കരുണ കാട്ടുമോ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ മുഹമ്മദിനോട്?

രാഷ്ട്രീയ സാമ്പത്തിക സ്വാധീനങ്ങളോ വലിയ വിദ്യാഭ്യാസമോ ഇല്ലാത്ത, ഓഫീസുകളുടെ സാങ്കേതികത്വം അറിയാത്ത ഒരു മനുഷ്യനെ എങ്ങനെയൊക്കെ വര്‍ഷങ്ങളോളം നടത്തിക്കാം എന്നതിന്റെ കഥയാണ് മുഹമ്മദ് പറയുന്നത്
ഇല്ലായ്മയിൽ ഒരു ജീവിതം: മുഹമ്മദും കുടുംബവും/ഫോട്ടോ- ടി.പി. സൂരജ്/എക്‌സ്പ്രസ്
ഇല്ലായ്മയിൽ ഒരു ജീവിതം: മുഹമ്മദും കുടുംബവും/ഫോട്ടോ- ടി.പി. സൂരജ്/എക്‌സ്പ്രസ്

സിമന്റ് തൂണിന്മേല്‍ പ്ലാസ്റ്റിക് ഷീറ്റും തുണിയും ഓലയും വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡിലാണ് കോഴിക്കോട് കിനാലൂര്‍ പനങ്ങാട് പഞ്ചായത്തിലെ മുഹമ്മദ് കൊറ്റിലേരിയും കുടുംബവും താമസിക്കുന്നത്. താഴെയും മുകളിലും പ്ലാസ്റ്റിക് ഷീറ്റായതിനാല്‍ ഭക്ഷണം പാകംചെയ്യാന്‍ പോലും ബുദ്ധിമുട്ടും. കട്ടിലിനു മുകളില്‍ സ്റ്റൗ കയറ്റിവെച്ചാണ് പാചകം. കറന്റില്ല. രാത്രി മുഴുവന്‍ മെഴുകുതിരിയുടെ വെട്ടം മാത്രം.
 
മുഹമ്മദിന്റെ ഇല്ലായ്മകൊണ്ടല്ല ഈ ജീവിതം ഇങ്ങനെ ആയത്. വീടുനിര്‍മ്മാണത്തിന് അനുമതി തേടി കഴിഞ്ഞ നാലു വര്‍ഷമായി ഇദ്ദേഹം കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒരിക്കലല്ല, പലവട്ടം. ആകെയുള്ള പത്ത് സെന്റ് ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ മുഹമ്മദിന്റേയും കുടുംബത്തിന്റേയും ജീവിതത്തെ ഇങ്ങനെയാക്കിയത്.

പലവട്ടം ഓഫീസുകള്‍ കയറിയതിനെത്തുടര്‍ന്ന് ഇതില്‍ നാലു സെന്റില്‍ വീടുവെയ്ക്കാന്‍ വില്ലേജ് അധികൃതര്‍ അളന്നു തിട്ടപ്പെടുത്തി നല്‍കി. അതിനുശേഷവും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. സ്വാധീനമില്ലാത്തവരുടെ ജീവിതം തകിടംമറിക്കാന്‍ സാങ്കേതികത്വത്തിന്റെ പേരില്‍ ഉദ്യോസ്ഥര്‍ക്കു കഴിയും എന്നതാണ് മുഹമ്മദിന്റെ ജീവിതം കാണിക്കുന്നത്. 

മീന്‍കച്ചവടക്കാരനായിരുന്നു മുഹമ്മദ്. ഹൃദയസംബന്ധമായ അസുഖം കാരണം ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. നാട്ടുകാര്‍ സഹായിച്ചുനല്‍കിയ പണം കൊണ്ടായിരുന്നു അന്നു ചികിത്സ നടത്തിയത്. 

കിടപ്പാടം ഇല്ലാതാക്കിയ വ്യക്തിവൈരാഗ്യം 

ചികിത്സയുടെ മറ്റ് ചെലവുകളും മകളുടെ വിവാഹത്തിനെടുത്ത കടവും കാരണം താമസിച്ച വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. കടം തീര്‍ത്ത് ബാക്കിവന്ന പൈസയ്ക്കാണ് കിനാലൂര്‍ കേളിക്കരയില്‍ മുഹമ്മദ് 10 സെന്റ് ഭൂമി വാങ്ങിയത്. വീട് നിര്‍മ്മിക്കാന്‍ പണമില്ലാത്തതിനാല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഭവനനിര്‍മ്മാണത്തിനായുള്ള ധനസഹായത്തിന് അപേക്ഷിച്ചു. ആദ്യ ഗഡുവായ 48,000 രൂപ പാസ്സായി. ആ പണവുമായി വീടുനിര്‍മ്മാണം തുടങ്ങുമ്പോഴാണ് നാട്ടുകാരിലാരുടേയോ പരാതി പ്രകാരം പഞ്ചായത്ത് അനുമതി നിഷേധിക്കുന്നത്. പിന്നീടങ്ങോട്ട് ഓഫീസുകള്‍ തോറും അപേക്ഷ സമര്‍പ്പിക്കലും ഉദ്യോഗസ്ഥരെ കാണലും തന്നെയായി പണി. പനങ്ങാട് പഞ്ചായത്തില്‍ അഞ്ച് തവണ വീടിന്റെ പ്ലാന്‍ സമര്‍പ്പിച്ചു എന്ന് മുഹമ്മദ് പറയുന്നു. ഓരോ തവണയും നിഷേധിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ മറ്റ് ഭൂമിയൊന്നുമില്ലാത്ത മുഹമ്മദ് റവന്യുവകുപ്പ് തിട്ടപ്പെടുത്തി കൊടുത്ത നാല് സെന്റില്‍ പുതിയൊരു പ്ലാന്‍ സമര്‍പ്പിച്ചെങ്കിലും പഞ്ചായത്ത് ഇതുവരെയും അനുമതി നല്‍കിയില്ല. മുഹമ്മദിന്റെ സ്ഥലത്തോട് ചേര്‍ന്നുള്ള കേളിക്കര റസിഡന്‍സ് അസോസിയേഷന്‍ ഇദ്ദേഹം ഭൂമാഫിയക്കാരനാണെന്നും വയലുകള്‍ നികത്തുന്നയാളാണെന്നും കാണിച്ച് ഹൈക്കോടതിയില്‍ പരാതിപ്പെട്ടിരിക്കുകയാണ്. ഈ പരാതി നിലനില്‍ക്കുന്നതിനാല്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പഞ്ചായത്തിന്റെ വാദം.
 
വ്യക്തിവൈരാഗ്യമാണ് തന്നെ ഇത്രയും ബുദ്ധിമുട്ടിക്കുന്നതെന്ന് മുഹമ്മദ് പറയുന്നു. ''റെസിഡന്‍സ് അസോസിയേഷന്റെ പേരില്‍ എല്ലാ ഓഫീസുകളിലും പരാതി കൊടുത്തും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും രാഷ്ട്രീയപ്പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചും ബുദ്ധിമുട്ടിക്കുകയാണ്. ഇവിടെ വന്ന് അന്വേഷിക്കുകപോലും ചെയ്യാതെ ചില ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ മണ്ണിട്ട് നികത്തി എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ ഓഫീസിലും കയറിയിറങ്ങുമ്പോള്‍ ഓരോ അപേക്ഷകളും രേഖകളും ഹാജരാക്കാന്‍ പറയും. പലതും മാറ്റി മാറ്റി ചെയ്യിക്കും. അവര്‍ പറയുന്നത് കേള്‍ക്കാനല്ലേ ഞങ്ങള്‍ക്കു കഴിയൂ. എന്താണ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥരല്ലേ കൃത്യമായി പറഞ്ഞുതരേണ്ടത്. അതിനുപകരം നീതി നിഷേധിക്കുകയല്ലേ ഇവര്‍. വില്ലേജ് ഓഫീസില്‍നിന്ന് സര്‍വ്വേ പ്രകാരം നാല് സെന്റില്‍ നിര്‍മ്മാണം നടത്താനുള്ള അനുമതിയുണ്ട്. എന്നിട്ടും പഞ്ചായത്ത് മറിച്ചാണ് തീരുമാനമെടുക്കുന്നത്. നീതി കിട്ടിയില്ലെങ്കില്‍ ഞാന്‍ ഈ മണ്ണില്‍ കിടന്നു മരിക്കും. മറ്റൊന്നും ഇനി എനിക്ക് ചെയ്യാനില്ല'' - മുഹമ്മദ് പറയുന്നു. മുഹമ്മദിന്റെ ഭാര്യ സൈനബയും പെയിന്റിംഗ് തൊഴിലാളിയായ മകന്‍ ഇര്‍ഷാദും ഭാര്യയും മകനും ഈ ഒറ്റമുറി ഷെഡിലാണിപ്പോള്‍ താമസം.

''നാലുവര്‍ഷമായി ഇതിനുവേണ്ടി നടക്കുന്നു. പഞ്ചായത്തിലും ബ്ലോക്കിലും കളക്ട്രേറ്റിലും ഭര്‍ത്താവിനൊപ്പം ഞാനും പോകാറുണ്ട്'' - മുഹമ്മദിന്റെ ഭാര്യ സൈനബ പറയുന്നു. ''എത്ര നടന്നിട്ടും ഒരുപാട് പേരെ കണ്ടിട്ടും ഒന്നും നടന്നില്ല. ഇനിയും ഇതു നീണ്ടുപോയാല്‍ എന്തുചെയ്യണമെന്ന് അറിയില്ല. വെളിച്ചവുമില്ല മറ്റൊരു സൗകര്യവുമില്ല. മെഴുകുതിരി വാങ്ങി കത്തിച്ചാണ് ഇത്രയും നാള്‍ കഴിഞ്ഞത്. ഇപ്പോള്‍ ഒരു സോളാര്‍ വിളക്ക് കിട്ടിയിട്ടുണ്ട്. ഒറ്റ ഷെഡിലാണ്, ഒരു ഭാഗത്ത് കിടക്കും, മറ്റേ ഭാഗത്ത് സാധനങ്ങളൊക്കെ അടുക്കിവെക്കും. ഒരു മാര്‍ഗ്ഗവുമില്ല. ഇനിയും ഞങ്ങള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ല'' - സൈനബ പറയുന്നു.

''ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ കഴിയില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന്'' പനങ്ങാട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാന്‍ പറയുന്നു. ''ഇപ്പോള്‍ അദ്ദേഹം താമസിക്കുന്ന ഷെഡ് തന്നെ പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അത് പൊളിക്കാന്‍ കഴിഞ്ഞില്ല എന്നേയുള്ളൂ. ഇദ്ദേഹം ഭൂമാഫിയയുടെ ആളാണെന്നു ചൂണ്ടിക്കാട്ടി റസിഡന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ പോയിട്ടുണ്ട്.''

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കുപോലും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയാണെങ്കില്‍ അനുമതി കൊടുക്കേണ്ട എന്നാണ് നിര്‍ദ്ദേശം. ഇദ്ദേഹത്തിന്റെ ഭൂമിയില്‍ നാലു സെന്റില്‍ താഴെ ഭൂമി സ്ഥിരപുഞ്ചയില്‍ ഉള്‍പ്പെട്ടതാണെന്നു പറയുന്നുണ്ട്. എന്നാല്‍, മുഴുവന്‍ ഭൂമിയും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണ് എന്നാണ് റെസിഡന്‍സ് അസോസിയേഷന്‍ പറയുന്നത്. കൃത്യമായി സര്‍വ്വേ സ്‌കെച്ച് തരാന്‍ പറഞ്ഞെങ്കിലും അദ്ദേഹം തന്നിട്ടില്ല. സ്ഥിരപുഞ്ചഭൂമിയാണെങ്കില്‍ പഞ്ചായത്തിന് അനുമതി കൊടുക്കാം. എന്നാല്‍ രണ്ട് വാദം ഉള്ളതുകൊണ്ടും ഹൈക്കോടതിയില്‍ റെസിഡന്‍സ് അസോസിയേഷന്‍ പോയതുകൊണ്ടും ഈ ഭൂമിയില്‍ അനുമതി കൊടുക്കാന്‍ പഞ്ചായത്തിന് ബുദ്ധിമുട്ടുണ്ട്''- സെക്രട്ടറി പറയുന്നു.

കൃഷി ചെയ്യാത്ത ഭൂമിയാണിതെന്ന് അധികൃതര്‍ തന്നെ പറയുന്നുണ്ട്. കൃഷി ഓഫീസര്‍ കണ്‍വീനറും വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കര്‍ഷക സമിതി പ്രതിനിധികളും ഉള്‍പ്പെട്ട ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയാണ് നഞ്ചയാണോ പുഞ്ചയാണോ എന്നത് പരിശോധിക്കേണ്ടത്.

ഇയാളുടെ ഭൂമിയില്‍ സ്ഥിരപുഞ്ചയുണ്ട് എന്നും സര്‍വ്വേ പ്രകാരം കൈവശാവകാശം നല്‍കിയതാണെന്നും അവിടെ നിര്‍മ്മാണം നടത്താമെന്നും കിനാലൂര്‍ വില്ലേജ് ഓഫീസര്‍ റെജുല നടുവീട്ടില്‍ പറയുന്നു. 

''ഈ ഭൂമി രണ്ട് റീസര്‍വ്വേ നമ്പറിലായി വരുന്നുണ്ട്. ഒന്ന് സ്ഥിരപുഞ്ചയാണ്, ഒന്ന് നഞ്ചയാണ്. അത് രണ്ടും സര്‍വ്വേയര്‍ സ്‌കെച്ച് തന്നു. അതുപ്രകാരം അവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരപുഞ്ചയില്‍ വീട് വെക്കാം. ഭൂമി ഏതു തരത്തില്‍പ്പെടുന്നതാണ് എന്നു നോക്കി തിട്ടപ്പെടുത്തി പഞ്ചായത്തിലേക്ക് കൊടുക്കാന്‍ കൈവശ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍നിന്നും നല്‍കും. അതുപ്രകാരം നിര്‍മ്മാണത്തിനുള്ള അനുമതി കൊടുക്കേണ്ടത് പഞ്ചായത്താണ്. ഈ സ്ഥലത്തിന്റെ സര്‍വ്വേയര്‍ നല്‍കിയ സ്‌കെച്ചിന്റെ ഒരു കോപ്പി പഞ്ചായത്തില്‍ കൊടുത്തിട്ടുണ്ട്'' - വില്ലേജ് ഓഫീസര്‍ പറയുന്നു.

മുഹമ്മദിന്റെ കുടുംബത്തിനൊപ്പം പഞ്ചായത്തിനു മുന്നില്‍ നിരാഹാരം ഇരിക്കാനുള്ള ആലോചനയിലാണെന്ന് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പി. അബ്ദുള്‍ സലാം പറയുന്നു.

''മുഹമ്മദിന് ആകെയുള്ളത് ഈ പത്ത് സെന്റ് സ്ഥലമാണ്. വില്ലേജില്‍നിന്ന് പഞ്ചായത്തിലേക്ക് രേഖകള്‍ സമര്‍പ്പിച്ചിട്ടും അനുമതി കിട്ടുന്നില്ല.

ഇവിടത്തെ വാര്‍ഡ് കണ്‍വീനറാണ് റെസിഡന്‍സ് അസോസിയേഷന്റെ പേരില്‍ പരാതി കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് പഞ്ചായത്ത് അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുന്നത്. ഹൈക്കോടതിയില്‍ കേസുണ്ട് എന്നതാണ് ഇപ്പോഴത്തെ കാരണം പറയുന്നത്. ആ പരാതിയും അനുമതി നല്‍കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരു മാനുഷിക പരിഗണനപോലും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല''- അബ്ദുള്‍ സലാം പറയുന്നു.

ഉദ്യോഗസ്ഥ തലത്തിലെ ഉത്തരവാദിത്വമില്ലായ്മയും ചില വ്യക്തികളുടെ സ്വാധീനവും പാവപ്പെട്ട ഒരു മനുഷ്യന്റെ വീടെന്ന സ്വപ്നത്തേയും ജീവിതത്തേയും തകര്‍ത്തുകളയുന്ന കാഴ്ചയാണ് കിനാലൂരില്‍ കാണുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സ്വാധീനമോ വലിയ വിദ്യാഭ്യാസമോ ഇല്ലാത്ത, ഓഫീസുകളുടെ സാങ്കേതികത്വം അറിയാത്ത ഒരു മനുഷ്യനെ എങ്ങനെയൊക്കെ വര്‍ഷങ്ങളോളം നടത്തിക്കാം എന്നതിന്റെ കഥയാണ് മുഹമ്മദ് പറയുന്നത്. അധികാര വികേന്ദ്രീകരണം നടന്ന നാട്ടില്‍ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറാകാത്തത് ഗുരുതരമാണ്. റെസിഡന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ തനിക്കെതിരെ കൊടുത്ത പരാതിയില്‍ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പോലും കഴിയാതെ മറ്റൊരാളോട് കടം വാങ്ങിയാണ് മുഹമ്മദ് ഫീസ് കൊടുത്തത്. വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് എം.കെ. രാഘവന്‍ എം.പി. കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സിമന്റ് തൂണിന്മേല്‍ ഷീറ്റിട്ട് അന്തിയുറങ്ങേണ്ടിവരുന്ന ഈ കുടുംബം നമുക്കിടയിലുണ്ട്- വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടും സാങ്കേതികത പറയുന്ന ഉദ്യോഗസ്ഥരെ ആരാണ് തിരുത്തുക?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com