ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?

ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ്
എംഎം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
എംഎം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

നവിധിയിലെ അപ്രതീക്ഷിത മാറ്റങ്ങളുടെ അമ്പരപ്പാണ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ കണ്ടത്.   ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ്. ലോക്സഭയിലേക്ക് ഇരുപതില്‍ 19 സ്ഥാനാര്‍ത്ഥികളേയും ജയിപ്പിച്ച യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം കിട്ടിയത്. കേരളത്തിലെ പതിവു രീതിയനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ച് യു.ഡി.എഫ് ഭരണത്തില്‍ വരേണ്ടതാണ്. എന്നാല്‍, ഇതാദ്യമായി ഒരു ഭരണത്തുടര്‍ച്ചയുടെ പ്രതീതി ശക്തം. 

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്നു തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ആവര്‍ത്തിച്ചു പറയുന്നു. പക്ഷേ, പതിവിനേക്കാള്‍ തമ്മിലടി ഇത്തവണ രൂക്ഷമാണ്. ഹൈക്കമാന്‍ഡ് വിലക്കിയിട്ടും ഗ്രൂപ്പുകൊണ്ടും വാക്കുകൊണ്ടും ഫ്‌ലക്‌സുകൊണ്ടും വാര്‍ത്തകള്‍കൊണ്ടും പരസ്പരം പൊരുതുന്നു. ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുകയാണ് ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ലക്ഷ്യം. ഇടക്കാലത്ത് ആരോഗ്യസ്ഥിതി മോശമായ ഉമ്മന്‍ ചാണ്ടി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും ഇടയില്ല എന്ന സൂചനകള്‍ സജീവമായിരുന്നു. മാസങ്ങളോളം പൊതുരംഗത്ത് ഉണ്ടായിരുന്നുമില്ല. പക്ഷേ, തിരിച്ചുവന്ന ശേഷം രണ്ടു ചോദ്യങ്ങള്‍ക്കാണ് ഒഴിഞ്ഞുമാറാതെ ഉത്തരം നല്‍കിയത്. ഒന്ന്, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? രണ്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരായിരിക്കും. യു.ഡി.എഫിനെ നയിക്കുക? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും, യു.ഡി.എഫിനെ നയിക്കേണ്ടത് ആരാണെന്ന് മുന്നണി തീരുമാനിക്കും എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍.  

'പൊരുതുന്ന പ്രതിപക്ഷ നേതാവ്' ആകാനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കിയാണ് രമേശ് ചെന്നിത്തല അതിനെ മറികടക്കാന്‍ ശ്രമിച്ചത്. വാര്‍ത്താസമ്മേളനങ്ങള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍, യാത്രകള്‍, ഇടപെടലുകള്‍ എന്നിവയിലൂടെ  അദ്ദേഹം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. ഈ വാര്‍ത്താസമ്മേളനങ്ങളെക്കുറിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയില്‍ ചില നേതാക്കള്‍ 'അരോചകം' എന്നു പറഞ്ഞത്. കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം) മുന്നണി വിട്ടതോടെ മധ്യകേരളത്തിലെ യു.ഡി.എഫ് വോട്ടുകളില്‍ വലിയൊരു ഭാഗം  ഇല്ലാതായപ്പോള്‍ നിശ്ശബ്ദനായിരുന്നു ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ നേതൃത്വം പരമാവധി വഷളാക്കട്ടെ എന്നു തീരുമാനിച്ച ഭാവമായിരുന്നു അദ്ദേഹത്തിന്. 

വളഞ്ഞിട്ട് ആക്രമിക്കാന്‍ താനെന്തു തെറ്റുചെയ്തു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനനായത് മറ്റൊരു കാഴ്ച. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനു മുന്‍കയ്യെടുത്തതു ന്യായീകരിക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്റെ പെടാപ്പാടാണ് മറ്റൊരു കാഴ്ച. കെ. സുധാകരനും കെ. മുരളീധരനും ആഗ്രഹിക്കുന്നത് കെ.പി.സി.സി പ്രസിഡന്റാകാന്‍. വി.ഡി. സതീശന്‍ അടുത്ത ധനകാര്യമന്ത്രിയാകാന്‍ ഉറപ്പിച്ചു നീങ്ങുന്നു. ഇതൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള കോണ്‍ഗ്രസ്. ഇതിനിടയിലാണ് അടുത്ത തെരഞ്ഞെടുപ്പിനുശേഷം നിയമസഭയില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ കക്ഷിയായി ലീഗ് മാറിയേക്കും എന്ന തീപ്പൊരിയിടാന്‍ സി.പി.എം ശ്രമിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കാനുള്ള തീരുമാനം വന്നതോടെ ആ ചര്‍ച്ചയ്ക്കു ശക്തി വര്‍ദ്ധിച്ചു.  

ഉമ്മൻ ചാണ്ടി, എകെ ആന്റണി, രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
ഉമ്മൻ ചാണ്ടി, എകെ ആന്റണി, രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

സുധാകരന്റെ ഫ്‌ലക്‌സ് മുരളീധരന്റെ പദവി 

കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്നു ഫ്‌ലക്‌സ് വയ്പിക്കുക, അത് പ്രവര്‍ത്തകരുടെ വികാരമാണെന്നു പറയുക തുടങ്ങിയ കാര്യങ്ങളാണ് സുധാകരന്റെ മിനിമം പരിപാടി. മുല്ലപ്പള്ളിയെ മാറ്റിയാല്‍ ഈഴവ സമുദായത്തില്‍നിന്നുതന്നെ പുതിയ പ്രസിഡന്റാകും എന്നു പ്രചരിപ്പിക്കുന്നുമുണ്ട്. പക്ഷേ, ബി.ജെ.പിയില്‍ ചേരാന്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് കോണ്‍ഗ്രസ്സില്‍നിന്നുതന്നെ പുറത്തുവന്ന വെളിപ്പെടുത്തല്‍ തലയ്ക്കുമീതെ നില്‍ക്കുന്നു. മുതിര്‍ന്ന നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് മാന്യമായ ഒരു യാത്രയയപ്പുപോലും നല്‍കാതെ ഇറക്കിവിട്ട് 2001-ല്‍ കെ.പി.സി.സി പ്രസിഡന്റാകാന്‍ തിടുക്കം കാട്ടിയ നേതാവാണ് കെ. മുരളീധരന്‍. അതേ മുരളീധരന്‍ പറയുന്നു, പാര്‍ട്ടി പറഞ്ഞാല്‍ ഏതു പദവിയും ഏറ്റെടുക്കും. 

തെരഞ്ഞെടുപ്പു ഫലം വന്ന പിറ്റേന്നുതന്നെ കെ.പി.സി.സി രാഷ്ട്രീയ നിര്‍വ്വാഹക സമിതി ചേര്‍ന്നു. പിന്നെ കെ.പി.സി.സി സെക്രട്ടറിമാരുടേയും ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടേയും യോഗം. എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന ജില്ല തിരിച്ചുള്ള അവലോകന യോഗങ്ങള്‍. അങ്ങനെ യോഗങ്ങളുടെ പരമ്പര. ഇത്രയുമായപ്പോഴേക്കും കേരളത്തിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സംഘവും എത്തി. വിവിധ നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍. നേതാക്കളെല്ലാം ഒറ്റക്കൊറ്റയ്ക്കു പരാതി പറഞ്ഞതു മറ്റുള്ളവരെക്കുറിച്ചാണെന്നു വന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം വീണ്ടും ചേരും.

തിരുത്തല്‍ ശ്രമങ്ങള്‍ തുടങ്ങുന്നു എന്നു പറയുന്നുണ്ടെങ്കിലും തോല്‍വി സമ്മതിക്കുന്നു എന്ന സൂചനകളല്ല ആദ്യഘട്ട യോഗങ്ങള്‍ക്കു ശേഷം പുറത്തുവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം അതേപടി നില്‍ക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കുമെന്നുമുള്ള അവകാശവാദത്തിനാണ് മുന്‍തൂക്കം. ഇതിനിടയിലൂടെ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്താന്‍ വേണ്ടതൊക്കെ ചെയ്യുന്നുമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് ശക്തിപ്പെടുത്താന്‍ പ്രത്യേകിച്ചാര്‍ക്കുമൊരു താല്‍പ്പര്യവും കാണുന്നില്ല. തോല്‍വിയുടെ പേരില്‍ മുല്ലപ്പള്ളിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഹൈക്കമാന്റ് അതിനു വഴങ്ങാത്തതിലാണ് ഗ്രൂപ്പുകളുടേയും ഒറ്റയാന്‍ നേതാക്കളുടേയും പ്രധാന വിഷമം. അവര്‍ക്ക് തല്‍ക്കാലത്തേക്ക് ഒരു ബലിയാടിനെ ആയിരുന്നു വേണ്ടത്. 

ചരിത്രത്തിലെ ഗ്രൂപ്പും ചേരിപ്പോരും 

കെ. കരുണാകരനും (ഐ) എ.കെ. ആന്റണിയുമാണ് (എ) കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പു പോരിനു നേതൃത്വം നല്‍കിയവര്‍. പക്ഷേ, അപ്പോഴും പാര്‍ട്ടിയുടെ അടിത്തറ തകരാതിരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചു. കോണ്‍ഗ്രസ്സിന്റെ അയഞ്ഞ സംഘടനാ ചട്ടക്കൂട് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു യോജിച്ചതുമാണ്. എങ്കിലും പാര്‍ട്ടി എന്ന വികാരം ഗ്രൂപ്പുകള്‍ക്കു മുകളിലായിരുന്നു. ഗ്രൂപ്പുകളുടെ നിയന്ത്രണം അവരില്‍നിന്നു പോയതോടെയാണ് പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യമുണ്ടായത്. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കരുണാകരന്‍-ആന്റണി ഗ്രൂപ്പുകള്‍ കരുത്തരായിരുന്ന കാലമായിരുന്നു. ഐ ഗ്രൂപ്പില്‍നിന്നു കരുണാകരന്‍ നിര്‍ദ്ദേശിച്ച മൂന്നു പേരെ വെട്ടിയാണ് ഡല്‍ഹിയില്‍നിന്നു സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു പ്രചരണവും തുടങ്ങി. പക്ഷേ, കരുണാകരന്‍ അയഞ്ഞില്ല. സ്വന്തം ഗ്രൂപ്പുകാര്‍ക്കുവേണ്ടി അദ്ദേഹം ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ശക്തമാക്കി. അവഗണിച്ചാല്‍ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് കരുണാകരന്‍ ഉണ്ടാകില്ല എന്ന സ്ഥിതി. ഒടുവില്‍ അദ്ദേഹം പിടിച്ചിടത്തുതന്നെ കാര്യങ്ങള്‍ എത്തി. ആറന്മുളയില്‍ മാലേത്ത് സരളാ ദേവി, സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി. അപ്പച്ചന്‍, വടക്കേക്കരയില്‍ എം.എ. ചന്ദ്രശേഖരന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളായി. ആദ്യ ചുമരെഴുത്തുകള്‍ മായ്ചു പുതിയത് എഴുതി. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും മാത്രമല്ല എല്‍.ഡി.എഫും മാധ്യമങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലങ്ങളായി ഇവ മാറി. മൂന്നുപേരും ജയിച്ചു എന്നതാണ് പ്രത്യേകത. അസാധാരണ തീരുമാനമെടുത്ത് ഒരു വിഭാഗം പ്രവര്‍ത്തകരേയും നാട്ടുകാരേയും വെറുപ്പിച്ചിട്ടുപോലും ഇടയ്ക്കു വന്നവരെ ജയിപ്പിക്കാന്‍ പോന്ന സംഘടനാശേഷി കോണ്‍ഗ്രസ്സിനു വേണമെങ്കില്‍ പുറത്തെടുക്കാനാകും എന്നതിനു തെളിവായാണ് ആ വിജയങ്ങള്‍ മാറിയത്. പക്ഷേ, കെ. മുരളീധരനും ഉമ്മന്‍ ചാണ്ടിയും മുഖാമുഖം വന്നതോടെ അതേ നിയമസഭയുടെ കാലത്തുതന്നെ ഈ മൂന്നുപേരുള്‍പ്പെടെ ഒന്‍പത് എം.എല്‍.എമാര്‍ രാജിവച്ച് ഗ്രൂപ്പ് കൂറ് കാണിക്കേണ്ടിവന്നു. അത് അവരില്‍ ഭൂരിഭാഗം പേരുടേയും രാഷ്ട്രീയ ജീവിതത്തിനുതന്നെ അന്ത്യം കുറിക്കാനും ഇടയാക്കി. മാലേത്തു സരളാദേവി, എം.എ. ചന്ദ്രശഖരന്‍, എന്‍.ഡി. അപ്പച്ചന്‍ എന്നിവരെക്കൂടാതെ ടി.വി. ചന്ദ്രമോഹന്‍ (കുന്ദംകുളം), എം.പി. ഗംഗാധരന്‍ (പൊന്നാനി), രാധാ രാഘവന്‍ (നോര്‍ത്ത് വയനാട്), പി. ശങ്കരന്‍ (കൊയിലാണ്ടി), ശോഭനാ ജോര്‍ജ് (ചെങ്ങന്നൂര്‍), ഡി. സുഗതന്‍ (അമ്പലപ്പുഴ) എന്നിവരാണ് ഡി.ഐ.സി രൂപീകരണത്തിന്റെ ഭാഗമായി 2005 ജൂലൈ അഞ്ചിനു നിയമസഭാംഗത്വം രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍. 

അതിരൂക്ഷ പോരിന്റെ കാലത്തും പാര്‍ട്ടിയുടെ അടിത്തറ തകരാതിരിക്കാനുള്ള ജാഗ്രത ഗ്രൂപ്പു നേതാക്കള്‍ നിലനിര്‍ത്തിയതിനു നേരെ വിപരീതമായിരുന്നു ഇത്. ആന്റണിയുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് വിട്ടതും കോണ്‍ഗ്രസ് എസ് രൂപീകരിച്ചതും ദേശീയതലത്തില്‍ ഇന്ദിരാഗാന്ധിക്കെതിരായ നിലപാടിന്റെ ഭാഗമായിരുന്നു. അവര്‍ ഇടതുമുന്നണിയുടെ ഭാഗമായി മാറുകയും ഇ.കെ. നായനാര്‍ സര്‍ക്കാരില്‍ ചേരുകയും ചെയ്തു. എന്നാല്‍, രണ്ടു വര്‍ഷമായപ്പോഴേയ്ക്കും ഇല്ലാത്ത ക്രമസമാധാന തകര്‍ച്ച ആരോപിച്ച് നായനാര്‍ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചത് കോണ്‍ഗ്രസ് ഐക്യത്തിനു വേണ്ടിയായിരുന്നു.  കരുണാകരന്റെ നോമിനിയായി കെ.പി.സി.സി പ്രസിഡന്റു സ്ഥാനത്തേയ്ക്കു മത്സരിച്ചു ജയിച്ച വയലാര്‍ രവിക്കുമുണ്ടായിരുന്നു ആ തലമുറയിലെ നേതാക്കളുടെ കരുതല്‍. കോണ്‍ഗ്രസ്സിനു പ്രാധാന്യം നല്‍കിയ ആ കാലത്തിന്റെ അവസാനമായിരുന്നു ഡി.ഐ.സി രൂപീകരണം. ഗ്രൂപ്പു സമവാക്യങ്ങളില്‍ മാറ്റം വന്നതിന്റെ പ്രത്യാഘാതമായി ഡി.ഐ.സി രൂപീകരണത്തിന് ഇടയാക്കിയ പിളര്‍പ്പ് മാറി. അപ്പോഴേക്കും എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയുടെ നിയന്ത്രണത്തിലാവുകയും ഐ ഗ്രൂപ്പ് കെ. മുരളീധരന്റെ ചൊല്‍പ്പടിക്കാവുകയും ചെയ്തിരുന്നു. പിന്നീട് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി ഗ്രൂപ്പു നേതാക്കള്‍. ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വരെ ഗ്രൂപ്പ് മാനേജര്‍മാരുടെ നിയന്ത്രണത്തിലായി. ജില്ലകളിലെ ഗ്രൂപ്പ് മാനേജര്‍മാരുടെ വാക്കുകളായി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വേദവാക്യം. മാനേജര്‍മാര്‍ തരംപോലെ ജാതിയും സമുദായവും ബിസിനസും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി മാറ്റി. കോണ്‍ഗ്രസ് ഉപ്പുവച്ച കലംപോലെ ദ്രവിച്ചു തുടങ്ങുകയും ചെയ്തു.

കെ. മുരളീധരനെ കരുണാകരന്‍ പാര്‍ട്ടി നേതൃത്വത്തിലേക്കും ഗ്രൂപ്പു നേതൃത്വത്തിലേക്കും കൊണ്ടുവരാന്‍ ശ്രമിച്ചതു സൃഷ്ടിച്ച പൊട്ടിത്തെറി കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ, രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസും ജി. കാര്‍ത്തികേയനും നേതൃത്വം നല്‍കിയ തിരുത്തല്‍വാദ ഇടപെടല്‍ കുറേക്കാലത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടലും ചീറ്റലുമുണ്ടാക്കിയതല്ലാതെ രാഷ്ട്രീയമായോ സംഘടനാപരമായോ തിരുത്തലിന് ഇടയാക്കിയില്ല. ഫലത്തില്‍ കിച്ചണ്‍ കോക്കസിന്റെ കുതറല്‍ മാത്രമായി മാറുകയും ചെയ്തു. തിരുത്തല്‍വാദികള്‍ പിന്നീട് വഴിപിരിഞ്ഞു. ജി. കാര്‍ത്തികേയന്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കി, എം.ഐ. ഷാനവാസ് ഒരു ഘട്ടത്തില്‍ കെ. മുരളീധരന്റെ വിശ്വസ്തനായെങ്കിലും ക്രമേണ ഗ്രൂപ്പുകളില്‍നിന്നകന്നു. രമേശ് ചെന്നിത്തല എ.ഐ.സി.സിയുടെ ഭാഗമായി ഡല്‍ഹിക്കു പോയി. മൂന്നാം ഗ്രൂപ്പും വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പും അധികകാലം നിലനിന്നില്ല; എന്നാല്‍, ആ ഗ്രൂപ്പുകളുടെ പേരില്‍ കാര്‍ത്തികേയന്റേയും വയലാര്‍ രവിയുടേയും അടുപ്പക്കാരായ ചില നേതാക്കള്‍ നേട്ടമുണ്ടാക്കാതിരുന്നുമില്ല. എങ്കിലും ഇന്നിപ്പോള്‍ നേതാക്കളുടെ അടുപ്പക്കാരും ഗ്രൂപ്പ് മാനേജര്‍മാരുമായി മാറുന്നവരില്‍നിന്ന് ഈ മൂന്നു നേതാക്കള്‍ക്കു വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു; മൂന്നുപേരും താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചു കയറിവന്നവരായിരുന്നു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് വഴി അദ്ധ്വാനിച്ചു വന്നവര്‍. കരുണാകരന്റെ പ്രതാപകാലത്ത് അദ്ദേഹത്തിന്റെ പാര്‍ശ്വവര്‍ത്തികളാകാന്‍പോലും ഇതു മിനിമം യോഗ്യതയായിരുന്നുതാനും. മറുപക്ഷത്തും അതായിരുന്നു സ്ഥിതി. ആന്റണിയും വയലാര്‍രവിയും ഉമ്മന്‍ ചാണ്ടിയും എം.എം. ഹസ്സനും മറ്റും കെ. എസ്.യു മുതല്‍ നന്നായി പ്രവര്‍ത്തിച്ചാണ് വന്നത്. അവരുടെ പിന്നാലെ വന്ന സഹപ്രവര്‍ത്തകരുടെ സ്ഥിതിയും അതുതന്നെയായിരുന്നു. ഇന്ന് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിലെയോ രമേശ് ചെന്നിത്തല ഗ്രൂപ്പിലെയോ പ്രധാന നേതാക്കളുടെ വിശ്വസ്തരാകാന്‍ രാഷ്ട്രീയ-സംഘടനാ ശേഷി അവശ്യ യോഗ്യതയേ അല്ല. പ്രവര്‍ത്തിച്ചു വന്നവരും രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നവരും ഇല്ലെന്നല്ല, പക്ഷേ, പാര്‍ശ്വവര്‍ത്തികള്‍ അവരെ പാര്‍ശ്വവല്‍ക്കരിച്ചിരിക്കുന്നു. നൂറംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് ഒന്‍പതുപേരെ മാത്രം ജയിപ്പിക്കാന്‍ കഴിഞ്ഞ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെ ഇത്തവണ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച അഞ്ചംഗ സംഘം ഉദാഹരണം. തമ്പാനൂര്‍ രവി, വി.എസ്. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, ട്രിവാന്‍ഡ്രം ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്ന പി.കെ. വേണുഗോപാല്‍ എന്നിവരാണ് ആ സംഘം. 75 വാര്‍ഡുകളിലാണ് അവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായത്. ബി.ജെ.പി ജയിച്ച ചില വാര്‍ഡുകളിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ പരിശോധിച്ചാല്‍ തോല്‍വിയുടേയും പ്രതിസന്ധിയുടേയും ആഴം മനസ്സിലാകും. 

എറണാകുളം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ചുക്കാന്‍ പിടിച്ചത് എന്‍. വേണുഗോപാലും വി.ഡി. സതീശനും ഹൈബി ഈഡനും ഉള്‍പ്പെടുന്ന മൂവര്‍ സംഘം. മുതിര്‍ന്ന നേതാക്കളായ കെ.വി. തോമസും പി.സി. ചാക്കോയും ഉള്‍പ്പെടെ ആരെയും അടുപ്പിച്ചില്ല. തന്റെ വീടുള്‍പ്പെടുന്ന വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയംപോലും അറിയിച്ചില്ലെന്ന് പി.സി. ചാക്കോ കെ.പി.സി.സി യോഗത്തില്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ മേയറായിരുന്ന സൗമിനി ജയിന് സീറ്റു നിഷേധിച്ചത് നായര്‍ സമുദായത്തെ അകറ്റി എന്നാണ് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്. പക്ഷേ, അവരെ അകറ്റിനിര്‍ത്താന്‍ ചില നേതാക്കള്‍ അമിതാവേശം കാണിച്ചു എന്നാണ് വിമര്‍ശനം. ഒടുവില്‍ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോല്‍ക്കുകയും കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിനു ലഭിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ച് വി.ഡി. സതീശന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ മുല്ലപ്പള്ളിയെ ആക്രമിക്കാനാണ് ആവേശം കാട്ടിയത്. ''താങ്കള്‍ കാലഹരണപ്പെട്ട ആളാണ്'' എന്ന് വി.ഡി. സതീശന്‍ കെ.പി.സി.സി പ്രസിഡന്റിനെ അവഹേളിച്ചത് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി.

കെ മുരളീധരൻ
കെ മുരളീധരൻ

പിന്നാക്ക രാഷ്ട്രീയം 

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പിന്നാക്ക സമുദായങ്ങളെ, പ്രത്യേകിച്ച് ഈഴവ സമുദായത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവഗണിച്ചത് പരാജയത്തിന്റെ ആക്കം കൂട്ടി എന്ന വിമര്‍ശനമായിരുന്നു അതില്‍ പ്രധാനം. അതോടെയാണ് ചില നേതാക്കള്‍ രൂക്ഷവിമര്‍ശനത്തിനു തുടക്കമിട്ടത്. 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21893 വാര്‍ഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 600-ല്‍ താഴെയായിരുന്നു. വിശ്വകര്‍മ്മ സമുദായത്തില്‍നിന്ന് അന്‍പതോളം പേര്‍ മാത്രം. മുസ്ലീങ്ങളും വളരെക്കുറവ്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ് എന്നത് കോണ്‍ഗ്രസ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നതു കുറയാന്‍ കാരണമാകരുത് എന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ്സിന് ഈഴവ എം.എല്‍.എമാരില്ല. ആകെ ഉണ്ടായിരുന്ന അടൂര്‍ പ്രകാശ് രാജിവച്ച് ലോക്സഭാംഗമായി. 

യോഗത്തിന്റെ പിറ്റേ ദിവസം, ''ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഞാന്‍ ചെയ്ത തെറ്റെന്താണ്?'' എന്ന് വിലാപസ്വരത്തിലാണ് മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രതികരിച്ചത്. തൊട്ടടുത്ത ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ്സിലെ നേതൃമാറ്റത്തെക്കുറിച്ചു മാധ്യമങ്ങളോട് അഭിപ്രായം പറഞ്ഞു. ഇങ്ങനെ പോയാല്‍ പറ്റില്ലെന്നു മാസങ്ങള്‍ക്കു മുന്‍പേ കെ.പി.എ. മജീദ് പറഞ്ഞത് രമേശ് ചെന്നിത്തലയെ ഉദ്ദേശിച്ചാണെങ്കില്‍ തെരഞ്ഞെടുപ്പു തോല്‍വിയുടെ പിറകെ കുഞ്ഞാലിക്കുട്ടി ഉന്നംവച്ചത് മുല്ലപ്പള്ളിയെ. 

പിറ്റേന്ന്, ഡിസംബര്‍ 19-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  ഫേസ്ബുക്ക് പോസ്റ്റ് വന്നു. ''ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്നു മറ്റൊരു കക്ഷി നിര്‍ദ്ദേശം വെയ്ക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യു.ഡി.എഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു.ഡി.എഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസ്സിനെ ആര് നയിക്കണം എന്നു തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?'' ഈ ചോദ്യം രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതിമാറ്റുകതന്നെ ചെയ്തു. 

യഥാര്‍ത്ഥത്തില്‍ മുല്ലപ്പള്ളി കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ കാമ്പ് മനസ്സിലാക്കിയ മട്ടിലായിരുന്നു പിണറായിയുടെ പോസ്റ്റ്. ഈഴവ സമുദായത്തെ അവഗണിക്കുന്നതിനെതിരെയാണ് മുല്ലപ്പള്ളി ആഞ്ഞടിച്ചെതെങ്കില്‍, അതേ ഈഴവ സമുദായാംഗമായ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ ലീഗ് നടത്തുന്ന ഇടപെടല്‍ തുറന്നുകാട്ടുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. ലീഗുവഴി വന്ന വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ശക്തമായി എതിര്‍ത്തത് മുല്ലപ്പള്ളിയാണ് എന്നതുംകൂടി ഇതുമായി ചേര്‍ത്തു കാണണം. മുഖ്യമന്ത്രി വര്‍ഗ്ഗീയത പറയുന്നുവെന്ന് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രതികരിച്ചു. ഒരുപടികൂടി കടന്ന്, പിണറായി വര്‍ഗ്ഗീയതയുടെ വ്യാപാരിയാണ് എന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്റെ വിമര്‍ശനം. അതിനപ്പുറം ആ പോസ്റ്റിന്റെ രാഷ്ട്രീയം ശരിയായി മനസ്സിലാക്കുന്നതിലും അതിനൊത്ത മറുപടി കൊടുക്കുന്നതിലും യു.ഡി.എഫിനു കഴിഞ്ഞില്ല. കൂടുതല്‍ പറഞ്ഞാല്‍ സ്വയം കുടുങ്ങുമെന്നു തിരിച്ചറിഞ്ഞതാണു കാര്യം.

തെരഞ്ഞെടുപ്പ് അതിന്റെ മെറിറ്റില്‍ നടത്തണമെന്നും എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം എന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. പക്ഷേ, ഗ്രൂപ്പ് മാനേജര്‍മാര്‍ ഇടപെട്ടതോടെ മെറിറ്റ് പറപറന്നു. സംസ്ഥാനത്തെല്ലായിടത്തും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതുതന്നെ ആയിരുന്നു സ്ഥിതി. സാമുദായിക പ്രാതിനിധ്യം പാലിച്ചില്ല. മധ്യതിരുവിതാംകൂറില്‍ വലിയൊരു വിഭാഗം ക്രൈസ്തവര്‍ അകന്നുനിന്നു. ഇടപെടാന്‍ ആരും തയ്യാറായില്ല. ഉമ്മന്‍ ചാണ്ടി ഇടപെട്ടാല്‍ ജോസ് കെ. മാണിയുടെ പാര്‍ട്ടി മുന്നണി വിട്ടതിന്റെ പ്രത്യാഘാതം ലഘൂകരിക്കാന്‍ കുറേയൊക്കെ കഴിയുമായിരുന്നു. പക്ഷേ, വരുന്നതുപോലെ വരട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 

കെ. സുധാകരന്റെ സ്വന്തം നാടായ കണ്ണൂരില്‍ പരക്കെ തോറ്റു. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ ഇരിക്കൂര്‍, പയ്യാവൂര്‍ പഞ്ചായത്തുകളുടെ ഭരണം എല്‍.ഡി.എഫ് പിടിച്ചത് ഉദാഹരണം. കിട്ടിയത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാത്രം. അതിന്റെ മേനിയിലാണ് താന്‍ കൂടി ഉള്‍പ്പെട്ട കെ.പി.സി.സിയെ മാറിനിന്നു കുറ്റം പറഞ്ഞത്. ഫലം വന്ന പിറകേ സുധാകരനാണ് വിമര്‍ശനം തുടങ്ങിവച്ചത്. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം തോല്‍ക്കുക മാത്രം ചെയ്തിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് കിട്ടിയത് മുല്ലപ്പള്ളിയുടെ ഉറച്ച നിലപാടു മൂലമായിരുന്നു. ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായി ചെന്നിറങ്ങിയപ്പോള്‍ നിസ്സഹകരിച്ച മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തേയും പ്രവര്‍ത്തകരേയും അനുനയിപ്പിക്കാന്‍ സംസ്ഥാനനേതൃത്വം വഴി ഇടപെട്ടതും മുല്ലപ്പള്ളിയാണ്. പിന്നീട് ലീഗുകാര്‍ ഉണ്ണിത്താനെ ഏറ്റെടുത്തു വിജയിപ്പിച്ചു. ആ ഉണ്ണിത്താനും മുല്ലപ്പള്ളിക്കെതിരെയാണ് പ്രതികരിച്ചത്. 

ലീഗിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് 

കേരള രൂപീകരണത്തിനുശേഷം 1957-ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സുമായും പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയുമായും സഖ്യത്തിന് മുസ്ലിം ലീഗ് ശ്രമിച്ചു. പക്ഷേ, സഖ്യത്തിനു കോണ്‍ഗ്രസ് തയ്യാറായില്ല. ലീഗുമായി കൂട്ടു വേണ്ട എന്ന അന്നത്തെ നിലപാടില്‍നിന്ന് പിന്നീട് കോണ്‍ഗ്രസ് ഒരുപാടു മാറി. ഇന്ന്, കോണ്‍ഗ്രസ്സിന്റെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസ്സിലെ നേതൃമാറ്റത്തിനു വേണ്ടിപ്പോലും ഇടപെടുന്ന സ്ഥിതിയിലേക്ക് ലീഗ് വളര്‍ന്നു. 

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് 1995-ല്‍ കെ. കരുണാകരനെ മാറ്റാനും 2004-ല്‍ എ.കെ. ആന്റണിയെ മാറ്റാനും ലീഗ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവുമായി കൈകോര്‍ത്തിട്ടുണ്ട്. അക്കാലത്തെ ലീഗ് നേതൃത്വത്തിന്റെ ഡല്‍ഹിയാത്രകള്‍ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കാണാനായിരുന്നു ആ യാത്രകള്‍. അതു പക്ഷേ, മുന്നണിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ മാറ്റാനുള്ള ഇടപെടലായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്നിട്ടുപോലും ലീഗിനെതിരെ കോണ്‍ഗ്രസ്സില്‍നിന്നു രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, യു.ഡി.എഫിന്റെ തോല്‍വിയില്‍ പതറിപ്പോയ സാധാരണ ലീഗ് പ്രവര്‍ത്തകരും രണ്ടാം നിര നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍വി ആവര്‍ത്തിക്കുമെന്ന ഭയത്തിലാണ്. അവരെയൊന്നു തണുപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃമാറ്റത്തെക്കുറിച്ച് ലീഗ് ഇത്തിരി കടന്ന അഭിപ്രായം പറഞ്ഞത് എന്ന വിലയിരുത്തലുണ്ട്.

കെ. മുരളീധരന്‍ മാത്രമല്ല, കെ. സുധാകരനും അടൂര്‍ പ്രകാശും ഹൈബി ഈഡനും ലോക്സഭാംഗത്വം വിട്ട് നിയമസഭയിലേക്കു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു. ഇതിനതിരെ ശക്തമായ നിലപാടെടുത്തത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. അതിന്റെ രോഷം കൂടിയാണ് പരസ്യവിമര്‍ശനത്തിലൂടെ പ്രകടിപ്പിക്കുന്നത്. ലോക്സഭയിലേക്കു ജയിച്ച അടൂര്‍ പ്രകാശ് രാജിവച്ച കോന്നിയിലും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് എല്‍.ഡി.എഫ് ആണ്. ഗ്രൂപ്പുകളുടേയും വ്യക്തികളുടേയും താല്‍പ്പര്യങ്ങള്‍ കോണ്‍ഗ്രസ്സിനെ നിയമസഭയിലും പുറത്തും ദുര്‍ബ്ബലമാക്കി. പ്രതിപക്ഷം എന്ന നിലയില്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ ആക്രമണം നടത്തുന്നതിലൂടെ ഈ ദൗര്‍ബ്ബല്യം മറച്ചുവയ്ക്കാനാണു ശ്രമിച്ചു നോക്കിയത്. പക്ഷേ, തെരഞ്ഞെടുപ്പില്‍ എത്രയൊക്കെ മറച്ചുവച്ചിട്ടും അതു പുറത്തുവരുന്നത് തടയാനായില്ല. മുല്ലപ്പള്ളിയുടെ വീടുള്‍പ്പെടുന്ന വടകര കല്ലാമല വാര്‍ഡില്‍ ആര്‍.എം.പിക്കുവേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മരവിപ്പിക്കേണ്ടിവന്നു; ആ വിഷയത്തില്‍ മുല്ലപ്പള്ളി തുടക്കത്തില്‍ സ്വീകരിച്ചത് കോണ്‍ഗ്രസ്സിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടായിരുന്നുവെന്ന് വലിയൊരു വിഭാഗം നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും കരുതുന്നു. എന്നിട്ടും വടകര എം.പി എന്ന നിലയില്‍ ആര്‍.എം.പിക്ക് മുരളീധരന്‍ കൊടുത്ത വാക്കു പാലിക്കാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മുല്ലപ്പള്ളി തന്നെ ഇടപെട്ട് മരവിപ്പിച്ചത്. അതായത് സൂക്ഷ്മ പരിശോധനയ്ക്കുശേഷവും രണ്ടു സ്ഥാനാര്‍ത്ഥികളും തുടര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രചരണരംഗത്തു നിന്നുമാറ്റി. 

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിനപ്പുറത്തെ ധാരണ ഉണ്ടാക്കിയത് കെ.പി.സി.സി അധ്യക്ഷനില്‍നിന്നു മറച്ചുവയ്ക്കുകയോ ഭാഗികമായി മാത്രം ധരിപ്പിക്കുകയോ ചെയ്തു. അതുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി കൂടി പങ്കെടുത്ത തെരഞ്ഞെടുപ്പു പ്രചാരണവേദി പങ്കിട്ടെങ്കിലും അങ്ങനെ ഉണ്ടായില്ല എന്ന് മുല്ലപ്പള്ളിക്കു പറയേണ്ടിവന്നത്. മാധ്യമപ്രവര്‍ത്തകര്‍ തെളിവുസഹിതം ചൂണ്ടിക്കാണിച്ചപ്പോള്‍ മുല്ലപ്പള്ളിക്ക് മറുപടിയില്ലാതെ വന്നു. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലും രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടും എല്‍.ഡി.എഫ് നേടിയ വിജയം നേതാക്കള്‍ക്ക് തട്ടകത്തില്‍ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് മാറുന്നത്. തന്റെ വാര്‍ഡില്‍ സ്ഥിരമായി എല്‍.ഡി.എഫാണ് ജയിക്കാറെന്നും ചെന്നിത്തല പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ് എന്നും വാദിച്ചാണ് രമേശ് ന്യായീകരിക്കുന്നത്. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന പരാജയങ്ങളുടെ കൂട്ടത്തില്‍ അതും എണ്ണപ്പെടുന്നതു സ്വാഭാവികം. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 87 സീറ്റിലാണ്; 24-ല്‍ ജയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടപ്പെട്ടപ്പോല്‍ 22 എം.എല്‍.എമാരുണ്ട്. മുസ്ലിം ലീഗ് 23 സീറ്റില്‍ മത്സരിച്ച് 18 ഇടത്തു വിജയിച്ചു. മഞ്ചേശ്വരത്തു ജയിച്ച പി.ബി. അബ്ദുറസാഖ് മരിച്ച ഒഴിവിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ ജയിച്ചതോടെ 18-ല്‍ കുറയാതെ നിലനിര്‍ത്താന്‍ കഴിഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഇതിനോടടുത്ത എണ്ണം സീറ്റുകളിലാണ് മത്സരിച്ചിരുന്നത്; ലീഗും. യു.ഡി.എഫിന് ഏതാനും എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ മാത്രം ഭരണം കിട്ടിയ 2011-ലെ തെരഞ്ഞെടുപ്പ് ഉദാഹരണം. അന്ന് കോണ്‍ഗ്രസ് 40 സീറ്റിലും ലീഗ് 20 സീറ്റിലുമാണ് ജയിച്ചത്. ലീഗിനേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സിന്റെ നിയമസഭാ പ്രാതിനിധ്യം ലീഗിനേക്കാള്‍ താഴെയാകണമെങ്കില്‍ അത്ര വലിയ പതനം സംഭവിക്കണം. അതുണ്ടായാല്‍ അത്ഭുതമില്ല എന്ന ആശങ്കയാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com