സെക്രട്ടേറിയറ്റിലെ തീ കത്തുന്നത് ആരുടെ നെഞ്ചില്‍?

ഭരണസിരാകേന്ദ്രത്തിലെ  ടൂറിസം, പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ തീ പിടിത്തം കേരളത്തെ കുറച്ചൊന്നുമച്ചൊന്നുമല്ല പിടിച്ചുകുലുക്കിയത് 
സെക്രട്ടേറിയറ്റിലെ തീ കത്തുന്നത് ആരുടെ നെഞ്ചില്‍?

സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ തീ ആരും കത്തിച്ചതല്ല സ്വയം കത്തിയതാണെന്ന പൊലീസ് കണ്ടെത്തലിനു പിന്‍ബലമേറെ. കഴിഞ്ഞ ഓഗസ്റ്റ് 25-ന് സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടിത്തം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് എന്ന വന്‍ പ്രചാരണത്തിനു കടകവിരുദ്ധമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റേത്. എങ്കിലും സമീപകാലത്തെ വിവിധ വിവാദവിഷയങ്ങളില്‍ എന്‍.ഐ.എ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിന് എതിരായി മാറുന്നത് ഒഴിവാക്കാന്‍ ഫയലുകള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിച്ചതാണെന്നു വിശ്വസിക്കുന്നവരുണ്ട്. സത്യം അതല്ലെന്നും യാദൃച്ഛികമായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നുമുള്ള എതിര്‍വാദവും ശക്തം. ഇതിനു വസ്തുതകളുടെ പിന്‍ബലം നല്‍കുന്നതാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. 

ഭരണസിരാകേന്ദ്രത്തിലെ ടൂറിസം, പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ തീപിടിത്തം കേരളത്തെ കുറച്ചൊന്നുമല്ല പിടിച്ചുകുലുക്കിയത്. വിവാദ സ്വര്‍ണ്ണക്കള്ളക്കടത്തും അതിലെ പ്രതികള്‍ക്കു യു.എ.ഇ കോണ്‍സുലേറ്റുമായും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനുമായുള്ള ബന്ധവും ദുരൂഹതയ്ക്കു കൂടുതല്‍ ആഴം നല്‍കി. ജി.എ.ഡി പൊളിറ്റിക്കല്‍ എന്നത് പ്രോട്ടോക്കോള്‍ ഓഫീസ് ഉള്‍പ്പെട്ട കാര്യാലയം ആണ്; സര്‍ക്കാരിന്റെ അതീവ പ്രധാന വിഭാഗം. പ്രതിപക്ഷവും ബി.ജെ.പിയും സംശയിക്കുക മാത്രമല്ല, തീര്‍പ്പു കല്പിക്കുകതന്നെ ചെയ്തു; ഇതു വെറും തീപിടിത്തമല്ല, ഭരിക്കുന്നവര്‍ തീവച്ചതാണ്; അതായത് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത അട്ടിമറി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി സെക്രട്ടേറിയറ്റിലെ തീ മാറുമെന്നും വന്നു. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ട് ഇടപെടല്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഓഗസ്റ്റ് 25-നു വൈകുന്നേരം 4.40-നു സംഭവിച്ചത് എന്താണെന്നു സംശയരഹിതമായി പുറത്തുവരേണ്ടതു സര്‍ക്കാരിന്റെ നിലനില്‍പ്പുമായിപ്പോലും ബന്ധപ്പെട്ട കാര്യമായി മാറി. അങ്ങനെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. അന്വേഷണം പ്രത്യേക സംഘത്തെ ഏല്പിക്കുകയും ചെയ്തു. രണ്ടു മാസത്തിലധികമായി നടന്നത് തലനാരിഴ കീറിയുള്ള അന്വേഷണം. 98 സാക്ഷികളുടെ മൊഴിയെടുത്തു. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ (എഫ്.എസ്.എല്‍)വിദഗ്ദ്ധര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഇതില്‍പ്പെടും. തീപിടുത്തമുണ്ടായ സ്ഥലത്തുനിന്നു ശേഖരിച്ച 45 വസ്തുക്കള്‍ എഫ്.എസ്.എല്ലിന്റെ പരിശോധനയ്ക്ക് അയച്ചു. 70-ല്‍ അധികം രേഖകള്‍ പരിശോധിച്ചു. ജി.എ.ഡി പൊളിറ്റിക്കല്‍ ഓഫീസിന്റെ പ്രവേശന കവാടത്തിനു സമീപത്ത് സി.സി.ടി.വി ഉണ്ട്. തീ പിടുത്തം ഉണ്ടായതിനു തൊട്ടുമുന്‍പുള്ള 48 മണിക്കൂറിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. 200-ല്‍ കൂടുതല്‍ ആളുകളെയാണ് ആ ദൃശ്യങ്ങളില്‍ കണ്ടത്. അവരെ ഓരോരുത്തരേയും ചോദ്യം ചെയ്തു. സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 4830 ഫയലുകളാണ് അവിടെ ഉണ്ടായിരുന്നത്. അത് ഓരോന്നും പരിശോധിച്ച് പട്ടിക തയ്യാറാക്കി. വളരെ പ്രധാനപ്പെട്ട ഒരു കാര്യം, കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ട മുഴുവന്‍ ഫയലുകളും സുരക്ഷിതമാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായി എന്നതാണ്. അവര്‍ ആവശ്യപ്പെട്ട ഫയലുകളുടേയും സര്‍ക്കാര്‍ അവ നല്‍കിയതിന്റേയും വ്യക്തമായ പട്ടിക ലഭ്യമായിരുന്നു, ഫയലുകള്‍ കൈപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ രസീത് ഉള്‍പ്പെടെ. അതുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഫിസിക്കല്‍ ഫയലുകള്‍ മാത്രമല്ല, ഇ ഫയലുകള്‍ കൂടിയാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലുള്ളത്. അതുകൊണ്ട് ഏതെങ്കിലും ഫിസിക്കല്‍ ഫയല്‍ നശിപ്പിച്ചതുകൊണ്ട് ഒരു വിഷയവും അവസാനിപ്പിക്കാനോ മറച്ചുവയ്ക്കാനോ കഴിയില്ല. എന്നാല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ പൊലീസിന്റെ കണ്ടെത്തലിനു വിപരീതമാണ്; ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള തീപിടുത്തമേയല്ല എന്നും തീവച്ചതുതന്നെയാണ് എന്നും അവര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും കൊടുക്കുന്നതിന്റെ ഒപ്പംതന്നെ എഫ്.എസ്.എല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വരികയും ചെയ്തു. തങ്ങള്‍ അന്നേ പറഞ്ഞില്ലേ എന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ തിരിയാന്‍ പ്രതിപക്ഷത്തിന് അത് ആയുധമായതു സ്വാഭാവികം. കൂടുതല്‍ സൂക്ഷ്മമായ വസ്തുതാ പരിശോധന അത്യാവശ്യമാണ് എന്ന തീരുമാനമാണ് പൊലീസ് എടുത്തിരിക്കുന്നത്. എഫ്.എസ്.എല്‍ പരിശോധിച്ച വസ്തുക്കള്‍ ഹൈദരാബാദിലെ ദേശീയ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ വിദഗ്ദ്ധപരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത് അതിന്റെ ഭാഗമായാണ്. 

ഏഴു വര്‍ഷം പഴക്കമുള്ള സീലിംഗ് ഫാനാണ് കത്തിയത്. അത് പൂര്‍ണ്ണമായും കത്തിത്തീര്‍ന്നു. സാങ്കേതിക തകരാര്‍ ഉള്ളതായിരുന്നു ഈ പോളാര്‍ ഫാന്‍. കൂടുതല്‍ പ്രവര്‍ത്തിച്ചപ്പോള്‍ അമിതമായി ചൂടായി. ഉള്ളിലെ പ്ലാസ്റ്റിക് ഉരുകിവീണത് താഴെ ഷെല്‍ഫിനു മുകളില്‍ വച്ചിരുന്ന കടലാസുകളിലാണ്. 80 സെന്റിമീറ്ററോളം മാത്രം ദൂരമാണ് ഷെല്‍ഫും ഫാനും തമ്മിലുണ്ടായിരുന്നത്. പ്ലാസ്റ്റിക് ഉരുകി വീണപ്പോള്‍ കടലാസുകള്‍ കത്തി തീപിടിച്ചു. ഇതാണ് പൊലീസ് കണ്ടെത്തിയത്. തീ പിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള ഒന്നിന്റേയും സാന്നിധ്യം തീപിടിത്തം നടന്ന ഭാഗത്തുനിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ഉണ്ടായിരുന്നില്ല. കത്തിനശിച്ച ഫാനിന്റെ എം.സി.ബി (മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍) ട്രിപ്പായ നിലയിലായിരുന്നു. അതിന്റെ ചിത്രങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്. അത് ട്രിപ്പായതു തന്നെയാണ് എന്നും അതിന്റെ സാങ്കേതിക കാരണങ്ങളും ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പു വരുത്തി. അതായത്, ഫാനിലേക്കുള്ള കണക്ഷന്‍ വയറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ എം.സി.ബി ട്രിപ്പാകാം എന്നാണു വ്യക്തമായത്. പൊലീസിന്റെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് നാല്‍പ്പതോളം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യാവലി എഫ്.എസ്.എല്ലിന് നല്‍കി മറുപടി തേടി. എന്നാല്‍, അതില്‍ ഓരോന്നിനുമുള്ള വ്യക്തമായ മറുപടി എഫ്.എസ്.എല്‍ നല്‍കിയില്ല. ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ആരോപണങ്ങള്‍ക്കോ പേരുദോഷത്തിനോ ഇടവരുത്താത്ത, സമ്മര്‍ദ്ദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വഴങ്ങാത്ത മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചത്. സ്പെഷല്‍ സെല്‍ എസ്.പി.വി. അജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിദേശവനിത ലിഗയുടെ കൊലപാതകം, ഇറ്റാലിയന്‍ നാവികര്‍ കടലില്‍ വച്ച് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവം എന്നിവ സമര്‍ത്ഥമായി അന്വേഷിച്ചു തെളിയിച്ച അജിത് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗസ്ഥനാണ്. ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊന്ന കുപ്രസിദ്ധമായ ഉത്രാ കേസ് അന്വേഷിച്ച് കൊലപാതകം പുറത്തുകൊണ്ടുവന്ന സി.ഐ. അനൂപ്, വാഹനാപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ നിഷേധിക്കപ്പെട്ടു മരിക്കാന്‍ ഇടയായ സംഭവം ഉള്‍പ്പെടെ കാര്യക്ഷമമായ അന്വേഷണം നടത്തിയ പല സംഘങ്ങളിലും അംഗമായിരുന്ന എസ്.ഐ സജന്‍ എന്നിവരൊക്കെ ആ ടീമിലുണ്ട്. എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ദേശീയ ഫൊറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അന്വേഷണസംഘം.

പരിമിതികളും പരാതികളും 

ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സാങ്കേതിക പരിമിതികള്‍ കൂടി വ്യക്തമാക്കിയ റിപ്പോര്‍ട്ടാണ് ഈ സംഭവത്തില്‍ പുറത്തുവന്നത്. വിഷ്വല്‍ ആന്റ് മൈക്രോസ്‌കോപ്പിക് പരിശോധനയാണ് എഫ്.എസ്.എല്‍ നടത്തിയത്. എന്നാല്‍, ഓഗര്‍ ഇലക്ട്രോണ്‍ സ്പെക്ട്രോസ്‌കോപ്പി പരിശോധനയിലൂടെ മാത്രമേ കൃത്യമായും വ്യക്തമായും വസ്തുത അറിയാന്‍ സാധിക്കുകയുള്ളു എന്ന് പൊലീസിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ദേശീയ ഫൊറന്‍സിക് ലാബുകളില്‍ ആ സംവിധാനമുണ്ട്. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഉണ്ടായിരിക്കെ ആദ്യം തന്നെ ദേശീയ ലാബുകളില്‍ അയയ്ക്കുന്നതു ശരിയായ രീതിയായി പൊലീസ് കരുതുന്നില്ല. അത്തരം കീഴ്വഴക്കവുമില്ല. ഇനി, സംസ്ഥാന എഫ്.എസ്.എല്‍ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘത്തിനു തൃപ്തി ഇല്ലാത്ത സാഹചര്യത്തില്‍ ദേശീയ ലാബിലേക്ക് അയയ്ക്കാം. മുന്‍പും പല കേസുകളിലും ഇങ്ങനെ അയച്ചിട്ടുണ്ട്. വെറും തൃപ്തിക്കുറവിന്റെ മാത്രം പ്രശ്‌നമല്ലെന്നും വസ്തുതാപരമായി പൊലീസിന്റെ കണ്ടെത്തലുകള്‍ക്കു നേര്‍വിപരീതമായത് അതേവിധം അംഗീകരിക്കാനാകില്ലെന്നും കൂടിയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫാനിന്റെ പ്ലാസ്റ്റിക് ഭാഗം ഉരുകിയതിനേക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധന നടത്താനും എഫ്.എസ്.എല്ലില്‍ സംവിധാനം ഇല്ല. അതും ദേശീയ ലാബിലെ പരിശോധനയില്‍ വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ കേസുകള്‍ മാത്രം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന സംവിധാനങ്ങളാണ് എഫ്.എസ്.എല്ലിനുള്ളത്. കെമിക്കല്‍ അനലൈസ്, പ്രധാന സൈബര്‍ അന്വേഷണങ്ങളുടെ ഭാഗമായ പരിശോധനകള്‍ തുടങ്ങിയവയ്ക്ക് കേരള പൊലീസ് ഹൈദരാബാദിലേയോ അഹമ്മദാബാദിലേയോ ഫൊറന്‍സിക് ലാബിനെ സമീപിക്കണം. ഈ സ്ഥിതി പരിഹരിക്കുന്നതിന് എഫ്.എസ്.എല്ലിന്റെ ആധുനികവല്‍ക്കരണം അടിയന്തര ആവശ്യമായി മാറുകയാണ്. 

അതിനിടെ, ഫൊറന്‍സിക് ലാബിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും സര്‍ക്കാരിനെതിരെ മനപ്പൂര്‍വ്വം പ്രവര്‍ത്തിച്ചു എന്ന വിമര്‍ശനം പൊലീസിലും ഇടതുമുന്നണിയിലും ശക്തമാണ്. എഫ്.എസ്.എല്ലില്‍നിന്നു റിപ്പോര്‍ട്ടു ചോര്‍ന്നതിനെക്കുറിച്ച് ആഭ്യന്തര വകുപ്പുതലത്തില്‍ അന്വേഷിക്കുന്നുമുണ്ട്. ചില നടപടികള്‍ ഉണ്ടാകാനാണ് സാധ്യത. എഫ്.എസ്.എല്‍ ജീവനക്കാര്‍ കോടതി ഉദ്യോഗസ്ഥരെയും കോടതി ഉദ്യോഗസ്ഥര്‍ തിരിച്ചും പരസ്പരം പഴി ചാരുന്നു എന്നതാണ് റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അകമേ പുകയുന്ന മറ്റൊരു കാര്യം. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവിടെനിന്നു ചോരില്ല എന്നതില്‍ കോടതി ഉദ്യോഗസ്ഥര്‍ക്കു സംശയമില്ല; സ്വയം തയ്യാറാക്കിയ റിപ്പോര്‍ട്ട് ചോര്‍ത്തുന്നവരല്ല എഫ്.എസ്.എല്‍ എന്ന് അവരും പറയുന്നു. എഫ്.എസ്.എല്‍ ഡയറക്ടര്‍ പദവിയിലേക്കു പരിഗണിക്കപ്പെടാന്‍ സീനിയോറിറ്റി ഉള്ളവര്‍ അവിടെ ഇല്ലാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. അത് എഫ്.എസ്.എല്‍ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു എന്ന വിലയിരുത്തലാണ് സര്‍ക്കാരിനും പൊലീസിനുമുള്ളത്. മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഹോണറിന് ഡി.ജി.പി എഫ്.എസ്.എല്ലില്‍നിന്നുള്ളവരെ പരിഗണിക്കാതിരുന്നതിലെ അമര്‍ഷവും നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഇതൊക്കെ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ട് നല്‍കാനും അതു ചോര്‍ത്താനും കാരണമാകുമോ എന്ന ചോദ്യം പ്രധാനമാണ്. ഏതെങ്കിലുമൊരു വിലയിരുത്തലില്‍ എത്തി എഫ്.എസ്.എല്ലില്‍ ജോലി ചെയ്യുന്നവരുടെ അഭിമാനവും ആത്മാര്‍ത്ഥതയും നിസ്സാരമായി ചവിട്ടിത്തേച്ചു പോകാനാകില്ല. അന്വേഷിച്ചു കണ്ടെത്തി പരിഹരിക്കേണ്ട അതൃപ്തികളിലേക്ക് സര്‍ക്കാര്‍ മനസ്സുവയ്‌ക്കേണ്ടിവരും. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിലൊരാളുടെ സംഘപരിവാര്‍ ബന്ധം, ജീവനക്കാരില്‍ ഒരാള്‍ക്ക് യു.ഡി.എഫിലെ പ്രമുഖ കക്ഷിയുമായുള്ള അടുത്ത ബന്ധം എന്നിവയൊക്കെ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു സംശയിക്കുന്ന ഘടകങ്ങളാണ്. 

ഈ സര്‍ക്കാര്‍ വന്ന ശേഷം തന്നെ മൂന്നു തവണ സെക്രട്ടേറിയറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതും തീപിടിച്ചതും കാര്യമായി വാര്‍ത്ത പോലുമായിരുന്നില്ല. സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിലും മറ്റൊരു ഓഫീസിലും പുറത്ത് സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലുമാണ് തീപിടുത്തമുണ്ടായത്. പഴക്കം, ഓവര്‍ലോഡ്, നിലവാരം കുറഞ്ഞ സാമഗ്രികളുടെ വിനിയോഗം, ഫാനുകളുടേയും മറ്റും തുടര്‍ച്ചയായ ഉപയോഗം എന്നിവയൊക്കെ സെക്രട്ടേറിയറ്റിലേയും അനുബന്ധ കെട്ടിടങ്ങളിലേയും ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ കാരണങ്ങളാണ്. ഇത് വിദഗ്ദ്ധരും പൊലീസും ചൂണ്ടിക്കാട്ടാറുള്ള കാര്യവുമാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്തും സമാനമായ ഷോര്‍ട്ട് സര്‍ക്യൂട്ട് സെക്രട്ടേറിയറ്റില്‍ തീപിടിത്തത്തിന് ഇടയാക്കിയിട്ടുണ്ട്. അതിലൊന്നുപോലും കേസെടുത്ത് അന്വേഷിക്കേണ്ടാത്തവിധം സാങ്കേതികത്തകരാറുകള്‍ എല്ലാവര്‍ക്കും വ്യക്തമായിരുന്നു. കേസെടുത്തിട്ടുമില്ല. സെക്രട്ടേറിയറ്റിനു മാത്രമായി പ്രത്യേകം പൊതുമരാമത്ത് വിഭാഗവും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവുമുണ്ട്. അവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടുതന്നെ വേഗം തീയണച്ച് അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് ചെയ്യാറ്. ഇത്തവണ ജി.എ.ഡി പൊളിറ്റിക്കല്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തവും ആ ഗണത്തില്‍പ്പെട്ടതാണ്. പക്ഷേ, രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രത്യേകതയും അതുമായി ആ ഓഫീസിന്റെ ബന്ധവും ഈ തീ ആളിക്കത്തിച്ചു എന്നതാണു സത്യം. 

ജി.എ.ഡി പൊളിറ്റിക്കലുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. വളരെ വലിയ ഇടപെടലാണ് ഇക്കാര്യത്തില്‍ അന്വേഷണസംഘം നടത്തിയത്. സെക്രട്ടേറിയറ്റ് പരിസരത്തെ മൊബൈല്‍ ടവര്‍ വഴി വരികയും പോവുകയും ചെയ്ത മുപ്പതിനായിരത്തിലധികം ഫോണ്‍ വിളികളാണ് പരിശോധിച്ചത്. ഒന്നും സംശയകരമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. തീപിടിച്ച സ്ഥലത്തുനിന്ന് സാനിറ്റൈസര്‍ കുപ്പിയും മദ്യക്കുപ്പിയും ഉള്‍പ്പെടെ ഒഴിഞ്ഞ കുപ്പികള്‍ കണ്ടെത്തിയിരുന്നു. അവ ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്തു. തീപിടുത്തത്തിന് ഈ കാലിക്കുപ്പികളിലെ എന്തെങ്കിലും വസ്തുക്കള്‍ കാരണമായിട്ടില്ല എന്ന വ്യക്തമായ നിഗമനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍, സെക്രട്ടേറിയറ്റിനുള്ളില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയതിനെക്കുറിച്ച് വകുപ്പുതല അന്വേഷണങ്ങള്‍ വേറെയുണ്ട്. അതില്‍ ചില കര്‍ക്കശ നടപടികള്‍ക്കാണ് സര്‍ക്കാര്‍ നീക്കം. ഈ കാലിക്കുപ്പികളുമായി ബന്ധപ്പെട്ട എഫ്.എസ്.എല്‍ റിപ്പോര്‍ട്ടും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് റിപ്പോര്‍ട്ടും സി.സി.ടി.വി ദൃശ്യങ്ങളും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും സാക്ഷികളുടെ മൊഴിയും കണ്ടെടുത്ത രേഖകളും പരിശോധിച്ചു. സംശയകരമായ ഒരിടത്തും എത്തിച്ചേരാന്‍ പൊലീസിനു കഴിഞ്ഞില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ വിശദപരിശോധനകള്‍ക്കായി കത്തിയ ഫാനിന്റെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് അതേപടി നിലനിര്‍ത്തുകയും ചെയ്തു.

ആയുധമാകുന്നത് ആര്‍ക്ക് 

ഫാനിന്റെ സാങ്കേതിക തകരാറും ഫാന്‍ കത്താന്‍ അത് കാരണമായതും ദേശീയ ഫൊറന്‍സിക് ലാബിലെ പരിശോധനയിലൂടെ വ്യക്തമാകും എന്ന ഉറപ്പിലാണ് പൊലീസ്. ഫാന്‍ അമിതമായി ചൂടായി പ്ലാസ്റ്റിക് ഭാഗങ്ങള്‍ ഉരുകി കടലാസുകളില്‍ വീണതാകാം തീപിടുത്ത കാരണം എന്ന അനുമാനമാണ് സ്ഥലപരിശോധന നടത്തിയ വിദഗ്ദ്ധസമിതിക്കുമുള്ളത്. തീപിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിഷണര്‍ എ. കൗശികന്റെ നേതൃത്വത്തിലാണ് ഉന്നതതല സമിതിയെക്കൂടി സര്‍ക്കാര്‍ നിയോഗിച്ചത്. തീപിടിത്തത്തിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവയാണ് ഈ സമിതി പരിശോധിച്ചത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യൂ ടെക്നിക്കല്‍ ഡയറക്ടര്‍, പി.ഡബ്ല്യൂ.ഡി ചീഫ് എന്‍ജിനീയര്‍, വൈദ്യുതിവകുപ്പിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടുള്ള വിയോജിപ്പ് ഒരിക്കല്‍ക്കൂടി തുറന്നുപറഞ്ഞ സംഭവം കൂടിയായിരുന്നു തീപിടിത്തം. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീവയ്പിനു നേതൃത്വം കൊടുക്കുന്നു എന്നു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മാത്രമല്ല, ഒരു പത്രത്തിനെതിരെ ചീഫ് സെക്രട്ടറി കേസ് കൊടുക്കും എന്ന പ്രതീതിയും ശക്തമായിരുന്നു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്ന തീരുമാനത്തിലേക്കു സമീപനം മയപ്പെടുത്തുകയാണ് ഉണ്ടായത്. ''ശരിയായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന മാധ്യങ്ങളെ നമ്മള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കാറുമുണ്ട്. സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തെ വക്രീകരിക്കുന്ന നിലയുണ്ടായി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം തീവെയ്പിനു നേതൃത്വം കൊടുക്കുന്നു എന്നു പറയുന്നിടത്തുവരെ കാര്യങ്ങള്‍ എത്തി. അത് ഏതെങ്കിലും ഒരാള്‍ പറഞ്ഞ വിടുവായത്തമല്ല. ചില മാധ്യമങ്ങള്‍ അങ്ങനെത്തന്നെ പറയുന്ന നിലയുണ്ടായി. തെറ്റായ കാര്യങ്ങള്‍ സൃഷ്ടിക്കുന്നത് സാധാരണനിലയിലുള്ള മാധ്യമധര്‍മ്മമല്ലല്ലോ. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീവെയ്ക്കാനും തെളിവു നശിപ്പിക്കാനും നടക്കുന്നവരാണ് എന്നു പറയുന്ന നിലയുണ്ടായാല്‍ അതു ഭരണസംവിധാനത്തെയാകെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലേ. അങ്ങേയറ്റം അവിശ്വാസമായ ഒരു അവസ്ഥ നാട്ടിലുണ്ടാക്കുന്ന നിലയല്ലേ വരിക. അത് മാധ്യമ ധര്‍മ്മമല്ലല്ലോ. അക്കാര്യം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തും'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേസ് കൊടുക്കാനുള്ള തീരുമാനമെടുത്തത് സെപ്റ്റംബര്‍ 23-നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്. സെക്രട്ടേറിയറ്റിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പല സുപ്രധാന തെളിവുകളും പൊതുഭരണവകുപ്പില്‍ ഉണ്ടെന്ന് എന്‍.ഐ.എ മനസ്സിലാക്കിയെന്നും അവര്‍ അതു പിടിച്ചെടുക്കാന്‍ വൈകിയതു മുതലെടുത്ത് തെളിവുകള്‍ നശിപ്പിച്ചു കളയാന്‍ സര്‍ക്കാരിന് അവസരം കിട്ടി എന്നുമാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ച മുഖ്യ ആരോപണങ്ങളില്‍ ഒന്ന്. എന്നാല്‍, എന്‍.ഐ.എ ആവശ്യപ്പെട്ട ഫയലുകള്‍ അവര്‍ കൈപ്പറ്റിയെന്നും തീപിടിത്തം സാങ്കേതിക തകരാറാണ് എന്നും  തെളിവുകളോടെ പുറത്തുവരുന്നതിലെ ആശ്വാസമുണ്ട് സര്‍ക്കാരിന്. എഫ്.എസ്.എല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ വേഗം തീര്‍ന്നുകിട്ടും എന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. 

വന്‍ കോലാഹലങ്ങള്‍ക്കിടെ പൊലീസും ആഭ്യന്തരവകുപ്പിന്റെതന്നെ ഭാഗമായ എഫ്.എസ്.എല്ലും രൂക്ഷഭാവത്തില്‍ മുഖാമുഖം നില്‍ക്കുന്നു എന്നത് നിസ്സാരമല്ല. എങ്കിലും കേരളത്തിലെ രാഷ്ട്രീയപ്പോരിനു പലമടങ്ങ് ചൂട് കൂട്ടിയ ഈ സംഭവത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിപക്ഷം ആദ്യത്തെ ആവേശം കഴിഞ്ഞു നിശ്ശബ്ദരാണ്. നവംബര്‍ എട്ടിലെ എഫ്.എസ്.എല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്‍പതിനു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്, സെക്രട്ടേറിയറ്റ് തീപിടിത്തം വന്‍ അട്ടിമറിയാണെന്ന് വ്യക്തമായെന്നും അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കണം എന്നുമാണ്. സര്‍ക്കാരിന്റെ അറിവോടെ നടന്ന അട്ടിമറി എന്ന ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടു മുന്നില്‍ വച്ച് നവംബര്‍ 9ന് വലിയ കടന്നാക്രമണമാണ് സര്‍ക്കാരിനും പൊലീസിനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയത്. സത്യം മൂടിവയ്ക്കാനും കുറ്റവാളികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത് എന്ന് ആരോപിക്കുക മാത്രമല്ല, ഒരുപടികൂടി കടന്ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. തീപിടിത്തം ഉണ്ടായ ഓഗസ്റ്റ് 25-നു തന്നെ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിന്റെ തെളിവുകള്‍ എല്ലാം നശിപ്പിക്കുന്നതിന്റെ ഭാഗമായ തീപിടിത്തം എന്നാണ് അദ്ദേഹം ഗവര്‍ണറോടു പറഞ്ഞത്. ഭരണത്തലവന്‍ എന്ന നിലയില്‍ ഇടപെടലും ആവശ്യപ്പെട്ടു. 

ദേശീയ ഫൊറന്‍സിക് ലബോറട്ടറിയുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതിപക്ഷവും ഈ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കണോ വേണ്ടേ എന്നു തീരുമാനിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സെക്രട്ടേറിയറ്റിലെ തീപിടിത്തം ആര്‍ക്ക് പ്രചാരണ ആയുധമാകണമെങ്കിലും ഹൈദരാബാദില്‍നിന്നുള്ള ആ പരിശോധനാഫലം കൂടി പുറത്തു വരേണ്ടിവരും. പൊലീസ് പറഞ്ഞതിനുതന്നെയാണ് ദേശീയ ലബോറട്ടറിയും അടിവരയിടുന്നതെങ്കില്‍ സ്വാഭാവിക ആശ്വാസം സര്‍ക്കാരിന്; അങ്ങനെയല്ലെങ്കില്‍ പ്രതിപക്ഷത്തിന് മുഖ്യ ആയുധമായി മാറുകയും ചെയ്യും.

രാഷ്ട്രീയത്തീ പുകഞ്ഞുതന്നെ നില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com