'ആദ്യം അവര്‍ നീച രഹസ്യം ഒളിപ്പിക്കാന്‍ മകളെ കൊന്നു; പിന്നെ, മകള്‍ക്കു വേണ്ടി സംസാരിച്ച അമ്മയെയും അച്ഛനെയും ഒറ്റപ്പെടുത്തി ഇഞ്ചിഞ്ചായി കൊന്നു'

കൊല ആത്മഹത്യയാക്കാനുള്ള ശ്രമത്തില്‍ തുടങ്ങി പ്രതികള്‍ക്കു ശിക്ഷ കിട്ടാതിരിക്കാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തണമെന്ന കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വരെ നീണ്ട 28 വര്‍ഷം
സിസ്റ്റര്‍ അഭയ / ഫയല്‍ ചിത്രം
സിസ്റ്റര്‍ അഭയ / ഫയല്‍ ചിത്രം

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട 1992 മാര്‍ച്ച് 27-ല്‍നിന്ന് രണ്ട് വൈദികരും കന്യാസ്ത്രീയും അറസ്റ്റിലായ 2008 നവംബര്‍ 19-ലേക്കുള്ള ദൂരം 16 വര്‍ഷം എട്ടു മാസത്തിനുമപ്പുറമാണ്. സമ്പത്തും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനവും ഇല്ലാത്തവരില്‍നിന്ന് ഇത് രണ്ടും വേണ്ടതിലുമേറെയുള്ളവര്‍ തട്ടിമാറ്റിക്കൊണ്ടിരുന്ന നീതിയുടെ ദൂരം കൂടിയാണത്. വീണ്ടും പതിനൊന്നു വര്‍ഷം കൂടി കഴിഞ്ഞാണ് നീതിയുടെ വിധിവന്നത്. ആകെ ഇരുപത്തിയെട്ടു വര്‍ഷം, കൊല ആത്മഹത്യയാക്കാനുള്ള ശ്രമത്തില്‍ തുടങ്ങി പ്രതികള്‍ക്കു ശിക്ഷ കിട്ടാതിരിക്കാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തണമെന്ന കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വരെ നീണ്ട 28 വര്‍ഷം. 

കോട്ടയം കെ.കെ. റോഡിലെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ബി.സി.എം കോളജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടതിന്റെ തലേരാത്രി കേരളത്തിന് ഇപ്പോള്‍ പകല്‍പോലെ വ്യക്തം. പിറ്റേന്നത്തെ പരീക്ഷയ്ക്കു പഠിച്ചുകൊണ്ടിരുന്ന അഭയ രാത്രി വൈകി വെള്ളം കുടിക്കാന്‍ അടുക്കളയില്‍ പോയതും അവിടെ കണ്ട ലൈംഗിക വേഴ്ചയും അതിലുള്‍പ്പെട്ടവര്‍ അഭയയെ കണ്ടതും കോടാലികൊണ്ട് തലയ്ക്കടിച്ച് കിണറ്റിലെടുത്തിട്ടതും കണ്‍മുന്നിലെ കാഴ്ചപോലെ പരിചിതം. കിണറ്റില്‍ ഇട്ടശേഷമാണോ അതോ അതിനു മുന്‍പാണോ ആ പെണ്‍കുട്ടി മരിച്ചത് എന്നത് അപ്രസക്തം; കൊന്നുകളഞ്ഞു എന്നതാണു പ്രധാനം. കത്തോലിക്കാ സഭ, സഭയുമായി ഉറ്റബന്ധമുള്ള രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍, പൊലീസ്, സി.ബി.ഐ തുടങ്ങിയവരെല്ലാം അതിശക്തര്‍. ഇന്നു ജീവിച്ചിരിപ്പില്ലാത്ത അഭയയുടെ അമ്മയും അച്ഛനും, ലീലാമ്മയും തോമസും പാവങ്ങള്‍. പക്ഷേ, നീതിക്കു വേണ്ടി തുടക്കം മുതല്‍ ഇടപെട്ട ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലും കോടതിയിലും ക്രിസ്തുവിലും വിശ്വസിച്ച് പരസ്യമായും രഹസ്യമായും കൂടെ നിന്നവരും തളര്‍ന്നു പിന്മാറിയില്ല. കോടതിയിലും മാധ്യമങ്ങളിലും അവര്‍ പ്രതീക്ഷവയ്ക്കുകയും ചെയ്തു. 2018 മാര്‍ച്ചില്‍ രണ്ടു വര്‍ഷം മുന്‍പ് രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയലിനെ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കി. മറ്റു രണ്ടു പ്രതികളും കഴിഞ്ഞ വര്‍ഷം വിടുതല്‍ ഹര്‍ജി കൊടുത്തെങ്കിലും കോടതി തള്ളി. അവരാണിപ്പോള്‍ കൊലക്കുറ്റത്തിനു ജയിലിലായിരിക്കുന്നത്. 

യഥാര്‍ത്ഥത്തില്‍, സിസ്റ്റര്‍ അഭയ കേസ് എന്നെങ്കിലും തെളിയും എന്ന പ്രതീക്ഷയിലേക്ക് വാതില്‍ തുറന്നത് സി.ബി.ഐ ഡി.വൈ.എസ്.പി ആയിരുന്ന വര്‍ഗീസ് പി. തോമസിന്റെ രാജിയാണ്. അഭയയുടെ മരണം ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ തന്റെ മേലുദ്യോഗസ്ഥന്‍ എസ്.പി. ത്യാഗരാജന്‍ നിര്‍ബന്ധിക്കുന്നു എന്ന് തുറന്നുപറഞ്ഞാണ് വര്‍ഗ്ഗീസ് പി. തോമസ് രാജിവച്ചത്. പത്ത് വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കെയായിരുന്നു അത്. ഉയര്‍ന്ന നീതിബോധവും ഉറച്ച മനസ്സുമുള്ള അദ്ദേഹം രാജിവച്ച് പോകാന്‍ ഇടയാക്കിയ സമ്മര്‍ദ്ദത്തിന്റെ വലിപ്പം എത്രത്തോളമാണ് എന്നതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. സഭയുടെ ഉന്നതസ്വാധീനം കണക്കിലെടുക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനല്ല വര്‍ഗ്ഗീസ് പി. തോമസ് എന്ന് വ്യക്തമായതോടെയാണ് മുകളില്‍നിന്ന് ഇടപെട്ട് വഴിക്കുകൊണ്ടുവരാന്‍ പ്രതികളെ സഹായിച്ചവര്‍ ശ്രമിച്ചത്. എസ്.പി. ത്യാഗരാജന്റെയും മുകളില്‍ പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. എസ്.പിക്കുമേല്‍ സമ്മര്‍ദമേറി. അദ്ദേഹം അത് ഡി.വൈ.എസ്.പിയിലേക്കു കൈമാറി. പരിധിവിട്ടപ്പോള്‍ കാര്യം തുറന്നു പറഞ്ഞ് വര്‍ഗ്ഗീസ് പി. തോമസ് കളംവിട്ടു. അതായിരുന്നു നിര്‍ണ്ണായക വഴിത്തിരിവ്. അഭയയുടെ മരണം ആത്മഹത്യയല്ല എന്ന തീപ്പൊരി ഇട്ടായിരുന്നു ആ പോക്ക്. കേസില്‍ പിന്നീട് പലതും സംഭവിച്ചെങ്കിലും വെളിപ്പെടുത്തലിന്റെ ആ തീയാണ് നീതിയുടെ പന്തം കെടാതെ നിലനിര്‍ത്തിയത്. മൂന്നു തവണയാണ് കേസ് എഴുതിത്തള്ളാന്‍ അനുമതി തേടി സി.ബി.ഐ കോടതിയെ സമീപിച്ചത്. കോടതി ഒരിക്കലും അത് അനുവദിച്ചില്ല. മര്യാദയ്ക്ക് അന്വേഷിച്ചു തുടങ്ങിയപ്പോള്‍ പ്രതികളെ കണ്ടെത്തി, അറസ്റ്റുണ്ടായി.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കോട്ടയത്തെ സെന്റ് പയസ് ടെൻത് കോൺവെന്റ്. ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലാണ് ഈ കോൺവെന്റ്. മരിക്കുന്ന സമയത്ത് ബിസിഎം കോളജിലെ രണ്ടാം വർഷ പ്രീഡി​ഗ്രി വിദ്യാർത്ഥിയായിരുന്നു അഭയ
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കോട്ടയത്തെ സെന്റ് പയസ് ടെൻത് കോൺവെന്റ്. ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലാണ് ഈ കോൺവെന്റ്. മരിക്കുന്ന സമയത്ത് ബിസിഎം കോളജിലെ രണ്ടാം വർഷ പ്രീഡി​ഗ്രി വിദ്യാർത്ഥിയായിരുന്നു അഭയ

2009 ജൂലൈ 17-നാണ് സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ പ്രധാന പങ്കുവഹിച്ചത് തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു കോട്ടൂര്‍. അറസ്റ്റിലാകുമ്പോള്‍ കോട്ടയം അതിരൂപതാ ചാന്‍സലറായി പ്രവര്‍ത്തിക്കുകയായിരുന്നു. തലയ്ക്കടിക്കാന്‍ കൂട്ടുനിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാ. ജോസ് പൂതൃക്കയിലിനെ രണ്ടാം പ്രതിയാക്കിയത്. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാന്‍ കോട്ടൂരിനോടൊപ്പം പൂതൃക്കയിലും കൂട്ടുനിന്നു എന്ന സംശയവും ഉന്നയിച്ചിരുന്നു. അറസ്റ്റിലാകുമ്പോള്‍ കാസര്‍കോട് ജില്ലയിലെ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് പ്രിന്‍സിപ്പലായിരുന്നു. മറ്റു രണ്ടുപേര്‍ക്കുമൊപ്പം കുറ്റകൃത്യങ്ങളില്‍ സിസ്റ്റര്‍ സെഫിയും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. കൊല്ലാന്‍ പ്രേരണ നല്‍കി. അച്ചന്മാരെ ചോദ്യം ചെയ്തപ്പോഴാണ് സെഫിക്ക് കൊലയുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. തിരുവല്ല സെന്റ് ജോസഫ് കോണ്‍വെന്റില്‍ താമസിക്കുമ്പോഴാണ് സെഫിയെ അറസ്റ്റു ചെയ്തത്.

1992 ഏപ്രില്‍ 14-നാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഒന്‍പതു മാസത്തെ അന്വേഷണത്തിനൊടുവില്‍ സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി, 1993 ജനുവരി 30-ന്. വൈകാതെ തന്നെ ഇതു ചോദ്യം ചെയ്ത് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തത് മാര്‍ച്ച് 29-ന്. ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസിന് അന്വേഷണച്ചുമതല. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് സി.ബി.ഐയുടെ കണ്ടെത്തി. 1994 ജനുവരി 19-നാണ് വര്‍ഗീസ് പി. തോമസ് രാജിവച്ച് മാധ്യമങ്ങളെ കണ്ടത്. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും അദ്ദേഹം ആരോപിച്ചു. ആ വര്‍ഷം മാര്‍ച്ച് 17-നു സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. ശര്‍മയുടെ സംഘമാണ് പയസ് ടെന്‍ത് കോണ്‍വെന്റില്‍ അഭയയുടെ ഡമ്മി പരീക്ഷണം നടത്തിയത്. മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് അതിനു നല്‍കിയത്. ഡമ്മി പരീക്ഷണത്തിനു സാക്ഷിയായ അഭയയുടെ അമ്മ ലീലാമ്മ പൊട്ടിക്കരഞ്ഞു കുഴഞ്ഞു വീണത് കേരളം കണ്ണീരോടെയാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. മൃതദേഹത്തിന്റെ അതേ വലിപ്പവും തൂക്കവുമുള്ള ഡമ്മിയാണ് ഉപയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും നടന്നു. കൊലപാതകമാണെന്ന സൂചനയാണ് ഫൊറന്‍സിക് വിദഗ്ദ്ധര്‍ സി.ബി.ഐയ്ക്കു നല്‍കിയത്. 

പക്ഷേ, രണ്ടു വര്‍ഷത്തെ അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കുന്നതാണ് പിന്നെ കണ്ടത്. 1996 നവംബര്‍ 26-നായിരുന്നു അത്. റിപ്പോര്‍ട്ട് കോടതി തള്ളി; കോടതിയില്‍നിന്ന് സി.ബി.ഐയ്ക്കു കണക്കിനു വിമര്‍ശനവും കിട്ടി. സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബാഞ്ചും കേസ് ഇല്ലാതാക്കാനും ആത്മഹത്യയാണെന്നു വരുത്താനുമാണ് ശ്രമിച്ചത്. ക്രൈംബ്രാഞ്ച് എ.എസ്.ഐ ആയിരുന്ന വി.വി. അഗസ്റ്റിനെ സി.ബി.ഐ നാലാം പ്രതിയാക്കി. തെളിവു നശിപ്പിച്ചതിനായിരുന്നു ഇത്. അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിളിനെയും പ്രതി ചേര്‍ക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചില്ല. സി.ബി.ഐ ചോദ്യം ചെയ്തതിന്റെ അടുത്ത ദിവസം അഗസ്റ്റിനെ വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആ മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. 

കേരളം ഇത്രയേറെ ആകാംക്ഷയോടെ നീതി കാത്തിരുന്ന കൊലക്കേസുകള്‍ അധികമില്ല. 20 തികയാത്ത കന്യാസ്ത്രീയെ മുതിര്‍ന്ന കന്യാസ്ത്രീയും പുരോഹിതരും ചേര്‍ന്നു കൊലപ്പെടുത്തിയ കേസ് എന്ന നിലയില്‍ അന്തര്‍ദ്ദേശീയ ശ്രദ്ധയുണ്ടായ കേസ്. 

തോമസ് കോട്ടൂരും സെഫിയും (ഫയൽ ചിത്രം)
തോമസ് കോട്ടൂരും സെഫിയും (ഫയൽ ചിത്രം)

അട്ടിമറിയുടെ വഴികള്‍

അഭയയുടെ മരണം കൊലപാതകം തന്നെ എന്ന് 1999 ജൂലൈ 12-ന് സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നിര്‍ണ്ണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാല്‍ പ്രതികളെ പിടിക്കാനായില്ല എന്നാണു വാദിച്ചത്. അത് അംഗീകരിച്ച് കേസ് അവസാനിപ്പിക്കാന്‍ കോടതി തയ്യാറായില്ല. പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആന്റണി ടി. മൊറെയ്‌സ് 2000 ജൂണ്‍ 23-നു നിര്‍ദ്ദേശം നല്‍കി. ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്റിങ് അടക്കം നൂതന കുറ്റാന്വേഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നു നിര്‍ദ്ദേശിച്ചതും ആ ഉത്തരവിലാണ്. കൂടുതല്‍ അന്വേഷണം നടത്താന്‍ 2001 മേയ് 18-ന് സി.ബി.ഐയ്ക്കു ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കി. ഡി.ഐ.ജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണം തുടങ്ങിയത് 2001 ഓഗസ്റ്റ് 16-നാണ്. കേസ് സി.ബി.ഐയെക്കൊണ്ട് വീണ്ടും സമ്പൂര്‍ണ്ണമായി അന്വേഷിപ്പിക്കണമെന്ന് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത 2002 ഏപ്രില്‍ രണ്ടിന് ആവശ്യപ്പെട്ടു. അന്വേഷണം മുറയ്ക്കു നടന്നു. പക്ഷേ, അതിനൊടുവിലും കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ മൂന്നാം തവണയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കുകയാണ് ചെയ്തത്, 2005 ഓഗസ്റ്റ് 30-ന്. അന്വേഷണം അവസാനിപ്പിച്ച് പിന്‍മാറാന്‍ അനുമതി നിഷധിച്ച് 2006 ഓഗസ്റ്റ് 21-നു വീണ്ടും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവുണ്ടായി. ഈ കേസിലുടനീളം കോടതിയുടെ ഈ ജാഗ്രത പ്രകടമായിരുന്നു. ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോഴും കോടതിക്കു മുന്നിലെത്തിയ സന്ദര്‍ഭങ്ങളിലെല്ലാം ശക്തമായിത്തന്നെ ഇടപെട്ടു. കേസ് കെട്ടിപ്പൂട്ടാന്‍ അനുവദിക്കാതെ കണ്ണുതുറന്നുപിടിച്ചു. പൊലീസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞ് സി.ബി.ഐക്കു കൈകഴുകാനാകില്ല എന്ന് അടിവരയിട്ടു പറഞ്ഞാണ് മൂന്നാം തവണ സി.ബി.ഐയുടെ അപേക്ഷ തള്ളിയത്. 

2007 ഏപ്രലില്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കി. 2007 മേയ് 22ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്തമാക്കി. 2008 ഒക്ടോബര്‍ 23ന് സിസ്റ്റര്‍ അഭയക്കേസ് സി.ബി.ഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ മുന്നോട്ടുപോക്കിനിടയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പരസ്യഭിന്നതയ്ക്കും കേരളം സാക്ഷിയായി.
 
2008 ഡിസംബര്‍ 2-നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് സി.ജെ.എം കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 29-ന് പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളി. പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് കെ. ഹേമയാണ്  അപേക്ഷ പരിഗണിച്ചത്. സി.ബി.ഐയുടെ അപേക്ഷയിലെ വാദങ്ങള്‍ കേസ് നാള്‍വഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളവയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് ഹേമ നിരീക്ഷിച്ചു. കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യവും ഹൈക്കോടതി തള്ളി. 

2009 ജനുവരി 2-ന് ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോടതിയില്‍ ഹാജരാക്കിയ നാര്‍ക്കോ പരിശോധനാ സി.ഡികളില്‍ സി.ബി.ഐ തിരിമറി നടത്തിയിരിക്കാമെന്ന് അവര്‍ നിരീക്ഷിക്കുകയും ചെയ്തു. സി.ഡികളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് ഹേമയുടെ ഉത്തരവുകള്‍ കേസിനെ സ്തംഭിപ്പിച്ചു എന്നാരോപിച്ച്, ജസ്റ്റിസ് പി. ബസന്തിന്റെ ഏകാംഗ ബഞ്ചിനെ സി.ബി.ഐ സമീപിച്ചു. തനിക്ക് മാത്രമാണ് കേസിന്റെ മേല്‍നോട്ടമെന്നാണ് ജസ്റ്റിസ് ബസന്ത് ഉത്തരവിട്ടത്. എന്നാല്‍, ഇതിനോടു രൂക്ഷമായാണ് ജസ്റ്റിസ് ഹേമ പ്രതികരിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ എല്ലാവരും തുല്യരാണെന്നും ഡിവിഷന്‍ ബെഞ്ചിനു മാത്രമേ തന്റെ തീരുമാനങ്ങളെ മരവിപ്പിക്കാന്‍ അധികാരമുള്ളു എന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. ജസ്റ്റിസ് പി. ബസന്തിന്റെ ഉത്തരവ് തൊട്ടടുത്ത ദിവസം ജസ്റ്റിസ് ഹേമ തള്ളുകയും ചെയ്തു. ജഡ്ജിമാരുടെ പരസ്യമായ തര്‍ക്കം മാധ്യമങ്ങളിലും രാഷ്ട്രീയ, ഭരണതലങ്ങളിലും നിയമസമൂഹത്തിലും പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായി. അഭയ കേസിന്റെ മേല്‍നോട്ടത്തില്‍നിന്ന് ഒഴിയുന്നുവെന്ന് അറിയിച്ചാണ് ജസ്റ്റിസ് പി. ബസന്ത് ഇതിനോടു പ്രതികരിച്ചത്.
 
2009 ജനുവരി 14-ന് കേസിന്റെ മേല്‍നോട്ടം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏറ്റെടുത്തു. നാര്‍ക്കോ പരിശോധനാ ഫലമുള്‍പ്പെടുന്ന ഒറിജിനല്‍ സി.ഡികള്‍ സിഡാക്കിന്റെ പരിശോധനയ്ക്ക് അയച്ചു. നാര്‍ക്കോ സി.ഡികള്‍ പരിശോധിക്കാനുള്ള സാങ്കേതിക പരിമിതി പറഞ്ഞ് അവ തിരികെ അയക്കുകയാണ് സിഡാക് ചെയ്തത്. 

2009 മാര്‍ച്ച് 12-നു പ്രതികളുടെ ജാമ്യവ്യവസ്ഥകളില്‍ അയവുവരുത്തിയ ഹൈക്കോടതി അഭയക്കേസ് സംബന്ധമായി ഹൈക്കോടതിക്കു മുന്നിലുണ്ടായിരുന്ന എല്ലാ നടപടികളും അവസാനിപ്പിച്ചു. എറണാകുളം സി.ജെ.എം കോടതിയില്‍ നടപടികള്‍ തുടര്‍ന്നു. അഭയയുടെ കൂടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളിയേയും രണ്ട് അടുക്കളജോലിക്കാരേയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സി.ബി.ഐ അനുമതി തേടിയത് പിന്നീടാണ്. കോടതി അനുമതി നല്‍കുകയും ചെയ്തു. അഭയ പഠിച്ചിരുന്ന ബി.സി.എം. കോളജിലെ മുന്‍ പ്രൊഫസര്‍ ത്രേസ്യാമ്മ അഭയക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരേ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഫാ. തോമസ് കോട്ടൂർ (ഫയൽ ചിത്രം)
ഫാ. തോമസ് കോട്ടൂർ (ഫയൽ ചിത്രം)

ലീലാമ്മയുടെയും തോമസിന്റെയും കണ്ണുനീര്‍

ബീന. അതായിരുന്നു കന്യാസ്ത്രീയുടെ തിരുവസ്ത്രം അണിയുന്നതിനു മുന്‍പ് അഭയയുടെ പേര്. ലീലാമ്മയും തോമസും മകളേക്കുറിച്ച് സംസാരിക്കുമ്പൊഴൊക്കെ അവര്‍ ഇട്ട ആ പേരും സഭ നല്‍കിയ പേരും മാറിമാറിപ്പറയുമായിരുന്നു. എന്റെ മോള്‍ ബീന അതു ചെയ്യില്ല, എന്നും സിസ്റ്റര്‍ അഭയയെ അവര്‍ കൊന്നതാണെന്നും ഒരേനിമിഷത്തത്തില്‍ത്തന്നെ ലീലാമ്മ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു. ഉഴവൂരിലെ വീട്ടില്‍നിന്ന് കോതനല്ലൂരിലെ വാടക വീട്ടിലേക്കും അവിടെ നിന്നു വീണ്ടും താമസം മാറിയും ആ അച്ഛനും അമ്മയും ഒരുപാടു ബുദ്ധിമുട്ടി. അഭയയുടെ ഏക സഹോദരന്‍ ആ കാലത്തുതന്നെ കേരളത്തിനു പുറത്തു ചില ജോലികളിലേക്കു മാറിയിരുന്നു. അവരെല്ലാം സത്യക്രിസ്ത്യാനികളായിരുന്നു. തോമസ് കോട്ടൂരിനെയും സ്റ്റെഫിയെയും പൂതൃക്കയിലിനെയും അവര്‍ക്കു വേണ്ടി അണിനിരന്ന കത്തോലിക്കാ സഭയിലെ ഏതൊരാളെക്കാള്‍ തോമസും ലീലാമ്മയും ദൈവത്തോട് അടുത്താണ് ജീവിക്കാന്‍ ശ്രമിച്ചത്. കര്‍ത്താവില്‍ സമര്‍പ്പിച്ചതിന്റെ കരുത്തിലാണ്, മകള്‍ക്കും തങ്ങള്‍ക്കും എന്നെങ്കിലും കോടതിയില്‍നിന്നു നീതി ലഭിക്കും എന്ന ഉറച്ച പ്രതീക്ഷ ഇരുവരും മരണം വരെ നിലനിര്‍ത്തിയത്. ക്രൈംബ്രാഞ്ച് മെനഞ്ഞ കള്ളക്കഥയിലെപ്പോലെ ലീലാമ്മയ്ക്ക് മാനസികവിഭ്രാന്തിയൊന്നും ഉണ്ടായിരുന്നില്ല. മകള്‍ക്കും അമ്മയുടെ പാരമ്പര്യത്തില്‍നിന്ന് മനോവിഭ്രാന്തിയും ആത്മഹത്യാപ്രവണതയും കിട്ടിയിട്ടുണ്ട് എന്ന് വരുത്താനാണ് ഒരേസമയം അവര്‍ ദാരുണമായി മരിച്ച മകളെയും അവളെ ഓര്‍ത്ത് നീറി ജീവിച്ച അമ്മയെയും മനോരോഗികളാക്കാന്‍ ശ്രമിച്ചത്. മകള്‍ പോയി കാലം കുറേക്കഴിഞ്ഞാണ്, മകളുടെ ഓര്‍മ്മകളും സഭയുടെ ഒറ്റപ്പെടുത്തലും കൊലയാളികളുടെ സ്വസ്ഥജീവിതവുമെല്ലാം ചേര്‍ന്നാണ് ആ അമ്മയുടെ മനസ്സ് കുറച്ചൊന്നു ദിശ മാറിയത്. അതിനു ശേഷവും ലീലാമ്മയെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്; ബീന തനിയെ മരിച്ചതല്ല, കൊന്നതാണ് എന്ന് താഴ്ന്ന ശബ്ദത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞതും ശൂന്യമായ കണ്ണുകളോടെ ഏറെ നേരം നോക്കി ഇരുന്നതും ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു; ഒരിക്കലും മറക്കാനാകാത്ത സങ്കടചിത്രം. അഭയക്കേസിനേക്കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോഴും ആദ്യം മനസ്സില്‍ തെളിയുന്നത് ആ കൂടിക്കാഴ്ചയാണ്. നെഞ്ചുപിടയുന്ന അച്ഛനും നിസ്സഹായനായ ഭര്‍ത്താവുമായ തോമസ് നിശ്ശബ്ദനായി വഴി വരെ ഒപ്പം നടന്നതും ഓര്‍മ്മയിലുണ്ട്. ആദ്യം ലീലാമ്മ പോയി, കുറേക്കഴിഞ്ഞ് തോമസും. പണവും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനവും ഇല്ലാത്തതുകൊണ്ട്, ഇതു രണ്ടും വേണ്ടുവോളമുള്ളവര്‍ ഇല്ലാതാക്കിയ കുടുംബം. ആദ്യം അവര്‍ നീച രഹസ്യം ഒളിപ്പിക്കാന്‍  മകളെ കൊന്നു. പിന്നെ, മകള്‍ക്കു വേണ്ടി സംസാരിച്ച അമ്മയെയും അച്ഛനെയും ഒറ്റപ്പെടുത്തി ഇഞ്ചിഞ്ചായി കൊന്നു.

ഇന്നിപ്പോള്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്കു പോകുന്ന പ്രതികള്‍ക്കു വേണ്ടി ഇടപെട്ടുകൊണ്ടേയിരുന്ന സഭ ഒരിക്കല്‍പ്പോലും ഒരു നല്ല വാക്കുകൊണ്ടുപോലും അഭയയുടെ കുടുംബത്തെ ആശ്വസിപ്പിച്ചിട്ടില്ല. ഈ വിധി കേള്‍ക്കാന്‍ ലീലാമ്മയും തോമസും ഇല്ലെങ്കിലും നീതിക്കു വേണ്ടി സ്വന്തം പദവി വലിച്ചെറിഞ്ഞ വര്‍ഗീസ് പി. തോമസും മോഷണം തൊഴിലാക്കിയതിന്റെ ഭാഗമായി അന്നു രാത്രി കോണ്‍വെന്റില്‍ കടന്നുവെന്ന് പിന്നീട് വ്യക്തമായ അടയ്ക്കാ രാജുവുമുണ്ട്. കുറ്റം ഏറ്റെടുക്കാന്‍ തന്നെ പൊലീസ് പീഡിപ്പിച്ചതായി രാജു വെളിപ്പെടുത്തിയിരുന്നു. 

ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 47 വയസ്സുണ്ടാകുമായിരുന്ന സിസ്റ്റര്‍ അഭയയ്ക്ക് ഇത് മരണാനന്തര നീതി.

വാല്‍ക്കഷ്ണം: 

ഒ.വി. വിജയന്‍  കോട്ടയം എസ്.എച്ച്. മൗണ്ടില്‍ താമസിച്ചിരുന്ന 1997-98 കാലം. ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ അവിടെച്ചെല്ലുമ്പോള്‍ ഒരു അച്ചനും ചില കന്യാസ്ത്രീകളും അവിടെയുണ്ട്. വിജയനെ വായിച്ചിട്ടുള്ളവരും കേട്ടറിഞ്ഞവരും കാണാന്‍ എത്തിയതാണ്. ഒ.വി. ഉഷ ആ അച്ചന് എന്നെ പരിചയപ്പെടുത്തി, തിരിച്ചും. പേര് കേട്ടപ്പോള്‍ അറിയാതെ പറഞ്ഞുപോയി, ''അച്ചനെ എനിക്ക് അറിയാം.'' എങ്ങനെ അറിയാം എന്ന ചോദ്യത്തിനു മുന്നില്‍ കൃത്യമായ മറുപടി നല്‍കാതിരിക്കേണ്ട കാര്യമില്ലായിരുന്നു. കാരണം, അഭയയുടെ മരണവുമായി ബന്ധപ്പെട്ട് കേട്ടിരുന്ന പേരുകളിലൊന്നായിരുന്നു അത്. ''സിസ്റ്റര്‍ അഭയക്കേസ് ശ്രദ്ധിക്കാറും എഴുതാറുമുണ്ട്''  എന്ന് പറഞ്ഞപ്പോള്‍ എന്റെ തൊട്ടുമുന്നില്‍ അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ടായ ഭാവമാറ്റം ഓര്‍ക്കുന്നു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം പ്രതിയായതും അറസ്റ്റിലായതും. അറസ്റ്റു വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നത് ഒ.വി. വിജയന്റെ വീട്ടില്‍ വച്ച് അച്ചന്റെ കണ്ണുകളിലുണ്ടായ ഞെട്ടലാണ്; ശിക്ഷാ വിധി ആ ഞെട്ടല്‍ വീണ്ടും കണ്‍മുന്നിലേക്കു കൊണ്ടുവരുന്നു.

ഫാ. ജോസ് പുതൃക്കയിൽ
ഫാ. ജോസ് പുതൃക്കയിൽ

അഭയ കേസ്: നാള്‍വഴികള്‍

1992 മാര്‍ച്ച് 27
കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത് 1992 മാര്‍ച്ച് 27ന്. ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസ്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ അന്വേഷണങ്ങളെല്ലാം എത്തിയത് ആത്മഹത്യയെന്ന നിഗമനത്തിലാണ്.

1993 ജനുവരി 30
ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

1993 ഏപ്രില്‍ 30
ആക്ഷന്‍ കൗണ്‍സിലിന്റെ നിയമപോരാട്ടം. ഇതേത്തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തി. കേസന്വേഷണം സി.ബി.ഐയ്ക്ക്. 

1993 ഡിസംബര്‍ 30
അന്വേഷണച്ചുമതലയുള്ള സി.ബി.ഐ. ഡി.വൈ.എസ്.പി. വര്‍ഗീസ് പി. തോമസ് രാജിവെച്ചു. 

1994 ജൂണ്‍ 02
സി.ബി.ഐ എസ്.പി വി. ത്യാഗരാജനെ മാറ്റി. ഡി.ഐ.ജി എം.എല്‍. ശര്‍മയ്ക്ക് ചുമതല. സി.ബി.ഐ ഡയറക്ടറായിരുന്ന കെ. വിജയരാമറാവുവിന്  ഒ. രാജഗോപാല്‍, ഇ. ബാലാനന്ദന്‍, പി.സി. തോമസ്, ജോമോന്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ നിവേദനം നല്‍കിയ ശേഷമായിരുന്നു ഈ നടപടി. 

1996 ഡിസംബര്‍ 06
കൊലപാതകമാണെന്ന് അന്വേഷണസംഘം. പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കോടതിയെ അറിയിക്കുന്നു. 

1997 ജനുവരി 18
സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണമെന്ന് അപേക്ഷിച്ച് അഭയയുടെ അച്ഛന്‍ കോടതിക്ക് മുമ്പാകെ ഹര്‍ജി നല്‍കി. 

1997 മാര്‍ച്ച് 20
പുതിയ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

1999 ജൂലൈ 12
അഭയയുടേത് കൊലപാതകം തന്നെയെന്ന് പുതിയ അന്വേഷണസംഘവും. തെളിവുകള്‍ നശിച്ചതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ലെന്ന് കോടതിയില്‍. 

2000 ജൂണ്‍ 23
സി.ബി.ഐ ഹര്‍ജി കോടതി തള്ളി. രൂക്ഷവിമര്‍ശനവും. 

2005 ഓഗസ്റ്റ് 21
അന്വേഷണം അവസാനിപ്പിക്കാന്‍ വീണ്ടും സി.ബി.ഐ അനുമതി തേടി. 2006 ഓഗസ്റ്റ് 30-ന് ഈ ആവശ്യം നിരാകരിച്ചു. വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശം.

2007 ജൂണ്‍ 11
കേസ് സി.ബി.ഐ പുതിയ സംഘത്തെ ഏല്‍പ്പിക്കുന്നു.

2007 ജൂലൈ 6
കേസില്‍ ആരോപണവിധേയരായ മൂന്ന് പേരെയും മുന്‍ എ.എസ്.ഐയെയും നാര്‍ക്കോ അനാലിസിസിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു.

2007 ഓഗസ്റ്റ് 3
നാര്‍ക്കോ അനാലിസിസ് നടത്തി. 

2007 ഡിസംബര്‍ 11
സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചു. 

2008 നവംബര്‍ 1
കൊച്ചി യൂണിറ്റ് സി.ബി.ഐ. ഡി.വൈ.പി.എസ്.പി നന്ദകുമാരന്‍ നായര്‍ കേസ് ഏറ്റെടുത്തു.

2008 നവംബര്‍ 19
ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളായി കണ്ടെത്തി സി.ബി.ഐ അറസ്റ്റ് ചെയ്തു.

2009 ജൂലൈ 17
കുറ്റപത്രം നല്‍കി.

2018 മാര്‍ച്ച് 8
രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലിനെ കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്. തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് കോടതി കാരണമായി പറഞ്ഞത്. 

2019 ഏപ്രില്‍ 9
മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിളിനെ തെളിവ് നശിപ്പിച്ച കേസില്‍നിന്ന് ഒഴിവാക്കി. സി.ബി.ഐ കോടതി മൈക്കിളിനെ തെളിവ് നശിപ്പിച്ചതിന് പ്രതിയാക്കിയതാണ് ഇല്ലാതായത്. വിചാരണവേളയില്‍ തെളിവ് കിട്ടിയാല്‍ പ്രതിയാക്കാം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. 

2019 ജൂലൈ 15
പ്രതികളുടെ വിടുതല്‍ ഹര്‍ജി സുപ്രീംകോടതിയും തള്ളി. 

2019 ഓഗസ്റ്റ് 5
പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 26-ന് വിചാരണ ആരംഭിച്ചു. 

2020 ഡിസംബര്‍ 22
പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി വിധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com