മരണത്തിന്റെ സംഘഗാനം പാടുന്ന മലയാളി

സംഘബോധത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് നമ്മുടെ നാടായ കേരളം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


സംഘബോധത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് നമ്മുടെ നാടായ കേരളം. ഏതു കാര്യവും, അതു നല്ലതായാലും ചീത്തയായാലും, കൂട്ടായി നിര്‍വ്വഹിക്കുന്നതിലാണ് നമ്മുടെ താല്പര്യമെന്ന് പാതി കാര്യമായും പാതി കളിയായും പറയാറുണ്ട്. കൂട്ട ആത്മഹത്യകളുടെ കാര്യത്തിലും കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പിലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബസമേതമുള്ള ആത്മഹത്യകളാണ് കേരളത്തില്‍ ഇന്ന് ദിനേനയെന്നോണം നടുക്കുന്ന വാര്‍ത്തകളായി വന്നുകൊണ്ടിരിക്കുന്നത്. 

എന്നാല്‍, കൂട്ട ആത്മഹത്യകള്‍ മിക്കപ്പോഴും കൂട്ട ആത്മഹത്യകളല്ല. മറിച്ച് ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചുറച്ച ഒരാളുടെ കയ്യാല്‍ നടക്കുന്ന കൂട്ടക്കൊ ലപാതകങ്ങളാണ് അവ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മിക്കപ്പോഴും ഒന്നിലധികം കൊലപാതകങ്ങള്‍ നിര്‍വ്വഹിച്ച് ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ ഒരാളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി സ്വയം ജീവനൊടുക്കുന്നു. 

ദമ്പതിമാരൊരുമിച്ചോ അല്ലെങ്കില്‍ കുട്ടികളോടുകൂടിയോ ആത്മഹത്യ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ദമ്പതിമാരില്‍ ഒരാള്‍ക്ക് മറ്റേയാളോടുള്ള (മിക്കപ്പോഴും ഇയാള്‍ പുരുഷനായിരിക്കും.) വിധേയത്വവും സമര്‍പ്പണമനോഭാവവും അയാളോടൊപ്പം സ്വന്തം ജീവനെടുക്കുന്നതിനു മറ്റേയാള്‍ക്ക് പ്രേരണയാകും. തങ്ങളുടെ മരണശേഷം കുട്ടികള്‍ക്ക് ആരുമുണ്ടാകില്ലെന്നും അവരെ ഈ നിലയ്ക്ക് അനാഥമാക്കിയതിനു അവരും ലോകവും തങ്ങളെ പഴിക്കുമെന്ന തോന്നലുമാകണം കുട്ടികളുടെ ജീവനെടുക്കുന്നതിനു പിറകില്‍. മിക്ക കേസുകളിലും കുട്ടികള്‍ സ്വയം ജീവനൊടുക്കുന്നതായി കാണുന്നില്ല. 

കുടുംബം എന്ന ഒറ്റപ്പെട്ട ദ്വീപ് 

2020 വിടപറയുന്ന ദിവസം നടുക്കം സൃഷ്ടിക്കുന്ന ഒരു വാര്‍ത്ത കേരളീയര്‍ക്ക് നല്‍കിക്കൊണ്ടാണ് കടന്നുപോയത്. ചിട്ടി നടത്തിപ്പിലെ പാളിച്ച സൃഷ്ടിച്ച കടക്കെണിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഒരു നാലംഗ കുടുംബം ആത്മഹത്യ ചെയ്ത വാര്‍ത്തയായിരുന്നു അത്. പണം കടംകൊടുക്കാനുള്ളവരുടെ പട്ടികയും ശവസംസ്‌കാരത്തിനുള്ള പണം അവരുടെ സ്വര്‍ണ്ണം വിറ്റിട്ട് കണ്ടെത്തണമെന്ന അഭ്യര്‍ഥനയോടുകൂടിയുള്ള കുറിപ്പും മരിച്ചവര്‍ ബാക്കിവെച്ചിരുന്നു. ബന്ധുക്കളെ മൃതദേഹങ്ങള്‍ കാണിക്കരുതെന്ന ആവശ്യം ചുവരില്‍ എഴുതിവെയ്ക്കുകയും ചെയ്തിരുന്നു. 

എന്തായിരുന്നു ആ അന്ത്യനിമിഷങ്ങളില്‍ അവരുടെ മനസ്സിലൂടെ കടന്നുപോയത് എന്ന് ഊഹിക്കാനാകില്ല. അതില്‍ ആരോടൊക്കെയോ ഉള്ള കടുത്ത നീരസമുണ്ട്. കടം വീട്ടാന്‍ കഴിയാത്തതിലുള്ള നീരസമുണ്ട്. ആത്മാഭിമാനം കൈവിടാനാകില്ലെന്ന തീര്‍പ്പുമുണ്ട്. സമീപത്തുതന്നെ ബന്ധുക്കള്‍ താമസിക്കുന്നുണ്ടെങ്കിലും ആരുമായും അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നും വാര്‍ത്തകളിലുണ്ട്. 

എന്തായിരിക്കും ഇത്തരത്തില്‍ കുടുംബങ്ങളെ ഇത്തരമൊരു കടുംകൈ തിരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്? മാനസിക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ദമ്പതിമാരില്‍ ആരുടെയെങ്കിലും സദാചാരഭ്രംശവും വഴിതെറ്റിയ ജീവിതരീതികളുമൊക്കെ ഇങ്ങനെ കൂട്ട ആത്മഹത്യകള്‍ക്ക് കാരണമായി സൂചിപ്പിക്കപ്പെടാറുണ്ടെങ്കിലും നമ്മുടെ സാമൂഹ്യപുരോഗതിയിലും ജീവിതവീക്ഷണത്തിലും വരുന്ന മാറ്റങ്ങളാണ് പ്രധാന ഘടകങ്ങളെന്നു കാണാം. സ്വതവേ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറേയൊക്കെ സാമൂഹ്യപുരോഗതി കേരളം കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധുനിക-ആധുനികോത്തര മുതലാളിത്തത്തിന്റെ നിരവധി സവിശേഷതകള്‍ കേരളീയ സമൂഹത്തില്‍ ദര്‍ശിക്കാനാകും. അതിലൊന്ന് പഴയ കൂട്ടുകുടുംബമാതൃക തകര്‍ക്കപ്പെടുകയും അണുകുടുംബവ്യവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്തു എന്നതാണ്. അണുകുടുംബവ്യവസ്ഥയ്ക്ക് ഒരുപാടു മെച്ചങ്ങളുണ്ട്. ഭാര്യയും ഭര്‍ത്താവും പക്വതയും പ്രായവും എത്താത്ത കുട്ടികളും ഉള്‍പ്പെടുന്ന, സമുദായത്തിന്റെ ബാക്കിഭാഗത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കുടുംബവ്യവസ്ഥ എന്നാണ് സാമൂഹികശാസ്ത്ര നിഘണ്ടുക്കള്‍ അണുകുടുംബവ്യവസ്ഥയെ നിര്‍വ്വചിക്കുന്നത്. പരസ്പരാശ്രിതത്വം നന്നേ കുറവായിരിക്കുമെന്നതാണ് ഇത്തരമൊരു കുടുംബവ്യവസ്ഥയുടെ ക്ലാസ്സിക്കല്‍ മാതൃകയില്‍ ദര്‍ശിക്കാവുന്ന സവിശേഷത. എന്നാല്‍ പുരുഷാധിപത്യമുള്ള കേരളീയ സമൂഹത്തില്‍ ഒരു സ്ത്രീ ഒറ്റയ്ക്കു ജീവിക്കുകയെന്നത് അസ്വാഭാവികമായി കണക്കാക്കപ്പെടുന്നു. കുട്ടികളോടൊത്താണെങ്കില്‍ പ്രയാസം ഒന്നുകൂടി വര്‍ധിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ നാടുകളിലേതുപോലെ അണുകുടുംബശൈലിയിലേക്ക് മാറിയെങ്കിലും സാംസ്‌കാരികമായി കേരളത്തിനു ഒരു മാറ്റം സംഭവിച്ചെന്നു പറയാന്‍ കഴിയാത്തതുകൊണ്ടും പുരുഷാധിപത്യം പഴയപോലെ നിലനില്‍ക്കുന്നതിനാലും കുടുംബത്തിലും സമൂഹത്തിലും പുരുഷനെ ആശ്രയിച്ചാണ് സ്ത്രീയുടെ നിലനില്‍പ്പ്. ഇതും കുടുംബനാഥന്റെ തീരുമാനങ്ങള്‍ക്കൊപ്പം, അതു ജീവിതത്തിലായാലും മരണത്തിലായാലും നില്‍ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ലഭ്യമായ രേഖകള്‍ പ്രകാരം കേരളത്തില്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുകയോ കൊലപ്പെടുത്തപ്പെടുകയോ ചെയ്യുന്നവരില്‍ 55 ശതമാനവും സ്ത്രീകളാണ്. ഒരു ഫ്യൂഡല്‍ സമൂഹത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത കേരളത്തില്‍ കുടുംബം എന്ന വ്യവസ്ഥയ്ക് മാത്രമായി ആധുനിക മുതലാളിത്തത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിലൂന്നിയ സങ്കല്പങ്ങളിലേക്കു മാറുന്നത് പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ഫ്യൂഡല്‍ സമൂഹത്തിലേതുപോലെ പുരുഷന്റെ ആധിപത്യത്തില്‍ തന്നെയാണ് ഇവിടുത്തെ ന്യൂക്ലിയര്‍ കുടുംബങ്ങളിലും സ്ത്രീകള്‍ പരാശ്രിതരായി കഴിയുന്നത്. ആയതിനാല്‍ മരണമാണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍പ്പോലും അതോടൊപ്പം നില്‍ക്കാന്‍ അവള്‍ നിര്‍ബ്ബന്ധിതയാകുന്നു എന്നു കാണാം. 

ഈയടുത്തു റിപ്പോര്‍ട്ടു ചെയ്യപ്പെട്ട മിക്ക കൂട്ട ആത്മഹത്യകളിലും സാമ്പത്തികമോ, സാമൂഹികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍, അവ സമ്മാനിക്കുന്ന അപമാനത്തെക്കുറിച്ചുള്ള ബോധം എന്നിവ കൂടി ഘടകമായിട്ടുണ്ട് എന്നു കാണാം. മിക്കപ്പോഴും തങ്ങള്‍ തന്നെ സൃഷ്ടിച്ച ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കുന്നതില്‍ പരാജയപ്പെടുന്ന വ്യക്തികളാണ് കുടുംബത്തോടെയുള്ള ആത്മഹത്യകള്‍ക്ക് മുന്‍കയ്യെടുക്കുക. മരണം മാത്രമാണ് ഏക പോംവഴി എന്നു തീരുമാനിക്കുന്ന അവര്‍ മറ്റുള്ളവരെ സ്വയം ജീവനെടുക്കാന്‍ പ്രേരിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നതായാണ് അനുഭവം. 

പലപ്പോഴും മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യാനെടുക്കുന്ന തീരുമാനം സംബന്ധിച്ച് കുട്ടികള്‍ അജ്ഞരായിരിക്കും. അവരറിയാതെയാണ് ജന്മം നല്‍കുന്നവര്‍ തന്നെ മരണത്തിലേക്കു കൈപിടിച്ചാനയിക്കുക. ചില അവസരങ്ങളില്‍ മുതിര്‍ന്ന കുട്ടികള്‍ മാതാപിതാക്കളുടെ തീരുമാനം ലംഘിച്ച് മരണത്തില്‍നിന്ന് ഓടിരക്ഷപ്പെടുന്ന ചരിത്രവുമുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ കോയമ്പത്തൂരില്‍ കൂട്ട ആത്മഹത്യയ്‌ക്കൊരുങ്ങിയ കുടുംബത്തിലെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ തീരുമാനത്തിനൊപ്പം നില്‍ക്കാതെയും വിഷം കഴിക്കാതെയും ഓടി രക്ഷപ്പെടുകയും അയല്‍ക്കാരെ വിവരമറിയിക്കുകുയും ചെയ്തത് വാര്‍ത്തയായിരുന്നു. കൊവിഡിനെത്തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാല്‍ കച്ചവടത്തില്‍ വന്‍ തകര്‍ച്ച നേരിട്ടതുമൂലം അന്‍പതുകാരനായ ശിവമുരുകനും ഭാര്യയും മുതിര്‍ന്ന രണ്ടു പെണ്‍മക്കളുമാണ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത്. വലിയ വിഷാദരോഗത്തിനും ശിവമുരുകനും അടിമപ്പെട്ടിരുന്നു. എന്നാല്‍, മൂത്തമകള്‍ മാത്രം വിഷം കഴിക്കാതെ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജീവനോടെ അവശേഷിച്ചു. 

കുട്ടികളേയോ ജീവിതപങ്കാളിയേയോ വൃദ്ധരായ മാതാപിതാക്കളേയോ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുന്നവരെ നിയമത്തിനു ഒന്നും ചെയ്യാനാകില്ല. ഇങ്ങനെ ചെയ്തിട്ട് ആത്മഹത്യ ചെയ്യാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടവരാകട്ടെ, വിരളമായേ ശിക്ഷിക്കപ്പെടാറുള്ളൂ. മാനസികമായ തകരാറ് എന്ന വാദം അവിടെ കുറ്റവാളിയുടെ രക്ഷയ്ക്ക് കൂട്ടുവരുന്നു. 

ചില സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനോ പ്രതിഷേധസൂചകമായോ അധികാരികളുടെ നടപടികള്‍ക്ക് ഇരയാകുന്ന സന്ദര്‍ഭങ്ങളില്‍ ചെറുത്തുനില്‍പ്പിനായോ ഒക്കെ ആത്മഹത്യാശ്രമം നടത്തുന്നവരുമുണ്ട്. അവര്‍ മിക്കപ്പോഴും ജീവനൊടുക്കാന്‍ ഉദ്ദേശിക്കാറില്ല. ചെങ്ങറ സമരക്കാലത്ത് ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ഒടുവില്‍ തിരുവനന്തപുരത്ത് കിടപ്പാടം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ സ്വന്തം ദേഹത്തും ഭാര്യയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ചയാളും സ്വന്തം ജീവനെടുക്കണമെന്നു ഉദ്ദേശിച്ചിരുന്നില്ല. 

കൊവിഡും ജീവിത പ്രതിസന്ധിയും 

സ്ഥിതിവിവരക്കണക്കുകളുടെ സവിശേഷ പിന്‍ബലമില്ലാതെ തന്നെ കൊവിഡ് കാലവും ലോക്ഡൗണുകളും മുന്‍പത്തേക്കാളുമധികം മനുഷ്യരെ വ്യത്യസ്ത തരം അരക്ഷിതാവസ്ഥകളിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിട്ടിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. വീടുകളുടെ അകത്തളങ്ങളില്‍ തളച്ചിടപ്പെട്ടവരും വീടുകളേ ഇല്ലാത്തവരും ഒരേ കണക്ക് ജീവിതപ്രതിസന്ധികളേയും അരക്ഷിതാവസ്ഥകളേയും അഭിമുഖീകരിച്ചിട്ടുണ്ട് ഈ നാളുകളില്‍. ആദ്യകാലത്തെ പിരിമുറക്കത്തിനു അയവുവന്നെങ്കിലും ഇപ്പോഴും മനുഷ്യന്റെ സാമൂഹികവും വ്യക്തിപരവുമായ ജീവിതവും പഴയ ട്രാക്കിലെത്തിയിട്ടില്ല. പഴയപടി ജീവിക്കാന്‍ ഇനി എന്നെങ്കിലുമാകുമെന്നു കരുതുന്നവര്‍ താരതമ്യേന കുറവുമാണ്. പ്രായേണ ആത്മബലം കുറഞ്ഞവര്‍ സാമൂഹികമായും വൈയക്തികമായും ഉയരുന്ന വെല്ലുവിളികള്‍ക്കു മുന്‍പാകെ പതറിപ്പോകുകയും ഒടുവില്‍ അങ്ങേയറ്റത്തെ നടപടിക്കു മുതിരുകയും ചെയ്യുന്നതായി നാം കണ്ടു. ഒന്നാമതായി, മഹാമാരി പടര്‍ന്നുതുടങ്ങിയ ആദ്യനാളുകളില്‍ ശാസ്ത്രവും ഭരണകൂടവും സമൂഹത്തിന്റെ സമസ്തനാഡികളും ഒരു രോഗാണുവിന്റെ സാന്നിദ്ധ്യം നിമിത്തം മരവിച്ചുപോയ സന്ദര്‍ഭത്തില്‍ വ്യക്തികളുടെ മാനസികതലത്തില്‍ അതു സൃഷ്ടിച്ച ആഘാതം ചെറുതല്ല. തീര്‍ത്തും നിസ്സഹായനായ ഒരു ജീവിയായി തീര്‍ന്നു ആ സന്ദര്‍ഭത്തില്‍ ഗോളങ്ങളെ എടുത്ത് പന്താടുമെന്ന് വീമ്പുപറഞ്ഞ മനുഷ്യന്‍. സമൂഹത്തില്‍ പൊതുവേയും അരാഷ്ട്രീയ സ്വഭാവമുള്ള മധ്യവര്‍ഗ്ഗജനതയില്‍ വിശേഷിച്ചും കൊവിഡ് വ്യക്തിതലത്തിലുള്ള ഒറ്റപ്പെടലുകള്‍ക്ക് കാരണമായിട്ടുണ്ട്. കൂടിച്ചേരലുകള്‍ക്ക് ഭരണകൂടം വിലക്കു കല്പിച്ചതും വീടുകളുടെ അകത്തളങ്ങളില്‍ തളച്ചിടപ്പെട്ടതും സാമൂഹ്യജീവിയായ മനുഷ്യമനസ്സുകളെ താളംതെറ്റിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി സന്ദിഗ്ദ്ധാവസ്ഥകളുടെ നടുവില്‍ സ്വതവേ നട്ടെല്ലൊടിഞ്ഞ നമ്മുടെ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അഭാവത്തില്‍ നിശ്ചലമായത് വ്യക്തികളെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. പലര്‍ക്കും ജോലി നഷ്ടപ്പെടുകയും വാണിജ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. വന്‍കിടമുതലാളിത്തവും ഭരണകൂടവും ഇതൊരു അവസരമായിക്കണ്ട് തങ്ങളുടെ നില ഭദ്രമാക്കിയെങ്കിലും. രാജ്യത്തൊട്ടാകെയുണ്ടായ ലോക്ക് ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 300-ലധികം കൊറോണ വൈറസ് ഇതര മരണങ്ങള്‍ ആത്മഹത്യകളെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ ശേഖരിച്ച പുതിയ ഡാറ്റ വെളിപ്പെടുത്തിയത്.

മാര്‍ച്ച് 19 മുതല്‍ മെയ് 2 വരെ നടന്ന 338 മരണങ്ങള്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണെന്ന് പൊതുതാല്‍പ്പര്യ സാങ്കേതിക വിദഗ്ധന്‍ തേജേഷ് ജി.എന്‍, ആക്ടിവിസ്റ്റ് കനിക ശര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തിയത്. 

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ വ്യക്തികളില്‍ കഠിനമായ വിഷാദാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അതു കൊലപാതക വാസനയിലേക്കും ആത്മനാശത്തിലേക്കും നയിച്ചേക്കാം. ഏതെങ്കിലും മാരകരോഗമോ മാറാരോഗമോ ബാധിച്ചവരില്‍ ആത്മഹത്യാപ്രവണത 170 ഇരട്ടി കൂടുതലാണെന്ന് ചില പഠനങ്ങള്‍ വെളിവാക്കുന്നുണ്ട്. കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ലോകത്തെ ആദ്യത്തെ 'ഹൈപ്രഫൈല്‍' ആത്മഹത്യയാണ് ജര്‍മനിയിലെ ധനകാര്യമന്ത്രി തോമസ് ഷീഫറുടെ മരണം. കൊറോണയുണ്ടാക്കിയ വന്‍ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന പരിഭ്രാന്തിയാണ് ഷീഫറിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. 54-കാരനായ തോമസ് ഷീഫറിനെ റയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് സൃഷ്ടിച്ച ജീവിതപ്രതിസന്ധി പലപ്പോഴും കുടുംബ ആത്മഹത്യകളിലേക്കാണ് നയിച്ചത്. ഈ കുടുംബ ആത്മഹത്യകളില്‍ വലിയൊരു പങ്ക് പ്രായപൂര്‍ത്തിയാകാത്തവരുടെ കൊലപാതകങ്ങളും കുടുംബനാഥന്റെ ആത്മഹത്യയുമായിരിക്കും. 

ഇടപെടലുകള്‍ മൂലം ഇല്ലാതാകാത്ത പ്രവണതയോ? 

ഇന്ത്യയില്‍ നടക്കുന്ന ആത്മഹത്യകള്‍ക്കു പിറകില്‍ കുടുംബപ്രശ്‌നങ്ങളാണ് പ്രധാന കാരണമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങളുടെ അടിസ്ഥാനമാകട്ടെ, ഏറിയകൂറും സാമ്പത്തികമായ കാരണങ്ങളോ ദാമ്പത്യപ്രശ്‌നത്തിലെ പൊരുത്തക്കേടുകളോ ഒക്കെയായിരിക്കും. 5.5 ശതമാനം ആത്മഹത്യകള്‍ക്കും പിന്നില്‍ വിവാഹപങ്കാളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. എന്നാല്‍, 32.4 ശതമാനത്തിനും പിന്നില്‍ മറ്റു കുടുംബപ്രശ്‌നങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. 17.1 ശതമാനം ആത്മഹത്യകള്‍ക്കു പിന്നില്‍ രോഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ ഇരട്ടിയിലധികമാണ് പുരുഷന്മാരുടെ എണ്ണമെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോവിന്റെ കണക്കുകള്‍ പറയുന്നത്. രാജ്യത്ത് നടക്കുന്ന ആത്മഹത്യകളില്‍ 70.2 ശതമാനം പുരുഷന്മാരും 29.8 ശതമാനം സ്ത്രീകളുമാണ്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ തയ്യാറാക്കിയ 2019-ലെ കണക്കുകള്‍ പറയുന്നതിങ്ങനെയാണ്. ഈ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂട്ട ആത്മഹത്യകള്‍ നടന്നത് തമിഴ്‌നാട്ടിലാണ്. 16 കേസുകളാണ് 2019-ല്‍ ഇവിടെയുണ്ടായത്. ആന്ധ്രാപ്രദേശില്‍ 14-ഉം കേരളത്തില്‍ 14-ഉം പഞ്ചാബില്‍ ഒന്‍പതും രാജസ്ഥാനില്‍ ഏഴും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് കാലത്തെ കൂടുതല്‍ രൂക്ഷമായ സാമൂഹ്യാവസ്ഥ ഈ സാഹചര്യത്തെ ഒന്നുകൂടി വഷളാക്കാനേ തരമുള്ളൂ. വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാപ്രവണതയെ ഗുരുതരമായ 'പൊതുജന ആരോഗ്യപ്രശ്‌ന'മായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. കൃത്യവും സമയബന്ധിതവും ചെലവുകുറഞ്ഞതുമായ ഇടപെടലുകളിലൂടെ ആത്മഹത്യകള്‍ തടയാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാട്. അയല്‍ക്കൂട്ടങ്ങളുടെ ഇടപെടല്‍, പ്രാദേശിക ഗവണ്‍മെന്റുകള്‍ മുന്‍കയ്യെടുത്ത് നടത്തുന്ന മാനസികാരോഗ്യ സര്‍വ്വേകള്‍ വഴി മാനസികമായ വെല്ലുവിളികളെ നേരിടുന്നവരെ കണ്ടെത്തല്‍, ജീവോന്മുഖമായ കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിനു ജനാവബോധം വര്‍ദ്ധിപ്പിക്കല്‍ ഇങ്ങനെ ഒട്ടനവധി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. എന്നാല്‍, തൊലിപ്പുറമേയുള്ള ചികിത്സകളെക്കൊണ്ട് ഇല്ലാതാക്കാവുന്ന ഒന്നല്ല കൂട്ട ആത്മഹത്യകളും വ്യക്തികളുടെ ആത്മഹത്യകളുമെന്ന് തര്‍ക്കമില്ലാത്ത വസ്തുതയാണ്. സാമ്പത്തികവും സാമൂഹികമായ നടപടികള്‍ കൈകോര്‍ക്കുകയും വ്യക്തികളില്‍ ജീവിതോന്മുഖമായ അവബോധം വളര്‍ത്തുകയും ചെയ്യുന്നത് ആത്മഹത്യപ്രവണതകള്‍ ഒരുപരിധിവരെ കുറച്ചേക്കും.


കുടുംബങ്ങളുടെ മാനസികാരോഗ്യം ലാക്കാക്കി പദ്ധതികള്‍ വേണം

ഡോ. സി.ജെ. ജോണ്‍ 
മാനസികാരോഗ്യ വിദഗ്ദ്ധന്‍

പല പാളികളുള്ള ഒരു പ്രശ്‌നമാണ് ഇന്ന് കേരളത്തില്‍ ഇടയ്ക്കിടയ്ക്കു കേള്‍ക്കുന്ന കൂട്ട-കുടുംബ ആത്മഹത്യകള്‍. സത്യം പറഞ്ഞാല്‍ കുടുംബ ആത്മഹത്യ എന്നല്ല, ദുരഭിമാന ആത്മഹത്യകള്‍ എന്നതാണ് മിക്കവയേയും വിളിക്കേണ്ടത്. ദുരഭിമാനക്കൊലകള്‍ മാത്രമല്ല, ദുരഭിമാന ആത്മഹത്യകളും നമുക്കുണ്ട്. മറ്റുള്ളവരൊക്കെ ജീവിക്കുന്നതുപോലെ ഉയര്‍ന്ന ജീവിതത്തിനുവേണ്ടി ഇ.എം.ഐ അടിസ്ഥാനത്തിലോ അല്ലാതെയോ ഒക്കെ കടംവീട്ടാമെന്ന ഉപാധിയോടെ കടം വാങ്ങിയത് വീട്ടാന്‍ കഴിയാതെ അപമാനഭാരം കൊണ്ട് മറ്റൊരു വഴിയുമില്ലാതെ ചെയ്യുന്ന ആത്മഹത്യകളുണ്ട്. കേരളത്തിന്റെ തനതായ ഈ പ്രശ്‌നത്തെ പുത്തന്‍ ദാരിദ്ര്യം ഉണ്ടാക്കുന്ന ആത്മഹത്യകള്‍ എന്നാണ് പറയേണ്ടത്. ദുരഭിമാന ആത്മഹത്യകള്‍ ആണ് ഇതിന്റെ പരിണതഫലം. 

കുടുംബ ആത്മഹത്യകളില്‍ ഏറിയകൂറും കൊലപാതകം എന്ന കുറ്റകൃത്യം കൂടി ഉള്‍പ്പെടുന്നവയാണ്. മിക്കപ്പോഴും ഒരാള്‍ മാത്രമേ ആത്മഹത്യ ചെയ്യുന്നുള്ളൂ. ചിലപ്പോള്‍ ജീവിതപങ്കാളിയും. പൊതുവേ നമ്മുടെ സങ്കല്‍പ്പങ്ങളില്‍ കുട്ടികള്‍ക്ക് തനതായ അസ്തിത്വമില്ല. അവരുടെ ഉടമകളാണ് തങ്ങളെന്ന ചിന്തയാണ് മുതിര്‍ന്നവരെ ഭരിക്കുന്നത്. തങ്ങളില്ലാതെയായിപ്പോയാല്‍ അവരെങ്ങനെ ജീവിക്കുമെന്ന തലതിരിഞ്ഞ സ്‌നേഹത്താല്‍ പ്രചോദിതമായ ഒരു നടപടിയുടെ ഭാഗമായി അവരെ കൊല്ലുകയെന്നതിലാണ് ആ തലതിരിഞ്ഞ സ്‌നേഹം എത്തിച്ചേരുന്നത്. 

മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടാകുമ്പോള്‍ അവരില്‍ ആരെങ്കിലും തീവ്ര പ്രതിസന്ധിയില്‍ ആകുന്ന സന്ദര്‍ഭത്തില്‍ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന പ്രവണതയുമുണ്ട്. അത്തരം ചില വാര്‍ത്തകള്‍ ഈ ആഴ്ച ആവര്‍ത്തിച്ച് കേട്ടു.  കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആരാണ് ഈ മുതിര്‍ന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത്? കുട്ടികളുടെ ഉടമകളെന്ന തെറ്റായ വളര്‍ത്തല്‍ വിചാരം തന്നെയാണ് ഇവരെ ഇത്തരം കൊലപാതക രീതിയിലേക്ക് നയിക്കുന്നത്. പങ്കാളിയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇങ്ങനെ ചെയ്യുന്നവരും ഉണ്ടാകുന്നുണ്ട്. കുട്ടി മരിക്കുകയും മുതിര്‍ന്ന ആള്‍ ആത്മഹത്യാ ശ്രമത്തില്‍നിന്നും രക്ഷപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും അയല്‍പക്കങ്ങളുടേയും ഇടപെടലുകള്‍ മാനസികാരോഗ്യ സംരക്ഷണത്തിനു പ്രയോജനം ചെയ്യും. നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ചിലതു ചെയ്യാന്‍ കഴിയും. ഇപ്പോള്‍ത്തന്നെ വ്യക്തികളുടെ മാനസികാരോഗ്യം ലാക്കാക്കി സര്‍ക്കാര്‍ പദ്ധതികളുണ്ട്. അതിനുപുറമേ കുടുംബങ്ങളെ അടിസ്ഥാന യൂണിറ്റുകളാക്കി എടുത്തുകൊണ്ടുള്ള കുടുംബങ്ങളെ അഭിസംബോധന ചെയ്യുന്ന മാനസികാരോഗ്യ പദ്ധതികള്‍ ഉണ്ടാകേണ്ടതുണ്ട്. 

ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് നമ്മള്‍ കൂട്ടുതേടുന്നതും കുടുംബമുണ്ടാക്കുന്നതും. ഒന്നിച്ചു മരിക്കാനല്ല. കുടുംബത്തിന്റെ ലക്ഷ്യം ജീവിതം മുന്നോട്ടുകൊണ്ടുപോകലാണ്. മരണമല്ല. 

മരിക്കാന്‍ പുറപ്പെടും മുന്‍പേ വിശ്വസിക്കാവുന്ന ഏതെങ്കിലും വ്യക്തിയോട് ഉള്ളു തുറക്കാം. വിഷാദം കൂടുതല്‍ തോന്നുന്നുവെങ്കില്‍ മാനസികാരോഗ്യ സഹായവും തേടാം. സ്വയം കൊല്ലുന്നത് നീട്ടിവയ്ക്കാന്‍ ശീലിക്കാം. ജീവിതത്തിന്റെ വെളിച്ചം തെളിഞ്ഞുവരാന്‍ കുറച്ചുനേരം ഇങ്ങനെ കൊടുക്കണം. അപ്പോള്‍ നേട്ടം ജീവിതം തന്നെയാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com