മനസ്സുതുറക്കാതെ മധ്യകേരളം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് മധ്യകേരളവും തെക്കന്‍ മലബാറിലുള്‍പ്പെടുന്ന ചില മണ്ഡലങ്ങളും എങ്ങനെ ചിന്തിക്കുന്നു എന്നത്
മനസ്സുതുറക്കാതെ മധ്യകേരളം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് മധ്യകേരളവും തെക്കന്‍ മലബാറിലുള്‍പ്പെടുന്ന ചില മണ്ഡലങ്ങളും എങ്ങനെ ചിന്തിക്കുന്നു എന്നത്. ആകെയുള്ള 953 സ്ഥാനാര്‍ത്ഥികളില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ 53 മണ്ഡലങ്ങളില്‍നിന്നുമായി 341 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. അതില്‍ നാല്‍പ്പതു പേര്‍ വനിതകളാണ്.

പോരാട്ടത്തിന്റെ തീച്ചൂടില്‍ പാലക്കാട് 

ഉണങ്ങിയ കരിമ്പനപ്പട്ടകള്‍ക്കു താനേ തീപിടിക്കുന്ന ചൂടാണ് പാലക്കാട്ട് ഇപ്പോള്‍. കാറ്റ് ചുരം കടന്നുവന്ന് പടിഞ്ഞാറു ദിശയിലേക്ക് അറബിക്കടലിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ വര്‍ദ്ധിച്ച ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ചൂട് അസഹ്യമായി അനുഭവമാകുന്നു. എന്നാല്‍, പൊടിയുയര്‍ത്തുന്ന പാലക്കാടന്‍ കാറ്റിനേയും ചൂടിനേയും മറികടക്കുന്ന ചൂടും പൊടിയുമാണ് ജില്ലയിലെ തെരഞ്ഞെടുപ്പു വേദിയിലിപ്പോള്‍.
 
2011-ലെ സെന്‍സസ് അനുസരിച്ച് 2,809,934 ആണ് പാലക്കാട്ടെ ജനസംഖ്യ. ഹിന്ദുമതവിഭാഗത്തിനാണ് ഭൂരിപക്ഷം. 66.76% പേര്‍. 28.93% മുസ്ലിങ്ങളും ജില്ലയിലുണ്ട്. 4.07% ക്രിസ്ത്യന്‍ ജനസംഖ്യ. സിഖ്, ബുദ്ധ വിഭാഗങ്ങളില്‍ ഓരോന്നിലും 0.01% പേരും 0.01% മറ്റുള്ളവരും മതം വെളിപ്പെടുത്താത്ത 0.20% പേരും പാലക്കാട് ജില്ലയിലുണ്ട്. മലയാളവും തമിഴും സംസാരിക്കുകയും തമിഴ്‌നാടിനോടു കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന ജില്ല കേരളത്തിന്റെ നെല്ലറയെന്നു അറിയപ്പെടുന്ന പ്രദേശമാണ്. ഇടത്തരക്കാര്‍ക്കു മേധാവിത്വമുള്ള, കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കമുള്ള ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യവസായത്തൊഴിലാളികളും ജീവിക്കുന്നു.
 
രാഷ്ട്രീയത്തില്‍ എല്ലായ്‌പോഴും ഇടതു ചാഞ്ഞാണ് പാലക്കാട്ട് കാറ്റു വീശാറുള്ളത്. കരിമ്പനകളും പച്ചപ്പും പോലെ ഏതിടത്തും കാണുന്ന ചെങ്കൊടിയും പാലക്കാടിന്റെ സവിശേഷതയാണ്. സി.പി.ഐ.എമ്മിന്റെ സംഘടനാക്കരുത്ത് വ്യക്തമായും ദര്‍ശിക്കാവുന്ന പ്രദേശങ്ങളാണ് ജില്ലയിലേറെയും. എന്നാല്‍, അടുത്തകാലത്തായി ബി.ജെ.പിയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായും കാണാം. വിശേഷിച്ചും തമിഴ്‌നാടിനോടു അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍. 

എന്നാല്‍, എല്ലാക്കാലത്തും ദൃശ്യമാകാറുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്ത് ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. കേരളത്തില്‍ ഒരുകാലത്തും തങ്ങളെ കൈവിടില്ലെന്ന് ഉറപ്പുള്ള ആലത്തൂരും പാലക്കാട്ടും ഇടതുപക്ഷത്തിനു തിരിച്ചടിയേറ്റു. വി.കെ. ശ്രീകണ്ഠനും രമ്യാ ഹരിദാസും വിജയിച്ചു. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പൊരുതിനില്‍ക്കാന്‍ സംഖ്യാപരമായി ഇടതുപക്ഷത്തേക്കാള്‍ സാധ്യത കോണ്‍ഗ്രസ് മുന്നണിക്കെന്ന ധാരണയാണ് അന്ന് ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍, ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിച്ചത് ഇടതുപക്ഷത്തില്‍ത്തന്നെയാണ് പാലക്കാടന്‍ ജനതയുടെ പ്രതീക്ഷയും വിശ്വാസവും എന്നാണ്. ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിച്ചു. 

12 നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍ ആകെയുള്ളത്. പാലക്കാട്, ആലത്തൂര്‍ ലോകസഭാ മണ്ഡലങ്ങളുടെ ഭാഗമായ 11 മണ്ഡലങ്ങളും പൊന്നാനി ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയും. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും യുവനേതാക്കളായ എം.ബി. രാജേഷും വി.ടി. ബല്‍റാമും ഏറ്റുമുട്ടുന്ന തൃത്താല, ത്രികോണമത്സരം നടക്കുന്ന, മെട്രോമാനെന്നു വിളിപ്പേരുള്ള ഇ. ശ്രീധരനും സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതാവും അഭിഭാഷക യൂണിയന്‍ സംസ്ഥാന ഭാരവാഹിയുമായ സി.പി. പ്രമോദ്, നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എന്നിവര്‍ ഏറ്റുമുട്ടുന്ന പാലക്കാട് എന്നിവയാണ് അവ. പുറമേ, പാലക്കാട് ജില്ലയിലെ വള്ളുവനാടന്‍ ഭൂവിഭാഗങ്ങളിലും തെക്കന്‍ പാലക്കാടന്‍ പ്രദേശങ്ങളിലും ഇടതുപക്ഷത്തിന് ഇപ്പോഴുള്ള മുന്‍തൂക്കം നിലനിര്‍ത്തുമെന്ന് അവര്‍ കരുതുമ്പോള്‍ കടുത്ത മത്സരം ദര്‍ശിക്കാനാകുമെന്ന് ഐക്യജനാധിപത്യമുന്നണി നേതാക്കള്‍ വാദിക്കുന്നു. 

വോട്ടുകളില്‍ ഹിന്ദുത്വ രാഷ്ട്രീയകക്ഷിയായ ബി.ജെ.പി രേഖപ്പെടുത്തുന്ന അനുക്രമമായ വളര്‍ച്ചയാണ് പാലക്കാട്ടെ മറ്റൊരു പ്രത്യേകത. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അവര്‍ അവരുടെ വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മലമ്പുഴയിലും പാലക്കാട്ടും അവര്‍ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇത്തവണ ഷൊര്‍ണ്ണൂര്‍, തൃത്താല എന്നിവിടങ്ങളില്‍ കൂടി മുന്നേറ്റം നടത്താമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും മലമ്പുഴയിലും തൃത്താലയിലും യു.ഡി.എഫ് അനുകൂലമായി ബി.ജെ.പി വോട്ടുകള്‍ മറിയാനിടയുണ്ടെന്ന് എല്‍.ഡി.എഫ് ആരോപണമുണ്ടായിരുന്നു. തൃത്താലയില്‍, ഒട്ടും അറിയപ്പെടാത്ത ശങ്കു ടി. ദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതും മലമ്പുഴയില്‍ ഭാരതീയ നാഷണല്‍ ജനതാദള്‍ എന്നൊരു പാര്‍ട്ടി പൊടുന്നനെ ഐക്യമുന്നണി ഘടകകക്ഷിയായി പ്രത്യക്ഷപ്പെടുകയും ജോണ്‍ ജോണ്‍ എന്നൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തതും ഈ ധാരണയുടെ ഭാഗമാണെന്ന് അവര്‍ ആരോപിക്കുന്നു. മലമ്പുഴയില്‍ അത്തരമൊരു രഹസ്യധാരണ ഉണ്ടെന്ന് ആരോപിച്ചത് ജോണ്‍ ജോണ്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി വന്ന അവസരത്തില്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന ആളുകള്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. ഏതായാലും ചുരുങ്ങിയത് ഏഴു മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വോട്ടുകള്‍ നിര്‍ണ്ണായകമാകുമെന്ന് തീര്‍ച്ചയാണ്.
 
ലോകസഭാ തെരഞ്ഞെടുപ്പിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലേയും കണക്കുകളിലെ വ്യത്യസ്തത ഈ തെരഞ്ഞെടുപ്പിലെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലം തന്നെയാണ് ഉദാഹരണം. പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി പഞ്ചായത്തുകളും ആലത്തൂര്‍ താലൂക്കിലെ മാത്തൂര്‍ പഞ്ചായത്തും ഉള്‍പ്പെടുന്ന മണ്ഡലമാണ് പാലക്കാട്. ഇതില്‍ പാലക്കാട് നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷം ബി.ജെ.പി നേടിയപ്പോള്‍ കണ്ണാടി എല്‍.ഡി.എഫും പിരിയാരി, മാത്തൂര്‍ എന്നീ പഞ്ചായത്തുകള്‍ യു.ഡി.എഫും നേടിയിരുന്നു. കഴിഞ്ഞ രണ്ടുതവണ വി.ടി. ബല്‍റാം വിജയിച്ച മണ്ഡലമായ തൃത്താല തിരിച്ചുപിടിക്കണമെന്നത് ഇടതുപക്ഷത്തെ, വിശേഷിച്ചും സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം വൈകാരികപ്രശ്‌നം കൂടിയാകുന്നു. പിന്നീട് എ.കെ.ജി എന്ന നേതാവിനെ വാഴ്ത്തിയെങ്കിലും എ.കെ.ജിയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപഹസിച്ചുവെന്ന് സി.പി.ഐ.എമ്മുകാര്‍ ആക്ഷേപിക്കുന്ന ബല്‍റാം അതുകൊണ്ടുതന്നെ ഇനിയൊരു തവണ ജയിച്ചുകയറരുത് എന്ന നിര്‍ബ്ബന്ധത്തിലാണ് സി.പി.ഐ.എം പ്രവര്‍ത്തകരും ഇടതുപക്ഷമുന്നണിയും. സി.പി.ഐ.എമ്മിന്റെ ഏറ്റവും ശ്രദ്ധേയനായ യുവജനനേതാവ് എം.ബി. രാജേഷ് ആണ് ബല്‍റാമിനെ നേരിടാന്‍ ഇറങ്ങിയിട്ടുള്ളത്. 

കോങ്ങാട്, തരൂര്‍, പാലക്കാട് ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും പുതുമുഖങ്ങളേയാണ് സി.പി.ഐ.എം അവതരിപ്പിച്ചിട്ടുള്ളത്. ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടുള്ള ഡോ. പി. സരിനെപ്പോലുള്ള പുതുമുഖങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ്സിന് ജില്ലയില്‍ മുന്‍തൂക്കം നല്‍കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. 

തൃശൂരില്‍ മുറുകുന്ന തെരഞ്ഞെടുപ്പു മേളം 

തൃശൂരുകാര്‍ പൂരം കണക്കേ ഉത്സാഹത്തിമിര്‍പ്പു പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ് തെരഞ്ഞെടുപ്പുകള്‍. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിലുയര്‍ന്ന കൊടി ചുവപ്പായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍നിന്നും 12 സീറ്റാണ് കിട്ടിയത്. പകരം ജില്ലയ്ക്ക് മൂന്നു മന്ത്രിമാരെ കിട്ടുകയും ചെയ്തു. ഇടതുഭരണത്തില്‍ നല്ല പരിഗണനയും നല്‍കിയിട്ടുണ്ട്. ആയതിനാല്‍ ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു. ക്രിസ്ത്യന്‍ സമുദായത്തിനു നല്ല പ്രാധാന്യമുള്ള ജില്ലകളിലൊന്നായ തൃശൂര്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി വലതുപക്ഷച്ചായ്വ് കൈവെടിഞ്ഞ് ഇടത്തോട്ടു നീങ്ങുന്ന ചിത്രമാണ് ദൃശ്യമായിരുന്നത്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ ഉറ്റുനോക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന് വ്യക്തമാകുന്ന സന്ദര്‍ഭത്തില്‍ ഏറെ കൗതുകമുണര്‍ത്തുന്ന ചിത്രമാണ് ജില്ലയിലെ തെരഞ്ഞെടുപ്പുരംഗം നല്‍കുന്നത്. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചേലക്കര, പുതുക്കാട്, കുന്നംകുളം, മണലൂര്‍ എന്നിവയില്‍ ഇടതുപക്ഷം വിജയമുറപ്പിക്കുമ്പോള്‍ ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂര്‍, ഗുരുവായൂര്‍ എന്നിവയ്ക്കു പുറമേ വടക്കാഞ്ചേരി കൂടി ഇത്തവണ ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഒല്ലൂരിലും നാട്ടികയിലും മികച്ച വിജയപ്രതീക്ഷയുമുണ്ട്. 

വടക്കാഞ്ചേരി, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, ഒല്ലൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങള്‍ക്കു പുറമേ തൃശൂരിലും ഇത്തവണ പൊടിപാറുന്ന മത്സരമാണ് നടക്കുന്നത്. 

മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ മണ്ഡലമാണ് തൃശൂര്‍. ഇത്തവണ ജില്ലയിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്. പി. ബാലചന്ദ്രനാണ് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി. പദ്മജാ വേണുഗോപാല്‍ യു.ഡി.എഫിനുവേണ്ടി മത്സരിക്കാനിറങ്ങുമ്പോള്‍ എന്‍.ഡി.എയ്ക്കുവേണ്ടി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്. ജയിക്കാനല്ല, വോട്ടു വര്‍ദ്ധിപ്പിക്കാനാണ് താന്‍ മത്സരിക്കുന്നത് എന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ ന്യായം. മുന്‍പ് തെരഞ്ഞെടുപ്പില്‍ പോരാടി തോല്‍വിയടഞ്ഞയാളാണ് പദ്മജ. ബാലചന്ദ്രനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റയാളാണ്. മുന്‍ അനുഭവങ്ങളില്‍നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇരുവരും തെരഞ്ഞെടുപ്പിനിറങ്ങുന്നത്. മന്ത്രി സുനില്‍കുമാറിന്റെ സിറ്റിംഗ് മണ്ഡലമായ തൃശൂരില്‍ അദ്ദേഹത്തിന്റെ ജനപ്രീതി തനിക്കു മുതല്‍ക്കൂട്ടാകുമെന്ന് ന്യായമായും ബാലചന്ദ്രന്‍ കരുതുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തിലെ സംഘടനാരംഗത്ത് സജീവസാന്നിധ്യമായി അണികളുടെ പിന്തുണ ഉറപ്പിച്ചാണ് കഴിഞ്ഞതവണത്തേതിനു വിരുദ്ധമായി ഈ തെരഞ്ഞെടുപ്പില്‍ പത്മജ രംഗത്തിറങ്ങുന്നത്. 

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ഇരുമുന്നണികളെ സംബന്ധിച്ചിടത്തോളവും നിര്‍ണ്ണായകമാണ്. അദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ കാറ്റ് എല്‍.ഡി.എഫിനു അനുകൂലമാക്കാനാണ് ഇട. തൃശൂരിലെ തദ്ദേശതെരഞ്ഞെടുപ്പ് ജയപരാജയങ്ങളും നിയമസഭാതെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കും. 

ഗുരുവായൂരിലെ തെരഞ്ഞെടുപ്പു രംഗം അങ്ങേയറ്റം നാടകീയത മുറ്റിയ ഒന്നാണ്. യു.ഡി.എഫും ഹിന്ദുത്വരാഷ്ട്രീയവും തമ്മിലുള്ള ബാന്ധവം പരസ്യമായി മറനീക്കി പുറത്തുവരുന്നതെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്ന ഈ മണ്ഡലത്തില്‍ ഹിന്ദുവോട്ടുകളെ പ്രകോപിപ്പിക്കും മട്ടില്‍, കെ.എന്‍.എ ഖാദര്‍ ഗുരുവായൂരപ്പനെ വണങ്ങിയത് ഇസ്ലാമിക വിരുദ്ധ പ്രവൃത്തിയെന്ന് മതപണ്ഡിതരുടെ പ്രസ്താവനയിറങ്ങിയതും മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പനുഭവങ്ങളുള്ള സ്ഥാനാര്‍ത്ഥിയായിട്ടു കൂടി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയതുമെല്ലാം സൂചിപ്പിക്കുന്നത് വരുംകാലം വിവാദമാകാവുന്ന എന്തോ ഒന്നു സംഭവിക്കുന്നു എന്നു തന്നെയാണ്. 1994-ലെ തെരഞ്ഞെടുപ്പില്‍ സമദാനി മത്സരിച്ച സന്ദര്‍ഭത്തിലും ഇത്തരമൊരു ആരോപണം ശക്തമായി ഉണ്ടായിരുന്നു. മണ്ഡലത്തില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബി.ജെ.പി-എന്‍.ഡി.എ വോട്ടുകള്‍ നിര്‍ണ്ണായകമാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് 25,000 വോട്ടുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സും ലീഗും ബി.ജെ.പിയും ചേര്‍ന്ന് ഗുരുവായൂരില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നു പറഞ്ഞ് എല്‍.ഡി.എഫ് മണ്ഡലത്തില്‍ പ്രകടനം നടത്തിയിരുന്നു. പത്രിക തള്ളിയതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു പോകുമായിരുന്ന ആര്‍.എസ്.എസ് വോട്ടുകളെക്കൂടി ആകര്‍ഷിച്ച് ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെന്ന് യു.ഡി.എഫും വ്യക്തമാക്കിയിട്ടുണ്ട്. 

2004-ലെ ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിയായ കെ. മുരളീധരനു ഞെട്ടിക്കുന്ന തോല്‍വി സമ്മാനിച്ച ചരിത്രമാണ് വടക്കാഞ്ചേരിക്കുള്ളത്. ഏറെക്കാലം കോണ്‍ഗ്രസ്സിന്റെ കൈവശമായിരുന്നു ഈ മണ്ഡലം. എന്നാല്‍, വീണ്ടുമൊരു വട്ടം കൂടി മണ്ഡലം കോണ്‍ഗ്രസ്സിനെ ജനം ഏല്പിച്ചത് അനില്‍ അക്കരയ്ക്ക് ഞെട്ടിക്കുന്ന വിജയം സമ്മാനിച്ചുകൊണ്ടായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ വിജയം. അതും 43 വോട്ടിന്. ആ ഒരൊറ്റ സീറ്റാണ് ജില്ലയില്‍ കഴിഞ്ഞതവണ യു.ഡി.എഫിനു ലഭിച്ചത്. 

ഇടതു ഗവണ്‍മെന്റിന്റെ മുഖ്യപരിപാടികളിലൊന്നായ ലൈഫ് മിഷന്റെ ഭാഗമായ നടപടികളെ സംബന്ധിച്ച് വിവാദങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുഖ്യസ്ഥാനത്തായിരുന്നു അനില്‍ അക്കര. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ വീടു മുടക്കിയെന്ന ആരോപണം തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യമായി ഉയര്‍ന്നുകേട്ടിരുന്നു. ആ ആരോപണത്തെ മറികടക്കാനെന്നവണ്ണം തന്റെ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് അനില്‍ അക്കര ഇത്തവണ വോട്ടുതേടുന്നത്. എല്ലാ വികസനശ്രമങ്ങള്‍ക്കും കേരള സര്‍ക്കാരിന്റേയും മന്ത്രിമാരുടേയും നിര്‍ലോഭമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അടിവരയിട്ടു പറയുകയും ചെയ്യുന്നു. എന്നാല്‍, ഇത്തവണ മണ്ഡലം കോണ്‍ഗ്രസ്സിന്റെകൂടെ പോകുമോ എന്നു പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞതവണ ഇടതുമുന്നണിയില്‍ ഉയര്‍ന്നുകേട്ട സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് എതിര്‍സ്ഥാനാര്‍ത്ഥി എന്നതുതന്നെയാണ് കാരണം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അനില്‍ അക്കര നടത്തിയ ഇടപെടലുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നും അഭിപ്രായമുണ്ട്.

വികസനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമുണ്ടാക്കിയ നേട്ടമാണ് ഒല്ലൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തുരുപ്പ് ചീട്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ പ്രാരംഭം കുറിക്കാനായതും മലയോരമേഖലയിലെ പട്ടയവിതരണവും റോഡുകളുടെ നിലവാരമുയര്‍ത്താന്‍ കഴിഞ്ഞതുമെല്ലാം കെ. രാജന്റെ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. ഒല്ലൂരിലെ പൊതുമണ്ഡലത്തില്‍ പോയവര്‍ഷങ്ങളില്‍ നിറഞ്ഞുനിന്ന സാന്നിധ്യം എന്നതാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ജോസ് വള്ളൂരിനു അനുകൂലമായ ഘടകം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തുടക്കം മുതലേ ഉയര്‍ന്നുകേട്ടിരുന്ന പേരാണ് ജോസ് വള്ളൂരിന്റേത്. സ്ഥിരീകരണമുണ്ടായപ്പോള്‍ അത് മുറുമുറുപ്പൊന്നും കൂടാതെ സ്വീകരിക്കപ്പെടുകയും ചെയ്തു. മണ്ഡലത്തിന്റെ സാമുദായിക സ്വഭാവം പരിഗണിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൂടിയായിരുന്നു അത്. കോണ്‍ഗ്രസ്സിനുവേണ്ടി പി.ആര്‍. ഫ്രാന്‍സിസ്, രാഘവന്‍ പൊഴേക്കടവില്‍, പി.പി. ജോര്‍ജ്, എം.പി. വിന്‍സെന്റ് തുടങ്ങിയവര്‍ ഐക്യമുന്നണിക്കുവേണ്ടി ഒല്ലൂരിനെ പ്രതിനിധീകരിച്ചപ്പോള്‍ എ.വി. ആര്യനും എ.എം. പരമനും സി.എന്‍. ജയദേവനുമെല്ലാം ഇടതുപക്ഷത്തുനിന്ന് ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്തായാലും, ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷം നേടിയ രാജനെ നേരിടുക അത്ര എളുപ്പമല്ല.

ബി.ജെ.പിയുടെ ഔദ്യോഗിക വക്താവായ ബി. ഗോപാലകൃഷ്ണനാണ് ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 30,000 വോട്ടുകള്‍ ബി.ജെ.പി മുന്നണി നേടിയിരുന്നു. മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളും തൃശൂര്‍ കോര്‍പ്പറേഷനിലെ 14 ഡിവിഷനുകളുമാണ് ഒല്ലൂര്‍ മണ്ഡലം. 

1965 മുതലിങ്ങോട്ട് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനോടു താല്പര്യം കാണിച്ചിട്ടുള്ള മണ്ഡലമാണ് ചാലക്കുടി. 2006-ല്‍ മണ്ഡലം ഇടതുമുന്നണി പിടിച്ചെടുത്തു. 2011, 2016 തെരഞ്ഞെടുപ്പുകളിലും വിജയം ഇടതുമുന്നണിക്കൊപ്പമായിരുന്നു. യു.ഡി.എഫിന്റെ ടി.യു. രാധാകൃഷ്ണനെ തോല്‍പ്പിച്ച് ബി.ഡി. ദേവസ്സിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 

ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ പരസ്യപ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഷോണ്‍ പല്ലിശ്ശേരിക്കു സീറ്റു നല്‍കണമെന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ 40 വര്‍ഷമായി ചാലക്കുടിയില്‍ കോണ്‍ഗ്രസ്സിന് കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ഉള്ളതെന്നും ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ തവണ ബി.ഡി. ദേവസ്സി നാട്ടുകാരന്‍ തന്നെയായതുകൊണ്ടാണ് ജയിച്ചതെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥി വേണ്ട എന്നു പറഞ്ഞവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ടി.ജെ. സനീഷ് കുമാറിന്റെ കാര്യത്തില്‍ പിറകോട്ടില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ ഒന്നടങ്ങിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ്സുകാരനായ ഡെന്നിസ് ആന്റണിയാണ് ചാലക്കുടിയിലെ കേരളാ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുന്നത്. ബി.ഡി.ജെ.എസ്സിലെ കെ.എ. ഉണ്ണിക്കൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. 

അരാഷ്ട്രീയതയും സാമുദായികതയും പിന്‍വാങ്ങുമോ എറണാകുളത്ത്? 

കളമശ്ശേരി, പറവൂര്‍, കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ, പിറവം, കോതമംഗലം എന്നിങ്ങനെ 14 നിയമസഭാ മണ്ഡലങ്ങളാണ് എറണാകുളത്തുള്ളത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ ഒന്‍പതു ശതമാനം ജീവിക്കുന്ന ജില്ലയാണ് ഇത്. മാനവ വികസന സൂചികയില്‍ ഉയര്‍ന്ന സ്ഥാനവുമുണ്ട്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 46 ശതമാനം ഹിന്ദുക്കളും 38 ശതമാനം ക്രിസ്ത്യാനികളും 15.7 ശതമാനം മുസ്ലിങ്ങളുമാണ്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു സാരമായ പരുക്കേറ്റില്ലെങ്കിലും തെരഞ്ഞെടുപ്പുഫലങ്ങള്‍ പൊതുവേ യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വിള്ളല്‍ സൃഷ്ടിച്ചത് മുന്നണി വലിയ ഭീതിയോടെയാണ് കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു ഫലപ്രകാരം 14 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിടത്തു എല്‍.ഡി.എഫിനു മേല്‍ക്കയ്യുണ്ട്. കൊച്ചി, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം, വൈപ്പിന്‍, തൃക്കാക്കര, എറണാകുളം എന്നിവിടങ്ങള്‍ ഇതുപ്രകാരം എല്‍.ഡി.എഫ് നേടേണ്ടതാണ്. ആലുവ, കളമശ്ശേരി, പറവൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നീ ആറു മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ കൂടെ നില്‍ക്കുമെന്നും പ്രതീക്ഷിക്കണം. കുന്നത്തുനാട്ടിലാകട്ടെ, ട്വന്റി 20-ക്കും ആധിപത്യമുണ്ടാകണം. 

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി, കുന്നത്തുനാട്, പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ പോരാട്ടങ്ങള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ പോകേണ്ടിവന്ന ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമാണ് കളമശ്ശേരി. പാലം അഴിമതിയുടെ പശ്ചാത്തലത്തില്‍ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കേണ്ടതില്ലെന്നും പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടതുണ്ടെന്നും മുസ്ലിംലീഗിന്റെ ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇബ്രാഹിം കുഞ്ഞിനു മാറിനില്‍ക്കേണ്ടിവന്നത്. എന്നാല്‍, തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിന്റെ മകനായ വി.ഇ. ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും മുസ്ലിംലീഗിനുള്ളില്‍ പൊട്ടിത്തെറിക്ക് ഇടയാക്കി. വി.എ. ഗഫൂറിനെതിരെ പ്രതിഷേധവുമായി മുന്‍ എം.എല്‍.എ അഹമ്മദ് കബീറിന്റെ വീട്ടില്‍ ഒരു വിഭാഗം നേതാക്കള്‍ സംഘടിച്ചിരുന്നു. ഗഫൂറിന്റെ കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. ലീഗ് നേതാവായ അഹമ്മദ് കബീറിനെ ഒഴിവാക്കിയതില്‍ വിമത വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും വിമതസ്വരങ്ങളെ പാണക്കാട്ടുനിന്ന് നേരിട്ടുള്ള ഇടപെടലുകള്‍ മുഖാന്തരം നിശ്ശബ്ദമാക്കുകയായിരുന്നു. എന്നാല്‍, അതേസമയം കോണ്‍ഗ്രസ്സിലും മുസ്ലിംലീഗിനും ഇബ്രാഹിം കുഞ്ഞിനും കീഴടങ്ങുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ പൊട്ടിത്തെറിക്കു ഇടയാക്കി. വി.പി. മരയ്ക്കാരുടെ മകനും ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ഷെരീഫ് മരയ്ക്കാര്‍ കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ പി. രാജീവിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇടതുമുന്നണിയെ സംബന്ധിച്ചാണെങ്കില്‍ എറണാകുളത്തെ പല മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടക്കം മുതല്‍ക്കേ വിവാദമായതാണ്. എറണാകുളത്തെ ഷാജി ജോര്‍ജ് പ്രണത, തൃക്കാക്കരയിലെ ഡോ. ജേക്കബ്, കുന്നത്തുനാടിലെ ശ്രീനിജന്‍, പിറവത്തെ ഡോ. സിന്ധുമോള്‍ ജേക്കബ് തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥിത്വം വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. പറവൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി തുടക്കത്തില്‍ ഉയര്‍ന്നുകേട്ട മുന്‍ സി.പി.എം നേതാവ് എന്‍. മാധവന്റെ മകന്‍ എന്‍.എം. പിയേഴ്‌സണ്‍ എന്ന പേര് പിന്നീട് കേള്‍ക്കാതെയായതും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു. ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ പിറവത്ത് സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കി എന്ന ആരോപണവും പിറവം പേയ്മെന്റ് സീറ്റാക്കി എന്നാരോപിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍നിന്നും രാജിവെച്ചതും ഇത്തവണ പിറവത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. എന്നാല്‍, അന്ന് സി.പി.എം നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് താന്‍ പിറവത്തു സ്ഥാനാര്‍ത്ഥിയായത് എന്നായിരുന്നു സിന്ധുമോളിന്റെ വിശദീകരണം. ശ്രദ്ധേയമായ മറ്റൊരു പോരാട്ടം തൃപ്പൂണിത്തുറയിലേതാണ്. സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ എം. സ്വരാജ്, യു.ഡി.എഫിന്റെ കെ. ബാബു, ബി.ജെ.പിയുടെ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് അവിടെ ശക്തമായ മത്സരം. ഉമ്മന്‍ ചാണ്ടിയുടെ നിരന്തരമായ ഇടപെടലിനേയും ആവശ്യത്തേയും തുടര്‍ന്നാണ് ബാബുവിനു സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. 

 2016 തെരഞ്ഞെടുപ്പില്‍ കെ. ബാബുവിനെ പരാജയപ്പെടുത്തിയാണ് എം. സ്വരാജ് മണ്ഡലം പിടിച്ചത്. 62,697 വോട്ടുകളാണ് അന്ന് സ്വരാജിന് ലഭിച്ചത്. 58,230 വോട്ട് കെ. ബാബുവിനും ലഭിച്ചു. ഗണ്യമായ വോട്ടുകളോടെ ബി.ജെ.പിയായിരുന്നു മൂന്നാമതെത്തിയത്. 29,843 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2011-ലെ തെരഞ്ഞെടുപ്പില്‍ കെ. ബാബുവിന് 69,886 വോട്ടുകളായിരുന്നു ലഭിച്ചത്. സി.പി.എമ്മിന്റെ സി.എം. ദിനേശ് മണിക്ക് 54,108 വോട്ടുകളും.

ഇടതുസര്‍ക്കാരിന്റെ വികസന, ക്ഷേമ മുദ്രാവാക്യങ്ങളെ മറികടക്കുന്നതിന് ശബരിമല തുടങ്ങിയ വൈകാരിക മുദ്രാവാക്യങ്ങളെ ആശ്രയിക്കാനാണ് യു.ഡി.എഫ് തീരുമാനമെന്ന് ബാബുവിന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പിക്കാര്‍ തനിക്ക് വോട്ടുചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിക്കുവേണ്ടി ഇ. ശ്രീധരന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞുകേട്ടിരുന്ന മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ. മൂന്നു മുന്നണികള്‍ക്കൊപ്പം ട്വന്റി 20-യും ശക്തമായ സാന്നിധ്യമാകുന്ന കുന്നത്തുനാടാണ് ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം. ഒരുകാലത്ത് സി.പി.ഐ.എമ്മിന്റെ ശക്തമായ വിമര്‍ശനത്തിനു വിധേയനായിരുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.വി. ശ്രീനിജനാണ് അവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം.എല്‍.എ വി.പി. സജീന്ദ്രനാണ് യു.ഡി.എഫിനുവേണ്ടി ഇത്തവണയും രംഗത്തിറങ്ങുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രേണു സുരേഷും. ട്വന്റി 20-ക്കുവേണ്ടി സുജിത് പി. സുരേന്ദ്രനും. 

വീഴുമോ കോട്ടയത്തെ വലതുകോട്ടകള്‍? 

കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭൂപടത്തില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ള പ്രദേശമാണ് കോട്ടയം ജില്ല. വിമോചനസമരകാലം തൊട്ട് ആരംഭിക്കുന്നു അതിന്റെ പുരോഗമനവിരുദ്ധ നിലപാടുകളുടേയും ജാതിമത വിഭാഗീയതകളുടേയും ചരിത്രം. എന്നാല്‍, നായര്‍ സമുദായത്തിനും നസ്രാണി വിഭാഗങ്ങള്‍ക്കും നല്ല സ്വാധീനമുള്ള ഈ ജില്ലയില്‍ ഉരുത്തിരിയുന്ന ചിത്രം മാറ്റങ്ങളുടേതാണ്. എറണാകുളം ജില്ലയിലേതുപോലെ യാക്കോബായ സമുദായത്തിന്റെ നിലപാടും ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കെ.എം. മാണി നയിച്ച കേരളാ കോണ്‍ഗ്രസ്സിന്റെ പ്രബലവിഭാഗം ഐക്യമുന്നണി വിട്ട് ഇടതുപക്ഷത്തോടു കൂടെ ചേര്‍ന്നതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു കൂടിയാണിത്. ജോസ് മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടത് തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ വലിയ ചലനങ്ങള്‍ ജില്ലയിലെ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ വലതുമുന്നണിയെ കൈവിട്ടത് അതിന്റെ നേതൃത്വത്തില്‍ അങ്കലാപ്പും ഉണ്ടാക്കിയിരുന്നു. വര്‍ഷങ്ങളായി ഇടതുമുന്നണി കിണഞ്ഞു ശ്രമിച്ചിട്ടും ഇടത്തോട്ട് അടുക്കാന്‍ കൂട്ടാക്കാതെ ഇരുന്ന പഞ്ചായത്തുകളില്‍ 39 എണ്ണമാണ് എല്‍.ഡി.എഫിനൊപ്പം നിന്നത്. ചരിത്രത്തിലാദ്യമായി ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിപോലും യു.ഡി.എഫിനെ കൈവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച ജനവികാരവും കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടുപോന്നതും ലതികാ സുഭാഷിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിമതത്വവും ഇത്തവണ തങ്ങള്‍ക്ക് കാര്യങ്ങളെ അനുകൂലമാക്കുമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. എന്നാല്‍, ശബരിമല, അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ നേരത്തെ ഇടതുപക്ഷത്തിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തി ഇടതുപ്രതീക്ഷകളില്‍ മങ്ങലേല്‍പിക്കുമെന്നും യു.ഡി.എഫ് കരുതുന്നു. 

പാലാ, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെ മത്സരം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ഇത്തവണ ഇരു കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ചങ്ങനാശ്ശേരിയില്‍ നടക്കുന്നത്. യു.ഡി.എഫിനുവേണ്ടി നാട്ടുകാരന്‍ തന്നെയായ വി.ജെ ലാലിയാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫിനുവേണ്ടി മറ്റൊരു ചങ്ങനാശ്ശേരിക്കാരന്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോബ് മൈക്കിളും മത്സരിക്കുന്നു. ബി.ജെ.പിക്കുവേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായരാണ് രംഗത്ത്. ശബരിമല വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥലമാണ് ചങ്ങനാശ്ശേരി. ഇത്തവണ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. 

ലതികാസുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ ഏറ്റുമാനൂരിലും മത്സരം കടുത്തതാണ്. സി.പി.ഐ.എമ്മിന്റെ സുരേഷ് കുറുപ്പാണ് സിറ്റിംഗ് എം.എല്‍.എ. എന്നാല്‍, ഇത്തവണ സി.പി.ഐ.എം നേതാവ് വി.എന്‍. വാസവനാണ് ഇടതുമുന്നണിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് യു.ഡി.എഫിനുവേണ്ടിയും. 

ഉപതെരഞ്ഞെടുപ്പില്‍ മാണികേര ളയെ മലര്‍ത്തിയടിച്ച മാണി സി. കാപ്പന്‍ വീണ്ടും പാലായില്‍ മത്സരത്തിനിറങ്ങുന്നതും ജോസ് കെ. മാണിയോ മാണി സി. കാപ്പനോ എന്ന ചോദ്യമുയരുന്നതുമാണ് പാലായിലെ മത്സരത്തിന്റെ സവിശേഷത. മാണി സി. കാപ്പന്‍ ഇടഞ്ഞിട്ടു കൂടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വമ്പന്‍ നേട്ടം ഈ പ്രദേശത്തുണ്ടാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കില്‍ പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലം. 1996 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.സി. ജോര്‍ജ്ജിന്റെ കയ്യില്‍നിന്നും മണ്ഡലം വഴുതിപ്പോകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരു മുന്നണിയുടേയും പിന്തുണയില്ലാതെയാണ് ജോര്‍ജ് ഇത്തവണ മത്സരിക്കുന്നത്. 

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ​ഗാന്ധി എത്തിയപ്പോൾ. സമീപം കെസി വേണു​ഗോപാൽ
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ​ഗാന്ധി എത്തിയപ്പോൾ. സമീപം കെസി വേണു​ഗോപാൽ

ഇത്തവണയും ഇടത്തോട്ടോ ഇടുക്കിയിലെ കാറ്റ്?

കോണ്‍ഗ്രസിനും യു.ഡി.എഫിനും നല്ല വേരോട്ടമുള്ള മണ്ണാണ് ഇടുക്കി.  എന്നാല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ചിത്രം വ്യത്യസ്തമാകുകയാണ് പതിവ്. 2006 മുതല്‍ എല്‍.ഡി.എഫാണ് മേല്‍ക്കൈ നിലനിര്‍ത്തിപ്പോരുന്നത്.  കേരളാകോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ കൂറ് മാറിമറിഞ്ഞിട്ടും ജില്ല ഇടതുമുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. 2016ല്‍ മൂന്ന് സീറ്റില്‍ ഇടതുമുന്നണിയും രണ്ടു സീറ്റില്‍ ഐക്യമുന്നണിയും ജയിച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ സീറ്റുകളുടെ എണ്ണം നാലായി. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി, തൊടുപുഴ എന്നിങ്ങനെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്.  

എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയ ദേവികുളം, ഇടുക്കി, മന്ത്രി എം.എം. മണി വീണ്ടും ജനവിധി തേടുന്ന ഉടുമ്പന്‍ചോല എന്നിവയാണ് ഇത്തവണ ശ്രദ്ധേയമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങള്‍. 

ഇടതുമുന്നണിക്കും ഐക്യമുന്ന ണിക്കും നല്ല അടിത്തറയുള്ള മണ്ഡലമാണ് ദേവികുളം. 2006 മുതല് തുടര്‍ച്ചയായി സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി എസ്. രാജേന്ദ്രനാണ് ജയിച്ചുകയറിയിട്ടുള്ളത്. ഇത്തവണ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ. രാജയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. തോട്ടം തൊഴിലാളികളും പള്ളര്‍, പറയര്‍ സമുദായങ്ങളില്‍ പെടുന്നവരും തമിഴ് സംസാരിക്കുന്നവരുമായ വിഭാഗങ്ങളാണ് പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തെ വിജയം നിര്‍ണയിക്കുന്നത്. ദേവികുളത്ത് കഴിഞ്ഞ തവണ എഐഎഡിഎംകെയ്ക്ക് വേണ്ടി 11623 വോട്ടുകള്‍ നേടിയ, ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ ആര്‍ എം ധനലക്ഷ്മിയുടെ പത്രിക  സൂക്ഷ്മപരിശോധനയില്‍ തള്ളിപ്പോയിരുന്നു.  തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എസ്. ഗണേശനെ എന്‍ഡിഎ സ്വന്തം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എന്‍.ഡി.എ-ഇടതു കൂട്ടുകെട്ടിന്റെ ഭാഗമായാണ് ധനലക്ഷ്മിയുടെ പത്രിക തള്ളിപ്പോകാനിടവന്നതെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. 

ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, വണ്ടന്‍മേട്, ഉടുമ്പന്‍ചോല എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമാണ് ഉടുമ്പഞ്ചോല.  1965 മുതല്‍ 2011 വരെ നടന്ന പന്ത്രണ്ടു തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും രണ്ടു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഒരു തവണ യു.ഡി.എഫ് സ്വതന്ത്രനും രണ്ടു തവണ സി.പി.ഐ സ്ഥാനാര്‍ത്ഥികളും നാലു തവണ സിപിഐഎം സ്ഥാനാര്‍ത്ഥികളും വിജയിച്ചു. 2001 -മുതല്‍ സി.പി.ഐ.എമ്മിലെ കെ.കെ. ജയചന്ദ്രനാണ് ഇവിടെ നിന്നും വിജയിച്ചുപോരുന്നത്. എസ്.എന്‍.ഡി.പി യൂണിയനു ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് ഉടുമ്പന്‍ചോല. 

1977 മുതല്‍ കേരളാകോണ്‍ഗ്രസിന്റേയും? കോണ്‍ഗ്രസ്സിന്റേയും കൂടെ നിന്ന ചരിത്രമാണ് ഇടുക്കി മണ്ഡലത്തിനുള്ളത്.  2001 മുതല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിന്‍ ആണ് ഇവിടെ നിന്നും വിജയിക്കുന്നത്. കഴിഞ്ഞതവണ ഇടതുപിന്തുണയോടെ മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജിനെ അദ്ദേഹം തോല്‍പിച്ചുവെങ്കില്‍ ഇത്തവണ ഇടതു പിന്തുണയോടെയാണ് അദ്ദേഹം മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com