'വഴിമുട്ടി' ഊരുജീവിതം; 'വഴിവെട്ടി' അതിജീവനം

സ്വന്തം പഞ്ചായത്ത് ഓഫീസിലേക്കുപോലും 60 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്ന മുതലമടയിലെ പറമ്പിക്കുളം വാര്‍ഡിലെ മുന്നൂറോളം ആദിവാസികള്‍ വഴിവെട്ടിയതിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടുന്നു
ആദിവാസി ഊരുകളിൽ നിന്ന് വനപാത നിർമിക്കാനെത്തിയവരെ വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർ തടഞ്ഞപ്പോൾ അവരുടെ കാൽക്കൽ വീണപേക്ഷിക്കുന്ന സ്ത്രീകൾ
ആദിവാസി ഊരുകളിൽ നിന്ന് വനപാത നിർമിക്കാനെത്തിയവരെ വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർ തടഞ്ഞപ്പോൾ അവരുടെ കാൽക്കൽ വീണപേക്ഷിക്കുന്ന സ്ത്രീകൾ

കേരള സംസ്ഥാനത്തിനുള്ളിലാണെങ്കിലും കേരളത്തിലെത്തണമെങ്കില്‍ തൊട്ടടുത്ത തമിഴ്നാട് വഴി 60 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ടിവരുന്നത് ഒന്നാലോചിച്ചു നോക്കൂ. പാലക്കാട് മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം വാര്‍ഡിലെ ആദിവാസികള്‍ക്ക് സ്വന്തം പഞ്ചായത്ത് ഓഫീസില്‍ എത്തണമെങ്കില്‍പ്പോലും തമിഴ്നാട് വഴി ഇത്രയും ദൂരം സഞ്ചരിക്കണം. ഊരുകളില്‍നിന്നും തേക്കടി-ചെമ്മണാംപതി വഴി റോഡുണ്ടായിരുന്നെങ്കില്‍ ആറു കിലോമീറ്റര്‍കൊണ്ട് ഇവര്‍ക്ക് മുതലമടയില്‍ എത്താം. എന്നാല്‍, അങ്ങനെയൊരു വഴിയില്ല. വര്‍ഷങ്ങളായി ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നില്‍ ഇവര്‍ ഈ ആവശ്യമുന്നയിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍, ഒരുപറ്റം മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യമോ അവകാശമോ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. പല കാലങ്ങളായി നടത്തിയ ചെറിയ സമരങ്ങളും പ്രതിഷേധങ്ങളും ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും ഒത്തുതീര്‍പ്പു നാടകങ്ങളില്‍ ഇല്ലാതായി. സഹികെട്ട് ഈ മാസമാദ്യം ഊരുകളിലുള്ളവര്‍ കേരളത്തിലേക്കുള്ള വഴിവെട്ടാന്‍ തുടങ്ങി. വനംവകുപ്പുദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്ന് ഒരു കിലോമീറ്ററോളം പാത അവരൊരുക്കി. അതോടെ വനത്തില്‍ അതിക്രമിച്ചു കടന്നു എന്നതിന്റെ പേരില്‍ മുന്നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണിപ്പോള്‍.

തേക്കടി അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, കച്ചിത്തോട്, ഉറവമ്പാടി ഊരുകളിലെ ഗോത്രവിഭാഗങ്ങളാണ് ദുരിതമനുഭവിക്കുന്നത്. കാടര്‍, മലസര്‍, ഇരുളര്‍, മലമലസര്‍ തുടങ്ങിയ സമുദായങ്ങളാണ് ഇവിടെയുള്ളത്. കേരളത്തിലേക്ക് വനപാത വേണമെന്ന ആവശ്യം മുന്‍ തലമുറകളില്‍പ്പെട്ടവര്‍ തന്നെ ഉന്നയിച്ചിരുന്നു എന്ന് ഊരുകളിലുള്ളവര്‍ പറയുന്നു. ചെമ്മണാംപതിയില്‍നിന്ന് പന്നിമുടി വഴി വനപാത വേണമെന്ന് ആവശ്യപ്പെട്ട് 2016-ലും വലിയ സമരം നടന്നിരുന്നു. ഗോത്രവിഭാഗക്കാര്‍ അന്ന് വഴിവെട്ടല്‍ സമരം നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും എത്തി തടയുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. നിയമാനുസൃതമായി പാതയുണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ അന്നത്തെ സമരവും ഒത്തുതീര്‍പ്പായി. നാലുവര്‍ഷം കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടാകാത്തതിനാലാണ് ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ വീണ്ടും വഴിവെട്ടാന്‍ ഊരിലുള്ളവര്‍ ഇറങ്ങിയത്.

വനപാതയൊരുക്കുന്ന നാട്ടുകാർ. വനപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് 2016 ഡിസംബർ 31നു മുൻപായി പാത നിർമിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതു നടപ്പായില്ല‍
വനപാതയൊരുക്കുന്ന നാട്ടുകാർ. വനപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് 2016 ഡിസംബർ 31നു മുൻപായി പാത നിർമിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതു നടപ്പായില്ല‍

പറമ്പിക്കുളത്തെ ആദിവാസി ഊരുകളിലെ പ്രശ്‌നം അധികൃതര്‍ അറിയാത്തതുകൊണ്ടൊന്നുമല്ല അത് പരിഹരിക്കപ്പെടാത്തത്. നെന്മാറ നിയോജകമണ്ഡലത്തിലുള്‍പ്പെട്ടതാണ് മുതലമട പഞ്ചായത്ത്. മുന്‍പ് ഇത് കൊല്ലംകോട് നിയോജകമണ്ഡലമായിരുന്നു. 2000-ല്‍ യു.ഡി.എഫിന്റെ എം.എല്‍.എ. കെ.എ. ചന്ദ്രന്‍ അംഗമായ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമസമിതി ഊരുകളില്‍ താമസിച്ച് പഠിച്ച് വിശദമായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. തേക്കടി-ചെമ്മണാംപതി പാത നിര്‍മ്മിക്കേണ്ട തിന്റെ അത്യാവശ്യവും റിപ്പോര്‍ട്ടില്‍ വിശദമായി പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് 2002-ല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, 18 വര്‍ഷം കഴിഞ്ഞിട്ടും കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുണം ഊരുകളിലുള്ളവര്‍ക്കു ലഭിച്ചില്ല.
 
തേക്കടിയിലെ റോഡ് നിര്‍മ്മാണം നിയമസഭയില്‍ പാസ്സാക്കിയതാണെന്നും എന്നാല്‍, പിന്നീട് കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നും മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍ പറയുന്നു: ''പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമസമിതിയിലെ അംഗമായിരുന്നപ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പഠിക്കാന്‍ പറ്റി. 2000-ല്‍ എ.കെ. മണി ചെയര്‍മാനായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്യാഭ്യാസത്തിന്റേയും മറ്റ് ആനുകൂല്യങ്ങളുടേയും റോഡിന്റേയും പ്രശ്‌നങ്ങള്‍ കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പണ്ടുകാലത്ത് വനത്തില്‍ക്കൂടി ആറു കിലോമീറ്ററോളം നടന്നൊക്കെ അത്യാവശ്യക്കാരായ ആളുകള്‍ മുതലമടയില്‍ എത്തിയിരുന്നു. ഇക്കാലത്ത് അത് പറ്റില്ലല്ലോ. വിദ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ കുട്ടികള്‍ എത്തിയതോടെയാണ് റോഡ് ഇവിടെ അത്യാവശ്യമായി മാറിയത്. കോളനിയില്‍ പഠനസൗകര്യങ്ങള്‍ കാര്യമായി ഇല്ലാത്തതിനാല്‍ പുറത്ത് ഹോസ്റ്റലുകളില്‍ താമസിച്ചാണ് വിദ്യാഭ്യാസം. അവര്‍ക്ക് അവധിക്കാലത്ത് വന്നു പോകാനും ഊരിലുള്ളവര്‍ക്ക് അവരെ കാണാന്‍ പോകാനും റോഡ് വേണം എന്നത് അത്യാവശ്യമായി. മറ്റൊരു സംസ്ഥാനത്തെ ആശ്രയിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും റോഡ് നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങളന്ന് ആവശ്യപ്പെട്ടിരുന്നു.''

വനപാതാ നിർമാണത്തിനെത്തിയവർ പരാതി പറയുന്നു. അസുഖം വന്നാൽ തമിഴ്നാട് വഴി ചുറ്റി വേണം ഇവർക്ക് കേരളത്തിലെ ആശുപത്രികളിലെത്താൻ. കുട്ടികളുടെ പഠനകാര്യത്തിനും ഇതുതന്നെയാണ് സ്ഥിതി. സർക്കാർ ആനുകൂല്യങ്ങൾക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലെത്തണമെങ്കിലും ഏറെ ബുദ്ധിമുട്ടാണ്
വനപാതാ നിർമാണത്തിനെത്തിയവർ പരാതി പറയുന്നു. അസുഖം വന്നാൽ തമിഴ്നാട് വഴി ചുറ്റി വേണം ഇവർക്ക് കേരളത്തിലെ ആശുപത്രികളിലെത്താൻ. കുട്ടികളുടെ പഠനകാര്യത്തിനും ഇതുതന്നെയാണ് സ്ഥിതി. സർക്കാർ ആനുകൂല്യങ്ങൾക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലെത്തണമെങ്കിലും ഏറെ ബുദ്ധിമുട്ടാണ്

മുതലമട പഞ്ചായത്ത് ഓഫീസിലോ വില്ലേജ് ഓഫീസിലോ വരണമെങ്കില്‍ ഊരിലുള്ളവര്‍ ഇങ്ങനെ കിലോമീറ്ററുകള്‍ തമിഴ്നാട്ടിലൂടെ ചുറ്റണം. ഊരില്‍നിന്ന് മുതലമടയെത്തി മടങ്ങാന്‍ 1500 രൂപയാണ് ജീപ്പ് വാടക. ഊരില്‍നിന്ന് സേത്തുമട ചെക്ക് പോസ്റ്റ് വഴി ഗോവിന്ദാപുരത്തെത്തി വേണം കേരളത്തിലേക്കെത്താന്‍. അത്യാവശ്യക്കാര്‍ക്ക് ഇതല്ലാതെ മറ്റു വഴിയില്ല. വാഹനത്തിന് ചെക്പോസ്റ്റ് കടക്കാനുള്ള പെര്‍മിറ്റ് എടുക്കാനും വര്‍ഷത്തില്‍ വലിയ തുക അടയ്ക്കണം. ചെക്പോസ്റ്റ് കടക്കേണ്ട തുകൊണ്ടുതന്നെ സമയനിയന്ത്രണവുമുണ്ട്. രാത്രികാലങ്ങളിലെ യാത്ര വലിയ ബുദ്ധിമുട്ടാണിവിടെ. ആശുപത്രിയിലേക്ക് പോകുക തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കനിവ് കാത്ത് മണിക്കൂറുകള്‍ ഇരിക്കേണ്ടി വന്നതായി കോളനിക്കാര്‍ പറയുന്നു. ഊരുകളില്‍ ഇവര്‍ക്ക് ചികിത്സാ സൗകര്യങ്ങളില്ല. അസുഖം വന്നാല്‍ കൂടുതലും ആശ്രയിക്കുന്നത് പൊള്ളാച്ചിക്കടുത്തുള്ള സ്വകാര്യ ആശുപത്രികളെയാണ്. അല്ലെങ്കില്‍ പാലക്കാടെത്തണം. കോളനിയില്‍നിന്ന് തമിഴ്നാട് അതിര്‍ത്തി എത്താന്‍ തന്നെ 16 കിലോമീറ്റര്‍ ഉണ്ട്. 30 കിലോമീറ്ററിലധികം വേണം പൊള്ളാച്ചിക്കടുത്തുള്ള ആശുപത്രികളിലെത്താന്‍. പാലക്കാട് എത്താന്‍ 100 കിലോമീറ്ററോളം ഉണ്ട്. കൊറോണ കൂടി വന്നതോടെ ചെക്ക് പോസ്റ്റില്‍ നിയന്ത്രണങ്ങളും കടുപ്പിച്ചു. മുന്‍പ് കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ജീപ്പിന്റെ വാടക എല്ലാവരും കൂടി പങ്കിട്ടെടുക്കാന്‍ പറ്റുമായിരുന്നു. കൊവിഡ് കാരണം അഞ്ചുപേരില്‍ കൂടുതല്‍ ജീപ്പില്‍ കയറ്റാനും പാടില്ല. നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനികളിലേക്കെത്തുന്നതും തമിഴ്നാട് വഴിയാണ്. ഇവിടെ ജോലി ചെയ്യുന്ന വനം വകുപ്പിന്റേയും മറ്റും ഉദ്യോഗസ്ഥരും ഈ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം 

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ ചെക്ക്‌പോസ്റ്റ് കടത്തിവിടില്ലെന്നും മെഡിക്കല്‍ എമര്‍ജന്‍സി ഒക്കെ വന്നാല്‍ വലിയ ബുദ്ധിമുട്ടാണെന്നും അല്ലി മൂപ്പന്‍ കോളനിയിലെ കണ്ണന്‍ പറയുന്നു. ചിറ്റൂര്‍ കോളേജില്‍നിന്ന് പി.ജി. കഴിഞ്ഞ് പി.എസ്.സി പഠനത്തിലാണ് കണ്ണന്‍. ''ഒരു മാസം മുന്‍പ് ചെമ്മണാപതിയില്‍ വെച്ച് ഹൃദയാഘാതം വന്നു മരിച്ച 30 ഏക്കര്‍ കോളനിയിലെ ഒരു ചേച്ചിയുടെ മൃതദേഹം കോളനിയിലേക്കെത്തിക്കാന്‍ കുറെ നേരം ചെക്ക്‌പോസ്റ്റില്‍ കാത്തിരിക്കേണ്ടിവന്നു. പെര്‍മിറ്റിന്റെ പ്രശ്‌നം പറഞ്ഞ് സേത്തുമടയില്‍ ആംബുലന്‍സ് തടഞ്ഞു. പിന്നെ രാത്രി ഒരുപാട് വൈകിയാണ് ആംബുലന്‍സ് വിട്ടത്. അതിനുശേഷമാണ് മൃതദേഹം ഞങ്ങള്‍ക്ക് കോളനിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. കോളനിയിലെ ഗര്‍ഭിണിയായ മറ്റൊരു ചേച്ചിയും ഇത്രയും ദൂരം യാത്ര ചെയ്തപ്പേഴേക്കും അബോര്‍ഷനായി. പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. റോഡും മോശമാണ്. ഒരു വണ്ടിക്ക് ചെക്ക്‌പോസ്റ്റ് വഴിയുള്ള പെര്‍മിറ്റ് എടുക്കണമെങ്കില്‍ വര്‍ഷം 60,000 രൂപ കൊടുക്കണം. കേരളത്തില്‍നിന്നു വരുന്ന ഉദ്യോഗസ്ഥരും തമിഴ്നാട് ചെക്ക്‌പോസ്റ്റ് വഴിയാണ് കടന്നുവരുന്നതെങ്കിലും അവര്‍ ഉദ്യോഗസ്ഥരായതുകൊണ്ട് നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് ചെക്ക്‌പോസ്റ്റില്‍ നേരിടേണ്ടിവരില്ല. നമ്മളാണെങ്കില്‍ സംസാരിച്ചും കാലുപിടിച്ചും പണം കൊടുത്തും ഭക്ഷണം വാങ്ങിക്കൊടുത്തും ഒക്കെയാണ് കടത്തിവിടുക. നമ്മള്‍ക്കും ജീവിക്കണ്ടേ '' - കണ്ണന്‍ പറയുന്നു.

വഴിവെട്ട് സമരം
വഴിവെട്ട് സമരം

കോളനികളില്‍ സോളാര്‍ വൈദ്യുതി മാത്രമാണ് ആശ്രയം. മഴ പെയ്താല്‍ അതും ഉണ്ടാകില്ല. ചെറിയ സാങ്കേതിക പ്രശ്‌നം വന്നാല്‍ ആഴ്ചകളോളം പിന്നെ കറണ്ടുണ്ടാവില്ല. ഫോണില്‍ റെയ്ഞ്ച് കിട്ടില്ല. ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടു കിലോമീറ്റര്‍ അപ്പുറം മലയുടെ മുകളിലെത്തണം. എല്ലാ കോളനിക്കാര്‍ക്കും കൂടി നാലാം ക്ലാസ്സുവരെ ഒരു സ്‌കൂളാണ് ഇവിടെയുള്ളത്. ഊരുകള്‍ തമ്മില്‍ അഞ്ചും പത്തും കിലോമീറ്റര്‍ ദൂരമുള്ളതിനാല്‍ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠനം. ഇല്ലെങ്കില്‍ മലമ്പുഴയിലോ ചുള്ളിയാര്‍മേട്ടിലോ ഉള്ള ഹോസ്റ്റലുകളില്‍ ചേര്‍ക്കും. അഞ്ചു വയസ്സില്‍ത്തന്നെ ഊരില്‍നിന്ന് വിട്ട് ഹോസ്റ്റലുകളിലാണ് ഇവിടത്തെ പല കുട്ടികളുടേയും ജീവിതം. കുട്ടികളെ കാണാന്‍ രക്ഷിതാക്കള്‍ അങ്ങോട്ട് പോകുകയാണ് പതിവ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും ഈ ഊരുകളിലെ കുട്ടികള്‍ക്ക് കൃത്യമായി ക്ലാസ്സുകള്‍ കിട്ടാറില്ല. കോളനികളില്‍ ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കറണ്ടുപോയാല്‍ ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞാണ് പിന്നെ നന്നാക്കിയെടുക്കുന്നതെന്ന് ഊരുകാര്‍ പറയുന്നു. കൊറോണ കാരണം ചെക്ക്‌പോസ്റ്റില്‍ നിയന്ത്രണങ്ങള്‍ കൂടിയായതോടെ പുറം ലോകത്തേക്കുള്ള ബന്ധം ഏതാണ്ട് ഇല്ലാതായതുപോലെയാണ് പറമ്പിക്കുളത്തെ ആദിവാസി ഊരുകള്‍.

''ഇത്രയും നാളും ഈ പ്രശ്‌നം ഗൗരവമായി ആരും കണ്ടില്ല, അതുകൊണ്ടാണ് ഞങ്ങള്‍ക്കുതന്നെ ഇറങ്ങേണ്ടിവന്നത്'' -അല്ലി മൂപ്പന്‍ കോളനിയിലെ മണികണ്ഠന്‍ പറയുന്നു. രണ്ടു മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നു പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കാം എന്നാണ്. കളക്ട്രേറ്റില്‍ നടന്ന മീറ്റിങ്ങിനുശേഷം ഊരുകൂട്ടത്തിലാണ് ഈ തീരുമാനം അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ട്രൈബല്‍ എക്‌സന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എന്നിവരും മീറ്റിങ്ങില്‍ പങ്കെടുത്തു. ഇപ്പോള്‍ ഞങ്ങള്‍ കൃത്യമായി ഓഫീസുകളില്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. ഡിസംബര്‍ 12 വരെ പണി നിര്‍ത്തിവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോഴേക്കും തീരുമാനമൊന്നുമായില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും പണിക്കിറങ്ങും. പലപ്പോഴും സമരം നടത്തുമ്പോള്‍ ഉദ്യോഗസ്ഥരും എം.എല്‍.എയും ഒക്കെ വന്നു പറയും സര്‍വ്വെ നടക്കുകയാണ്, പഠനം നടക്കുകയാണ് എന്നൊക്കെ. പക്ഷേ, അതൊന്നും എങ്ങും എത്തിയില്ല. 

ഒരു ജീപ്പിനു പോകാന്‍ പാകത്തിലുള്ള റോഡാണ് ഞങ്ങള്‍ വെട്ടിയത്. തടയാന്‍ വന്നവരുടെ കാലില്‍വരെ വീഴേണ്ടിവന്നു. ഒരാഴ്ചകൊണ്ടാണ് ഒരു കിലോമീറ്ററിലധികം റോഡ് ഉണ്ടാക്കിയത്'' - മണികണ്ഠന്‍ പറയുന്നു.

അധികൃതരുടെ സമീപനം 

പറമ്പിക്കുളം വന്യജീവി സങ്കേതമായതിനാലാണ് റോഡ് നിര്‍മ്മാണം പൂര്‍ണ്ണമായും സാധ്യമാകാത്തതിനു കാരണം. എന്നാല്‍, തേക്കടിയില്‍നിന്നും ചെമ്മണാംപതി വരെയുള്ള റോഡിനു ഈ പ്രശ്‌നം ഇല്ലെന്നും പറമ്പിക്കുളത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടതെന്നും ഉദ്യോഗസ്ഥരടക്കം പറയുന്നു. ''നെന്മാറ ഡി.എഫ്.ഒയുടെ കീഴിലാണ് റോഡ് പണിയുന്ന സ്ഥലം വരുന്നത്. വനംവകുപ്പും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും ചേര്‍ന്നാല്‍ ഈ റോഡ് പണിയാന്‍ കഴിയും. പറമ്പിക്കുളത്തേക്കുള്ള റോഡ് പണിയാന്‍ വന്യജീവി സങ്കേതമായതിനാല്‍ വളരെയേറെ നിബന്ധനകളുണ്ട്'' -മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍ പറയുന്നു. ജില്ലാ കളക്ടര്‍, എം.പി, എം.എല്‍.എ, മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഊരിലുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റോഡ് പണി രണ്ട് മാസത്തേക്ക് നിര്‍ത്തിവെയ്ക്കാനും അതിനുള്ളില്‍ നിയമപരമായി റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ കാത്തിരിപ്പിലാണ് ഇപ്പോള്‍ കോളനിക്കാര്‍.

പറമ്പിക്കുളം വാര്‍ഡിലെ ഊരുകളിലേക്ക് റോഡ് അത്യാവശ്യമാണെന്നും നിയമപരമായി റോഡ് ഉണ്ടാക്കിക്കൊടുക്കുകയാണ് സര്‍ക്കാറിന്റെ നിലപാടെന്നും കെ. ബാബു എ.എല്‍.എ പറയുന്നു. ''എം.എല്‍.എ എന്ന നിലയില്‍ അതിനുവേണ്ട ഇടപെടല്‍ നടത്തുന്നുണ്ട്. അവിടത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണത്. മുഖ്യമന്ത്രിയും വനംമന്ത്രിയും കളക്ടറുമായി സംസാരിച്ചിട്ടുണ്ട്. വനാവകാശ നിയമപ്രകാരം അവരുടെ ഊരുകളിലേക്കുള്ള വഴിക്ക് രണ്ടര ഏക്കര്‍ വരെ എടുക്കാം. ആദ്യഘട്ടത്തില്‍ അതെടുക്കാനും പിന്നീട് ആവശ്യമായ ഭൂമി കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് ലഭ്യമാക്കാന്‍ ശ്രമിക്കാനുമാണ് പൊതുവില്‍ ഉണ്ടായ തീരുമാനം. കേസെടുത്തത് ഒഴിവാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. പഞ്ചായത്തുമായി സഹകരിച്ച് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ചെക്ക്‌പോസ്റ്റില്‍ നമ്മുടെ നാട്ടിലേക്ക് വരാന്‍ വേണ്ടി പൈസ കൊടുക്കേണ്ടിവരുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പലപ്പോഴും ചെക്ക്‌പോസ്റ്റില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവിടത്തെ എം.എല്‍.എയുമായി ഒക്കെ സംസാരിച്ചാണ് പരിഹരിക്കപ്പെടുന്നത്. അധികകാലം അത്തരത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല.''

രണ്ടു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കും എന്നാണ് കളക്ടര്‍ ഉറപ്പ് കൊടുത്തിരിക്കുന്നതെന്നും അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ടെന്നും എം.പിയായ രമ്യ ഹരിദാസും പറയുന്നു.

രാഷ്ട്രീയകളികളിലും ഉദ്യോഗസ്ഥലോബിയിങ്ങിലും ഊരിലുള്ളവര്‍ക്ക് താല്പര്യമില്ല. സഞ്ചാര സ്വാതന്ത്ര്യത്തിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടിയുള്ള ഒരു സമരത്തിലാണവര്‍ കാലങ്ങളായി- ഇത്തവണയെങ്കിലും അത് ഫലം കാണും എന്ന പ്രതീക്ഷയോടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com