ജാതി അധിക്ഷേപം ഊരാക്കുടുക്കിനുള്ള ആയുധം

നീതിയുടെ പക്ഷത്തു നില്‍ക്കുന്ന നിരവധി സാമൂഹിക ഇടപെടലുകളാണ് ഗീഥയുടെ ജീവിതം 
ജാതി അധിക്ഷേപം ഊരാക്കുടുക്കിനുള്ള ആയുധം

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ ഗവേഷകയും പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ ഉദ്യോഗസ്ഥയുമായ ഗീഥയ്‌ക്കെതിരെ നടത്തുന്ന അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക്. സ്വകാര്യ കാറുടമയും ഡ്രൈവറുമായ എസ്. സതീശനാണ് പരാതിക്കാരന്‍. ഫെബ്രുവരി 10-നു രാത്രിയാണ് പരാതിക്ക് ഇടയാക്കിയ സംഭവം. സതീശന്റെ പരാതിയില്‍മേല്‍ രണ്ടുവട്ടം പൊലീസ് അന്വേഷിച്ചു. പരാതി വ്യാജമാണ് എന്നാണ് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറും പിന്നീട് അന്വേഷിച്ച ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറും കണ്ടെത്തിയത്. 

ആദ്യത്തെ അന്വേഷണം അനുകൂലമാകാതിരുന്നപ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഗോത്രവര്‍ഗ്ഗ കമ്മിഷനെയാണ് സതീശന്‍ പരാതിയുമായി സമീപിച്ചത്. കമ്മിഷന്‍ നിര്‍ദ്ദേശിച്ച അന്വേഷണമാണ് ഡി.സി.ആര്‍.ബി എ.സി നടത്തിയത്. പരാതിയില്‍ കഴമ്പില്ല എന്നു കണ്ടെത്തിയ കഴക്കൂട്ടം എ.സി. ആര്‍. അനില്‍കുമാറിനെക്കൂടി എതിര്‍കക്ഷിയാക്കിയാണ് കമ്മിഷനു പരാതി നല്‍കിയത്. ഈ രണ്ട് റിപ്പോര്‍ട്ടുകളും നിലനില്‍ക്കെ സിറ്റി പൊലീസ് കമ്മിഷണര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഓഗസ്റ്റ് 24-നു നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പിറ്റേന്നുതന്നെ ഗീഥയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. കമ്മിഷണര്‍ക്കുവേണ്ടി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ മുഹമ്മദ് ആരിഫ് പി.എ. ആണ് നിര്‍ദ്ദേശം നല്‍കിയത്. 

കഴിഞ്ഞ മാര്‍ച്ച് 16-ന് സതീശന്‍ എസ്.സി., എസ്.ടി. കമ്മിഷനു നല്‍കിയ പരാതി നടപടിക്കായി അയച്ചുകിട്ടിയിരിക്കുന്നു എന്നും അതിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തു രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു നിര്‍ദ്ദേശം. വിവരാവകാശ നിയമപ്രകാരം ഗീഥ എസ്. സി, എസ്. ടി. കമ്മിഷനില്‍നിന്ന് ഈ പരാതിയുടേയും അതിന്മേല്‍ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്റേയും പകര്‍പ്പുകള്‍ കമ്മിഷനോട് ആവശ്യപ്പെട്ടു. വിചിത്രമായ മറുപടിയാണ് ഗീഥയ്ക്കു ലഭിച്ചത്. പരാതി ഓഫീസില്‍ ലഭ്യമല്ലെന്നും പരാതിയുമായി ബന്ധപ്പെട്ട ഫയല്‍ നമ്പറോ പരാതിയുടെ തീയതിയോ മറ്റ് അനുബന്ധ വിവരങ്ങളോ ഉള്‍പ്പെടുത്തി പുതുക്കിയ അപേക്ഷ നല്‍കാനുമായിരുന്നു കമ്മിഷന്‍ ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി. അതിലെ തീയതി 2019 ഒക്ടോബര്‍ ഏഴാണ് എന്നതാണ് അതിലും വിചിത്രം. 2020 എന്നത് മാറിപ്പോയി ക്ലറിക്കല്‍ പിഴവുണ്ടായതാകാം. പക്ഷേ,  സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്ന (നമ്പര്‍ 1065/എ2/2020/ടി.വി.എം/കെ.എസ്.സി.എസ്.സി & എ.സ്.ടി, തീയതി 16.03.2020) പരാതി തന്നെ കമ്മിഷന്‍ ആസ്ഥാനത്തു കാണാനില്ലെന്നതാണ് വിചിത്രം. 

ഏതായാലും ഗീഥ ഇപ്പോള്‍ പട്ടികജാതി, വര്‍ഗ്ഗ, ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ 3(1)(എസ്) വകുപ്പു പ്രകാരമുള്ള കേസിലെ പ്രതിയാണ്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതും ആറു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്നതുമായ കേസ്; അറസ്റ്റു ചെയ്തു കോടതി മുഖേന മാത്രമേ ജാമ്യത്തിന് അര്‍ഹതയുണ്ടാവുകയുള്ളു. 

പരാതി കാണുന്നില്ല എന്ന എസ്.സി, എസ്.ടി
കമ്മിഷന്റെ മറുപടി

തര്‍ക്കങ്ങള്‍, പരാതികള്‍ 

ഗീഥയും ജീവിതപങ്കാളി പ്രദീപും താമസിക്കുന്ന പട്ടത്തെ വൃന്ദാവന്‍ ഗാര്‍ഡന്‍സ് ഹൗസിംഗ് ബോര്‍ഡ് ഫ്‌ലാറ്റ് സമുച്ചയത്തിനു മുന്നിലെ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാദത്തിനു തുടക്കം. ഗീഥ മാവോയിസ്റ്റാണ് എന്നും സി.പി.എം അനുഭാവിയായ തന്നോടു രാഷ്ട്രീയ വിരോധമുണ്ട് എന്നും സതീശന്‍ പറയുന്നു. സി.പി.എമ്മും മാവോയിസ്റ്റുമല്ല താനെന്ന് ഗീഥ പറയുന്നു. മാത്രമല്ല, അവരുടെ നിരപരാധിത്വം മനസ്സിലാക്കി സതീശനുമായി സംസാരിക്കാന്‍ സി.പി.എം നേതാക്കള്‍ തയ്യാറായി. പക്ഷേ, സ്വാധീനം ഉപയോഗിച്ചു തന്നെ സമ്മര്‍ദ്ദത്തിലാക്കാനും പരാതി പിന്‍വലിപ്പിക്കാനും ശ്രമിച്ചു എന്നാണ് ഇതേക്കുറിച്ചു സതീശന്‍ പറയുന്നത്. 

ജാതിപ്പേരു കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രിക്ക് ഗീഥ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നത് ''പരാതിക്കാരന്‍ പറയുന്നതു പ്രകാരമുള്ള പ്രവൃത്തികള്‍ നടന്നിട്ടില്ലായെന്നു വെളിവായി'' എന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ പല സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കമ്മിഷനുകള്‍ക്കും മറ്റും വേണ്ടി സതീശന്റെ കാറുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നുണ്ട്. അതില്‍പ്പെട്ട സഹകരണ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇപ്പോള്‍ ആ കരാര്‍ റദ്ദാക്കിയിരിക്കുകയാണ്. അതിനു പിന്നിലും ഗീഥയാണ് എന്ന് സതീശന്‍ ആരോപിക്കുന്നു. സ്വകാര്യ ടാക്‌സി സംരംഭകരുടെ സംഘടന രൂപീകരിച്ച് അതിനെതിരെ സമരത്തിനൊരുങ്ങുകയാണെന്ന് സതീശന്‍ പറയുന്നു. 

വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍നിന്ന് അധികം ദൂരെയല്ലാതെ മെയിന്‍ റോഡരികിലാണ് സതീശന്റെ ഓഫീസ്. വര്‍ഷങ്ങളായി ടാക്‌സികള്‍ പാര്‍ക്കു ചെയ്യുന്നത് കോളനിയുടെ മുന്നിലെ വഴിയില്‍. ഇത് ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്കു ശല്യമാണ് എന്നു നിരവധി തവണ പരാതികളുണ്ടായി. 46 ഫ്‌ലാറ്റിലേയും മുഴുവന്‍ അന്തേവാസികളും പല തലങ്ങളില്‍ കൂട്ടപ്പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. പതിവായി പാര്‍ക്കു ചെയ്യുന്ന 39 ടാക്‌സികളുടെ നമ്പറുകള്‍ ഉള്‍പ്പെടെയായിരുന്നു പരാതി. പൊലീസ് ഇടപെട്ടെങ്കിലും ശാശ്വതപരിഹാരമുണ്ടായില്ല. റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും വീണ്ടും പരാതി കൊടുത്തു. ജെ.എന്‍.യുവില്‍ ഗവേഷണത്തിനിടെ ഇടയ്ക്ക് എത്തിയ സമയമായതുകൊണ്ട് അവരേയും കൂടെക്കൂട്ടി. പട്ടം ട്രാഫിക്, മെഡിക്കല്‍ കോളേജ് സ്റ്റേഷനുകളിലും അസിസ്റ്റന്റ് കമ്മിഷണര്‍ക്കും പരാതി കൊടുത്തു. കോളനിക്കു മുന്നിലെ വഴിയില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡു വയ്ക്കാന്‍ ട്രാഫിക് പൊലീസിന് എ.സി. നിര്‍ദ്ദേശം നല്‍കി. 

കോളനിയിലെ താമസക്കാരനായ ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫ് കൗണ്‍സിലര്‍ മുഹമ്മദ് റാസിയുടെ വീടിനു മുന്നില്‍ അന്നുരാത്രിതന്നെ കാര്‍ പാര്‍ക്കു ചെയ്തു തടസ്സമുണ്ടാക്കി. അതു ചോദ്യം ചെയ്ത റാസിയെ നോ പാര്‍ക്കിംഗ് ബോര്‍ഡു വയ്ക്കാമെന്ന് പൊലീസ് സമ്മതിച്ചകാര്യം ഗീഥയും മറ്റും അറിയിച്ചാണ് ആശ്വസിപ്പിച്ചത്. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാര്‍ക്ക് ചെയ്ത കാറുടമകള്‍ക്ക് അടുത്ത ദിവസം പൊലീസ് പിഴ ഇടുകയും നോ പാര്‍ക്കിംഗ് ബോര്‍ഡ് വയ്ക്കുകയും ചെയ്തു. പിന്നീടുണ്ടായത് പകവീട്ടലിന്റെ പരമ്പരയാണ്. പ്രദീപിന്റേയും ഗീഥയുടേയും കാറിന്റെ മുന്നിലെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് പിറ്റേന്നു രാവിലെ കാണുന്നത്. അതിനെതിരെ കൊടുത്ത പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. തെളിവുണ്ടായിരുന്നില്ല എന്നതാണ് കാരണം. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ഗീഥയും പ്രദീപും സ്വദേശമായ കോഴിക്കോട്ടു പോയി വന്നപ്പോള്‍ ഫ്‌ലാറ്റിന്റെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച നിലയിലായിരുന്നു. ആദ്യമായിട്ടായിരുന്നു കോളനിയില്‍ അങ്ങനെയൊരു സംഭവം എന്ന് അസോസിയേഷന്‍ ഭാരവാഹികളും പറയുന്നു. പിന്നീടു രണ്ടുവട്ടം പ്രദീപ് രാവിലെ ഓഫീസിലേക്കു പുറപ്പെട്ടപ്പോള്‍ത്തന്നെ കാര്‍ പഞ്ചറായി. നോക്കുമ്പോള്‍ കൃത്യമായി തുളഞ്ഞുകയറാന്‍ പാകത്തില്‍ വച്ച നീളമുള്ള ആണിയാണ് കാരണം. ഇതെല്ലാം പൊലീസിനെ അറിയിച്ചു കൊണ്ടാണിരുന്നത്. 

നോ പാര്‍ക്കിംഗ് ബോര്‍ഡ് വെച്ച ശേഷവും പാര്‍ക്കിംഗിനു കാര്യമായ കുറവൊന്നുമുണ്ടായുമില്ല. തുടര്‍ച്ചയായ പരാതി സഹിക്കാനാകാതെ ഒരിക്കല്‍ക്കൂടി മെഡിക്കല്‍ കോളേജ് പൊലീസ് എത്തി കാര്‍ പിടിച്ചുകൊണ്ടുപോയി. പൊലീസിനെതിരെ കംപ്ലെയിന്റ്സ് അതോറിറ്റിക്കു പരാതി കൊടുത്തുകൊണ്ടാണ് അതിനു പകവീട്ടിയത്. അതോടെ പൊലീസ് ഇടപെടാന്‍ മടിച്ചു. പിന്നീട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ തന്നെ പരാതി അദാലത്തില്‍ ഈ വിഷയം പരിഗണിച്ചു. അദാലത്തില്‍ റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും ഗീഥയും സതീശനും ഹാജരായി. തുടര്‍ നടപടികള്‍ക്കു കെല്‍സ(കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി)യെയാണ് അദാലത്ത് ഏല്പിച്ചത്. പാര്‍ക്കിംഗ് നിയമവിരുദ്ധമാണ് എന്നും അവസാനിപ്പിക്കണം എന്നുമായിരുന്നു കെല്‍സയുടെ ഉത്തരവ്. ഇതു ലംഘിച്ചാല്‍ പരാതിക്കാര്‍ക്ക് മെഡിക്കല്‍ കോളേജ് പൊലീസിനെ സമീപിക്കാമെന്നും പൊലീസ് അടിയന്തര ഇടപെടല്‍ നടത്തണം എന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. 

​ഗീഥയ്ക്കെതിരായ എഫ്ഐആറിന്റെ
ആദ്യ പേജ്

അധിക്ഷേപം എന്ന ആയുധം 

സര്‍ക്കാര്‍ ബോര്‍ഡു വെച്ച സ്വകാര്യ കാറുകള്‍ കരാര്‍ പ്രകാരമുള്ള ഓട്ടം കഴിഞ്ഞും അതേ ബോര്‍ഡു വെച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഓടുന്നു എന്ന് ഗീഥ ചീഫ് സെക്രട്ടറിക്കും മറ്റും പരാതി അയച്ചതും ഇതിനിടെ പ്രകോപനമായി. കാറുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആയിരുന്നു പരാതി. അതിന്റെകൂടി അടിസ്ഥാനത്തിലാണ് സഹകരണ തെരഞ്ഞെടുപ്പു കമ്മിഷന്‍ കരാര്‍ റദ്ദാക്കിയത്. കാറില്‍ വയ്ക്കുന്ന സര്‍ക്കാര്‍ ബോര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് നാട്ടുകാരിലാരോ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറയുകയും ചെയ്തു. അത് അന്വേഷിക്കാന്‍ പൊലീസ് എത്തി. ഗീഥയും പ്രദീപും റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും അവരോടു കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ അല്ല പൊലീസ് വന്നിരിക്കുന്നത് എന്നും കണ്‍ട്രോള്‍ റൂമില്‍ ആരോ വിളിച്ചുപറഞ്ഞിട്ടാണ് എന്നും അപ്പോഴാണ് അറിയുന്നത്. ഇപ്പോഴും പാര്‍ക്കിംഗും ബുദ്ധിമുട്ടുകളും തുടരുന്നത് അവര്‍ പൊലീസിനോടു വിശദീകരിച്ചു. പിറ്റേ ദിവസം സ്റ്റേഷനില്‍ ചെല്ലാന്‍ നിര്‍ദ്ദേശിച്ചാണ് പൊലീസ് മടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 10-ന് ആയിരുന്നു ഇത്. അന്നു രാത്രി ക്യാബ്സിന്റെ ഓഫീസില്‍ പോയി ഗീഥ സതീശനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും വളരെ മോശമായി സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. ജാതിപ്പേരും ചീത്തയും വിളിക്കുന്നതു കേട്ട് സമീപത്തെ കടകളില്‍നിന്നൊക്കെ ആളുകള്‍ ഇറങ്ങി വന്നു എന്നുമുണ്ട് പരാതിയില്‍. 11-നു രാവിലെ അസോസിയേഷന്‍ സെക്രട്ടറിയും ഗീഥയും പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ എ.സിയുടെ ഓഫീസില്‍നിന്നു വിളിവന്നു. അപ്പോഴാണ് സതീശന്റെ പരാതിയെക്കുറിച്ച് അറിയുന്നത്. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഗീഥ എത്തുമ്പോള്‍ പരാതിക്കാരനും എ.സിയുടെ ഓഫീസിലുണ്ട്. രണ്ടുപേരും സ്വന്തം ഭാഗം വിശദീകരിച്ചു. അന്വേഷിക്കട്ടെ എന്ന് അറിയിച്ച് പൊലീസ് തിരിച്ചയയ്ക്കുകയും ചെയ്തു. 

സത്യത്തില്‍ സതീശന്റെ രാഷ്ട്രീയ സ്വാധീനം തനിക്കു നീതി കിട്ടാന്‍ തടസ്സമാകും എന്നും പൊലീസ് സ്വാധീനത്തിനു വഴങ്ങും എന്നുമായിരുന്നു ഭയമെന്നു ഗീഥ പറയുന്നു. അതുകൊണ്ട് പട്ടിക ജാതി-വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൊടുത്തു. ഇതേ വിഷയം ചൂണ്ടിക്കാട്ടി എസ്.സി., എസ്.ടി. കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയെ നേരിട്ടു കണ്ടും പരാതി കൊടുത്തു. പട്ടികജാതി-വര്‍ഗ്ഗ, ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടാത്തവരുടെ പരാതി സ്വീകരിക്കാന്‍ കമ്മിഷനു സാധിക്കാത്തതുകൊണ്ട് സ്വാഭാവികമായും പരാതി സ്വീകരിച്ചില്ല. പക്ഷേ, ആര്‍ക്കും വ്യാജ പരാതി നല്‍കി കമ്മിഷനെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നും അന്വേഷിച്ചിട്ടു മാത്രമേ നടപടിയെടുക്കുകയുള്ളു എന്നും കമ്മിഷന്‍ ഉറപ്പു നല്‍കി. കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.ആര്‍.ബി എ.സി. അന്വേഷിച്ചു സാക്ഷിമൊഴികളെല്ലാം പരിശോധിക്കുന്നത് ഉള്‍പ്പെടെ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൂലൈ 14-നു ഡി.സി.ആര്‍.ബി എ.സി. ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഇങ്ങനെ: ''പരാതിക്കാരന്റെ മൊഴിപ്രകാരം ടിയാനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതു കേട്ടു എന്നു പറയുന്ന സാക്ഷികളെ കണ്ടു ചോദിച്ചു മൊഴി രേഖപ്പെടുത്തിയതില്‍ പ്രധാന സാക്ഷികളായ സുരേന്ദ്രനും വിമലും പരാതിക്കാരന്റെ സുഹൃത്തുക്കളും മണികണ്ഠനും അഖിലേഷ് കൃഷ്ണനും പരാതിക്കാരന്‍ നടത്തുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുമാണ്. സുരേന്ദ്രനും വിമലും മണികണ്ഠനും സംഭവം നടന്നതായി പറയുന്ന ദിവസവും സമയവും ഒരുപോലെ പറഞ്ഞിട്ടുണ്ടെങ്കിലും മറ്റൊരു സാക്ഷിയായ അഖിലേഷ് കൃഷ്ണയുടെ മൊഴിയില്‍ സംഭവം 2019 സെപ്റ്റംബര്‍ മാസത്തിലെ ഒരു ദിവസം എന്നു പറഞ്ഞതിലും വൈരുദ്ധ്യങ്ങള്‍ വ്യക്തമാകുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള തെളിവുകള്‍ സിറ്റി സൈബര്‍ സെല്ലില്‍നിന്നു ശേഖരിച്ചതില്‍ സംഭവത്തിലേക്ക് ആസ്പദമായ തെളിവുകള്‍ ലഭിക്കാന്‍ ഇടയായിട്ടില്ലാത്തതാണ്. 

പരാതിയുടെ വിശ്വാസ്യത തള്ളിക്കളണയുന്ന എസിയുടെ അന്വേഷണ റിപ്പോർട്ട്
പരാതിയുടെ വിശ്വാസ്യത തള്ളിക്കളണയുന്ന എസിയുടെ അന്വേഷണ റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയിലുള്‍പ്പെടെ പൊലീസ് നിലപാടു വ്യക്തമാണ്. പക്ഷേ, കേസെടുക്കാന്‍ അപ്രതീക്ഷിത നിര്‍ദ്ദേശമുണ്ടായി; കേസെടുക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് മൊഴിയെടുത്തപ്പോഴാണ് ഇതുവരെ ഇല്ലാത്ത ആ ഗുരുതര ആരോപണം സതീശന്‍ ഉന്നയിച്ചത്: ഗീഥ മാവോയിസ്റ്റാണ്, സി.പി.എമ്മുമായുള്ള ആശയഭിന്നതയാണ് തന്നോടുള്ള വിരോധത്തിനു കാരണം. ഞങ്ങള്‍ പ്രതികരണം തേടിയപ്പോഴും സതീശന്‍ അതുതന്നെ പറഞ്ഞു.
 
മുന്‍പ് താന്‍ ഈ ഹൗസിംഗ് കോളനിയില്‍ താമസിച്ചിരുന്നുവെന്നും അന്ന് രാഷ്ട്രീയം പറഞ്ഞ് തമ്മില്‍ തെറ്റിയിട്ടുണ്ടെന്നും കൂടി സതീശന്‍ പറയുന്നുണ്ട്. എന്നാല്‍, ആദ്യമായി സതീശനെ കാണുന്നത് മെഡിക്കല്‍ കോളേജ് പൊലീസിന്റെ അദാലത്തിലാണ് എന്ന് ഗീഥ പറയുന്നു.  

നീതിയുടെ പക്ഷത്തു നില്‍ക്കുന്ന നിരവധി സാമൂഹിക ഇടപെടലുകളാണ് ഗീഥയുടെ ജീവിതം. ജാതിപ്പേരു വിളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല എന്നു നിഷേധിക്കുക മാത്രമല്ല, ഒരാളുടെ ജാതി പറഞ്ഞു എന്ന ആരോപണം തന്നെ കൊല്ലുന്നതിനു തുല്യമാണ് എന്നും അവര്‍ പറയുന്നു. എന്നാല്‍, നീതി കിട്ടാന്‍ പരമോന്നത കോടതിവരെ പോയി പൊരുതും എന്നാണ് സതീശന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com