ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊന്തയും പൂണൂലും

ക്രിസ്തുമത വിശ്വാസികളോടും സഭകളോടും കൂടുതല്‍ അടുക്കാന്‍ ആര്‍.എസ്.എസ് എന്ന സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയും അതിന്റെ തെരഞ്ഞെടുപ്പു സംഘടനയായ ബി.ജെ.പിയും മുന്നണിയും ശ്രമം നടത്തിവരുന്നതായാണ് കാണുന്നത്
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‍ഡൽഹിയിൽ നടന്ന ചടങ്ങിൽ (ഫയൽ ചിത്രം)
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‍ഡൽഹിയിൽ നടന്ന ചടങ്ങിൽ (ഫയൽ ചിത്രം)

മ്മുടെ തന്നെ രാജ്യത്ത്, ക്രിസ്ത്യന്‍ ജനസംഖ്യയും സ്വാധീനവും ഏറ്റവും കൂടുതലുള്ള പ്രവിശ്യയായ കേരളം ഏറ്റവും വലിയ കമ്യൂണിസ്റ്റ് പോക്കറ്റാണെന്നത് ശ്രദ്ധേയമല്ലേ? ക്രിസ്തുമതത്തിന്റെ വ്യാപനം ജനങ്ങളുടെ പുരാതന വിശ്വാസത്തേയും ദേശീയതയേയും തകര്‍ക്കുന്നു; വിശ്വാസം തകര്‍ന്നിടത്ത് മാത്രമാണ് കമ്യൂണിസം വേരൂന്നുന്നത്. കമ്യൂണിസത്തിന്റെ വളര്‍ച്ചയിലെ പ്രധാന മാനസിക ഘടകം അതാണ്. ' ഹിന്ദി-ചീനി ഭായ് ഭായ് മുദ്രാവാക്യം ഉയര്‍ന്നുകേട്ട സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ്. ഗോള്‍വല്‍ക്കര്‍ പറഞ്ഞതിങ്ങനെ. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെ പുറത്താക്കിയിട്ട് അധികമായിട്ടില്ല, അദ്ദേഹം ഈ നിരീക്ഷണം മുന്നോട്ടുവയ്ക്കുമ്പോള്‍. 

ഇതേ കേരളത്തില്‍ 2019-ല്‍ ബി.ജെ.പിയുടെ പോഷകസംഘടനയായ ന്യൂനപക്ഷമോര്‍ച്ച മുന്‍കയ്യെടുത്ത് ക്രൈസ്തവ സംരക്ഷണസേന രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഇസ്‌ലാമിസ്റ്റ് ഭീകരവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികളുടെ സംരക്ഷകരാകാനുള്ള ബി.ജെ.പി ശ്രമം. 

20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെ ആദ്യ വര്‍ഷങ്ങളില്‍നിന്ന് പുതു നൂറ്റാണ്ടിന്റെ രണ്ടാംദശകത്തിലെത്തുമ്പോള്‍ എന്തു മാറ്റമാണ് ഹിന്ദുത്വവാദികള്‍ക്ക് സംഭവിച്ചത്? ഹിന്ദുരാഷ്ട്രത്തിന്റെ ഉന്മൂലനം ചെയ്യപ്പെടേണ്ട മൂന്നു ആഭ്യന്തര ശത്രുക്കളായിട്ടാണ് ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വല്‍ക്കറും സവര്‍ക്കറുമുള്‍പ്പെടെയുള്ളവര്‍ മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും കണ്ടുപോന്നിരുന്നത്. എന്നാല്‍, സമീപകാലത്തായി ന്യൂനപക്ഷത്തോട്, വിശേഷിച്ച് ക്രിസ്തുമത വിശ്വാസികളോടും സഭകളോടും കൂടുതല്‍ അടുക്കാന്‍ ആര്‍.എസ്.എസ് എന്ന സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയും അതിന്റെ തെരഞ്ഞെടുപ്പു സംഘടനയായ ബി.ജെ.പിയും മുന്നണിയും ശ്രമം നടത്തിവരുന്നതായാണ് കാണുന്നത്. എന്തായിരിക്കും ഈ മനംമാറ്റത്തിനു പിറകിലുള്ള രഹസ്യം? 

പ്രാചീനമായ ഹിന്ദുരാഷ്ട്രത്തിന്റെ ആത്മീയവും ഭൗതികവുമായ കെട്ടുറപ്പു തകര്‍ത്ത് ക്രിസ്തുരാജ്യത്തിന്റെ പ്രവിശ്യകളിലൊന്നായി ഇന്ത്യയെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരായാണ് ക്രിസ്തുമത പ്രചാരകരെ ഗോള്‍വല്‍ക്കര്‍ വിലയിരുത്തിയിരുന്നത്. മറ്റൊരു ഹിന്ദുത്വ ആചാര്യനായ വിനായക് ദാമോദര്‍ സവര്‍ക്കരുടെ ഹിന്ദുത്വ നിര്‍വ്വചനപ്രകാരം ഹിന്ദുവെന്ന വംശത്തില്‍ ഉള്‍പ്പെടുന്നവരല്ല ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും. ഭാരതമണ്ണിനെ പുണ്യഭൂമി, പിതൃഭൂമി, മാതൃഭൂമി എന്നീ മൂന്നു നിലയ്ക്കും അംഗീകരിക്കുന്നവരെ മാത്രമേ ഹിന്ദുരാഷ്ട്രത്തിന്റെ അവകാശികളായി കണക്കാക്കാനാകൂ എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. അമ്മയും അച്ഛനും ഇന്ത്യക്കാരായിരുന്നതുകൊണ്ടു കാര്യമില്ല. പിതാമഹന്മാര്‍ ഇന്ത്യക്കാരായിരുന്നതുകൊണ്ടും കാര്യമില്ല. അവരുടെ പുണ്യഭൂമി യെരുശലേമോ മക്കയോ ആകരുത്. പരിഷ്‌കാരികളായ ഒരു വിഭാഗമായതുകൊണ്ട് പാശ്ചാത്യ ആധുനികതയുടെ രഹസ്യ ആരാധകനായ സവര്‍ക്കര്‍ പാഴ്സികളും ജൂതന്മാരും കഴിഞ്ഞാല്‍ മുസ്ലിങ്ങളേക്കാള്‍ അനുഭാവപൂര്‍വ്വം കാണുന്നത് ക്രിസ്ത്യാനികളെയാണ്. എന്നാലും അവരുടെ മതപ്രചരണ-മതംമാറ്റ ശ്രമങ്ങളെ ഒരു ഭീഷണിയായി കാണുകയും ചെയ്യുന്നു. 

എന്നാല്‍, ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയപ്പാര്‍ട്ടിയായ ബി.ജെ.പിക്ക് അവരുടെ ആദര്‍ശങ്ങളില്‍ എന്തു മാറ്റമാണ് സംഭവിച്ചത്? കേരളത്തില്‍ അവര്‍ എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങളെ, വിശിഷ്യാ ക്രിസ്തുമത വിശ്വാസികളേയും സഭകളേയും തങ്ങളോട് അടുപ്പിക്കാന്‍ ശ്രമം നടത്തുന്നത്? എന്താണ് അതിന്റെ ആഗോളവും ദേശീയവുമായ പശ്ചാത്തലം? 

ജനാധിപത്യത്തിന്റെ അപരിഹാര്യാവസ്ഥകള്‍ 

സ്വാതന്ത്ര്യസമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍നിന്നും വ്യത്യസ്തമായി താന്താങ്ങളുടെ സങ്കല്‍പ്പത്തിലുള്ള ഒരു സമൂഹസൃഷ്ടി മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചവരാണ് ഹിന്ദുത്വവാദികള്‍ ഉള്‍പ്പെടെയുള്ള മതരാഷ്ട്രവാദികളും കമ്യൂണിസ്റ്റുകാരും. രണ്ടാമത്തെ കൂട്ടര്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ തങ്ങളുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചവിട്ടുപടിയായി കണ്ടപ്പോള്‍ എല്ലാ വകുപ്പിലും പെട്ട മതരാഷ്ട്രവാദികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും പൈശാചികമായിരുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇക്കൂട്ടര്‍ പങ്കുകൊള്ളാന്‍ തുടങ്ങിയതോടെ അധികാരപ്രാപ്തിക്ക് നയസമീപനങ്ങളിലും തന്ത്രങ്ങളിലും കാലാനുസൃതവും പ്രാദേശികവുമായ വ്യതിയാനങ്ങള്‍ വരുത്തേണ്ടത് അനിവാര്യമായി തീര്‍ന്നു. ഹിന്ദുത്വവാദികള്‍ക്ക് ആദ്യം ഏകാത്മ മാനവവാദം, ഗാന്ധിയന്‍ സോഷ്യലിസം എന്നിങ്ങനെ മാറ്റിപ്പറയേണ്ടിവന്നു. ഇസ്‌ലാമിക രാഷ്ട്രവാദികള്‍ക്ക് ദൈവികഭരണം എന്നതു തിരുത്തി ഇഖാമത്തുദ്ദീനെന്നും ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന്റെ കാലത്തെ മുസ്‌ലിം-ദളിത് സഖ്യരാഷ്ട്രീയമെന്നും മതേതരത്വ സംരക്ഷണമെന്നും നിറം മാറേണ്ടിവന്നു. ഒരു ജനാധിപത്യ ക്രമം സൃഷ്ടിച്ച അനിവാര്യതകളായിരുന്നു അവയെല്ലാം. അതിന് അവരെ പ്രേരിപ്പിക്കുന്നതാകട്ടെ, അധികാരം കയ്യടക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യവും. 

ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഭാരതീയ ജനതാപ്പാര്‍ട്ടിയും അതിന്റെ ചാലകശക്തിയായ രാഷ്ട്രീയ സ്വയംസേവക് എന്ന സംഘടനയും. ഭരണഘടനയിലെ അടിസ്ഥാനമൂല്യങ്ങളെ അവഗണിച്ചുകൊണ്ട് ഏകീകൃതമായ ഹിന്ദുരാഷ്ട്ര നിര്‍മ്മാണം എന്ന അവരുടെ പരിശ്രമം ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെ വിജയത്തിലെത്തിക്കുന്നതിനു കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരമുറപ്പിക്കലും നിലനിര്‍ത്തലും അനിവാര്യമാണെന്ന് അവര്‍ കരുതുന്നു. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആധിപത്യമോ സ്വാധീനമോ ഉള്ള, ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഗിരിവര്‍ഗ്ഗ സംസ്ഥാനങ്ങളില്‍ അധികാരമുറപ്പിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കേരളത്തിലും ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നുവേണം കരുതാന്‍. 

'60-കളില്‍ ഗോള്‍വല്‍ക്കര്‍ കണ്ട കേരളമല്ല ഇന്നുള്ളത്. ആശയരംഗത്തോ രാഷ്ട്രീയമായോ അന്താരാഷ്ട്ര-ദേശീയ തലങ്ങളില്‍ പഴയ പ്രാധാന്യമൊന്നും കമ്യൂണിസ്റ്റുകാര്‍ക്കില്ല. അന്ന് രാജ്യം അടക്കിവാണിരുന്ന കോണ്‍ഗ്രസ്സിനാകട്ടെ, പഴയ പ്രതാപമൊന്നും കേരളത്തിലും ഇല്ല. ലോകത്തെമ്പാടും വീശിയ വലതുപക്ഷ കൊടുങ്കാറ്റില്‍ എര്‍ദുഗാനും മക്രോണിനുമൊക്കെ ഒപ്പം ഉയര്‍ന്നു കേള്‍ക്കുന്ന പേരെടുത്ത ഭരണാധികാരിയാണ് ഹിന്ദുത്വവാദികളുടെ നേതാവായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നണിക്കു ബദലാകാന്‍ ബി.ജെ.പിക്ക് സാധിക്കുന്നില്ല. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിച്ച ദേശീയ ജനാധിപത്യസഖ്യത്തിന്റെ വോട്ടുവിഹിതം 16.36 ശതമാനമായിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 14.52 ശതമാനമായി കുറഞ്ഞു. 2015-ല്‍ തദ്ദേശതലത്തില്‍ 1223 സീറ്റു നേടിയ മുന്നണിക്ക് ഇത്തവണ 381 സീറ്റിന്റെ വര്‍ദ്ധന മാത്രമാണ് ഉണ്ടായത്. ആകെ 8000 സീറ്റും 194 പഞ്ചായത്തുകളും 24 നഗരസഭകളും രണ്ടു കോര്‍പ്പറേഷനും പിടിക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, കിട്ടിയത് 1604 സീറ്റ്. വെറും പത്തു പഞ്ചായത്തും രണ്ടു നഗരസഭയും മാത്രം. ആകെ 331 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ മൂന്നു സീറ്റുണ്ടായിരുന്നത് ഇത്തവണ രണ്ടായും കുറഞ്ഞു. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ബി.ജെ.പി മുന്നണിയുടെ ഈ ഒളിമങ്ങിയ പ്രകടനം. 

കേരളത്തില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകുന്നതില്‍ പ്രധാനപ്പെട്ട തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്ന് ജനസംഖ്യാപരമായ സവിശേഷതയാണ്. ഒരുപക്ഷേ, അതു മാത്രമല്ലെങ്കിലും. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തിലധികം മതന്യൂനപക്ഷങ്ങളാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു വേദികളില്‍ ഭാരതീയ ജനതാപാര്‍ട്ടി ഒരു സവിശേഷ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി, ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി എന്നീ പാര്‍ട്ടികള്‍ക്കിടയിലാണ് കേരളത്തില്‍ വോട്ട് വിഭജനം നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രണ്ട് വലിയ ന്യൂനപക്ഷ ഗ്രൂപ്പുകളായ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആകര്‍ഷിക്കുകയും വേണം. മുസ്‌ലിം വോട്ടുകളെ തങ്ങളോട് അടുപ്പിക്കുന്നതിനേക്കാള്‍ എളുപ്പം ക്രിസ്ത്യാനികളെ ആകര്‍ഷിക്കുന്നതാണ് എന്നു പാര്‍ട്ടി കരുതുന്നു. 

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 1500-ഓളം സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ ദേശീയ ജനാധിപത്യസഖ്യം പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലുമായി നിര്‍ത്തിയത്. അതില്‍ വലിയൊരു പങ്ക് ക്രിസ്തുമത വിശ്വാസികളുമാണ്. കുറേയേറെ പേര്‍ വിജയിച്ചുകയറിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ സംരക്ഷണ മുദ്രാവാക്യമുയര്‍ത്തി ഹിന്ദുത്വവാദികള്‍ പ്രക്ഷുബ്ധത സൃഷ്ടിച്ച പ്രദേശങ്ങളിലൊന്നായ പന്തളത്തെ ബി.ജെ.പിക്കാരായ ക്രിസ്ത്യന്‍ വിശ്വാസികളുടെ വിജയമാണ് അവയില്‍ ശ്രദ്ധേയമായത്. '80-കളുടെ തുടക്കത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷത്തിനു വേദിയായ നിലയ്ക്കലില്‍നിന്നും ഏറെ അകലെയല്ല പന്തളം. 

ഏറെക്കാലമായി ഹിന്ദുത്വരാഷ്ട്രീയക്കാരുടെ ശക്തമായ എതിര്‍പ്പിനും ആക്രമണങ്ങള്‍ക്കും വിധേയരാകുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികളും. കപ്പേളകള്‍ക്കും പുരോഹിതര്‍ക്കുമെതിരെയുമുള്ള ആക്രമണങ്ങള്‍ക്കു പിറകില്‍ ഹിന്ദുത്വവാദികളാണെന്നു പലപ്പോഴും ആരോപിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വിവിധ ക്രൈസ്തവസഭകളുടെ ഹിന്ദുത്വവിരുദ്ധ നിലപാടുകള്‍ ക്രമേണ മയപ്പെട്ടുവരുന്നതായും ബി.ജെ.പിയോട് അനുഭാവപൂര്‍ണ്ണമായ സമീപനം കൈക്കൊള്ളുന്നതായും സൂക്ഷ്മവായനയില്‍ മനസ്സിലാകും. കേരളത്തിലെ ക്രിസ്ത്യാനികളെ തങ്ങളോട് അടുപ്പിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി കര്‍ഷകരായ നസ്രാണി സമൂഹത്തിന്റെ പാര്‍ട്ടിയെന്നു വിളിക്കാവുന്ന കേരളാ കോണ്‍ഗ്രസ്സിലെ വിവിധ വിഭാഗങ്ങളെ ദേശീയ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷികളാക്കാനും കേരളാ കോണ്‍ഗ്രസ് സ്ഥാപകനേതാവായ പി.ടി. ചാക്കോയുടെ മകനെത്തന്നെ പാര്‍ലമെന്റിലേക്കു ജയിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും അവര്‍ തയ്യാറായി. 

ഹിന്ദുത്വ ശ്രമങ്ങളുടെ പശ്ചാത്തലം

കേരളത്തിലും ബി.ജെ.പിയുടെ നില കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മുന്‍കയ്യില്‍ത്തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ക്രിസ്ത്യന്‍ സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ക്രൈസ്തവസഭാ നേതൃത്വങ്ങളുടെ നിലപാടുകളിലും കൂടുതല്‍ അയവുവരുന്നതിന്റെ ലക്ഷണങ്ങളുണ്ട്. വിവിധ സഭാനേതാക്കള്‍ പ്രധാനമന്ത്രിയെ വീണ്ടും നേരിട്ടു കാണുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം രാജ്ഭവനില്‍ വെച്ച് മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും നിലവിലെ മിസോറാം ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ളയുടെ മിസോറാമിലേയും കേരളത്തിലേയും വിവിധ സമുദായങ്ങളെക്കുറിച്ച് എഴുതിയ പുസ്തകം  പ്രകാശന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പങ്കെടുത്തതാണ് മറ്റൊരു സംഭവവികാസം. വൈകാതെ ശ്രീധരന്‍ പിള്ള പങ്കെടുക്കുന്ന അത്താഴവിരുന്നും ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ നടക്കുമെന്നും വാര്‍ത്തയുണ്ട്. തങ്ങളുടെ ആവലാതികള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള ഒരു സന്ദര്‍ഭമായി ഇതുപയോഗിക്കാനാണ് അവരുടെ തീരുമാനം. കേരളത്തിലെ ക്രൈസ്തവസമൂഹം നേരിടുന്ന അനീതികള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ക്ഷണിച്ച് മെമ്മോറാണ്ടം സമര്‍പ്പിക്കാനും സഭാനേതാക്കള്‍ക്കു പദ്ധതിയുണ്ടെന്ന് അറിയുന്നു. ചുരുക്കത്തില്‍ രണ്ടു ദശകങ്ങളായി ക്രിസ്ത്യന്‍ സമൂഹത്തിലേക്കു കടന്നുകയറാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരാന്‍ പോകുകയാണെന്നു പറയാം. 

പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഹിന്ദുത്വരാഷ്ട്രീയത്തോട് ക്രൈസ്തവരേയും സഭകളേയും അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അറുപതുകളില്‍ ഗോള്‍വല്‍ക്കര്‍ പരാമര്‍ശിച്ച കേരളത്തിലെ ക്രൈസ്തവസമൂഹം യഥാര്‍ത്ഥത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും പഴയ ഒന്നാണ്. പാശ്ചാത്യ മിഷണറിമാര്‍ കൊണ്ടുവന്ന ക്രിസ്തുമതത്തില്‍നിന്ന് തുലോം വ്യത്യസ്തമായിരുന്നു അത്. പാശ്ചാത്യ ഇടപെടല്‍ കുറേയൊക്കെ കേരളത്തിലെ ക്രൈസ്തവസമൂഹത്തെ നവീകരിച്ചെങ്കിലും തദ്ദേശീയ സമൂഹത്തിന്റെ പല പ്രത്യേകതകളും അത് ഇന്നും നിലനിര്‍ത്തുന്നതായി കാണാം. വിശേഷിച്ചും ജാതീയതപോലുള്ള സാമൂഹിക സവിശേഷതകള്‍. കേരളത്തിലെ ക്രിസ്ത്യാനികളില്‍ വലിയൊരു പങ്ക് മാര്‍ത്തോമ്മ ക്രിസ്ത്യാനികളാണ്. പോര്‍ച്ചുഗീസുകാരുടെ വരവിനു മുന്‍പേ തദ്ദേശീയ ജാതി സമൂഹത്തിന്റെ ഭാഗമായിരുന്ന ഇവരില്‍ പലരും ഇന്നും തങ്ങളുടെ സവര്‍ണ്ണ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ്. ബ്രാഹ്മണ ഹിന്ദുത്വരാഷ്ട്രീയത്തിനു ഇവരെ ആന്തരവല്‍ക്കരിക്കാന്‍ ചരിത്രപരമായ കാരണങ്ങളാല്‍ക്കൊണ്ടുതന്നെ അത്ര വലിയ പ്രയാസമില്ലെന്നു കാണാം. 

അന്തര്‍ദ്ദേശീയ തലത്തില്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദമുയര്‍ത്തുന്ന വെല്ലുവിളികളാണ് മറ്റൊരു കാരണം. മദ്ധ്യേഷ്യയുമായി പ്രാചീനകാലത്തുതന്നെ വാണിജ്യബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന കേരളത്തിലെ ജനങ്ങള്‍ പൊതുവേ അന്തര്‍ദ്ദേശീയമായി ചിന്തിക്കുന്നവരാണ്. കേരളത്തിലെ നസ്രാണിസമൂഹത്തിന് ഇറാഖിലും സിറിയയിലും ബന്ധങ്ങളുണ്ട്. മൊസൂളിലും ആലപ്പോയിലുമൊക്കെ നടക്കുന്ന ഇസ്‌ലാമിസ്റ്റ് ആക്രമണങ്ങള്‍ അതുകൊണ്ടുതന്നെ പലപ്പോഴും ചില ചലനങ്ങള്‍ കേരളത്തിലും സൃഷ്ടിക്കാറുണ്ട്. തുര്‍ക്കിയിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഹാഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കി മാറ്റിയപ്പോള്‍ കേരളത്തിലും അത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു തദ്ദേശ തെരഞ്ഞെടുപ്പില്‍ നാട്ടിലെ വികസന വിഷയങ്ങള്‍ക്കൊപ്പം മിക്കപ്പോഴും ഈവക കാര്യങ്ങള്‍ ചര്‍ച്ചയാകുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ ഹിന്ദുത്വവാദികളെ തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയായി കണക്കു കൂട്ടാനിടയുണ്ടെന്ന ചിന്തയും ആര്‍.എസ്.എസ് ബുദ്ധിജീവികള്‍ക്കിടയിലുണ്ട്.
 
ഹിന്ദുത്വരാഷ്ട്രീയം സൃഷ്ടിച്ച പദാവലികള്‍പോലും ക്രിസ്ത്യന്‍ മതവാദികള്‍ ഏറ്റെടുക്കാന്‍ മടിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. ലൗ ജിഹാദിന്റെ മറവില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളേയും ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നുവെന്ന ആരോപണം ക്രൈസ്തവ സഭാനേതൃത്വത്തിലുള്ളവര്‍ വരെ ഉയര്‍ത്തുന്നുണ്ട്. മുസ്ലിം തീവ്രവാദി സംഘങ്ങളിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു എന്ന വാര്‍ത്ത ഈ ആരോപണത്തിനു കൂടുതല്‍ ബലമേകി. 

മുസ്‌ലിം വോട്ടുകളെപ്പോലെ പരമ്പരാഗതമായി ക്രൈസ്തവ വോട്ടുകള്‍ ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നില്‍ക്കുന്ന പ്രവണതയാണ് കാണിച്ചുപോന്നിട്ടുള്ളത്. അതേസമയം, ശബരിമല സ്ത്രീപ്രവേശന നിലപാടിനെത്തുടര്‍ന്ന് ഇടതുമുന്നണിയുടെ ഹിന്ദുവോട്ടുകളില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ഇടതുപക്ഷത്തോടൊപ്പമാണ്. എന്നാല്‍, ഐക്യജനാധിപത്യ മുന്നണിയുടെ ഹിന്ദുപിന്തുണയില്‍ ബി.ജെ.പിക്ക് അനുകൂലമായ ചോര്‍ച്ചയുണ്ടാകുന്നതും കേരളാ കോണ്‍ഗ്രസ് ആ മുന്നണി വിട്ടതും മുന്നണിയില്‍ മുസ്‌ലിംലീഗിനു സ്വാധീനം വര്‍ദ്ധിപ്പിച്ചെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി അഭിപ്രായ സമന്വയത്തിലെത്താതെ ലീഗ് മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുമായി തെരഞ്ഞെടുപ്പു സഖ്യത്തിനു മുതിര്‍ന്നതും ക്രിസ്ത്യന്‍ സ മുദായത്തില്‍ നീരസമുണ്ടാക്കിയിട്ടുണ്ടെന്നു വേണം കരുതാന്‍. ഹാഗിയ സോഫിയ പോലുള്ള വിഷയങ്ങളില്‍ മതതീവ്രവാദ നിലപാടുകള്‍ കൈക്കൊണ്ടവരാണ് ലീഗും ജമാഅത്തെ ഇസ്‌ലാമിയും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുപോലുള്ള ക്ഷേമപദ്ധതികളില്‍ വിലപേശലുകളിലൂടെ ഇതരസമുദായങ്ങള്‍ കൂടുതല്‍ നേടിയെടുക്കുന്നുവെന്ന തോന്നലും ക്രിസ്തുമത വിശ്വാസികള്‍ക്കിടയിലുണ്ട്.

അധികാരത്തോട് ഒട്ടിനില്‍ക്കുന്ന നിലപാട്

ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് 
നിരണം ഭദ്രാസനാധിപന്‍

ക്രിസ്ത്യന്‍ സഭകള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചോ അതിനോട് അവര്‍ക്കിടയില്‍നിന്നുണ്ടാകുന്ന അനുകൂല പ്രതികരണങ്ങളെക്കുറിച്ചോ എനിക്ക് ഔദ്യോഗികമായി ഒന്നുമറിയില്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ എനിക്കു കടുത്ത വിയോജിപ്പാണ് ഉള്ളത്. എല്ലാ കാലത്തും കേരളത്തിലെ മുഖ്യധാരാ ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ സവര്‍ണ്ണതയുണ്ട് എന്നതു നേരാണ്. അതുകൊണ്ട് ഒരു സവര്‍ണ്ണ പക്ഷ നിലപാട് ഉണ്ടായാല്‍ അദ്ഭുതത്തിന് അവകാശവുമില്ല. മുന്നോക്ക സംവരണം എന്ന പ്രശ്‌നം വന്നപ്പോള്‍ ലത്തീന്‍ കാത്തലിക് സഭയൊഴികെ ബാക്കിയെല്ലാവരും അതിന് അനുകൂലമായ നിലപാട് എടുക്കുകയാണ് ചെയ്തത്. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ എല്ലാക്കാലത്തും സവര്‍ണ്ണജാതി മേല്‍ക്കോയ്മയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടായിട്ടുണ്ട്. 

മുഖ്യധാരാ ക്രൈസ്തവസഭകള്‍ ചരിത്രപരമായിത്തന്നെ എല്ലാക്കാലത്തും അധികാരത്തോടു ഒട്ടിനിന്ന കാഴ്ചയാണ് നാം കാണുന്നത്. അധികാരത്തോട് കലഹിച്ച ക്രിസ്തുപാരമ്പര്യം അവര്‍ മറന്നു. അതുതന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. കേരളത്തിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ക്രൈസ്തവ സഭകളുടെ നേതൃത്വങ്ങള്‍ ഇവിടെ പലനിലയ്ക്കും ഭീഷണികളും വെല്ലുവിളികളും നേരിടുകയാണ്. സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചും ഭൂമി വില്‍പ്പനയെ സംബന്ധിച്ചുമൊക്കെയുള്ള ആരോപണങ്ങള്‍ അന്തരീക്ഷത്തിലുണ്ട് എന്നതു മറക്കരുത്. അതൊക്കെ മറികടക്കണമല്ലോ. 

ഇതിനും പുറമേ ഒരു ആഗോള പശ്ചാത്തലം ഇതിനുണ്ട്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ ക്രൈസ്തവര്‍ക്കിടയില്‍ മുസ്‌ലിം വിരോധം വ്യാപകമാണ്. ട്രംപിനെപോലുള്ള ഭരണാധികാരികളും ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന തരത്തിലാണ് സംസാരിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും. ലോകമെമ്പാടും വിവിധ മതവിഭാഗങ്ങളില്‍ തീവ്രവാദം വളരുന്നുണ്ട്. ഇസ്‌ലാമിന്റെ പേരിലുമുണ്ട്. സാമ്രാജ്യത്വം ഒരുക്കിയ കെണിയാണത്. ക്രിസ്തീയ സഭകള്‍ ആ കെണിയില്‍ വീണു. ഇവിടെയും അങ്ങനെ സംഭവിക്കരുത്. മദ്ധ്യേഷ്യയുമായി ബന്ധമുള്ള നമ്മുടെ ക്രൈസ്തവസഭകളുടെ നേതൃത്വം അവിടങ്ങളില്‍ വിശ്വാസികളും പുരോഹിതരും ആക്രമിക്കപ്പെട്ടപ്പോള്‍ ഇസ്‌ലാം മതവിശ്വാസികളായ സദ്ദാം ഹുസൈനേയും ബഷാര്‍ അല്‍ അസദിനേയും പോലുള്ള ഭരണാധികാരികള്‍ ശക്തമായ നിലപാടെടുത്തു എന്നും കാണണം.

ക്രിസ്ത്യാനികള്‍ക്കിടയില്‍  ബി.ജെ.പി അനുകൂല മനോഭാവം ശക്തം

ജോര്‍ജ് കുര്യന്‍ 
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്

തീര്‍ച്ചയായും ബി.ജെ.പിയുടെ സ്വാധീനം ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതില്‍ തെറ്റൊന്നുമില്ല. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ളതോ അവര്‍ക്കു സ്വാധീനമുള്ളതോ ആയ ഒന്‍പതു സംസ്ഥാനങ്ങളില്‍ എട്ടെണ്ണത്തിലും ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം ആണ് ഭരിക്കുന്നത്. കേരളം മാത്രമാണ് അതില്‍ അപവാദം. ഗോവയില്‍ നിരവധി ക്രിസ്ത്യാനികളാണ് ബി.ജെ.പി എം.എല്‍.എമാരായി ജയിച്ചുവന്നത്. ബി.ജെ.പിക്കെതിരെയുള്ള പഴയ രീതിയിലുള്ള അപവാദ പ്രചരണങ്ങളൊന്നും ഇനി ക്രിസ്ത്യാനികള്‍ക്കിടയില്‍ വിലപ്പോകില്ല. ഉത്തരേന്ത്യയില്‍ നടക്കുന്നതെന്താണെന്നു കൃത്യമായി പൊതുവേ ഇന്ത്യയിലെ ക്രിസ്ത്യാനി സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പോരാത്തതിന് ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന ക്രിസ്ത്യന്‍ സമുദായക്കാര്‍ക്കു ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍നിന്നു മറ്റിടങ്ങളില്‍ കിട്ടുന്ന അറിവുകളും ബി.ജെ.പിയെക്കുറിച്ചു പോസിറ്റീവായ ഒരു ധാരണയാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ എന്ന പേരില്‍ നടക്കുന്നതു പലതും ന്യൂജനറേഷന്‍ ചര്‍ച്ചുകള്‍ സൃഷ്ടിക്കുന്ന പ്രകോപനത്തിനോടുള്ള പ്രതികരണമാണ്. 

കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂലമായി ക്രിസ്ത്യാനികള്‍ക്കിടയില്‍ ഒരു മനോഭാവം ഉണ്ടാകുന്നതിനു പല കാരണങ്ങളുണ്ട്. അതിലൊന്ന് ആഗോളസാഹചര്യമാണ്. ക്രിസ്ത്യാനികളെ ലോകമെമ്പാടും ഇസ്ലാം മതതീവ്രവാദികള്‍ ആക്രമണത്തിനിരയാക്കുകയാണ്. ഇവര്‍ക്കെതിരെ ഒന്നിച്ചുനിന്നാലേ രക്ഷയുള്ളൂ എന്ന തോന്നല്‍ നമ്മുടെ നാട്ടിലെ ക്രിസ്ത്യാനികള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. മറ്റൊന്ന്, മുന്നോക്ക സംവരണം പോലുള്ള മോദി സര്‍ക്കാരിന്റെ നടപടിയാണ്. അത് ബി.ജെ.പിക്ക് അനുകൂലമായ ഒരു വികാരം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ്, സി.പി.എം മുന്നണികള്‍ ന്യൂനപക്ഷ സംവരണ കാര്യത്തില്‍ ക്രിസ്ത്യാനികളോട് കാണിക്കുന്ന വിവേചനം അവരില്‍ വലിയ ഉല്‍ക്കണ്ഠയുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. ഒരു ഏകദേശ കണക്കെടുക്കുമ്പോള്‍ത്തന്നെ 52 ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിയുടെ ബാനറില്‍ മത്സരിച്ചു ജയിച്ചു.

കേരളത്തില്‍ ന്യൂനപക്ഷ അവകാശങ്ങളുടെ ഗുണഭോക്താക്കള്‍ കൂടുതലായും മുസ്‌ലിങ്ങളാണ്. ന്യൂനപക്ഷ സംവരണം 80 ശതമാനവും മുസ്‌ലിങ്ങള്‍ക്കു ലഭിക്കുമ്പോള്‍ 40 ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്ക് 20 ശതമാനമാണ് ലഭിക്കുന്നത്. ലൗ ജിഹാദാണ് മറ്റൊന്ന്. നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റത്തിനു വിധേയമാക്കുകയാണ്. താമരശ്ശേരി രൂപതയില്‍ത്തന്നെ ഇത്തരത്തിലുള്ള നൂറിലധികം കേസുകളെക്കുറിച്ച് കേട്ടു. 

ഇങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നത് ബി.ജെ.പി മാത്രമാണെന്ന്  കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും ബോധ്യം വന്നു തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com