ഉള്‍പ്പോരില്‍ ഉലഞ്ഞ് കേരളം പിടിക്കാന്‍ ബി.ജെ.പി

ഉള്‍പ്പോരില്‍ ഉലഞ്ഞ് കേരളം പിടിക്കാന്‍ ബി.ജെ.പി
ശോഭാ സുരേന്ദ്രൻ, എംടി രമേശ്, കെ സുരേന്ദ്രൻ എന്നിവർ പാർട്ടി യോ​ഗത്തിൽ/ ഫയൽ
ശോഭാ സുരേന്ദ്രൻ, എംടി രമേശ്, കെ സുരേന്ദ്രൻ എന്നിവർ പാർട്ടി യോ​ഗത്തിൽ/ ഫയൽ

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം വന്ന ശേഷം കേരളത്തിലെ ബി.ജെ.പി ആത്മവിശ്വാസം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം മാത്രമായി എന്ന വിമര്‍ശനം ഉള്ളില്‍ത്തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്. പക്ഷേ, ബി.ജെ.പി പുറമേയ്ക്ക് ഇത്രയധികം ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകാലം മുന്‍പുണ്ടായിട്ടുമില്ല. 2016-ല്‍ ജയിച്ച നേമത്തുപോലും ഇത്തവണ വിജയം ഉറപ്പില്ലാത്ത സ്ഥിതി. അവിടെ അന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബി.ജെ.പിക്കു സഹായകമായി എന്ന വസ്തുത നിലനില്‍ക്കുന്നു; ഇത്തവണ അങ്ങനെയാകരുത് എന്നുറപ്പിച്ചാണ് കോണ്‍ഗ്രസ് നീക്കം. ഒ. രാജഗോപാലിനോടു തോറ്റ തലസ്ഥാനത്തെ പ്രമുഖ നേതാവ് വി. ശിവന്‍കുട്ടിയെത്തന്നെ കൂടുതല്‍ തയ്യാറെടുപ്പോടെ സി.പി.എം വീണ്ടും ഇറക്കുന്നു. ഇതൊക്കെയാണെങ്കിലും നേമം കേരളത്തിലെ ഗുജറാത്ത് എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും നേമത്ത് മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് കാരണം. നേമത്തു മാത്രമാണ് നിയമസഭാ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഇപ്പോള്‍ അവര്‍ മുന്നിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴ് മണ്ഡലങ്ങളില്‍ മൂന്നിടത്ത് ഇപ്പോഴത്തെ കണക്കില്‍ മൂന്നാം സ്ഥാനത്താണ്; പക്ഷേ, പത്തില്‍ കുറയാത്ത സീറ്റുകളില്‍ ജയിക്കുമെന്ന പ്രതീക്ഷയാണ് പുറമേ പ്രകടിപ്പിക്കുന്നത്. പാര്‍ട്ടിയിലെ ഉള്‍പ്പോര് മൂര്‍ധന്യാവസ്ഥയിലാണ്; പറയുന്നത് ഒറ്റക്കെട്ടാണെന്ന്. ബി.ഡി.ജെ.എസ് മാത്രമാണ് എന്‍.ഡി.എ ഘടകകക്ഷി;, അവരാകട്ടെ സംഘടനാപരമായി അങ്ങേയറ്റം ദുര്‍ബ്ബലരും; എങ്കിലും മറ്റു രണ്ടു മുന്നണികളേയും വിറപ്പിച്ച് എന്‍.ഡി.എ കേരളത്തില്‍ തരംഗം സൃഷ്ടിക്കും എന്നാണ് അവകാശവാദം. 2026-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന് ദേശീയ നേതൃത്വത്തെ വിശ്വസിപ്പിച്ച്, അതിനു തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള ഘടകം. 2016-ല്‍ നിന്ന് 2021-ല്‍ എത്തുമ്പോള്‍ ഒന്നില്‍നിന്നു രണ്ടക്കത്തിലേക്കും 2026-ല്‍ കേവല ഭൂരിപക്ഷത്തിലേക്കും എന്നാണ് തിയറി. അടുത്ത മെയ് രണ്ടാം വാരം ഫലം വരുമ്പോള്‍ ഏറ്റവും അഭിമാനത്തോടെ തലയുയര്‍ത്തി അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന പാര്‍ട്ടി ബി.ജെ.പിയാകുമെന്ന പ്രചാരണം സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പറപറക്കുകയാണ്.

വോട്ടുകച്ചവടം എന്ന ആക്ഷേപവും കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതിലെ അപമാനവും മാറിക്കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു 2016-ലേത്. നേമത്തു നിന്ന് ഒ. രാജഗോപാല്‍ എം.എല്‍.എയായി. കാസര്‍കോട്, മഞ്ചേശ്വരം, മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ രണ്ടാമതെത്തി. അതിനുശേഷമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിഖ്യാതമായ ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ചത്; 2018 സെപ്റ്റംബര്‍ 28-ന്. അത് രാഷ്ട്രീയമായും സംഘടനാപരമായും ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് ബി.ജെ.പിയാണ്. ഇത് നമുക്കു സുവര്‍ണ്ണാവസരമാണ് എന്ന് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രവര്‍ത്തകയോഗത്തില്‍ പറഞ്ഞത് വെറുതേ ആയിരുന്നില്ല; പക്ഷേ, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശബരില പ്രക്ഷോഭത്തിന്റെ ഫലം കൊയ്യാന്‍ കഴിഞ്ഞില്ല. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ മത്സരിച്ചത് ആ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഴ്ചകളോളം ജയിലില്‍ കഴിഞ്ഞ കെ. സുരേന്ദ്രനാണ്. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങള്‍ 'എ പ്ലസ്' മണ്ഡലങ്ങളായി പ്രഖ്യാപിച്ച് പ്രത്യേക ശ്രദ്ധ നല്‍കി. പക്ഷേ, മുന്‍പേ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തൊഴികെ ഒരിടത്തും രണ്ടാംസ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ല. അതിനുശേഷമാണ് മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. 2016-ല്‍ 89 വോട്ടിനു മാത്രം മുസ്ലിംലീഗിലെ പി.ബി. അബ്ദുറസാഖിനോടു തോറ്റ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കാതെപത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കോന്നിയില്‍ മത്സരിച്ചു. ജയിച്ചില്ല; മൂന്നാം സ്ഥാനത്തു പോയി. രവീശതന്ത്ര കുണ്ടാറിനെ നിര്‍ത്തി മഞ്ചേശ്വരം പിടിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാം സ്ഥാനം മാത്രമാണ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. 2016-ല്‍ പ്രമുഖ നേതാവ് കുമ്മനം രാജേശേഖരന്‍ കെ. മുരളീധരനുമായി ഇഞ്ചോടിഞ്ചു മത്സരിച്ച് രണ്ടാമതെത്തിയ വട്ടിയൂര്‍ക്കാവില്‍ വീണ്ടും മത്സരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ട കുമ്മനത്തെയല്ല പരിഗണിച്ചത്. ജില്ലാ പ്രസിഡന്റായിരുന്ന എസ്. സുരേഷ് മത്സരിച്ചു. 2016-ല്‍ ടി.എന്‍. സീമ മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തു പോയ എല്‍.ഡി.എഫ് തിരുവനന്തപുരത്തെ ജനകീയ മേയറായിരുന്ന വി.കെ. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കി വിജയം നേടി. ബി.ജെ.പി മൂന്നാമതായി.

കുമ്മനം രാജിവച്ച ഒഴിവില്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറാമില്‍ ഗവര്‍ണറാക്കുകയും പകരം കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുകയും ചെയ്തു. അതുപക്ഷേ, അത്ര അനായാസമല്ല നടന്നത്. കെ. സുരേന്ദ്രനെപ്പോലെതന്നെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്ന ശോഭാ സുരേന്ദ്രനും എം.ടി. രമേശും പ്രസിഡന്റു പദവിക്കു ശ്രമിച്ചു. ഇരുവരും പരിഗണനയിലും വന്നു. തീരുമാനം മാസങ്ങളോളം നീണ്ടു. ഒടുവില്‍ കേന്ദ്രത്തില്‍ പിടിയുള്ള വി. മുരളീധരന്‍ പക്ഷത്തിന്റെ നോമിനി കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. അവിടെക്കൊണ്ട് തീരേണ്ടതായിരുന്നു പോര്. പുതിയ പ്രസിഡന്റും പ്രസിഡന്റാകാന്‍ ആഗ്രഹിച്ചവരും അല്ലാത്തവരുമായ എല്ലാ നേതാക്കളും കൂട്ടായി പ്രവര്‍ത്തിക്കുന്നതാണ് രീതി. പക്ഷേ, പുതിയ പ്രസിഡന്റ് സംസ്ഥാന ഘടകം പുനസ്സംഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിയായിരുന്നു ഫലം. എം.ടി. രമേശിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിലനിര്‍ത്തുകയും ശോഭാ സുരേന്ദ്രനേയും എ.എന്‍. രാധാകൃഷ്ണനേയും വൈസ് പ്രസിഡന്റു സ്ഥാനത്തേക്കു തരംതാഴ്ത്തുകയുമാണ് ചെയ്തത്. എങ്കിലും രാധാകൃഷ്ണനെ സംസ്ഥാനത്തെ പരമോന്നത സമിതിയായ കോര്‍ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളും അണികളും രണ്ടു ചേരിയില്‍ നില്‍ക്കുന്നവിധം കെ. സുരേന്ദ്രന്‍ പക്ഷമായും ശോഭാ സുരേന്ദ്രന്‍ പക്ഷമായും ബി.ജെ.പി മാറി. പി.കെ. കൃഷ്ണദാസ് പക്ഷം അതിനിടയില്‍ നിഷ്പ്രഭമാവുകയും ചെയ്തു. അത് തുടര്‍ന്നുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പല തലങ്ങളില്‍ നടക്കുന്നു. കേരളത്തിലെ ബി.ജെ.പിയില്‍ ഏറ്റവും പ്രധാന അടിയൊഴുക്ക് ഇപ്പോള്‍ ഈ ഒത്തുതീര്‍പ്പു ശ്രമങ്ങളുമായി ബന്ധപ്പെട്ടതുതന്നെയാണ്. പുറമേ പറയുന്ന ആത്മവിശ്വാസം അകത്തില്ലാത്തതിന്റെ മുഖ്യകാരണവും പാര്‍ട്ടിയിലെ പോരുതന്നെ.

വി മുരളീധരൻ
വി മുരളീധരൻ

വളരുന്തോറും തളരുന്ന പാര്‍ട്ടി

യു.ഡി.എഫ് നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ 2011-ല്‍ 138 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് 6.03 ശതമാനം വോട്ടുകളാണ് കിട്ടിയത് (10,53,654 വോട്ട്). വോട്ടുലഭ്യതയിലെ നാലാം സ്ഥാനമായിരുന്നു അത്. സി.പി.ഐ (8.72% : 15,22,478), കോണ്‍ഗ്രസ് (26.40%: 46,10,328), സി.പി.ഐ (എം) 28.18%: 49,21,354) എന്നീ ദേശീയ പാര്‍ട്ടികളാണ് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടു നേടിയത്. എന്നാല്‍, സംസ്ഥാന പാര്‍ട്ടിയായ മുസ്ലിം ലീഗിന് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടി. (7.92%: 13,83,670).

ഇടതുമുന്നണി 91 സീറ്റു നേടി അധികാരത്തിലെത്തിയ 2016-ല്‍ ബി.ജെ.പിക്ക് എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്കാള്‍ വോട്ടുകള്‍ കിട്ടി. സംസ്ഥാനത്തു മൂന്നാമത്തെ വലിയ പാര്‍ട്ടിയായി മാറുകയും ചെയ്തു. 19 എം.എല്‍.എമാരുള്ള സി.പി.ഐക്ക് 8.1% (16,43,878) വോട്ടുകളാണ് കിട്ടിയത്. എന്നാല്‍ ബി.ജെ.പിക്ക് 21,29,726 വോട്ടു (10.5%) കിട്ടി. 53,65,478 (26.5%) വോട്ടു കിട്ടിയ സി.പി.ഐ (എം), 47,94,793 (23.7%) വോട്ടു നേടിയ കോണ്‍ഗ്രസ് എന്നിവ മാത്രമാണ് ബി.ജെ.പിക്കു മുകളില്‍. മുസ്ലിം ലീഗിനു വോട്ടുകൂടിയെങ്കിലും സീറ്റുകളും വോട്ടു ശതമാനവും കുറഞ്ഞു (14,96,864 (7.4%). 2011ല്‍ 20 സീറ്റ്, 2016-ല്‍ 18. അതായത് മുന്നണി അടിസ്ഥാനത്തിലല്ലാതെ ഒറ്റയ്‌ക്കൊറ്റയ്ക്കു നോക്കിയാല്‍ ബി.ജെ.പിയായി കേരളത്തിലെ മൂന്നാമത്തെ വലിയ കക്ഷി.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 'എ പ്ലസ്' മണ്ഡലങ്ങളില്‍ ബി.ജെ.പി നേടിയ വോട്ടുവിഹിതം ഇങ്ങനെയാണ്: തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍: 3,16,142 (31.3%), പത്തനംതിട്ട-കെ. സുരേന്ദ്രന്‍: 2,97,396 (28.97%), തൃശൂര്‍-സുരേഷ് ഗോപി: 2,93,822 (28.2%), പാലക്കാട്-സി. കൃഷ്ണകുമാര്‍: 2,18,556 ( 21.26%), കാസര്‍കോട്-രവീശ തന്ത്രി കുണ്ടാര്‍: 1,76,049 (16%). എ പ്ലസില്‍ പെടുത്തിയില്ലെന്നു മാത്രമല്ല, 'സി കാറ്റഗറി'യായി കണക്കാക്കിയ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ 2,48,081 വോട്ടു നേടി (24.69%). പ്ലസ്സും മൈനസ്സും കണക്കാക്കുന്നതിലെ വിവേചനക്കുറവുകൂടിയാണ് വ്യക്തമായത്. രണ്ടാമത് എത്തിയത് തിരുവനന്തപുരത്തു മാത്രം. അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐയിലെ സി. ദിവാകരന്‍ മൂന്നാമതായി.

അതിനുശേഷമാണ് ബി.ജെ.പിയില്‍ നേതൃമാറ്റവും ഇപ്പോഴും തീരാത്ത പുകച്ചിലും തുടങ്ങിയത്. അത് നിയമസഭാ തെരഞ്ഞെടുപ്പിലും നീറിനില്‍ക്കുന്നതു നിസ്സാരമായല്ല ദേശീയ നേതൃത്വം കാണുന്നത്. ഫെബ്രുവരി ആദ്യം ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കേരളത്തിലെത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നേതൃയോഗങ്ങള്‍ ചേരും. പക്ഷേ, അതിനു മാത്രമായല്ല നദ്ദയുടെ വരവ്. സംസ്ഥാനഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തും. നേതാക്കളെ എല്ലാവരേയും ഒന്നിച്ചുനിര്‍ത്തി പാര്‍ട്ടിയെ നയിക്കാന്‍ കെ. സുരേന്ദ്രനു കഴിയുന്നില്ല എന്ന വിമര്‍ശനം ഇതിനു മുന്‍പും ജെ.പി. നദ്ദ പരിശോധിച്ചിരുന്നു. അങ്ങനെയാണ് മൂന്നു മാസം മുന്‍പ് സുരേന്ദ്രനെ ഡല്‍ഹിക്കു വിളിപ്പിച്ചത്. ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പകരം വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി നദ്ദ സുരേന്ദ്രനെ താക്കീതു ചെയ്തു എന്നാണ് പ്രചരിച്ചത്. ശോഭാ സുരേന്ദ്രന്‍ മുതിര്‍ന്ന നേതാവാണെന്നും തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം അവര്‍ നയിക്കും എന്നും അതിനുശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറയുകയും ചെയ്തു. പക്ഷേ, അതിനപ്പുറം ഒന്നും സംഭവിച്ചില്ല.

2016-ലെ നിയമസഭാ, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളെക്കാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞത് സുരേന്ദ്രനെതിരെ മറ്റു ഗ്രൂപ്പുകള്‍ക്ക് ആയുധമായി മാറുന്നതാണ് പിന്നെ കണ്ടത്. 2016-ല്‍ 14.96 ശതമാനവും 2019-ല്‍ 15.64 ശതമാനവും വോട്ടാണ് എന്‍.ഡി.എ എന്ന നിലയില്‍ നേടിയത്. ഇത്തവണ അത് 14.52% ആയി കുറഞ്ഞു. 2016-ലും 2019- ലും ലഭിച്ച വോട്ട് 2020-ല്‍ ലഭിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 30 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡുണ്ടാകുമെന്നും അതുവഴി 30 എം.എല്‍.എമാര്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചാണ് സുരേന്ദ്രന്‍ ചുമതലയേറ്റത് എന്ന് മറ്റു ഗ്രൂപ്പുകള്‍ പറയുന്നു. ഒരു എം.എല്‍.എയില്‍നിന്ന് ഒറ്റയടിക്ക് 30 എം.എല്‍.എമാരിലേക്കു വളരും എന്ന അവകാശവാദം ദേശീയ നേതൃത്വം വിശ്വാസത്തിലെടുത്തോ എന്ന പരിഹാസമാണ് ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയരുന്നത്. ബി.ജെ.പിയെ കൂടാതെ ഇരുമുന്നണികള്‍ക്കും സംസ്ഥാന ഭരണം സാധ്യമാകില്ലെന്നും കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാന്‍ വി. മുരളീധരനും കെ. സുരേന്ദ്രനും കഴിഞ്ഞു. അതിന് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ പിന്തുണയും കിട്ടി. സന്തോഷിന് മുരളീധരനോട് കൂടുതല്‍ അടുപ്പവും ശോഭയോട് കനത്ത രോഷവുമുണ്ട് എന്നത് സംഘപരിവാര്‍ വൃത്തങ്ങളിലെ പരസ്യ രഹസ്യം. അവകാശവാദങ്ങള്‍ പൊളിഞ്ഞുപോയ സാഹചര്യത്തില്‍ സുരേന്ദ്രനെ കേന്ദ്രനേതൃത്വം മുന്‍കൈ എടുത്തുതന്നെ മാറ്റുമെന്നാണ് ശോഭ സുരേന്ദ്രന്‍, കൃഷ്ണദാസ് പക്ഷങ്ങള്‍ പ്രതീക്ഷിച്ചത്. തെരഞ്ഞെടുപ്പുഫലം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിനുശേഷം അനൈക്യം കൂടുകയാണു ചെയ്തത്. തെരഞ്ഞെടുപ്പു രംഗത്തു സജീവമല്ലാതിരുന്ന ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന സുരേന്ദ്രന്റെ ആവശ്യത്തോട് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്‍ അനുകൂലമായല്ല പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ നയിച്ചാല്‍ ഫലം മോശമായിരിക്കും എന്ന് ദേശീയ നേതൃത്വത്തെ ധരിപ്പിക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. ഇതിന് മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാലിന്റേയും കുമ്മനം രാജശേഖരന്റേയും പിന്തുണയുണ്ടോ എന്നത് ഗ്രൂപ്പുകള്‍ തരംപോലെ വ്യാഖ്യാനിക്കുന്നു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിര്‍ക്കാതെ, മാധ്യമങ്ങള്‍ക്കു മുന്നില്‍ അനുകൂലിച്ച് കുഴപ്പത്തില്‍ നില്‍ക്കുകയാണ് രാജഗോപാല്‍. മിസോറാം രാജിക്കും തിരുവനന്തപുരത്തെ തോല്‍വിക്കും ശേഷം കുമ്മനത്തിനു വിശ്വാസ്യതയും കുറഞ്ഞു.

ഒ രാജ​ഗോപാൽ, അബ്ദുള്ളക്കുട്ടി, പിഎസ് ശ്രീധരൻ പിള്ള എന്നിവർ ബിജെപി വേദിയിൽ/ ഫയൽ
ഒ രാജ​ഗോപാൽ, അബ്ദുള്ളക്കുട്ടി, പിഎസ് ശ്രീധരൻ പിള്ള എന്നിവർ ബിജെപി വേദിയിൽ/ ഫയൽ

ആരൊക്കെ എവിടെയൊക്കെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ. സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പ്രകടനമികവു തെളിയിക്കുകതന്നെ ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം അവകാശപ്പെടുന്നത്. കൊവിഡ് കാലമായിട്ടും തനിക്കും കൊവിഡ് ബാധിച്ചിട്ടും പ്രാദേശിക തലത്തില്‍ പാര്‍ട്ടിയെ ചലിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ സുരേന്ദ്രന്‍ വിജയിച്ചുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബൂത്തുതല സമ്മേളനങ്ങള്‍ കഴിഞ്ഞു. നിയോജകമണ്ഡലംതല പഠനശിബിരങ്ങള്‍ നടക്കുന്നു. അതില്‍ പങ്കെടുക്കുന്നത് ബൂത്തുതലം മുതല്‍ മുകളിലേക്കുള്ള ഭാരവാഹികളാണ്. അതിനൊടുവില്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ രൂപീകരിക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് നീക്കം. പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015-നെക്കാള്‍ മികച്ച പ്രകടനമാണ് തങ്ങളില്‍നിന്നുണ്ടായത് എന്ന വിലയിരുത്തലില്‍ വിട്ടുവീഴ്ച ഇല്ലതാനും. 2015-ല്‍ നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ഒരിടത്തുപോലും ഒന്നാമതോ രണ്ടാമതോ എത്തിയിരുന്നില്ല; എന്നാല്‍, തൊട്ടുപിറ്റേ വര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിലാണ് നേമം നേടുകയും ഏഴിടത്ത് രണ്ടാമത് എത്തുകയും ചെയ്തത്. ഇതാണ് ആത്മവിശ്വാസത്തിനു കാരണം. ഇത്തവണ 30 മണ്ഡലങ്ങള്‍ 'എ പ്ലസ്', പത്ത് മണ്ഡലങ്ങള്‍ 'എ' എന്നിങ്ങനെയാണ് ലിസ്റ്റുണ്ടാക്കി കേന്ദ്രനേതൃത്വത്തിനു കൊടുത്തിരിക്കുന്നത്. പത്തിടത്ത് ജയിക്കാനാകും എന്നാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്.

ആദ്യമൊരു കരട് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നിരുന്നു. 55 പേരുടെ ആ പട്ടികയില്‍ ശോഭാ സുരേന്ദ്രന്‍ ഉണ്ടായിരുന്നു. പക്ഷേ, 2016-ല്‍ അവര്‍ രണ്ടാമതെത്തിയ പാലക്കാടായിരുന്നില്ല; പകരം, രണ്ടു തെരഞ്ഞെടുപ്പുകളിലായി പി.കെ. കൃഷ്ണദാസ് മത്സരിച്ചുവന്ന കാട്ടാക്കടയിലാണ് പേരുണ്ടായിരുന്നത്. പാലക്കാട് കെ.പി. ശശികലയുടെ പേരും വന്നു. പി.എസ്. ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ടി.പി. സെന്‍കുമാറും ജേക്കബ് തോമസും ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരും ഉള്‍പ്പെട്ടതായിരുന്നു ആ പട്ടിക. പ്രമുഖരായ 40 പേരുടെ മറ്റൊരു പട്ടിക പിന്നീട് പ്രചരിച്ചു. അതില്‍ ശ്രീധരന്‍ പിള്ളയും ഒ. രാജഗോപാലും ശോഭാ സുരേന്ദ്രനും ഇല്ല. ഒ. രാജഗോപാലിന് ഇത്തവണ സീറ്റു കൊടുക്കുന്നില്ല എന്നാണ്, അദ്ദേഹം മാറിനില്‍ക്കും എന്നല്ല ബി.ജെ.പി കേന്ദ്രങ്ങള്‍ അനൗപചാരികമായി പറയുന്നത്. പ്രായമാണ് കാരണം. 75 വയസ്സു കഴിഞ്ഞവര്‍ക്ക് സീറ്റുകൊടുക്കണ്ട എന്ന തീരുമാനം എല്‍.കെ. അദ്വാനിയുടേയും മുരളീ മനോഹര്‍ ജോഷിയുടേയും പോലും കാര്യത്തില്‍ നടപ്പാക്കിയത് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ത്തന്നെ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. എന്നാല്‍, നേമത്ത് കൂടുതല്‍ വിജയസാധ്യത രാജഗോപാലിനാണ് എന്നതു പരിഗണിച്ചു. ഇത്തവണ ഔദ്യോഗിക തീരുമാനം വന്നില്ലെങ്കിലും കുമ്മനം നേമം മണ്ഡലത്തില്‍ വീടു വാടകയ്‌ക്കെടുത്തു താമസവും പ്രവര്‍ത്തനവും തുടങ്ങി. ഗവര്‍ണര്‍ പദവി രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയും ക്രൈസ്തവ സഭാ തര്‍ക്കപരിഹാരത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലിനു ശ്രമിച്ചും മറ്റും ഗവര്‍ണര്‍കാലം സജീവമാക്കുകയാണ്. മാത്രമല്ല, മിസോറാമിനു പകരം മറ്റേതെങ്കിലും വലിയ സംസ്ഥാനത്തെ ഗവര്‍ണര്‍ ചുമതല നല്‍കുമെന്നും കേന്ദ്രമന്ത്രിയാക്കുമെന്നും മറ്റും കേള്‍ക്കുന്നുമുണ്ട്.

ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പു രംഗത്ത് സ്ഥാനാര്‍ത്ഥിയായോ പ്രചാരകയായോ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുന്നവര്‍ ബി.ജെ.പിയുടെ അകത്തും പുറത്തുമുണ്ട്. എന്നാല്‍, സുരേന്ദ്രന്‍ വ്യക്തിപരമായല്ല, ബി.എല്‍. സന്തോഷും വി. മുരളീധരനും കൂടി ഉള്‍പ്പെട്ട തീരുമാനമാണ് ശോഭയുടെ കാര്യത്തില്‍ നടപ്പാക്കിയത്. അതു മാറണമെങ്കില്‍ അവര്‍ അയയണം. അല്ലെങ്കില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോ മുന്‍ അധ്യക്ഷന്‍ അമിത് ഷായോ ഇടപെടണം. മൂവര്‍ സംഘത്തിന്റെ കനിവിനല്ല, ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ സാധ്യമാക്കാനാണ് ശോഭ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അവര്‍ ആവശ്യപ്പെടുന്ന സീറ്റു നല്‍കി അനുനയിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍നിന്ന് ഉണ്ടായേക്കും. എന്നാല്‍, മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നാണ് ശോഭാ സുരേന്ദ്രനുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നത്.
നേമം ബി.ജെ.പിയുടെ ഗുജറാത്താണ് എന്ന കുമ്മനത്തിന്റെ വിവാദ പ്രസ്താവന ഫലത്തില്‍ പ്രചാരണത്തുടക്കമായിരുന്നു. ജനുവരി 23-നാണ് അദ്ദേഹം അത് പറഞ്ഞത്. പിറ്റേന്ന് കാട്ടാക്കട മണ്ഡലത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസും തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി. 2011-ലും 2016-ലും താന്‍ മത്സരിച്ച കാട്ടാക്കടയിലെ വോട്ടര്‍മാരോട് ബി.ജെ.പിക്ക് വോട്ടു ചോദിക്കുക മാത്രമാണു ചെയ്യുന്നതെന്നും സ്ഥാനാര്‍ത്ഥി ആരെന്ന് പിന്നീട് തീരുമാനിക്കും എന്നുമാണ് കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞത്.

പല നേതാക്കളും ഇങ്ങനെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴക്കൂട്ടത്ത് 2016-ല്‍ 43,000 വോട്ടുപിടിച്ചു രണ്ടാമതെത്തിയ വി. മുരളീധരനാണ് അതിലൊരാള്‍. കേന്ദ്ര സഹമന്ത്രിയാണെങ്കിലും അദ്ദേഹം മണ്ഡലത്തില്‍ സജീവം. വി.എസ്. പ്രതിനിധീകരിക്കുന്ന മലമ്പുഴയില്‍ കഴിഞ്ഞ തവണ രണ്ടാമതെത്തിയ സി. കൃഷ്ണകുമാറും മലമ്പുഴതന്നെ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്നു.

പികെ കൃഷ്ണദാസ്
പികെ കൃഷ്ണദാസ്

നയങ്ങള്‍, പ്രതീക്ഷകള്‍

ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ നയം പരോക്ഷമായി സ്വീകരിക്കുകയും യു.ഡി.എഫിനെ കൂടുതല്‍ രൂക്ഷമായി കടന്നാക്രമിക്കുകയും ചെയ്യാനാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നു ബി.ജെ.പി നേതാക്കള്‍ അനൗദ്യോഗികമായി പറയുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് സ്ഥിരീകരണമില്ല. എങ്കിലും ഇതുവരെ സി.പി.എമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി കടന്നാക്രമിച്ചവര്‍ അതില്‍നിന്നു വ്യത്യസ്തമായി യു.ഡി.എഫ് പ്രതിപക്ഷമെന്ന നിലയില്‍ വന്‍പരാജയമായിരുന്നു എന്ന നിലപാടിലേക്കു മാറിയത് യാദൃച്ഛികമല്ല. ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും കേന്ദ്ര നേതൃത്വം ആലോചിച്ചുണ്ടായ തെരഞ്ഞെടുപ്പു തന്ത്രത്തിന്റെ ഭാഗമാണ് ഇത് എന്ന് നേരിട്ടല്ലാതെ പ്രചരിപ്പിക്കുകയും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അതിന്റെ ഗുണഫലം ബി.ജെ.പിക്ക് കിട്ടും എന്നാണ് വാദം. ഉന്നയിക്കുന്ന വാദങ്ങള്‍ ഇവയാണ്: ''എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടുന്നതോടെ അടുത്ത അഞ്ചു വര്‍ഷംകൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുന്ന യു.ഡി.എഫ് തകരും. പ്രത്യേകിച്ചും കോണ്‍ഗ്രസ്സില്‍നിന്നു വന്‍തോതില്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞുപോക്കുണ്ടാകും. അവരില്‍ വലിയൊരു വിഭാഗത്തെ ബി.ജെ.പിയില്‍ എത്തിക്കാന്‍ കഴിയും. അവശിഷ്ട യു.ഡി.എഫില്‍ മുസ്ലിം ലീഗിനു കൂടുതല്‍ മേധാവിത്വം ഉണ്ടാകാന്‍ സാധ്യത. അങ്ങനെ വന്നാല്‍ അത് കോണ്‍ഗ്രസ്സിലെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ബി.ജെ.പി അനുകൂല മനോഭാവം ഉണ്ടാക്കും. തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്നതോടെ സി.പി.എമ്മിനും ഇടതുമുന്നണി ഘടകകക്ഷികള്‍ക്കും സംഘടനാപരമായ ക്ഷീണം ബാധിക്കും. ഭരണരംഗത്ത് അഴിമതിയും വിവാദങ്ങളും തുടര്‍ച്ചയാകാനും സാധ്യത. ഇതും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും അധികാരത്തിലേക്കുള്ള വരവിനും കളമൊരുക്കും. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒന്നിലധികം പേരെ പാര്‍ലമെന്റില്‍ എത്തിക്കാനും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍കുതിപ്പു നടത്താനും കഴിയും. ആരു ഭരിക്കണം എന്നു തീരുമാനിക്കാനാകുന്നവിധം ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം നിര്‍ണ്ണായകമായി മാറും.''

ബി.ജെ.പിയേക്കാള്‍ കേരളത്തില്‍ താഴെനിന്നു മുകളിലേക്ക് ശക്തമായ സംഘടനാ സംവിധാനമുള്ള കോണ്‍ഗ്രസ്സും സി.പി.എമ്മും അഞ്ചു വര്‍ഷംകൊണ്ട് ദുര്‍ബ്ബലമാകുന്നതും അതില്‍നിന്നു തങ്ങള്‍ നേട്ടമുണ്ടാക്കുന്നതും സ്വപ്നം കാണുന്ന രാഷ്ട്രീയം. ഇതൊക്കെ നടക്കുമോ എന്നു കണ്ടുതന്നെ അറിയണം. അതില്‍ വിജയിക്കില്ലെന്നു തിരിച്ചറിഞ്ഞാല്‍ പതിവു വര്‍ഗ്ഗീയ രാഷ്ട്രീയം കൂടുതല്‍ ശക്തമായി പുറത്തെടുക്കാനായിരിക്കും ബി.ജെ.പി തുനിയുക. കേരളത്തില്‍ പരാജയപ്പെട്ട പരീക്ഷണമാണ് വര്‍ഗ്ഗീയ രാഷ്ട്രീയം. പക്ഷേ, ജമാഅത്തെ ഇസ്ലാമിയുടെ കക്ഷി രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടിന്റെ പാര്‍ട്ടി എസ്.ഡി.പി.ഐയും മുസ്ലിം വര്‍ഗ്ഗീയ രാഷ്ട്രീയം ശക്തമാക്കുന്നു എന്ന പ്രചാരണം തീരെ ഫലം കാണാതിരിക്കുന്നുമില്ല. വര്‍ഗ്ഗീയ ശക്തികള്‍ പരസ്പരം ശക്തിപ്പെടുത്തുന്ന സ്ഥിതി. സമുദായ സംഘടനകളില്‍ ചിലത് മുന്‍പത്തേക്കാള്‍ അടുക്കുന്നതാണ് ബി.ജെ.പിക്കു പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകം. പ്രമുഖ സമുദായ സംഘടന എന്‍.എസ്.എസ് പ്രത്യേക്ഷത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സമദൂരമാണ് പറയുന്നത്. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി നിരവധി സ്ഥലങ്ങളില്‍ അവര്‍ ബി.ജെ.പിക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങി. എന്‍.എസ്.എസ്സിലെ കോണ്‍ഗ്രസ്സുകാരും സി.പി.എമ്മുകാരും സ്വന്തം രാഷ്ട്രീയം മറച്ചുവയ്ക്കാത്തതുപോലെ ബി.ജെ.പിക്കാരും ഇപ്പോള്‍ തുറന്നുപറയാന്‍ തയ്യാറാകുന്നു എന്നാണ് ഇതിനേക്കുറിച്ച് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശബരിമല പ്രക്ഷോഭത്തിന്റെ ഗുണഫലം മറ്റൊരു വിധത്തില്‍ ബി.ജെ.പിക്കു നേട്ടമുണ്ടാക്കി എന്നതും പ്രധാനമാണ്. സ്ത്രീകള്‍ ബി.ജെ.പിയിലേക്കു കൂടുതല്‍ അടുക്കുന്നതും അവരുടെ സമരങ്ങളിലും കൂട്ടായ്മകളിലും പങ്കെടുക്കുന്നതും ശബരിമല പ്രക്ഷോഭത്തിനുശേഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സംവരണ സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തിനൊപ്പം സ്ത്രീപങ്കാളിത്തം ഉണ്ടായി എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതു കൂടുതല്‍ പ്രകടമാകുമെന്നും ബി.ജെ.പിയും ആര്‍.എസ്.എസ്സും പ്രതീക്ഷ വയ്ക്കുന്നു. തോല്‍വിയുടെ ആഘാതത്തിലും സംഘപരിവാറിന് ആത്മവിശ്വാസം പകരുന്ന ഈ ഘടകങ്ങള്‍ പരമാവധി പെരുപ്പിച്ചു കാണിക്കാന്‍ കൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു കര്‍മ്മപദ്ധതി ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com