തെക്കന്‍ കേരളം എങ്ങനെ വിധിയെഴുതും?

സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ കേന്ദ്രമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ നേമത്ത് ഇത്തവണയും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം നിര്‍ണ്ണയിക്കാനുള്ള സാധ്യത ശക്തം
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

തെരഞ്ഞെടുപ്പില്‍ ഏറ്റവുമാദ്യം അറിയാനാഗ്രഹിക്കുന്ന ഫലങ്ങളുടെ മുന്‍നിരയിലാണ് നേമം. സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ കേന്ദ്രമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ നേമത്ത് ഇത്തവണയും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം നിര്‍ണ്ണയിക്കാനുള്ള സാധ്യത ശക്തം. മാത്രമല്ല, ഈ മണ്ഡലത്തിലെ ബലാബലം തലസ്ഥാന ജില്ലയിലെ മറ്റു ചില മണ്ഡലങ്ങളെക്കൂടി സ്വാധീനിക്കുന്നു. ബി.ജെ.പി കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മണ്ഡലങ്ങളില്‍ മൂന്നെണ്ണം തിരുവനന്തപുരം ജില്ലയിലാണ്. നേമത്തിനു പുറമേ കഴക്കൂട്ടവും വട്ടിയൂര്‍ക്കാവുമാണ് അവ. രണ്ടും 2016-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്ന മണ്ഡലങ്ങള്‍. എന്നാല്‍, 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ അവര്‍ മൂന്നാമതായി; മൂന്നാമതായിരുന്ന എല്‍.ഡി.എഫ് ഒന്നാമതുമെത്തി. അതുകൊണ്ട് ഇത്തവണ അവിടെ ബി.ജെ.പി അമിത പ്രതീക്ഷ വയ്ക്കുന്നില്ല. പക്ഷേ, കഴക്കൂട്ടം നിര്‍ണ്ണായകമാണ്. 

അതേസമയം, 2016-ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഒന്‍പതിലും വിജയിച്ച എല്‍.ഡി.എഫും നാലിടത്തു ജയിച്ച യു.ഡി.എഫും ഒരു സീറ്റു നേടിയ ബി.ജെ.പിയും ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും മികച്ച മത്സരത്തിനാണ് ശ്രമിക്കുന്നത്. തെക്കന്‍ കേരളത്തിലെ നാലു ജില്ലകളില്‍ യു.ഡി.എഫിനു ഏറ്റവുമധികം സീറ്റുകള്‍ കിട്ടിയ ജില്ലയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായുള്ള 39 നിയോജമണ്ഡലങ്ങളില്‍ ആറിടത്താണ് അവര്‍ ജയിച്ചത്. അതില്‍ അഞ്ചിടത്തു മാത്രമാണ് നിലവില്‍ യു.ഡി.എഫ് എം.എല്‍.എമാരുള്ളത്. 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും പത്തനംതിട്ട ജില്ലയിലെ ഏക സീറ്റായിരുന്ന കോന്നിയും നഷ്ടപ്പെട്ടു. ആലപ്പുഴ ജില്ലയിലെ അരൂര്‍ നേടുകയും ചെയ്തു. ബാക്കി 34-ല്‍ 33 എല്‍.ഡി.എഫ്, ഒരെണ്ണം എന്‍.ഡി.എ. കൊല്ലം ജില്ലയില്‍ യു.ഡി.എഫിന് ഒറ്റ എം.എല്‍.എ പോലുമില്ല. പതിനൊന്നിടത്തും എല്‍.ഡി.എഫ്. ആലപ്പുഴയിലെ ഒന്‍പതില്‍ അരൂരിനു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിനിധീകരിക്കുന്ന ഹരിപ്പാട് കൂടിയുണ്ട്.
 
എ. വിന്‍സെന്റ് (കോവളം), വി.എസ്. ശിവകുമാര്‍ (തിരുവനന്തപുരം), കെ.എസ്. ശബരീനാഥന്‍ (അരുവിക്കര), കെ. മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് 2016-ല്‍ തിരുവനന്തപുരം ജില്ലയില്‍നിന്നു ജയിച്ച യു.ഡി.എഫ് എം.എല്‍.എമാര്‍. എല്ലാവരും കോണ്‍ഗ്രസുകാര്‍. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് തിരുവനന്തപുരം മേയറായിരുന്ന സി.പി.എമ്മിലെ വി.കെ. പ്രശാന്താണ്. കെ. മുരളീധരന്‍ ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വര്‍ക്കല, ആറ്റിങ്ങല്‍, വാമനപുരം, കഴക്കൂട്ടം, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല, നെടുമങ്ങാട്, ചിറയിന്‍കീഴ് മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് ജയിച്ചത്. നെടുമങ്ങാടും ചിറയിന്‍കീഴും സി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളാണ്. 

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവയാണ് ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങള്‍. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളാണ് കൊല്ലം ജില്ലയില്‍. പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങള്‍: തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ടു സീറ്റുകളിലൊന്ന് കോന്നിയാണ്. 

എന്ത്, എങ്ങനെ? 

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 100 വാര്‍ഡുകള്‍. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, കോവളം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം ഇടതുമുന്നണിക്കും ബിജെപിക്കും ആത്മവിശ്വാസം നല്‍കുന്നു. യു.ഡി.എഫിന്റെ ആത്മവിശ്വാസം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ്. ആ വിജയത്തിന്റെ അടിത്തറ തങ്ങള്‍ക്കനുകൂലമായി നിലനില്‍ക്കുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നുമാണ് വാദം. 

കഴക്കൂട്ടത്ത് എം.എല്‍.എയും ദേവസ്വം-ടൂറിസം-സഹകരണ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും ശോഭാ സുരേന്ദ്രനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ്. ലാലും ഇഞ്ചോടിഞ്ച് പൊരുതുന്നു. മണ്ഡലം നിലനിര്‍ത്തുക എന്നതിനപ്പുറം ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരും എല്‍.ഡി.എഫും സ്വീകരിച്ച നിലപാടിനു നേരിട്ടുള്ള പ്രതികരണമായി മാറും കടകംപള്ളിക്കു ലഭിക്കുന്ന ജനവിധി. ശോഭാ സുരേന്ദ്രനാകട്ടെ, വി. മുരളീധരന്റെ രണ്ടാംസ്ഥാനം നിലനിര്‍ത്തിയാല്‍ മാത്രം പോര; ശബരിമല മുഖ്യ ചര്‍ച്ചയാക്കാന്‍ ശ്രമിച്ച് കടകംപള്ളിയെ ഉന്നംവയ്ക്കുന്നതുകൊണ്ട് ബി.ജെ.പി നിലപാടിന്റേയും മാറ്റുരയ്ക്കുന്ന ഫലം വേണം; ജയിച്ചേ തീരൂ. ഇവര്‍ക്കിടയില്‍, മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും അഭിമാനം രക്ഷിക്കാനാണ് ഡോ. ലാലിന്റെ ശ്രമം. കേരളം ഭരിക്കുന്നവര്‍ക്കും കേന്ദ്രം ഭരിക്കുന്നവര്‍ക്കും എതിരായി ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെ യു.ഡി.എഫിനെ വിജയിപ്പിക്കുന്ന ഘടകങ്ങള്‍ പലതുണ്ടെന്നു വിലയിരുത്തി വിജയം പ്രതീക്ഷിക്കുകയാണ് അദ്ദേഹം. 

നേമത്ത് സി.പി.എം വീണ്ടും വി. ശിവന്‍കുട്ടിയെ തന്നെ മത്സരിപ്പിക്കുന്നത് ഉറച്ച വിജയ പ്രതീക്ഷയോടെയാണ്. വിചിത്രവും അപ്രതീക്ഷിതവുമായ ട്വിസ്റ്റുകള്‍ക്കൊടുവില്‍ ചിത്രം തെളിഞ്ഞപ്പോള്‍ 2016-ല്‍ വട്ടിയൂര്‍ക്കാവില്‍ ഒന്നാമതും രണ്ടാമതും എത്തിയ കെ. മുരളീധരനും കുമ്മനം രാജേശഖരനും ഇവിടെ മുഖാമുഖം നില്‍ക്കുന്നു. ബി.ജെ.പിയെ ഇത്തവണ ജയിപ്പിക്കാതിരിക്കാന്‍ കരുത്തനെ തേടിയാണ് കോണ്‍ഗ്രസ് കെ. മുരളീധരനില്‍ എത്തിയത്.  മുരളീധരനു യു.ഡി.എഫ് വോട്ടുകളും കുമ്മനത്തിന് എന്‍.ഡി.എ വോട്ടുകളും മുഴുവനായി നേടാന്‍ കഴിഞ്ഞാല്‍ വിജയചിത്രം തങ്ങള്‍ക്കനുകൂലമാകും എന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. അതായത്, യു.ഡി.എഫില്‍നിന്നു ബി.ജെ.പിയിലേക്കോ തിരിച്ചോ വോട്ടുകള്‍ പോയില്ലെങ്കില്‍ വിജയം എല്‍.ഡി.എഫിന്. കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ത്തന്നെ വി. ശിവന്‍കുട്ടി സജീവമായി നിന്നതും ഒ. രാജഗോപാലിനു ബി.ജെ.പിക്കു പുറത്തും ലഭിച്ച പിന്തുണ കുമ്മനത്തിനു കിട്ടാനിടയില്ലാത്തതും എല്‍.ഡി.എഫ് പ്രതീക്ഷവയ്ക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിക്കാതെ ജെ.ഡി.യുവിനു നല്‍കിയ നേമത്തു മത്സരിച്ച വി. സുരേന്ദ്രന്‍ പിള്ള 13860 വോട്ടുകള്‍ മാത്രം നേടി ദയനീയമായാണ് തോറ്റത്. 2011-ല്‍ എസ്.ജെ.ഡിയിലെ ചാരുപാറ രവി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ 20248 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് രണ്ടാമതെത്തിയ ഒ. രാജഗോപാലിന് 43661 വോട്ടുകള്‍ കിട്ടി. 2016-ല്‍ അദ്ദേഹത്തിനു കിട്ടിയത് 67813 വോട്ടുകള്‍. ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ടുകച്ചവടം നടത്തി എന്ന ആരോപണം അന്നുമുതല്‍ എല്‍.ഡി.എഫ് ഉന്നയിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടു കച്ചവടം ചെയ്തുവെന്ന് സുരേന്ദ്രന്‍ പിള്ളതന്നെ കഴിഞ്ഞ ദിവസം പറയുകയും ചെയ്തു.

തിരുവനന്തപുരം (സെന്‍ട്രല്‍) മണ്ഡലത്തില്‍ നിലവിലെ എം.എല്‍.എ വി.എസ്. ശിവകുമാറിനെതിരെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ ആന്റണി രാജുവിനെത്തന്നെ വീണ്ടും മത്സരിപ്പിക്കുന്,നു എല്‍.ഡി.എഫ്. അടുത്തയിടെ ബി.ജെ.പിയില്‍ ചേര്‍ന്ന കൃഷ്ണകുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. നേമത്ത് കെ. മുരളീധരന്‍ ഇത്തവണ കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ വോട്ടുകളും പിടിക്കുന്നത് തിരുവനന്തപുരത്ത് ശിവകുമാറിന്റെ ഫലത്തെ സ്വാധീനിക്കും എന്ന ചര്‍ച്ചയുണ്ട് രാഷ്ട്രീയ, മാധ്യമ വൃത്തങ്ങളില്‍. നേമത്ത് ബി.ജെ.പിയെ സഹായിച്ച് പകരം തിരുവനന്തപുരത്ത് അവരുടെ കൂടി സഹായത്തോടെയാണ് ശിവകുമാര്‍ ജയിക്കുന്നത് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മാധ്യമങ്ങളോടു സൂചിപ്പിച്ചത് ഈ ചര്‍ച്ചയ്ക്കു ശക്തി കൂട്ടി. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പുകൂടിയാണ് ഇത്.
 
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് കെ.പി. അനില്‍കുമാറിനേയും പി.സി. വിഷ്ണുനാഥിനേയും ജ്യോതി വിജയകുമാറിനേയും പരിഗണിച്ചെങ്കിലും പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല എന്ന മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റ വാശിക്കു വഴങ്ങേണ്ടി വന്നു. അങ്ങനെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ്. നായര്‍ സ്ഥാനാര്‍ത്ഥിയായത്. അവര്‍ ശാസ്തമംഗലം വാര്‍ഡില്‍നിന്ന് കോര്‍പ്പറേഷനിലേക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല. ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രതിഷേധവും അതുണ്ടാക്കിയ ആഘാതവും വനിതാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പരിഗണിക്കാന്‍ കാരണമായി. വി.കെ. പ്രശാന്തിന്റെ വ്യക്തിപ്രഭാവം 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയത്തെ സഹായിച്ച മുഖ്യഘടകം. നായര്‍ സമുദായത്തില്‍നിന്നല്ലാത്ത സ്ഥാനാര്‍ത്ഥി വിജയിക്കില്ല എന്ന പതിവും വട്ടിയൂര്‍ക്കാവ് തിരുത്തി. ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡ് കൗണ്‍സിലറുമായ വി.വി. രാജേഷാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. 

തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫ് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിക്കുന്നില്ല എന്ന മുസ്ലിം സമുദായ സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു. കോണ്‍ഗ്രസ് വര്‍ക്കലയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ആര്‍.എം. ഷെഫീറിനു ജയസാധ്യത കുറവാണ് എന്നുമുണ്ട് വാദം. പാറശ്ശാലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്‍സജിത റസല്‍ മുസ്ലിമാണ് എന്നു തെറ്റിദ്ധരിച്ച് രണ്ടു പേരെ യു.ഡി.എഫ് പരിഗണിച്ചു എന്നു ചില സമുദായ നേതാക്കള്‍ പറഞ്ഞെങ്കിലും വേഗം തിരുത്തി. അന്‍സജിത നാടാര്‍ സമുദായാംഗമാണ് എന്ന് വ്യക്തമായതോടെയാണിത്. പുതുമുഖ വനിതാ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം പാറശ്ശാലയില്‍ മത്സരം കൂടുതല്‍ ശക്തമാക്കി. കോണ്‍ഗ്രസ് ജില്ലയില്‍ രണ്ടു സ്ത്രീകള്‍ക്ക് സീറ്റു കൊടുത്തപ്പോള്‍ എല്‍.ഡി.എഫ് ഒരാളെയാണ് പരിഗണിച്ചത്; ആറ്റിങ്ങലില്‍ മത്സരിക്കുന്ന ഒ.എസ്. അംബിക. അതേസമയം, അരുവിക്കരയില്‍ ജില്ലാ കമ്മിറ്റി കൊടുത്ത ലിസ്റ്റിലെ മുതിര്‍ന്ന നേതാവ് വി.കെ. മധുവിനെ വെട്ടി ജി. സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കി സംസ്ഥാന നേതൃത്വം ഞെട്ടിച്ചു. എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളര്‍ന്നുവന്നു പാര്‍ട്ടി നേതൃത്വത്തിലെത്തിയ, തികച്ചും പാവപ്പെട്ട കുടുംബാംഗമായ സ്റ്റീഫന്‍ സി.പി.എമ്മിനു തലസ്ഥാന ജില്ലയിലെ ഏറ്റവും ശ്രദ്ധേയ മുഖമാണ്. 

എസ്.സി സംവരണ സീറ്റായ ചിറയിന്‍കീഴില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയെത്തന്നെ സി.പി.ഐ സ്ഥാനാര്‍ത്ഥിയാക്കി. യുവ വനിതാ സ്ഥാനാര്‍ത്ഥി ആശാനാഥിലൂടെ ഇവിടെ അപ്രതീക്ഷിത നേട്ടത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സും പുതിയ യുവ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു; അനൂപ് ബി.എസ്. നെടുമങ്ങാടു മണ്ഡലം മുതിര്‍ന്ന നേതാവ് സി. ദിവാകരനില്‍ നിന്നെടുത്ത് ജില്ലാ സെക്രട്ടറി ജി.ആര്‍. അനിലിനെ ഏല്പിച്ച സി.പി.ഐ ഒരു പരീക്ഷണമാണ് നടത്തുന്നത്. ജി.ആര്‍. പത്മകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോവളമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടതുമുന്നണിക്കു പിഴച്ച മണ്ഡലങ്ങളിലൊന്ന്. ഘടകകക്ഷിയായ എസ്.ജെ.ഡി മത്സരിക്കുന്ന സീറ്റില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ മത്സരിക്കുന്നു. നിലവിലെ എം.എല്‍.എ എ. വിന്‍സെന്റിനെത്തന്നെ മത്സരിപ്പിച്ച് സീറ്റു നിലനിര്‍ത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. 

ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

ചാത്തന്നൂരാണോ അടുത്ത നേമം 

2016-ല്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച കൊല്ലം ജില്ലയില്‍ ഇത്തവണ അതിനെതിരായ ഫലം ഉണ്ടായേക്കാം. അതിലേക്കു നയിക്കുന്ന അടിയൊഴുക്കുകള്‍ നിര്‍ണ്ണയിക്കുക സി.പി.ഐയിലെ അന്തഃഛിദ്രങ്ങളാണ്. കരുനാഗപ്പള്ളി, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ എന്നിവയാണ് സി.പി.ഐയുടെ മണ്ഡലങ്ങള്‍. ജില്ലാ നേതൃത്വത്തില്‍ സമീപകാലത്തുണ്ടായ വന്‍തോതിലുള്ള പോരും അച്ചടക്കനടപടികളും സി.പി.ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല, സി.പി.എമ്മിലും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാവുന്ന പ്രതിഫലനങ്ങളെക്കുറിച്ച് സി.പി.ഐ നേതൃത്വത്തിന് ആശങ്കയുമുണ്ട്. ഇതിനിടയില്‍ 2016-ലെ അപമാനത്തിനു പകരം വീട്ടാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. പി.എസ്. സുപാല്‍ മത്സരിക്കുന്ന, സി.പി.ഐയുടെ കോട്ടയായി കരുതപ്പെടുന്ന പുനലൂരില്‍ മുസ്ലിംലീഗ് ശ്രദ്ധേയനായ നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഉദാഹരണം. മൂന്നു തവണ തുടര്‍ച്ചയായി മുല്ലക്കര രത്‌നാകരന്‍ ജയിച്ച ചടയമംഗലത്ത് ഇത്തവണ വനിതാ നേതാവ് ജെ. ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം പറഞ്ഞുതീര്‍ത്ത് അവരെത്തന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്. 

പലവട്ടം കോണ്‍ഗ്രസ്സിന്റെ സ്ഥാനാ ര്‍ത്ഥിപ്പട്ടികയില്‍ ഇടം പിടിക്കുകയും വെട്ടിപ്പോവുകയും ചെയ്ത, നാട്ടുകാരനായ എം.എം. നസീറിനെ ഇത്തവണ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത് ആ പ്രതിഷേധങ്ങളില്‍ക്കൂടി കണ്ണുവച്ചാണ്. കരുനാഗപ്പള്ളിയില്‍ സിറ്റിംഗ് എം.എല്‍.എ ആര്‍. രാമചന്ദ്രനെതിരെ കഴിഞ്ഞ തവണ മത്സരിച്ച സി.ആര്‍. മഹേഷ് തന്നെ കോണ്‍ഗ്രസ്സില്‍നിന്നു മത്സരിക്കുന്നു. കൊല്ലം ജില്ലയില്‍ ബി.ജെ.പി എല്ലാ ശ്രദ്ധയും നല്‍കുന്ന മണ്ഡലമാണ് ചാത്തന്നൂര്‍. കഴിഞ്ഞ തവണ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിലൊന്ന്. എന്നാല്‍, എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും ചര്‍ച്ചകളില്‍ ഈ മണ്ഡലത്തിനു നേമം മുതല്‍ മഞ്ചേശ്വരം വരെ ബി.ജെ.പിക്ക് സ്വാധീനമുള്ള മറ്റു മണ്ഡലങ്ങളുടെ പ്രാധാന്യം കാണുന്നില്ല. ഇവിടെ സി.പി.ഐയുടെ ജി.എസ്. ജയലാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 67606 വോട്ടുകള്‍ നേടി വിജയിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനു കിട്ടിയത് 30139 വോട്ടുകള്‍. എന്നാല്‍, 33199 വോട്ടുകള്‍ നേടിയാണ് ബി.ജെ.പിയുടെ ബി.ബി. ഗോപകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇവര്‍ തമ്മില്‍ 3,060 വോട്ടുകളുടെ മാത്രം വ്യത്യാസം. 

2011-ല്‍ ബിന്ദുകൃഷ്ണ 47598 വോട്ടുകള്‍ നേടിയ മണ്ഡലമാണിത്. അന്നും ജയം ജി.എസ്. ജയലാലിനായിരുന്നെങ്കിലും ബി.ജെ.പിയുടെ കിഴക്കനേല സുധാകരന്‍ 3839 വോട്ടുകള്‍ മാത്രമാണ് നേടിയത്. എല്‍.ഡി.എഫിന് 60187 വോട്ടുകള്‍. 2016-ല്‍ കോണ്‍ഗ്രസ്സിനു കുത്തനെ വോട്ടു കുറഞ്ഞതും ബി.ജെ.പിക്ക് കൂടിയതും ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്നതു സുപ്രധാനമാണ്. ഇത്തവണയും ജി.എസ്. ജയലാല്‍ തന്നെ മത്സരിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എന്‍. പീതാംബരക്കുറുപ്പ്. ബി.ബി. ഗോപകുമാര്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കേരളം കണ്ണു തുറന്നിരിക്കേണ്ട കൊടുക്കല്‍ വാങ്ങലിനു സാധ്യതയുണ്ടിവിടെ. 

കൊട്ടാരക്കരയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എന്‍. ബാലഗോപാല്‍, കൊല്ലത്ത് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കുണ്ടറയില്‍ വീണ്ടും ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനാപുരത്തു വീണ്ടും കെ.ബി. ഗണേഷ് കുമാര്‍, കുന്നത്തൂരില്‍ വീണ്ടും കോവൂര്‍ കുഞ്ഞുമോന്‍, ഇരവിപുരത്തു വീണ്ടും എം. നൗഷാദ് എന്നിങ്ങനെ ശ്രദ്ധേയ മത്സരങ്ങളുള്ള ജില്ലയാണ് കൊല്ലം, ബാലഗോപാലിനെതിരെ രശ്മി ആര്‍. ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. അതേസമയം മുതിര്‍ന്ന നേതാവ് ബിന്ദുകൃഷ്ണയ്ക്കു കൊല്ലം സീറ്റുറപ്പിക്കാന്‍ പരസ്യമായി പ്രവര്‍ത്തകരുടെ പ്രതിഷേധവും ബിന്ദുവിന്റെ കണ്ണീരും വേണ്ടിവന്നു. കൊല്ലത്ത് നിലവിലെ എം.എല്‍.എ എം. മുകേഷ് ആണ് വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. 

ആലപ്പുഴയും അമ്പലപ്പുഴയും  

ടി.എം. തോമസ് ഐസക്കും ജി. സുധാകരനും മത്സരിക്കേണ്ട എന്ന് സി.പി.എം തീരുമാനിച്ച ആലപ്പുഴയില്‍ പ്രചാരണരംഗത്ത് ഇരുവരുടേയും സാന്നിധ്യമല്ല, നേതൃത്വമാണുള്ളത്. അത് സി.പി.എമ്മിന്റെ സാധ്യതകളെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകവുമാണ്. അതേസമയം, ഹരിപ്പാടും അരൂരും നിലനിര്‍ത്താനും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ചില മണ്ഡലങ്ങളെങ്കിലും തിരിച്ചുപിടിക്കാനും യു.ഡി.എഫ് കഠിനശ്രമം നടത്തുന്നു. കായംകുളത്ത് നിലവിലെ എം.എല്‍.എ യു. പ്രതിഭയ്‌ക്കെതിരെ അരിത ബാബുവാണ് മത്സരിക്കുന്നത്. അരിത മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് ഇടതുപ്രവര്‍ത്തകരും സമ്മതിക്കുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാനെതിരെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എം. മുരളി മത്സരിക്കുന്നു. ഇവിടെ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചു പിന്‍വാങ്ങേണ്ടി വന്ന ബി.ജെ.പി മുഖപത്രം ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ ആര്‍. ബാലശങ്കര്‍, അതിലെ രോഷം തീര്‍ത്തത് സി.പി.എം - ബി.ജെ.പി ഡീല്‍ ആരോപിച്ചാണ്. അത് സംസ്ഥാനതലത്തില്‍ ചര്‍ച്ചയായി. എന്നാല്‍, ചെങ്ങന്നൂരില്‍ കാര്യമായ ചര്‍ച്ചയായുമില്ല. 

ഡി.സി.സി പ്രസിഡന്റ് എം. ലിജുതന്നെയയാണ് അമ്പലപ്പുഴയില്‍ ഇത്തവണയും മത്സരിക്കുന്നത്. അവിടെ ജി. സുധാകരന്‍ സ്ഥാനാര്‍ത്ഥിയല്ല എന്നതിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. ആലപ്പുഴ ജില്ലയില്‍ സി.പി.എം ആദ്യമായി മത്സരിപ്പിക്കുന്ന മുസ്ലിം സ്ഥാനാര്‍ത്ഥി എച്ച്. സലാം എസ്.ഡി.പി.ഐ ആണെന്ന പോസ്റ്ററുകള്‍ തുടക്കത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, സലാം എല്ലാ സമുദായങ്ങളിലും സ്വീകാര്യതയുള്ള തികഞ്ഞ കമ്യൂണിസ്റ്റാണെന്നു പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ത്തന്നെ വ്യക്തമാക്കി മുന്നോട്ടു പോകാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞു. ആലപ്പുഴയില്‍ മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് പി.പി. ചിത്തരഞ്ജനെതിരേയും യു. പ്രതിഭയ്‌ക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നിലനിന്നിരുന്ന വിമര്‍ശനങ്ങള്‍ പരിഹരിച്ചു എന്ന സി.പി.എമ്മിനുള്ളിലെ അവകാശവാദം എത്രത്തോളം ശരിയാണെന്ന് ഫലം വരുമ്പോള്‍ വ്യക്തമാകും. രണ്ടു പേരും ജയിച്ചാലും തോറ്റാലും ഈ അലോസരങ്ങള്‍ ബാധിച്ചോ എന്ന് അറിയാനാകുമെന്ന് സി.പി.എം പറയുന്നു. 

കേരളത്തില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ രണ്ടും ആലപ്പുഴയിലാണ് എന്ന സവിശേഷതയുണ്ട്. കായംകുളത്തിനു പുറമേ അരൂരിലും യു.ഡി.എഫിനും എല്‍.ഡി.എഫിനും വനിതകള്‍. സി.പി.എമ്മില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ പിടിച്ചെടുത്ത ഷാനിമോള്‍ ഉസ്മാനെതിരെ സി.പി.എം മത്സരിപ്പിക്കുന്നത് പ്രമുഖ ഗായികയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമ ജോജോ. ഷാനിമോള്‍ക്ക് വ്യക്തിപരമായും ഈ തെരഞ്ഞെടുപ്പിലെ വിജയം പ്രധാനം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20-ല്‍ 19 സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചപ്പോള്‍ തോറ്റ ഏക സീറ്റായിരുന്നു ആലപ്പുഴ. അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ പേരെടുത്തു പറഞ്ഞ് അവര്‍ കെ.പി.സി.സിക്കു പരാതി നല്‍കിയിരുന്നു. തൊട്ടു പിന്നാലെ നടന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇത്തവണ സി.പി.എം അരൂര്‍ തിരിച്ചുപിടിക്കാനുറച്ചാണ് ഉപതെരഞ്ഞെടുപ്പിലെ മനു സി. പുളിക്കനു പകരം ദലീമയെ സ്ഥാനാര്‍ത്ഥിയാക്കിയത്. രണ്ടു സ്ഥാനാര്‍ത്ഥികളുടേയും സമുദായ വോട്ടുകള്‍ക്കു പുറമേ മണ്ഡലത്തിലെ പ്രമുഖ സമുദായങ്ങളിലൊന്നായ ഈഴവരിലും പ്രതീക്ഷ വെച്ചാണ് രണ്ടു മുന്നണികളും നീങ്ങുന്നത്. പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ അനുവാദമില്ലാതെ കയറി പുഷ്പാര്‍ച്ചന നടത്തിയും രക്തസാക്ഷികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കിയതെന്ന് ആരോപിച്ചും ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര്‍. സന്ദീപ് വചസ്പതി ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും ആലപ്പുഴ ജില്ലയിലുടനീളം എന്‍.ഡി.എയുടെ സാന്നിധ്യം തെക്കന്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്കാള്‍ ദുര്‍ബ്ബലമാണ്. 

ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

കോന്നിയാണോ പത്തനംതിട്ട 

സി.പി.എം തുടര്‍ച്ചയായി ജയിച്ചിരുന്ന റാന്നി ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിനു കൊടുത്തതിനോടുള്ള സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം കുറ്റിയാടിയിലെപ്പോലെ പരസ്യ എതിര്‍പ്പും തീരുമാനം മാറ്റിക്കലുമായില്ല. പക്ഷേ, തെരഞ്ഞെടുപ്പുഫലത്തില്‍ അത് പ്രധാനമാണ്. ആറന്മുളയില്‍ നിലവിലെ എം.എല്‍.എ വീണാ ജോര്‍ജിനെതിരെ മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശിവദാസന്‍ നായരെയെണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. ബിജു മാത്യുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ഇത് ശിവദാസന്‍ നായരെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ 'ദുര്‍ബ്ബല സ്ഥാനാര്‍ത്ഥി'യാണ് എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. ജില്ലയില്‍ കോന്നി മാത്രമാണ് 2016-ല്‍ യു.ഡി.എഫ് ജയിച്ചത്. എന്നാല്‍, അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക് ആറ്റിങ്ങലില്‍ മത്സരിച്ചു ജയിച്ചതിനെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു കോന്നി നഷ്ടപ്പെട്ടു. സി.പി.എമ്മിലെ കെ.യു. ജനീഷ്‌കുമാറാണ് ജയിച്ചത്. 

ശബരിമല ഉള്‍പ്പെടുന്ന ജില്ല എന്ന വൈകാരിക പ്രാധാന്യം മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെ. സുരേന്ദ്രന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ചത്. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചു. അന്ന് തോറ്റിട്ടും വീണ്ടും മത്സരിക്കുന്നതും ഇതേ പ്രാധാന്യം കൊണ്ടുതന്നെ. കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും അത് മറ്റു പലയിടത്തേക്കാള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. റോബിന്‍ പീറ്ററാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com