പറഞ്ഞതില്‍ പാതി പതിരായിപ്പോകുമോ പ്രകടനപത്രികകളില്‍?

''പ്രകടനപത്രികയൊക്കെ ഒരു തമാശയല്ലേ, അതില്‍ പറയുന്നതൊക്കെ നടപ്പാക്കാനുള്ളതല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ
എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ

താനും മാസങ്ങള്‍ക്കു മുന്‍പാണ്. ഒരു വിവാദവിഷയത്തെ മുന്‍നിര്‍ത്തി ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച് ആ പാര്‍ട്ടിയുടെ നേതാവായ ശ്രീധരന്‍പിള്ളയ്ക്കു മുന്‍പാകെ മാധ്യമപ്രവര്‍ത്തകര്‍ സംശയം ഉന്നയിച്ചു. മുന്‍പ് പ്രകടനപത്രികയില്‍ പറഞ്ഞതും ഇപ്പോഴത്തെ നിലപാടും തമ്മിലുള്ള പൊരുത്തക്കേടും ചൂണ്ടിക്കാട്ടാന്‍ ആ അവസരത്തില്‍ അവര്‍ ശ്രമിച്ചു. ''പ്രകടനപത്രികയൊക്കെ ഒരു തമാശയല്ലേ, അതില്‍ പറയുന്നതൊക്കെ നടപ്പാക്കാനുള്ളതല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

അങ്ങനെയൊരു തമാശയാണോ പ്രകടനപത്രികകള്‍? 

ബഹുകക്ഷി ജനാധിപത്യത്തിന്റെ കാഴ്ചപ്പാടുകളിലും പാര്‍ട്ടികള്‍ തമ്മിലുള്ള ജനസമ്മതിക്കായുള്ള കിടമത്സരത്തെ സംബന്ധിച്ചുള്ള രാഷ്ട്രീയശാസ്ത്ര വിശകലനങ്ങളിലും നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നവയാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍. നമ്മുടെ നാടും സമൂഹവും എന്തായിരിക്കണം എന്നതു സംബന്ധിച്ച് വോട്ടര്‍മാരുടെ ഭാവനയെ ഉണര്‍ത്തുകയാണ് പ്രകടനപത്രികകളുടെ ഒന്നാമത്തെ ലക്ഷ്യം. 

തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴൊക്കെയും നാം തെരഞ്ഞെടുപ്പ് പ്രകടനപത്രികകളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്. എന്താണ് ഈ പ്രകടനപത്രികകളില്‍ ഉള്ളത് എന്ന് ആരായാന്‍ പലപ്പോഴും മിനക്കെടാറില്ലെങ്കിലും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതെല്ലാവരും മറക്കുകയും ചെയ്യും. തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിനുശേഷം ഒരു നിശ്ചിതകാലത്തേക്ക് ഭരിക്കാനുള്ള അധികാരം ലഭിക്കുന്ന പാര്‍ട്ടി - സാധാരണയായി അഞ്ച് വര്‍ഷത്തേക്ക് - തെരഞ്ഞെടുപ്പിനു മുന്‍പ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ മറക്കാറാണ് പതിവ്. പ്രകടനപത്രികയില്‍നിന്നും വ്യതിചലിക്കുന്നതും നടപ്പാക്കാതെ പോകുന്നതും പരിശോധിക്കാനോ വിലയിരുത്താനോ സംവിധാനവും ഇല്ലതാനും. ഇതാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികകളെ വെറും വാചകമടിയാക്കി മാറ്റുന്നതില്‍ ഒരു വലിയ ഘടകം. തീര്‍ച്ചയായും പറയുന്നതിലെ ആത്മാര്‍ത്ഥത ഇല്ലായ്മയാണ് ഈ അവസ്ഥയ്ക്ക് ഒന്നാമത്തെ കാരണം. ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളടക്കമുള്ള വിവിധ തെരഞ്ഞെടുപ്പുകളും അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടങ്ങുന്ന ജനകീയ ഓഡിറ്റിംഗിനുള്ള അവസരങ്ങള്‍ മാത്രമാണ് പ്രകടനപത്രികകളുടെ നടത്തിപ്പു സംബന്ധിച്ച് ചര്‍ച്ചയ്ക്കും തീര്‍പ്പിനുമായി ഉള്ളത്. എന്നാല്‍, അടുത്തകാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതു മുന്‍നിര്‍ത്തി പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റ് ഒടുവിലായി പുറത്തിറക്കിയ നാലാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ 600 വാഗ്ദാനങ്ങളില്‍ 570 നടപ്പാക്കിയതായാണ് പറയുന്നത്. 

പ്രകടനപത്രികകള്‍ എന്ന വാചകമടി 

പല നിലയ്ക്കും തെരഞ്ഞെടുപ്പു പ്രകടനപത്രികകളുടെ പ്രകാശനം രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ജനസമ്പര്‍ക്കത്തിനുള്ള ഔപചാരികമായ ചടങ്ങിനുള്ള അവസരം മാത്രമായിട്ട് ഒതുങ്ങുന്നതായാണ് നമ്മുടെ പഴയകാല അനുഭവങ്ങള്‍. ഒന്നിച്ചുനിന്ന് ഫോട്ടൊയെടുക്കുന്നതിനുള്ള ഒരു അവസരം എന്നതിലപ്പുറം അവ പോകാറില്ല. രാഷ്ട്രീയകക്ഷികളും മുന്നണികളും കുറേ വൈകിയെ പൊതുവേ പ്രകടനപത്രികകള്‍ പുറത്തിറക്കാറുള്ളൂ. മനപ്പൂര്‍വ്വമുള്ള ഈ വൈകിക്കലിലൂടെ വോട്ടര്‍മാര്‍ക്ക് അവയുടെ ഉള്ളടക്കത്തിലൂടെ കടന്നുപോകാന്‍ വേണ്ടത്ര സമയം കൊടുക്കാതിരിക്കാനും പാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നു. ക്ഷേമരാഷ്ട്രീയത്തോടും സര്‍വ്വതലസ്പര്‍ശിയും സുസ്ഥിരവുമായ വികസനസങ്കല്പത്തോടും കൂടുതല്‍ പ്രതിബദ്ധത ഉള്ള കക്ഷിയോ മുന്നണിയോ ആണ് സാധാരണയായി മാനിഫെസ്റ്റോകള്‍ ആദ്യം പുറത്തിറക്കുക. ഈ പാര്‍ട്ടിയുടെ/മുന്നണിയുടെ പ്രകടനപത്രികയുടെ ആവര്‍ത്തനമായിരിക്കും മിക്കപ്പോഴും മറ്റു പാര്‍ട്ടികളുടെ പ്രകടനപത്രികകള്‍. ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമാകുമ്പോഴാണ് തെരഞ്ഞെടുപ്പു പ്രകടനപത്രികകള്‍ ഏട്ടിലെ പശുവായി ഒതുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇവ നടപ്പാകുന്നതു നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കേണ്ട കാര്യം നമ്മുടെ പൗരാവകാശസമരങ്ങളിലെ അജന്‍ഡയാകേണ്ടതാണ്.

മിക്കപ്പോഴും ഗോത്രീയമോ ജാതീയമോ സാമുദായികമോ ആയ ഘടകങ്ങളാണ് നമ്മുടെ നാട്ടില്‍ വോട്ടിംഗ് രീതിയെ നിര്‍ണ്ണയിക്കുന്നത്. ഈ അടുപ്പങ്ങളൊന്നുമില്ലാതെ വൈകാരികമല്ലാത്ത വസ്തുനിഷ്ഠ പ്രതികരണങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരില്‍നിന്നും ഉണ്ടാകാറില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പു പ്രകടനപത്രികകളുടെ നടത്തിപ്പും ലംഘനവും അതുകൊണ്ടുതന്നെ ചര്‍ച്ചയാകാറുമില്ല. ഇതേ കാരണം കൊണ്ടുതന്നെയാണ് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഗവണ്‍മെന്റിന്റെ ഗുണപരമായ ഇടപെടലിനേക്കാള്‍ രാമക്ഷേത്രവും ശബരിമലയും ലൗ ജിഹാദുമൊക്കെ തെരഞ്ഞെടുപ്പില്‍ വിഷയീഭവിക്കുന്നത്. 

പ്രകടനപത്രികയിലെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ കാര്യത്തില്‍ പൊതുവേ രാഷ്ട്രീയകക്ഷികള്‍ക്ക് അത്ര നിഷ്‌കര്‍ഷയുള്ളതായി കാണാറില്ല. അധികാരത്തില്‍ വന്നതിനുശേഷം പ്രകടനപത്രിക നടപ്പാക്കുന്നില്ലെന്ന വിമര്‍ശനം എല്ലാ കക്ഷികള്‍ക്കു നേരേയും ഉയര്‍ന്നു കേള്‍ക്കാറുമുണ്ട്. പ്രകടനപത്രികകള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് താല്പര്യമില്ല എന്ന വിമര്‍ശനത്തില്‍ കാമ്പുണ്ടെന്നതിനു ഉത്തമ ഉദാഹരണമാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്ന വാക്ക് കാലങ്ങളായി നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറത്തിറക്കുന്ന പ്രകടനപത്രികകളിലെ സ്ഥിരം ഒരു ഇനമായി ഇരിക്കുന്നതിനു കാരണം. 1971-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇടതു-മദ്ധ്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് വിഭാഗം തെരഞ്ഞെടുപ്പില്‍ ജനപിന്തുണ തേടിയത് ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ്. അതേ കാലത്തുതന്നെ ഇന്ദിരയെ എതിര്‍ത്ത വലതുപക്ഷ കക്ഷിയായ ജനസംഘത്തിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയുടെ തലക്കെട്ടുതന്നെ 'A national war on povetry' എന്നായിരുന്നു. ഇരുകൂട്ടരും ഫലത്തില്‍ ഒരൊറ്റക്കാര്യമാണ് മുന്നോട്ടുവച്ചത്.

എന്നാല്‍, നാല് പതിറ്റാണ്ട് മുന്‍പ് ഇന്ദിരാഗാന്ധിക്ക് ഇക്കാര്യത്തില്‍ അനുകൂലമായുണ്ടായ ജനവിധി പ്രയോജനപ്പെടുത്തുന്നതിനു ഉതകുന്ന പരിപാടികള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സോ, പിന്നീട് അധികാരത്തില്‍ വന്നവരോ കാര്യമായി ഒന്നും ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാസ്തവത്തില്‍, സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യ പരിരക്ഷ, ശേഷികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം, കുടുംബാസൂത്രണം, മാതൃ-ശിശുക്ഷേമം എന്നിവയുടെ കാര്യത്തില്‍ ഒരു താരതമ്യത്തിനു മുതിര്‍ന്നാല്‍ മിക്ക വികസ്വര രാജ്യങ്ങളേക്കാള്‍ പിറകിലാണ് നാം എന്നതാണ്. അതേസമയം, ഇന്ത്യന്‍ ജനസംഖ്യ ഏറെ വര്‍ദ്ധിക്കുകയും ചെയ്തു. പോഷകാഹാരക്കുറവ് മാത്രമല്ല, പ്രതിവര്‍ഷം 1.5 ദശലക്ഷം കുട്ടികളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യുന്ന അതിസാരം പോലുള്ള പകര്‍ച്ചവ്യാധികളും നമ്മുടെ നാട്ടില്‍ സാധാരണമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ നമ്മുടെ നാട്ടിലാണ് ഉള്ളതെന്നാണ് കണക്ക്. ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ മോശമാണ് നമ്മുടെ സ്ഥിതി. നമ്മുടെ രാഷ്ട്രീയകക്ഷികള്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഇത്ര മോശമാകില്ലായിരുന്നുവെന്ന് ഉറപ്പ്. 

എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ നടപ്പാകാതെ പോകുന്നത്? എന്തുകൊണ്ടാണ് വലിയ വലിയ സ്വപ്നങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വാക്കുകള്‍ക്ക് പിന്നീട് ഒരു വിലയുമില്ലാതെ പോകുന്നത്? നടപ്പാക്കുന്നതിനു നിയമപരമായി ഒരു ബാദ്ധ്യസ്ഥതയും ഉള്ള രേഖകളല്ല തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ എന്നതാണ് ഇതിനുള്ള ഉത്തരം. 2015-ല്‍ മിഥിലേഷ് കുമാര്‍ പാണ്ഡെ എന്നൊരു അഭിഭാഷകന്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച വാര്‍ത്താപത്രങ്ങളിലൊക്കെ വന്നതാണ്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് മിഥിലേഷ് കുമാര്‍ പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്‌ക്കെടുത്തതേയില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു അവരുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ബാദ്ധ്യത ഉറപ്പുവരുത്തുന്ന യാതൊന്നും നിയമത്തിലില്ല എന്നു പറഞ്ഞാണ് കോടതി ഹര്‍ജി പരിഗണിക്കാതെ ഇരുന്നത്. 

യുഡിഎഫ് പ്രകടനപത്രികയുമായി നേതാക്കൾ
യുഡിഎഫ് പ്രകടനപത്രികയുമായി നേതാക്കൾ

പ്രകടനപത്രികകളുടെ രാഷ്ട്രീയം 

ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയകക്ഷികള്‍ പുറത്തിറക്കുന്ന പ്രകടനപത്രികകള്‍ അതതു കക്ഷികളുടെ രാഷ്ട്രീയ വീക്ഷണത്തെക്കൂടി പ്രതിഫലിപ്പിക്കുന്നവയാണ്. കേരളത്തില്‍ ഒരു മുന്നണി പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു എന്നു ബോധ്യപ്പെടുത്താന്‍ തുനിയുമ്പോള്‍ മറ്റൊരു മുന്നണി കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ നല്‍കുന്നതിലാണ് ഊന്നാറുള്ളത്. മിക്കപ്പോഴും കേരളത്തിലെ രണ്ടു പ്രധാന മുന്നണികളുടേയും പ്രകടനപത്രികകള്‍ സമാനമാണ് എന്നും പ്രാവര്‍ത്തികമാക്കുന്നതില്‍ മാത്രമാണ് വ്യത്യസ്തത എന്നും കാണാം. ശബരിമലയിലെ യുവതീ പ്രവേശന വിവാദത്തെ മുന്‍നിര്‍ത്തി വിശ്വാസ സംരക്ഷണത്തിനു നിയമനിര്‍മ്മാണം നടത്തും എന്നതുപോലെയുള്ള ചില്ലറ വ്യത്യാസങ്ങളൊഴിച്ചാല്‍. മൂന്നാമതൊരു കൂട്ടരാകട്ടെ, പ്രകടനപത്രിക പുറത്തിറക്കുമെങ്കിലും അതെല്ലാം ഒരു തമാശയാണ് എന്ന മട്ടില്‍ അതിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ ശ്രമിക്കുന്നവരാണ്. 

കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കുന്നതിനു മുന്‍പായി ജനകീയമായ കൂടിയാലോചനകള്‍ക്കു വേണ്ടത്ര മുതിര്‍ന്നിട്ടുണ്ട്. ചുരുങ്ങിയ പക്ഷം അങ്ങനെയൊന്നിനു മുതിര്‍ന്നിട്ടുണ്ട് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെങ്കിലും നടത്തിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ വ്യത്യസ്തത. 

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കിയത് എന്നാണ് മുന്നണി വക്താക്കള്‍ അവകാശപ്പെടുന്നത്. പ്രകടനപത്രികയില്‍ മുഖ്യമായും പ്രതിപാദിച്ചിട്ടുള്ള അന്‍പത് ഇന പരിപാടികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 900 നിര്‍ദ്ദേശങ്ങളും അതു മുന്നോട്ടുവച്ചിരിക്കുന്നു. 

കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ബഹുജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു നടത്തിയ ചര്‍ച്ചയുടേയും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായും പ്രത്യേകം നടത്തിയ ചര്‍ച്ചയുടേയും അടിസ്ഥാനത്തിലാണ് പ്രകടനപത്രിക തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ കടലാസിന്റെ മൂല്യമല്ല, ജീവിതത്തിന്റെ മൂല്യമാണ് എല്‍.ഡി.എഫ് പ്രകടനപത്രികയ്ക്കുള്ളതെന്നും പ്രകടനപത്രിക പുറത്തിറങ്ങിയ അവസരത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. മുപ്പത്തിയഞ്ചു ജനകീയ കണ്‍സള്‍ട്ടേഷനുകള്‍. ആയിരം ജനസഭകള്‍ ചേര്‍ന്നു നടത്തിയ ചര്‍ച്ചകള്‍. ആയിരത്തി അഞ്ഞൂറിലധികം വ്യക്തികളുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍. ഇതെല്ലാം പരിശോധിച്ചു ചര്‍ച്ചകള്‍ നടത്തി രൂപീകരിച്ച ജനകീയ മാനിഫെസ്റ്റോയാണ് യു.ഡി.എഫിന്റേത് എന്നാണ് മുന്നണിയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. ഇതുപോലെ വിപുലവും ജനകീയവുമായ ഒരു മാനിഫെസ്റ്റോ പ്രക്രിയ കേരളത്തില്‍ ആദ്യമായാണെന്നും അവര്‍ അവകാശപ്പെടുന്നു. 

എന്നാല്‍, ഇരു മുന്നണികളുടേയും വാഗ്ദാനങ്ങളില്‍ പ്രകടമായ സാദൃശ്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. മത്സ്യമേഖല ഉദാഹരണം. ആഴക്കടല്‍ മത്സ്യബന്ധനത്തിനു കേരള സര്‍ക്കാര്‍ അനുമതി നല്‍കി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി രാഷ്ട്രീയകക്ഷികള്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് ഏവരും കൗതുകത്തോടെ തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ ആരായുന്ന കാര്യമാണ്. വലിയ സാദൃശ്യം ഇരു മുന്നണികളുടേയും പരിപാടികളില്‍ കാണാം. എന്തായിരിക്കാം ഈ സാദൃശ്യത്തിനു നിദാനം? 

ഇതിനൊരു പ്രധാന കാരണം എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തുവന്നു കഴിഞ്ഞതിനു ശേഷമാണ് യു.ഡി.എഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത് എന്നും എല്‍.ഡി.എഫ് നിലപാടുകള്‍ യു.ഡി.എഫ് കോപ്പിയടിക്കുകയാണ് ചെയ്തത് എന്നുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നത്. 

''കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും. മത്സ്യബന്ധന അവകാശവും ആദ്യ വില്‍പ്പന അവകാശവും മത്സ്യത്തൊഴിലാളികള്‍ക്കായി നിജപ്പെടുത്തും'' തുടങ്ങിയ യു.ഡി.എഫ് വാഗ്ദാനങ്ങള്‍ അതിനു തെളിവായി അദ്ദേഹം ഉദാഹരിക്കുന്നു. 2016-ലെ മാനിഫെസ്റ്റോയില്‍പ്പോലും ഇതു സംബന്ധിച്ച് ഒരു പരാമര്‍ശംപോലും ഇല്ലെന്നും ആഴക്കടല്‍ മത്സ്യബന്ധനം വിദേശ ട്രോളറുകള്‍ക്കു തുറന്നുകൊടുത്ത നരസിംഹ റാവുവിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇങ്ങനെയൊരു വാഗ്ദാനം നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. 

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നിലപാടിന് ഒരു ചരിത്രമുണ്ട്. 1987-'91 കാലത്ത് ഡോ. ജോണ്‍ കുര്യന്റേയും ഫിഷറീസ് ഡയറക്ടര്‍ സഞ്ജീവ് ഘോഷിന്റേയും നേതൃത്വത്തില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ അടക്കമുള്ള ട്രേഡ് യൂണിയന്‍ സംഘം നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കാര്യവും അവിടത്തെ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ച് അത്തരമൊരു നിയമം കേരളത്തിലും കൊണ്ടുവരാന്‍ ശ്രമിച്ചതും നരസിംഹ റാവുവിന്റെ ആഴക്കടല്‍ തുറന്നുകൊടുക്കല്‍ നടപടിയുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടാകാതെ പോയതും അദ്ദേഹം എടുത്തുപറയുന്നു. 

അവസാന കേരള പഠന കോണ്‍ഗ്രസ്സില്‍ ഇത്തരമൊരു ആവശ്യം ചര്‍ച്ചയായതാണ്. തുടര്‍ന്ന് 2016-ലെ മുന്നണി പ്രകടനപത്രികയില്‍ വിശദമായി അതു ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. എന്നാല്‍, അതിലൊരു കാര്യമേ നടപ്പാക്കാനായുള്ളൂ എന്നും ധനമന്ത്രി സമ്മതിക്കുന്നുണ്ട്. ആദ്യ വില്‍പ്പനാവകാശം മത്സ്യത്തൊഴിലാളിക്ക് ഉറപ്പു വരുത്തുന്ന നിയമനിര്‍മ്മാണമാണത്. ഇന്നു നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് നിലപാട് 2021-ലെ മാനിഫെസ്റ്റോയില്‍ വിശദമായി ആവര്‍ത്തിക്കുകയാണ് ഉണ്ടായത് എന്നും ധനമന്ത്രി വ്യക്തമാക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച പ്രായോഗിക നടപടിയിലേയ്ക്കു കടക്കേണ്ടിവരുമെന്നും അതിനുള്ള ഉറപ്പാണ് എല്‍.ഡി.എഫ് മാനിഫെസ്റ്റോ നല്‍കുന്നതെന്നും തോമസ് ഐസക് പറയുന്നുണ്ട്. 

എന്നാല്‍, രാഷ്ട്രീയമായ മുന്‍തൂക്കത്തിനുവേണ്ടി തങ്ങള്‍ക്കു കൂടുതല്‍ ആത്മാര്‍ത്ഥത ഇക്കാര്യത്തിലുണ്ട് എന്നു വരുത്തിത്തീര്‍ക്കാനാണ് യു.ഡി.എഫ് പ്രകടനപത്രികയില്‍ കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യം ആവര്‍ത്തിക്കുക എന്നു കരുതുക വയ്യ. വിശേഷിച്ചും നിരവധി തവണ ജനങ്ങളുമായി കൂടിയാലോചിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത് എന്ന യു.ഡി.എഫ് വക്താക്കളുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കുകയാണെങ്കില്‍. തീര്‍ച്ചയായും ഇരു പ്രകടനപത്രികകളും ജനാഭിലാഷങ്ങള്‍ ഏറെക്കുറെ സമാനമായ മട്ടില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. വിശ്വാസസംരക്ഷണത്തിനു നിയമനിര്‍മ്മാണം പോലുള്ള, സാംസ്‌കാരിക രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള ചില വാഗ്ദാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍. 

ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാകുന്നുണ്ടോ, അതു പരിശോധിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സംവിധാനം (പ്രോഗ്രസ് റിപ്പോര്‍ട്ട് പോലെ) മുന്നണികള്‍ വിഭാവനം ചെയ്യുന്നുണ്ടോ എന്നൊക്കെ ഉറപ്പുവരുത്തലാണ് പരമപ്രധാനം. കഴിഞ്ഞകാലങ്ങളില്‍ ഈ രാഷ്ട്രീയകക്ഷികള്‍ എത്രത്തോളം വാക്കുപാലിച്ചിട്ടുണ്ടെന്ന് പരിശോധിക്കുന്നതും. 
വിശേഷിച്ചും വരുമാനത്തിലേറെയും ശമ്പളത്തിനും സാമൂഹികക്ഷേമ നടപടികള്‍ക്കും പെന്‍ഷനുകള്‍ക്കുമായി നീക്കിവെയ്‌ക്കേണ്ടിവരുന്നുവെന്ന് ഭരണത്തിലിരുന്ന മുന്‍കാലങ്ങളില്‍ ആവലാതിപ്പെട്ടവര്‍പോലും ക്ഷേമത്തിന്റെ പേരില്‍ വാചകമടികള്‍ക്കു മുതിരുന്ന ഈ സന്ദര്‍ഭത്തില്‍.

എല്‍.ഡി.എഫ് പ്രകടനപത്രിക 

* പത്രികയുടെ ആദ്യ ഭാഗത്ത് അന്‍പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അന്‍പത് പൊതുനിര്‍ദ്ദേശങ്ങളും. കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ്. കാര്‍ഷിക മേഖലയില്‍ വരുമാനം അന്‍പത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്. ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയാക്കുമെന്നും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

* ഇരുപതു ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും  ഈ ലക്ഷ്യത്തോടെ തല്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും.  കാര്‍ഷിക മേഖലയില്‍ അഞ്ചു ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.

* അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും ലാഭത്തിലാക്കും. 

* അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും.

* അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പണിയും.

* രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെതന്നെ ആരോഗ്യമേഖലയിലെ കേരളത്തിന്റെ ബ്രാന്‍ഡിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

* റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യസംസ്‌കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്‌കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

* ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സ്‌പൈസസ് റൂട്ട് ആവിഷ്‌കരിക്കും  സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക പദ്ധതി. ആറുലക്ഷം പുതിയ തൊഴിലവസരങ്ങള്‍. 

* പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനേയും കരകയറ്റുന്നതിന് മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും.  കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. 

* കടല്‍ കടലിന്റെ മക്കള്‍ക്ക്. മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും.

യു.ഡി.എഫ് പ്രകടനപത്രിക

* ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മിഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.

* സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി (മിനിമം വരുമാന ഉറപ്പ് പദ്ധതി)   40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും. ംസ്ഥാനത്ത് 700 രൂപ മിനിമം കൂലി നടപ്പിലാക്കും.

* സംസ്ഥാനത്ത് അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പു നല്‍കുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമപെന്‍ഷനുകള്‍ 3000 രൂപയാക്കും. ശമ്പള കമ്മിഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മിഷന്‍.

* അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി.

* അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്. ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് സമഗ്രമായ ഭവനപദ്ധതി നടപ്പിലാക്കും.

* എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭവനനിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക ആറ് ലക്ഷമാക്കും. 

* പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്റ്മെന്റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.

* ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേയും യോഗ്യതയുള്ളവരെ നിയമിക്കാന്‍ കാലതാമസം വരുത്തുന്ന വകുപ്പുകള്‍ക്കെതിരേയും കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം. കൊവിഡ് കാരണം തകര്‍ന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാന്‍ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കും. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കും. 

* എല്ലാ നാണ്യവിളകള്‍ക്കും ഉല്പാദനച്ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പാക്കും.

* കൃഷി മുഖ്യവരുമാനമായിട്ടുള്ള അഞ്ച് ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിനു മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. 

* മലയോര മേഖലയില്‍ ഇനിയും കൈവശ ഭൂമിക്കു പട്ടയം ലഭിക്കാന്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

* ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ കേരളത്തിന്റെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

* മുപ്പതു ദിവസം കൊണ്ട് ഒരു ചെറുകിട സംരംഭം ആരംഭിക്കാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും. വനിതാ സംരംഭകര്‍ക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സോടെ പ്രത്യേക വായ്പ ലഭ്യമാക്കാന്‍ നടപടി.
 
* വ്യവസായങ്ങള്‍ക്കു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

* കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും.  മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com