ബലാബലത്തില്‍ മലബാര്‍

ഓരോ ജില്ലയിലും പാര്‍ട്ടികളുടെ സ്വാധീന മേഖലകള്‍ ഉണ്ടെങ്കിലും പൊതുവെ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യശക്തിയുള്ള മേഖലയാണ് മലബാര്‍ 
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

രോ ജില്ലയിലും പാര്‍ട്ടികളുടെ സ്വാധീന മേഖലകള്‍ ഉണ്ടെങ്കിലും പൊതുവെ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യശക്തിയുള്ള മേഖലയാണ് മലബാര്‍; ബി.ജെ.പിക്ക് സ്വാധീനമുള്ള കാസര്‍കോഡിന്റെ വടക്കേയറ്റത്തെ മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 48 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ എല്‍.ഡി.എഫിനും മലപ്പുറം ജില്ല യു.ഡി.എഫിനും മേല്‍ക്കൈയുള്ള മേഖലകളാണ്. എന്നാല്‍, അത്തരം ആധിപത്യം നിലനില്‍ക്കുമ്പോഴും പാര്‍ട്ടി പറയുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകില്ല എന്ന സൂചന ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ ഉണ്ടായി. ഇരിക്കൂറില്‍ കോണ്‍ഗ്രസ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം രംഗത്തുവന്നു. അത് കോണ്‍ഗ്രസ് നേതൃത്വത്തിനുതന്നെ നിയന്ത്രിക്കാനാകാത്തവിധം വഷളാവുകയും ചെയ്തു. കുറ്റിയാടിയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിനെതിരെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും തെരുവിലിറങ്ങി. പാര്‍ട്ടി വളരെ കേന്ദ്രീകൃത സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന് പറയുമ്പോഴും ജനം അതിനെ കണക്കിലെടുക്കാതെ തീരുമാനത്തിനെതിരെ തെരുവിലിറങ്ങുകയും തിരുത്തുകയും ചെയ്യുന്നുവെന്നത് വൈരുദ്ധ്യമായി തോന്നാം. നേരത്തെ വിഭാഗീയത ഉണ്ടായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ നീലേശ്വരം പോലുള്ള സ്ഥലങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ പോലെയായിരുന്നില്ല ഇത്. പ്രാദേശിക വികാരം കണക്കിലെടുത്ത് കുറ്റിയാടി സി.പി.എമ്മിന് ഏറ്റെടുക്കേണ്ടിവന്നു. ഘടകകക്ഷികള്‍ക്ക് സീറ്റു നല്‍കിയതിനെതിരെ മുഖ്യാധാരാ പാര്‍ട്ടികളില്‍ ഉണ്ടാകുന്ന അസ്വസ്ഥത കോഴിക്കോട് ജില്ലയിലെ ഏലത്തൂരിലും കണ്ടു. മാണി സി. കാപ്പന്റെ എന്‍.സി.കെയ്ക്ക് സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ രീതിയില്‍ തന്നെയാണ് പ്രതിഷേധമുയര്‍ത്തിയത്. മലപ്പുറത്ത് ലീഗ് ജനറല്‍ സെക്രട്ടറിക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ടായി. സുഗമമായി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന പാര്‍ട്ടികളുടെ പ്രതീക്ഷയെ ഇത്തരം അപ്രതീക്ഷിത പ്രതികരണങ്ങള്‍ മങ്ങലേല്പിച്ചിട്ടുണ്ട്. 

കാസര്‍കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മേല്‍ക്കൈയ്ക്കപ്പുറം കോഴിക്കോട് പോലുള്ള ജില്ലകളില്‍, പ്രത്യേകിച്ച് നഗരമേഖലയില്‍ തെരഞ്ഞെടുപ്പുഫലങ്ങളെ നിര്‍ണ്ണയിക്കാന്‍ തക്കവണ്ണം ബി.ജെ.പിക്കുണ്ടായ വളര്‍ച്ച തള്ളിക്കളയാനാകില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെയുണ്ടായ അസ്വാരസ്യങ്ങള്‍ പലയിടത്തും അപ്രതീക്ഷിതമായ അടിയൊഴുക്കുകള്‍ക്ക് കാരണമാകാനും ഇടയുണ്ട്. അതിനാല്‍ത്തന്നെ പരമ്പരാഗത മണ്ഡലങ്ങളില്‍ പലതിലും ഫലം വരുമ്പോള്‍ അട്ടിമറിഞ്ഞേക്കാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

മഞ്ചേശ്വരത്ത് എന്തു സംഭവിക്കും?

കാസര്‍കോട്ടെ അഞ്ചു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫിനൊപ്പവും രണ്ടെണ്ണം യു.ഡി.എഫിനൊപ്പവുമാണ് നിലവില്‍. ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലം കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരമാണ്. മഞ്ചേശ്വരത്തെ സീറ്റ് വഴിയായിരിക്കും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുക എന്നായിരുന്നു കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാലിലൂടെയായിരുന്നു ബി.ജെ.പി അത് സാധിച്ചത്. 2016-ലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. വോട്ടിങ്ങിലെ ക്രമക്കേട് ആരോപിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. 7923 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിന്റെ എം.സി. കമറുദ്ദീന്‍ ബി.ജെ.പിയുടെ രവീശതന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്. ജ്വല്ലറി തട്ടിപ്പുകേസുകള്‍ വന്നതോടെ ഖമറുദ്ദീന് സീറ്റ് കിട്ടിയില്ല. പകരം എ.കെ.എം. അഷ്റഫ് വന്നു. മഞ്ചേശ്വരം പിടിക്കുക എന്ന ലക്ഷ്യവുമായാണ്  ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ. സുരേന്ദ്രന്‍ കോന്നിക്കു പുറമെ ഇത്തവണയും ഇവിടെ മത്സരിക്കുന്നത്. വി.വി. രമേശനാണ് ഇത്തവണ ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി പയറ്റാറുള്ള പല തന്ത്രങ്ങളും ഇവിടെ കണ്ടുകഴിഞ്ഞു. കഴിഞ്ഞ തവണ 467 വോട്ട് നേടിയ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദര പത്രിക നല്‍കിയതിനു ശേഷം പിന്‍വാങ്ങി. ഇനി സുരേന്ദ്രനുവേണ്ടി പ്രവര്‍ത്തിക്കും എന്നാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. സുന്ദരയെ ബി.ജെ.പി ഭീഷണിപ്പെടുത്തി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സുന്ദരയെ കാണാനില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് മണ്ഡലത്തിലെ ബി.എസ്.പി പ്രവര്‍ത്തകര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മഞ്ചേശ്വരത്തെ പരമ്പരാഗത വോട്ടിങ്ങ് രീതിയില്‍ മാറ്റം വരുമോ എന്നാണ് ഇത്തവണ ഉറ്റുനോക്കുന്ന ഒരു കാര്യം.

മഞ്ചേശ്വരത്തിന് പുറമെ മുസ്ലിം ലീഗിന്റെ മറ്റൊരു മണ്ഡലമാണ് കാസര്‍കോഡ്. അതുപോലെ തന്നെ ബി.ജെ.പിയും യു.ഡി.എഫും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലം കൂടിയാണിത്. മുസ്ലിം ലീഗിന് സിറ്റിങ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നും ഐ.എന്‍.എല്ലിന് എം.എ. ലത്തീഫും ബി.ജെ.പിക്കായി അഡ്വ. കെ. ശ്രീകാന്തുമാണ് മത്സരിക്കുന്നത്. ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ശക്തമായ എല്‍.ഡി.എഫ് മണ്ഡലങ്ങളാണ്. വര്‍ഷങ്ങളായി സി.പി.എമ്മിന്റെ കുത്തക മണ്ഡലമാണ് ഉദുമ. 2016-ല്‍ കെ. സുധാകരന്‍ മത്സരിച്ച് തോറ്റ മണ്ഡലം കൂടിയാണ്. എല്‍.ഡി.എഫിലെ കെ. കുഞ്ഞിരാമന്‍ ജയിച്ചെങ്കിലും 2011-നേക്കാള്‍ ഭൂരിപക്ഷം ഏഴായിരത്തോളം കുറവായിരുന്നു. പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്മോഹന്‍ ഉണ്ണിത്താന് ഉദുമയില്‍നിന്ന് മികച്ച രീതിയില്‍ വോട്ട് ലഭിച്ചിരുന്നു. പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റേയും കൊലപാതകം ഈ മേഖലയില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അത് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തില്‍ യു.ഡി.എഫും പ്രതീക്ഷവെയ്ക്കുന്നുണ്ട്. നിലവിലെ എം.എല്‍.എ കെ. കുഞ്ഞിരാമന് പകരം സി.എച്ച്. കുഞ്ഞമ്പുവാണ് ഇവിടെ എല്‍.ഡി.എഫിനായി മത്സരിക്കുന്നത്. യു.ഡി.എഫ് ബാലകൃഷ്ണന്‍ പെരിയയെ ആണ് മത്സരിപ്പിക്കുന്നത്. എ. വേലായുധന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

മത്സരഫലത്തില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനാവാത്ത തൃക്കരിപ്പൂരില്‍ ഇക്കുറിയും എം. രാജഗോപാലന്‍ തന്നെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുയര്‍ന്നിരുന്നു. എം.പി. ജോസഫാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫ് മണ്ഡലമായ കാഞ്ഞങ്ങാട്ട് സി.പി.ഐ നേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തെ മാറ്റണമെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടും സി.പി.ഐയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. രണ്ട് തവണ മത്സരിച്ച ചന്ദ്രശേഖരന്‍ മാറിനില്‍ക്കണമെന്നായിരുന്നു ആവശ്യം. എങ്കിലും കാഞ്ഞങ്ങാട്ടെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന എതിര്‍പ്പുകളല്ല ഇതൊന്നും. 

ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

കലങ്ങിമറിയുന്ന കണ്ണൂര്‍

സി.പി.എമ്മിന്റെ 'ഫിക്സഡ് ഡെപ്പോസിറ്റ്' എന്നു പറയാവുന്ന സീറ്റുകളുള്ള ജില്ലയാണ് കണ്ണൂര്‍. എന്നാല്‍ 'രണ്ടുതവണ' നിയമം നടപ്പാക്കിയതോടെ പ്രമുഖരായ പല നേതാക്കളും മാറിനില്‍ക്കേണ്ടിവന്നു. കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി. ജയരാജനും  പി. ജയരാജനും ജില്ലാ സെക്രട്ടറി എം.വി. ജയരാജനും മത്സരിക്കുന്നില്ല. രണ്ടുതവണ നിയമം പാലിച്ച് നിലവിലെ എം.എല്‍.എമാരായ ജെയിംസ് മാത്യുവും ടി.വി. രാജേഷും മാറിനില്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ മത്സരിക്കുന്ന മട്ടന്നൂരും ആണ് ജില്ലയിലെ താരമണ്ഡലങ്ങള്‍. 

തളിപ്പറമ്പില്‍ സി.പി.എം നേതാവ് എം.വി. ഗോവിന്ദന്‍ മത്സരിക്കുന്നുണ്ട്. പയ്യന്നൂര്‍, കല്ല്യാശ്ശേരി, കൂത്തുപറമ്പ്, തലശ്ശേരി എന്നിവയെല്ലാം പരമ്പരാഗത എല്‍.ഡി.എഫ് മണ്ഡലമാണ്. ആകെയുള്ള പതിനൊന്ന് മണ്ഡലങ്ങളില്‍ ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നിവയാണ് യു.ഡി.എഫിന് പ്രതീക്ഷയുള്ള ഇടങ്ങള്‍. 

തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിപ്പോയത് സി.പി.എമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷമേഖലകള്‍ ഏറെയുള്ള മണ്ഡലത്തില്‍ ബി.ജെ.പി അനുകൂല വോട്ടുകള്‍ അവരുടെ പാര്‍ട്ടിയിലേക്ക് പോയില്ലെങ്കില്‍ എങ്ങോട്ടുപോകും എന്നതാണ് സി.പി.എമ്മിനെ കുഴക്കുന്ന പ്രശ്നം. ആ മേഖലയില്‍ നിന്നുതന്നെയുള്ള കെ.പി. അരവിന്ദാക്ഷനാണ് സിറ്റിംഗ് എം.എല്‍.എയായ എ.എന്‍. ഷംസീറിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2016-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ വി.കെ. സജീവന് 22125  വോട്ട് കിട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വോട്ട് നില വര്‍ദ്ധിച്ചു. ബി.ജെ.പി-ആര്‍.എസ്.എസ് വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്ക് പോയേക്കുമോ എന്ന ആശങ്കയെ മറികടക്കാന്‍ കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യം ആരോപണം സി.പി.എം സജീവമാക്കിയിട്ടുണ്ട്. സി.പി.എം. വിമത സ്ഥാനാര്‍ത്ഥിയായി സി.ഒ.ടി. നസീറും മത്സരിക്കുന്നുണ്ട്. സി.ഒ.ടി. നസീറിനെ അക്രമിച്ച് പരിക്കേല്പിച്ചതില്‍ ആരോപണവിധേയനായിരുന്നു ഷംസീര്‍. പി. ജയരാജന്റെ പേരില്‍ ഇതിന്റെ ഗൂഢാലോചന ആദ്യം ആരോപിക്കപ്പെട്ടെങ്കിലും ജയരാജന്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതോടൊപ്പം പറയേണ്ടതാണ് പി.ജെ. ആര്‍മിയുടെ അതൃപ്തികളും. ഇക്കാരണങ്ങളൊക്കെത്തന്നെ തലശ്ശേരിയിലെ ഉറച്ച സീറ്റ് എന്ന ധാരണയെ മാറ്റിയിട്ടുണ്ട്. 

എല്‍.ഡി.എഫ് ഇത്തവണ പ്രതീക്ഷവെയ്ക്കുന്ന മണ്ഡലമാണ് അഴീക്കോട്. മൂന്നാം തവണയാണ് കെ.എം. ഷാജി ഇവിടെ ജനവിധി തേടുന്നത്. വയനാട്ടുകാരനായ കെ.എം. ഷാജി കണ്ണൂരിലെത്തി അഴീക്കോട് മണ്ഡലം പിടിച്ചെടുത്തതോടെ ജില്ലയിലെ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനത്തിലും ഊര്‍ജ്ജസ്വലതയുണ്ടാക്കിയിട്ടുണ്ട്. ഇതിന് തടയിടാന്‍ കഴിഞ്ഞ തവണ എം.വി. നികേഷ് കുമാറിനെ എല്‍.ഡിഎഫ് മത്സരിപ്പിച്ചു. കടുത്ത പോരാട്ടം നടന്നെങ്കിലും വിജയം കെ.എം. ഷാജിക്കൊപ്പമായിരുന്നു. ആ തെരഞ്ഞെടുപ്പ് മുതല്‍ ഷാജിക്കെതിരായ ആരോപണങ്ങളും പരാതികളും സി.പി.എം ഉയര്‍ത്തിക്കൊണ്ടിരുന്നു. നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഇത്തവണ പരാതി നല്‍കിയിരുന്നു. ആറ് വര്‍ഷത്തേക്ക് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്. പുനര്‍നിര്‍ണ്ണയത്തിനു ശേഷമുള്ള അഴീക്കോട് മണ്ഡലം യു.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍, നികേഷ് കുമാറിനേക്കാള്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന നേതാവാണ് ഇത്തവണ സി.പി.എം സ്ഥാനാര്‍ത്ഥിയായ കെ.വി. സുമേഷ്. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജനകീയാടിത്തറയുള്ള നേതാവുകൂടിയാണ് അദ്ദേഹം. 

ഇരിക്കൂര്‍ മണ്ഡലത്തില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാണെങ്കിലും അടിയുറച്ച കോണ്‍ഗ്രസ് മണ്ഡലം എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഫലത്തെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം. കെ.സി. ജോസഫിന്റെ സുരക്ഷിത മണ്ഡലമായിരുന്ന ഇരിക്കൂറില്‍ അദ്ദേഹത്തെ മാറ്റണമെന്ന ആരോപണം 2011 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചുവന്നു. കെ.സി. ജോസഫ് ഒഴിയുമ്പോള്‍ മേഖലയിലെ പ്രധാന നേതാക്കളിലൊരാളായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു എ ഗ്രൂപ്പിന്റെ പ്രതീക്ഷ. ജോസഫ് ഉള്ളതുകൊണ്ടുതന്നെ ഈ മേഖലയിലെ പല നേതാക്കള്‍ക്കും അര്‍ഹിച്ച സ്ഥാനങ്ങള്‍ കിട്ടിയിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സജീവ് ജോസഫ് കണ്ണൂര്‍ ജില്ലയിലെ സ്വാധീനമുള്ള നേതാവാണെന്നതില്‍ സംശയമില്ല. എങ്കിലും കണ്ണൂരില്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സജീവമാക്കി നിര്‍ത്തിയിരിക്കുന്ന ഗ്രൂപ്പ് ആധിപത്യം നേടാന്‍ ശ്രമിക്കുകയാണെന്നതിനെത്തുടര്‍ന്നുണ്ടായ എതിര്‍പ്പും സജീവ് ജോസഫിനെതിരെ തിരിയാന്‍ കാരണമായിട്ടുണ്ട്. ജില്ലയിലെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ വേണുഗോപാലിന്റെ നോമിനികളാണെന്നാണ് ആരോപണം. അത് ജില്ലാ നേതൃത്വത്തിന്റെ താല്പര്യങ്ങളെ മറികടന്നുകൊണ്ടായിരുന്നുതാനും. അതേസമയം ഇരിക്കൂറില്‍ ഗ്രൂപ്പുകളി ഒതുങ്ങിയില്ലെങ്കില്‍ സമീപ മണ്ഡലമായ പേരാവൂരിലെ സണ്ണി ജോസഫിന്റെ വിജയത്തേയും ബാധിച്ചേക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസ്സിലുണ്ട്. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളിടപെട്ട് പ്രശ്നം ഒത്തുതീര്‍ന്നെങ്കിലും പ്രതിഷേധം ഇപ്പോഴും പൂര്‍ണ്ണമായും കെട്ടടങ്ങിയിട്ടില്ല. പ്രശ്നപരിഹാരത്തിനു ശേഷം നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലും ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു. അതേസമയം, ഇരിക്കൂറില്‍ സി.പി.എം അല്ല, മാണി ഗ്രൂപ്പിന്റേതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്നതാണ് യു.ഡി.എഫിന്റെ ആശ്വാസം. സജി കുറ്റിയാനിമറ്റം ആണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സി.പി.എമ്മിന്റെ ഉറച്ചകോട്ടയായ തളിപ്പറമ്പില്‍ ഇത്തവണ മത്സരം കടുത്തേക്കാനുള്ള സാധ്യതയുണ്ട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായതുകൊണ്ടുതന്നെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ യു.ഡി.എഫ് പലപ്പോഴും ശ്രമിക്കാറില്ല. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിനു നല്‍കിയ സീറ്റ് അവര്‍ വിറ്റു എന്ന ആരോപണം തെരഞ്ഞെടുപ്പുസമയത്തുതന്നെയുണ്ടായിരുന്നു. പ്രചാരണത്തിനിടെത്തന്നെ സ്ഥാനാര്‍ത്ഥി അപ്രത്യക്ഷനായിപ്പോയി എന്നാണ് പല കോണ്‍ഗ്രസ്സുകാരും ആരോപിച്ചിരുന്നത്. ഇത്തവണ ഇത് കോണ്‍ഗ്രസ് തിരിച്ചെടുത്തിട്ടുണ്ട്. മുസ്ലിംലീഗിനു സ്വാധീനമുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തളിപ്പറമ്പ്. മുസ്ലിംലീഗിനു താല്പര്യമുള്ള മണ്ഡലമായിരുന്നുവെങ്കിലും അവര്‍ കൂത്തുപറമ്പ് ആണ് ഏറ്റെടുത്തത്. കോണ്‍ഗ്രസ്സിന്റെ യുവനേതാവ് വി.പി. അബ്ദുള്‍ റഷീദാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം, കീഴാറ്റൂര്‍ പ്രശ്നം എന്നിവ ഇത്തവണയും സി.പി.എമ്മിന് തിരിച്ചടിയാകും. അതേസമയം, എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണെങ്കില്‍ സുപ്രധാന പദവി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നേതാവാണ് സി.പി.എം സ്ഥാനാര്‍ഥി എം.വി. ഗോവിന്ദന്‍. പലപ്പോഴും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന എം.വി. ഗോവിന്ദന്റെ വിജയം സി.പി.എമ്മിന്റെ അഭിമാനപ്രശ്നം കൂടിയാണ്. വ്യവസായിയായ സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായ ആന്തൂരും ഈ മണ്ഡലത്തിലാണ്. 

കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി രണ്ടാംതവണയും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിനെ ബാധിച്ചിരുന്ന പ്രശ്നങ്ങളെല്ലാം ഇത്തവണ പരിഹരിക്കപ്പെട്ടുവെന്നതും കോര്‍പറേഷന്‍ ഭരണം പിടിച്ചുവെന്നതും യു.ഡി.എഫിന് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. പി.കെ. രാഗേഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം, മുസ്ലിം സംഘടനകളുടെ അകല്‍ച്ച, അബ്ദുള്ളക്കുട്ടിയെ എം.എല്‍.എയാക്കിയതുവഴി കോണ്‍ഗ്രസ്സിനുണ്ടായ ക്ഷീണം എന്നിവയെല്ലാം പരിഹരിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ കെ. സുധാകരന്‍ പോലും കണ്ണൂര്‍ വിട്ട് ഉദുമയില്‍ പോയി മത്സരിക്കേണ്ടിവന്ന തെരഞ്ഞെടുപ്പായിരുന്നു. സംഘടനാതലത്തിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല.

ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

കോഴിക്കോട് കുത്തക നിലനിര്‍ത്തുമോ

എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള ജില്ലയാണ് കോഴിക്കോട്. ഇരുമുന്നണികളും ആഭ്യന്തര പ്രശ്നങ്ങളുണ്ടെങ്കിലും അവ പരിഹരിക്കുന്നതില്‍ എല്‍.ഡി.എഫ് കാണിച്ച മികവ് അവര്‍ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കിയിട്ടുണ്ട്. 13 മണ്ഡലങ്ങളില്‍ നിലവില്‍ 11 എണ്ണവും എല്‍.ഡി.എഫിനൊപ്പമാണ്. ചില മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെയുണ്ടായ പ്രശ്നങ്ങള്‍  ഉറച്ച സീറ്റുകളെപ്പോലും ബാധിച്ചേക്കുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. എലത്തൂരിലും കുറ്റിയാടിയിലും കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധം നടത്തിയെങ്കിലും തെരഞ്ഞെടുപ്പിന്റെ ഫലത്തെ കാര്യമായി സ്വാധീനിക്കാന്‍ ഇത് ഇടയാകില്ല. എലത്തൂരില്‍ എന്‍.സി.കെയിലെ സുല്‍ഫിക്കര്‍ മയൂരിയും ഭാരതീയ നാഷണല്‍ ജനതാദളിലെ സെനിന്‍ റാഷിയും കെ.പി.സി.സി നിര്‍വ്വാഹകസമിതിയംഗം യു.വി. ദിനേശ്മണിയും പത്രിക നല്‍കിയതോടെയാണ് യു.ഡി.എഫിന്റെ നില കൈവിട്ടുപോയത്. സീറ്റ് ഘടകകക്ഷിക്ക് കൊടുക്കരുതെന്നും കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംസ്ഥാനതലത്തില്‍ ഘടകകക്ഷികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സീറ്റ് വിട്ടുനല്‍കിയതെന്നും മാറ്റാന്‍ കഴിയില്ലെന്നും നേതൃത്വം പറഞ്ഞു. ഇതംഗീകരിക്കാന്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല.

മാണി സി. കാപ്പന്റെ എന്‍.സി.കെയുടെ സംസ്ഥാന വൈസ്പ്രസിഡന്റാണ് സുള്‍ഫിക്കര്‍. ദിനേശ് മണി പത്രിക പിന്‍വലിച്ചെങ്കിലും മണ്ഡലത്തിലെ അതൃപ്തി ഇപ്പോഴുമുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രനെതിരെയും പാര്‍ട്ടിയില്‍നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് മുതലെടുക്കാനോ അനുകൂലമാക്കാനോ യു.ഡി.എഫിന്റെ സംഘടനാ സംവിധാനങ്ങള്‍ക്ക് ആഭ്യന്തരകലഹം കാരണം കഴിഞ്ഞില്ല. കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗിലെ നൂര്‍ബിനാ റഷീദ് വിജയിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നുണ്ടെങ്കിലും സാമുദായിക സംഘടനകള്‍ ഉടയ്ക്കുവെക്കുമോ എന്ന ആശങ്കയുണ്ട്. നൂര്‍ബിനയ്ക്കെതിരെ ബി.ജെ.പി നിര്‍ത്തിയിരിക്കുന്നത് നിലവിലെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയ നവ്യ ഹരിദാസിനെയാണ്. കോഴിക്കോട് നോര്‍ത്തിലും സൗത്തിലും ബി.ജെ.പിയുടെ സ്വാധീനം നിര്‍ണ്ണായകമാണ്. 

സൗത്തില്‍ എം.ടി. രമേശിന്റെ അട്ടിമറി സാധ്യത കൂടി ബി.ജെ.പി കണക്കുക്കൂട്ടുന്നുണ്ട്. തോട്ടത്തില്‍ രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എ. പ്രദീപ് കുമാറിന്റെ സീറ്റാണ് അവസാന നിമിഷം തോട്ടത്തില്‍ രവീന്ദ്രനിലേക്കെത്തിയത്. ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു എന്ന അദ്ദേഹത്തിന്റെ തന്നെ അഭിപ്രായവും സ്വാധീനിക്കാവുന്ന ഘടകമാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയ കെ.എം. അഭിജിത്താണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. കോഴിക്കോട് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം നിലവില്‍ കെ.കെ. രമ മത്സരിക്കുന്ന വടകരയാണ്. യു.ഡി.എഫ് ആര്‍.എം.പിക്ക് പിന്തുണ നല്‍കിയതോടുകൂടി വിജയപ്രതീക്ഷയിലാണ് രമ. 2016-ല്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇരുപതിനായിരത്തിലധികം വോട്ട് നേടിയിരുന്നു. എല്‍.ജെ.ഡിയിലെ മനയത്ത് ചന്ദ്രനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ജനതാദളിലെ സി.കെ. നാണുവാണ് സിറ്റിങ് എം.എല്‍.എ. ദളിലേയും ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ കെ.കെ. രമയക്ക് പോയേക്കാം. കെ.കെ. രമയ്ക്കെതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലുണ്ട്. എന്നാല്‍, രമയുടെ ജയം സി.പി.എമ്മിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍, ദളിനേക്കാളേറെ ഇത് സി.പി.എമ്മിന്റെ പ്രശ്നമാണ്. 

കുന്നമംഗലത്ത് ദിനേശ് പെരുമണ്ണയെ ലീഗ് സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫിലെ സിറ്റിങ് എം.എല്‍.എ പി.ടി.എ. റഹീമിനെതിരെ മത്സരിപ്പിക്കുന്നത് നല്ല തന്ത്രമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കുന്ന ബാലുശ്ശേരിയുമാണ് ഇവിടത്തെ ശ്രദ്ധേയമായ മറ്റു മണ്ഡലങ്ങള്‍. പ്രതിഷേധങ്ങള്‍ നടന്ന കുറ്റിയാടി ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുക്കുമോ എന്നതും കാത്തിരുന്നു കാണാം.

ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

വയനാട്ടിലെ ബലാബലങ്ങള്‍

സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, മാനന്തവാടി എന്നീ മൂന്ന് മണ്ഡലങ്ങളാണ് വയനാട്ടിലുള്ളത്. ദളിന് സ്വാധീനമുള്ള ജില്ല കൂടിയാണിത്. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന എല്‍.ജെ.ഡി ഇക്കുറി എല്‍.ഡി.എഫിനൊപ്പമാണ്. കല്പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രേയാംസ്‌കുമാര്‍ ഇത്തവണ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. ജില്ലയിലെ ജനപ്രിയ നേതാവായിരുന്ന സി.പി.എമ്മിന്റെ സി.കെ. ശശീന്ദ്രന്റെ സീറ്റാണ് ശ്രേയാംസ് കുമാറിന് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ടി. സിദ്ധിഖാണ് എതിരാളി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്കുവേണ്ടി സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞുകൊടുത്തയാളാണ് സിദ്ധിഖ്. കോണ്‍ഗ്രസ്സില്‍ പക്ഷേ, സിദ്ധിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുള്ളവരുണ്ട്. അതിനിടയിലാണ് ജില്ലയിലെ സീനിയര്‍ നേതാവായ കെ.സി. റോസക്കുട്ടി കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് പോയതും. അതേസമയം, സിദ്ധിഖിനെ ജയിപ്പിച്ചെടുക്കേണ്ടത് എല്ലാവരേക്കാളും രാഹുല്‍ ഗാന്ധിയുടെ കൂടി ബാധ്യതയാണ്. മാനന്തവാടിയില്‍ സി.പി.എമ്മിനായി സിറ്റിങ് എം.എല്‍.എ ഒ.ആര്‍. കേളുവും കോണ്‍ഗ്രസ്സിനായി മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിയും ആണ് രംഗത്തുള്ളത്. കഴിഞ്ഞ തവണ യു.ഡി.എഫിനാകെയുണ്ടായ പരാജയവും ജയലക്ഷ്മിക്കെതിരെയുണ്ടായ ചില ആരോപണങ്ങളും ആദിവാസി സമൂഹത്തിനിടയിലെ സാമുദായികമായ അസംതൃപ്തികളും തോല്‍വിക്ക് കാരണമായിരുന്നു. ബത്തേരിയില്‍ സി.കെ. ജാനു താമര ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്നതാണ് ശ്രദ്ധേയമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എന്‍.ഡി.എ വിട്ട ജാനു വീണ്ടും തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27,920 വോട്ട് ജാനു നേടിയിരുന്നു. സിറ്റിങ്ങ് എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ യു.ഡി.എഫിനു വേണ്ടി ഇറങ്ങുമ്പോള്‍ മുന്‍ കെ.പി.സി.സി സെക്രട്ടറി കൂടിയായിരുന്ന എം.എസ്. വിശ്വനാഥനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഫലം മാറിമറിയാന്‍ സാധ്യതയുണ്ട്.

മുസ്ലിംലീഗ് കോട്ടയായി മലപ്പുറം

മുസ്ലിംലീഗിന് ഏറ്റവുമധികം സ്വാധീനമുള്ള ജില്ലയാണ് മലപ്പുറം. 16 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ നിര്‍ണ്ണായക മേഖലകൂടിയാണ്. എം.എല്‍.എമാരുടെ കാര്യത്തിലും ഇങ്ങനെ തന്നെ. പൊന്നാനി, തവനൂര്‍, തിരൂരങ്ങാടി, നിലമ്പുര്‍ മണ്ഡലങ്ങളാണ് ജില്ലയിലെ ചര്‍ച്ചയില്‍ ഇടംപിടിച്ച മണ്ഡലങ്ങള്‍. തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദാണ് സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. മുജാഹിദ്-സുന്നി തര്‍ക്കം പലപ്പോഴും മലപ്പുറം ജില്ലയിലെ ലീഗ് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഘടകമായി വരാറുണ്ട്. കെ.പി.എ. മജീദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും ഇതാണ് ഉയര്‍ന്നത്. നിയാസ് പുളിക്കലകത്താണ് ഇടത് സ്വതന്ത്രന്‍. മുസ്ലിംലീഗിന്റെ വോട്ടുകളില്‍ അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലം കൂടിയാണ് തിരൂരങ്ങാടി.  കെ.പി.എ. മജീദിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ലീഗ് നേതാക്കളും പ്രവര്‍ത്തകരും പാണക്കാട്ടെത്തി പ്രതിഷേധമറിയിച്ചിരുന്നു. 2001-ല്‍ മങ്കടയിലും 2004-ല്‍ മഞ്ചേരി ലോക്സഭാ സീറ്റിലും മജീദ് പരാജയപ്പെട്ടിരുന്നു. മുജാഹിദ് സ്ഥാനാര്‍ത്ഥിയെന്ന ആരോപണം ഈ തോല്‍വിയില്‍ ഒരു ഘടകമായിരുന്നു. മജീദിനെതിരെ പ്രതിഷേധം വരുന്നതിനു മുന്‍പുവരെ സി.പി.ഐയിലെ അജിത് കോളാടിയെ ആയിരുന്നു എല്‍.ഡി.എഫ് തീരുമാനിച്ചത്. എന്നാല്‍, പുതിയ സാഹചര്യം മുതലെടുക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച നിയാസിനെ എല്‍.ഡി.എഫ് നിയോഗിച്ചു. 

മന്ത്രി കെ.ടി. ജലീല്‍ മത്സരിക്കുന്ന തവനൂരില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്പോര് കൊണ്ട് ഓരോ ദിവസവും ശ്രദ്ധേയമാണ് മണ്ഡലം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം നേരിട്ട ശേഷം ജനവിധി തേടുന്ന മന്ത്രി കൂടിയാണ് ജലീല്‍. ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എല്‍.ഡി.എഫ് വിലകുറച്ച് കാണുന്നില്ല എന്നതിന്റെ സൂചനയാണ് നാല് അപരസ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഇത്തവണ സീറ്റ് വിട്ടുനല്‍കേണ്ടിവന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പൊന്നാനിയില്‍ പി. നന്ദകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സിലെ എ.എം. രോഹിത് കടുത്ത മത്സരം ഉയര്‍ത്താന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ്. നന്ദകുമാറിനെതിരെ ഒരു വിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും ചില അതൃപ്തികള്‍ ഉണ്ടായിരുന്നു. 

സ്ഥാനാര്‍ത്ഥികളുടെ മികവിനും പ്രചരണത്തിനുമപ്പുറം ബി.ജെ.പിയുടെ വോട്ട് നില പല മണ്ഡലങ്ങളിലേയും ഫലത്തെ സ്വാധീനിച്ചേക്കാം. ബി.ജെ.പിയുമായുള്ള സഖ്യം എന്ന ആരോപണത്തേയും ചില മണ്ഡലങ്ങളിലെങ്കിലും തള്ളിക്കളയാവുന്നതല്ല. ഒപ്പം എസ്.ഡി.പി.ഐ, വെല്‍വെയര്‍ പാര്‍ട്ടി തുടങ്ങിയവയുടെ വോട്ടുകളും മലബാറില്‍ ചിലയിടങ്ങളില്‍ സ്വാധീനിച്ചേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com