കശുവണ്ടി കേസ്; പരിധിവിട്ടത് സി.ബി.ഐയോ സര്‍ക്കാരോ

അന്വേഷണ ഏജന്‍സി കണ്ടെത്തിയ കാര്യങ്ങള്‍ ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, അഴിമതി കണ്ടെത്തിയിട്ടും അത് മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്ന് വ്യക്തം
കശുവണ്ടി വികസന കോർപ്പറേഷൻ ആസ്ഥാനം
കശുവണ്ടി വികസന കോർപ്പറേഷൻ ആസ്ഥാനം

സംസ്ഥാന സര്‍ക്കാര്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് ഇത്തരം ഏജന്‍സികളല്ല. പറഞ്ഞുവിടുന്നവരുടെ വാക്കുകേട്ട് അവര്‍ തുള്ളാന്‍ നില്‍ക്കരുത്. എല്ലാം സഹിക്കാനാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന ധാരണ വേണ്ട. ഭരണഘടനാപരമായാണ് അന്വേഷണ ഏജന്‍സികള്‍ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഭരണഘടന പറയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല. 

കെ ഫോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ച വാര്‍ത്തയെക്കുറിച്ച്  മുഖ്യമന്ത്രി പിണറായി പ്രതികരിച്ചതിങ്ങനെയാണ്. എന്നാല്‍, പ്രകടമായി അഴിമതി നടന്നെന്ന് വ്യക്തമാകുന്ന ഒരു കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്വേഷണ ഏജന്‍സി ഭരണഘടനാപരമായ അനുമതി ചോദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുകയാണുണ്ടായത്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരെ സി.ബി.ഐ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കേണ്ടതില്ലെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. ഈ അഴിമതിക്കേസില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്തിരുന്നു. 

ആർഎസ്പിയുടെ നേത‌ൃത്വത്തിൽ കോർപ്പറേഷൻ ആസ്ഥാനത്ത് തൊഴിലാളികൾ ധർണ നടത്തിയപ്പോൾ. 2010ലെ ചിത്രം
ആർഎസ്പിയുടെ നേത‌ൃത്വത്തിൽ കോർപ്പറേഷൻ ആസ്ഥാനത്ത് തൊഴിലാളികൾ ധർണ നടത്തിയപ്പോൾ. 2010ലെ ചിത്രം

2006 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പ്പറേഷനുവേണ്ടി തോട്ടണ്ടി സംഭരണത്തിലും കരാര്‍ ഇടപാടുകളിലുമുള്‍പ്പെടെ കോടികളുടെ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് അഞ്ച് വര്‍ഷം മുന്‍പാണ്. തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. 2016 ജൂലൈ 27-ന് കെ.എ. രതീഷ് ഒന്നാം പ്രതിയും ആര്‍. ചന്ദ്രശേഖരന്‍ മൂന്നാം പ്രതിയായും ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോന്‍ ജോസഫ് നാലാം പ്രതിയുമായി തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. രണ്ടാം പ്രതി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കശുവണ്ടി തൊഴിലാളി നേതാവുമായ ഇ. കാസിം ഇതിനിടയില്‍ മരിക്കുകയും ചെയ്തു. പ്രകടമായ ക്രമക്കേട് ഉണ്ടെന്നായിരുന്നു അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയത്. കേസ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളായ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനോട് അനുമതി ചോദിച്ചത് അഞ്ചുമാസം മുന്‍പ്. എന്നാല്‍, രൂക്ഷമായ പ്രതിഷേധം ഉയരും വരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഒടുവില്‍, വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും വകുപ്പ് സെക്രട്ടറിയും അനുമതി നല്‍കി. അഴിമതി കണ്ടെത്താന്‍ അനുമതി നല്‍കാമെന്നു കാണിച്ച് മന്ത്രി ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറുകയും ചെയ്തു. 

മന്ത്രിയുടെ അനുമതിയുണ്ടെങ്കിലും ഫയല്‍ നിയമോപദേശത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയെന്നാണ് പിന്നെ അറിയുന്നത്. ഏതായാലും അനുമതിക്കായുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയില്ല. സി.ബി.ഐയുടെ കണ്ടെത്തല്‍ നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നുമാണ് ഡി.ജി.പിയുടെ കണ്ടെത്തല്‍. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച നിയമോപദേശപ്രകാരം  മന്ത്രിസഭ അനുമതി നിഷേധിക്കുകയായിരുന്നു. കശുവണ്ടി തൊഴിലാളികളുടെ 500 കോടിയിലധികം രൂപ കൊള്ളയടിച്ചവരെ സംരക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നു ഈ അട്ടിമറിയിലൂടെ സര്‍ക്കാര്‍ നടത്തിയതെന്നു പറയുന്നു പരാതിക്കാരനായ കടകംപള്ളി മനോജ്. സര്‍ക്കാരിന് ഉപദേശം നല്‍കിയത് കേസിലെ പ്രതികളാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അനുമതി നിഷേധിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വാദങ്ങളെ ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്. അങ്ങനെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇപ്പോള്‍ അതേ വാദങ്ങളുയര്‍ത്തി സര്‍ക്കാര്‍ വീണ്ടും അനുമതി നിഷേധിച്ചിരിക്കുന്നു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം- മനോജ് പറയുന്നു.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ സമരവേദിയിൽ. ഡോ. ജി സഞ്ജീവ റെഡ്ഡി സമീപം
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ സമരവേദിയിൽ. ഡോ. ജി സഞ്ജീവ റെഡ്ഡി സമീപം

വലിയ അട്ടിമറിയാണ് നടന്നത്. പണമുണ്ടെങ്കില്‍ ഈ രാജ്യത്ത് എന്തും നടക്കുമെന്നതിന് ഉദാഹരണമാണ് ഈ കേസ്. '1970 മുതല്‍ 2005 വരെ കോര്‍പ്പറേഷന്റെ നഷ്ടം 488 കോടി രൂപയാണ്. ഇത് രതീഷ് തന്നെ കോടതിയില്‍ നല്‍കിയ കണക്കുകളാണ്. എന്നാല്‍ 2005 മുതല്‍ 2015 വരെയുള്ള പത്ത് വര്‍ഷം ഇത് ആയിരം കോടിക്കു മുകളിലായി. രതീഷ് ഇരുന്ന ആദ്യ വര്‍ഷം നഷ്ടം 120 കോടിക്കു മുകളിലാണ്. തൊഴിലാളികള്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും ഒക്കെ നല്‍കിത് 30 കോടിയില്‍ താഴെയുള്ളൂ. ഇതിനെതിരെയാണ് ഞാന്‍ സര്‍ക്കാരിനു പരാതി നല്‍കിയത്. ധനകാര്യ വകുപ്പ് (4), വ്യവസായ വകുപ്പ്, വിജിലന്‍സ്, മൂന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (3), നിയമസഭാ സമിതി എന്നിങ്ങനെ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സമര്‍പ്പിച്ച 12 റിപ്പോര്‍ട്ടുകളില്‍ തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്നു വ്യക്തമായതാണ്. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്നത്തെ ധനകാര്യ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം നേരിട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, എം.ഡിയേയും ചെയര്‍മാനേയും മാറ്റണമെന്ന് പറയുന്നവരെയാണ് സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരുന്നത്. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.''

ഒരു വര്‍ഷം 200-250 കോടിയുടെ തോട്ടണ്ടിയാണ് സാധാരണ കോര്‍പ്പറേഷന്‍ ഇറക്കുമതി ചെയ്യുക. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് നിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് രതീഷ് മേധാവിയായിരുന്ന കാലയളവില്‍ കോര്‍പ്പറേഷന്‍ ഇറക്കുമതി ചെയ്തത്. കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കി ഐവറികോസ്റ്റ്, ഘാന, ഗിനി ബസാവോ എന്നീ രാജ്യങ്ങളില്‍നിന്ന് വിലകുറഞ്ഞ തോട്ടണ്ടി ഇറക്കുമതി ചെയ്തു. സംസ്‌കരിച്ച് വില്‍പ്പന നടത്തുമ്പോള്‍ വില ഇരട്ടിയാകും.  രതീഷ് ഇരുന്ന കാലയളവില്‍ കരാറുകളെല്ലാം കോട്ടയം ആസ്ഥാനമായ ജെ.എം.ജെ എന്ന കമ്പനിക്കു മാത്രമാണ് കിട്ടിയിരുന്നത്. ജെ.എം.ജെ വിജിലന്‍സിനു നല്‍കിയ മൊഴി അനുസരിച്ച് 2005 മുതലാണ് കോര്‍പ്പറേഷനുമായുള്ള ഇടപാടുകള്‍ തുടങ്ങിയത്. അതായത് രതീഷ് ചുമതലയേറ്റെടുത്ത ശേഷമാണ് ഈ കമ്പനി വരുന്നതെന്ന് അര്‍ത്ഥം. സ്വാഭാവികമായും അത് രതീഷിന്റെ ബിനാമി കമ്പനിയാണെന്ന സംശയമുണ്ടാക്കി. അഞ്ച് വര്‍ഷത്തെ കണക്കെടുത്തപ്പോള്‍ 80 ശതമാനവും തോട്ടണ്ടി വിറ്റിരിക്കുന്നത് ഈ കമ്പനിക്കാണ്. അതുമാത്രം ഏകദേശം 700 കോടിയുടെ ഇടപാടാണ്. പത്ത് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ അതിന്റെ ഇരട്ടിവരും. പരിപ്പ് വില്‍പ്പനയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. രതീഷിരുന്ന കാലയളവില്‍ 2000 കോടിയുടെ പരിപ്പു വില്‍പ്പന നടന്നിട്ടുണ്ടെന്നാണ് കണക്ക്. അങ്ങനെ വരുമ്പോള്‍ 3000 കോടി രൂപയുടെ ഇടപാടുകളിലാണ് ക്രമക്കേടുകള്‍ നടന്നിരിക്കുന്നതെന്ന് പറയുന്നു മനോജ്. 

കെഎ രതീഷ്
കെഎ രതീഷ്

രതീഷിന്റെ വിവാദ ഇടപെടലുകള്‍

2005 മുതല്‍ 2015 വരെ രണ്ടു സര്‍ക്കാരുകളുടെ കാലത്തും കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് രതീഷായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴും രതീഷ് ഈ പദവിയില്‍ തുടര്‍ന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്റെ ബന്ധുകൂടിയായ രതീഷിനു ചുമതലയുണ്ടായിരുന്ന പത്തുവര്‍ഷക്കാലയളവിലെ എട്ടു വര്‍ഷം കശുവണ്ടി മേഖലയിലെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. കേരളത്തിലെ കശുവണ്ടി മേഖല ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച കാലഘട്ടം ആ പത്തുവര്‍ഷമായിരുന്നു. സ്വകാര്യ മുതലാളിമാര്‍ മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ നല്‍കി ജോലി ചെയ്യിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. കിലോയുടെ പുറത്ത് അഞ്ച് രൂപ വരെ തൊഴിലാളികള്‍ക്കു കിട്ടുമായിരുന്നു. മറ്റൊന്നുമല്ല, തൊഴിലാളികളെ കിട്ടാന്‍ ഫാക്ടറികള്‍ തമ്മിലുള്ള മത്സരമായിരുന്നു കാരണം. വണ്ടിയും വണ്ടിക്കൂലിയും വരെ നല്‍കി തൊഴിലാളികളെക്കൊണ്ട് സ്വകാര്യ ഫാക്ടറികള്‍ ലാഭമുണ്ടാക്കിയപ്പോഴാണ് കോര്‍പ്പറേഷന് ഈ നഷ്ടം സംഭവിച്ചതെന്നോര്‍ക്കണം- മനോജ് പറയുന്നു.

2002-ലാണ് കെ.എ. രതീഷ് ചിത്രത്തിലേക്ക് വരുന്നത്. അന്ന് ചാത്തന്നൂര്‍ സ്പിന്നിങ് മില്ലിലായിരുന്നു അദ്ദേഹം. അവിടുത്തെ യന്ത്രസാമഗ്രികള്‍ ആക്രിവിലയ്ക്ക് വില്‍ക്കാന്‍ ശ്രമമുണ്ടായി. തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ആ നീക്കം തടസ്സപ്പെട്ടു. സംഭവം വിവാദമായതോടെ അദ്ദേഹം പൊതുമേഖലാ സ്ഥാപനമായ കാപ്പക്സിലെത്തി. 2005-ല്‍ കാഷ്യു കോര്‍പ്പറേഷന്റെ അധികച്ചുമതല കൂടി അദ്ദേഹത്തിനു കിട്ടി. യു.ഡി.എഫ് സര്‍ക്കാരായിരുന്നു ആ സമയത്ത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ആര്‍. ചന്ദ്രശേഖരന്‍ രാജിവച്ചു. അഴിമതിയുണ്ടെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു കൊല്ലം കഴിഞ്ഞിട്ടാണ് ചന്ദ്രശേഖരന്‍ രാജിവയ്ക്കുന്നത്. എന്നാല്‍, എം.ഡി സ്ഥാനം ഒഴിയാന്‍ രതീഷ് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എന്ന പരിശീലന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു അപ്പോള്‍ വ്യവസായമന്ത്രി. 1000 കോടിയുടെ അഴിമതി നടന്നെന്ന് വിജിലന്‍സ് കണ്ടെത്തിയ കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി സ്ഥാനത്തേക്കായിരുന്നു രതീഷ് പിന്നെ പരിഗണിക്കപ്പെട്ടത്. മേധാവി സ്ഥാനത്തേക്കു നടന്ന അഭിമുഖത്തില്‍ ഒന്നാം സ്ഥാനം രതീഷിനായിരുന്നു. ചുരുക്കപ്പട്ടികയില്‍പ്പെട്ട അഞ്ച് പേരില്‍ രതീഷ് ഒഴികെയുള്ള നാലു പേരും നല്ല ട്രാക്ക് റെക്കോര്‍ഡുള്ളവരായിരുന്നു. എന്നിട്ടും രതീഷിനെ നിയമിക്കാനായിരുന്നു ഒരുക്കം. കണ്‍സ്യൂമര്‍ഫെഡില്‍ എന്നപോലെ കേരള ഓട്ടോമൊബൈല്‍സിലും രതീഷിനെ നിയമിക്കാന്‍ ശ്രമം നടന്നിരുന്നു.   

പിന്നീട് രതീഷിന് ഇന്‍കെല്‍ എം.ഡിയായി നിയമനം നല്‍കി. അതീവ രഹസ്യമായിരുന്നു നിയമനം. ഉത്തരവ് സര്‍ക്കാര്‍ വെബ്‌സൈറ്റിലോ ബന്ധപ്പെട്ട വകുപ്പുകളിലോ നല്‍കിയില്ല. രതീഷിന്റെ നിയമനത്തിനെതിരെ ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയാകുമെന്ന് കണ്ട് സര്‍ക്കാര്‍ ഒളിച്ചുകളിച്ചു. നിയമന ഉത്തരവില്ലാതെ കോടതിയെ സമീപിക്കാന്‍ കഴിയില്ല എന്നതിനാല്‍ സര്‍ക്കാര്‍ അത് പൂഴ്ത്തിവെച്ചു. ഇതൊക്കെ വിവാദമായപ്പോള്‍ രതീഷിനെതിരെ സി.ബി.ഐ കേസുണ്ടെന്ന കാര്യം അറിയില്ലെന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണം. മന്ത്രിസഭ പോലും അറിയാതെയാണ് നിയമനമെന്ന ആരോപണമുയര്‍ന്നതോടെ ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. 

രതീഷിനെ മാറ്റി കെ. വേണുഗോപാലിനെ എം.ഡിയായി നിയമിച്ചു. ഖാദി ബോര്‍ഡിലായിരുന്നു രതീഷിന്റെ അടുത്ത നിയമനം. നിയമിച്ച ശേഷം മാത്രമാണ് താന്‍ അറിഞ്ഞതെന്ന് അന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് പറഞ്ഞിരുന്നു. ശമ്പളവര്‍ധനയ്ക്കുള്ള ശുപാര്‍ശ പുറത്തുവന്നതിനു ശേഷമായിരുന്നു ഈ പ്രസ്താവന. പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിനു പിന്നാലെ അങ്ങനെ ഖാദി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായ രതീഷിന്റെ ശമ്പളവും കൂടി. ശമ്പളം 80,000 രൂപയില്‍നിന്ന് 1,70,000 ആയി. മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളയിനത്തില്‍ വരും.

രതീഷ് മാനേജിങ് ഡയറക്ടറായിരുന്ന കാലയളവില്‍ വര്‍ഷംതോറും സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും നഷ്ടം കുറയ്ക്കാനോ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനോ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു നടപടികളുണ്ടായില്ല. 1969 മുതല്‍ 2005 വരെയുള്ള 36 വര്‍ഷക്കാലയളവില്‍ 488 കോടിയാണ് കോര്‍പ്പറേഷന്റെ സഞ്ചിതനഷ്ടം. ഈ കാലയളവില്‍ സര്‍ക്കാര്‍ നല്‍കിയ സഹായം 257 കോടിയും. കെ.എ. രതീഷ് എം.ഡിയായി ചുമതലയേറ്റ 2005 മുതല്‍ 2015 മാര്‍ച്ച് വരെയുള്ള നഷ്ടം 700 കോടിയിലധികമാണ്. 378 കോടിയാണ് ഈ കാലയളവില്‍ സര്‍ക്കാര്‍ നല്‍കിയ ഗ്രാന്റ്. എന്നാല്‍, ലക്ഷ്യം നിറവേറ്റാന്‍ ഈ നികുതിപ്പണം ഉപയോഗിക്കപ്പെട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാനും ആഭ്യന്തര സംഭരണം പ്രോത്സാഹിപ്പിക്കാനുമായി 2008-'13 കാലയളവില്‍ സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റ് 137.62 കോടിയാണ്. ഇതില്‍ 80 കോടി ആഭ്യന്തര സംഭരണത്തിനും 57 കോടി ഫാക്ടറികള്‍ ആധുനീകരിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആഭ്യന്തര സംഭരണത്തിനായി കോര്‍പ്പറേഷന്‍ ചെലവാക്കിയത് 35 ലക്ഷം മാത്രം.  ബാക്കിയെല്ലാം ചെലവിട്ടത് തോട്ടണ്ടി ഇറക്കുമതി ചെയ്യാനായിരുന്നു. 

ഫാക്ടറികള്‍ നവീകരിക്കാനുള്ള 57 കോടിയില്‍ 40 കോടിയും ഈ കാലയളവില്‍ വകമാറ്റി ചെലവഴിച്ചു. രാജ്യാന്തര വിപണിയില്‍ തോട്ടണ്ടിയുടെ വിലയില്‍ മിക്കപ്പോഴും ചാഞ്ചാട്ടമുണ്ടാകും. ഇതൊന്നും പരിഗണിക്കാതെയാണ് കോര്‍പ്പറേഷന്‍ വില കൂടിയ കാലയളവില്‍ ഇറക്കുമതിക്ക് ഓര്‍ഡര്‍ നല്‍കുക. 2008-'13 കാലയളവില്‍ 12 ഓര്‍ഡറുകളും ജെ.എം.ജെയ്ക്ക് നല്‍കിയത് വില കൂടിയിരിക്കുന്ന കാലയളവിലായിരുന്നു. ഈ അഞ്ചുവര്‍ഷം കമ്പനിക്കു നല്‍കിയ 25 ഓര്‍ഡറുകളില്‍ തോട്ടണ്ടി എത്തിയത് പറഞ്ഞ തീയതിക്കു ശേഷമായിരുന്നു. നല്ല തോട്ടണ്ടി ലഭിക്കുന്നത് ആദ്യ വിളവിലാവും. ടാന്‍സാനിയയില്‍ ആദ്യ വിളവ് സെപ്റ്റംബറിലാണ്. ഉയര്‍ന്ന വിലയില്‍ ജെ.എം.ജെ. ഈ തോട്ടണ്ടി എത്തിക്കാന്‍ ടെണ്ടറെടുക്കും. എന്നാല്‍, ചരക്ക് എത്തുമ്പോള്‍ അടുത്തവര്‍ഷം ഏപ്രിലാകും. അതായത് ഗുണമേന്‍മ കുറഞ്ഞ അടുത്ത വിളവായിരിക്കും കടല്‍കടന്ന് കേരളത്തിലെത്തുക. 

2014-വരെ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി ഇറക്കുമതിക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കരാറൊപ്പിട്ടിട്ടുണ്ട്. എന്നിട്ടും ഈ കാലയളവിലൊക്കെ കമ്പനികള്‍ വഴിയാണ് ഇറക്കുമതി നടത്തിയത്. ഗുണമേന്‍മയില്ലാത്ത തോട്ടണ്ടി സംഭരണം, ഇറക്കുമതി, വാങ്ങല്‍ നയത്തിന്റെ അപര്യാപ്തത, ടെണ്ടറിങ്ങിന്റെ ന്യൂനതകള്‍, കരാറുകളിലെ പോരായ്മകള്‍ തുടങ്ങി ഏഴിനങ്ങളിലൂടെ കോര്‍പ്പറേഷനുണ്ടായ നഷ്ടം 93.93 കോടി രൂപയാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് (2014) വ്യക്തമായി പറഞ്ഞിട്ടുണ്ട്. 

പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ന്യായങ്ങള്‍ 

1. 2006 മുതല്‍ 2015 വരെ കോട്ടയം ആസ്ഥാനമായ ജെ.എം.ജെ ട്രേഡേഴ്സിനു നല്‍കിയ തോട്ടണ്ടി കരാറുകളില്‍ 14 എണ്ണത്തെക്കുറിച്ചാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. കോര്‍പ്പറേഷനെ ലാഭത്തിലാക്കുന്നത് പഠിക്കാന്‍ 2007-ല്‍ നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തോട്ടണ്ടി വാങ്ങുന്നതിനു നിലവിലുള്ള സംവിധാനം തുടരാന്‍ കോര്‍പ്പറേഷനു സ്വാതന്ത്ര്യം നല്‍കുന്ന ഉത്തരവിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ഇത് അന്വേഷണ ഏജന്‍സിയുടെ അധികാരപരിധിയില്‍ വരുന്നതല്ല. 

2. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചതാണ് എല്ലാ കരാറുകളും. ആരോപണങ്ങള്‍ക്ക് ഉത്തരവാദി ഐ.എ.എസ് ഓഫീസര്‍മാരുള്‍പ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡാണ്. 

3. തോട്ടണ്ടി വാങ്ങിയതില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശവും സ്റ്റോര്‍ പര്‍ച്ചേസ് മാന്വലും പാലിച്ചില്ലെന്നാണ് ആരോപണം. ഇത് കോര്‍പ്പറേഷനു ബാധകമാണെന്നു തെളിയിക്കുന്ന രേഖയില്ല. 

4. ഫണ്ട് തിരിമറി, പരിപ്പുവില്‍പ്പന എന്നിവയിലെ ക്രമക്കേട് തെളിയിക്കാനാവശ്യമായ തെളിവുകളില്ല

5. പ്രതികള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിനു തെളിവില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍

''സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് ആവശ്യമായ നിയമോപദേശം ലഭിച്ചതിനു ശേഷമാണ്. സി.ബി.ഐയുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് വിശദമായ നിയമപരിശോധന നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്ക് കടക്കുന്നത്. ആ നിയമ പരിശോധനയില്‍ സി.ബി.ഐ കണ്ടെത്തിയ ഓരോ കാര്യവും ശരിയല്ലെന്നാണ് ഞങ്ങള്‍ക്കു ലഭിച്ച ഉപദേശം. ഏതെങ്കിലും ഒരു കാര്യമല്ല, എല്ലാ കാര്യങ്ങളും തെറ്റാണെന്ന ഉപദേശമാണ് ലഭിച്ചത്''. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com