അദ്ധ്യാപന വഴിയില്‍ നിന്ന് നഗരസാരഥ്യത്തിലേക്ക്

ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയറായി ചുമതലയേറ്റു. എഴുപതുകളിലാണ് തൃശൂരില്‍നിന്നും കോഴിക്കോട് നഗരത്തിലേക്കു പഠനത്തിനായി ബീനാ ഫിലിപ്പ് എത്തുന്നത്
ബീന ഫിലിപ്പ്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ബീന ഫിലിപ്പ്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയറായി ചുമതലയേറ്റു. എഴുപതുകളിലാണ് തൃശൂരില്‍നിന്നും കോഴിക്കോട് നഗരത്തിലേക്കു പഠനത്തിനായി ബീനാ ഫിലിപ്പ് എത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം നിഷിദ്ധമായിരുന്ന കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ എസ്.എഫ്.ഐയുടെ യൂണിറ്റുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങുന്നത് ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു. തൃശൂരിലെ പഴയകാല സഖാവ് എം.ജെ. ഫിലിപ്പിന്റെ മകള്‍ ആ പാര്‍ട്ടി പാരമ്പര്യം കോഴിക്കോട്ടും തുടര്‍ന്നു. വിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. അദ്ധ്യാപക സംഘടനകളിലൂടെയുള്ള പ്രവര്‍ത്തനം തുടര്‍ന്നു. രാജ്യാന്തരതലത്തില്‍ അംഗീകാരങ്ങള്‍ നേടിയ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയാണ് അദ്ധ്യാപനത്തില്‍നിന്നു വിരമിച്ചത്. വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയ ബീന ടീച്ചര്‍ കോഴിക്കോടിന്റെ മേയറുമായി. നാടക-കലാരംഗങ്ങളിലും കഴിവ് തെളിയിച്ച ബീനാ ഫിലിപ്പ് പുതിയ ചുമതലയേയും കോഴിക്കോടിന്റെ വികസനത്തേയും ആദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനത്തേയും കുറിച്ച് സംസാരിക്കുന്നു. ഒപ്പം അച്ഛന്റെ ഓര്‍മ്മകളും.

കോഴിക്കോടിന്റെ മേയര്‍ 

കോഴിക്കോട് പൊറ്റമ്മല്‍ വാര്‍ഡില്‍നിന്നാണ് ബീനാ ഫിലിപ്പ് ജയിച്ചത്. 652 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയം. കഴിഞ്ഞ 45 വര്‍ഷമായി ഇടതുപക്ഷത്തിന്റേതാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. ആ ഭരണത്തുടര്‍ച്ചയിലേക്ക് ബീന ടീച്ചറിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലും അധികാരമേറ്റു. ''ഇത് ഒരു തുടര്‍ച്ചയാണ്; ഇടതുപക്ഷത്തിന്റെ. കഴിഞ്ഞ കൗണ്‍സില്‍ കണ്ടുവെച്ചതും ചെയ്തു പൂര്‍ത്തിയാക്കാന്‍ പറ്റാത്തതും പുതുതായി ചെയ്യാനുമുള്ള കാര്യങ്ങളുണ്ട്. പ്രകടനപത്രികയില്‍ എല്ലാം പറഞ്ഞിട്ടുണ്ട്. അതാണ് പ്രഥമ പരിഗണന. അതിനൊപ്പം പുതിയ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ഒരു തുടര്‍പ്രവര്‍ത്തനം ആയിരിക്കും ഉണ്ടാകുക'' -മേയര്‍ ബീനാ ഫിലിപ്പ് പറയുന്നു.

''എത്ര നമ്മള്‍ ശ്രമിച്ചാലും നമുക്കു വികസനം പൂര്‍ത്തിയായി എന്നു പറയാന്‍ കഴിയില്ല. ഞാന്‍ വന്നപ്പോള്‍ കണ്ട കോഴിക്കോടില്‍നിന്ന് ഇപ്പോഴത്തെ കോഴിക്കോടിന് ഒത്തിരി വ്യത്യാസമുണ്ട്. കോഴിക്കോടിന്റെ വൃത്തിയായിരിക്കണം പുറത്തുനിന്നു വരുന്ന ഒരാള്‍ ആദ്യം ശ്രദ്ധിക്കുക. നഗരം എത്രയോ മാറിയെങ്കിലും പല സ്ഥലത്തും മാലിന്യക്കൂമ്പാരങ്ങള്‍ ഇപ്പോഴും കാണാന്‍ പറ്റും. ഓരോ വ്യക്തിക്കും ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നഗരത്തില്‍ വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണം. അത് ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ കുറേ മാലിന്യങ്ങള്‍ പൊതുസ്ഥലത്തുനിന്നു മാറിക്കിട്ടും. വ്യക്തിശുചിത്വം ഇത്രയേറെ പാലിച്ചിട്ടും നമുക്കു സാമൂഹ്യശുചിത്വം കുറവാണ്. ഇത് ഒരു ബോധവല്‍ക്കരണം കൊണ്ടേ സാധിക്കൂ. സ്വന്തം പറമ്പുള്ളവര്‍ കഴിയുന്നത്ര അവരവരുടെ മാലിന്യം അവിടെത്തന്നെ കുഴിച്ചുമൂടണം. വീടിന്റെ ചുറ്റിലുമുള്ള എല്ലാ ഭാഗവും സിമന്റിട്ട് വെയ്ക്കുന്നതാണ് പൊതുവേ കാണുന്ന രീതി. അങ്ങനെ ചെയ്യാതെ കുറച്ചു ഭാഗമെങ്കിലും മണ്ണ് വെയ്ക്കണം. ബോധവല്‍ക്കരണംകൊണ്ട് നമുക്കു സാധിക്കുന്നതേയുള്ളൂ അതൊക്കെ. ഞെളിയന്‍ പറമ്പിലെ മാലിന്യപ്ലാന്റിന്റെ പണിതുടങ്ങിക്കഴിഞ്ഞു. ഒരു വര്‍ഷംകൊണ്ട് ആ പ്ലാന്റ് സജീവമാകും. എന്തു കാര്യം ചെയ്താലും കേടാവുമ്പോള്‍ കൃത്യമായി അറ്റകുറ്റപണി നടത്തിയോ പുതിയതു സ്ഥാപിച്ചോ അതിനെ നിലനിര്‍ത്തികൊണ്ടുപോകുക എന്നതാണ് പ്രധാനം. എന്നാലെ ജനങ്ങള്‍ക്ക് ഇത്തരം പദ്ധതികളില്‍ വിശ്വാസമുണ്ടാകൂ. എങ്കിലെ അവരും ഇതിനൊപ്പം നില്‍ക്കുകയുള്ളൂ. അഴുക്കുചാലുകളും കനാലുകളും തോടുകളും വെള്ളം ഒഴുകിപ്പോകുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പറ്റണം. നഗരത്തില്‍ ഒരിടത്തും അഴുക്കുവെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ഒരു മാസ്റ്റര്‍പ്ലാനിലൂടെ ഇതു സാധ്യമാക്കണം.

നഗരത്തില്‍ മനുഷ്യര്‍ക്കു സ്വസ്ഥമായി ഒരുമിച്ച് ഇരിക്കാനുള്ള സ്ഥലം ഉണ്ടാവണം. നടക്കാനും വ്യായാമം ചെയ്യാനും ഇതുപയോഗിക്കാന്‍ പറ്റും. പലയിടത്തും പാര്‍ക്കുകള്‍ സ്ഥാപിക്കാനായി മാറ്റിവെച്ച സ്ഥലങ്ങളൊക്കെ വിറ്റഴിക്കുകയാണ്. അത്തരം ഇടങ്ങള്‍ നമുക്കുണ്ടാവണം. നമ്മുടെ സാമൂഹ്യജീവിതത്തേയും ബന്ധങ്ങളേയും ദൃഢതയുള്ളതാക്കാന്‍ ഇത്തരം സ്ഥലങ്ങള്‍ ആവശ്യമാണ്. മതിലിനുള്ളിലൊതുങ്ങുന്നവരെ ഇങ്ങനെ മതിലിനു പുറത്തേക്കു കൊണ്ടുവരണം എന്ന ഒരാഗ്രഹമുണ്ട്.

പരമ്പരാഗത സ്വഭാവം സൂക്ഷിക്കുന്ന ആളുകളാണ് കോഴിക്കോട്ടുകാര്‍ എന്നൊരു തോന്നലുണ്ട്. ആ രീതി തെറ്റൊന്നുമല്ല. എന്നാല്‍, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കയറി അഭിപ്രായം പറഞ്ഞു വഷളാക്കുന്ന രീതി ശരിയല്ല. ആളുകള്‍ എന്തു ധരിക്കുന്നു എന്നൊക്കെ നോക്കുന്ന ഒരു സ്വഭാവം പണ്ട് കോഴിക്കോട് ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്‍നിന്നൊക്കെ ഒരുപാട് മാറി. വ്യക്തിസ്വാതന്ത്ര്യം ഉണ്ടാവണം. മിടുക്കികളായി പോകുന്ന പെണ്‍കുട്ടികളെ കുറ്റകരമായ ഒരു കണ്ണോടുകൂടി കാണുന്നത് ഇല്ലാതാവണം. സദാചാര അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയണം. അതിനുള്ള ഒരു ബോധവല്‍ക്കരണം ഉണ്ടാവണം.

50 വയസ്സു കഴിഞ്ഞ സ്ത്രീകളിലെ കലാവാസനകള്‍ പുറത്തെത്തിക്കാനുള്ള ഇടങ്ങള്‍ ഉണ്ടാക്കണമെന്നത് ഒരാഗ്രഹമാണ്. ചെറുപ്പത്തില്‍ എന്തൊക്കെയോ കഴിവുകളുണ്ടായിരുന്നവര്‍ അതൊക്കെ മനസ്സില്‍ ഒതുക്കി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള കൂട്ടായ്മകളും സ്ഥലങ്ങളും ഉണ്ടാക്കണം. രോഗങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും തുറന്ന ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ സ്വയംസഹായ ഗ്രൂപ്പുകള്‍ ഉണ്ടാക്കണം. കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അതാതിടങ്ങളില്‍ ഇതിനു മേല്‍നോട്ടം വഹിക്കാം. ഇതൊന്നും വലിയ ചെലവേറിയ കാര്യങ്ങളല്ല. ചെറിയ മാറ്റങ്ങളിലൂടെ അത്തരം സംസ്‌കാരങ്ങളിലേക്കു നമുക്കെത്താന്‍ കഴിയണം.'' നഗരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ടീച്ചര്‍ പറയുന്നു.

രാഷ്ട്രീയം തുടങ്ങിയ കോഴിക്കോട് 

1970-കളിലാണ് ബീനാ ഫിലിപ്പ് തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍നിന്നും കോഴിക്കോട് നഗരത്തില്‍ എത്തുന്നത്; പത്താംക്ലാസ്സിനുശേഷം. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബീന പഠിത്തത്തില്‍ ശ്രദ്ധിക്കാതെ വരുമോ എന്ന അച്ഛന്റെ ആശങ്കയാണ് കോഴിക്കോട്ടെ കോളേജിലേക്ക് എത്താന്‍ കാരണം. ചെറിയച്ഛനൊപ്പമായിരുന്നു ഇവിടെ താമസം. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് പ്രീഡിഗ്രി പഠിച്ചത്. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ഡിഗ്രിക്കു ചേര്‍ന്നതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ഈ ക്യാംപസിലും വേണം എന്നൊരു ചിന്ത വന്നത്. രാഷ്ട്രീയമില്ലാതിരുന്ന ആ ക്യാംപസില്‍ കമ്യൂണിസ്റ്റുകാരനായ എം.ജെ. ഫിലിപ്പിന്റെ മകള്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് എസ്.എഫ്.ഐ. യൂണിറ്റ് ഉണ്ടാക്കി. അങ്ങനെ ക്യാംപസ് രാഷ്ട്രീയത്തിലേക്ക്.

''1975-'78 കാലത്താണ് ഞാന്‍ അവിടെ പഠിച്ചത്. ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജ് ആയിരുന്നതിനാല്‍ അവിടെ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പൊക്കെ ഉണ്ടായിരുന്നു. ക്യാംപസില്‍ രാഷ്ട്രീയം വേണം എന്ന് അവിടെ പോയപ്പോഴെ തോന്നിയിരുന്നു. ഒരു യൂണിറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുറച്ചു കുട്ടികളെ സംഘടിപ്പിച്ചു. പാര്‍ട്ടിയില്‍ അറിയിച്ചു. ജില്ലാ കമ്മിറ്റിയില്‍നിന്നൊക്കെ സഖാക്കള്‍ വന്നു സഹകരിച്ചു. ദാമോദരനാണ് അന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി. ഏറെക്കാലം കേരളത്തിലെ വിവിധ കോളേജുകളില്‍ എസ്.എഫ്.ഐ. യൂണിറ്റുകളുണ്ടാക്കാന്‍ ഒത്തിരി പരിശ്രമിച്ചയാളായിരുന്നു ദാമോദരന്‍. അവരൊക്കെ കോളേജില്‍ വരും. ഞങ്ങളുടെ ഈ കൂടിച്ചേരല്‍ സിസ്റ്റര്‍മാര്‍ അറിഞ്ഞു. കോളേജിന്റെ മതിലിനടുത്ത് ഒരു പെട്ടിക്കടയുണ്ട്. കുട്ടികള്‍ രാഷ്ട്രീയമായി സംഘടിക്കുന്നുണ്ടെന്ന് അവര്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഞങ്ങള്‍ക്കു പുറത്തേക്കു പോകാന്‍ ഗേറ്റ് തുറന്നുകൊടുക്കരുതെന്നു വാച്ച്മാനോട് സിസ്റ്റേഴ്‌സ് പറഞ്ഞു. ജില്ലാകമ്മിറ്റിയില്‍നിന്ന് ഇവര്‍ വന്ന ദിവസം പുറത്തേക്കു പോകാന്‍ പറ്റിയില്ല. വാച്ച്മേനോട് പറഞ്ഞിട്ടും ഗേറ്റ് തുറന്നുതന്നില്ല. പിന്നെ ഒറ്റവഴിയെ ഉള്ളൂ, മതിലുചാട്ടം. അങ്ങനെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഭാഗത്തേക്കുള്ള മതില് ചാടി. ഗ്രൗണ്ടിന്റെ ഗേറ്റ് റോഡിലേക്കാണ് തുറക്കുന്നത്. അതുവഴി പുറത്തു കടന്നു മീറ്റിങ്ങ് കൂടി. അങ്ങനെ ഒക്കെയായിരുന്നു അന്ന് യൂണിറ്റ് ഉണ്ടാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്.

നാടകം, സിനിമയിലേക്കുള്ള വിളി 

''മലപ്പുറത്ത് അമ്മച്ചിയുടെ വീട്ടില്‍നിന്നാണ് ഏഴാംക്ലാസ് വരെ പഠിച്ചത്. അവിടെ സ്‌കൂള്‍ ലീഡറായിരുന്നു. ഡാന്‍സ്, പാട്ട്, നാടകം, പ്രസംഗം എല്ലാത്തിലും ഉണ്ടായിരുന്നു. പിന്നീട് വീടിനടുത്തുള്ള കോണ്‍വെന്റിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അവിടെയും കലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സ്‌കൂള്‍ ലീഡറും ഗൈഡ് ക്യാപ്റ്റനുമായി. കോണ്‍വെന്റിലായതുകൊണ്ട് പള്ളിയില്‍ ഫീസ്റ്റ് നടക്കുമ്പോഴൊക്കെ പ്രസംഗം, പാട്ട് എന്നിവയ്‌ക്കൊക്കെ സിസ്റ്റേഴ്‌സ് എന്നെ കൊണ്ടുപോകും. അങ്ങനെയാണ് അച്ഛന്‍ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എന്നെ ഇവിടെനിന്നു മാറ്റണം എന്നു ചെറിയച്ഛനോട് പറഞ്ഞത്. കോഴിക്കോട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലായിരുന്നു എന്റെ ചെറിയച്ഛന്‍. 

ഇവിടെയും പക്ഷേ, കലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും മികച്ച മത്സരയിനങ്ങള്‍ അന്ന് മാനാഞ്ചിറയില്‍ വലിയ സ്റ്റേജില്‍ അവതരിപ്പിക്കും. നാടക-സിനിമാരംഗത്തെ ഒത്തിരിപ്പേര്‍ അതു കാണാനെത്തും. പൊതുജനങ്ങളുമുണ്ടാകും. അവിടെ ഞങ്ങളുടെ നാടകവും അവതരിപ്പിച്ചു. യൂസഫലി കേച്ചേരിയുടെ വനദേവത എന്ന സിനിമയില്‍ ഓഫര്‍ വരുന്നത് ആ സമയത്തായിരുന്നു. പക്ഷേ, അന്നു സിനിമയിലേക്കു പോയില്ല. എസ്.എസ്.എല്‍.സി. കഴിഞ്ഞ സമയത്ത് ചെറിയച്ഛന്‍ എടുത്ത എന്റെ ഫോട്ടോ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവര്‍ചിത്രമായും വന്നിരുന്നു. ബി.എഡിന് മൈസൂര്‍ റീജിയണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍ പഠിച്ചപ്പോഴും നാടകം തുടര്‍ന്നു. അന്ന് എന്‍.എന്‍. പിള്ളയുടെ 'ഗറില്ല' ആയിരുന്നു അവതരിപ്പിച്ചത്. അക്കാമ്മയുടെ കഥാപാത്രമാണ് ഞാന്‍ ചെയ്തത്. അതിനും വലിയ അംഗീകാരം കിട്ടിയിരുന്നു.''

മേയർ കസേരയിൽ
മേയർ കസേരയിൽ

സഖാവിന്റെ മകള്‍ 

തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു ബീന ഫിലിപ്പിന്റെ അച്ഛന്‍ എം.ജെ. ഫിലിപ്പ്. 20 വര്‍ഷത്തോളം സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടിയേറ്റ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് പാര്‍ട്ടി ശക്തിപ്പെടുത്തിയ സഖാവ്. രാഷ്ട്രീയബോധമുള്ള നിരവധി ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും നേതൃത്വത്തിലേക്കു കൊണ്ടുവരികയും ചെയ്തയാളായിരുന്നു എം.ജെ. ഫിലിപ്പ്. 

''അച്ഛന്റെ ചേട്ടന്മാരും രാഷ്ട്രീയത്തിലുണ്ടായിരുന്നു. അച്ഛന്റെ തൊട്ട് മൂത്ത ചേട്ടന്‍ എം.ജെ ജോണ്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും വലിയ പ്രാസംഗികനുമായിരുന്നു. അച്ഛനും അതേ പാതയിലായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനത്തിനിടയില്‍ അച്ഛനു പലപ്പോഴും ഒളിവില്‍ പോകേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച സമയത്ത് അച്ഛന്‍ കോഴിക്കോട് വന്ന് വയനാട്, കുടക് എന്നിവിടെയൊക്കെയായിരുന്നു ഒളിവില്‍ കഴിഞ്ഞത്. അച്ഛന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കുടുംബത്തേയും ബാധിച്ചിരുന്നു. മുഴുവന്‍ സമയം രാഷ്ട്രീയം ആയതോടെ കൃഷിയൊന്നും നോക്കിനടത്താതെയായതോടെ ഞങ്ങളുടെ കാര്യവും വിഷമത്തിലായിരുന്നു. പാര്‍ട്ടിയിലും കുടുംബത്തിലുമുണ്ടായ പ്രയാസങ്ങളും പിന്നീട് വന്ന അസുഖവും ഒക്കെ അച്ഛനെ നിരാശനാക്കിയിരുന്നു. അച്ഛന്‍ ഒത്തിരിപ്പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. നന്നായി വായിക്കും. സൈദ്ധാന്തികനായിരുന്നു. അവസാനകാലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. 1998-ല്‍ അച്ഛന്‍ മരിച്ചു.

കോഴിക്കോട് വന്ന് യൂണിറ്റ് ഉണ്ടാക്കുമ്പോഴും ഉള്ളിലുണ്ടായിരുന്നത് അച്ഛന്‍ കൊണ്ടുനടന്ന ആ കനലായി രുന്നു. അതിലുള്ള വിശ്വാസം ഒരിക്കലും നശിക്കരുതെന്നുണ്ട്. കാരണം ആ പ്രത്യയശാസ്ത്രം നശിച്ചാല്‍ മനുഷ്യനു നിലനില്‍പ്പുണ്ടാകില്ല. എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന, അഴിമതിക്കതീതമായി നല്ല മനുഷ്യരുണ്ടാകുന്നിടത്താണ് കമ്യൂണിസം ഉണ്ടാകുന്നത്. ശബരിമല വിഷയത്തില്‍ വനിതാമതിലിനു പോയ സമയത്തൊക്കെ ചിലയിടങ്ങളില്‍നിന്നു വിമര്‍ശനമുണ്ടായിരുന്നു. ബീനാ 'ഫിലിപ്പ്' എന്നത് പരോക്ഷമായി ഞാന്‍ ക്രിസ്ത്യനാണെന്നു സൂചിപ്പിക്കാന്‍ ഉപയോഗിച്ചവരുണ്ട്. ഞങ്ങളില്‍പ്പെട്ടവരല്ല എന്നു സൂചിപ്പിക്കാന്‍. അതൊക്കെ ഞാന്‍ ആദ്യമായി അനുഭവിച്ചത് ഈ അറുപത്തിരണ്ടാമത്തെ വയസ്സിലാണ്. ബീന ടീച്ചര്‍ ഒരു ക്രിസ്ത്യാനിയാണ്, അതുകൊണ്ടുതന്നെ വ്യത്യസ്തയാണ് എന്ന അനുഭവം എനിക്ക് ഉണ്ടാവുന്നത് ഈ അടുത്തകാലത്താണ്. ഈ വീട്ടില്‍ രാമായണവും മഹാഭാരതവും ഒക്കെയുണ്ട്. ഓംകാരം കേള്‍ക്കുമ്പോഴും മണിയുടെ ശബ്ദം കേള്‍ക്കുമ്പോഴും ബാങ്ക് വിളി കേള്‍ക്കുമ്പോഴും ഒക്കെ എനിക്ക് ഒരേ വികാരമാണ്'' - ബീന ടീച്ചര്‍ പറയുന്നു.

പിന്നിട്ട വഴികളിലെ രാഷ്ട്രീയവും കലയും അദ്ധ്യാപനവും അനുഭവവും നല്‍കിയ ഊര്‍ജ്ജത്തില്‍ പുതിയ ഉത്തരവാദിത്വത്തിലേക്ക് ഡോ. ബീനാ ഫിലിപ്പ് എത്തുകയാണ്. പുതിയ മാറ്റങ്ങള്‍ കാത്ത് കോഴിക്കോടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com