ശസ്ത്രക്രിയയിലെ ശല്യതര്‍ക്കങ്ങള്‍

ശസ്ത്രക്രിയയിലെ ശല്യതര്‍ക്കങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ സമരങ്ങളും പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടക്കുകയാണ്. നവംബര്‍ 19-നു വന്ന ചട്ടഭേദഗതിയാണ് പുതിയ സമരങ്ങള്‍ക്കു തുടക്കമിട്ടത്. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പി.ജി. ആയുര്‍വേദ എജ്യുക്കേഷന്‍-2016) ചട്ടം ഭേദഗതി ചെയ്ത് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കു പ്രായോഗിക പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ 58 തരംശസ്ത്രക്രിയകള്‍ ചെയ്യാന്‍ ഈ ഭേദഗതിയിലൂടെ സാധിക്കും. 

നിലവില്‍ ഇന്ത്യയില്‍ ആയുര്‍വേദ വിഭാഗം ചെയ്തുവരുന്ന ശസ്ത്രക്രിയകള്‍ തന്നെയാണിതെങ്കിലും ചില നിയമ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ഉത്തരവ് പുറത്തിറക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ ഉത്തരവിലൂടെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു കൂടുതല്‍ പ്രായോഗിക പരിശീലനത്തിന് അവസരമൊരുങ്ങുകയും ആയുര്‍വേദ ശസ്ത്രക്രിയാ വിഭാഗങ്ങള്‍ വ്യാപകമാകുകയും ജനകീയമാകുകയും ചെയ്യും. അലോപ്പതി സര്‍ജന്റെ സേവനങ്ങള്‍ ലഭ്യമാകാത്ത ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്പെടും എന്നതാണ് ഇതിനെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. എന്നാല്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ശസ്ത്രക്രിയ അനുമതി നല്‍കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അലോപ്പതി ഡോക്ടര്‍മാര്‍ എതിര്‍ക്കുകയാണ്. ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലേക്കു വരുന്നതോടെ സങ്കരവൈദ്യത്തിലേക്ക് ഇന്ത്യയിലെ ചികിത്സാരീതികള്‍ മാറുമെന്നും അലോപ്പതിയുടേയും ആയുര്‍വേദത്തിന്റേയും തകര്‍ച്ചയിലേക്ക് ഇത് എത്തുമെന്നും ഐ.എം.എ വാദിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ എം.ബി.ബി.എസിന് ആയുര്‍വേദത്തിന്റെ കരിക്കുലം കൂടി പഠിക്കണം എന്ന പരാമര്‍ശവും എതിര്‍പ്പിന്റെ കാരണങ്ങളില്‍ ഒന്നാണ്.

വിജ്ഞാപനം വന്നതോടെ ഇന്ത്യയിലുടനീളം ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കു നടത്തി. കരിദിനവും പ്രതിഷേധ പ്രകടനങ്ങളും ഉണ്ടായി. ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ വരെ പണിമുടക്കി പ്രതിഷേധിച്ചു. ആരോഗ്യമേഖലയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങളും ചൂടുപിടിക്കുകയാണ്. ചട്ടഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു വിഭാഗം അലോപ്പതി ഡോക്ടര്‍മാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ആയുര്‍വേദ-അലോപ്പതി ഡോക്ടര്‍മാര്‍ തമ്മിലുള്ള ആശയ സംഘര്‍ഷങ്ങള്‍ക്കും നിയമനടപടികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏറ്റവുമൊടുവിലാണ് ശസ്ത്രക്രിയ വിവാദം വന്നിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം ആയുര്‍വേദ പി.ജി. ബിരുദമുള്ളവര്‍ക്കു നിശ്ചിത ശസ്ത്രക്രിയകള്‍ ചെയ്യാം. എം. എസ്. ശല്യ (ജനറല്‍ മെഡിസിന്‍), എം.സ്. ശാലാക്യ (ഇ.എന്‍.ടി, ഡെന്റല്‍, ഓഫ്താല്‍മോളജി) എന്നിവയില്‍ സ്പെഷലൈസേഷന്‍ നേടിയ ഡോക്ടര്‍മാര്‍ക്കാണ് അനുമതി. എം.എസ്. ശല്യയില്‍ 39 ശസ്ത്രക്രിയകളും എം.എസ്. ശാലാക്യയില്‍ 19 ശസ്ത്രക്രിയകള്‍ക്കും പരിശീലനം ലഭിക്കും.

ഇന്ത്യയിലെ പ്രധാനപ്പെട്ട ആയുര്‍വേദ കോളേജുകളില്‍ നിലവില്‍ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ജയ്പൂര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് ആന്റ് റിസര്‍ച്ച് ജാംനഗര്‍ ഗുജറാത്ത്, ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മികച്ച സൗകര്യങ്ങളില്‍ പഠനവും ശസ്ത്രക്രിയകളും നടക്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ നിലവില്‍ പതിനഞ്ചോളം ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ഇല്ല. 

ഇപ്പോഴത്തെ ഉത്തരവില്‍ പറയുന്നത് പുതുതായി അനുമതി കൊടുത്ത ശസ്ത്രക്രിയകളല്ലെന്നും നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നതാണെന്നും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എസ്. ദുര്‍ഗാപ്രസാദ് പറയുന്നു: ''ഇത്രയുംകാലം സംസ്‌കൃതം പേരുകളായിരുന്നു ആയുര്‍വേദ ശസ്ത്രക്രിയകള്‍ക്ക്. ഇതിനുപകരം തത്തുല്യമായി ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ കൂടി ഈ ഭേദഗതിയില്‍ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സംസ്‌കൃതം പേരുകള്‍ വരുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇന്‍ഷുറന്‍സ്, കോടതി എന്നിവയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കൂടുതല്‍ വ്യക്തത വരുത്താന്‍ ഉത്തരവിലൂടെ കഴിയും. 

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ പൈല്‍സ്, ഫിസ്റ്റുല, പ്രസവശസ്ത്രക്രിയ തുടങ്ങി അവിടത്തെ സൗകര്യത്തില്‍ ചെയ്യാന്‍ പറ്റുന്ന ചികിത്സകള്‍ നിലവില്‍ ചെയ്യുന്നുണ്ട്. പൂജപ്പുരയിലുള്ള പ്രസവാശുപത്രിയില്‍ ആയുര്‍വേദവും അലോപ്പതിയും ഉണ്ട്. രണ്ട് യൂണിറ്റും ഇവിടെയുണ്ട്. അലോപ്പതി യൂണിറ്റിന് അവരുടെ ഭാഗത്തുനിന്നു നല്ല സമ്മര്‍ദ്ദമുണ്ട്. ചെയ്യരുത് എന്ന രീതിയില്‍'' -അദ്ദേഹം പറയുന്നു.

അലോപ്പതിയും ആയുര്‍വേദവും 

മോഡേണ്‍ മെഡിസിന്റെ സിലബസിലെ പല ഭാഗങ്ങളും തങ്ങള്‍ പഠിക്കുന്നുണ്ടെന്ന് ആയുര്‍വേദ വിഭാഗം പറയുന്നു. എം.ബി.ബി.എസിനു തത്തുല്യമായ ആയുര്‍വേദ ബിരുദ കോഴ്സാണ് ബി.എ.എം.എസ്. (ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്റ് സര്‍ജറി). എം.ബി.ബി.എസ്. സിലബസില്‍ ഉള്ളതുപോലെ അനാട്ടമിയും ഫിസിയോളജിയും ബി.എ.എം.എസിലും ഉണ്ട്. ആദ്യ വര്‍ഷങ്ങളില്‍ പഠിപ്പിക്കുന്ന ബയോകെമിസ്ട്രിയില്‍ മാത്രമാണ് വ്യത്യാസം. സര്‍ജറി പഠിക്കുന്നത് അവസാന വര്‍ഷമാണ്. ശുശ്രുത സംഹിതയാണ് ആയുര്‍വേദത്തിന്റെ ആധികാരിക ടെക്സ്റ്റ് ബുക്. ഫാദര്‍ ഓഫ് സര്‍ജറി ആന്റ് പ്ലാസ്റ്റിക് സര്‍ജറി എന്നറിയപ്പെടുന്നതും ശുശ്രുതനാണ്. അവസാന വര്‍ഷം സര്‍ജറി പഠിക്കുന്നുണ്ടെങ്കിലും നിലവില്‍ ആയുര്‍വേദ വിഭാഗത്തിന് ഇതില്‍ പരിശീലനത്തിനു സാധ്യതയില്ല. എം.ബി.ബി.എസുകാര്‍ക്ക് ഈ സൗകര്യങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും കണ്ട് പഠിക്കാനും ചെയ്തു പഠിക്കാനും ആയുര്‍വേദ വിഭാഗത്തിന് അവസരം കുറവാണ്. കേരളത്തിലടക്കം അലോപ്പതി ആശുപത്രികളെയാണ് പരിശീനത്തിനായി ആശ്രയിക്കേണ്ടത്. എന്നാല്‍, പലയിടത്തും ഐ.എം.എയുടെ എതിര്‍പ്പു കാരണം ഓപ്പറേഷന്‍ തിയറ്ററിനകത്തേയ്ക്ക് ആയുര്‍വേദക്കാരെ പ്രവേശിപ്പിക്കാറില്ല. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഐ.എം.എയുടെ എതിര്‍പ്പ് കാരണം മരവിപ്പിച്ചിരിക്കുകയാണ്. ബിരുദ കോഴ്സിനുശേഷം പി.ജി. സ്പെഷലൈസേഷനുശേഷമാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ശസ്ത്രക്രിയയ്ക്ക് അനുമതി. നിലവില്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന 58 എണ്ണത്തില്‍ മേജര്‍ സര്‍ജറികളൊന്നും തന്നെയില്ല. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനതയ്ക്കു ശസ്ത്രക്രിയാസൗകര്യം ലഭ്യമാക്കുക എന്നതാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത് എന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രികളിലേയ്ക്കു മണിക്കൂറുകളോളം സഞ്ചരിക്കേണ്ടിവരുന്ന ഗ്രാമങ്ങളിലുള്ളവര്‍ക്കു സര്‍ജന്മാരുടെ സേവനം കൂടുതല്‍ എളുപ്പമാക്കാന്‍ ഇതിലൂടെ കഴിഞ്ഞേക്കും.

''സി.എസ്.ഐ.ആര്‍, ഐ.സി.എം.ആര്‍, സി.സി.ആര്‍.എ, ആയുഷ് എല്ലാം ഒന്നിച്ചാണ് ഗവേഷണങ്ങള്‍ നടത്തുന്നത്. ഇതിനു നേതൃത്വം കൊടുക്കുന്നത് യു.ജി.സി. വൈസ് ചെയര്‍മാനാണ്. ലോകാരോഗ്യ സംഘടന ഗ്ലോബല്‍ ട്രീറ്റ്മെന്റ് ആന്റ് വെല്‍നസ് സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. പരമ്പരാഗത വൈദ്യത്തിന്റെ ആസ്ഥാനം എന്ന നിലയിലാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. അതുപോലെ എയിംസും ആയുഷ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് ഇന്റഗ്രേറ്റഡ് മെഡിസിന്‍ എയിംസില്‍ സ്ഥാപിച്ചു കഴിഞ്ഞു. അതിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ രാജ്യത്ത് നടക്കുമ്പോഴാണ് ബാലിശമായ വാദങ്ങള്‍ ഐ.എം.എ ഉന്നയിക്കുന്നത്.

ആയുര്‍വേദ ഡോക്ടറെ ഹൃദ്രോഗ വിദഗ്ദ്ധനോ ന്യൂറോ സര്‍ജനോ ആക്കുകയല്ല ഇതിന്റെ ലക്ഷ്യം. അവര്‍ക്കു ചെയ്യാന്‍ പറ്റുന്ന സര്‍ജറികള്‍ മാത്രമാണ് അതില്‍ പറഞ്ഞിരിക്കുന്നത്'' -ഡോ. ദുര്‍ഗാപ്രസാദ് പറയുന്നു.

എതിര്‍പ്പിന്റെ കാരണങ്ങള്‍ 

അനുമതി കൊടുത്തിരിക്കുന്ന 58 തരം ശസ്ത്രക്രിയകളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിയില്‍ ചെയ്തു വരുന്നതാണെന്നും കാലാനുസൃതമായി വികസിച്ചു വന്നിട്ടുള്ളതാണെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപകുമാര്‍ പറയുന്നു.

''ഇതില്‍ പറഞ്ഞിരിക്കുന്ന 80 ശതമാനം ശസ്ത്രക്രിയകളും പി.ജി. എം.എസോ, എം.സി.എച്ചോ ഇല്ലാതെ ചെയ്യാന്‍ പറ്റാത്ത സര്‍ജറികളാണ്. ഏതു രീതിയിലാണ് ഇതു ചെയ്യാനുള്ള പരിശീലനം ആയുര്‍വേദക്കാര്‍ക്കു കൊടുക്കുന്നത് എന്നതില്‍ ആശങ്കയുണ്ട്'' -അദ്ദേഹം പറയുന്നു. 

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ശസ്ത്രക്രിയാ പരിശീലനം നല്‍കേണ്ടത് അലോപ്പതി ഡോക്ടര്‍മാരാണ്. ഇങ്ങനെ പരിശീലനം നല്‍കുന്നതില്‍ നിയമപ്രശ്‌നം ഉണ്ടെന്ന വാദം അലോപ്പതി ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്നു. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ആക്ട് പ്രകാരം മോഡേണ്‍ മെഡിസിന്‍ റെജിസ്ട്രേഷനുള്ള ഒരാള്‍ അത്തരം കോഴ്സുകളിലുള്ളവര്‍ക്കേ പരിശീലനം നല്‍കാവൂ എന്നുണ്ട്. ഇല്ലെങ്കില്‍ റെജിസ്ട്രേഷന്‍ എടുത്തുകളയാനുള്ള അധികാരം മെഡിക്കല്‍ കൗണ്‍സിലിനുണ്ട്. അനസ്‌തേഷ്യ, ആന്റിബയോട്ടിക്‌സ് എന്നിവയുടെ ഉപയോഗത്തിലും അലോപ്പതി ഡോക്ടര്‍മാര്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

''അഞ്ച് വര്‍ഷത്തെ എം.ബി.ബി. എസ്. പിന്നെ പി.ജി. എം.സ്, സൂപ്പര്‍ സ്പെഷ്യാലിറ്റി കഴിഞ്ഞതിനുശേഷം മാത്രം ഞങ്ങള്‍ക്കു ചെയ്യാന്‍ അനുവാദമുള്ള സര്‍ജറികള്‍ക്കു മോഡേണ്‍ മെഡിസിനുമായി ബന്ധമില്ലാത്ത ബി.എ.എം.എസിനുശേഷം പി.ജി ചെയ്യുമ്പോള്‍ പരിശീലനം കിട്ടുകയാണ്. ലോകത്ത് എവിടെയുമുള്ള മോഡേണ്‍ മെഡിസിനു സമാനമായ ഡിഗ്രിയാണ് ഇന്ത്യയിലുള്ളത്. ഇത്തരം കലര്‍പ്പുകള്‍ വരുന്നതോടെ പുറം രാജ്യങ്ങളില്‍ ഇന്ത്യയിലെ ഡിഗ്രിക്കു വിലയില്ലാതാവും. പുറത്ത് പോകുന്നവര്‍ക്കു ജോലി ചെയ്യാനോ റിസര്‍ച്ച് വര്‍ക്കിനോപോലും പറ്റാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങും. എന്‍.എം.സി. ആക്ടും വിദ്യാഭ്യാസ നയവും നോക്കിയാല്‍ മെഡിക്കല്‍ പ്ലൂരലിസത്തിലേക്കാണ് പോകുന്നത് എന്നു മനസ്സിലാവും.
 
ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്യുന്നുണ്ട് എന്നു പറയുന്നുണ്ടെങ്കിലും അനസ്തീഷ്യ കൊടുക്കുന്നത് അലോപ്പതിക്കാരാണ്. ആയുര്‍വേദ കോളേജില്‍ പോയി അനസ്തീഷ്യ കൊടുക്കാന്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരാള്‍ക്കു ചെയ്യാതിരിക്കാന്‍ പറ്റില്ല. ഇങ്ങനെ നിര്‍ബ്ബന്ധിച്ചു ചെയ്യിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷംകൊണ്ട് പൊതുജനാരോഗ്യരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളില്‍നിന്നു പുറകിലോട്ട് പോകുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തും. 40 വയസ്സായിരുന്നു മുന്‍പ് ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം. മോഡേണ്‍ മെഡിസിന്‍ പൊതുജനാരോഗ്യം മാനേജ് ചെയ്തതിന്റെ ഫലമായാണ് അത് 70-നു മുകളില്‍ എത്തിയത്'' -ഡോ. ഗോപകുമാര്‍ പറയുന്നു.

1940-കളിലും ആയുര്‍വേദവും അലോപ്പതിയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു എന്ന് അക്കാദമിക് ഗവേഷക കെ.പി. ഗിരിജ പറയുന്നു: ''ആയുര്‍വേദ ഡോക്ടര്‍മാര്‍ ഫിസിയോളജിയും അനാട്ടമിയും നിര്‍ബ്ബന്ധമായി പഠിക്കണമായിരുന്നു. മിനിമം സര്‍ജറിയുടെ നിയമങ്ങളും പഠിക്കണം. അങ്ങനെ ഫിസിയോളജിയും അനാട്ടമിയും സര്‍ജറി നിയമങ്ങളും പഠിക്കുന്നവരെ എന്തുകൊണ്ട് അലോപ്പതി പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചോദ്യമുയര്‍ത്തി. സമരം നടത്തി, മാസങ്ങളോളം ആയുര്‍വേദ കോളേജുകള്‍ അടഞ്ഞുകിടന്നു. പിന്നീട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു ട്രാന്‍സിറ്ററി കോഴ്സ് കൂടി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു കൊടുത്തു. അതിനുശേഷം അലോപ്പതി പ്രാക്ടീസ് ചെയ്തുകൊള്ളാന്‍ പറയുകയായിരുന്നു.

അറബികളും പേര്‍ഷ്യക്കാരും കച്ചവടത്തിനെത്തിയ കാലം മുതലേ ഇവിടെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. യുനാനിയുടെ പല മരുന്നുകളും ആയുര്‍വേദത്തിലുണ്ട്. ആയുര്‍വേദം ഉപയോഗിക്കുന്ന പല ചെടികളും അലോപ്പതി മരുന്നില്‍ ഉപയോഗിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഇത്തരം അറിവിന്റെ ഒഴുക്കിനെ മുഴുവന്‍ അപ്രസക്തമാക്കുന്ന ചില ന്യായങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം തന്നെ ഉണ്ടായിരുന്നു; കഴിയുന്നത്ര പ്രാദേശികമായ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കണം എന്ന്. അക്കാലത്തൊക്കെ ആയുര്‍വേദവും അലോപ്പതിയും മറ്റു വൈദ്യശാഖകളുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും മിക്‌സായിരുന്നു. അനൗദ്യോഗികമായി മറ്റു വൈദ്യശാഖകള്‍ പഠിച്ച ഡോക്ടര്‍മാരും ഉണ്ടായിരുന്നു. പി.എസ്. വാര്യര്‍ ഉദാഹരണമാണ്. പി.എസ്. വാര്യര്‍ ആയുര്‍വേദ ഡോക്ടറായിരുന്നെങ്കിലും അലോപ്പതി ഇന്‍ഫോര്‍മലായി പഠിച്ചയാളായിരുന്നു. അദ്ദേഹം ചികിത്സിച്ച രോഗിക്ക് ആയുര്‍വേദം ഏല്‍ക്കാതെ വന്നപ്പോള്‍ അലോപ്പതി കൊടുത്തത് അദ്ദേഹം ധന്വന്തരി മാഗസിനില്‍ എഴുതിയിട്ടുമുണ്ട്. ഇതു തിരിച്ചും നടക്കുന്നുണ്ട്. വിഭജനം വരുമ്പോഴാണ് ഇതെല്ലാം ചര്‍ച്ചയാവുന്നത്.

മറ്റൊന്ന് കേരളം ആരോഗ്യനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്നു പറയുമ്പോള്‍ ആ കണക്കിന്റെ ഉള്ളില്‍ ആയുര്‍വേദത്തിന്റെ സംഭാവന എവിടെയും പറയുന്നില്ല. ആയുര്‍വേദത്തിന്റെ സംഭാവന പറയാനുള്ള സാധ്യത ഉണ്ടാക്കിയിട്ടില്ല. അങ്ങോളമിങ്ങോളം വൈദ്യശാലകളുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യസൂചികയില്‍ തദ്ദേശീയ വൈദ്യത്തിന്റെ സംഭാവനകള്‍ എന്താണ് എന്നതുകൂടി കാണാന്‍ പഠിക്കണം'' -കെ.പി. ഗിരിജ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com