ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്
ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്. ഇനിയും നിയന്ത്രണത്തിലായിട്ടില്ലാത്ത കൊവിഡ്, ഭരണത്തുടര്‍ച്ചയേക്കുറിച്ചുണ്ടാകുന്ന ചര്‍ച്ചകള്‍ ഭരണമാറ്റ ചര്‍ച്ചകളാക്കി മാറ്റാനുള്ള സ്വാഭാവിക ശ്രമത്തിന്റെ ഭാഗമായ ആരോപണങ്ങളും ആക്ഷേപങ്ങളും; സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുന്നണിയേയും മുഖ്യമന്ത്രിയെത്തന്നേയും പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ ഇടവേളകളില്ലാത്ത ശ്രമം. ഇവയ്‌ക്കെല്ലാം ഇടയിലൂടെ ഒരു യാത്ര. സ്വന്തം നിയോജക മണ്ഡലമായ കണ്ണൂരിലെ ധര്‍മ്മടത്തു തുടങ്ങി എല്ലാ ജില്ലകളിലും സഞ്ചരിച്ച് കാസര്‍കോട് അവസാനം.

അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ ധര്‍മ്മടത്ത് തുടങ്ങിയത് ഔപചാരികമായി പര്യടനമായിരുന്നില്ലെങ്കിലും പ്രചാരണത്തുടക്കമായിരുന്നു അത്. ഒരൊറ്റ ആക്ഷേപവും ആരോപണവും വിമര്‍ശനവും ഇതിനിടെ പിണറായി അവഗണിച്ചില്ല. വസ്തുതകള്‍ നിരത്തുന്ന മറുപടി; കടന്നാക്രമണത്തിനു കടന്നാക്രമണം; പരിഹാസത്തിനു പരിഹാസം. പക്ഷേ, വാക്കുകളിലും ശരീരഭാഷയിലും മുന്‍പെന്നത്തേക്കാള്‍ സൂക്ഷ്മത. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ എന്‍.കെ. പ്രേമചന്ദ്രനെക്കുറിച്ചും താമരശ്ശേരി ബിഷപ്പിനെക്കുറിച്ചും നടത്തിയ, രാഷ്ട്രീയ എതിരാളികള്‍ പിന്നീടെപ്പോഴും എടുത്തു തിരിച്ചടിക്കുന്ന കടുത്ത വാക്കുകളും ശൈലിയുമില്ല. എന്നാല്‍, നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ മയമില്ലതാനും. 

രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ അക്ഷോഭ്യനാകാതിരിക്കുമ്പോഴും ജനങ്ങളില്‍ ചേരിതിരിവും ഭയവും സൃഷ്ടിക്കാനുതകുന്ന ഇടപെടലുകളോടു ക്ഷുഭിതനായിത്തന്നെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശംഖുമുഖം പ്രസംഗത്തിനു നല്‍കിയ മറുപടി; സൗജന്യ അരിയും കിറ്റും വിതരണം ചെയ്യുന്നതിനെതിരെ തെരഞ്ഞൈടുപ്പു കമ്മിഷനെ സമീപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിമര്‍ശനം എന്നിവ ഉദാഹരണം. അമിത് ഷായ്ക്ക് എണ്ണിയെണ്ണി നല്‍കിയ മറുപടി ദേശീയതലത്തില്‍ത്തന്നെ വാര്‍ത്തയും ചര്‍ച്ചയുമായി; കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ പ്രത്യേകിച്ചും മുസ്ലിങ്ങളില്‍ ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു എന്ന വിലയിരുത്തലുമുണ്ടായി. അവര്‍ക്കിടയില്‍ പിണറായിയുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയും ചെയ്തു. മൃദുഹിന്ദുത്വ നിലപാടുകളിലൂടെ ഭൂരിപക്ഷ വര്‍ഗ്ഗീയതയോടു സി.പി.എമ്മും പിണറായിയും പലപ്പോഴും വിട്ടുവീഴ്ച ചെയ്യുന്നു എന്നു ചില മുസ്ലിം സംഘടനകള്‍ ഉന്നയിക്കുന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയായി അതു മാറി. പ്രതിപക്ഷനേതാവ് പാവങ്ങളുടെ അരിമുടക്കിയെന്നും പ്രതിപക്ഷം പ്രതികാരപക്ഷമായി എന്നുമുള്ള വിമര്‍ശനത്തിലെ മുന രമേശ് ചെന്നിത്തലയേയും യു.ഡി.എഫിനേയും പ്രതിരോധത്തിലാക്കി. സി.പി.എമ്മും ബി.ജെ.പിയുമായി 'ഡീല്‍' ഉണ്ടെന്ന ബി.ജെ.പി മുഖപത്രം ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം യു.ഡി.എഫിന് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവിധം കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി ബന്ധം ചര്‍ച്ചയാക്കി മാറ്റി. 'കോലീബി' സഖ്യം ശരിവച്ചു മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉപയോഗപ്പെടുത്തിയതിലെ മികവുകൊണ്ടാണ് പാര്‍ട്ടിക്കും മുന്നണിക്കും പിണറായി കവചം തീര്‍ത്തത്. പിണറായി പര്യടനം തുടങ്ങിയ ദിവസം തന്നെയാണ് ഒ. രാജഗോപാല്‍ തിരുവനന്തപുരത്തു ചാനല്‍ അഭിമുഖത്തില്‍ സംസാരിച്ചത്. കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസ്സിനു വോട്ടു മറിച്ചിട്ടുണ്ട്, എല്‍.ഡി.എഫിനെതിരെ മുന്‍പ് കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായി, കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഉണ്ടാക്കിയ ഈ കൂട്ടുകെട്ടിന്റെ ഗുണം ബി.ജെ.പിക്കു കിട്ടി എന്നിങ്ങനെയായിരുന്നു രാജഗോപാലിന്റെ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍. 2016-ലെ നേമം 2021-ല്‍ മലമ്പുഴയില്‍ ആവര്‍ത്തിക്കാനാണു കോണ്‍ഗ്രസ്-ബി.ജെ.പി ശ്രമമെന്ന പിണറായിയുടെ ആരോപണം ഒരു മുഴം മുമ്പേയുള്ള ഏറായി.

കളം നിറഞ്ഞ് 

സംഘപരിവാറിനും ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും എതിരെ ശക്തമായി സംസാരിക്കുമ്പോഴും ന്യൂനപക്ഷ വര്‍ഗ്ഗീയതയോടു സന്ധി ചെയ്തില്ല. സംസ്ഥാന പര്യടനത്തിനിടയിലും മണ്ഡലത്തിലെ പ്രചരണത്തിലും പിണറായിയുടെ വാക്ശരങ്ങള്‍ക്കു ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെ ഉന്നമായി. ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനെ മതനിരപേക്ഷത പഠിപ്പിക്കേണ്ടെന്ന് ഓര്‍മ്മിപ്പിച്ചത് ധര്‍മ്മടത്തെ എടക്കാട്ട് ചേര്‍ന്ന എല്‍.ഡി.എഫ് ബഹുജന കൂട്ടായ്മയില്‍. ''മതവര്‍ഗ്ഗീയതയ്ക്കും ആര്‍.എസ്.എസ് നീക്കങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുന്നതാരാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, സി.പി.എമ്മിനെക്കുറിച്ചും ഇടതുമുന്നണിയെക്കുറിച്ചും തെറ്റിദ്ധാരണ പരത്താമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വ്യാമോഹം. അതു വേണ്ട.'' പിണറായി പറഞ്ഞു. ആര്‍.എസ്.എസ്സിന്റെ മറുപതിപ്പായതിനാല്‍ മുസ്ലിം സമുദായത്തിലെ സംഘടനകള്‍പോലും ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിര്‍ത്തിയിരിക്കുന്നു എന്നുകൂടി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ വിശാല സമരത്തില്‍ ജമാഅത്തെ ഇസ്ലാമിയെ സഹകരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നതിനു മുന്‍പേ നല്‍കിയ മറുപടിയുടെ തുടര്‍ച്ച. വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ യു.ഡി.എഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായപ്പോഴും വാളയാറില്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി ധര്‍മടത്ത് മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും അവ പിണറായിക്കെതിരായ പോരാട്ടങ്ങളാണെന്നു വന്നു. പക്ഷേ, അത്തരം വ്യാഖ്യാനങ്ങളോടു പ്രതികരിക്കാതെ കരുതലോടെ അകലം പാലിച്ചു. 

കേന്ദ്ര ഏജന്‍സികളെക്കൊണ്ടു വിരട്ടാന്‍ പറ്റുന്ന മണ്ണല്ല കേരളം എന്നു പൊതുവേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ പ്രത്യേകിച്ചും വിരല്‍ചൂണ്ടിയാണ് പര്യടനം തുടങ്ങിയത്. പ്രചാരണരംഗത്തു പ്രത്യേക ഊന്നല്‍ നല്‍കാന്‍ പോകുന്ന വിഷയം അതുതന്നെയായേക്കും എന്ന സൂചന പ്രകടമായിരുന്നു. പിന്നീടത് കൂടുതല്‍ വെളിപ്പെടുകയും ചെയ്തു. നിയമപ്രകാരം പ്രവര്‍ത്തിക്കാനേ ഏജന്‍സികള്‍ക്ക് അധികാരമുള്ളൂ എന്നും ഇവിടെ ഇടതുപക്ഷ സര്‍ക്കാരാണെന്നും ഓര്‍മ്മിപ്പിക്കാനാണ് മാനന്തവാടി പ്രസംഗത്തില്‍ കൂടുതല്‍ സമയവും ഉപയോഗിച്ചത്. നേരല്ലാത്ത കളിയുംകൊണ്ടു വന്നാല്‍ വല്ലാതെ ക്ഷീണിക്കും എന്ന പരിഹാസം നിറഞ്ഞ താക്കീതുമുണ്ടായി. ''ഇത് വേറൊരു മണ്ണാണ്. അവര്‍ വിരട്ടിയതൊക്കെ അത്തരക്കാരുള്ള സ്ഥലത്താണ്'' എന്നു പറഞ്ഞ് അണികള്‍ക്ക് ആവേശം പകരുകയും ചെയ്തു. കിഫ്ബിക്ക് എതിരെ ഇ.ഡി നടത്തുന്ന അന്വേഷണത്തിനെതിരെ വിശദമായാണ് സംസാരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ കിഫ്ബി വഹിച്ച പങ്ക് എടുത്തു പറയുകയും കിഫ്ബിയെ തകര്‍ക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി കൂട്ടായ ശ്രമം കേരളത്തിന്റെ വികസനം തടയാനാണ് എന്ന് ആരോപിക്കുകയും ചെയ്ത് രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കി. 

ശബരിമലയിലെ യുവതിപ്രവേശം തെരഞ്ഞെടുപ്പു വിഷയമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനുള്ള മറുപടിയില്‍ വിട്ടുവീഴ്ചയുടെ സ്വരമാണ് കേട്ടത്; അനുനയത്തിന്റെ ഭാഷ. പക്ഷേ, അതു നിലപാടിലെ വിട്ടുവീഴ്ച ആകാതിരിക്കാനും ശ്രദ്ധിച്ചു. സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികളെ ബാധിക്കുന്നതാണെങ്കില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യാം എന്നാണ് മലപ്പുറത്ത് പറഞ്ഞത്: ''നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ശബരിമല വിഷയം. ഇപ്പോള്‍ ചിലര്‍ക്ക് അതില്‍ വലിയ താല്പര്യമാണ്. അതിന്റെ ഉദ്ദേശ്യം പലതാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോക്കിയതാണ്, പക്ഷേ, ഏശിയില്ല.'' 

മതനിരപേക്ഷ നിലപാടില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് ലീഗ് അണികളില്‍ കോണ്‍ഗ്രസ്സിനെതിരായ അവിശ്വാസം വര്‍ദ്ധിപ്പിക്കാനും മലപ്പുറത്തു ശ്രമിച്ചു. ''പൗരത്വനിയമ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തറപ്പിച്ചു പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത് നമ്മളാരും കണ്ടില്ല. യോജിച്ച സമരത്തിനു സര്‍ക്കാര്‍ ക്ഷണിച്ചപ്പോള്‍ വേണ്ടെന്നാണ് കെ.പി.സി.സി തീരുമാനിച്ചത്'' എന്ന വിമര്‍ശനത്തിന്റെ ഉന്നം കൃത്യമായിരുന്നു. ''മലപ്പുറം എം.പി ഫാസിസത്തെ നേരിടാന്‍ ഡല്‍ഹിക്കു പോയതായിരുന്നു. പോരാട്ടം അവിടെ ഇപ്പോഴും നടക്കുന്നുണ്ട്. എം.പി എന്തിനാണ് പോരാട്ടം മതിയാക്കി പോന്നതെന്ന് ആര്‍ക്കും അറിയില്ല'' പി.കെ. കുഞ്ഞാലിക്കുട്ടിക്കു നേരേ വിമര്‍ശനം. 
 
ബി.ജെ.പിക്കു കഴിഞ്ഞ തവണ വോട്ടുചെയ്തവര്‍ ഇത്തവണ തനിക്കു വോട്ടു ചെയ്യുമെന്ന് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു പറഞ്ഞത് ബി.ജെ.പിയുമായുള്ള സഖ്യത്തിനു തെളിവായി ചൂണ്ടിക്കാട്ടിയത് പാലക്കാട്ടാണ്. ''ഞങ്ങള്‍ക്ക് ഒരു അഡ്ജസ്റ്റുമെന്റും വേണ്ട. വര്‍ഗ്ഗീയശക്തികളുമായുള്ള കൂട്ടുകെട്ടിന്റെ ആവശ്യവുമില്ല'' എന്നത് സംശയരഹിതമായ പ്രഖ്യാപനമായി മാറുകയും ചെയ്തു; എത്ര വലിയ വിദഗ്ദ്ധനും ബി.ജെ.പിയില്‍ പോയാല്‍ അതിന്റെ സ്വഭാവം കാണിക്കുമെന്ന് ഇ. ശ്രീധരന്റെ പരാമര്‍ശങ്ങളോടു പ്രതികരിച്ച് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ത്തന്നെ പറയുകയും ചെയ്തു. പാലക്കാടു ജില്ലയിലെ പര്യടനത്തിനിടെ മറ്റൊരു പ്രധാന സന്ദര്‍ഭവമുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുന്ന കാലത്ത് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലേക്കു പോയ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ പിണറായിക്കൊപ്പം ഒരേ വേദിയിലെത്തി. കോങ്ങാട്ടായിരുന്നു ഇത്. ചാക്കോ ഇനി നമുക്കൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
പിണറായി തൃശൂര്‍ ജില്ലയിലെ പര്യടനത്തിലായിരുന്ന 21-നാണ് പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അതിക്രമിച്ചു കയറിയ വിവാദമുണ്ടായത്. പ്രകോപനമുണ്ടാക്കി ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമമെന്നു ചൂണ്ടിക്കാട്ടുക മാത്രമല്ല, വരുംദിവസങ്ങളിലും ഇത്തരം പ്രകോപനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഓര്‍മ്മിപ്പിക്കാനും അത് പിണറായി അവസരമാക്കി. അന്നുതന്നെയാണ് എല്‍.ഡി.എഫ് പ്രകടനപത്രിക തിരുവനന്തപുരത്തു പുറത്തിറക്കിയത്. പ്രളയകാലത്തും കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും കരുതല്‍ മുഖ്യ ചര്‍ച്ചയായി മാറിയതിന്റെ പ്രതിഫലനമുള്ള പ്രകടനപത്രിക. മുഖ്യമന്ത്രിയുടെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവും അതുതന്നെയായി മാറിയതു സ്വാഭാവികം. 

സര്‍ക്കാരിന്റെ ശ്രദ്ധയും പരിഗണനയും കിട്ടാത്ത ഒരു വിഭാഗവും കേരളത്തില്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചുകൊല്ലം കേരളം എങ്ങനെ മുന്നേറണം എന്നതിന്റെ മാര്‍ഗ്ഗരേഖയായാണ് പ്രകടനപത്രികയെ വിശേഷിപ്പിച്ചത്. 2016-ല്‍ 600 വാഗ്ദാനങ്ങള്‍ നല്‍കുകയും 580 എണ്ണവും നടപ്പാക്കുകയും ചെയ്തതിന്റെ അവകാശവാദം ആവര്‍ത്തിച്ചു. ഇത്തവണ 900 വാഗ്ദാനങ്ങള്‍ വയ്ക്കുമ്പോള്‍ അവയോടു താനും പാര്‍ട്ടിയും മുന്നണിയും പ്രതിബദ്ധതയുള്ളവരാണ് എന്നു പ്രത്യേകിച്ചു പറയേണ്ടിവരാത്തവിധം വ്യക്തം. വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയെക്കുറിച്ചു സംസാരിക്കുമ്പോഴാണ് പിണറായി വിജയന്റെ മുഖത്ത് ആത്മാര്‍ത്ഥതയുടെ തിളക്കം കൂടുതല്‍ എന്നാണ് അദ്ദേഹത്തെ അക്കാര്യത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നവരുടെ വാദം. പ്രകടപത്രികയെക്കുറിച്ചു പറയുമ്പോഴും ക്ഷേമത്തിലും വികസനത്തിലും മാത്രം ഊന്നിയല്ല അദ്ദേഹം സംസാരിച്ചത്.

അടിയും തടയും 

ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും പറയുന്ന കാര്യങ്ങള്‍ക്കു പുറത്തുനിന്ന് വീണ്ടും വ്യക്തത വന്നത് 2016-ല്‍ നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വി. സുരേന്ദ്രന്‍ പിള്ളയുടെ വെളിപ്പെടുത്തലോടെയാണ്. പിണറായി അന്ന് ഇടുക്കിയിലായിരുന്നു. പണം വാങ്ങി കോണ്‍ഗ്രസ് വോട്ടു മറിച്ചതുകൊണ്ടാണ് താന്‍ മൂന്നാം സ്ഥാനത്തായത് എന്നാണ് വിശദമായ വെളിപ്പെടുത്തലില്‍ സുരേന്ദ്രന്‍ പിള്ള പറഞ്ഞതിന്റെ സാരം. പറഞ്ഞുകഴിഞ്ഞ വിഷയമായതുകൊണ്ട് കൂടുതല്‍ പ്രതികരണങ്ങള്‍ മറ്റു നേതാക്കള്‍ക്കു വിട്ടുകൊടുത്ത് ഭൂമിയുടേയും ക്ഷേമത്തിന്റേയും രാഷ്ട്രീയമാണ് ഇടുക്കിയില്‍ പിണറായി പറഞ്ഞത്. കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫ് ഘടകകക്ഷിയായ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ പറയുന്നതിന്റെ ഊന്നല്‍ മാറരുത് എന്ന ശ്രദ്ധയുണ്ടായിരുന്നു അതില്‍. പിറ്റേന്ന് കോട്ടയത്ത് യു.ഡി.എഫ്-ബി.ജെ.പി ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്തു. ''നേമത്ത് ബി.ജെ.പി ജയിക്കട്ടെ, തൊട്ടടുത്ത മണ്ഡലത്തില്‍ ബി.ജെ.പിയുടെ പിന്തുണ യു.ഡി.എഫിന് എന്നതായിരുന്നു ഡീല്‍.'' നേമത്തിനു തൊട്ടടുത്ത് യു.ഡി.എഫ് ജയിച്ച മണ്ഡലം തിരുവനന്തപുരം, സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാര്‍. പേരു പറഞ്ഞില്ലെങ്കിലും വ്യക്തമായിരുന്നു.

ഇത്തവണ മൂന്നു മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ അവിശുദ്ധ അടിയൊഴുക്കിനുള്ള നീക്കം വ്യക്തമാണെന്നും പറഞ്ഞു. സി.പി.എം വിരുദ്ധ, യു.ഡി.എഫ് അനുകൂല മാധ്യമങ്ങളില്‍ പ്രധാന സ്ഥാനത്തുള്ള പത്രത്തിന്റെ ആസ്ഥാനമായ കോട്ടയത്ത്, പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദം വിശദീകരിച്ചത് ഓങ്ങിവച്ച വടി പ്രയോഗിക്കുന്നതുപോലെയായി. പ്രതിപക്ഷം നുണക്കഥകള്‍ അവതരിപ്പിക്കുമ്പോള്‍ വസ്തുത കൃത്യമായി അവതരിപ്പിക്കാന്‍ ബാധ്യതയുള്ള മാധ്യമങ്ങള്‍ അവരുടെ പ്രചാരണം ഏറ്റെടുത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് പി.എസ്.സി നിയമന വിവാദം അവതരിപ്പിച്ചത്. ''ഈ സര്‍ക്കാരിന്റെ കാലത്ത് 1,60,587 പേര്‍ക്കു നിയമനം നല്‍കി. എന്നാല്‍ 95,106 പേര്‍ക്കേ നിയമനം നല്‍കിയുള്ളൂ എന്നു വ്യാജവാര്‍ത്ത സൃഷ്ടിച്ചു.'' മാധ്യമങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം ഘടകകക്ഷിയായി ചേരേണ്ടതില്ല എന്നുകൂടി പറഞ്ഞതോടെ ചില നിലപാടുകളില്‍ താന്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്ന് പിണറായി വെളിപ്പെടുത്തുകയായിരുന്നു. 

പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പുഷ്പാര്‍ച്ചന നടത്തിത് പ്രകോപനമുണ്ടാക്കാനാണ് എന്ന് തൃശൂരില്‍ ആരോപിച്ചതിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ആലപ്പുഴയില്‍ പറഞ്ഞത്. ''എല്‍.ഡി.എഫ് മുന്നേറ്റമുണ്ടാക്കുന്നതു മനസ്സിലാക്കി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായേക്കാം.'' സംഗതി കൈവിട്ടുപോകും എന്നു മനസ്സിലായതുകൊണ്ട് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിക്ക് ഇക്കാര്യത്തില്‍ പിന്തുണ നല്‍കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ പുന്നപ്ര-വയലാര്‍ ഉള്‍പ്പെടുന്ന ആലപ്പുഴയില്‍ പറഞ്ഞ കാര്യങ്ങള്‍ അതു മുതലെടുക്കാന്‍ ഉദ്ദേശിച്ചുള്ളതായി. നാദാപുരത്ത് പണ്ട് ബലാത്സംഗക്കഥ പ്രചരിപ്പിച്ചതും കൊലപാതകം വരെ നടന്നതും ഓര്‍മ്മിപ്പിച്ചു. ഒടുവില്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ല എന്നു വ്യക്തമായതു ചൂണ്ടിക്കാട്ടി. ചാപ്പ കുത്തല്‍, മുടി മുറിക്കല്‍ തുടങ്ങിയ വ്യാജ സംഭവങ്ങള്‍ സൃഷ്ടിച്ചതും കോട്ടയത്തെ കെവിനെ കൊന്നത് ഡി.വൈ.എഫ്.ഐക്കാരാണെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു സമയത്ത് പ്രചരിപ്പിച്ചതും മറക്കരുത് എന്നു പറഞ്ഞു. 

കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചത് വര്‍ഗ്ഗീയവിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്കു രക്ഷയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതിനു തെളിവായാണ് പത്തനംതിട്ടയില്‍ പിണറായി അവതരിപ്പിച്ചത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടിയുടെ രാജി കോണ്‍ഗ്രസ് സ്ത്രീകള്‍ക്കു നീതി നല്‍കാത്തതുകൊണ്ടാണെന്നും വിമര്‍ശിച്ചു. ഈ രണ്ടു നേതാക്കളും സി.പി.എമ്മുമായി സഹകരിക്കാനാണ് തീരുമാനിച്ചത്. അത് പിണറായിയുടെ നേതൃത്വത്തിനു ലഭിക്കുന്ന വിശ്വാസ്യതയ്ക്ക് ഉദാഹരണമായി മാറുകയും ചെയ്തു. ''വര്‍ഗ്ഗീതയ്‌ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നവര്‍ കേരളത്തില്‍ ഒറ്റപ്പെടില്ല'' എന്നു വാക്കുകൊടുക്കുക വഴി രാഷ്ട്രീയമായി ആ സംരക്ഷണം കൊടുക്കാന്‍ കേരളത്തില്‍ പ്രാപ്തിയും ശേഷിയുമുള്ളവര്‍ തങ്ങളാണ് എന്ന സന്ദേശം കൂടിയാണ് പിണറായി നല്‍കിയത്. സംഘപരിവാറിനൊപ്പം പോകാതെ ഇടത്തേക്കു പോകാന്‍ ആഗ്രിക്കുന്നവര്‍ക്ക് ധൈര്യം നല്‍കുന്ന സന്ദേശം. 

മറുപടികള്‍ 

സര്‍ക്കാരിനെ തെരഞ്ഞെടുപ്പുകാലത്ത് ഏറ്റവും ഉലച്ചത് എന്നു പ്രതിപക്ഷം വിലയിരുത്തുന്ന ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദത്തില്‍ ഗൂഢാലോചനയുണ്ട് എന്നാണ് 25-നു കൊല്ലത്തു പിണറായി വിജയന്‍ പറഞ്ഞത്. അതു പറയാന്‍ കൊല്ലം തെരഞ്ഞെടുക്കുക തന്നെയായിരുന്നു. തെക്കന്‍ കേരളത്തിലെ പ്രധാന തീരദേശ ജില്ല, പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര കൊല്ലത്തെത്തിയപ്പോഴാണ് ആദ്യമായി ഈ ആരോപണം ഉന്നയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കൊല്ലത്തെത്തിയ രാഹുല്‍ ഗാന്ധിയും ആ ആരോപണം ആവര്‍ത്തിച്ചു. കൊല്ലത്തെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തോടു മുഖ്യമന്ത്രിതന്നെ ഈ കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചെയ്തത്. രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിലെ പ്രധാനിയായ ഐ.എ.എസ്സുകാരന്‍, മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍, യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ വന്‍കിട ഇടപാടുകളിലെ ദല്ലാളായിരുന്ന മലയാളി, ഇ.എം.സി.സി ഇന്റര്‍നാഷണല്‍ ഉടമ ഷിജു എം. വര്‍ഗ്ഗീസ് എന്നിവര്‍ പലതവണ കന്റോണ്‍മെന്റു ഹൗസില്‍ കൂടിക്കാഴ്ച നടത്തി എന്ന ആരോപണം ഉയര്‍ത്തി. ഷിജു എം. വര്‍ഗ്ഗീസ് കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കുന്നത് ഗൂഢാലോചനയ്ക്കു തെളിവാണ്. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്കു നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിച്ചെന്നു മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം-ആരോപണങ്ങള്‍ ഇങ്ങനെ നീണ്ടു. 

ഭക്ഷ്യക്കിറ്റും ക്ഷേമപെന്‍ഷനും മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്ന, ഈ തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷത്തെ ഏറ്റവും പ്രതിരോധത്തിലാക്കിയ ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചതും കൊല്ലത്തുതന്നെയാണ്. വിഷുക്കിറ്റും മാര്‍ച്ചിലേയും ഏപ്രിലിലേയും പെന്‍ഷനും തെരഞ്ഞെടുപ്പിനു മുന്‍പു നല്‍കുന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. അത് ഉന്നയിച്ച് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ''പ്രളയകാലത്തു കേന്ദ്ര സഹായം മുടക്കാന്‍ ബി.ജെ.പിയോടൊപ്പം നിന്നവരാണ് കോണ്‍ഗ്രസ്'' എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് രമേശ് ചെന്നിത്തലയുടെ പരാതിയെക്കുറിച്ച് പിണറായി സംസാരിച്ചത്. ഏപ്രിലില്‍ നല്‍കുന്ന ഭക്ഷ്യക്കിറ്റ് വിഷു മാത്രം ഉദ്ദേശിച്ചല്ലെന്നും ഏപ്രില്‍ നാലിലെ ഈസ്റ്റര്‍കൂടി കണക്കിലെടുത്താണ് എന്നും വിശദീകരിക്കുകയും ചെയ്തു.
 
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കേരളയാത്രയുടെ സമാപനം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് ഏഴിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞത് ധര്‍മ്മടം മണ്ഡലത്തിലെ പ്രചാരണത്തുടക്കത്തിലായിരുന്നു. അമിത് ഷാ വര്‍ഗ്ഗീയതയുടെ ആള്‍രൂപമാണ് എന്ന വിമര്‍ശനത്തിന്റെ പ്രഹരശേഷി ചെറുതായിരുന്നില്ല. പിണറായിയുടെ കടന്നാക്രമണശൈലി നന്നായി അറിയുന്നവര്‍പോലും ഒന്നു ഞെട്ടി. അതിന്റെ അലകള്‍ ദേശീയ മാധ്യമങ്ങളിലും നിറഞ്ഞു. ''എന്നോടു കുറേ ചോദ്യങ്ങള്‍ ചോദിച്ചു. ഞാനേതായാലും ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധ പിന്തുടരല്‍ തുടങ്ങിയ ഗുരുതര കേസുകള്‍ നേരിട്ടത് നിങ്ങളാണ്. അതൊന്നും ആരെങ്കിലും കെട്ടിച്ചമച്ചതായിരുന്നില്ല. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആസൂത്രണം ചെയ്തതിനു കുറ്റം ചുമത്തപ്പെട്ട ആളാണ് അമിത് ഷാ. ആ കേസ് കേള്‍ക്കാനിരുന്ന ജസ്റ്റിസ് ലോധ ദുരൂഹസാഹചര്യത്തില്‍ മരിച്ചല്ലോ. ഒറ്റവര്‍ഷംകൊണ്ട് 10,000 മടങ്ങായി സ്വന്തം വരുമാനം വര്‍ദ്ധിപ്പിച്ച് 'അഛാദിന്‍' സൃഷ്ടിച്ചത് ഓര്‍മ്മയില്ലേ. അതു നിങ്ങളുടെ സംസ്‌കാരം. പിണറായി വിജയനെ ഈ നാട്ടുകാര്‍ക്കറിയാം. നിങ്ങളുടെ സംസ്‌കാരം വച്ചു മറ്റുള്ളവരെ അളക്കരുത്.'' ഇത്രയും പറഞ്ഞിട്ട്, പതിവു മാസ് ഡയലോഗ് കൂടി: ''ഇതു നാടു വേറെയാണ്. നിങ്ങളുടെ രീതികള്‍ ഇവിടെ ചെലവാകുമെന്നു കരുതരുത്.'' അമിത്ഷായോടു തിരിച്ച് ആറു ചോദ്യങ്ങളും ചോദിച്ചാണ് പിണറായി അടങ്ങിയത്. കൃത്യമായിരുന്നു പിണറായിയുടെ രാഷ്ട്രീയതന്ത്രം. ബി.ജെ.പിയുമായി എന്തെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പു രാഷ്ട്രീയം പയറ്റുന്നുവെന്ന സംശയം ഉണ്ടായിരുന്നവര്‍ക്ക് അതു നീക്കിക്കൊടുക്കുകയായിരുന്നു. ബി.ജെ.പിയുടെ രണ്ടാമന് രാജ്യത്താരും കൊടുക്കാത്ത മറുപടി; മുഖമടച്ചുള്ള അടിപോലെ. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടായ ഒരു ദുരൂഹമരണത്തെക്കുറിച്ച് അമിത് ഷാ ശംഖുമുഖത്തു പറഞ്ഞിരുന്നു. കേരളത്തില്‍ ഇതുവരെ ഒരുതരത്തിലുള്ള ചര്‍ച്ചയും വാര്‍ത്തയും ഉണ്ടായിട്ടില്ലാത്ത ആ മരണത്തെക്കുറിച്ചുള്ള പരാമര്‍ശവും ദുരൂഹമായിത്തന്നെ തുടര്‍ന്നു. 

പിന്നീട് പര്യടനത്തിനിടെ 27-നു കൊല്ലത്തുവച്ചു വീണ്ടും അമിത് ഷായോടു ചോദ്യങ്ങള്‍ ഉന്നയിച്ച പിണറായി ആ മരണത്തെക്കുറിച്ചു ചോദിച്ച് അമിത് ഷായെ വെട്ടിലാക്കി. ''കഴിഞ്ഞതവണ വന്നപ്പോള്‍ അദ്ദേഹം ഒരു മരണത്തെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചു മിണ്ടാട്ടമില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കുന്ന ആള്‍ എന്ന നിലയിലാണ് ചോദിക്കുന്നത്'' എന്നായിരുന്നു തുടക്കം തന്നെ. 
കസ്റ്റംസ് ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഏജന്‍സിയല്ലെങ്കിലും കേന്ദ്രത്തിന്റേതാണല്ലോ. സ്വര്‍ണ്ണം അയച്ച ആളെ കഴിഞ്ഞ ഒന്‍പതു മാസമായി പിടികൂടിയോ? കള്ളക്കടത്ത് സ്വര്‍ണ്ണം ആര്, എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തില്‍ കണ്ടെത്തിയോ? സ്വര്‍ണ്ണം എത്തിയത് ആര്‍.എസ്.എസ് ബന്ധമുള്ളവരിലേക്കാണോ? യു.എ.പി.എ ചുമത്തിയിട്ടും പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം കിട്ടിയത് എന്തുകൊണ്ട്? സ്വര്‍ണ്ണക്കടത്തുമായി കേന്ദ്ര സഹമന്ത്രിക്കു ബന്ധമുണ്ടോ? ഡിപ്ലോമാറ്റിക് ബാഗേജിലൂടെയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് അന്വേഷണ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും പറഞ്ഞിട്ടും അങ്ങനെയല്ലെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ? പ്രതികളെ രക്ഷിക്കാനായിരുന്നില്ല ഈ വാദം എന്ന് അങ്ങേയ്ക്കു പറയാനാകുമോ? സ്വര്‍ണ്ണക്കടത്ത് പ്രതികളെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ നിയമിച്ചത് ആര്? അത്തരക്കാരെ സംരക്ഷിച്ചത് ആര്? ഇതായിരുന്നു ചോദ്യങ്ങള്‍.

മാത്രമല്ല, ബി.ജെ.പിയെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കുന്ന 'അസഹിഷ്ണുതയുടെ രാഷ്ട്രീയവും' അദ്ദേഹം ഉന്നയിച്ചു. സ്വര്‍ണ്ണം, ഡോളര്‍ കടത്തിനെപ്പറ്റി പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് സഹിക്കുന്നില്ലെന്നു പറയുന്ന അമിത് ഷായാണ് അസഹിഷ്ണുതയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. ''അസഹിഷ്ണുത എല്‍.ഡി.എഫ് രാഷ്ട്രീയമല്ല. എന്നാല്‍, അനീതിയും അസഹിഷ്ണുതയും അക്രമവും കണ്ടാല്‍ മിണ്ടാതിരിക്കുന്ന പതിവുമില്ല. ഇത്രയും നാള്‍ എല്ലാ ഏജന്‍സികളും അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്തതിലുള്ള വിഷമം അമിത് ഷായ്ക്ക് ഉണ്ടാകും.''

ബി.ജെ.പിയെ ഇഞ്ചോടിഞ്ച് മുള്‍മുനയില്‍ നിര്‍ത്തിയാകും ഈ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് വ്യക്തമാക്കുന്ന ആക്രമണം.  തിരുവനന്തപുരത്തെ പര്യടന ദിവസംതന്നെയാണ് സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന മൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനു മന്ത്രിസഭ തീരുമാനിച്ചത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നാ സുരേഷിന്റെ മൊഴിയുടേയും സരിത്തിന്റെ കത്തിന്റേയും പിന്നിലെ യാഥാര്‍ത്ഥ്യമാകും ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷിക്കുക. മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി മുഖ്യമന്ത്രി തന്നെയാണ് ഈ വിഷയം കൊണ്ടുവന്നത്. രാജ്യവ്യാപക ചര്‍ച്ചയ്ക്കാണ് ഈ തീരുമാനം ഇടയാക്കിയത്. മുന്‍പ് ഒരു സംസ്ഥാന സര്‍ക്കാരും എടുക്കാന്‍ ധൈര്യപ്പെടാത്ത തീരുമാനം. പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും വീണ്ടും ദേശീയ ശ്രദ്ധയില്‍. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. സമ്മര്‍ദ്ദം ചെലുത്തിയോ? ചെലുത്തിയെങ്കില്‍ ആരൊക്കെ, അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ തുടങ്ങിയവ ഉള്‍പ്പെടെയാണ് അന്വേഷണ വിഷയങ്ങള്‍.  മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ വീതം അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞതും ഇതേ ദിവസം തന്നെയായിരുന്നു. കിഫ്ബിയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കു പിന്നില്‍ കേന്ദ്രമന്ത്രാലയത്തിന്റെ ഉള്‍പ്പെടെ തലപ്പത്തുള്ളവരാണ് എന്നു വിവിധ പൊതുയോഗങ്ങളില്‍ ആരോപിച്ചു: ''ഫെഡറല്‍ സംവിധാനത്തിനു നിരക്കാത്ത പ്രവൃത്തിയാണിത്. കേരളത്തിലെ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിനൊപ്പം കേന്ദ്ര ഏജന്‍സികളും ഘടക കക്ഷിയായി ചേരുന്നു. നിയമസഭയാണ് കിഫ്ബി രൂപീകരിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയുമുണ്ട്. അതിനാല്‍ കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല. ഈ നീക്കത്തിനെല്ലാം തെരഞ്ഞെടുപ്പില്‍ കേരളം മറുപടി നല്‍കും.'' 

ചോറിലെ മണ്ണ് 

ഭക്ഷ്യക്കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള പരാതി പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് ജനങ്ങളോടു മാപ്പു പറയണം എന്നതു നടപ്പാകില്ല എന്ന് ഉറപ്പായും മനസ്സിലാക്കിക്കൊണ്ടുള്ള ആവശ്യമായിരുന്നു. പക്ഷേ, പ്രതിപക്ഷ നേതാവിനെ മാത്രമല്ല, കോണ്‍ഗ്രസ്സിനേയും യു.ഡി.എഫിനേയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനുള്ള ഉദ്ദേശ്യം ഫലിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തെരഞ്ഞെടുപ്പു കഴിയുന്നതുവരെ തടയുക, വിഷു സ്പെഷലായി നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം ഏപ്രില്‍ ആറു വരെ നിര്‍ത്തിവയ്ക്കാന്‍ പൊതുവിതരണ വകുപ്പിനോട് നിര്‍ദ്ദേശിക്കുക, വിഷു പ്രമാണിച്ച് നല്‍കുന്ന അരിയും തടയുക, ഏപ്രില്‍, മെയ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം വിലക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് കമ്മിഷനോട് ഉന്നയിച്ചത്. പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ടുകൊണ്ടാണ് എല്‍.ഡി.എഫ് ഇതിനെതിരെ രംഗത്തുവന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇടതുമുന്നണിക്കു കിട്ടിയ വലിയ വടിയും യു.ഡി.എഫിനു കിട്ടിയ അടിയുമായി ഇതു മാറി. 27-ന് എറണാകുളത്തും 28-നു കോഴിക്കോട്ടും 'അരിമുടക്കുന്ന' പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി കത്തിക്കയറി. ''തെരഞ്ഞെടുപ്പുകാലത്ത് അരിയും പലവ്യഞ്ജനവും കൊടുത്താല്‍ സ്വാധീനിക്കപ്പെടുന്നവരാണ് എന്നു പറഞ്ഞ് ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ഭക്ഷ്യക്കിറ്റും അരിയും പെന്‍ഷനും മുടക്കിയാല്‍ ഈ സര്‍ക്കാരിലുള്ള വിശ്വാസം തകര്‍ക്കാമെന്ന വ്യാമോഹം പ്രതിപക്ഷ നേതാവിന്റെ സങ്കുചിത മനസ്സാണ് കാണിക്കുന്നത്. അരിയും കിറ്റും പെന്‍ഷനും നല്‍കരുതെന്ന ആവശ്യം അദ്ദേഹം ആദ്യം ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളില്‍ ഒതുങ്ങുമെന്നാണ് കരുതിയത്. പിന്നീട് മൂന്നു പരാതികള്‍ ലെറ്റര്‍പാഡില്‍ തെരഞ്ഞെടുപ്പു കമ്മിഷനു നല്‍കി.'' 

പ്രതിപക്ഷം പ്രതികാരപക്ഷമായി എന്ന വിമര്‍ശനത്തിന്റെ ചൂട് സമൂഹമാധ്യമങ്ങളില്‍ യു.ഡി.എഫ് പ്രൊഫൈലുകളെ പ്രതിരോധത്തിലാക്കുന്നതും കണ്ടു. യു.ഡി.എഫ് ഭരണകാലത്ത് പിണറായി വിജയന്‍ പരാതി കൊടുത്ത് അരി വിതരണം തടഞ്ഞുവെന്ന പ്രചാരണം ഇതിനിടെ ഉണ്ടായിരുന്നു. അത് കള്ളമാണെന്ന് വിശദീകരിക്കുകയും സംഭവിച്ചതെന്താണെന്നു വ്യക്തമാക്കുകയും ചെയ്തു. ''ആവശ്യമായ സംവിധാനമൊരുക്കാതെ ചെയ്തതിനെച്ചൊല്ലി തെരഞ്ഞെടുപ്പു കമ്മിഷനും അന്നത്തെ മുഖ്യമന്ത്രിയുമായാണ് പ്രശ്‌നമുണ്ടായത്. തുടര്‍ച്ചയായി കള്ളം പറയുന്നതില്‍നിന്നു പ്രതിപക്ഷ നേതാവ് പിന്‍മാറണം'' - പിണറായി ആവശ്യപ്പെട്ടു.

ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ തീരുമാനത്തെ എതിര്‍ത്തതും രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനത്തിനു മുഖ്യമന്ത്രി ആയുധമാക്കി. ബി.ജെ.പി നേതാക്കളേക്കാള്‍ മുന്‍പേ പ്രതിപക്ഷ നേതാവ് രംഗത്തു വരുന്നത് മനസ്സിലാകുന്നില്ല എന്നായിരുന്നു പരിഹാസം. ''കേരളത്തിനു പുറത്തേക്കു നീളുന്ന കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധത്തിന്റെ ഭാഗമാണ് ഈ അസ്വസ്ഥത. ഈ ഉദ്യോഗസ്ഥരെ വിവരം നല്‍കി തെറ്റിദ്ധരിപ്പിച്ചതില്‍ പ്രതിപക്ഷ നേതാവിനും പങ്കുള്ളതുകൊണ്ടാണോ അന്വേഷണത്തെ എതിര്‍ക്കുന്നത്?'' എന്നു ചോദിക്കുകയും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മറ്റൊരു അന്വേഷണത്തെക്കുറിച്ചുകൂടി പറയുകയും ചെയ്തു. ''ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ട് വന്നശേഷം അടുത്ത നടപടി ആലോചിക്കാം.'' രമേശ് ചെന്നിത്തലയുടെ സ്റ്റാഫില്‍ മുന്‍പുണ്ടായിരുന്ന യുവ ഐ.എ.എസ്സുകാരന്‍ ഈ കരാറില്‍ പ്രകടിപ്പിച്ച അമിത താല്പര്യം പ്രകടമാക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് ഈ അന്വേഷണം പ്രസക്തമാകുന്നത്.

ഗുരുവായൂരില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത് യാദൃച്ഛികമല്ലെന്നും അതു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് എന്നും കോഴിക്കോട്ട് മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. അത് ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദറിനെ ഉന്നംവച്ചു മാത്രമുള്ള ആരോപണമല്ലെന്നു വ്യക്തം. സംസ്ഥാനതലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുണ്ടെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്ന ബന്ധത്തിനെതിരായ വിമര്‍ശനമാണ്. യു.ഡി.എഫിനു തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടായാല്‍ അതിനു കാരണമായി എല്‍.ഡി.എഫ് ഉന്നയിക്കാനിടയുള്ള ആരോപണത്തിന്റെ ടെസ്റ്റുഡോസ്. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളാന്‍ ഇടയാക്കിയ 'നോട്ടപ്പിശക്' വരുംദിവസങ്ങളില്‍ കൂടുതല്‍ കത്താനിരിക്കുന്നതേയുള്ളു എന്നും വ്യക്തം. പൗരത്വനിയമം നടപ്പാക്കിയാല്‍ അപേക്ഷാഫോറം ലീഗ് പൂരിപ്പിച്ചു നല്‍കുമെന്ന് കെ.എന്‍.എ ഖാദര്‍ പറഞ്ഞത് യു.ഡി.എഫ് ബി.ജെ.പിയുടെ പരസ്യപിന്തുണ സ്വീകരിക്കുന്നതിനു തെളിവായാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ''ഈ ലീഗ് നേതാക്കള്‍ നാളെ ബി.ജെ.പി പണിയുന്ന തടങ്കല്‍പാളയത്തിനു കാവല്‍ നില്‍ക്കാനും തയ്യാറാകും.''

നായകന്‍ 

അടുത്ത സര്‍ക്കാര്‍ വന്നാല്‍ സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ ഫെഡും വിപുലപ്പെടുത്താനുള്ള തീരുമാനം അറിയിച്ചുകൊണ്ട്, ലക്ഷ്യം വിശപ്പു രഹിതകേരളമാണെന്ന് ആവര്‍ത്തിച്ചാണ് മുഖ്യമന്ത്രി ഓരോ യോഗത്തിലും പ്രസംഗം അവസാനിപ്പിക്കുന്നത്. ''റേഷന്‍ കടകളില്‍ മറ്റ് ഉപഭോക്തൃ ഉല്പന്നങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കും. എല്ലാ പഞ്ചായത്തുകളിലും ജനകീയ ഹോട്ടല്‍ ഉറപ്പാക്കും. തോട്ടം മേഖലയില്‍ പ്രത്യേകമായി ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കും.''

കൊവിഡ് കാലത്ത് പട്ടിണിക്കിടാതെ അരിയും പലവ്യഞ്ജന കിറ്റും നല്‍കി ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ അഞ്ചു കോടി രൂപ വിനിയോഗിച്ചത് വോട്ടു തട്ടാനാണോ എന്ന ചോദ്യം കൂടി ഇതിനൊപ്പം ഉയര്‍ന്നു. ഈ ചോദ്യം ഓരോ മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോടു ചോദിച്ച് അവരെക്കൂടി മനസ്സുകൊണ്ടു പ്രതിപക്ഷ നേതാവിനെതിരാക്കുന്ന തന്ത്രം. 

തെരഞ്ഞെടുപ്പു ദിനത്തിലേക്ക് അടുക്കുന്തോറും ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയമായി കൊമ്പുകോര്‍ക്കുന്നത് മൂര്‍ധന്യത്തിലെത്തുമെന്നുറപ്പ്. അതില്‍ അസാധാരണമായി ഒന്നുമില്ലതാനും. 

എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പാണ് എന്ന പ്രതീക്ഷയില്‍ നീങ്ങുന്ന ഇടതുമുന്നണിക്കും അധികാരത്തില്‍ തിരിച്ചുവരാതിരുന്നാല്‍ തകരുമെന്നു ഭയക്കുന്ന യു.ഡി.എഫിനും ഇത്തവണ നിയമസഭയില്‍ നിര്‍ണ്ണാക സ്വാധീനമാകാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും ഇടയില്‍ പ്രചാരണരംഗത്തു തീ പാറുകയാണ്. ആ കണ്ണിയില്‍ അമിത് ഷാ മുതല്‍ കെ. സുരേന്ദ്രന്‍ വരെയും രാഹുല്‍ ഗാന്ധി മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെയുമുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍, സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, ഇടതുമുന്നണി ഘടക കക്ഷികളുടെ പ്രധാന നേതാക്കള്‍ തുടങ്ങിയവരെല്ലാം ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ ഭാഗം. പക്ഷേ, പിണറായിയാണു നായകന്‍. മറുപക്ഷത്തിന്റെ ഓരോ നീക്കവും പിണറായിയെ ഉന്നംവച്ചും 'ക്യാപ്റ്റനു മുറിവേല്‍പ്പിക്കുക' മുഖ്യലക്ഷ്യമാക്കിയുമാണ്. വി.എസ്. അച്യുതാനന്ദനെ കേരളത്തിനു മുഴുവനായും നഷ്ടപ്പെട്ട തെരഞ്ഞെടുപ്പാണിത്; ഭരണത്തിലായാലും പ്രതിപക്ഷത്തായാലും നയിക്കുന്നത് പിണറായി വിജയനായിരിക്കും എന്നതില്‍ ഇടതുമുന്നണിക്കു സംശയലേശമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com