സാധ്യതകളുടെ സുവര്‍ണാവസരം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തു ശ്രദ്ധേയരാകാന്‍  പോകുന്ന പ്രധാന നേതാക്കളുടെ രാഷ്ട്രീയ സാധ്യതയും പരിമിതികളും പ്രതീക്ഷകളും അന്വേഷിക്കുന്നു
ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി

നിയമസഭാതെരഞ്ഞെടുപ്പ് അടുത്തതോടെ പരിമിതികള്‍ മറികടന്ന് പ്രതീക്ഷയോടെ രാഷ്ട്രീയസാധ്യതകളെ അളന്നുള്ള കണക്കുകൂട്ടലുകളിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ആറുമാസമാണ് വിധിയെഴുത്തിനായി ശേഷിക്കുന്നത്. മെയ് അവസാനം പുതിയ സര്‍ക്കാരും ജൂണില്‍ പതിനഞ്ചാം നിയമസഭയും നിലവില്‍ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ ഇടതുമുന്നണി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് അവകാശപ്പെടുന്നു. 47 സീറ്റുകള്‍ നേടിയ വലതുമുന്നണിക്ക് ഇത് വീണുകിട്ടിയ അവസരമാണ്. ഭരണമാറ്റമുണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. കഴിഞ്ഞതവണ നേമത്ത് ഒ. രാജഗോപാലിന്റെ വിജയത്തില്‍ ഒതുങ്ങിയെങ്കിലും ഏഴിടത്ത് രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ സാന്നിധ്യം മെച്ചപ്പെടുത്താനാകും ശ്രമിക്കുക. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവുമാണ് പ്രധാനം. ജോസ് കെ. മാണി പക്ഷം എല്‍.ഡി.എഫിലേയ്ക്കു പോകാന്‍ തയ്യാറെടുത്തു നില്‍പ്പാണ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി. 2021-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മത്സരരംഗത്തു ശ്രദ്ധേയരാകാന്‍ പോകുന്ന പ്രധാന നേതാക്കളുടെ സാധ്യതയും പരിമിതിയും പ്രതീക്ഷകളും എന്തൊക്കെ ആയിരിക്കും എന്ന അന്വേഷമാണ് ഇത്. ആദ്യം, യു.ഡി.എഫിന്റെ ഭാഗമായിരുന്ന പ്രധാന പാര്‍ട്ടികളുടെ (കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്) പ്രധാന നേതാക്കളിലേക്ക്.

മൂന്നാമതും മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ ചാണ്ടി?

കഴിഞ്ഞ നാലു വര്‍ഷം ഉമ്മന്‍ ചാണ്ടിക്കു വ്യക്തിപരമായി വളരെ പ്രധാനമായിരുന്നു. കാലങ്ങളായി ജീവിതത്തിന്റെ ഭാഗമായ തിരുവനന്തപുരം ജഗതിയിലെ 'പുതുപ്പള്ളി' വീടുവിട്ട് കോട്ടയത്തെ സ്വന്തം പുതുപ്പള്ളിയിലേയ്ക്കു സ്ഥിരതാമസം മാറ്റാന്‍ കാര്യമായി ആലോചിച്ച ഒരു ഘട്ടംപോലും വന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചില്ലെന്നേയുള്ളൂ. ആലോചനകള്‍ ഉണ്ടായി. മോശം ആരോഗ്യസ്ഥിതി ആയിരുന്നു കാരണം. മാസങ്ങളോളം ഉമ്മന്‍ ചാണ്ടി പൊതുരംഗത്ത് ഉണ്ടായിരുന്നില്ല. ഏകാന്തതയെ ഏറ്റവും പേടിക്കുകയും ആള്‍ക്കൂട്ടത്തിനു മധ്യത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്ത നേതാവിനു വിശ്രമജീവിതം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നുതാനും. 

പക്ഷേ, അനിശ്ചിതത്വം മാറി. ശബ്ദത്തിന്റെ ആരോഗ്യം മാത്രമല്ല, ഉന്മേഷവും ഊര്‍ജ്ജവും തിരിച്ചുവന്നു. അതുകൊണ്ട് വീണ്ടും പുതുപ്പള്ളി എം.എല്‍.എ ആകാനും യു.ഡി.എഫ് ജയിച്ചാല്‍ മൂന്നാമതും മുഖ്യമന്ത്രിയാകാനും തന്നെയാണ്  ഒരുക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ദൗര്‍ബ്ബല്യങ്ങളാണ് ഉമ്മന്‍ ചാണ്ടിക്കു കരുത്തായി മാറുന്നത്.  കേരള കോണ്‍ഗ്രസ്സിലെ പ്രമുഖ വിഭാഗത്തെ പിണക്കിയതും ലീഗിന് അഭിമതനല്ലാത്തതും രമേശ് ചെന്നിത്തലയ്ക്കു തിരിച്ചടിയാകും എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മുഖ്യ ഘടകം. പിന്നെ, ക്രൈസ്തവസഭാ നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും.

അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് 'സ്വാഭാവിക അവസര'ത്തിന് അവകാശമുണ്ട് എന്നതാണ് മുഖ്യ തടസ്സം. അത് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ ശേഷം നിയമസഭാകക്ഷിയുടെ തീരുമാനത്തിനു വിട്ടാല്‍ പോരാ എന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാം. മുന്‍കൂട്ടി അരങ്ങൊരുക്കി വയ്ക്കണം. അതിനുള്ള ശ്രമങ്ങളാണ് നിരവധി അഭിമുഖങ്ങളായും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന അനുഭവകഥകളും ഓര്‍മ്മകളുമായും മറ്റും വന്നുകൊണ്ടിരിക്കുന്നത്. രണ്ടാംവട്ടം മുഖ്യമന്ത്രിയായിരുന്ന അവസാന മാസങ്ങളില്‍ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസും സരിതാ നായരുടെ വെളിപ്പെടുത്തലുകളും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്‍.ഡി.എഫ് നേരിട്ടും യു.ഡി.എഫിലെ ഉമ്മന്‍ ചാണ്ടി വിരുദ്ധര്‍ നേരിട്ടല്ലാതെയും ചര്‍ച്ചയാക്കും. അതിനെയാണ് ഉമ്മന്‍ ചാണ്ടി ഭയക്കുന്നത്. 

 രമേശ് ചെന്നിത്തല
 രമേശ് ചെന്നിത്തല

വീണ്ടും ഒതുക്കപ്പെടുമോ ചെന്നിത്തല?

സര്‍ക്കാരിനെ സ്ഥിരമായി പ്രതിരോധത്തില്‍ നിര്‍ത്താന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍  രമേശ് ചെന്നിത്തല വിശ്രമമില്ലാതെ ശ്രമിച്ച നാലര വര്‍ഷമാണ് കടന്നുപോകുന്നത്. രണ്ടു പ്രളയങ്ങള്‍, ഓഖി ചുഴലിക്കാറ്റ്, നിപ രോഗബാധ, ലോകത്തെയാകെയും കേരളത്തേയും അടിമുടി ഉലച്ചിരിക്കുന്ന കൊവിഡ് എന്നിവയൊന്നും സര്‍ക്കാരിന് ഇളവുകൊടുക്കാനുള്ള കാരണങ്ങളായി പ്രതിപക്ഷം പരിഗണിച്ചില്ല. ശബരിമലയിലെ യുവതീപ്രവേശന കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ശബ്ദവും സാന്നിധ്യവും കേരളത്തിന് അനുഭവിക്കാനായില്ല. മിക്കപ്പോഴും യു.ഡി.എഫ്, ബി.ജെ.പിയുടെ പിന്നില്‍നിന്നു കിതച്ചു. പക്ഷേ, കോണ്‍ഗ്രസ്സും യു.ഡി.എഫും സ്വീകരിച്ചതാണ് ശരിയായ നിലപാടെന്ന് രമേശ് ചെന്നിത്തലയും പ്രതിപക്ഷത്തെ മറ്റു നേതാക്കളും ഉറച്ചു വിശ്വസിക്കുന്നു. വിശ്വാസികളുടെ വികാരത്തിനൊപ്പം, എന്നാല്‍ കോടതിവിധിക്കെതിരെ അക്രമ സമരങ്ങള്‍ക്കു തയ്യാറല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ വിജയം ശബരിമല നിലപാടിനുള്ള പിന്തുണകൂടിയായാണ് പ്രതിപക്ഷ നേതാവ് കാണുന്നത്. എല്‍.ഡി.എഫ് ഒരു സീറ്റിലേക്ക് ഒതുങ്ങിയതും ബി.ജെ.പിക്ക് പത്തനംതിട്ടയില്‍ ഉള്‍പ്പെടെ നേരിട്ട വന്‍തോല്‍വിയും യു.ഡി.എഫാണ് ശരി എന്നു വാദിക്കാന്‍ ശക്തമായ കാരണമായി അദ്ദേഹം അവതരിപ്പിക്കുന്നു.

നിയമസഭയില്‍ നാലാം വട്ടം. 2005-ല്‍ കേരള രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി 2014 വരെ ഒന്‍പതു വര്‍ഷം കെ.പി.സി.സി പ്രസിഡന്റ്. ഈ കാലത്ത് രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍. 2006-ല്‍ 100 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തി. 2011-ല്‍ നാലു സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍. തലേക്കുന്നില്‍ ബഷീറിന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കി ഹരിപ്പാട് നിയോജക മണ്ഡലത്തില്‍നിന്നു മത്സരിച്ചു ജയിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല. നിയമസഭാ കക്ഷിയില്‍ ഉമ്മന്‍ ചാണ്ടിക്കായിരുന്നു ഭൂരിപക്ഷം. 1982-ലും 1987-ലും ഹരിപ്പാടു നിന്നു ജയിച്ചെങ്കിലും 1989-ല്‍ നിയമസഭാംഗത്വം രാജിവച്ചു കോട്ടയത്തുനിന്നു ലോക്സഭയിലേക്കു മല്‍സരിച്ചു ജയിച്ചു. മൂന്നു വട്ടം കൂടി വീണ്ടും ലോക്സഭാംഗമായി.

മുന്നണിക്കു ഭൂരിപക്ഷം കിട്ടിയാല്‍ പ്രതിപക്ഷ നേതാവു തന്നെ മുഖ്യമന്ത്രി എന്ന സ്വാഭാവിക സാധ്യതയാണ് രമേശ് ചെന്നിത്തലയെ ഏറ്റവുമധികം സഹായിക്കുക. വിശ്രമമില്ലാത്ത പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഭരണമാറ്റം എന്നും അതു പ്രതിപക്ഷ നേതാവിന്റെ മികവിനുള്ള ജനവിധിയാണ് എന്നും വാദിക്കാന്‍ കഴിയും. താഴേത്തട്ടില്‍നിന്നു വളര്‍ന്നുവന്ന മുതിര്‍ന്ന നേതാവായിട്ടും മന്ത്രിയായിപ്പോലും ഒരു മുഴുവന്‍ കാലയളവ് ഇതുവരെ ലഭിച്ചിട്ടില്ല എന്ന വാദം തുണയാകും. 1986 ജൂണ്‍ 5 മുതല്‍ 1987 മാര്‍ച്ച് 25 വരെ 15 മാസം കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയും 2014 ജനുവരി 1 മുതല്‍  2016 മെയ് 20 വരെ രണ്ടേകാല്‍ വര്‍ഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയുമാകാന്‍ മാത്രമാണ് സാധിച്ചത്. എന്‍.എസ്.എസ്സിന്റെ ശക്തമായ പിന്തുണയാണ് മറ്റൊരു ഘടകം. പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ഏറ്റെടുക്കുന്ന വിഷയങ്ങള്‍ക്കെല്ലാം ആരംഭശൂരത്വം മാത്രമേ ഉണ്ടായിട്ടുള്ളു എന്ന വിമര്‍ശനം ശക്തം. 

മുല്ലപ്പള്ളി രാമചന്ദ്രന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി: മൂന്നാമന്‍ ഒന്നാമനാകുമോ?

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിലേയ്ക്കു മത്സരിക്കാന്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാനാകില്ല. രമേശ് ചെന്നിത്തല 2011-ല്‍ ഹരിപ്പാട് മത്സരിച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നു. ഏഴുവട്ടം ലോക്സഭാംഗവും രണ്ടു തവണ കേന്ദ്ര സഹമന്ത്രിയുമായി. പക്ഷേ, അഴിമതിയുടേയോ ആരോപണങ്ങളുടേയോ കറ പുരണ്ടിട്ടില്ല. അതുതന്നെയാണ് മുല്ലപ്പള്ളിയെ വേറിട്ട നേതാവാക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും ഇപ്പോള്‍ പ്രസിഡന്റായുമൊക്കെ മുദ്ര പതിപ്പിച്ചെങ്കിലും നിയമസഭാംഗമായിട്ടില്ല.

ഏഴില്‍ അഞ്ചു വട്ടവും സി.പി.എം കോട്ടയായ കണ്ണൂരില്‍നിന്നാണ് ലോക്സഭയില്‍ എത്തിയത്. രണ്ടുവട്ടം മറ്റൊരു സി.പി.എം കേന്ദ്രം വടകരയില്‍നിന്നും. 1984, 1989, 1991, 1996, 1998 തെരഞ്ഞെടുപ്പുകളിലാണ് കണ്ണൂരില്‍നിന്നു ജയിച്ചത്. 2009-ലും 2014-ലും വടകര. 

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ മകന്‍. 1977 മുതല്‍ അഞ്ചു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. 1984-ല്‍ ലോക്സഭയിലേക്ക് ആദ്യ മത്സരം. 1988-ല്‍ എ.ഐ.സി.സി സെക്രട്ടറിയായി. 1991 മുതല്‍ 1993 വരെ നരസിംഹറാവു മന്ത്രിസഭയില്‍ കൃഷിമന്ത്രി. 2000-ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും 2005-ല്‍ വൈസ് പ്രസിഡന്റുമായി. 2009-2014ല്‍ രണ്ടാം യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രി. 2015-ല്‍ കോണ്‍ഗ്രസ് കേന്ദ്ര ഇലക്ഷന്‍ അതോറിറ്റിയുടെ അധ്യക്ഷനായി സംഘടനാ തെരഞ്ഞെടുപ്പ് വിവാദങ്ങളില്ലാതെ പൂര്‍ത്തീകരിച്ചു. 2018-ല്‍ കെ.പി.സി.സി പ്രസിഡന്റായി കേരളത്തിലേയ്ക്ക്. 
  
യു.ഡി.എഫിലെ രണ്ടാം കക്ഷിയും മുന്നണിയുടെ തീരുമാനങ്ങളില്‍ നിര്‍ണ്ണായക ശബ്ദവുമായ മുസ്ലിംലീഗിന് എല്ലാക്കാലത്തും പ്രിയപ്പെട്ട നേതാവ്. അത് അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനോര്‍ജ്ജം വീണ്ടെടുക്കണം എന്ന് ലീഗ് നേതൃത്വം സമീപകാലത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടപ്പോഴും ഉന്നം കെ.പി.സി.സി പ്രസിഡന്റായിരുന്നില്ല എന്നതു ശ്രദ്ധേയം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി നിലനിര്‍ത്താന്‍ കഴിയുന്നു. എ.കെ. ആന്റണിയുടെ വളരെ അടുത്ത  വ്യക്തിബന്ധം. ഇതൊക്കെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ സാധ്യത നല്‍കുന്ന ഘടകങ്ങളായി മാറാം. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഇടയില്‍ തര്‍ക്കം കടുത്താല്‍ പ്രത്യേകിച്ചും. ആര്‍. ശങ്കറിനു ശേഷം കോണ്‍ഗ്രസ്സില്‍നിന്ന് ഈഴവ സമുദായത്തില്‍നിന്നു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നത് രമേശ് ചെന്നിത്തലയ്ക്ക് എന്‍.എസ്.എസ് പിന്തുണപോലെ മുല്ലപ്പള്ളിക്ക് എസ്.എന്‍.ഡി.പി പിന്തുണ ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യും. 2009-ല്‍ കേന്ദ്ര സഹമന്ത്രിയാകുന്നതില്‍  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടപെടല്‍ മുല്ലപ്പള്ളിക്കു സഹായമായിട്ടുമുണ്ട്. 

കേരളത്തില്‍ മന്ത്രിയായിട്ടില്ലെങ്കിലും സ്വതന്ത്ര ചുമതലയുള്ള കൃഷി സഹമന്ത്രി, ആഭ്യന്തര സഹമന്ത്രി എന്നീ നിലകളില്‍ പ്രകടിപ്പിച്ച മികവ്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം തന്നെയാണ് മുല്ലപ്പള്ളിക്കു തടസ്സം. കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ പല കാലങ്ങളിലായി മാതൃസംഘടന വിടുകയും തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. പക്ഷേ, ഒരിക്കലും കോണ്‍ഗ്രസ് വിട്ടുപോയിട്ടില്ലാത്ത നേതാവാണ് മുല്ലപ്പള്ളി; എങ്കിലും സ്വന്തം ഗ്രൂപ്പില്ല. 

കെ.സി. വേണുഗോപാല്‍
കെ.സി. വേണുഗോപാല്‍

കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക്? 

ഈ ചോദ്യം സംസ്ഥാന കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും മാസങ്ങളായുണ്ട്. ഉമ്മന്‍ ചാണ്ടി ആരോഗ്യപ്രശ്നങ്ങള്‍ കാരണം സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറാന്‍ ആലോചിച്ചപ്പോഴാണ് അത് ഏറ്റവും സജീവമായത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകുന്നതിനു മുന്‍പ് 2018 ജൂണ്‍ മുതല്‍ കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു. 1996-ലും 2001-ലും 2006-ലും ആലപ്പുഴയില്‍നിന്നു നിയമസഭാംഗമായി. എ.കെ. ആന്റണി രാജിവച്ചതിനെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ 2004-ല്‍ സംസ്ഥാന ടൂറിസം, ദേവസ്വം മന്ത്രിയായി. ആലപ്പുഴയില്‍നിന്നു രണ്ടുവട്ടം ലോക്സഭാംഗമായി, 2009-ലും 2014-ലും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. രണ്ടാം യു.പി.എ സര്‍ക്കാരില്‍ 2011 ജനുവരി മുതല്‍ 2012 ഒക്ടോബര്‍ വരെ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി; 2012 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ വ്യോമയാന സഹമന്ത്രി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചപ്പോള്‍ മികവു തെളിയിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖാമുഖം നില്‍ക്കുന്ന സ്ഥിതി പരിഹരിക്കാനാകില്ലെങ്കില്‍ വരുന്ന പ്രധാന പേരുകളിലൊന്ന്. രമേശ് ചെന്നിത്തലയെപ്പോലെ തന്നെ എന്‍.എസ്.എസ്സിനു പ്രിയങ്കരന്‍. ഹൈക്കമാന്‍ഡിലെ സ്വാധീനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള മറ്റേതു നേതാവിനേക്കാളും കരുത്തന്‍. എന്നാല്‍, ദേശീയ നേതൃത്വത്തിന് വേണുഗോപാലിനെ ആവശ്യമുള്ളതുകൊണ്ടുതന്നെ കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ പറഞ്ഞുവിടാനിടയില്ല. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ക്കൂടിയാണ് കഴിഞ്ഞ ജൂണില്‍ രാജസ്ഥാനില്‍നിന്നു രാജ്യസഭാംഗമാക്കിയത്.

കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി: തിരിച്ചുവരവിലെ കാര്യപരിപാടി

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ യു.പി.എയോ അതല്ലെങ്കില്‍ മുസ്ലിം ലീഗിനു പങ്കാളിത്തമുള്ള ബി.ജെ.പി വിരുദ്ധ മുന്നണിയോ അധികാരത്തില്‍ വരും എന്നു പ്രതീക്ഷിച്ചവരില്‍ കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. അതിന്റെ ഭാഗമാകാനുള്ള ആദ്യപടി ആയിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം. ഇ. അഹമ്മദ് അന്തരിച്ച ഒഴിവിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ 2017 ഏപ്രിലില്‍ മലപ്പുറത്തുനിന്ന് ലോക്സഭയിലേയ്ക്കു മത്സരിക്കുകയും ചെയ്തു. വന്‍ഭൂരിപക്ഷത്തോടെ ജയിച്ചതു സ്വാഭാവികം. പിന്നീട് പൊതുതെരഞ്ഞെടുപ്പിലും മലപ്പുറത്തുനിന്നുതന്നെ ലോക്സഭയില്‍ എത്തി. 

കേരളത്തില്‍നിന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 18 യു.ഡി.എഫ് എം.പിമാര്‍ കൂടി ഉണ്ടായെങ്കിലും കേന്ദ്രത്തില്‍ വീണ്ടും വന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍. കേന്ദ്രമന്ത്രിയാകാന്‍ കഴിയാതെ ദുര്‍ബ്ബല പ്രതിപക്ഷത്തിന്റെ ചെറിയൊരു ഭാഗമായിരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കു താല്പര്യമില്ല. കേരള രാഷ്ട്രീയത്തിലെ പ്രാധാന്യം ലീഗിനും തനിക്കും ലഭിക്കാത്ത ഒരിടത്ത് കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കാനുള്ള മടി. വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ആശയം അങ്ങനെയാണ് സജീവമായത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയാണ് കാരണം. തെരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ തയ്യാറെടുപ്പിക്കാനും നയിക്കാനുമുള്ള ചുമതല കുഞ്ഞാലിക്കുട്ടിയെ മുസ്ലിംലീഗ് ഏല്പിച്ചത് യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏല്പിക്കല്‍. അങ്ങനെയാണ് പ്രചാരണം. ആ തീരുമാനമെടുക്കാന്‍ മാത്രം സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട്ട് പ്രത്യേക നേതൃയോഗവും ചേര്‍ന്നു. 

നേരത്തെ പ്രതിനിധീകരിച്ച വേങ്ങരയില്‍നിന്നുതന്നെയാകും മത്സരിക്കുക. കെ.എന്‍.എ. ഖാദറാണ് ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ഖാദറിന് ഒഴിവുവരുന്ന മലപ്പുറം ലോക്സഭാ സീറ്റോ മറ്റേതെങ്കിലും നിയമസഭാ സീറ്റോ നല്‍കും. ലീഗിന് യു.ഡി.എഫ് സര്‍ക്കാരില്‍ മികച്ച പ്രാതിനിധ്യവും സ്വാധീനവും ഉണ്ടാകാന്‍ കുഞ്ഞാലിക്കുട്ടിതന്നെ വേണം എന്ന ധാരണ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെടുത്തുന്നതില്‍ കുറേയൊക്കെ വിജയിച്ചു. ലീഗ് നിയമസഭാകക്ഷി നേതാവായി മുന്‍പത്തെപ്പോലെ മന്ത്രിസഭയിലെ രണ്ടാമനാവുക എന്നതല്ല ലക്ഷ്യം. കഴിയുമെങ്കില്‍ ഉപമുഖ്യമന്ത്രിയാകണം. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇടയിലുള്ള സീറ്റ് വ്യത്യാസം 2010-ലെപ്പോലെ വളരെ കുറവാണെങ്കില്‍ ലീഗിന്റെ വിലപേശല്‍ ശക്തി കൂടുതലായിരിക്കും എന്നുറപ്പ്. അതിന് മറ്റേതു നേതാവായാലും പോരാ എന്നാണ് നേതാക്കളുടേയും അണികളുടേയും വികാരം. 

പക്ഷേ, ലീഗ് എന്നാല്‍ കുഞ്ഞാലിക്കുട്ടി അല്ല എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അടുത്ത ഏപ്രിലില്‍ രാജ്യസഭാകാലാവധി കഴിയുന്ന പി.വി. അബ്ദുല്‍ വഹാബ് ഉള്‍പ്പെടെ ശക്തരായ കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ നോട്ടവും നിയമസഭയിലേയ്ക്കാണ്. വഹാബിനു പകരം കെ.പി.എ. മജീദിനെ രാജ്യസഭയിലേയ്ക്ക് അയയ്ക്കാന്‍ കാര്യമായി ശ്രമിച്ചു പരാജയപ്പെട്ട അനുഭവം കുഞ്ഞാലിക്കുട്ടിയുടെ മുന്നിലുണ്ട്. ലീഗിന്റെ നട്ടെല്ലായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കര്‍ക്കശ നിലപാടാണ് അന്ന് വഹാബിന് അനുകൂലവും കുഞ്ഞാലിക്കുട്ടിക്ക് എതിരുമായത്. സമസ്തയുടെ പരിപൂര്‍ണ്ണ പിന്തുണ ഇപ്പോഴും കുഞ്ഞാലിക്കുട്ടിക്ക് ഇല്ല. അതും സാധ്യതയ്ക്കു മങ്ങലേല്പിക്കുന്ന ഘടകമാണ്. നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ നിയമസഭാകക്ഷിയും പാര്‍ട്ടി നേതൃത്വവും ഹൈദരലി തങ്ങള്‍ കൂടി ഉള്‍പ്പെട്ട സമസ്ത ഉന്നതാധികാര സമിതിയും എന്തു നിലപാടെടുക്കും എന്നതു പ്രധാനം.

1982 മുതല്‍ ഏഴു തവണ നിയമസഭാംഗവും മൂന്നു വട്ടം മന്ത്രിയുമായതിന്റെ രാഷ്ട്രീയ വഴക്കം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ 2005 ജനുവരി നാലിന് രാജിവയ്ക്കേണ്ടി വന്നശേഷം രാഷ്ട്രീയ ജീവിതത്തിലുണ്ടായ തിരിച്ചടികള്‍ മറികടന്ന അനുഭവം. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെടുത്തി ഉണ്ടായ വിവാദ വെളിപ്പെടുത്തല്‍ ആയിരുന്നു രാജിക്കു കാരണം. പിന്നെ പടിയിറക്കം. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ യൂത്ത് ലീഗ് നേതാവ് കെ.ടി. ജലീലിനോട് പരാജയപ്പെട്ടു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലാകുന്നതാണ് കണ്ടത്. സ്വയം ജനറല്‍ സെക്രട്ടറിയാകുന്നതിനു പകരം കെ.പി.എ മജീദിനെ ആ പദവിയില്‍ നിയോഗിച്ചു പാര്‍ട്ടിയെ നിയന്ത്രിച്ചു. 2011-ലെ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്നു മത്സരിച്ചു ജയിച്ചു. 'കരുത്തനാ'യി തിരിച്ചെത്തി രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ടാമനായി. 

എം.കെ. മുനീര്‍
എം.കെ. മുനീര്‍

എം.കെ. മുനീര്‍: രണ്ടാമന്റെ ഊഴം 

ഗായകനും ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും പ്രസാധകനുമൊക്കെയാണ്; പക്ഷേ, രാഷ്ട്രീയതന്ത്രങ്ങളില്‍ മുനീറിന് അത്ര മികവുണ്ടോ എന്നാണ് സംശയം. പ്രതിപക്ഷ ഉപനേതാവ് എന്ന നിലയില്‍ നിയമസഭയിലും പുറത്തും ശ്രദ്ധേയമായി പ്രകടനം കാഴ്ചവച്ചു. കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ നടത്തിയ ഇടപെടലായിരുന്നു അതില്‍ ശ്രദ്ധേയം. അലന്‍ ഷുഐബിനും താഹ ഫൈസലിനും വേണ്ടി കൂടുതല്‍ സംസാരിക്കാന്‍ മാധ്യമങ്ങളും മറ്റു നേതാക്കളും തയ്യാറായത് എം.കെ. മുനീറും രമേശ് ചെന്നിത്തലയും അവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ലീഗ് സംസ്ഥാന സെക്രട്ടറിയുമായി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും 1991 മുതല്‍ അഞ്ചു തവണ എം.എല്‍.എയും രണ്ടു വട്ടം (20012006, 20112016) മന്ത്രിയുമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്യാന്‍ ഇന്ത്യാവിഷന്‍ ടീമിനു നല്‍കിയ പിന്തുണയും ധൈര്യവും അവരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ കാണിച്ചില്ല. ഇന്ത്യാവിഷന്‍ നിലച്ചുപോകുന്നതു തടയാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിരവധി ചെക്കുകേസുകളില്‍ പ്രതിയാകേണ്ടി വന്നത് ഇന്ത്യാവിഷനെ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. പിന്നീടാകട്ടെ, വഴിയാധാരമായ നൂറിലധികം ജീവനക്കാര്‍ക്കുവേണ്ടി ഇടപെടാനും ശ്രമിച്ചില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായി പ്രവര്‍ത്തിച്ചതിലെ മികവു തന്നെയാണ് എം.കെ. മുനീറിന്റെ കരുതല്‍. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ കലവറയില്ലാത്ത പിന്തുണയുമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്വീകാര്യന്‍. യു.ഡി.എഫ് മന്ത്രിസഭ വന്നാല്‍ ലീഗിലെ ഒന്നാമനും സര്‍ക്കാരിലെ രണ്ടാമനുമാകാന്‍ ഇത് യോഗ്യതയാകേണ്ടതാണ്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്കു മടങ്ങുമ്പോള്‍ അത് നഷ്ടപ്പെടുമെങ്കിലും മുനീറിനെ മാറ്റിനിര്‍ത്തിയൊരു മന്ത്രിസഭയോ അപ്രധാന വകുപ്പു നല്‍കി ഒതുക്കലോ നടക്കാനിടയില്ല. 

ജോസ് കെ. മാണി
ജോസ് കെ. മാണി

ജോസ് കെ. മാണി അതിജീവിക്കുമോ?

പാലായില്‍നിന്നു നിയമസഭയിലേയ്ക്കു മത്സരിക്കാന്‍ ജോസ് കെ. മാണി തയ്യാറാകുന്നുവെങ്കില്‍ ഏതുവിധവും തോല്‍പ്പിക്കേണ്ടത് കോണ്‍ഗ്രസ്സിന്റേയും പി.ജെ. ജോസഫ് ഗ്രൂപ്പിന്റേയും അഭിമാനപ്രശ്നമായി മാറും. രാഷ്ട്രീയമായി നടുക്കടലിലാണ് മാണിയുടെ മകന്‍. ഏതു തീരുമാനമാണ് ശരിയാവുക എന്ന് ഒരുവിധവും പ്രവചിക്കാനാകാത്ത സ്ഥിതി. 2009-ലും 2014-ലും കോട്ടയത്തുനിന്ന് ലോക്സഭാംഗമായ ജോസ് 2018-ല്‍ രാജിവച്ച് രാജ്യസഭയിലേയ്ക്ക് പോയത് അപ്രതീക്ഷിതമായിരുന്നു. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് കെ.എം. മാണിക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് തിരികെ പോകാനുള്ള ഉപാധിയായിരുന്നു അത്. കോണ്‍ഗ്രസ്സിന്റെ കയ്യിലുള്ള രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിലെ പലരേയും തട്ടിമാറ്റി മാണിക്കു നല്‍കി; അദ്ദേഹം അതു മകനും. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഈ തീരുമാനം കോണ്‍ഗ്രസ്സിനെ അമ്പരപ്പിക്കുകതന്നെ ചെയ്തു. പക്ഷേ, മാണിയുടെ മരണശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിത്തര്‍ക്കത്തില്‍ തുടങ്ങി കോണ്‍ഗ്രസ്സുമായി വീണ്ടും അകന്നു. ഇപ്പോള്‍ പുറത്ത്. എല്‍.ഡി.എഫുമായി അടുക്കുന്നു.

2004-ല്‍ മൂവാറ്റുപുഴയില്‍നിന്നാണ് പാര്‍ലമെന്റിലേയ്ക്ക് ആദ്യ മത്സരം. എന്‍.ഡി.എയില്‍ പോയ മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസിനോടു പരാജയപ്പെട്ടു. കെ.എം. മാണിയുടെ വിയോഗശേഷം പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിനിര്‍ത്താനുള്ള ശ്രമത്തില്‍ പി.ജെ. ജോസഫിനോട് കോര്‍ത്തു. പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ തോല്‍വി. അതോടെ ജോസഫുമായുള്ള അകല്‍ച്ച രൂക്ഷമായി; അതു പിളര്‍പ്പിലാണ് എത്തിച്ചത്. പക്ഷേ, നിയമസഭാകക്ഷിയില്‍ ഔദ്യോഗികമായി പിളര്‍പ്പുണ്ടായിട്ടില്ല. കൂടെ നില്‍ക്കുന്ന രണ്ട് എം.എല്‍.എമാര്‍ക്ക് അയോഗ്യത ഉണ്ടായാലോ എന്ന പ്രശ്നമാണ് കാരണം. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് സ്വന്തം എം.എല്‍.എമാര്‍ വിട്ടു നിന്ന് എല്‍.ഡി.എഫിലേയ്ക്കുള്ള പാലം ശക്തമാക്കി. 

കേരള കോണ്‍ഗ്രസ്സുകളില്‍ ഇപ്പോഴും പ്രവര്‍ത്തകരുടേയും ക്രൈസ്തവസഭയുടേയും പിന്തുണ കൂടുതല്‍ മാണി വിഭാഗത്തിനുതന്നെ. എല്‍.ഡി.എഫില്‍ ചേര്‍ന്നാല്‍  പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാക്കാന്‍ അതു സഹായകമാകും എന്ന് സി.പി.എമ്മും ജോസും കരുതുന്നു. പാലായില്‍ മത്സരിച്ചു ജയിക്കുകയും എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുകയും ചെയ്താല്‍ മന്ത്രിയാകാം. പി.ജെ. ജോസഫിനും കോണ്‍ഗ്രസ്സിനും നല്‍കാന്‍ അതിലും വലിയ ഒരു മറുപടിയില്ല. യു.ഡി.എഫില്‍ നിന്നപ്പോള്‍ ലഭിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കണം എന്ന് കോണ്‍ഗ്രസ് ഇടയ്ക്കൊന്നു പറഞ്ഞിരുന്നു. പിന്നെ മിണ്ടിയില്ല. വീണ്ടും രാജ്യസഭാ തെരഞ്ഞെടുപ്പു നടന്നാല്‍ യു.ഡി.എഫിന് ജയിക്കാനാകില്ല എന്നതാണു കാരണം. എല്‍.ഡി.എഫിന്റെ സഹായത്തോടെ ജോസിന് ഒരാളെ രാജ്യസഭയിലേയ്ക്ക് അയയ്ക്കാം എന്ന സാധ്യതയും തുറന്നു കിടക്കുന്നു. ലോക്സഭാംഗത്വം രാജിവച്ച് രാജ്യസഭയുടെ സുരക്ഷിതത്വത്തിലേയ്ക്കു പോയ ജോസ്, കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലായില്‍ മത്സരിച്ചു തോറ്റാല്‍ രാഷ്ട്രീയഭാവിതന്നെ ഇരുട്ടിലാകും. എല്‍.ഡി.എഫില്‍ ചേര്‍ന്നശേഷം ഭരണത്തുടര്‍ച്ച കിട്ടാതെ വന്നാല്‍ അഞ്ചു വര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കുക എന്ന വെല്ലുവിളിയുണ്ട്. പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായി ഭരണത്തിലിരിക്കുമ്പോള്‍ ഇത് കൂടുതല്‍ വലിയ വെല്ലുവിളിയാണ്. അണികളും നേതാക്കളും ജോസഫിനൊപ്പം പോകാനുള്ള സാധ്യത.

പിജെ ജോസഫ്
പിജെ ജോസഫ്

പി.ജെ. ജോസഫിന്റെ രാഷ്ട്രീയഭാവി

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട മറുപടി നല്‍കുന്നതിനിടെ സി.എം, പശുവളര്‍ത്തലിനെക്കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല എന്നു ചോദിച്ചത്ര നിഷ്‌കളങ്ക രാഷ്ട്രീയമല്ല പി.ജെ. ജോസഫിന്റേത്. അതുകൊണ്ട് കേരള കോണ്‍ഗ്രസ്സിലെ സമീപകാല കളികളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിനുശേഷം എവിടെ, എങ്ങനെയായിരിക്കും എന്നത് പ്രധാനം.

2006-'11ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ജോസഫ് മന്ത്രിയായിരുന്നു. ഇടയ്ക്ക് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ രാജിവച്ചു. അതില്‍ അന്വേഷണ സംഘം കുറ്റമുക്തനാക്കിയപ്പോള്‍ വീണ്ടും മന്ത്രിയായി. പക്ഷേ, 2010-ല്‍ രാജിവച്ച് മാണി ഗ്രൂപ്പില്‍ ലയിച്ച് യു.ഡി.എഫിന്റെ ഭാഗമായി. എന്തിനാണ് മുന്നണി വിട്ടത് എന്ന് അന്നുമിന്നും ജോസഫ് കൃത്യമായി വിശദീകരിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യത്തിനുവേണ്ടി എന്നാണ് പൊതുവായി പറയാറ്. പക്ഷേ, ഇപ്പോള്‍ കേരള കോണ്‍ഗ്രസ്സിലെ പോരില്‍ ഒരു പക്ഷത്തെ മുഖ്യ കാര്‍മ്മികന്‍. ജോസഫിനെ യു.ഡി.എഫിലേയ്ക്കു കൊണ്ടുപോയ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി പുറത്തും ജോസഫ് യു.ഡി.എഫിന്റെ ഭാഗവും. തൊടുപുഴയില്‍നിന്ന് തുടര്‍ച്ചയായി ജയിച്ച് ആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പൊതുമരാമത്തു മന്ത്രിയുമായി. ലോക്സഭാംഗവുമായി. കര്‍ഷകന്‍ ആണ് എന്നു പറയുന്നത്, പ്രത്യേകിച്ചും ക്ഷീര കര്‍ഷകനാണ് എന്നത് ജോസഫിന് അഭിമാനം. രാഷ്ട്രീയത്തിലെ കൃഷിയിലും ഇതുവരെ നൂറുമേനിയാണു വിളവ്.

യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുന്നത് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ്. ഇടയ്ക്കൊരു ഘട്ടത്തില്‍ എല്‍.ഡി.എഫിലേയ്ക്കു പോകാന്‍ ആലോചിച്ചിരുന്നു. പക്ഷേ, എല്‍.ഡി.എഫ് സര്‍ക്കാര്‍ ചില വിഷയങ്ങളില്‍ പ്രതിരോധത്തിലായതോടെ കളം മാറ്റി. യു.ഡി.എഫിനൊപ്പം നിന്ന് പരമാവധി സീറ്റുകള്‍ നേടുക, മൂന്നു മന്ത്രിമാരെങ്കിലും ഉണ്ടാവുക, അതിലൊന്ന് ഉറപ്പായും താനായിരിക്കുക എന്നതാണ് ലക്ഷ്യം. സാധിച്ചുകൂടായ്കയൊന്നുമില്ല. 

ജോസ് കെ. മാണിയുടെ കൂടെ നിന്നിട്ട് പിന്നില്‍നിന്നു കുത്തി എന്നൊരു പേരുദോഷമുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസിന്റെ സ്ഥാനാര്‍ത്ഥി തോറ്റ ശേഷം അതു കൂടുതലാണ്. യു.ഡി.എഫ് അധികാരത്തിലെത്തുകയും അതിന്റെ പ്രധാന ഭാഗമാവുകയും ചെയ്താല്‍ പേരുദോഷമൊക്കെ പിന്തുണയായി മാറുമെന്ന് ജോസഫിന് നന്നായി അറിയാം. പക്ഷേ, പരമാവധി സീറ്റുകളില്‍ സ്വന്തം പാര്‍ട്ടി ജയിക്കുകയും യു.ഡി.എഫ് ജയിക്കുകയും വേണം. രണ്ടിലൊന്നാണ് സംഭവിക്കുന്നതെങ്കില്‍, യു.ഡി.എഫ് വരികയും പാര്‍ട്ടി തകര്‍ന്നടിയുകയും ചെയ്താല്‍ ജോസഫ് രാഷ്ട്രീയ അന്ധകാരത്തിലായിപ്പോകും. 

കെപിഎ മജീദ്
കെപിഎ മജീദ്

കെപിഎ മജീദ്: ജെന്റില്‍മാന്റെ അടുത്ത റോള്‍

രണ്ടു വലിയ തോല്‍വികളുടെ ദുരനുഭവമുണ്ട് മുസ്ലിം ലീഗിലെ ഈ ജെന്റില്‍മാന്‍ നേതാവിന്. ഒന്ന് ലോക്സഭയിലേക്കു മല്‍സരിച്ചും രണ്ടാമത്തേത് രാജ്യസഭയിലേക്കു മല്‍സരിക്കാതെയും. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ ഹംസ ചരിത്ര വിജയം നേടിയപ്പോള്‍ കെപിഎ മജീദ് ആയിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി. 2015 ഏപ്രിലിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനി കെപിഎ മജീദ് ആയിരുന്നു. എന്നാല്‍ സമസ്തയുടെ നിര്‍ബന്ധത്തിനു വഴങ്ങി ലീഗ് ഉന്നതാധികാര സമിതി യോഗം പിവി അബ്ദുല്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കി. മുജാഹിദ് ആശയക്കാരനായ മജീദിനെ സമസ്ത പിന്തുണച്ചില്ല എന്നാണ് അന്നു പ്രചരിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കുള്ള സമസ്തയുടെ താക്കീതായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ അതു മനസ്സിലാക്കിയത്. 

ഇനി വരുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെങ്കില്‍ ഉറപ്പായും മന്ത്രിയാകാന്‍ സാധ്യതയുള്ള മജീദിന് അതിലും തിരിച്ചടി നേരിടുമോ എന്നത് ലീഗിലെ ഉള്‍പ്പോരുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങളിലൊന്നാണ്. 2012 ജൂലൈ മുതല്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി. 1980 മുതല്‍ അഞ്ചുവട്ടം തുടര്‍ച്ചയായി മങ്കടയില്‍ നിന്ന് എംഎല്‍എ. കെ കരുണാകരനും പിന്നീട് എ കെ ആന്റണിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1992 മുതല്‍ 1996 വരെ ഒമ്പതാം നിയമസഭില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. മുസ്ലിം യൂത്ത് ലീഗ് ഉപദേശക സമിതി കണ്‍വീനറും ലീഗ് മലപ്പുറം ജനറല്‍ സെക്രട്ടറിയുമായി. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരിക്കെത്തന്നെ ലീഗിലെ എല്ലാവര്‍ക്കും സ്വീകാര്യനായ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1996നു ശേഷം തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തവണ വിജയം ഉറപ്പാക്കാന്‍ ലീഗ് ശ്രമിക്കും. 

മല്‍സരം ഒഴിവാക്കാന്‍ കെപിഎ മജീദിനു താല്‍പര്യമുണ്ടെങ്കില്‍ 2021 ഏപ്രിലില്‍ത്തന്നെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കു പരിഗണിക്കും. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യം കുറവ്. അതുകൊണ്ട് ലീഗ് നിര്‍ബന്ധിക്കുന്നില്ലെങ്കില്‍ മജീദിനെ മന്ത്രിയാക്കുന്നത് ഒഴിവാക്കി രാജ്യസഭയിലേക്ക് അയയ്ക്കാനായിരിക്കും കോണ്‍ഗ്രസിനും താല്‍പര്യം. മജീദിനെ മുജാഹിദ് ആശയക്കാരനായി മുദ്രകുത്തി തോല്‍പ്പിക്കാന്‍  സമസ്തയും കാന്തപുരം വിഭാഗവും 2004ലെപ്പോലെ ശ്രമിച്ചാല്‍ അത് പരമാവധി എംഎല്‍എമാരെ നേടുക എന്ന അടുത്ത തെരഞ്ഞെടുപ്പിലെ ലീഗ് തന്ത്രത്തിനും തിരിച്ചടിയാകും. നിര്‍ണായക ഘട്ടത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പാര്‍ട്ടിയെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com