ജനാധിപത്യത്തിന്റെ സൗന്ദര്യം

തന്റേടത്തോടെ തല ഉയര്‍ത്തിനിന്നു പറയാനും ശക്തമായ ഇടപെടലുകള്‍ നടത്താനും തുടങ്ങിയിരിക്കുന്നു പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പുതിയ പ്രസിഡന്റ്
ആനന്ദവല്ലി/ ഫോട്ടോ: അരവിന്ദ് ​ഗോപിനാഥ്
ആനന്ദവല്ലി/ ഫോട്ടോ: അരവിന്ദ് ​ഗോപിനാഥ്

നിങ്ങള്‍ക്കു വേറെ എവിടെയും ജോലി ചെയ്യാന്‍ പറ്റും. പക്ഷേ, എനിക്ക് ഇവിടെ മാത്രമേ പ്രസിഡന്റാകാന്‍ പറ്റൂ. അത് എപ്പോഴും മനസ്സില്‍ ഉണ്ടാകുന്നതു നല്ലതാണ്.'' 

ദ്രോഹിക്കാന്‍ ശ്രമിച്ചവരോട് ആനന്ദവല്ലി പറഞ്ഞ മാസ്സ് ഡയലോഗാണിത്. തന്റേടത്തോടെ തല ഉയര്‍ത്തിനിന്നു പറയാനും ശക്തമായ ഇടപെടലുകള്‍ നടത്താനും തുടങ്ങിയിരിക്കുന്നു പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പുതിയ പ്രസിഡന്റ്. കുറച്ചു ദിവസങ്ങള്‍ മുന്‍പുവരെ ഇങ്ങനെയായിരുന്നില്ല. പഞ്ചായത്ത് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ആനന്ദവല്ലിയോടൊരു അകല്‍ച്ച. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കൃഷി വകുപ്പ് ഓഫീസില്‍ പത്തു വര്‍ഷമായി ശുചീകരണത്തൊഴിലാളി ആയിരുന്നു സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എന്‍. മോഹനന്റെ ഭാര്യയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എ. ആനന്ദവല്ലി. 

തസ്തികയുടെ പേര് കാഷ്വല്‍ സ്വീപ്പര്‍. നാട്ടുനടപ്പു പ്രകാരമുള്ള പേര് തൂപ്പുകാരി. തൂപ്പുകാരി ജനപ്രതിനിധിയും പ്രസിഡന്റുമായപ്പോള്‍ അംഗീകരിക്കാനുള്ള മടിയാണ് ചില ഉദ്യോഗസ്ഥരെ അവരില്‍നിന്ന് അകറ്റിനിര്‍ത്തിയത്. പക്ഷേ, അവര്‍ അങ്ങനെ മാറിനിന്നാല്‍ കാര്യങ്ങള്‍ കുറച്ചൊക്കെ കുഴപ്പത്തിലാകുമെന്നും അതിന്റെ പേരുദോഷം പ്രസിഡന്റിനു വന്നു ചേരുമെന്നും മനസ്സിലാക്കിത്തന്നെയായിരുന്നു ഇത്. ഇപ്പോള്‍ കാര്യങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു. പാര്‍ട്ടിയും എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാറും ജനാധിപത്യവിശ്വാസികളും  ആനന്ദവല്ലിക്ക് പിന്തുണ നല്‍കി.
 
പ്രായത്തില്‍ മൂത്തവര്‍ വല്ലി എന്നും ഇളയവര്‍ വല്ലിച്ചേച്ചിയെന്നും ഇഷ്ടത്തോടെ വിളിച്ചിരുന്ന ആനന്ദവല്ലിയുടെ ജീവിതം 2020 ഡിസംബര്‍ 16-നുശേഷം കുറച്ചു ദിവസത്തേക്കെങ്കിലും മാറിപ്പോയി. പക്ഷേ, ജാതിയിലും ചെയ്തിരുന്ന ജോലിയിലും 'താഴ്ന്നു' പോയ 'തെറ്റിന്റെ' പേരില്‍ അവരെ തട്ടിക്കളിക്കാന്‍ ശ്രമിച്ചു. 13 വര്‍ഷമായി ശുചീകരണത്തൊഴിലാളിയാണ് ആനന്ദവല്ലി. ആദ്യം മൂന്നു വര്‍ഷം തലവൂര്‍ ഗ്രാമപഞ്ചായത്തിലായിരുന്നു. അവിടെ ഭരണമാറ്റമുണ്ടായി യു.ഡി.എഫ് വന്നപ്പോള്‍ അത് അവസാനിപ്പിക്കേണ്ടിവന്നു. ബ്ലോക്ക് പഞ്ചായത്തില്‍ തുടര്‍ച്ചയായി എല്‍.ഡി.എഫ് ഭരണമായതുകൊണ്ട് അവിടെ ചേര്‍ന്നശേഷം കഴിഞ്ഞ നവംബറില്‍ സ്വയം വേണ്ടെന്നു വയ്ക്കുന്നതുവരെ തുടരാന്‍ കഴിഞ്ഞു. സ്ഥിരം ജോലിയല്ല, മാസം 6000 രൂപ ശമ്പളത്തിനു താല്‍ക്കാലിക ജോലി. സ്ഥിരപ്പെട്ടു കിട്ടാനുള്ള ശ്രമങ്ങള്‍ നടത്തി വരികയുമായിരുന്നു. അങ്ങനിരിക്കെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി-സ്ത്രീ സംവരണമായത്. ബ്ലോക്കിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മുകാരായ രണ്ടു പട്ടികജാതി സ്ത്രീകളില്‍ ഒന്ന് ആനന്ദവല്ലി. രണ്ടുപേരും ജയിച്ചു; ബ്ലോക്ക് പഞ്ചായത്ത് ഭരണം വീണ്ടും എല്‍.ഡി.എഫിനു കിട്ടുകയും ചെയ്തു. ആരെ പ്രസിഡന്റാക്കണം എന്നു പാര്‍ട്ടിയും മുന്നണിയും ആലോചിക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും സി.പി.എമ്മിന്റെ ചില നേതാക്കളെ രഹസ്യമായി ബന്ധപ്പെട്ടു. ''വല്ലിയെ കൊണ്ടുവരരുത്'' എന്നായിരുന്നു ആവശ്യം. പ്രസിഡന്റാകേണ്ടത് ദളിത് സ്ത്രീയായതുകൊണ്ട് അക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നറിയാം. പക്ഷേ, തങ്ങളുടെ തൂപ്പുകാരിയെ പ്രസിഡന്റാക്കാതിരിക്കാമല്ലോ. അങ്ങനെയായാല്‍ വല്ലിയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാതേയുമിരിക്കാം. കൃഷിവകുപ്പ് ഓഫീസിലായിരുന്നു നിയമനമെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് രാവിലെ തുറക്കുന്നതും ഇടയ്ക്ക് അടിച്ചുവാരുന്നതും ആനന്ദവല്ലിയായിരുന്നു. അതിന് അര്‍ഹമായ ദിവസക്കൂലി കിട്ടുകയും ചെയ്യും. അങ്ങനെ ജീവിച്ചുപോന്ന ഒരാളെ തങ്ങള്‍ക്കു മുകളില്‍ നിയമിച്ചേക്കും എന്ന മട്ടിലായിരുന്നു ഇടപെടല്‍. 656 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനവിധി നേടിയ പ്രസിഡന്റിനെ അവര്‍ കണ്ടില്ല; തൂപ്പുകാരിയെ മാത്രം കണ്ടു. 

സാക്ഷരതാ പ്രേരക് ആയിരുന്നു ആനന്ദവല്ലിയെക്കൂടാതെ ജയിച്ച പട്ടികജാതി വനിതാ അംഗം. ആനന്ദവല്ലിയെത്തന്നെ പ്രസിഡന്റ് ആക്കാനാണ് സി.പി.എം തീരുമാനിച്ചത്. അങ്ങനെയാണ് ജനപ്രതിനിധിയാകാന്‍ കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ, താന്‍ തൂത്തുതുടച്ചു വൃത്തിയാക്കിയിരുന്ന ഓഫീസിന്റെ അധികാരിയായി ആനന്ദവല്ലി ചുമതലയേറ്റത്. അവര്‍ ആ പദവിയില്‍ എത്തരുതെന്നും പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കരുതെന്നും ആഗ്രഹിച്ചവര്‍ ഒരു വിരല്‍ത്തുമ്പുകൊണ്ടുപോലും താങ്ങിയില്ല. എന്താണ് ചെയ്യേണ്ടതെന്നും എന്തൊക്കെയാണ് അധികാരങ്ങളും ഉത്തരവാദിത്വങ്ങളുമെന്നും ഒരു വാക്കുപോലും പറഞ്ഞുകൊടുത്തില്ല. അക്കാര്യത്തില്‍ സെക്രട്ടറിയും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുമൊക്കെ ഒറ്റക്കെട്ടായി. അവരുടെ തനിനിറം കണ്ട് ആനന്ദവല്ലി ഞെട്ടുകയും വേദനിക്കുകയും സങ്കടപ്പെടുകയും ചെയ്തു.
 

ആനന്ദവല്ലിയുടെ വീട്
ആനന്ദവല്ലിയുടെ വീട്

ഉറപ്പും കരുത്തും 

ഉയര്‍ത്തിക്കൊണ്ടു വന്നതിലും കരുത്തു പകര്‍ന്നതിലും പാര്‍ട്ടിയോടും സഹഅംഗങ്ങളോടും കടപ്പാടുണ്ട് ആനന്ദവല്ലിക്ക്. പക്ഷേ, കിലയിലെ പരിശീലനമാണ് കാര്യങ്ങള്‍ കൃത്യമായി മാറ്റിമറിക്കാന്‍ ഇടയാക്കിയത്. തൃശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) പുതിയ തദ്ദേശ ജനപ്രതിനിധികള്‍ക്കു നല്‍കുന്ന രണ്ടു ദിവസത്തെ പതിവു പരിശീലനം കഴിഞ്ഞതോടെ ആത്മവിശ്വാസവും ആശ്വാസവുമായെന്ന് ആനന്ദവല്ലി പറയുന്നു. പലയിടത്തുനിന്നും വന്ന മെമ്പര്‍മാരും അധ്യക്ഷരുമൊക്കെ ആനന്ദവല്ലിയെ തേടിയെത്തി അഭിനന്ദിച്ചു. കൂടെയുണ്ടെന്നു പറഞ്ഞു ധൈര്യം നല്‍കി. ആനന്ദവല്ലിയാകട്ടെ, അനുഭവങ്ങള്‍ വിശദീകരിക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പലതും തുറന്നുപറഞ്ഞു. അതിലെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും മറ്റുള്ളവരെ സ്വാധീനിച്ചു. അവരില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ളവരും ഉണ്ടായിരുന്നു, നിരവധി. ആജ്ഞാശക്തി ആവശ്യമുള്ളിടത്ത് പ്രയോഗിക്കാനും ജനാധിപത്യം അനുവദിക്കുന്നുവെന്ന തിരിച്ചറിവുകൂടിയാണ് തൃശൂരില്‍നിന്നു മടങ്ങുമ്പോള്‍ കൂടെപ്പോന്നത്. കാര്യങ്ങള്‍ കൃത്യമായി പഠിക്കാനും ഇടപെടാനും തുടങ്ങി. സുതാര്യമായി പ്രവര്‍ത്തിക്കുമെന്നും കൈകള്‍ ശുദ്ധമായിരിക്കുമെന്നും ആവര്‍ത്തിച്ചുറപ്പിച്ചു. കടുത്ത വാക്കുകള്‍ ആരോടും പറയാന്‍ മടിയുള്ള ആളാണ്. ഇനിയും ആ രീതി മാറ്റില്ല. പക്ഷേ, കടുപ്പത്തിലല്ലാതെ തന്നെ പറയേണ്ടത് തറയ്ക്കുന്നവിധം പറയാം എന്നു പാര്‍ട്ടിയും കില പരിശീലനവും മനസ്സിലാക്കിക്കൊടുത്തിരിക്കുന്നു. അതുകൊണ്ടാണ് ആ മാസ്സ് ഡയലോഗ് പറയാന്‍ കഴിഞ്ഞത്. നിങ്ങളെ വേണമെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ഇഷ്ടപ്പെടാന്‍ കഴിയാത്തിടത്തേക്കു സ്ഥലം മാറ്റാന്‍ എനിക്കു കഴിയും എന്ന് ആനന്ദവല്ലി പറഞ്ഞില്ല; ഇനിയും പറയില്ല. ഇനി അവര്‍ നേരേയാകുമെന്നു പ്രതീക്ഷിക്കാം, അല്ലേ എന്നു ചോദിച്ചപ്പോള്‍ ''നേരെ ആയല്ലേ പറ്റൂ'' എന്നു മറുപടി.

ചെറിയ ബുദ്ധിമുട്ടുകളൊന്നുമല്ല തുടക്കത്തില്‍ ഉണ്ടായത്. ലെറ്റര്‍ഹെഡ് അച്ചടിക്കാന്‍ കൊടുത്തിരുന്ന പ്രസ്സില്‍ വിളിച്ച് അത് ഉടനെ ചെയ്യേണ്ടെന്നും ഞങ്ങള്‍ പറഞ്ഞിട്ടു മതിയെന്നും പറഞ്ഞു. ലെറ്റര്‍ഹെഡ് കിട്ടാന്‍ വൈകിയതോടെ പ്രസ്സില്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. ക്വട്ടേഷന്‍ വിളിക്കണം എന്നാണു പറഞ്ഞ ന്യായം. അതൊരു ഉടക്കിടല്‍ മാത്രമായിരുന്നു, പറയാന്‍ തയ്യാറാക്കിയ ഒരു ന്യായീകരണം. എല്ലാ രീതിയിലും ബുദ്ധിമുട്ടിക്കുകതന്നെ ആയിരുന്നു ഉദ്ദേശ്യം. 

ഭര്‍ത്താവ് മോഹനന്‍ ധൈര്യം കൊടുത്തു കൂടെത്തന്നെയുണ്ട്. സജീവമായി വിദ്യാര്‍ത്ഥി, യുവജന രാഷ്ട്രീയത്തിലൂടെ വന്നതൊന്നുമല്ല എന്നു തുറന്നുപറയുന്ന ആര്‍ജ്ജവമുണ്ട് ആനന്ദവല്ലിക്ക്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് ചെറിയ ജോലിയും പ്രാരബ്ധങ്ങളുമായി സാധാരണ ജീവിതത്തിലായിരിക്കുമ്പോഴും പാര്‍ട്ടിക്കാര്യങ്ങളില്‍ പൂര്‍ണ്ണമായി മുഴുകിയല്ല ജീവിച്ചത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കാറില്ല. പക്ഷേ, മോഹനന്‍ മറ്റെന്തും മാറ്റിവച്ച് പാര്‍ട്ടിക്കാര്യങ്ങള്‍ക്കു പിന്നാലെ പോയിരിക്കും. പെയിന്റ് പണിയാണ്. വലിയ വരുമാനമില്ലാത്ത ജീവിതം ശരിയായി മനസ്സിലാക്കി ആനന്ദവലിക്കു ജോലി വാങ്ങിക്കൊടുത്തത് പാര്‍ട്ടിയാണ്. ആനന്ദവല്ലിയുടെ പത്താം നമ്പര്‍ ഡിവിഷന്‍ എസ്.സി ജനറലാണ്. അവിടെ മോഹനനെയാണ് ആദ്യം സി.പി.എം പരിഗണിച്ചത്. പ്രസിഡന്റ് എസ്.സി വനിതയാണെന്നു കൂടി വ്യക്തമായതോടെ പാര്‍ട്ടി ആനന്ദവല്ലിയോടു മത്സരിക്കാന്‍ ആവശ്യപ്പെട്ടു. പട്ടാഴി വാര്‍ഡില്‍നിന്നാണ് മറ്റേ അംഗം ജയിച്ചത്. ഒരു പട്ടികജാതി വനിത മാത്രം മത്സരിക്കുകയും ജയിക്കാതെ വരികയും ചെയ്താല്‍ പ്രസിഡന്റു സ്ഥാനം നഷ്ടപ്പെടുന്ന അപകടം ഒഴിവാക്കാനായിരുന്നു ആ തീരുമാനം. രണ്ടുപേരും ജയിച്ചു വന്നു; തര്‍ക്കവും അവകാശവാദങ്ങളുമില്ലാതെ നേതൃത്വം തീരുമാനമെടുക്കുകയും ചെയ്തു.

അധികാരം ആസ്വദിക്കുന്നില്ല എന്നാണ് ആനന്ദവല്ലി പറയുന്നത്. പക്ഷേ, ജനങ്ങള്‍ തെരഞ്ഞെടുത്തതാണല്ലോ. അതിന്റെയൊരു അഭിമാനം കൂടെയുണ്ട്. ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന ജീവനക്കാര്‍ കൂടി മനസ്സ് മുഴുവനായി മനസ്സു മാറ്റിയാല്‍ കൂടുതല്‍ ആശ്വാസവുമാകും. വികസന സെമിനാറും ഗ്രാമസഭകളും മറ്റുമായി പ്രസിഡന്റും അംഗങ്ങളും തിരക്കിലാണ്. ഭൂരിഭാഗവും പുതിയ അംഗങ്ങളാണ്. എന്താണ് ചെയ്യേണ്ടത് എന്ന് അവരും മനസ്സിലാക്കി വരുന്നതേയുള്ളു. കേരള കോണ്‍ഗ്രസ് (ബി) അംഗം സി. വിജയനാണ് വൈസ് പ്രസിഡന്റ്. അദ്ദേഹം മുന്‍പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചതിന്റെ അനുഭവം മാത്രമാണ് 'ടീം ആനന്ദവല്ലി'യുടെ കൈമുതല്‍. 

തുടക്കത്തിന്റെ ആ പരിചയക്കുറവിന്റെ പരിഭ്രമത്തിനിടയിലാണ് ജീവനക്കാരുടെ നിസ്സഹകരണം കൂടി ഇടിത്തീ പോലെ വന്നുവീണത്. ആദ്യ രണ്ടു കമ്മിറ്റിയോഗങ്ങളും കഴിഞ്ഞിട്ടും ഒരു ഫയല്‍പോലും നീങ്ങിയില്ല. പ്രസിഡന്റിന്റെ കഴിവുകേടുകൊണ്ട് ഭരണസ്തംഭനം എന്നു വരുത്തുകയായിരുന്നു ലക്ഷ്യം എന്നു പിന്നീടു വ്യക്തമായി.

ആനന്ദവല്ലി സ്വന്തം നിലയില്‍ ഈ നിസ്സഹകരണത്തേക്കുറിച്ചു പുറത്തു പറഞ്ഞിരുന്നില്ല, എങ്ങനെയൊക്കെയോ പുറത്തുവരികയായിരുന്നു. പ്രസിഡന്റിന്റെ വീടിനടുത്ത് ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ നിസ്സഹകരണക്കാര്‍ക്കെതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ താക്കീതിന്റെ സ്വരത്തില്‍ തുറന്നടിച്ചു: ''ഞങ്ങളുടെ ഈ സഹോദരിയോടു സഹകരിക്കാന്‍ വയ്യാത്തവര്‍ക്കു മാറിപ്പോകാം. ഇവര്‍ ഇവിടെ അഞ്ചു വര്‍ഷവും ഭരിക്കും; ഒന്നാന്തരമായിട്ടുതന്നെ ഭരിക്കും.'' ഇതായിരുന്നു പ്രസംഗത്തിന്റെ കാതല്‍. ജനം വലിയ കയ്യടിയോടെയും ആരവത്തോടെയുമാണ് പ്രതികരിച്ചത്. അതിന്റെ വാര്‍ത്തയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വന്നതോടെ പിന്തുണ അറിയിക്കുന്നവരുടെ പ്രവാഹം സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല, നേരിട്ടും ഉണ്ടായി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നേരിട്ട് പഞ്ചായത്ത് ഓഫിസില്‍ ചെന്നു പിന്തുണ അറിയിച്ചു. കുഴപ്പമൊന്നുമില്ല എന്നാണ് അവരോടൊക്കെ പറഞ്ഞത്. ''എന്റെ പൊന്നുകുഞ്ഞുങ്ങളേ, നിങ്ങളിത് പ്രശ്‌നമാക്കേണ്ട'' എന്നു പറഞ്ഞുവിട്ടു. ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ പേടിച്ചു. 

അതുവരെ ഒരു കടലാസ് കയ്യില്‍ കൊണ്ടുക്കൊടുക്കാന്‍പോലും മടിയായിരുന്നു ചിലര്‍ക്ക്. മേശപ്പുറത്തുവച്ചിട്ടു പോകും. പദ്ധതികള്‍ക്ക് എത്ര ചെലവഴിച്ചുവെന്നും എത്ര ബാക്കിയുണ്ടെന്നും ഒരുപിടിയുമില്ല. അങ്ങനെ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് പ്രസിഡന്റിനും അറിയില്ല. ചില മീറ്റിംഗുകള്‍ക്കു വെറും കൈയോടെ പോകേണ്ടിവന്നു. കഴിഞ്ഞ പ്രാവശ്യം ബ്ലോക്കിനു കിട്ടിയ തുക എത്രയാണ്, അത് ഏതൊക്കെ വിധമാണു ചെലവഴിച്ചത് തുടങ്ങിയതൊന്നും അറിയാതെയാണ് അവിടെച്ചെന്നത്. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ പറയാം. പക്ഷേ, അതിനും കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കണമല്ലോ. പത്തനാപുരത്തുനിന്നു സ്ഥലം മാറിപ്പോയ കൃഷി ഓഫീസര്‍മാരില്‍ ചിലരുള്‍പ്പെടെ പങ്കെടുത്ത യോഗം. അവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആനന്ദവല്ലിയാണ് പ്രസിഡന്റ് എന്നു മറ്റുള്ളവരോടു പറയുകയും പുതിയ പ്രസിഡന്റിനെ പരിചയപ്പെടുത്താന്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുകയും ചെയ്തു, അവര്‍. അവരും മറ്റു പഞ്ചായത്തുകളില്‍നിന്നു വന്ന സുഹൃത്തുക്കളും ചോദിച്ചപ്പോഴാണ് കണക്കുകളൊന്നുമില്ലാതെ ചെന്നതിന്റെ കാര്യം മനസ്സിലായത്. അങ്ങനെ വിവരം പാര്‍ട്ടിയോടു പറഞ്ഞു. പാര്‍ട്ടി പറഞ്ഞിട്ടായിരിക്കണം ഘടകകക്ഷി എം.എല്‍.എയായ ഗണേഷ് കുമാര്‍ പരസ്യമായി പ്രതികരിച്ചത് എന്നാണ് കരുതുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-നു മുന്‍പ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു സഹകരണമുണ്ടായില്ല. 

സ്ഥലം മാറിപ്പോയെങ്കിലും ബുദ്ധിമുട്ടിച്ച സെക്രട്ടറിക്കെതിരെ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കു പരാതി കൊടുക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. പക്ഷേ, അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഒന്നുകൂടി നോക്കുകയാണ്.  ''അനിയത്തിയാകാന്‍ മാത്രം പ്രായമുള്ള ഒരു പെങ്കൊച്ചല്ലേ, അതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടാന്‍ തോന്നുന്നില്ല'' എന്ന് അവര്‍ പറയുന്നു. അന്വേഷണത്തിനു മുകളില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വന്നപ്പോഴും ജീവനക്കാരെ കുഴപ്പത്തിലാക്കുന്ന മൊഴി കൊടുക്കാതിരിക്കാനാണ് ആനന്ദവല്ലി ശ്രമിച്ചത്. 

''ഞങ്ങള്‍ കമ്മിറ്റി കൂടുന്നു; മെമ്പര്‍മാര്‍ അതുകഴിഞ്ഞു നാലുവഴിക്കു പോകുന്നു. ഞാന്‍ അവിടെത്തന്നെ ഇരിക്കുന്നു. വല്ലതും ഒപ്പിടാന്‍ പറഞ്ഞാല്‍ ഒപ്പിടുന്നു. ഇതായിരുന്നു ആദ്യം കുറേ ദിവസത്തെ സ്ഥിതി.'' കിലയിലെ പരിശീലനം കഴിഞ്ഞു തിരിച്ചെത്തിയശേഷം അംഗങ്ങളെല്ലാം മുന്‍പത്തേക്കാള്‍ ഉത്സാഹത്തിലായി. ഇപ്പോള്‍ അവര്‍ക്കും പ്രസിഡന്റിനും പേടിയില്ല. അവരുമായിക്കൂടി ആലോചിച്ച് ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുവരുത്തി. ഓരോ ഇനത്തിലും ചെലവഴിച്ച പദ്ധതിവിഹിതം, ചെലവഴിക്കല്‍, പ്രവൃത്തി എവിടെയെത്തി നില്‍ക്കുന്നു, ചെലവഴിക്കാന്‍ പറ്റാത്തതാണോ തുടങ്ങിയതൊക്കെ കൃത്യമായി ചോദിച്ചറിഞ്ഞു. അപ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അതൊക്കെ പറഞ്ഞത്. ''എനിക്ക് അറിയില്ലായിരുന്നെങ്കിലും സ്ഥിരമായി ഇതൊക്കെ ചെയ്തിരുന്ന അവര്‍ക്ക് എല്ലാം അറിയാമായിരുന്നു. എന്നിട്ടും പറയാതിരിക്കുകയായിരുന്നല്ലോ എന്നു വിഷമം തോന്നി'' -ആനന്ദവല്ലി പറയുന്നു. സാമൂഹികാരോഗ്യകേന്ദ്രവും ആയുര്‍വ്വേദ ആശുപത്രിയുമുള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തിയില്‍പ്പെട്ട പല സ്ഥാപനങ്ങളുമുണ്ട്. അതുമായൊക്കെ ബന്ധപ്പെടുത്തി പദ്ധതിവിഹിതം എങ്ങനെ വിനിയോഗിക്കാമെന്നോ ബാക്കിവന്നാല്‍ മറ്റേതിലെങ്കിലും വകയിരുത്തി ഉപയോഗിക്കാമെന്നോ പറഞ്ഞുതന്നില്ല. ഓരോന്നും മനസ്സിലാക്കി അങ്ങോട്ട് ചോദിച്ചപ്പോള്‍ മാത്രമാണ് പറയാന്‍ തയ്യാറായത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഇപ്പോള്‍ നാഥനില്ലാക്കളരിയാണ് എന്നും ഇനി അഞ്ചുവര്‍ഷം ഇതുതന്നെ ആയിരിക്കും സ്ഥിതി എന്നും ഒരു വിഭാഗം ജീവനക്കാര്‍ കൂട്ടംകൂടിയിരുന്നു ചര്‍ച്ച ചെയ്തതിന്റെ വിശദാംശങ്ങള്‍ കിട്ടിയിരുന്നു. 

ഇങ്ങനെയൊന്നുമല്ല വിചാരിച്ചിരുന്നത്. എല്ലാവരും അറിയാവുന്നവരാണ്. എന്നിട്ടും ഇങ്ങനെ പെരുമാറുന്നു എന്നതാണ് കൂടുതല്‍ വിഷമിപ്പിക്കുന്നത്. 

വീട്ടില്‍ എന്ത് ആവശ്യമുണ്ടെങ്കിലും മാറ്റിവച്ച് എല്ലാ ദിവസവും രാവിലെ ഒന്‍പതരയ്ക്കു പോയി ഓഫീസ് തുറക്കണമായിരുന്നു മുന്‍പ്. അങ്ങനെയാണ് ദിവസം ആരംഭിച്ചിരുന്നത്. എന്തെങ്കിലും മീറ്റിംഗുകള്‍ ഉണ്ടെങ്കില്‍ ഓഫീസ് അതിനേക്കാള്‍ മുന്‍പു തുറക്കണം. ഇപ്പോള്‍ രാവിലെതന്നെ പ്രസിഡന്റിന് ഉദ്ഘാടനങ്ങളോ മറ്റ് ഔദ്യോഗിക യോഗങ്ങളോ ഉണ്ടാകും. തിരക്കുതന്നെ. ജോലി സ്ഥിരപ്പെടുത്തിക്കിട്ടാന്‍ ശ്രമിച്ചെങ്കിലും ധനവകുപ്പില്‍നിന്ന് അനുകൂല മറുപടിയല്ല ഉണ്ടായത്. കൊല്ലത്ത് എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനു മുഖ്യമന്ത്രി വന്നപ്പോഴാണ് നിവേദനം കൊടുത്തത്. തുടര്‍നടപടികള്‍ പരിശോധിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു മറുപടി കിട്ടി. സാമ്പത്തിക പ്രതിസന്ധിമൂലം ഇപ്പോള്‍ സ്ഥിരപ്പെടുത്താനാകില്ല എന്നു ധനകാര്യവകുപ്പ് അറിയിച്ചതായി പിന്നീട് അറിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14,000 രൂപയാണ് പ്രതിമാസ ഓണറേറിയം.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള മികച്ച പദ്ധതികള്‍ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. പദ്ധതി കണ്ടെത്തി കൊടുക്കണം. അതിനുള്ള ശ്രമത്തിലാണ്. കിലയിലെ പരിശീലനത്തില്‍ പരിചയപ്പെട്ടവര്‍ വലിയ പിന്തുണയുമായി അതിനുശേഷവും കൂടെയുണ്ട്. തദ്ദേശ ജനപ്രതിനിധികളുടെ വാട്സാപ്പ് ഗ്രൂപ്പു വഴിയും അല്ലാതെയും അന്വേഷിക്കാറുണ്ട് വിവരങ്ങള്‍. ജനങ്ങള്‍ക്കുവേണ്ടി നമ്മള്‍ നില്‍ക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കാത്തവരെ മറികടന്നു പോകണം എന്ന വലിയ ഉപദേശമൊക്കെ ഉള്ളില്‍ക്കിടപ്പുണ്ട്. ഇങ്ങനൊക്കെ ഉണ്ടായതുകൊണ്ട് കാര്യങ്ങളൊന്നു കലങ്ങിത്തെളിയാന്‍ ഉപകരിച്ചു എന്നും ചിന്തിക്കാറുണ്ട്. ഇതുവരെ 68 ശതമാനമാണ് പദ്ധതിവിഹിതം ചെലവഴിച്ചത്. സഹകരണം ഉണ്ടായിരുന്നെങ്കില്‍ 90 ശതമാനമെങ്കിലും എത്തുമായിരുന്നു. പ്രസിഡന്റിനു തുടക്കം മുതല്‍ പിന്തുണ നല്‍കാന്‍ ശ്രമിച്ചിരുന്ന അനില്‍ എന്ന ഉദ്യോഗസ്ഥനെ കമ്മിറ്റിയില്‍ പങ്കെടുക്കുന്നതില്‍നിന്നു വിലക്കിയ സംഭവം വരെ ഉണ്ടായി. കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടെന്ന് സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ടെന്ന് അനില്‍ അറിയിച്ചിരുന്നു. അനില്‍ സാറിനെ കണ്ടില്ലല്ലോ എന്നു യോഗത്തില്‍ വച്ചു സെക്രട്ടറിയോട് അന്വേഷിച്ചു. (മുന്‍പ് സാര്‍ എന്നു വിളിച്ചിരുന്നവരെ ഒരു ദിവസം പെട്ടെന്ന് അനിലേ എന്നൊന്നും വിളിക്കാന്‍ എനിക്കു കഴിയില്ല -ആനന്ദവല്ലി). അനിലിനെ വിളിക്കേണ്ട, പ്ലാനിന്റെ കാര്യമൊക്കെ ഞാന്‍ പറഞ്ഞുകൊള്ളാം എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. അനില്‍ പ്രസിഡന്റിന്റെ സ്റ്റാഫല്ല എന്നും പറഞ്ഞു. ഫോണെടുത്ത് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ''വിളിക്കേണ്ട പ്രസിഡന്റേ, അനിലിന്റെ അമ്മയ്ക്ക് സുഖമില്ലെന്നു ഫോണ്‍ വന്നിട്ട് പോയി'' എന്നു നുണ പറഞ്ഞു. ആ വിഷയത്തിലാണ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെടണം എന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. വൈസ് പ്രസിഡന്റ് വിജയന്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സെക്രട്ടറി പ്രസിഡന്റിനെ അപമാനിച്ചപ്പോള്‍ മറ്റു ഭരണസമിതി അംഗങ്ങള്‍ പ്രതികരിക്കാതിരുന്നതു ശരിയായില്ല എന്നു പിന്നീട് വിവരം അറിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പരിചയക്കുറവുകൊണ്ടാണ് അവരും മിണ്ടാതിരുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ടി.വി നല്‍കുന്നതിനുള്ള പദ്ധതിയില്‍ 18,60,000 രൂപ ബാക്കി ഉണ്ടായിട്ടും അത് അറിയിക്കാതിരുന്നതുള്‍പ്പെടെ പല വീഴ്ചകളും സെക്രട്ടറിയുടെ ഭാഗത്തുണ്ടെന്നു പിന്നീട് വ്യക്തമായി. അതൊക്കെ ചെലവഴിച്ചിരുന്നെങ്കില്‍ 68 ശതമാനത്തില്‍നിന്നു മുകളില്‍ പോകുമായിരുന്നു. എങ്ങനെ നീങ്ങണം എന്നു പറഞ്ഞുതന്നില്ല. 

ആനന്ദവല്ലി, ഭർത്താവ് മോഹനൻ, ഇളയ മകൻ കാർത്തിക് എന്നിവർ
ആനന്ദവല്ലി, ഭർത്താവ് മോഹനൻ, ഇളയ മകൻ കാർത്തിക് എന്നിവർ

കുടുംബം, ജീവിതം 

മക്കള്‍ വിപിന്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും കാര്‍ത്തിക് പ്ലസ് ടു വിദ്യാര്‍ത്ഥിയും. രണ്ടുപേരും ബാറ്റ്മിന്റണ്‍ കളിക്കാരാണ്. വിപിന്‍ യൂണിവേഴ്സിറ്റി പ്ലെയര്‍. കാര്‍ത്തിക്കും സ്റ്റേറ്റ് പ്ലെയര്‍. സഹോദരങ്ങള്‍ മുരുകനും ഗിരിജയും അവരുടെ കുടുംബവും അമ്മ അമ്മിണിയും അമ്മയുടെ ചേച്ചിയും ഉള്‍പ്പെടുന്ന കൂട്ടുകുടുംബത്തിലാണ് താമസം. അച്ഛന്‍ തങ്കപ്പന്‍ ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. മൂന്നുമക്കളില്‍ മൂത്ത ആളാണ് ആനന്ദവല്ലി. ഇത് കുടുംബവീടാണ്. 1998-ല്‍ വിവാഹം കഴിഞ്ഞ ഉടന്‍ ചാമല കോളനിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് ഒരു കുഞ്ഞുവീട് വച്ചിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്ന ശൂരനാട്ടു വീടും ചാമലക്കോളനിയുടെ ഭാഗം തന്നെയാണ്. പാര്‍ട്ടിക്കല്യാണമായിരുന്നു. അമ്മയും മറ്റും കൊല്ലത്ത് കശുവണ്ടിയാപ്പീസില്‍ സമരങ്ങള്‍ക്കു പോകുമ്പോള്‍ കൂടെ പോയതിന്റെ സമരാനുഭവങ്ങളില്‍നിന്നാണ് ജീവിതം തുടങ്ങിയത്. പക്ഷേ, പ്രസംഗിച്ചിട്ടൊന്നുമില്ല. പക്ഷേ, ഇപ്പോള്‍ എല്ലാ ദിവസവും പ്രസംഗിച്ച് പഠിക്കുകയാണ്. എന്നെങ്കിലും എത്തുമെന്ന് ഒരിക്കലും ആലോചിക്കാത്ത പദവിയിലാണ് എത്തിയിരിക്കുന്നത്. നന്ദി പാര്‍ട്ടിക്കും ജനാധിപത്യത്തിനുമാണ്; വോട്ടു ചെയ്ത ജനങ്ങള്‍ക്കും. ഇതുകഴിയുമ്പോള്‍ എന്തുചെയ്യുമെന്ന് പാര്‍ട്ടിക്കാരോടു ചോദിച്ചു. അപ്പോള്‍ നമുക്ക് എന്തെങ്കിലും ചെയ്യാം എന്നു ചിരിച്ചു പറഞ്ഞാണ് ആശ്വസിപ്പിച്ചത്. ഇപ്പോഴെന്തായാലും ആനന്ദവല്ലിയുടെ ആനന്ദം ഈ ചുമതല ഭംഗിയായി നിര്‍വ്വഹിക്കുന്നതിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com