യോഹന്നാന്റെ ഉല്‍പ്പത്തിയും സുവിശേഷ യാത്രയും

കെ.പി. യോഹന്നാനന്നാനില്‍നിന്നും സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയായിമാറുകയും ഗോസ്പല്‍ മിനിസ്ട്രിയില്‍നിന്നും ബിലീവേഴ്‌സ് ചര്‍ച്ചായി വളരുകയും ചെയ്ത പ്രതിഭാസത്തിന്റെ ചരിത്രം
യോഹന്നാന്റെ ഉല്‍പ്പത്തിയും സുവിശേഷ യാത്രയും

1980-ല്‍ ഗോസ്പല്‍ മിനിസ്ട്രി എന്ന പേരില്‍ 900 രൂപ ആസ്തിയില്‍ തിരുവല്ലയിലെ സബ് രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റ് ആണ് നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം ദുരൂഹമായ സാമ്പത്തിക വിനിമയങ്ങളുടേയും കണക്കില്‍പ്പെടാത്ത ഇടപാടുകളുടേയും പേരില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ബിലീവേഴ്സ് ചര്‍ച്ചും അതിന്റെ സ്ഥാപകനായ മോറാന്‍ മോര്‍ അത്താനാസ്യോസ് യോഹാന്‍ ഒന്നാമന്‍ മെത്രാപ്പൊലീത്തായും. പത്തനംതിട്ട ജില്ലയിലെ നിരണം എന്ന ഗ്രാമത്തില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കള്‍ കെ.പി ചാക്കോ, കെ.പി. യോഹന്നാന്‍, കെ.പി. മാത്യു എന്നിവരുടെ പേരിലാണ് ആ സ്വകാര്യ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ കെ.പി. യോഹന്നാനാണ് ഇപ്പോഴത്തെ യോഹാന്‍ മെത്രാപ്പൊലീത്ത. 

തിരുവല്ല ടൗണിനോട് ചേര്‍ന്ന് മഞ്ഞാടിയില്‍ വിപുലമായ ആസ്ഥാനമന്ദിരം പണിത് തങ്ങളുടെ സാമ്രാജ്യത്തിന് തുടക്കം കുറിച്ച പുന്നൂസിന്റെ മക്കള്‍ സാമ്പത്തികമായ വലിയ ചുറ്റുപാടുകളില്‍ നിന്നും വന്നവരായിരുന്നില്ല. നിരണത്ത് ജനിച്ചു വളര്‍ന്ന യോഹന്നാന്റെ കുടുംബം സെന്റ് തോമസ് സ്ഥാപിച്ചു എന്നു വിശ്വസിക്കുന്ന നിരണം പള്ളിയുടെ സമീപ പ്രദേശത്തു വസിച്ചിരുന്ന മാര്‍ത്തോമ്മ സഭാ വിശ്വാസികളായിരുന്നു. എഴുപതുകളില്‍ തിരുവല്ലയില്‍, പ്രത്യേകിച്ച് കുമ്പനാട് കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന പെന്തക്കോസ്തു സഭകളുടെ സ്വാധീനത്താല്‍ കെ.പി. യോഹന്നാന്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചു. ദൈവവിളി ലഭിച്ചു എന്നാണ് വിശ്വാസികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 

കെപി യോഹന്നാൻ ബൈബിൾ പഠന കാലത്ത്
(വലത് നിന്ന് രണ്ടാമത്)

എട്ടാം വയസ്സില്‍ ദൈവത്തിന്റെ വിളികേട്ട് ഇറങ്ങിയ യോഹന്നാന്‍ പതിനാറാം വയസ്സിലാണ് ഇവാഞ്ചലിക്കല്‍ മിഷന്‍ മൂവ്മെന്റില്‍ ചേരുന്നത്. ലോകപ്രശസ്ത സുവിശേഷകന്‍ ക്രിസ് വെലിന്റെ ക്ഷണപ്രകാരം അമേരിക്കയില്‍ അദ്ദേഹം സ്ഥാപിച്ച ക്രിസ് വെല്‍ കോളേജില്‍ ബൈബിള്‍ പഠനത്തിനായി ചേര്‍ന്ന യോഹന്നാന്‍ ആ മേഖലയില്‍ തന്റെ കഴിവും അര്‍പ്പണവും തെളിയിച്ചു. 1973-ല്‍ കണ്ടുമുട്ടുകയും 1974-ല്‍ വിവാഹം കഴിക്കുകയും ചെയ്ത ജര്‍മന്‍കാരി ജിസേലയ്ക്കൊപ്പമായിരുന്നു യോഹന്നാന്റെ സുവിശേഷ പ്രവര്‍ത്തനം. എണ്‍പതുകളുടെ ആരംഭത്തില്‍ കേരളത്തില്‍ എത്തിയ അവര്‍ ഗോസ്പല്‍ മിനിസ്ട്രീസ് എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍ തിരുവല്ലയില്‍ ആരംഭിക്കുന്നത്. 

അതിനുമുന്‍പുതന്നെ ശ്രീലങ്കന്‍ റേഡിയോയിലൂടെ ആത്മീയയാത്ര എന്ന പേരില്‍ ദൈവപ്രഘോഷണങ്ങള്‍ നടത്തിയിരുന്ന കെ.പി. യോഹന്നാന്‍ ക്രൈസ്തവര്‍ക്കിടയില്‍ സുപരിചിതനായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ നൂറുകണക്കിന് ആള്‍ക്കാരാണ് അന്ന് തിരുവല്ലയിലേക്ക് എത്തിയത്. അവര്‍ വീടുവീടാന്തരം സന്ദര്‍ശിച്ച് യോഹന്നാന്‍ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിശാലമാക്കി. അവിടെത്തന്നെ ആത്മീയ യാത്ര റേഡിയോ പ്രക്ഷേപണവും ആരംഭിച്ചു. കേരളത്തില്‍, പ്രത്യേകിച്ച് മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച വിപുലമായ കണ്‍വെന്‍ഷനുകളും അതില്‍ കെ.പി. യോഹന്നാന്റെ പ്രസംഗങ്ങളും വലിയതോതില്‍ വിശ്വാസികളെ ആകര്‍ഷിച്ചു. 

1991-ലാണ് ഗോസ്പല്‍ മിനിസ്ട്രി, ഗോസ്പല്‍ ഫോര്‍ ഏഷ്യയായി മാറുന്നത്. ഗോസ്പല്‍ ഏഷ്യ 2003-ലാണ് ബിലീവേഴ്സ് ചര്‍ച്ച് ആകുന്നതും യോഹന്നാന്‍ ബിഷപ്പ് ആകുന്നതും. സി.എസ്.ഐ സഭയുടെ അന്നത്തെ മോഡറേറ്റര്‍ ബിഷപ്പ് കെ.ജെ. ശാമുവല്‍ ആണ് കെ.പി. യോഹന്നാനെ ബിഷപ്പ് ആയി വാഴിക്കുന്നത്. സി.എസ്.ഐ സഭയില്‍നിന്നും റിട്ടയര്‍ ചെയ്ത ഒരുനിര ബിഷപ്പുമാരും ആ ചടങ്ങില്‍ സഹകാര്‍മ്മികത്വം വഹിക്കാനുണ്ടായിരുന്നു. അന്ന് തന്റെ സഭ ബിലീവേഴ്സ് ചര്‍ച്ച് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭയാണെന്നാണ് ബിഷപ്പ് കെ.പി. യോഹന്നാന്‍ അവകാശപ്പെട്ടത്. വലിയ വിവാദങ്ങള്‍ക്ക് സി.എസ്.ഐ സഭയില്‍ വഴിമരുന്നിട്ടതാണ് ആ വാഴിക്കല്‍. സിനഡ് ബിഷപ്പ് കെ.ജെ. ശാമുവേലിനെതിരെ നടപടിയെടുത്തു. 2018-ല്‍ ഒരു പടികൂടി കടന്ന് ബിലീവേഴ്സ് ചര്‍ച്ച് ഒരു എപ്പിസ്‌കോപ്പല്‍ സഭയായി മാറ്റി. ബിഷപ്പ് കെ.പി. യോഹന്നാന്‍  മോറാന്‍ മോര്‍ അത്താനാസ്യോസ് യോഹാന്‍ ഒന്നാമന്‍ മെത്രാപ്പൊലീത്തായുടേയും താഴെയുള്ള ബിഷപ്പുമാര്‍ ആദിമ സഭാപിതാക്കന്മാരുടെ പേരുകളും സ്വീകരിച്ചു. പത്ത് രാജ്യങ്ങളിലായി 35 ലക്ഷം വിശ്വാസികള്‍ തങ്ങള്‍ക്കുെണ്ടന്ന് ബിലീവേഴ്സ് ചര്‍ച്ച് അവകാശപ്പെടുന്നു. തിരുവല്ലയിലെ കുറ്റപ്പുഴയില്‍ സെന്റ് തോമസ് നഗറിലാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ ആഗോള ആസ്ഥാനം. കെ.പി. യോഹന്നാനില്‍നിന്നും സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയായി മാറിയ ഗോസ്പല്‍ മിനിസ്ട്രിയില്‍നിന്നും ബിലീവേഴ്സ് ചര്‍ച്ചായി മാറിയ ഒരു പ്രതിഭാസത്തിന്റെ ചരിത്രം ഇങ്ങനെ ചുരുക്കി എഴുതാം. നാല്‍പ്പതു വര്‍ഷങ്ങള്‍ എന്നത് ചെറിയ കാലവുമല്ല. പക്ഷേ, ഇതര ക്രൈസ്തവസഭകളേയും കേരള സമൂഹത്തേയും അമ്പരപ്പിച്ചത് ഈ സഭയുടേയും അതിന്റെ നായകരുടേയും സാമ്പത്തിക വളര്‍ച്ചയാണ്. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കംടാക്സിന്റെ ഉത്തരവ് പ്രകാരം ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച റെയ്ഡുകളും അതിനെത്തുടര്‍ന്നു പുറത്തുവരുന്ന വാര്‍ത്തകളും ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്തികളിലേക്കാണ് വിരല്‍ചൂ ുന്നത്. ബിലീവേഴ്സ് ചര്‍ച്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്നും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നെന്നും നേരത്തേതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2012-ല്‍ കെ.പി. യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

കെപി യോഹന്നാനും ഭാര്യ ജിസേലയും
കെപി യോഹന്നാനും ഭാര്യ ജിസേലയും

സഭയുടെ പത്ത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആറായിരം കോടി രൂപ വിദേശത്തുനിന്ന് സംഭാവനയായി വന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതില്‍ ഏറിയ പങ്കും പണം ചെലവഴിച്ചിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലും. ഭൂമി വാങ്ങിക്കൂട്ടുകയും അവിടങ്ങളിലെല്ലാം സ്ഥാപനങ്ങള്‍ പണിതുയര്‍ത്തുകയും ചെയ്ത സഭ ചാരിറ്റിക്കായുള്ള വിദേശഫണ്ട് ചെലവഴിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിരിക്കുന്നു എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. സംസ്ഥാനത്ത് ബിലീവേഴ്സ് ചര്‍ച്ചിന് 10,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 7,000 ഏക്കര്‍ ഭൂമിയുമുെണ്ടന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിനു മാത്രം 1991 മുതല്‍ 2008 വരെ 48 രാജ്യങ്ങളില്‍ നിന്നായി 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും 2002 മുതല്‍ 2008 വരെ ബിലീവേഴ്സ് ചര്‍ച്ചിന് 472,02,71,753 രൂപയും വിദേശത്തുനിന്ന് ലഭിച്ചിരുന്നെന്നും നേരത്തേ കണക്കുകള്‍ പുറത്തുവന്നിരുന്നു. 1990 മുതല്‍ 2011 വരെ രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചെന്നും കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചതായും കെണ്ടത്തിയിരുന്നു.
  
ഒഴുകുന്ന ചാരിറ്റി സംഭാവന

ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ 'ബ്രിഡ്ജ് ഓഫ് ഹോപ്പ്' പദ്ധതി കെ.പി. യോഹന്നാന്റെ പ്രധാനപ്പെട്ട വരുമാനങ്ങളില്‍ ഒന്നാണ്. 575 കേന്ദ്രങ്ങളിലായി 74,000 കുട്ടികള്‍ക്ക് പഠിക്കാനും ഭക്ഷണത്തിനുമായി ഈ പണം ചെലവഴിക്കുന്നു എന്നാണ് സഭ അവകാശപ്പെടുന്നത്. ഈ പദ്ധതിയില്‍ പ്രധാനമായും വിദേശികളാണ് ഈ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്നത്. ഇങ്ങനെ സ്പോണ്‍സര്‍ ചെയ്യുന്നവരുടെ ഫണ്ട് ആണ് യോഹന്നാന്‍ സാമ്രാജ്യത്തിനു ലഭിക്കുന്ന പ്രധാന വരുമാനം. ബ്രിഡ്ജ് ഓഫ് ഹോപ് എന്ന പേരില്‍ ഒരു വെബ്സൈറ്റ് തന്നെ സഭ ഒരുക്കിയിട്ടുണ്ട്. വിദേശഫണ്ടിന്റെ മറ്റൊരു വഴി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിലേക്ക് കാനഡ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍നിന്നുള്ള വരുമാനമാണ്. ഇന്ത്യ കൂടാതെ ബംഗ്ലാദേശ്, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, വടക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള സഭ അവികസിത രാജ്യങ്ങളിലെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. 

ഇന്ത്യയൊട്ടാകെ നാല്‍പ്പത്തിയഞ്ച് ഡയോസിസുകള്‍ പ്രവര്‍ത്തിക്കുന്നു. അധിപന്‍മാരായി എപ്പിസ്‌കോപ്പമാരും. ഇതില്‍ തികച്ചും അവികസിതമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡയോസിസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അവിടെ നടക്കുന്ന പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വന്‍തോതില്‍ വിദേശ സഹായം ലഭിച്ചിരുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജി.എഫ്.എ) ലാസ്റ്റ് അവര്‍ മിനിസ്ട്രി (എല്‍.എച്ച്.എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എല്‍.ഐ.എം) തുടങ്ങി നിരവധി ട്രസ്റ്റുകളിലൂടെയാണ് ഫണ്ട് ഒഴുകിയിരുന്നത്. ഇന്ന് ശതകോടി ആസ്തിയുള്ള ബിലീവേഴ്സ് ചര്‍ച്ചിന് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ വന്‍ സ്ഥാപനങ്ങളുണ്ട്. നേഴ്സിംഗ് കോളേജ്, എന്‍ജിനീയറിംഗ് കോളേജ് എന്നിവ വേറെയും. ദരിദ്രരായ കുട്ടികളെ പഠിപ്പിക്കാന്‍ എന്ന പേരില്‍ വാങ്ങിച്ചുകൂട്ടുന്ന സംഭാവനകള്‍കൊണ്ട് അവര്‍ക്ക് അപ്രാപ്യമായ സ്‌കൂളുകളാണ് ആരംഭിച്ചത്. തിരുവല്ലയില്‍ ബിലീവേഴ്സ് ചര്‍ച്ച് ആരംഭിച്ച ബിലീവേഴ്സ് ചര്‍ച്ച് സ്‌കൂളില്‍ ആധുനികമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കേരളത്തില്‍ ബിലീവേഴ്സിന് ആറ് സ്‌കൂളുകളുണ്ട്. 

ഇൻകംടാക്സ് റെയ്ഡിൽ പിടിച്ചെടുത്ത പണം ബിലീവേഴ്സ് മെഡിക്കൽ കോളജ് ഡയറക്ടറേറ്റ് ബോർഡ് റൂമിൽ
ഇൻകംടാക്സ് റെയ്ഡിൽ പിടിച്ചെടുത്ത പണം ബിലീവേഴ്സ് മെഡിക്കൽ കോളജ് ഡയറക്ടറേറ്റ് ബോർഡ് റൂമിൽ

തിരുവല്ലയിലെ അപ്പര്‍ കുട്ടനാട് മേഖലയില്‍പ്പെടുന്ന പാടശേഖരം നികത്തി പണിതീര്‍ത്തിരിക്കുന്ന ബഹുനില സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മാണം തുടക്കം മുതല്‍ക്കേ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് മെഡിക്കല്‍ കോളജിനു വേണ്ടിയാണ് വ്യാപകമായി നിലം നികത്തിയത്. ഇതിനെതിരെ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.എ. വര്‍ഗീസ് പരാതിയുമായി രംഗത്തെത്തി. അപ്പര്‍ കുട്ടനാട്ടില്‍ പലയിടങ്ങളിലും നിലം വാങ്ങി നികത്തിയ സംഭവങ്ങള്‍ നിരവധിയാണ്. ഹാരിസണ്‍ മലയാളത്തില്‍നിന്നും ബിലീവേഴ്സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് 2400 ഏക്കറാണ്. കോട്ടയം ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ വേണ്ടിയുള്ള 240 ഏക്കര്‍ ഉള്ള ദ്വീപും എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു അടുത്ത് കോടികള്‍ വിലമതിക്കുന്ന 40 ഏക്കര്‍ സ്ഥലവും തിരുവല്ലയില്‍ ബിലീവേഴ്സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഉള്‍പ്പെടുന്ന 1700 ഏക്കര്‍ തോട്ടവും ബിലീവേഴ്സിന്റെ കേരളത്തിലെ പ്രധാന സ്വത്തുക്കളാണ്. ഡല്‍ഹി ഗുഡ്ഗാവില്‍ 36 ഏക്കര്‍ സ്ഥലവും തമിഴ്നാട്ടില്‍ ശ്രീപെരുമ്പത്തൂരിലെ ടെക് സിറ്റിയോട് ചേര്‍ന്ന് 40 ഏക്കറും  ഷില്ലോങ്ങില്‍ 300 ഏക്കറും കല്‍ക്കട്ടയില്‍ 160 ഏക്കറും അസ്സമിലെ ഗോഹട്ടിയില്‍ 40 ഏക്കറും ലക്നോവില്‍ 14 ഏക്കറും  മുംബൈയിലെ പനവേലില്‍ 20 ഏക്കറും കേരളത്തിനു പുറത്ത് സഭയ്ക്കുള്ള ആസ്തികളാണ്. വിദേശ രാജ്യങ്ങളില്‍ വേറെയും. 

അടുത്ത ദിവസങ്ങളില്‍ ബിലീവേഴ്സിന്റെ തിരുവല്ലയിലെ ആശുപത്രിയില്‍നിന്നും നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്നും സഭാ ആസ്ഥാനത്തുനിന്നും കണക്കില്‍പ്പെടാത്ത പതിനാലു കോടി രൂപയാണ് കണ്ടെടുത്തത്. നിരോധിക്കപ്പെട്ട പണവും അതില്‍ ഉള്‍പ്പെട്ടിരുന്നത്രേ. കടപ്പിലാരില്‍ പുന്നൂസ് യോഹന്നാനില്‍നിന്നും റവ. ഡോ. കെ.പി. യോഹന്നാനിലേക്കും അവിടെനിന്ന് ബിഷപ്പ് കെ.പി. യോഹന്നാനിലേക്കും പിന്നീട് മോറാന്‍ മോര്‍ അത്താനാസ്യോസ് യോഹാന്‍ ഒന്നാമന്‍ മെത്രാപ്പൊലീത്തയായും വളര്‍ന്ന യോഹന്നാന്റേയും അദ്ദേഹത്തിന്റെ സഭയുടേയും കഥ അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. 900 രൂപ ആസ്തിയില്‍നിന്നും ശതകോടിയിലേക്കുള്ള വളര്‍ച്ചയും അങ്ങനെതന്നെ. വരും ദിവസങ്ങള്‍ അദ്ദേഹത്തിന്റേയും അദ്ദേഹത്തിനു ചുറ്റും വളര്‍ന്ന വിശ്വാസിസമൂഹത്തിന്റേയും ഭാവി തീരുമാനിക്കപ്പെടുന്നതാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കെപി യോഹന്നാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കണ്ട് നമാമി ​ഗം​ഗയ്ക്ക് സഹായം കൈമാറുന്നു. മുൻ കേന്ദ്ര മന്ത്രി പിജെ കുര്യൻ സമീപം
കെപി യോഹന്നാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കണ്ട് നമാമി ​ഗം​ഗയ്ക്ക് സഹായം കൈമാറുന്നു. മുൻ കേന്ദ്ര മന്ത്രി പിജെ കുര്യൻ സമീപം

രാഷ്ട്രീയ പിന്‍ബലം

കെ.പി. യോഹന്നാന്റെയും സഭയുടേയും വളര്‍ച്ചയ്ക്ക് കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ കാലാകാലങ്ങളില്‍ ലഭിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിന്റേയും പലപ്പോഴായി സി.പി.എമ്മിന്റേയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബി.ജെ.പിയുടേയും പിന്തണ അദ്ദേഹത്തിനു ലഭിച്ചിരുന്നു. പാര്‍ട്ടി ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വന്‍തുക പരസ്യങ്ങള്‍ കിട്ടിയിരുന്നു. അപ്പര്‍ കുട്ടനാട്ടില്‍ നിലം നികത്തി ആശുപത്രി സമുച്ചയങ്ങള്‍ തീര്‍ത്തപ്പോള്‍ തിരുവല്ലയിലെ കര്‍ഷകത്തൊഴിലാളി സംഘടനകള്‍ മൗനമായി അനുവാദം നല്‍കിയതും സഹായത്തിനുള്ള മറുസഹായമായിരുന്നു. 

സാമ്പത്തിക ഇടപാടുകളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കെ.പി. യോഹന്നാന്‍ എന്ന മോറാന്‍ മോര്‍ അത്താനാസ്യോസ് യോഹാന്‍ ഒന്നാമന്‍ മെത്രാപ്പൊലീത്ത നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഗംഗ പുനരുദ്ധാരണ പരിപാടിയായ നമാമി ഗംഗ എന്ന മോദിയുടെ പദ്ധതിക്ക് ഒരു കോടി രൂപ നല്‍കിയത് വാര്‍ത്തയായിരുന്നു. ആ സമയം അമേരിക്കയില്‍ അദ്ദേഹം ഗുരുതരമായ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. അന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയതാകട്ടെ അന്നത്തെ രാജ്യസഭാംഗവും കോണ്‍ഗ്രസ് നോതാവുമായ പി.ജെ. കുര്യനും. മറ്റൊരവസരത്തില്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കെ.പി. യോഹന്നാന് സഹായം ചെയ്തുകൊടുക്കാനായി കത്തെഴുതിയിരുന്നുവത്രെ. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയില്‍ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം (2017 സെപ്തംബര്‍ 17)ഡല്‍ഹിയിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഡയോസിനില്‍ ചെന്ന് ബിഷപ്പ് കെ.പി. യോഹന്നാനെ കണ്ട് ആശീര്‍വാദം വാങ്ങിയിരുന്നു. തിരുവല്ലയിലും ചുറ്റുവട്ടത്തും ബിലീവേഴ്സ് ചര്‍ച്ചിന്റെ ഭൂമി ഇടപാടുകളില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കന്മാരുടെ നിരന്തരമായ സഹായം യോഹന്നാന് ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com