ഉമ്മന്‍ ചാണ്ടി- അമ്പതാമാണ്ടിലെ ഉയിര്‍പ്പുതിരുന്നാള്‍

ഇങ്ങനെ കേരളരാഷ്ട്രീയം ഒരു പിരിമുറുക്കത്തിലമര്‍ന്നൊരു സന്ദര്‍ഭത്തിലാണ് താരശോഭയോടെ മാധ്യമലോകത്ത് വീണ്ടും ഉമ്മന്‍ ചാണ്ടി എന്നൊരു നേതാവ് പ്രത്യക്ഷപ്പെടുന്നത് എന്നത് തികച്ചും യാദൃച്ഛികം
ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി

മഞ്ഞില്‍ വിരിഞ്ഞ പൂവ്
മോഹന്‍ലാലിന്റെ ആദ്യം റിലീസ് ചെയ്യപ്പെട്ട സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. 1980-ലായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് വച്ചടി വച്ചടി കയറ്റം. 2010-ല്‍ അദ്ദേഹം 30 വര്‍ഷത്തെ ജൈത്രയാത്ര പൂര്‍ത്തിയാക്കി. 
ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയില്‍ എത്തിയത് 1970-ല്‍. തുടര്‍ച്ചയായ ഒന്‍പതു വിജയങ്ങളുമായി 2010-ല്‍ 40 വര്‍ഷം...
-കുഞ്ഞൂഞ്ഞുകഥകളില്‍ നിന്ന്

ഗസ്റ്റ്, 2020.
കൊവിഡും പ്രകൃതിക്ഷോഭങ്ങളും തകര്‍ത്ത കേരളം. പിണറായി വിജയന്‍ നയിക്കുന്ന ഇടതുജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ നാലാമത്തെ വര്‍ഷം. ജനതയും സംസ്ഥാന ഭരണകൂടവും പ്രതിസന്ധികളില്‍പ്പെടുന്ന അവസരങ്ങളിലൊഴികെ, മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ വിമുഖനായിരുന്ന മുഖ്യമന്ത്രി മൂന്നു മാസത്തിലേറെയായി ദിനേനയെന്നോണം മാധ്യമങ്ങള്‍ മുഖാന്തരം ജനങ്ങളുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്നു. ഓരോ ദിവസവും ഉല്‍ക്കണ്ഠയോടെയും ആകാംക്ഷയോടെയും ജനം മുഖ്യമന്ത്രിക്കു പറയാനുള്ളത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ ചാനല്‍ ഒരു തുടര്‍ഭരണം പ്രവചിക്കുന്നു. 

വൈകാതെ ഗവണ്‍മെന്റിനെതിരേയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും നിരവധി ആരോപണങ്ങള്‍ ഉയരുന്നു. ഡാറ്റാ വിവാദം, സ്വര്‍ണ്ണ കള്ളക്കടത്ത്, സെക്രട്ടേറിയറ്റ് തീപ്പിടുത്തം, ബംഗ്ലൂരിലെ മയക്കുമരുന്നു വേട്ട, പ്രോട്ടോക്കോള്‍ ലംഘിച്ച് ഖുര്‍ആന്‍ എത്തിച്ചത് അങ്ങനെ അനവധി ആക്ഷേപങ്ങള്‍ അന്തരീക്ഷം ശബ്ദായമാനമാക്കുന്നു. മാധ്യമങ്ങളൊന്നടങ്കവും പ്രതിപക്ഷവും ലിബറല്‍ ബുദ്ധിജീവികളും സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിത്യേനയെന്നോണം പുതിയ പുതിയ ആരോപണങ്ങളുമായി മാധ്യമസമ്മേളനം നടത്തി വിയര്‍ക്കുന്നു. ഒരുവേള തുടര്‍ഭരണംപോലും പ്രതീക്ഷിച്ചവര്‍ ''തീര്‍ന്നു കഥയെന്ന് വിധിയെഴുതിക്കൂടേ'' എന്നു ചോദ്യമുയര്‍ത്തുന്നു. സമരങ്ങള്‍ തെരുവുകളെ മുദ്രാവാക്യമുഖരിതവും സംഘര്‍ഷപൂരിതവുമാക്കുന്നു. രക്തവും പോസ്റ്റര്‍ പെയിന്റും കറുത്ത പാതകളെ ചുവപ്പിക്കുന്നു. 

ഇങ്ങനെ കേരളരാഷ്ട്രീയം ഒരു പിരിമുറുക്കത്തിലമര്‍ന്നൊരു സന്ദര്‍ഭത്തിലാണ് താരശോഭയോടെ മാധ്യമലോകത്ത് വീണ്ടും ഉമ്മന്‍ ചാണ്ടി എന്നൊരു നേതാവ് പ്രത്യക്ഷപ്പെടുന്നത് എന്നത് തികച്ചും യാദൃച്ഛികം. നിമിത്തമായത് അദ്ദേഹത്തിന്റെ നിയസഭാ സാമാജികത്വത്തിന്റെ സുവര്‍ണ്ണജൂബിലിയും. മോഹന്‍ലാലിന്റെ ജൈത്രയാത്ര 40 പൂര്‍ത്തീകരിച്ച 2020-ല്‍ ഉമ്മന്‍ ചാണ്ടിക്ക് അമ്പതിന്റെ സുവര്‍ണ്ണകാന്തി. കാന്തി പകര്‍ന്നതാകട്ടെ, തുടര്‍ച്ചയായി അരനൂറ്റാണ്ടു കാലം കോട്ടയം ജില്ലയിലെ പുതുപ്പള്ളി എന്ന മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലിരുന്ന് റെക്കോര്‍ഡിട്ടും. തീര്‍ച്ചയായും പാലാക്കാരുടെ കെ.എം. മാണിക്കു പുറമേ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം. പാലാ മണ്ഡലം നിലവില്‍ വന്നതിനുശേഷം മരിക്കുംവരെ കെ.എം. മാണി പാലായേയും പാലാക്കാര്‍ മാണിയേയും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചിട്ടുണ്ട്.  

പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തല സഭയ്ക്കകത്തും പുറത്തും തിളങ്ങിനില്‍ക്കുകയും അദ്ദേഹത്തില്‍ 'ഭാവി മുഖ്യമന്ത്രി'യെ സ്വന്തം ഗ്രൂപ്പുകാരും ഗ്രൂപ്പിനതീതമായി മറ്റു ചിലരും ദര്‍ശിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ചാണ്ടിയുടെ നിയമസഭാംഗത്വാഘോഷമെന്നത് ശ്രദ്ധേയമാണ്. മറ്റൊരു സംസ്ഥാനത്തിന്റെ ചുമതല നല്‍കി താല്‍ക്കാലികമായി നാടുകടത്തപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് പരാജയത്തിനു ശേഷം ചാണ്ടി. എന്നാല്‍, നിയമസഭാ സുവര്‍ണ്ണജൂബിലി എന്ന അവസരം മുന്‍നിര്‍ത്തി ഉജ്ജ്വലമായ ഒരു തിരിച്ചുവരവിനാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. അതോടൊപ്പം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി അംഗമായുള്ള നിയമനവും ചാണ്ടിയുടെ തിരിച്ചുവരവിനു മാറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതോടെ നേതൃ വടംവലിയില്‍ രമേശ് ചെന്നിത്തലയെ അതിവേഗം ബഹുദൂരം പിറകിലാക്കാനും അദ്ദേഹത്തിനു സാധിച്ചിരിക്കുന്നുവെന്നുവേണം പറയാന്‍. പുതുപ്പള്ളിക്കാരെപ്പോലെ മാധ്യമങ്ങള്‍ക്ക് ഇത്രയേറെ പ്രിയങ്കരനായ മറ്റൊരു നേതാവില്ലെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഇമ്മട്ടിലൊരു സ്വീകാര്യത കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ക്കുപോലും ലഭിച്ചിട്ടില്ലെന്നതും കാണേണ്ടതാണ്. ഏതു വലിയ പ്രതിസന്ധിഘട്ടത്തിലും അക്ഷോഭ്യനായും സമചിത്തതയോടെയും നിലകൊള്ളാന്‍ കഴിവുള്ള ചാണ്ടിയെ കേരളത്തിലെങ്കിലുമൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന കോണ്‍ഗ്രസ്സ് പ്രസ്ഥാനം ആശ്രയിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എത്ര വലിയ വിമര്‍ശനങ്ങളോടും സൗമനസ്യത്തോടെ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ പതിവും ആര്‍ക്കും എപ്പോഴും ആശ്രയമേകുന്ന ശീലവും ജനപ്രിയതയുമാണ് ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. 

ഇന്ദിരാ​ഗാന്ധി
ഇന്ദിരാ​ഗാന്ധി

തന്ത്രശാലിയുടെ വിജയരഹസ്യങ്ങള്‍ 

മനോരമ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്സ് എന്നിവയിലൂടെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ഉയരങ്ങളെ പ്രാപിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ്സിന് നിരവധി നേതാക്കളെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും അരങ്ങേറ്റം. സമരം നടക്കുമ്പോള്‍ സെയിന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരുന്നു അദ്ദേഹം. തുടര്‍ന്ന് 1962-1963 കാലത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി 1964-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. തുടര്‍ന്ന് 1967-ല്‍ എ.കെ. ആന്റണിക്ക് പകരക്കാരനായി കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ അവരോധിക്കപ്പെട്ടു. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സിന്റെ തലപ്പത്തെത്തി. ചാണ്ടിയുടെ ശൈലിപോലെ അനന്യത അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ പേരും. ''അങ്ങനെ യൊരു പേര് വേറൊരാള്‍ക്കും ഇല്ലാതെ പോയതാണ്'' കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവരാന്‍ കാരണമായത് എന്ന് പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ രഹസ്യമായി ആക്ഷേപിച്ചു കേട്ടിട്ടുണ്ട്. 

1970-ല്‍ നിയമസഭാ തെരഞ്ഞെടു പ്പില്‍ പുതുപ്പള്ളിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തി സംസ്ഥാന നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നിമത്സരത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് രണ്ടുവട്ടം പുതുപ്പള്ളിയില്‍നിന്നും വിജയിച്ച സി.പി.എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ''രണ്ടാം സ്ഥാനത്തു വന്നാലും ജയിച്ചതായി തങ്ങള്‍ കണക്കുകൂട്ടും'' -കോണ്‍ഗ്രസ്സ് നേതാവ് പ്രൊഫ. കെ.എം. ചാണ്ടി പറഞ്ഞതിങ്ങനെ. എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി എതിരാളിയെ മലര്‍ത്തിയടിച്ചു. ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി വിജയിച്ചു. 

കെ കരുണാകരൻ
കെ കരുണാകരൻ

111 സീറ്റു നേടി കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സും സഖ്യകക്ഷികളും വിജയിച്ച 1977-ലെ തെരഞ്ഞെടുപ്പിലും പുതുപ്പള്ളിയില്‍നിന്ന് വലിയ ഭൂരിപക്ഷത്തോടെ ഉമ്മന്‍ ചാണ്ടി വിജയിച്ചു. തൊഴില്‍മന്ത്രിയുമായി. എന്നാല്‍, രാജന്‍ കേസിനെത്തുടര്‍ന്ന് കരുണാകരന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. എ.കെ. ആന്റണി പകരം വന്നു. അപ്പോഴും ചാണ്ടിയുടെ മന്ത്രിപദം തെറിച്ചില്ല. ഒരു പൂച്ചയ്ക്ക് ഒന്‍പതു ജന്മമുണ്ടെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുംവിധമായിരുന്നല്ലോ എക്കാലത്തും ചാണ്ടിയുടെ വിധി. 

ദേശീയ രാഷ്ട്രീയം നിരവധി പ്രക്ഷുബ്ധതകള്‍ക്ക് സാക്ഷ്യംവഹിച്ച കാലമായിരുന്നു അത്. അതിന്റെ അലയൊലികള്‍ കേരള രാഷ്ട്രീയത്തിലും പ്രകടമായി. എന്നാല്‍, പ്രഖ്യാപിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ എന്ന അപകടത്തെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് പലര്‍ക്കും ബോധമുദിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറെ മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്ദിരയുടെ കാല്‍ക്കീഴിലെ മണ്ണ് അവര്‍ക്കും അവരുടെ വൈതാളികവൃന്ദത്തിനും ഒഴികെ മറ്റെല്ലാവര്‍ക്കും ബോധ്യമായിത്തുടങ്ങി. അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡും പ്രവര്‍ത്തകസമിതിയും ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞു. ഇന്ദിരയും നരസിംഹറാവു അടക്കമുള്ള മറ്റു പലരും രാജിവെയ്ക്കുകയും പിളര്‍പ്പ് ആസന്നമാകുകയും ചെയ്തു. 1978 ജനുവരിയില്‍ ഇന്ദിരാഗാന്ധി സമാന്തര എ.ഐ.സി.സി നടത്തുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇന്ദിരാവിഭാഗം എന്നൊരു പാര്‍ട്ടി ഉണ്ടാകുകയും ചെയ്തു. സി.എം. സ്റ്റീഫന്‍ പ്രതിപക്ഷ നേതാവായി. കരുണാകരന്‍ ഇന്ദിരാഗാന്ധിയുടെ പക്ഷത്ത് ഉറച്ചുനിന്നപ്പോള്‍ ആന്റണിയും വയലാര്‍ രവിയും ഇന്ദിരാവിരുദ്ധ വിഭാഗമായ ദേവരാജ് അര്‍സിനൊപ്പം നിലയുറപ്പിച്ചു. എന്നും അധികാരത്തിനൊപ്പം നിലകൊണ്ട ചരിത്രമേ ഉമ്മന്‍ ചാണ്ടിക്കുള്ളൂ എന്ന് ശത്രുക്കള്‍ പറയുമെങ്കിലും കലശലായ ജനാധിപത്യാഭിമുഖ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു അദ്ദേഹം ഇന്ദിരയുടെ കഷ്ടകാലത്ത് അവരുടെ എതിര്‍ചേരിയില്‍ അര്‍സ് കോണ്‍ഗ്രസ്സില്‍ നിലയുറപ്പിച്ചത് എന്നത് നേര്. അതുകൊണ്ട് അല്പായുസ്സായ ആന്റണി മന്ത്രിസഭയില്‍ രണ്ടാമതൊരാള്‍ തൊഴില്‍ മന്ത്രിയായില്ല.  പക്ഷേ, ഏറെ വൈകുംമുന്‍പേ ആദര്‍ശധീരനായ ആന്റണി വീണ്ടും പാലം കുലുക്കി. ജനാധിപത്യത്തെ കശാപ്പുചെയ്ത അടിയന്തരാവസ്ഥയ്ക്കു കാരണക്കാരിയായ ഇന്ദിരയെ ചിക്മംഗലൂരില്‍ പിന്തുണയ്ക്കാന്‍ അര്‍സ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 1978 ഒക്ടോബറില്‍ ആന്റണി രാജിവച്ചു. തുടര്‍ന്നുണ്ടായ പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി അംഗമായില്ല. അന്ന് ആന്റണിക്കൊപ്പം പടിയിറങ്ങിയ ഉമ്മന്‍ ചാണ്ടി പിന്നീടങ്ങോട്ട് എല്ലാക്കാലത്തും കരുണാകരന്‍ പ്രതിനിധാനം ചെയ്ത ഇന്ദിരാ വിഭാഗത്തിനെതിരെ നിലകൊണ്ടു. പില്‍ക്കാലത്ത്, കേരള രാഷ്ട്രീയത്തിലെ അതികായന്മാരില്‍ ഒരാളും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായ കരുണാകരന്റെ രാഷ്ട്രീയ വിധി തിരുത്തിക്കുറിക്കുന്നതില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കുകയും ചെയ്തു. 

എകെ ആന്റണി
എകെ ആന്റണി

രാഷ്ട്രീയം മാറിമറിയുന്നു

ദേശീയതലത്തിലും സംസ്ഥാനതലത്തിലും അക്കാലത്ത് വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ രൂപമെടുത്തു. 1980-ല്‍ കേരളത്തില്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോണ്‍ഗ്രസ്സ് ദേശീയതലത്തില്‍ ശത്രുവായ ജനതാപാര്‍ട്ടിയുമായി വരെ സഖ്യമുണ്ടാക്കി. എന്നാല്‍, കേരളത്തില്‍ ആശയപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിറവിയായിരുന്നു ശ്രദ്ധേയമായ ഒരു സംഭവവികാസം. 1980-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ കോണ്‍ഗ്രസ്സ് യു, പ്രതിനിധിയായി ഉമ്മന്‍ ചാണ്ടി ജയിച്ചു. ദേവരാജ് അര്‍സ് ജനതാപാര്‍ട്ടിയില്‍ ചേരുകയും കോണ്‍ഗ്രസ്സ് യു ഇല്ലാതാകുകയും ചെയ്തപ്പോള്‍ ആന്റണി കോണ്‍ഗ്രസ്സുകാരനായി ചാണ്ടി. 93 സീറ്റുണ്ടായിരുന്ന എല്‍.ഡി.എഫില്‍ 21 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്സ് യു മുന്നണിയുടെ ഭരണത്തിലുള്ള നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരുന്നു. ജില്ലാ കൗണ്‍സിലുകള്‍ നിലവില്‍ വരുന്നതുകൊണ്ട് 14 അംഗ മന്ത്രിസഭ മതി എന്ന് മുന്നണിക്ക് നേതൃത്വം കൊ ടുത്ത സി.പി.ഐ.എം നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ ആ വാദഗതിയെ മുന്നണിക്കുള്ളില്‍ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും കോണ്‍ഗ്രസ്സ് ചെറുത്തുതോല്‍പ്പിച്ചുവെന്ന് 'കാസ്റ്റിംഗ് മന്ത്രിസഭ' എന്ന പുസ്തകത്തില്‍ എ. ജയശങ്കര്‍ എഴുതിയിട്ടുണ്ട്. നാലു മന്ത്രിസ്ഥാനത്തിനുവേണ്ടി ആന്റണിയും ഉമ്മന്‍ ചാണ്ടിയും നിര്‍ബ്ബന്ധം പിടിച്ചതും പിന്നീട് ഇന്ദിരാതരംഗം ആഞ്ഞുവീശിയെന്നു മനസ്സിലാക്കി കോണ്‍ഗ്രസ്സിലേക്കുതന്നെ തിരിച്ചുപോയതും അധികാരത്തോടുള്ള താല്‍പ്പര്യം കൊണ്ടൊന്നുമല്ല, മറിച്ച് ആദര്‍ശം പുലരാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടായിരുന്നു. 

ആദ്യത്തെ നായനാര്‍ മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും മന്ത്രിമാരാകണമെന്നായിരുന്നു ആന്റണിയുടെ ഇംഗിതം. എങ്കിലും ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. മാര്‍ക്‌സിസം-ലെനിനിസം എന്ന ആശയത്തോടുള്ള ആദര്‍ശപരമായ എതിര്‍പ്പുകൊണ്ടല്ല, തന്നെ വളര്‍ത്തി ആളാക്കിയ മാധ്യമസ്ഥാപനത്തോടുള്ള കടപ്പാടുകൊണ്ടാണ് നായനാര്‍ മന്ത്രിസഭയില്‍ അംഗമാകാതിരുന്നതെന്നാണ് മേല്‍ച്ചൊന്ന പുസ്തകത്തില്‍ പറയുന്നത്. ഒരുപക്ഷേ, വെറുമൊരു ആരോപണമാകാം. എന്തായാലും, ആദര്‍ശം ഇരുമ്പുലക്കയൊന്നുമല്ലല്ലോ. 

നായനാര്‍ മന്ത്രിസഭയെ അട്ടിമറിക്കുന്നതിനും ഇന്ദിരാ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ബദല്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനും താല്പര്യപ്പെട്ടവരില്‍ ഒന്നാമനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ.സി. ജോണ്‍ 'കേരള രാഷ്ട്രീയം: ഒരു അസംബന്ധ നാടകം' എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്. അന്നത്തെ ഇന്ദിരാവിരുദ്ധ വിഭാഗം കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായിരുന്ന ശരത് പവാറിന് കോണ്‍ഗ്രസ്സ് ഐയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നു കാണിച്ച് ആന്റണിക്കുവേണ്ടി രണ്ടു കത്തുകള്‍ ഉമ്മന്‍ ചാണ്ടി അയച്ചു. എന്നാല്‍, രണ്ടിനും നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. ഇന്ദിരാ കോണ്‍ഗ്രസ്സ് അടക്കമുള്ള ഇടതുപക്ഷേതര പാര്‍ട്ടികളില്‍നിന്നു അകന്നുനിന്നാല്‍ സംഭവിക്കാവുന്ന തെരഞ്ഞെടുപ്പുകളിലെ ത്രികോണമത്സരം സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ആധിപത്യത്തിനു വഴിവെയ്ക്കുമെന്നായിരുന്നു അന്ന് ഇന്ദിരാവിരുദ്ധ കോണ്‍ഗ്രസ്സ് ക്യാംപിലുയര്‍ന്ന പ്രധാന ആശങ്ക. വിമോചനസമരത്തിന്റെ പാരമ്പര്യത്തില്‍ പിറന്നുവീണ ആന്റണി ബ്രാന്‍ഡ് രാഷ്ട്രീയത്തിന്റെ ശരിയായ പിന്തുടര്‍ച്ചക്കാരന്‍ തന്നെയായിരുന്നു എക്കാലത്തും ഉമ്മന്‍ ചാണ്ടി. അടിയന്തരാവസ്ഥയുടെ ഇരകളായി ചത്തുവീണവരുടെ ചോരയുടെ ചൂടാറും മുന്‍പേ അത് അടിച്ചേല്പിച്ചവരുടേയും നടപ്പാക്കിയവരുടേയും ക്യാംപിലേക്ക് ഉത്സാഹപൂര്‍വ്വം തിരിച്ചുചെന്നതിന് ആന്റണിയെപ്പോലെ ചാണ്ടിയേയും കുറ്റപ്പെടുത്തുന്നവരുണ്ട്. ഈയടുത്ത് ഒരു അഭിമുഖത്തില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ രാജ്യത്ത് അച്ചടക്കവും മുന്നോട്ടു പോകുന്നതിനുള്ള അനുകൂലമായ സ്ഥിതിയും ഉണ്ടാക്കിയെന്ന് ചാണ്ടി പ്രകീര്‍ത്തിക്കുന്നതു കേട്ട് അമ്പരന്നു പോയവരുമുണ്ട്. രാജ്യത്ത് ജനാധിപത്യം കൂടിപ്പോയതാണ് അബദ്ധമെന്നും അച്ചടക്കം പാലിക്കാന്‍ പട്ടാളഭരണം വരണമെന്നുമൊക്കെയുള്ള പ്രസ്താവനകള്‍ മോദി ഭരിക്കാന്‍ തുടങ്ങിയതിനുശേഷം കേള്‍ക്കാതെയായിപ്പോയിരുന്നതാണ്. പൊലീസ് സ്റ്റേറ്റ് എന്ന ഭീഷണി വലുതായി വരുന്ന ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയണമായിരുന്നോ എന്നൊക്കെ ശങ്കിക്കുന്ന നിഷ്‌കളങ്കരുണ്ട്. ആദര്‍ശം ഇരുമ്പുലക്കയല്ലെന്ന് മനസ്സിലാകാത്തതാണ് അവരുടെ കുഴപ്പമെന്നു ചാണ്ടി പറയും. അടിയന്തരാവസ്ഥയ്ക്കുശേഷം ഇടതുപക്ഷവുമായുള്ള ഐക്യത്തിന് മാനസികമായി യോജിപ്പില്ലായിരുന്നുവെന്നാണ് ഒടുവില്‍ ഒരു അഭിമുഖത്തില്‍ ചാണ്ടി വ്യക്തമാക്കിയത്. ചാണ്ടിക്കതു പറയാം. മോദിയെപ്പോലെ അച്ചടക്കം വികസനത്തിനു അനിവാര്യമാണെന്നു ബോധ്യമുള്ളയാളാണ് അദ്ദേഹവുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചേക്കും.  

വിഎം സുധീരൻ
വിഎം സുധീരൻ

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ജി.കെ. മൂപ്പനാരുടെ കാര്‍മ്മികത്വത്തിലായിരുന്നു അന്ന് കോണ്‍ഗ്രസ്സ് ഐയും എയും ലയിക്കുന്നത്. കരുണാകരന്‍, വയലാര്‍ രവി, തച്ചടി പ്രഭാകരന്‍ എന്നിവര്‍ക്കൊപ്പം ലയനത്തിന് എ ഗ്രൂപ്പില്‍നിന്നു മുന്‍കയ്യെടുത്തയാളായിരുന്നു ചാണ്ടിയും. നായനാര്‍ ഗവണ്‍മെന്റ് അധികാരത്തിലേറി വര്‍ഷം തികയും മുന്‍പേ ആന്റണിക്കും ചാണ്ടിക്കും സി. പി.ഐ.എമ്മുമായുള്ള സഹകരണം ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്നു ബോധ്യപ്പെട്ടിരുന്നു. ലയനത്തിനുശേഷമുള്ള സംഘടനാ സംവിധാനത്തെക്കുറിച്ച് ഇന്ദിരാഗാന്ധി തീരുമാനിക്കുമെന്ന് മൂപ്പനാര്‍ പറഞ്ഞതിന് ''അതേ'' എന്നു തലയാട്ടുമ്പോള്‍ ആന്റണിക്കുണ്ടായില്ല ജനാധിപത്യത്തെക്കുറിച്ച്, അതിന്റെ കേന്ദ്രീകരണത്തെക്കുറിച്ച് ഈ ആശങ്ക. ഉമ്മന്‍ ചാണ്ടിക്കുണ്ടായില്ല എതിര്‍പ്പ്. 

1982-ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും ജയിച്ചു. എന്നാല്‍, ബദ്ധവൈരിയായ കരുണാകരന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ താല്പര്യപ്പെട്ടില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളില്‍ പ്രതിപക്ഷത്തു നിലയുറപ്പിച്ചു. നിയമസഭയ്ക്കുള്ളിലും പുറത്തും കോണ്‍ഗ്രസ്സ് ഭരണത്തിനെതിരെയുള്ള വികാരം പ്രതിപക്ഷം മുതലെടുക്കാതിരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ പങ്കു നിര്‍വ്വഹിച്ചും എന്നാല്‍, ഭരണം കമ്യൂണിസ്റ്റ് മുന്നണിയിലേക്ക് ചെന്നുചേരാതിരിക്കാന്‍ ശ്രദ്ധവെച്ചും ഇടപെട്ടു. 1987-ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സി.പി.ഐ.എമ്മിലെ വി.എന്‍. വാസവനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി. 1991-ല്‍ കെ. കരുണാകരന്‍ നാലാംതവണ മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ ചാണ്ടി ധനകാര്യവകുപ്പ് കൈകാര്യം ചെയ്തു. കുറേയൊക്കെ, വിമതത്വം അമര്‍ച്ച ചെയ്യുന്നതിനു വിമതനെ അധികാരത്തിന്റെ ഭാഗമാക്കുക എന്ന പഴയ തന്ത്രത്തിന്റെ ആവര്‍ത്തനം. പിന്നെ ആന്റണി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദവും. 

ആന്റണിയെന്ന മുടിയനായ പുത്രനേയും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികളേയും മാതൃസംഘടനയിലേക്കു മടക്കിക്കൊണ്ടുവരുന്നതിനു ഏറെ ഉത്സാഹിച്ച ആളാണ് കെ. കരുണാകരന്‍ എന്നു ചരിത്രം പറയുന്നു. എന്നാല്‍, ഇരിക്കുന്ന കൊമ്പുമുറിക്കുന്ന പ്രവൃത്തിയാണ് താന്‍ ചെയ്തതെന്ന് കരുണാകരന്‍ ഖേദിച്ചിരിക്കാം. 1991 ജൂണ്‍ 24-ന് തന്റെ മന്ത്രിസഭയില്‍ പ്രധാന സ്ഥാനത്തിരുത്തിയ ആള്‍ തന്നെ തനിക്കെതിരെയുള്ള കലാപങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുമെന്ന് അദ്ദേഹം സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നതിനും തന്നോട് ചതിയാണ് ചെയ്തതെന്നും പില്‍ക്കാലത്ത് അദ്ദേഹം നടത്തിയ പ്രസ്താവനകളില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്. ധനകാര്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടിയുടെ അറിവോടുകൂടിയെടുത്ത പാമോയില്‍ ഇറക്കുമതി തീരുമാനം, ഐ.എസ്.ആര്‍.ഒ ചാരക്കേസ്, ശൈലിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ തുടങ്ങിയവ ഒടുവില്‍ കലാശിച്ചത് കരുണാകരന്റെ തന്നെ രാഷ്ട്രീയമായ തകര്‍ച്ചയിലാണ്. നരസിംഹറാവു പ്രധാനമന്ത്രിയായ അക്കാലത്ത് മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ്സും അടക്കമുള്ള വിവിധ ഘടകകക്ഷികളില്‍നിന്നും കോണ്‍ഗ്രസ്സിലെ 24 വിമത എം.എല്‍.എമാരുടേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഭരണം കയ്യൊഴിയുന്നതിലേക്ക് എത്തിച്ചത് രാജ്യസഭയിലേക്ക് ഡോ. എം.എ. കുട്ടപ്പന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം ഉമ്മന്‍ ചാണ്ടി രാജിവെച്ചതാണ്. അന്ന് അഖിലേന്ത്യാതലത്തില്‍ മാധവ് സിംഗ് സോളങ്കി, ജി.കെ. മൂപ്പനാര്‍ തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുണാകരനെ നോവിക്കാതെ പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചതു ഫലം കാണാതെ പോകുകയായിരുന്നു. കരുണാകരന്‍ തന്റെ പിന്‍ഗാമിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മകന്‍ കെ. മുരളീധരനിലേക്ക് അധികാരം കേന്ദ്രീകരിച്ചതാണ് യഥാര്‍ത്ഥത്തില്‍ ആദര്‍ശങ്ങളെക്കാളേറെ സംസ്ഥാനത്തെ വിമത കോണ്‍ഗ്രസ്സ് നേതാക്കളെ പ്രകോപിപ്പിച്ചത്. ഒരുകാലത്ത് കരുണാകരന്റെ അടുത്ത അനുയായികളായി അറിയപ്പെട്ടിരുന്ന പലരും തിരുത്തല്‍വാദികള്‍ എന്ന പേരില്‍ മൂന്നാം ഗ്രൂപ്പിനു രൂപം നല്‍കി. അന്നത്തെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ പാര്‍ട്ടിക്കു നല്‍കിയ മുറിവുകള്‍ ഉണങ്ങാന്‍ പിന്നെയും കാലം കുറേയെടുത്തു. കുറേക്കാലം കെ. മുരളീധരന്റെ വാക്കുകളിലും നിലപാടുകളിലും അന്നത്തെ കാര്യങ്ങളെച്ചൊല്ലി കടുത്ത അമര്‍ഷം പുകഞ്ഞിരുന്നെങ്കിലും തന്ത്രജ്ഞനായ ചാണ്ടി മുരളീധരനെ പാര്‍ട്ടിയോട് വീണ്ടും അടുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി

ആഘോഷമയുര്‍ത്തുന്ന ചോദ്യങ്ങള്‍
 
തുടര്‍ച്ചയായി 50 വര്‍ഷം ഒരു മണ്ഡലത്തില്‍നിന്നു ജയിക്കുക ഒരു വലിയ കാര്യമാണ്. സി.പി.ഐ.എമ്മില്‍നിന്നോ അങ്ങനെ ഏതെങ്കിലും പാര്‍ട്ടിയില്‍നിന്നോ ഒരാള്‍ക്ക് അതു സാധ്യമല്ല. ഒന്നാമതായി നിശ്ചിത തവണകള്‍ മാത്രമേ സാധാരണയായി മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും എം.പിയായോ എം.എല്‍.എയായോ മത്സരിക്കാന്‍ അനുവദിക്കാറുള്ളൂ. ഇനി അനുവദിച്ചാല്‍പ്പോലും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍നിന്നും ജയിച്ചുകയറുന്നതുപോലെ തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. എന്നാല്‍, അധികാരത്തില്‍ 50 വര്‍ഷമായാലും ജനപ്രതിനിധി എന്ന നിലയ്ക്കായാലും ഈ തുടര്‍ച്ച ആഘോഷിക്കപ്പെടേണ്ടതല്ലാത്ത ഒരു തിന്മയാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. അദ്ദേഹം ആദ്യമായി എം.എല്‍.എ ആകുമ്പോള്‍ 27 വയസ്സായിരുന്നു പ്രായം. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് അദ്ദേഹമുള്‍പ്പെടെ ഇന്ദിരയുമായി കലഹിച്ച് പുറത്തുവന്ന കോണ്‍ഗ്രസ്സിലെ വിമതവിഭാഗത്തിലെ മിക്കവരും 40 വയസ്സിനു താഴെയുള്ളവരായിരുന്നു. ഇന്ന് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍, വിശിഷ്യാ കോണ്‍ഗ്രസ്സില്‍ ആ പ്രായത്തിലുള്ളവര്‍ നേതൃനിരയിലുണ്ടോയെന്ന് പരിശോധിക്കുമ്പോഴാണ് അമ്പതാണ്ടുകള്‍ ഒരേ സ്ഥാനത്ത് ഒരാളിരിക്കുന്നതിന്റേയും അത് ആഘോഷിക്കപ്പെടുന്നതിന്റേയും ഒരു ചെറുപ്പക്കാരനും വഴിയൊഴിഞ്ഞുകൊടുക്കാതിരിക്കുന്നതിന്റേയും തകരാറ് ബോധ്യപ്പെടുക. പ്രഭുവാഴ്ചയുടെ കാലത്തെ സാമൂഹ്യജീവിതമാണ് ചാണ്ടിയുടെ കാഴ്ചയിലെന്ന പരാതി നേരത്തേ തന്നെയുള്ളതാണ്. ഊണും ഉറക്കവുമൊഴിച്ച് അദ്ദേഹം നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഒരു ഫ്യൂഡല്‍ പരിപാടിയാണെന്നും നാലുമണിക്കൂറേ അദ്ദേഹം ഉറങ്ങുന്നുള്ളൂവെന്നതല്ല, സകല സമയവും അദ്ധ്വാനവും ഇതിനുവേണ്ടി ചെലവിടുന്നു എന്നതുമല്ല പ്രശ്‌നം. ഇത് ജനാധിപത്യത്തിന്റെ വരവിനും ഏറെ മുന്‍പേ ഉപേക്ഷിക്കപ്പെട്ട ഒരു പതിവാണെന്നതാണ് ആക്ഷേപം. അറേബ്യന്‍ ഗോത്രത്തലവന്മാരുടേയും മുഗള്‍ കാലഘട്ടത്തിലെ ഇടപ്രഭുക്കന്മാരുടേയുമൊക്കെയാണ് ഈ സമ്പ്രദായമെന്നും ടിപ്പുവും വാറന്‍ ഹേസ്റ്റിംഗ്‌സും അവസാനിപ്പിച്ച രീതിയാണ് ഇതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി വികേന്ദ്രീകൃത ജനാധിപത്യ സംവിധാനം വഴി ഇന്നത്തെ ഗവണ്‍മെന്റ് നിര്‍വ്വഹിച്ചു പോരുന്നുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു.  

വാഴ്ത്തുപാട്ടുകളല്ല ജനാധിപത്യത്തില്‍ അഭികാമ്യമായിട്ടുള്ളത്. നേതൃത്വത്തെ നിരന്തരം വിമര്‍ശിക്കുകയും ശരികളിലേക്ക് നിരന്തരം മുന്നേറുകയുമാണ് വേണ്ടതെന്ന് സോവിയറ്റ് യൂണിയനിലെ വിമത എഴുത്തുകാരനായ സോള്‍ ഷെനിത്സിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്. നിയമസഭാ സാമാജികത്വത്തിന്റെ  50-ാം വാര്‍ഷികത്തെ മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടി എന്ന നേതാവ് കഴിഞ്ഞകാലത്ത് കൈക്കൊണ്ട നിലപാടുകളെന്തെന്നും അദ്ദേഹം ഭരണാധികാരിയിരിക്കെ നല്‍കിയ സംഭാവനകളെന്തെന്നും വിലയിരുത്താതെ നടത്തുന്ന ഏത് ആഘോഷവും ഒരു ജനാധിപത്യ ക്രമത്തെ സംബന്ധിച്ചിടത്തോളം അസംഗതവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com