വയനാട് സമരങ്ങളുടെ ബഫര്‍സോണ്‍

വീണ്ടും സമരങ്ങളുടെ നാളുകളിലാണ് വയനാട്. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധങ്ങളും തുടങ്ങിയത്
വയനാട്: ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
വയനാട്: ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

വീണ്ടും സമരങ്ങളുടെ നാളുകളിലാണ് വയനാട്. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധങ്ങളും തുടങ്ങിയത്. ജനവാസകേന്ദ്രങ്ങളുള്‍പ്പെടെ വലിയൊരു പ്രദേശം ഇതിലുള്‍പ്പെടും. അറുപത് ദിവസത്തിനുള്ളില്‍ കരട് വിജ്ഞാപനത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. വയനാട്ടിലെ വിവിധ സംഘടനകളും പഞ്ചായത്തുകളും പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊപ്പം കരട് ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചതിലെ അപാകങ്ങളും ബഫര്‍സോണിലെ ജനജീവിതം എങ്ങനെയായിരിക്കുമെന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടടുത്തെത്തിയ ഘട്ടത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രതിഷേധസമരങ്ങളില്‍ മുന്നിലുണ്ട്. വിജ്ഞാപനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

വന്യജീവി സങ്കേതം

344.44 സ്‌ക്വയര്‍ കിലോമീറ്ററാണ് വയനാട് വന്യജിവി സങ്കേതം. മുത്തങ്ങ, സുല്‍ത്താന്‍ബത്തേരി, തോല്‍പ്പെട്ടി, കുറിച്ച്യാട് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണിത്. ഇതിനു ചുറ്റും 118.59 സ്‌ക്വയര്‍ കിലോമീറ്റര്‍ ബഫര്‍സോണായി വരും. പൂജ്യം മുതല്‍ 3.4 കിലോമീറ്റര്‍ വരെയാണ് ബഫര്‍സോണിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ ആറ് വില്ലേജുകളില്‍ പരിസ്ഥിതിലോല പ്രദേശം വരും. തിരുനെല്ലി, തൃശിലേരി, പുല്‍പ്പള്ളി, ഇരുളം, നൂല്‍പ്പുഴ പഞ്ചായത്തുകള്‍ ഇതിന്റെ പരിധിയില്‍ വരും. മലബാര്‍ വന്യജീവി സങ്കേതവും ആറളം വന്യജീവി സങ്കേതവും വയനാടുമായി പങ്കിടുന്നതാണ്. ഇതിന്റെ രണ്ടിന്റേയും ബഫര്‍സോണ്‍ പരിധിയിലും വയനാട്ടിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്-വയനാട് ജില്ലകളിലായുള്ള മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണ്‍ പ്രഖ്യാപിച്ചപ്പോള്‍ വലിയ പ്രതിഷേധങ്ങളും സമരങ്ങളും വയനാട്ടില്‍ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബഫര്‍സോണില്‍നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭേദഗതിവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കത്തയച്ചിരുന്നു. ജനുവരി അവസാനത്തോടെ വയനാട് വന്യജീവി സങ്കേതത്തിന്റെ ചുറ്റും പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിച്ചുകൊണ്ട് കരട് വിജ്ഞാപനം വന്നതോടെ ജനങ്ങള്‍ വീണ്ടും സമരത്തിന് ഇറങ്ങുകയാണ്. വന്യജീവി സങ്കേതങ്ങളും ഒപ്പം ബഫര്‍സോണും കൂടി വരുന്നതോടെ വയനാടിന്റെ പകുതിയിലേറെ ഭാഗം പരിസ്ഥിതിലോല പ്രദേശമായി മാറും. ബഫര്‍സോണില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും മറ്റ് ചെറുകിട സംരംഭങ്ങള്‍ക്കും നിയന്ത്രണം വരും. മരം മുറിക്കുന്നതിനു പ്രത്യേക അനുമതി തേടേണ്ടിവരും. കൃഷിചെയ്യുന്നതിനും ചട്ടങ്ങള്‍ പാലിക്കേണ്ടിവരും. വലിയ തോതിലുള്ള ക്വാറികളും റിസോര്‍ട്ടുകളും പൂര്‍ണ്ണമായും നിരോധിക്കും.

കർഷക പ്രതിഷേധം
കർഷക പ്രതിഷേധം

രാഷ്ട്രീയ തര്‍ക്കം

കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ഒപ്പം കൊവിഡും ജനജീവിതം തടസ്സപ്പെടുത്തുന്ന വയനാടിന് ബഫര്‍സോണ്‍ പ്രഖ്യാപനം തിരിച്ചടിയാണ്. കാര്‍ഷിക സംഘടനകളും ആദിവാസി സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും ഒപ്പം രാഷ്ട്രീയപ്പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലെ പോരായ്മയാണ് ഇത്തരമൊരു വിജ്ഞാപനം വരാനിടയായത് എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ജനവാസമേഖല ഉള്‍പ്പെടെ ബഫര്‍സോണില്‍ ഉള്‍പ്പെട്ടതെന്ന് കേന്ദ്ര വനംമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ രാജ്യസഭയില്‍ പറയുകയും ചെയ്തു. കൂടുതല്‍ അഭിപ്രായങ്ങള്‍ക്കു ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും ബഫര്‍സോണ്‍ തീരുമാനിക്കുമ്പോള്‍ ജനവാസമേഖലയെ ഒഴിവാക്കണമെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് വനംമന്ത്രി കെ. രാജു പറയുന്നത്. ആവശ്യമായ ഭേദഗതികള്‍ ഇക്കാര്യത്തില്‍ വേണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. 88.2 സ്‌ക്വയര്‍ കിലോമീറ്ററാണ് കേരളം നിര്‍ദ്ദേശിച്ചത്. എന്നാല്‍, കരട് വിജ്ഞാപനത്തില്‍ ഇത് 118.59 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഇങ്ങനെയാണെങ്കിലും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അതിര്‍ത്തി നിശ്ചയിച്ചത് എന്നതാണ് യു.ഡി.എഫിന്റെ വാദം. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 88.2 സ്‌ക്വയര്‍ കിലോമീറ്റര്‍ കേന്ദ്രം അംഗീകരിച്ചാലും ഒട്ടേറെ ജനവാസ കേന്ദ്രങ്ങള്‍ ഇതിലും ഉള്‍പ്പെടും. ആദിവാസികളും കര്‍ഷകരും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന വയനാട്ടില്‍ ജനകേന്ദ്രിതമായ സംരക്ഷണ നടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കു കത്തയച്ചിട്ടുണ്ട്.

പ്രതിഷേധങ്ങള്‍

വിജ്ഞാപനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇരുമുന്നണികളും മറ്റ് സംഘടനകളും കരട് നിര്‍ദ്ദേശം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. എല്‍.ഡി.എഫ്. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടിക്കുളം, പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, കല്ലൂര്‍ എന്നിവിടങ്ങളില്‍ വഴിതടയല്‍ സമരങ്ങളും നടത്തി. ഇതിനൊപ്പം കര്‍ഷകസംഘടനകളും സമുദായസംഘടനകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. വയനാട് ജില്ലാപഞ്ചായത്ത് കരട് നിര്‍ദ്ദേശത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ബാധിത പഞ്ചായത്തുകളിലെ ഗ്രാമസഭകള്‍ വിജ്ഞാപനം ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള തീരുമാനത്തിലാണ്. പഞ്ചായത്തുകള്‍ക്കു പുറമെ ക്ലബ്ബുകളേയും വായനശാലകളേയുമടക്കം ഉള്‍പ്പെടുത്തി നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ പറയുന്നു. ''ഇനിയൊരു അമ്പത് ദിവസത്തോളം മുന്നിലുണ്ട്. പരമാവധി അഭിപ്രായങ്ങള്‍ ശേഖരിച്ച് ഡല്‍ഹിയിലെത്തിക്കണം. അതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബത്തേരി ടൗണിന്റെ ഒരുഭാഗം മുഴുവന്‍ പരിസ്ഥിതിലോല പ്രദേശമാവുകയാണ്. അതൊന്നും പ്രായോഗികമായ കാര്യമല്ല. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍നിന്ന് 30 സ്‌ക്വയര്‍ കിലോമീറ്റര്‍ കുറച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ അതും പ്രായോഗികമായ തീരുമാനമല്ല. സംസ്ഥാന സര്‍ക്കാരും ഈ വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തു എന്ന് പറയേണ്ടിവരും. പരിസ്ഥിതിലോല മേഖലയിലെ ജനങ്ങളുമായി സംസാരിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കരട് വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ലഭ്യമാകുന്നതും ആളുകള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്''- ഷംസാദ് മരക്കാര്‍ പറയുന്നു.

ആദിവാസികളുടെ കുടിയിറക്കത്തിനു വരെയുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യപ്പെടണമെന്ന്  എം. ഗീതാനന്ദന്‍ പറയുന്നു. ''വന്യജീവികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഇതിലൂടെ ലഭിച്ചേക്കാം. ബഫര്‍സോണില്‍ അവയെ നിയന്ത്രിക്കാന്‍ വനംവകുപ്പിന്റെ ഇടപെടലുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇതോടെ കുറയും. മനുഷ്യനും മൃഗങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലവില്‍ത്തന്നെ പതിവാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു എന്നതിലേക്കു മാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല ഇത്. ഇക്കാര്യം കൂടി പരിഗണിക്കപ്പെടേണ്ടിവരും. വന്യജീവികളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍ വനംവകുപ്പിന് ഉത്തരവാദിത്വമില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്താം. ബഫര്‍സോണും സങ്കേതവും തമ്മില്‍ വേര്‍തിരിക്കുന്ന വേലികളൊന്നും ഉണ്ടാവാന്‍ സാധ്യതയുമില്ല. കൃഷിനശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വരും. ഇങ്ങനെയുള്ള മാനുഷിക പ്രശ്നങ്ങള്‍ കൂടിയുണ്ട്. പതുക്കെ ബഫര്‍സോണില്‍നിന്ന് ആളുകള്‍ ഇറങ്ങണം എന്ന നിലയിലേക്കും എത്താം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍നിന്നുള്‍പ്പെടെയുള്ള കുടിയിറക്കങ്ങളേയും നമ്മള്‍ കാണണം. ബഫര്‍സോണിലും ഇത് നടപ്പാക്കിയേക്കാം. വനാവകാശം കൊടുത്ത ഊരുകളുള്‍പ്പെടെ വന്യജീവി സങ്കേതത്തില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. സ്വയംസന്നദ്ധ മാറ്റിപാര്‍പ്പിക്കലില്‍ക്കൂടി ഇപ്പോള്‍ത്തന്നെ ആളുകളെ വനത്തില്‍നിന്നും മാറ്റുന്നുണ്ട്. ആദിവാസികളെ സംബന്ധിച്ച് നിര്‍ബ്ബന്ധിത കുടിയിറക്കമാണിത്; വനാവകാശനിയമത്തിന് എതിരാണ്. ഇത്തരം കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടണം''- എം. ഗീതാനന്ദന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com