാന്‍ കെ.എം. ജോര്‍ജ് പാര്‍ട്ടിയുടെ ആദ്യമന്ത്രിയുമായി.  സി.പി.ഐയുടെ സര്‍ക്കാരിലാണ് കേരള കോണ്‍ഗ്രസ്സിന് ആദ്യം അധികാരത്തിലേക്കു വഴി തുറന്നുകിട്ടിയത്. ഒന്‍പതു മാസം കഴിഞ്ഞ് 1970-ല്‍ വീണ്ടും തെരഞ്ഞെടുപ്പുണ്ടായി. സംഘടനാ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ ഒറ്റയ്ക്കു മത്സരിച്ച കേരള കോണ്‍ഗ്രസ്സിന് 13 സീറ്റു കിട്ടി. പക്ഷേ, സി.പി.ഐ, കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാരില്‍ അവരെ ഉള്‍പ്പെടുത്തിയില്ല. അന്ന് എല്‍.ഡി.എഫും യു.ഡി.എഫുമായി കേരള രാഷ്ട്രീയം വേര്‍തിരിഞ്ഞിട്ടില്ല.  

ഇ ജോൺ ജേക്കബ്
ഇ ജോൺ ജേക്കബ്

ഇതോടെ, സാമ്പത്തികമായും സംഘടനാപരമായും കേരള കോണ്‍ഗ്രസ് ദുര്‍ബ്ബലമായി. കോട്ടയത്തെ ഓഫീസ് കെട്ടിടത്തിന്റെ വാടക കുടിശ്ശിക കൂടി വരികയും ആകെയുണ്ടായിരുന്ന ജീപ്പ് വര്‍ക്കുഷോപ്പില്‍ കിടന്നു തുരുമ്പെടുക്കുകയും ചെയ്തു എന്നു പിന്നീടു കേരള കോണ്‍ഗ്രസ് ചെയര്‍മാനായ ജോര്‍ജ് ജെ. മാത്യു അക്കാലത്തെക്കുറിച്ച് എഴുതി. ബില്ല് തുടര്‍ച്ചയായി അടയ്ക്കാതായതോടെ ഫോണ്‍ വിച്ഛേദിച്ചു. അവിടെനിന്നാണ് ആ പാര്‍ട്ടി മുന്നണി രാഷ്ട്രീയത്തെ കയ്യിലിട്ട് അമ്മാനമാടുന്ന പാര്‍ട്ടിയായി മാറിയത്. അധികാരത്തില്‍നിന്നു കേരള കോണ്‍ഗ്രസ്സിനെ അകറ്റിനിര്‍ത്തി ഇല്ലാതാക്കാനായിരുന്നു കോണ്‍ഗ്രസ് ഉന്നംവെച്ചത്. പക്ഷേ, അവര്‍ക്ക് അടിത്തറയുണ്ടെന്നു കണ്ടപ്പോള്‍ 1971-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ നല്‍കി. മൂന്നിലും ജയിക്കുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞ് സംസ്ഥാന സര്‍ക്കാരില്‍ ചേര്‍ക്കാം എന്നു കോണ്‍ഗ്രസ് വാഗ്ദാനവും നല്‍കിയിരുന്നു. പക്ഷേ, വന്‍വിജയം ഉണ്ടായതോടെ അവരത് ലംഘിച്ചു. 

സംഘടനാപരമായ ശേഷിക്കുറവു മറികടക്കാനും പാര്‍ട്ടിക്കു കരുത്തു നല്‍കാനും യുവാക്കളുടെ ഒന്‍പതംഗ സമിതി രൂപീകരിച്ചിടത്തുനിന്നാണ് മാറ്റത്തിന്റെ തുടക്കം. കെ.എം. മാണി, കെ.വി. കുര്യന്‍, പി.ജെ. ജോസഫ്, വി.ടി. സെബാസ്റ്റ്യന്‍, ഒ. ലൂക്കോസ്, തോമസ് കുതിരവട്ടം, ടി.എം. ജേക്കബ്, സി.എഫ്. തോമസ്, ജോര്‍ജ് ജെ. മാത്യു എന്നിവര്‍. പിന്നീട് ഇടതുപക്ഷത്തിന് അനുകൂലമായി പരസ്യനിലപാടെടുത്ത് നേതൃത്വത്തെ വെല്ലുവിളിച്ചത് ആ സംഘമായിരുന്നു. കേരള കോണ്‍ഗ്രസ്സിന്റെ ആലുവ കണ്‍വെന്‍ഷനിലും തുടര്‍ന്ന് കോട്ടയം കണ്‍വന്‍ഷനിലും ഇടതുപക്ഷനയത്തെ അനുകൂലിക്കുന്ന സാമ്പത്തിക പ്രമേയം പാസ്സാക്കിയത് ചരിത്രത്തിന്റെ ഭാഗം. ഇടതുപക്ഷത്തുനിന്ന് അനുകൂല പ്രതികരണങ്ങള്‍ ഉണ്ടായതോടെ ആവേശം വര്‍ദ്ധിച്ചു. ആ നിലപാടിനെ എതിര്‍ത്താണ് തിരുവല്ല എം.എല്‍.എ ആയിരുന്ന പ്രമുഖ നേതാവ് ഇ. ജോണ്‍ ജേക്കബ് പാര്‍ട്ടി വിട്ടത്. 

സ്കറിയ തോമസ്
സ്കറിയ തോമസ്

സി.പി.എമ്മുമായി പൊതുപരിപാടികളില്‍ സഹകരിക്കുകയായിരുന്നു അടുത്ത പടി. പരിപാടികളില്‍ ഒന്നിച്ചു പങ്കെടുത്തതോടെ രണ്ടു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ ബന്ധം വളര്‍ന്നു. ക്രൈസ്തവസഭാ നേതൃത്വം ഈ ബന്ധത്തെ സന്തോഷത്തോടെയല്ല കണ്ടത്. പക്ഷേ, കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വകാര്യ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസ്സും സി.പി.എമ്മും അതിനെതിരെ യോജിച്ചു സമരം ചെയ്തു. അത് സഭയ്ക്ക് ഇഷ്ടമായി. ആ കൂട്ടുകെട്ടിനെ അങ്ങനെയാണ് സഭ ആദ്യമായി അംഗീകരിച്ചത്. കോണ്‍ഗ്രസ്സിനെതിരായ ആയുധം. കോണ്‍ഗ്രസ്സിനെ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണം എന്നതൊരു വികാരമായി അതു മാറി. ഇതിനൊപ്പം മറ്റൊന്നുകൂടി ഉണ്ടായി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തമ്മില്‍ മധ്യകേരളത്തില്‍ പലയിടത്തും ഉണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ക്ക് അവസാനമായി. കര്‍ഷകരെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസ്സും കര്‍ഷകത്തൊഴിലാളികളുടെ പാര്‍ട്ടിയായ സി.പി.ഐ.എമ്മും കൈകോര്‍ത്തതിന്റെ ഗുണഫലം. ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയ്ക്കു കളമൊരുങ്ങുകയായിരുന്നു. 

1975-ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു. സി.പി.എമ്മുമായുള്ള ചര്‍ച്ചയില്‍ 35 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ചോദിച്ചത്. 30 സീറ്റുകള്‍ നല്‍കാമെന്ന് ഏകദേശ ധാരണയുമായി. 1975 ജൂണ്‍ 24-ന് എറണാകുളത്തു ചേര്‍ന്ന വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ രൂപരേഖയും തയ്യാറായി. രാജ്യം അടിയന്തരാസ്ഥയിലേക്കു നീങ്ങുകയാണ് എന്ന തോന്നല്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. പക്ഷേ, പിറ്റേന്നു രാവിലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം കേട്ടാണ് ഇന്ത്യ ഉണര്‍ന്നത്. പ്രതിപക്ഷ നേതാക്കള്‍ രാജ്യവ്യാപകമായി അറസ്റ്റിലായപ്പോഴാണ് ഗൗരവവും പിടികിട്ടിയത്. 

കെഎം മാണി
കെഎം മാണി

സി.പി.ഐ.എമ്മുമായി യോജിച്ച് അടിയന്തരാവസ്ഥയ്ക്കതിരെ പ്രവര്‍ത്തിക്കാനായിരുന്നു കേരള കോണ്‍ഗ്രസ്സിന്റെ ആദ്യ തീരുമാനം. പക്ഷേ, അടിയന്തരാവസ്ഥ നീളുമെന്നും എത്രയും വേഗം കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുന്നതാണ് സുരക്ഷിതമെന്നുമുള്ള നിലപാടിലേക്ക് അതു മാറാന്‍ അധികം ദിവസങ്ങളെടുത്തില്ല. ചെയര്‍മാന്‍ കെ.എം. ജോര്‍ജാണ് കാര്യം അവതരിപ്പിച്ചത്. കോണ്‍ഗ്രസ്സില്‍ ലയിക്കണം എന്നായിരുന്നു വാദം. കെ.എം. ജോര്‍ജും കെ.എം. മാണിയും പി.ജെ. ജോസഫും ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ കോട്ടയത്ത് സ്‌കറിയാ തോമസിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. എം.പി ആയിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ഡല്‍ഹിയിലായിരുന്നു. ആരും ലയനത്തെ അംഗീകരിച്ചില്ല. അടിയന്തരാവസ്ഥയെ പരസ്യമായി എതിര്‍ത്ത് കെ.എം. ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും അടുത്ത ദിവസം അറസ്റ്റു വരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ജോര്‍ജ് അത് അംഗീകരിക്കാന്‍ മടിച്ചു. എങ്കില്‍ കെ.എം. മാണി പകരം അറസ്റ്റ് വരിക്കട്ടെ എന്ന് അഭിപ്രായമുയര്‍ന്നു. ജയിലിലടച്ചാല്‍ തിരിച്ചുവരുമ്പോള്‍ മാണിയെ ചെയര്‍മാനാക്കണം എന്ന വാദവുമുണ്ടായി. 

ആ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി സി. അച്യുത മേനോന്റെ ദൂതുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കെ.എം. ജോര്‍ജിനെ തേടി എത്തി. കാണണം എന്നും സഹകരണത്തെക്കുറിച്ച് ആലോചിക്കണം എന്നുമായിരുന്നു കത്തില്‍. അതില്‍ കേരള കോണ്‍ഗ്രസ് വീണു. ജോര്‍ജും പി.ജെ. ജോസഫും മുഖ്യമന്ത്രിയെ കണ്ടു. വൈകാതെ കേരള കോണ്‍ഗ്രസ് ഭരണമുന്നണിയുടെ ഭാഗമായി മാറി; കെ.എം. മാണിയും ആര്‍. ബാലകൃഷ്ണ പിള്ളയും മന്ത്രിസഭയിലുമെത്തി. എം.പി. ആയിരുന്നെങ്കിലും മന്ത്രിയായേ പറ്റൂ എന്ന് പാര്‍ട്ടി നേതൃയോഗത്തില്‍ വാശിപിടിച്ച പിള്ള ഇത്രകൂടി പറഞ്ഞു: ''ആഭ്യന്തരവകുപ്പുതന്നെ നമുക്കു കിട്ടണം. ഈ അവസരത്തില്‍ നമുക്കത് പ്രയോജനപ്പെടും. അതു കൈകാര്യം ചെയ്യാന്‍ പറ്റിയ ആള്‍ ഞാന്‍ തന്നെയാണ്. അടിയന്തരാവസ്ഥ ആയതുകൊണ്ട് മാര്‍ക്‌സിസ്റ്റുകാരെ ഞാന്‍ ശരിക്കു കൈകാര്യം ചെയ്തു തൂത്തുവാരി അകത്താക്കാം. അവന്മാരെ വേണ്ടതുപോലെ കൈകാര്യം ചെയ്താല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നമ്മുടെ മുന്നണി നിഷ്പ്രയാസം വമ്പിച്ച ഭൂരിപക്ഷം നേടും.'' 

പിജെ ജോസഫ്
പിജെ ജോസഫ്

മറ്റുള്ളവര്‍ ഞെട്ടി. 1972 മുതല്‍ താങ്ങും തണലുമായി കൂടെ നിന്ന പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നത്. സീറ്റു വിഭജനം വരെ പൂര്‍ത്തിയായതാണ്. കോണ്‍ഗ്രസ്സില്‍നിന്നു രണ്ടു മന്ത്രി സ്ഥാനവും സ്പീക്കര്‍ സ്ഥാനവും 25 നിയമസഭാ സീറ്റുകളുടെ വാഗ്ദാനവും കിട്ടിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാരിലും കേരള കോണ്‍ഗ്രസ് പങ്കാളിയായി. 20 എം.എല്‍.എമാരും രണ്ട് എം.പിമാരുമാണ് അന്ന് അവര്‍ക്കുണ്ടായിരുന്നത്. ഇതിനിടെ പുറത്തുപോയി വേറെ പാര്‍ട്ടി രൂപീകരിച്ച ബാലകൃഷ്ണപിള്ളയുടെ ഗ്രൂപ്പ് 16 സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ ജയിച്ചു. തെരഞ്ഞെടുപ്പു കേസില്‍ വിധി എതിരായതിനെത്തുടര്‍ന്ന് ആ മന്ത്രിസഭയിലെ രണ്ടു പേര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. ഒന്ന് മാണി, മറ്റേയാള്‍ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ. മാണിക്കു പകരം പി.ജെ. ജോസഫ് മന്ത്രിയായി, ആഭ്യന്തരമന്ത്രി; മാണി പാര്‍ട്ടി ചെയര്‍മാന്‍. മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പു കേസ് ജയിച്ചുവന്ന മാണിക്കു വേണ്ടി ജോസഫ് മാറിക്കൊടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും ജോസഫ് തോറ്റു. അന്നത്തെ മാണി, ജോസഫ് തര്‍ക്കങ്ങള്‍ പിളര്‍പ്പിലാണ് എത്തിച്ചത്. 1980-ല്‍ സി.പി.എം നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ചപ്പോള്‍ മാണിയും പിള്ളയും അവിടെയും ജോസഫ് മറുപക്ഷത്തുമായിരുന്നു. 

ടിഎം ജേക്കബ്
ടിഎം ജേക്കബ്

മാറിയും മറിഞ്ഞും 

1982-ല്‍ കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും പി.ജെ. ജോസഫും ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത് 15 എം.എല്‍.എമാര്‍. മാണിക്ക് എട്ടു പേര്‍; മാണിയും ലോനപ്പന്‍ നമ്പാടനും ഇ.കെ. നായനാര്‍ സര്‍ക്കാരില്‍ മന്ത്രിമാര്‍. പിള്ളയ്ക്ക് വേറെ എം.എല്‍.എമാരില്ല; ഏകാംഗമാണെങ്കിലും മന്ത്രിയാക്കി. കോണ്‍ഗ്രസ്സിനൊപ്പം നിന്ന ജോസഫിന് ആറ് എം.എല്‍.എമാര്‍. രണ്ടു വര്‍ഷം തികയ്ക്കാതെ സര്‍ക്കാരിനെ വീഴ്ത്താന്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ വലിയ പ്രലോഭനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയത്. ആദ്യം ആന്റണി കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച് മാതൃസംഘടനയിലേക്കു തിരിച്ചുപോയി. പിന്നീട് കേരള കോണ്‍ഗ്രസ്സും പിന്തുണ പിന്‍വലിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനെ നിലനിര്‍ത്തുന്ന കുതിരക്കച്ചവടങ്ങള്‍ക്ക് സി.പി.എമ്മും എല്‍.ഡി.എഫും നായനാരും നിന്നില്ല. കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചെങ്കിലും അധിക കാലം തുടരാന്‍ കഴിയാതിരുന്നതും ലോനപ്പന്‍ നമ്പാടന്റെ ഒറ്റ വോട്ടിന്റെ കരുത്തില്‍ നിയമസഭയില്‍ കരുണാകരന്‍ സര്‍ക്കാര്‍ വീണതും ചരിത്രം. പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പിന്റെ പ്രകടനം ദയനീയമായിരുന്നു. 22 സീറ്റു കൊടുക്കാമെന്ന് പറഞ്ഞ് എല്‍.ഡി.എഫില്‍നിന്നു ചാടിച്ച കോണ്‍ഗ്രസ് 17 സീറ്റാണ് നല്‍കിയത്. ജയിച്ചത് ആറെണ്ണത്തില്‍ മാത്രം. എന്നാല്‍, ജോസഫ് ഗ്രൂപ്പ് 12 സീറ്റില്‍ മത്സരിച്ച് എട്ടെണ്ണത്തില്‍ ജയിച്ചു. മാണിഗ്രൂപ്പില്‍നിന്നു മാണിയും പിള്ളയും മന്ത്രിമാരായി. പി.ജെ. ജോസഫും ടി.എം. ജേക്കബും ജോസഫ് പക്ഷത്തെ മന്ത്രിമാര്‍. പിന്നീട്, 1987-ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എല്ലാത്തരം വര്‍ഗ്ഗീയ ശക്തികളേയും അകറ്റിനിര്‍ത്തുന്നു എന്ന പ്രഖ്യാപനത്തോടെ കേരള കോണ്‍ഗ്രസ്സുകളും ലീഗ് പിളര്‍ന്നു രൂപീകരിച്ച അഖിലേന്ത്യാ ലീഗും ഇല്ലാതെ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍വിജയവും ഉണ്ടായി. കാലാവധി തികയുന്നതിന് ഒരു വര്‍ഷം മുന്‍പ് 1991-ല്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തില്‍ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍.ഡി.എഫിന് തോല്‍വിയാണുണ്ടായത്. പിന്നീട് 1996-ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഉണ്ടായിരുന്നു. നായനാര്‍ സര്‍ക്കാരില്‍ ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായി. 2010 വരെ ആ ബന്ധം നിലനിന്നു.

സിഎഫ് തോമസ്
സിഎഫ് തോമസ്

ഇതിനിടെ ജോസഫുമായി പിരിഞ്ഞ ടി.എം. ജേക്കബും മാണിയുമായി പിരിഞ്ഞ പിള്ളയും യു.ഡി.എഫിലെത്തി. 2001-ലെ എ.കെ. ആന്റണി സര്‍ക്കാരില്‍ മാണിയും സി.എഫ്. തോമസും ടി.എം. ജേക്കബും മന്ത്രിമാരായി. എന്നാല്‍, 1991-'96ലെ യു.ഡി.എഫ് സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ ഇടമലയാര്‍ അഴിമതിക്കേസില്‍പ്പെട്ട പിള്ളയെ ആന്റണി മന്ത്രിയാക്കിയില്ല. പകരമാണ് മകന്‍ കെ.ബി. ഗണേഷ്‌കുമാറിനെ ആദ്യമായി മന്ത്രിയാക്കിയത്. 

1982-ല്‍ മാണിക്കൊപ്പം എല്‍.ഡി.എഫ് വിടാന്‍ സ്വന്തം പാര്‍ട്ടിയെ മാണിഗ്രൂപ്പില്‍ ലയിപ്പിച്ചു ശക്തിപകര്‍ന്ന നേതാവാണ് ആര്‍. ബാലകൃഷ്ണപിള്ള. നായനാര്‍ സര്‍ക്കാരിലെ വൈദ്യുതിമന്ത്രി. ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. ക്യാബിനറ്റ് പദവി എന്ന ഔദാര്യം കൂടി സി.പി.എമ്മും സര്‍ക്കാരും അദ്ദേഹത്തിനു നല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പേ കേരള കോണ്‍ഗ്രസ് ബി. എല്‍.ഡി.എഫുമായി സഹകരിച്ചിരുന്നു. പത്തനാപുരത്തുനിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുമായി. പക്ഷേ, മന്ത്രിയാക്കിയില്ല. കാത്തിരുന്നു കാത്തിരുന്ന് അടുത്തയിടെയാണ് പിള്ള ഗ്രൂപ്പിനെ ഘടകകക്ഷിയാക്കിയത്. 

നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മാണി കരുണാകരനുമായി കൈകോര്‍ക്കുമ്പോള്‍ ഒരു വാക്കുകൊണ്ടുപോലും എതിര്‍ക്കാതിരുന്നവരില്‍ ഒരാളാണ് അന്ന് മാണി ഗ്രൂപ്പിന്റെ ലോക്സഭാംഗമായിരുന്ന സ്‌കറിയാ തോമസ്. പിന്നീട് 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കെ. സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. പിന്നീടൊരിക്കലും തെരഞ്ഞെടുപ്പു ജയം ഉണ്ടായിട്ടാത്ത സ്‌കറിയാ തോമസ് സ്വന്തം പേരിലുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പുമായി എല്‍.ഡി.എഫിലുണ്ട ്. എം.എല്‍.എമാരില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ തോറ്റ സ്‌കറിയാ തോമസിനെ വ്യവസായവകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഇ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാനാക്കി. 

ചിതറിത്തെറിച്ച കേരള കോണ്‍ഗ്രസ്സിന്റെ ഒരു ഭാഗം കൂടിയുണ്ട് എല്‍.ഡി.എഫില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്. മത്സരിച്ച അഞ്ചു സീറ്റിലും തോറ്റു. അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.ഐ. എം കൊടുക്കുന്നത് ഒന്നോ രണ്ടോ സീറ്റുകളാണെങ്കിലും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ദുര്‍ബ്ബല പക്ഷം.

ആദ്യമായി എ.കെ.ജി സെന്ററില്‍ പോയ ജോസ് കെ. മാണി മാധ്യമങ്ങളോടു പറഞ്ഞു: ''കഴിഞ്ഞതെല്ലാം പഴയ കാര്യങ്ങള്‍.'' ഇ.കെ. നായനാരും കെ.എം. മാണിയും കെ. കരുണാകരനും ഇന്ന് ഇല്ല. പക്ഷേ, പി.ജെ. ജോസഫും ആര്‍. ബാലകൃഷ്ണപിള്ളയും മാത്രമല്ല, പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ജോര്‍ജ് ജെ. മാത്യുവും ജീവിച്ചിരിപ്പുണ്ട്. 1982-ലെ മാണിഗ്രൂപ്പ് ചെയര്‍മാന്‍. ഇടതുമുന്നണി വിടുന്നതിനെ അവസാനം വരെ എതിര്‍ത്തിരുന്നു അദ്ദേഹം. നായനാര്‍ രാജിവച്ചത് അറിഞ്ഞു പൊട്ടിക്കരഞ്ഞുപോയി എന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.  

39 വര്‍ഷം മുന്‍പ് നടന്ന രാഷ്ട്രീയ ഗൂഢാലോചനകളുടേയും അന്തര്‍നാടകങ്ങളുടേയും ദൃക്സാക്ഷികളാണ് ഇവരെല്ലാം. കഴിഞ്ഞതെല്ലാം പഴയ കാര്യങ്ങളാണെങ്കിലും സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും ആ പഴയ കാര്യങ്ങളില്‍ ഓര്‍ത്തുവയ്ക്കാന്‍ ഏറെയുണ്ട്. പക്ഷേ, 1982-ല്‍ അപ്പുറത്ത് കോണ്‍ഗ്രസ്സും യു.ഡി.എഫും കരുണാകരനുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ബി.ജെ.പിയും എന്‍.ഡി.എയും അമിത് ഷായും കൂടിയുണ്ട്. അന്നത്തെപ്പോലെ ഇന്നും കേന്ദ്ര മന്ത്രിസഭ എന്ന വലിയ പ്രലോഭനമുണ്ട്. ഒന്നും കാണാതെയല്ല സി.പി.ഐ.എം പരവതാനി വിരിച്ചു സ്വീകരിക്കുന്നത്. എന്തുകൊണ്ടും അഗ്‌നിപരീക്ഷയാണ് ജോസിനും പാര്‍ട്ടിക്കും അടുത്ത തെരഞ്ഞെടുപ്പ്. ഏതാനും സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച കിട്ടുകയും ജോസ് പക്ഷം മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കുകയും ചെയ്താല്‍ ക്രെഡിറ്റ് ജോസ് പക്ഷത്തിന് അവകാശപ്പെടാനാകും. ആ വിലപേശല്‍ ശേഷി അവര്‍ പുറത്തെടുത്താല്‍ യു.ഡി.എഫിലേക്കും ഒരു പാലം ഇട്ടുകൂടെന്നില്ല. രണ്ടു മുന്നണിയും ജോസിനെ ആഗ്രഹിക്കും. ആരുടെ കൂടെ നില്‍ക്കണം എന്നു തീരുമാനിക്കേണ്ടിവരുന്ന നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ ഇടതുമുന്നണിക്കൊപ്പം തന്നെ എന്നു തീരുമാനിക്കണമെന്നില്ല. അതുകൊണ്ട് രണ്ട് എം.എല്‍.എമാരും ഒരു എം.പിയുമുള്ള കേരള കോണ്‍ഗ്രസ്സിന് ഉള്ളതിലുമധികം പ്രാധാന്യമാണോ സി.പി.ഐ.എം നല്‍കുന്നത് എന്ന ചോദ്യം ഉയരുന്നതു സ്വാഭാവികം. ഭരണത്തുടര്‍ച്ച കിട്ടുകയും ജോസ് പക്ഷത്തിനു മികച്ച വിജയം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ജോസ് പെട്ടുപോകും. ഇപ്പുറത്തു പരിഗണന കുറയും; അപ്പുറത്ത് സ്വീകരിക്കുകയുമില്ല. 

ആർ ബാലകൃഷ്ണ പിള്ളയും ​ഗണേഷ് കുമാറും 
ആർ ബാലകൃഷ്ണ പിള്ളയും ​ഗണേഷ് കുമാറും 

ചരിത്രത്തിലെ തിക്താനുഭവങ്ങള്‍

1975 മുതല്‍ കേരള കോണ്‍ഗ്രസ്സുകളില്‍നിന്നുള്ള തിക്താനുഭവങ്ങളുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും രാഷ്ട്രീയവഞ്ചന നടത്തുകയും ഇടതുമുന്നണി സര്‍ക്കാരിനെ ചതിച്ചു വീഴ്ത്തുകയും ചെയ്ത കേരള കോണ്‍ഗ്രസ് ഛിന്നഭിന്നമാകുന്ന കാഴ്ചയുടെ തുടര്‍ച്ച. അതുകൂടിയാണ് മാണിഗ്രൂപ്പിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയ തീരുമാനവും കാണിച്ചുതരുന്നത്. ഇക്കാര്യത്തില്‍ സി.പി.എം ആലോചിച്ചുറപ്പിച്ച തീരുമാനമാണോ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് അവരാണ് പറയേണ്ടത്. പക്ഷേ, അങ്ങനെയാണെങ്കില്‍പ്പോലും പറയാന്‍ പറ്റില്ല എന്നുറപ്പ്. നായനാര്‍ സര്‍ക്കാരിനെ കാലുവാരി യു.ഡി.എഫിനൊപ്പം പോയവര്‍ എന്നതാണ് മാണി വിഭാഗത്തെ കൂടെക്കൂട്ടുന്നതിനോട് എതിര്‍പ്പുള്ളവര്‍ പൊതുവേ പറയുന്ന കാരണങ്ങളിലൊന്ന്. അവസരവാദ രാഷ്ട്രീയമാണ് കേരള കോണ്‍ഗ്രസ്സുകളുടേത്, അവരെ വിശ്വാസത്തിലെടുക്കുന്നത് അബദ്ധമാകും എന്നു ചൂണ്ടിക്കാട്ടാന്‍ 1982-ലെ മാത്രമല്ല, 2010-ലെ അനുഭവവും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാണിയുമായി ലയിച്ച് യു.ഡി.എഫിന്റെ ഭാഗമാകാന്‍ ജോസഫ് ഗ്രൂപ്പ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച അനുഭവമാണ് അത്. അന്നു പക്ഷേ, മതിയായ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട ് വി.എസ്സിനു രാജിവയ്‌ക്കേണ്ടിവന്നില്ലെന്നു മാത്രം. 

2011-'16ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രി ആയിരുന്ന കെ.എം. മാണിക്കെതിരെ ബാര്‍ കോഴക്കേസ് ഉയര്‍ത്തി വന്‍ പ്രക്ഷോഭം നടത്തിയവര്‍ മാണിയുടെ പാര്‍ട്ടിയെ മകന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നത് രാഷ്ട്രീയ അധാര്‍മ്മികതയാണ് എന്ന വിമര്‍ശനവുമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനു ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കഴിഞ്ഞതൊക്കെ മറക്കുന്നു എന്ന് പുറത്തുള്ളവര്‍ മാത്രമല്ല, അകത്തുള്ളവരും സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തുന്നു. ഒറ്റനോട്ടത്തില്‍ എല്ലാം ശരിതന്നെ. പക്ഷേ, കാര്യകാരണങ്ങളും ഉദാഹരണങ്ങളും നിരത്തി വിശദമായി പരിശോധിക്കുമ്പോഴാണ് യഥാര്‍ത്ഥ രാഷ്ട്രീയം മനസ്സിലാവുക. അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവരെ രാഷ്ട്രീയമായി തമ്മില്‍ത്തല്ലിക്കുക, പെരുവഴിയിലാക്കുക, അവരില്‍ ചിലരെ കാല്‍ക്കീഴില്‍ കൊണ്ടുവരിക, മറ്റു ചിലരെ ഒന്നുമല്ലാതാക്കുക. സി.പി.ഐ.എം ഒരിക്കലും തുറന്നു പറയാനിടയില്ലാത്ത മധുരപ്രതികാരത്തിന്റെ രാഷ്ട്രീയം. ഭരണത്തുടര്‍ച്ച അതിന്റെ ഒരു ഭാഗം മാത്രമാണ്. 

കെ. കരുണാകരനെ കേരള രാഷ്ട്രീയത്തില്‍ കാലണയ്ക്കു വില ഇല്ലാതാക്കി മാറ്റിയതു മറക്കാറായിട്ടില്ല. 2001-ലെ എ.കെ. ആന്റണി സര്‍ക്കാരിനെതിരെ കെ. കരുണാകരന്‍ പക്ഷം നടത്തിയ നീക്കങ്ങളുടെ അപ്രതീക്ഷിത ക്ലൈമാക്‌സ് ആയിരുന്നു അത്. കോണ്‍ഗ്രസ്സിലെ ഭിന്നത പരമാവധി വളരാന്‍ സി.പി.ഐ.എം വെള്ളവും വളവും നല്‍കിയാണ് അതു സാധിച്ചത്. സര്‍ക്കാര്‍ രൂപീകരണ ഘട്ടത്തില്‍ ആന്റണി കരുണാകരനെ പ്രീണിപ്പിക്കാന്‍ പരമാവധി വിട്ടുവീഴ്ച ചെയ്തിരുന്നു. മുതിര്‍ന്ന നേതാവ് തെന്നല ബാലകൃഷ്ണപിള്ളയെ മാന്യമായ യാത്രയയപ്പുപോലും നല്‍കാതെ കെ.പി.സി.സി പ്രസിഡന്റു സ്ഥാനത്തുനിന്നു മാറ്റി കെ. മുരളീധരനെ പ്രസിഡന്റാക്കി. കരുണാകരന്‍ പറഞ്ഞവരെയൊക്കെ മന്ത്രിയാക്കി. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലും കരുണാകര പക്ഷത്തിനു മോശമല്ലാത്ത പ്രാതിനിധ്യം നല്‍കി. എന്നിട്ടും പക പുകഞ്ഞുതന്നെ നിന്നു. 1991-ല്‍ മുഖ്യമന്ത്രിയായ കരുണാകരനെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ചാരക്കേസിന്റെ പേരില്‍ രാജിവയ്പിച്ചതിന്റെ പക. ആദ്യമൊക്കെ മുരളീധരന്‍ മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തില്‍ പോയെങ്കിലും പിന്നീട് കരുണാകരന്റെ പാത പിന്തുടര്‍ന്നു പരസ്യ വിമര്‍ശനങ്ങള്‍ തുടങ്ങി. രൂക്ഷമായ എ, ഐ ഗ്രൂപ്പു പോരിലേക്കാണ് അത് എത്തിയത്. ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിനെ നയിച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്റുതന്നെ ഐ ഗ്രൂപ്പിന്റെ നേതാവായി. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം വെറുപ്പോടെ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും എതിരെ വോട്ടു ചെയ്യുന്നതിലേക്കാണ് അത് എത്തിച്ചത്. കോണ്‍ഗ്രസ്സിന് കേരളത്തില്‍നിന്നു എം.പിമാരുണ്ടായില്ല; ലീഗിന്റെ രണ്ട ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ആദ്യമായി തോറ്റു. ഇടതുമുന്നണിക്ക് 20-ല്‍ 18 സീറ്റുകള്‍. ഈ പരാജയത്തെത്തുടര്‍ന്ന് എ.കെ. ആന്റണിക്കു പിടിച്ചു നില്‍ക്കാനായില്ല. മുന്നണിയിലും പാര്‍ട്ടിയിലും മാത്രമല്ല, സ്വന്തം ഗ്രൂപ്പില്‍ത്തന്നെ അദ്ദേഹം എതിര്‍പ്പുകള്‍ നേരിട്ടു. അങ്ങനെയാണ് ഒന്നര വര്‍ഷത്തിലധികം കാലാവധി ബാക്കിനില്‍ക്കെ രാജിവയ്‌ക്കേണ്ടിവന്നത്. 1982-ലെ നായനാര്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് എസ്സിനെക്കൊണ്ട ് തീരുമാനമെടുപ്പിച്ച അതേ ആന്റണി. കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശപ്രകാരം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച് വൈദ്യുതിമന്ത്രിയായ കെ. മുരളീധരന്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ തോറ്റു. കരുണാകരനും കെ. മുരളീധരനും കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ച 19 എം.എല്‍.എമാരുമായി പാര്‍ട്ടി വിട്ടു ഡി.ഐ.സി (കെ) രൂപീകരിച്ചു. 

ഇടതുമുന്നണി ഘടകകക്ഷിയാക്കാം എന്ന സി.പി.ഐ.എമ്മിന്റെ വാഗ്ദാനമാണ് കോണ്‍ഗ്രസ് വിടാനും ഡി.ഐ.സി രൂപീകരിക്കാനും കരുണാകരനും മുരളീധരനും ധൈര്യം നല്‍കിയത്. പക്ഷേ, അവസാന നിമിഷം സി.പി.എം നിലപാടു മാറ്റി. വി.എസ്. അച്യുതാനന്ദന്റെ എതിര്‍പ്പും വെളിയം ഭാര്‍ഗ്ഗവന്റെ നേതൃത്വത്തില്‍ സി.പി.ഐയുടെ വിയോജിപ്പുമാണ് കാരണങ്ങളായി പുറത്തുവന്നത്. പക്ഷേ, കരുണാകരനേയും മകനേയും വേണ്ട  എന്ന ധാരണ നേരത്തേ തന്നെ രൂപപ്പെട്ടിരുന്നു. വി.എസ്സിന്റെ ഉറച്ച നിലപാട് അതിന് ആക്കം കൂട്ടി. അടിയന്തരാവസ്ഥയില്‍ കെ. കരുണാകരന്റെ പൊലീസ് മുകളില്‍നിന്നുള്ള പ്രത്യേക നിര്‍ദ്ദേശപ്രകാരം അതിഭീകരമായി മര്‍ദ്ദിച്ച പിണറായി വിജയന്‍ ആയിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി. 

ജോസ് കെ മാണി
ജോസ് കെ മാണി

രണ്ടിടത്തുമല്ലാത്ത ഡി.ഐ.സി രാഷ്ട്രീയമായി അനാഥമായി, ക്രമേണ ദുര്‍ബ്ബലമായി, തകര്‍ന്നു. കരുണാകരന്‍ ഗതികെട്ട് തിരിച്ചു കോണ്‍ഗ്രസ്സിലേക്കു പോയി. മറ്റുള്ളര്‍ ഓരോരുത്തരായി അദ്ദേഹത്തിന്റെ കൂടെയും അല്ലാതെയും മടങ്ങി. പില്‍ക്കാലത്ത്, കരുണാകരനൊപ്പം തിരിച്ചെത്തിയവര്‍ എന്നൊരു ഗ്രൂപ്പ് തന്നെ കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ടു. അവര്‍ എപ്പോഴും അവഹേളിക്കപ്പെട്ടു, സ്ഥാനങ്ങള്‍ വീതംവയ്ക്കുമ്പോള്‍ കുറഞ്ഞ പരിഗണന മാത്രം കിട്ടി. എല്‍.ഡി.എഫ് പ്രവേശന പ്രതീക്ഷയില്‍ കേരള കോണ്‍ഗ്രസ് ടി.എം. ജേക്കബ് വിഭാഗം കൂടി യു.ഡി.എഫ് വിട്ട് ഡി.ഐ.സിയില്‍ ലയിച്ചിരുന്നു. ജേക്കബ് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു യു.ഡി.എഫിലേക്കു തിരിച്ചുപോയി. അപമാനകരമായിരുന്നു ആ മടക്കവും. മുരളീധരന്‍ ഡി.ഐ.സിയെ എന്‍.സി.പിയില്‍ ലയിപ്പിച്ച് എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി. പക്ഷേ, എന്‍.സി.പിയെ ആ ഒരൊറ്റക്കാരണം കൊണ്ട് എല്‍.ഡി.എഫ് പുറത്താക്കി. പിന്നീട് മുരളീധരനെ കയ്യൊഴിഞ്ഞ ശേഷമാണ് എന്‍.സി.പിക്ക് മുന്നണിയില്‍ തിരിച്ചു കയറാന്‍ കഴിഞ്ഞത്. 

ഇതുപോലെ ഒരു ഒക്ടോബറിലാണ് എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ആദ്യം കെ. കരുണാകരന്റെ തന്ത്രങ്ങളില്‍ വീണത്; പിന്നാലെ കേരള കോണ്‍ഗ്രസ്സും. പലരും മറഞ്ഞുപോയെങ്കിലും അന്നത്തെ രാഷ്ട്രീയചതിയുടെ മുഖ്യസാക്ഷി കേരളം തന്നെയാണ്; അന്നുമിന്നും കണ്ണുംകാതും തുറന്നുപിടിച്ച് രാഷ്ട്രീയ കേരളം എല്ലാം കാണുന്നു.

ബി.ജെ.പിയെ തൊടാത്ത അതിബുദ്ധി  

ബി.ജെ.പിയുമായി സഹകരിച്ച് കേന്ദ്രത്തില്‍ മന്ത്രിയാകാനുള്ള ശ്രമം പലവട്ടം ആലോചിച്ചു വേണ്ടെന്നുവച്ചതാണ് മാണിഗ്രൂപ്പ്. അതുകൊണ്ട് ഇത്തവണ ചര്‍ച്ചകളൊന്നും നടന്നില്ല. മുന്‍പ് കെ.എം. മാണി ജീവിച്ചിരുന്നപ്പോഴാണ് ആ വഴിക്കു ചില ചര്‍ച്ചകള്‍ നടന്നത്. ഇത്തവണ ബി.ജെ.പിയില്‍നിന്ന് ഒരു ശ്രമം ഉണ്ടായെങ്കിലും ജോസ് കെ. മാണി പിടികൊടുത്തില്ല. മുന്‍പും ഇത്തവണയും മാണിയെ എന്‍.ഡി.എയുമായി സഹകരിപ്പിക്കാന്‍ ശ്രമിക്കുന്നത് പി.കെ. കൃഷ്ണദാസ് പക്ഷമാണ്; വി. മുരളീധരനും കെ. സുരേന്ദ്രനും താല്പര്യം കാണിച്ചിട്ടില്ല. കുമ്മനത്തിനും മാണിപക്ഷം ഇപ്പുറത്തേക്കു വന്നാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍, കെ.എം. മാണി അഴിമതിക്കാരനാണ് എന്നും വിശ്വസിച്ച് ആശ്രയിക്കാന്‍ പറ്റില്ല എന്നുമുള്ള ഉറച്ച നിലപാടിലേക്കു ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ എത്തിക്കുന്നതില്‍ വി. മുരളീധരന്‍ വിജയിച്ചു. മുന്‍പ് എല്‍.കെ. അദ്വാനിയുമായി കെ.എം. മാണി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ദേശീയ തലത്തിലുള്ള ഒരു നേതാവും മാണിപക്ഷവുമായി ചര്‍ച്ചയ്ക്കു തയ്യാറായിട്ടില്ല. 

മാണിയുമായി അടുക്കാനുള്ള ബി.ജെ.പി കേരള ഘടകത്തിലെ ഒരു വിഭാഗത്തിന്റെ താല്പര്യമാണ് മുന്‍പ് ജന്മഭൂമി ദിനപത്രത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ എഴുതിയ, 'പാലായിലെ മാണിക്യം' എന്ന ലേഖനത്തിലൂടെ പ്രകടമായത്. ലേഖനം വന്‍ ചര്‍ച്ചയായി മാറി. എന്നാല്‍, അന്ന് സംസ്ഥാന അധ്യക്ഷനായിരുന്ന വി. മുരളീധരന്‍ ജന്മഭൂമിയെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ടാണ് അതിനെതിരെ പരസ്യനിലപാടെടുത്തത്. ജന്മഭൂമി ബി.ജെ.പിയുടെ ഔദ്യോഗിക പത്രമല്ല എന്നുപോലും വി. മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com