ഫലിക്കുമോ ഉമ്മന്‍ ചാണ്ടി എന്ന 'ഒറ്റമൂലി'?

ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

2020 വിടവാങ്ങുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയകേരളത്തില്‍ തദ്ദേശതെരഞ്ഞെടുപ്പു ഫലങ്ങളുടെ അലയൊലികള്‍ ഒട്ടും അടങ്ങിയിട്ടുണ്ടായിരുന്നില്ല. വിജയപരാജയങ്ങളുടെ അളക്കലും ചൊരിയലും കണക്കെടുപ്പുമെല്ലാം രാഷ്ട്രീയപ്പാര്‍ട്ടികളുടെ താഴെത്തട്ടു മുതല്‍ ഏറ്റവും ഉയര്‍ന്ന ഘടകങ്ങളില്‍ വരെ സജീവമായ സന്ദര്‍ഭമായിരുന്നു അത്. 

തന്റെ പഞ്ചായത്തായ പുതുപ്പള്ളിയില്‍പ്പോലും കോണ്‍ഗ്രസ്സിനും ഐക്യജനാധിപത്യ മുന്നണിക്കും നേരിട്ട തിരിച്ചടി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ ഏറെ അസ്വസ്ഥനാക്കിയിരിക്കണം. തെരഞ്ഞെടുപ്പിനുശേഷം തന്റെ പ്രദേശത്ത് സംഘടനാതലത്തിലുള്ള പാര്‍ട്ടിയുടെ മികവും ദൗര്‍ബ്ബല്യങ്ങളും അളന്നറിയുന്നതിന് ഒരു ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതിന്റെ ഭാഗമായി അകലക്കുന്നം പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തിലേക്കും അദ്ദേഹം എത്തി. അവിടെ ജയപരാജയ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിക്കുകയും അതിനിടയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്തുനിന്നു നീക്കണമെന്ന് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ശക്തമായ ആവശ്യമുയര്‍ത്തുകയും ചെയ്തു. വാഗ്വാദം വളരെപ്പെട്ടെന്നുതന്നെ കയ്യാങ്കളിയുടെ രൂപഭേദങ്ങള്‍ കൈക്കൊണ്ടു. പ്രവര്‍ത്തകര്‍ക്കിടയിലായിപ്പോയ മുന്‍ മുഖ്യമന്ത്രി താഴെ വീണു.  

പിന്നീട് വാര്‍ത്ത പുറത്തറിയിച്ച മാധ്യമങ്ങള്‍ പറഞ്ഞു:
''ഉമ്മന്‍ ചാണ്ടി താഴെ വീണു; പരിക്കില്ല.''

ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ പ്രസിഡന്റും പ്രവര്‍ത്തകരും ശാരീരികമായ ഏറ്റുമുട്ടലിലൂടെ പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്നു നീക്കാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തുനിഞ്ഞതിനോട് വിയോജിച്ചതാണ് ചാണ്ടിക്ക് വിനയായത്. അങ്കക്കളരികുളുടേയും ചേകവന്‍മാരുടേയും നാടായ കേരളത്തിന്റെ പാരമ്പര്യവും അതാണെന്നാല്‍പോലും ആധുനിക കാലത്ത് അനുനയമാര്‍ഗ്ഗേണ ജനാധിപത്യത്തിന്റെ കുറച്ചുകൂടി സൗമ്യമായ തലത്തില്‍ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട് എന്ന് മുന്‍ മുഖ്യമന്ത്രിക്കറിയാം. ആ ഉദ്ദേശ്യത്തോടുകൂടി വേദിയില്‍നിന്ന് ഇറങ്ങി വരുംവഴിയായിരുന്നു ചാണ്ടിയുടെ വീഴ്ച. 
നാടിനും പ്രസ്ഥാനത്തിനും വേണ്ടി മുന്‍പും വീണിട്ടുണ്ട് ചാണ്ടി. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഉമ്മന്‍ ചാണ്ടി അവിടെ മഞ്ഞില്‍ തെന്നിവീണു കാലിനു പരിക്കുപറ്റിയ കഥ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നിലത്ത് അര  അടിയിലേറെ കനത്തില്‍ മഞ്ഞ് ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടി ധരിച്ച നാടന്‍ ഷൂസിന് അറിയില്ലായിരുന്നു. ആ പരിക്കിന്റെ ഫലമായി ഒരു കാലിന്റെ നീളം അര സെന്റീമീറ്റര്‍ കുറയുകയും ചെയ്തു എന്നാണ് രാഷ്ട്രീയ നിരീക്ഷകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സണ്ണിക്കുട്ടി എബ്രഹാം എഴുതിയിട്ടുള്ളത്. 

ഉമ്മന്‍ ചാണ്ടി എന്ന 'സെപ്‌റ്റ്വേജെനെറിയനില്‍' പാര്‍ട്ടിയേയും അതു നയിക്കുന്ന മുന്നണിയേയും നയിക്കാന്‍ പോരുന്ന യൗവ്വനം ഇപ്പോഴുമുണ്ടെന്ന് ഹൈക്കമാന്‍ഡിനു ബോദ്ധ്യപ്പെടാന്‍ ഒന്നാമത്തെ കാരണവും ശരീരവും മനസ്സും മറന്നു താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത തന്നെയായിരിക്കണം. എന്നാല്‍, കഴിഞ്ഞ നാലര വര്‍ഷം മികച്ച ഒരു പ്രതിപക്ഷനേതാവായി തിളങ്ങാന്‍ കഴിഞ്ഞ രമേശ് ചെന്നിത്തല എന്ന നേതാവിന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും ഐക്യജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന പൊതുധാരണയാണ് അതോടെ തെറ്റിപ്പോയത്. 

നേതൃപ്രതിസന്ധിക്ക് ഹൈക്കമാന്‍ഡിന്റെ ഒറ്റമൂലി 

രണ്ടു വാര്‍ത്തകള്‍ ഒന്നിച്ചാണ് പുറത്തുവന്നത്. ജനപ്രീതിയില്‍ ചാണ്ടിയേക്കാള്‍ ബഹുദൂരം മുന്നിലുള്ള പിണറായിയുടെ നേതൃത്വത്തിലുളള ഇടതുജനാധിപത്യമുന്നണിക്ക് കേരളജനത രണ്ടാമൂഴം നല്‍കിയേക്കുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്ത. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അമരക്കാരനായി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് നിയോഗിക്കുന്നുവെന്നതാണ് രണ്ടാമത്തെ വാര്‍ത്ത. ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷനായ ഒരു തെരഞ്ഞെടുപ്പു മേല്‍നോട്ട, തന്ത്ര രൂപീകരണ സമിതിയാണ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പു വേദിയില്‍ നയിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടക്കം പത്തുപേരാണ് സമിതിയിലുണ്ടാകുക എന്നും വാര്‍ത്തയിലുണ്ട്. കേരള ചുമതലയുള്ള അഖിലേന്ത്യാ നേതാക്കളായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, മുന്നണി കണ്‍വീനര്‍ എം.എം. ഹസ്സന്‍, ശശി തരൂര്‍ എം.പി. കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്മാരായ വി.എം. സുധീരന്‍, കെ. മുരളീധരന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ക്ക് മത്സരിക്കാന്‍ അനുവാദമുണ്ട്. തെരഞ്ഞെടുപ്പിനുശേഷമാണ് ആര് മുഖ്യമന്ത്രിയാകും എന്ന സുപ്രധാനമായ തീരുമാനമെന്ന് ഡല്‍ഹിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ എ.കെ. ആന്റണി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ കൂട്ടായി നയിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്നുമാണ് ധാരണ. ഒരു നേതാവ് മാത്രം എന്ന സമീപനം ഗ്രൂപ്പുവഴക്കിനു വഴിവയ്ക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. സംസ്ഥാനത്ത് കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസ്സിനുണ്ടാകുകയെന്ന് നേരത്തേയും പാര്‍ട്ടിയുടെ ഉന്നതനേതൃത്വം വ്യക്തമാക്കിയിരുന്നു. 

അഞ്ചു വര്‍ഷം മുന്‍പ് കേരളത്തില്‍ അരങ്ങേറിയ കോണ്‍ഗ്രസ് പരീക്ഷണത്തിന്റെ ആവര്‍ത്തനമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ്സും മുന്നണിയും കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്നുണ്ടായ കനത്ത പരാജയത്തെ മറികടക്കാനുള്ള മുഖംമിനുക്കല്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു ചാണ്ടിയെ മാറ്റി ചെന്നിത്തലയെ പ്രതിഷ്ഠിച്ചത്. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന വിശ്വാസക്കാരായ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഇത്തവണയും നേതാവിനെ മാറ്റിയാല്‍ എല്ലാം ശരിയാകുമെന്ന ധാരണയില്‍ എന്നാണ് ഈ മാറ്റങ്ങളില്‍നിന്നും വെളിവാകുന്നത്. 

ഈ ഒറ്റമൂലി ഹൈക്കമാന്‍ഡിന്റേതല്ല എന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ അടക്കിപ്പിടിച്ചു കേള്‍ക്കുന്ന സംസാരം. പ്രശ്‌നസങ്കീര്‍ണ്ണമായ കേരളത്തിലെ സംഘടനയില്‍ ഹൈക്കമാന്‍ഡ് പിടിമുറുക്കിയിരിക്കുന്നെന്നും തെരഞ്ഞെടുപ്പുകാര്യങ്ങളൊക്കെ ഇനി ഡല്‍ഹിയുടെ മേല്‍നോട്ടത്തിലാണ് നടക്കാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ്-യു.ഡി.എഫ് രാഷ്ട്രീയത്തോട് താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിമുതല്‍ ഒന്നും പേടിക്കാനില്ലെന്നുമുള്ള സൂചനകള്‍ സ്തുതിപാഠക വൃന്ദങ്ങള്‍ മാധ്യമങ്ങളില്‍ നിറയ്ക്കുന്നുണ്ടെങ്കിലും അതങ്ങനെയല്ലെന്നു വിശ്വസിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും ഡല്‍ഹിയിലേക്കു വിളിച്ചുവരുത്തി ഹൈക്കമാന്‍ഡിനെ സ്വന്തം വരുതിയില്‍ നിര്‍ത്തുകയായിരുന്നു ചാണ്ടി എന്നാണ് വിമര്‍ശനമുയരുന്നത്. എ ഗ്രൂപ്പ് ആഗ്രഹിച്ചതാണ് ഹൈക്കമാന്‍ഡ് നല്‍കിയത് എന്നാണ് പൊതുവെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനും മുന്നണിക്കുമേറ്റ കനത്ത തിരിച്ചടി ഈയൊരു മാറ്റത്തിനു നിമിത്തമായെന്നു മാത്രം. കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ഉറച്ച തീരുമാനങ്ങളെടുക്കാനാണ് സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോയത്. അവിടെ നടത്തിയ ചര്‍ച്ചകളാകട്ടെ, പെട്ടെന്നുതന്നെ ഉമ്മന്‍ ചാണ്ടിയിലേക്ക് ചുരുങ്ങിപ്പോകുകയായിരുന്നു. ഓഖി, നിപ, രണ്ടു പ്രളയങ്ങള്‍, കൊവിഡ് എന്നിങ്ങനെ നാലു വര്‍ഷത്തിനുള്ളില്‍ അഞ്ചു പ്രതിസന്ധികളെ മുറിച്ചുകടക്കുന്നതില്‍ കേരളത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയനു കിടപിടിക്കുന്ന നേതാവാകുമോ ഉമ്മന്‍ ചാണ്ടി എന്ന ചോദ്യം ആരും ഉയര്‍ത്തിയതുമില്ല.
 
കേരളാ കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ നിന്നകറ്റിയതില്‍ ആ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ്സിനു വലിയ പങ്കുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുണ്ടായ തര്‍ക്കമൊക്കെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. പൊതുവെ ക്രിസ്ത്യന്‍ കര്‍ഷകരുടെ പാര്‍ട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി വിടലും എം.എം. ഹസ്സന്‍ ന്യായീകരിച്ച ജമാ അത്തെ ഇസ്ലാമി ബന്ധവും തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായ ക്രിസ്ത്യന്‍ വോട്ടുകളെ പൊതുവെ ഇടതുപക്ഷത്തോട് അടുപ്പിച്ചതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഐക്യമുന്നണി പരാജയത്തിന്റെ കാരണങ്ങളിലൊന്ന്. ഉമ്മന്‍ ചാണ്ടിയെത്തന്നെ തെരഞ്ഞെടുപ്പു യുദ്ധത്തില്‍ നേതൃപദവി ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചതിനു കാരണം നഷ്ടപ്പെട്ട ഈ വോട്ടുകളെ തിരിച്ചുപിടിക്കുക എന്ന കാഴ്ചപ്പാടു തന്നെയായിരിക്കണം. തെക്കന്‍ കേരളത്തില്‍ പൊതുവേയും മധ്യതിരുവിതാംകൂറില്‍ വിശേഷിച്ചും ക്രിസ്ത്യന്‍ സമുദായത്തിന് ബി.ജെ.പിയോടുള്ള ചായ്‌വും വര്‍ദ്ധിച്ചുവരുന്നുണ്ട്. പന്തളം മുനിസിപ്പാലിറ്റിയടക്കമുള്ള പ്രദേശങ്ങളില്‍  ബി.ജെ.പിക്ക് ഓര്‍ത്തഡോക്‌സ് സഭക്കാരും അല്ലാത്തവരുമായ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്താനും ജയിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇടതുപക്ഷത്തേക്കാളേറെ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന യാഥാസ്ഥിതിക സ്വഭാവമുള്ള ക്രിസ്ത്യന്‍ വോട്ടുകളാണ് ബി.ജെ.പി ചോര്‍ത്തിയത്. എന്തായാലും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെ നേരിട്ട രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടിക്കും മുന്നണിക്കും വിജയിക്കാനാകില്ല എന്ന ബോദ്ധ്യത്തിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ എന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നു. കേന്ദ്രത്തില്‍ക്കൂടി അധികാരമില്ലാത്ത പക്ഷം കേരളത്തില്‍ ഒരു അഞ്ചുകൊല്ലം കൂടി ഭരണത്തിനു പുറത്തിരിക്കേണ്ടിവരുന്ന സ്ഥിതി പാര്‍ട്ടിയുടെ ജനപിന്തുണയെ കാര്യമായി ബാധിക്കുമെന്നും അവര്‍ ഭയക്കുന്നു. 

ചുണ്ടിനും കപ്പിനുമിടയിലെ നഷ്ടങ്ങള്‍ 

തെരഞ്ഞെടുപ്പു സമിതിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിയോഗിക്കുമ്പോള്‍ ഒന്നാമന്‍ ചാണ്ടിയാണ് ചെന്നിത്തലയല്ല എന്നു കൂടി അര്‍ത്ഥമുണ്ട്. സാധാരണയായി പ്രതിപക്ഷ നേതാവ് പ്രതിപക്ഷമുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിക്കുക. പ്രതിപക്ഷ നേതാവ് തന്നെയാണ് സ്വാഭാവികമായും വിജയിക്കുന്ന പക്ഷം മുഖ്യമന്ത്രിയായി പരിഗണിക്കപ്പെടുക. ഇവിടെ ഉമ്മന്‍ ചാണ്ടിയാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേയും മുന്നണിയേയും നയിക്കുക എന്നു വരുമ്പോള്‍ പ്രതിപക്ഷ നേതാവിനു സാധാരണയായി ലഭിക്കുന്ന പ്രാധാന്യവും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനുള്ള സാദ്ധ്യതയും കുറയുന്നു. മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നതിനു പിന്നാലെ പ്രതിപക്ഷമുന്നണിയിലെ ഇതര രാഷ്ട്രീയപ്പാര്‍ട്ടികളും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. തന്ത്രശാലിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജയിക്കുന്ന പക്ഷം അദ്ദേഹം തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തിനു അവകാശി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി വരുന്നതിനെ താനെതിര്‍ക്കില്ലെന്നും എന്നാല്‍ തന്നെ നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് പാര്‍ട്ടി തീരുമാനം ഉണ്ടാകുന്നതെങ്കില്‍ അതനുസരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അതായത് (ജയിക്കുന്ന പക്ഷം) മുഖ്യമന്ത്രി പദം സംബന്ധിച്ച് നേരത്തെയുള്ള രീതി തുടരണമെന്നില്ല എന്നാണ് ഭംഗ്യന്തരേണ ചാണ്ടി സ്പഷ്ടമാക്കിയത്. അതേ സമയം മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇപ്പോള്‍ ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിലെത്തി നില്‍ക്കുന്ന ബെന്നി ബഹന്നാനും പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കുകയും ജയിക്കുന്ന പക്ഷം മുഖ്യമന്ത്രിയാകുകയും ചെയ്യുന്ന പതിവിനെക്കുറിച്ച് പുനരാലോചന ഉണ്ടായിട്ടില്ലെന്നാണ് അതിനര്‍ത്ഥം. ഈ രണ്ടുകൂട്ടരും താന്താങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ഡല്‍ഹി ചര്‍ച്ചയ്ക്ക് വഴിയൊ രുങ്ങുന്നതും തീരുമാനങ്ങളുണ്ടാകുന്നതും. ചെന്നിത്തലയാണോ അടുത്ത തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനേയും മുന്നണിയേയും നയിക്കുക എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതുവരേയും 'അതേ'യെന്ന അസന്ദിഗ്ദ്ധമായ ഒരു മറുപടി നല്‍കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനം എന്നത് ലക്ഷ്യമിട്ടാണ് അദ്ദേഹവും എ ഗ്രൂപ്പും കരുക്കള്‍ നീക്കുന്നത് എന്നും പറയാം. തെരഞ്ഞെടുപ്പു സമിതിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ നിയോഗിക്കുമ്പോള്‍ ഒന്നാമന്‍ ചാണ്ടിയാണ് ചെന്നിത്തലയല്ല എന്നുകൂടി അര്‍ത്ഥമുണ്ട്. സാധാരണയായി പ്രതിപക്ഷനേതാവാണ് പ്രതിപക്ഷമുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിക്കുക. പ്രതിപക്ഷ നേതാവ് തന്നെയാണ് സ്വാഭാവികമായും വിജയിക്കുന്ന പക്ഷം മുഖ്യമന്ത്രിയായി പരിഗണിക്കപ്പെടുക. ഇവിടെ ഉമ്മന്‍ ചാണ്ടിയാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേയും മുന്നണിയേയും നയിക്കുക എന്നുവരുമ്പോള്‍ പ്രതിപക്ഷ നേതാവിനു സാധാരണയായി ലഭിക്കുന്ന പ്രാധാന്യവും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനുള്ള സാദ്ധ്യതയും കുറയുന്നു. മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നതിനു പിന്നാലെ പ്രതിപക്ഷ മുന്നണിയിലെ ഇതര രാഷ്ട്രീയപ്പാര്‍ട്ടികളും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. തന്ത്രശാലിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജയിക്കുന്ന പക്ഷം അദ്ദേഹം തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശി. രണ്ടു കൂട്ടരും താന്താങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ഡല്‍ഹി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നതും തീരുമാനങ്ങളുണ്ടാകുന്നതും എന്നു വ്യക്തമാക്കിയിരുന്നു. നാലരവര്‍ഷക്കാലത്തിലേറെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പോരാടിയ രമേശ് ചെന്നിത്തല രണ്ടാമനായി എന്നതാണ് ഡല്‍ഹിയിലുണ്ടായ തീരുമാനങ്ങളുടെ ആത്യന്തിക ഫലം. 

എന്നാല്‍, നേതൃപദവി എന്ന പ്രശ്‌നത്തിന് ഉടനടി പരിഹാരമാകില്ല എന്നതിന് കൃത്യമായ സൂചനകളുണ്ട്. കാസര്‍ കോട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാജ് മോഹന്‍ ഉണ്ണിത്താന്‍ നേതൃതര്‍ക്കം സംബന്ധിച്ച കഴിഞ്ഞകാല അനുഭവങ്ങള്‍ എടുത്തുപറഞ്ഞതുതന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. 2016-ലെ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാരില്‍ ഭൂരിപക്ഷവും - ഉമ്മന്‍ ചാണ്ടിയാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചത് എന്നിട്ടുകൂടി - രമേശ് ചെന്നിത്തലയ്ക്കുവേണ്ടി നിലകൊണ്ടത് അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ എടുത്തു പറയുന്നു. ഇപ്പോള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടലാണ് ആവശ്യം. നേതൃപ്രശ്‌നം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ തീരുമാനത്തിനു വിടുകയാണ് ഉചിതം എന്നുകൂടി ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി സംഘടനാപരമായും ആശയപരമായും അനുഭവിക്കുന്ന പരാധീനതകള്‍ക്ക് ഒറ്റമൂലിയാകില്ല ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം എന്നു കരുതുന്നവരും പാര്‍ട്ടിയില്‍ ധാരാളമുണ്ട്. മിക്കപ്പോഴും ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ മുന്നോട്ടുവയ്ക്കന്നതില്‍ ആ പാര്‍ട്ടി പരാജയപ്പെടുന്നുണ്ട് എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. ഇസ്‌ലാമിക രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ജമാ അത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പു സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടു സംബന്ധിച്ച് ഒറ്റക്കെട്ടായ ഒരു അഭിപ്രായം പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു സാധിക്കാതെ വന്നതു തന്നെ ഉദാഹരണം. തല്‍ഫലമായി ഒരു വലിയ വിഭാഗം ന്യൂനപക്ഷവോട്ടുകളും മതേതരവോട്ടുകളും പാര്‍ട്ടിക്കു നഷ്ടപ്പെടുന്നതിലും അത് കലാശിച്ചു. 

ഉമ്മന്‍ ചാണ്ടി എന്ന നേതാവ് മാന്ത്രികവടിയേന്തി പാര്‍ട്ടിയെ തെരഞ്ഞെടുപ്പു വിജയത്തിലേക്കു നയിക്കുന്ന നേതാവാണെന്നുള്ളതും തെറ്റിദ്ധാരണയാണ്. 2006-ലും 2011-ലും 2016-ലും കോണ്‍ഗ്രസ്സിനേയും ഐക്യജനാധിപത്യമുന്നണിയേയും നയിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. പാര്‍ട്ടി എം.എല്‍.എമാരുടെ എണ്ണം ക്രമേണ കുറഞ്ഞുവന്നതായാണ് അനുഭവം. മുസ്‌ലിം ലീഗിനു സീറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയും ചെയ്തു. ചാണ്ടിയുടെ നേതൃലബ്ധിയെ ആവേശപൂര്‍വ്വം മുസ്ലിം ലീഗ് സ്വാഗതം ചെയ്തതും മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ സംബന്ധിച്ച പിണറായി വിജയന്റെ പ്രസ്താവനയും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com