പാഠ്യപദ്ധതി പൊളിച്ചെഴുതുമ്പോള്‍

കാവിരാഷ്ട്രീയം ഇന്ത്യയും ലോകവും മികച്ചതെന്നു വാഴ്ത്തിയ നമ്മുടെ സംസ്ഥാന പാഠ്യപദ്ധതിയെ പൊളിച്ചെഴുതുകയും ഈ രംഗത്ത് നാം നേടിയ പുരോഗതിയെ പിറകോട്ടടിപ്പിക്കുകയും ചെയ്യുമെന്ന ഭയം വ്യാപകമാണ് 
വാതായനങ്ങൾ: അറിവിന്റെ ലോകം വിദ്യാർത്ഥികൾ കീഴടക്കാനൊരുങ്ങുമ്പോൾ
വാതായനങ്ങൾ: അറിവിന്റെ ലോകം വിദ്യാർത്ഥികൾ കീഴടക്കാനൊരുങ്ങുമ്പോൾ

സ്തുതകളെ സംബന്ധിച്ച അറിവല്ല, ശരിയായ വിദ്യാഭ്യാസമാണ് ജനാധിപത്യത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നതെന്ന് മഹാത്മാഗാന്ധി. ഈ യാഥാര്‍ത്ഥ്യം ശരിയായി മനസ്സിലാക്കിയവരെയെല്ലാം ഉല്‍ക്കണ്ഠാകുലരാക്കുന്ന രണ്ടു വാര്‍ത്തകള്‍ ഈയിടെ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഏറെ നിഗൂഢാര്‍ത്ഥങ്ങളുള്ള ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി പൊളിച്ചെഴുതണമെന്ന ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ സംബന്ധിച്ചുള്ളതാണ് ഒരു വാര്‍ത്ത. രണ്ടാമത്തെ വാര്‍ത്തയാകട്ടെ കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍പാകെ വന്ന പബ്ലിക് പോളിസി റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ളതാണ്. 

സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതിയില്‍ ഇടപെടാന്‍ യൂണിയന്‍ ഗവണ്‍മെന്റ് നടത്തുന്ന നീക്കങ്ങളാണ് ഈ രണ്ടു വാര്‍ത്തകളിലുമുള്ളത് എന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. ഇതുവരെ വിദ്യാഭ്യാസരംഗത്ത് കേരളം ഉണ്ടാക്കിയ കുതിപ്പുകളേയും ജനകീയതയേയും തകര്‍ക്കാനാണ് ഈ നീക്കം ഉപകരിക്കുകയെന്ന് വ്യാപകമായ ഭയവും ഉണ്ട്. ഹിന്ദുത്വ അജന്‍ഡ വിദ്യാഭ്യാസരംഗത്തേയ്ക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിയന്‍ ഗവണ്‍മെന്റ് നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതികള്‍ക്കു കൂടി ബാധകമാക്കാനുള്ള നീക്കമാണ് ഇവയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ദ്ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളും യൂണിയന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി 2023-ല്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്.

യൂണിയന്‍ ഗവണ്‍മെന്റ് മുന്നോട്ടുവയ്ക്കുന്ന പൊതു നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും കാലം സംസ്ഥാനങ്ങള്‍ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍, പിന്നീട് തയ്യാറാക്കുന്ന പാഠ്യപദ്ധതികളില്‍ അവര്‍ ഇടപെട്ടിരുന്നില്ല. ഈ പതിവിനു വിരുദ്ധമായി, ഇത്തവണ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശം സമര്‍പ്പിക്കാനും യൂണിയന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന പദ്ധതി നടപ്പാക്കാനുമാണ് സംസ്ഥാനങ്ങളിലെ പാഠ്യപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.ഇ.ആര്‍.ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സമവര്‍ത്തി പട്ടികയിലുള്ള (Concurrent list) ഇനമാണ് വിദ്യാഭ്യാസം. 2020-ല്‍ ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോഴും അതിനുമുന്‍പ് കരടുനയം പുറത്തിറക്കിയപ്പോഴും യൂണിയന്‍ ഗവണ്‍മെന്റ് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പരക്കേ ആരോപണമുണ്ടായിരുന്നു. ഭരണഘടന അനുശാസിക്കുന്ന, വികേന്ദ്രീകൃത സമീപനത്തിനു പ്രാമുഖ്യം നല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ പാടേ അവഗണിച്ച് സര്‍വ്വവും കേന്ദ്രീകൃതമാക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനായ പ്രൊഫ. പ്രഭാത് പട്‌നായിക്ക് അടക്കമുള്ളവര്‍ അന്നു ചൂണ്ടിക്കാണിച്ചിരുന്നു. 

അടുത്ത കാലത്തായി ഫെഡറല്‍ തത്ത്വങ്ങളെ ലംഘിച്ച് നിരവധി നിയമ നിര്‍മ്മാണങ്ങള്‍ യൂണിയന്‍ ഗവണ്‍മെന്റ് നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്നു. സമവര്‍ത്തി ലിസ്റ്റിലുള്ള കച്ചവടവും വാണിജ്യം വഴി സംസ്ഥാന ലിസ്റ്റിലുള്ള കൃഷിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട നാല് നിയമങ്ങള്‍ സംസ്ഥാനവുമായി ചര്‍ച്ചയില്ലാതെ പാസ്സാക്കിയിട്ടുണ്ട്. പുതിയ തുറമുഖ ബില്ലിലെ വ്യവസ്ഥകള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ എടുത്തുകളയാന്‍ വ്യവസ്ഥ ചെയ്യുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. വൈദ്യുതി പരിഷ്‌കരണ ബില്ലിന്റെ കാര്യത്തിലും ആരോഗ്യമേഖലയിലെ പരിഷ്‌കരണത്തിലും വലിയ തോതിലുള്ള കേന്ദ്രീകരണമാണ് കാണുന്നതെന്നും വിദ്യാഭ്യാസരംഗത്തും സംസ്ഥാനതല സവിശേഷതകള്‍ കണക്കിലെടുക്കാതെ കേന്ദ്രീകരണത്തിന് വഴി തെളിക്കുന്നതും സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതുമായ നയരൂപീകരണം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി എടുത്തുപറയുകയും ചെയ്തു.

കഴിഞ്ഞമാസം, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (National Curriculam Framework-NEF) തയ്യാറാക്കുന്നതു മുന്‍നിര്‍ത്തി എന്‍.സി.ഇ.ആര്‍.ടി (National Council of Educational Research and Training) എസ്.ഇ.ആര്‍.ടി (State Council of Educational Research and Training) തലവന്മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധി എസ്.ഇ.ആര്‍. ടി ഡയറക്ടര്‍ ജെ. പ്രസാദ് സംസ്ഥാന പാഠ്യപദ്ധതി പൊളിച്ചെഴുതണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ത്തു. യൂണിയന്‍ ഗവണ്‍മെന്റിന്റെ നീക്കം വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍നിന്നുള്ള പ്രതിനിധി യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ഒരു വഴികാട്ടിയായിട്ടാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രവര്‍ത്തിക്കുന്നത്. അവസാനമായി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ലാണ് പരിഷ്‌കരിക്കപ്പെടുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിനനുസൃതമായി മുഴുവന്‍ സംസ്ഥാനങ്ങളും താന്താങ്ങളുടെ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്നത് 2005-ലെ ചട്ടക്കൂടിനു പകരം 2023-ഓടെ പുതിയ ചട്ടക്കൂട് സൃഷ്ടിക്കാനാണ്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ദേശീയ വിദ്യാഭ്യാസ നയം യൂണിയന്‍ ഗവണ്‍മെന്റ് അംഗീകരിക്കുന്നതിനു മുന്‍പേ തന്നെ എന്‍.സി.ഇ.ആര്‍.ടി അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നതാണ് കൗതുകകരം. 

ജീവിതായോധനം: പരീക്ഷകൾക്ക് ശേഷം പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ
ജീവിതായോധനം: പരീക്ഷകൾക്ക് ശേഷം പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ

ദേശീയാടിസ്ഥാനത്തില്‍ പാഠ്യപദ്ധതിക്ക് ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനു മുന്‍പ് എന്‍.സി.ഇ.ആര്‍.ടി സംസ്ഥാനങ്ങളോട് അവരുടെ നിര്‍ദ്ദിഷ്ട ചട്ടക്കൂടുകള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സംസ്ഥാന എസ്.സി.ഇ.ആര്‍.ടി അധികൃതര്‍ പറയുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-നെ പിന്‍പറ്റി സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം ചട്ടക്കൂടുകള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 2007-ഓടെയാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് നിലവില്‍ വന്നത്. ഇപ്പോഴുള്ള പുതിയ പ്രക്രിയയ്ക്ക് പിന്നില്‍ ഒളി അജന്‍ഡയാണെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങളുടെ പക്ഷത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പഠിച്ചശേഷം തങ്ങള്‍ തികച്ചും ജനാധിപത്യപരമായാണ് ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് രൂപീകരിച്ചതെന്ന് അപ്പോള്‍ അവകാശപ്പെടാം. അതേസമയം, രാജ്യം ഭരിക്കുന്നവര്‍ക്ക് തങ്ങളുടെ താല്‍പ്പര്യപ്രകാരമുള്ള ഒരു വിദ്യാഭ്യാസപദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനു സഹായകമായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുന്‍പോട്ടു കൊണ്ടുപോകുകയും ചെയ്യാം.

2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് പാഠ്യപദ്ധതി ഇപ്പോള്‍ രാജ്യത്തു ഭരണത്തിലുള്ള രാഷ്ട്രീയകക്ഷിയുടെ വീക്ഷണത്തിനു അനുസൃതമായി പൊളിച്ചെഴുതുകയാണ് ലക്ഷ്യം. സാധാരണഗതിയില്‍, സംസ്ഥാനങ്ങള്‍ നല്‍കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുക. എന്നാല്‍, ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള അവസരം യൂണിയന്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്. അവര്‍ ഒരു മാറ്റം വരുത്തിക്കഴിഞ്ഞാല്‍ അതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്താനാകില്ല. ഈയടുത്ത കാലം വരേയും പാഠ്യപദ്ധതിയില്‍ സാംസ്‌കാരിക, ചരിത്ര, ശാസ്ത്രമേഖലകളിലെ പ്രാദേശികമായ പ്രാധാന്യവും സംസ്ഥാന താല്‍പ്പര്യങ്ങളും പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. പാഠപുസ്തകങ്ങളില്‍നിന്നും മതചിഹ്നങ്ങളും വര്‍ഗ്ഗീയതാല്‍പ്പര്യങ്ങളും മാറ്റിനിര്‍ത്തപ്പെടുകയും.

പാര്‍ലമെന്ററി കമ്മിറ്റിക്കു ലഭിച്ച ശിപാര്‍ശ 

വിദ്യാഭ്യാസത്തിനായുള്ള പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു മുന്‍പാകെ കേരളത്തിന്റെ സ്‌കൂള്‍ പാഠ്യപദ്ധതി മാറ്റണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഡല്‍ഹിയിലെ തിങ്ക്ടാങ്കായ പബ്ലിക് പോളിസി റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയാണ് ഉല്‍ക്കണ്ഠയുയര്‍ത്തുന്ന മറ്റൊരു വാര്‍ത്ത. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ശ്യാമപ്രസാദ് മുഖര്‍ജി സ്മൃതി ന്യാസിനു കീഴിലെ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ പോളിസി റിസര്‍ച്ച് സെന്റര്‍. മുതിര്‍ന്ന ബി.ജെ.പി നേതാവ് നന്ദകിഷോര്‍ യാദവ് ആണ് ന്യാസിന്റെ അധ്യക്ഷന്‍. പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയര്‍മാനാകട്ടെ ദേശീയതലത്തില്‍ ഹിന്ദുത്വ രാഷ്ട്രീയമൂല്യങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതി പുതുക്കണമെന്ന കാഴ്ചപ്പാടുള്ള വിനയ് സഹസ്ര ബുദ്ധേയും. 

പാഠ്യപദ്ധതി തിരുത്തുന്നതില്‍ ഗുജറാത്താണ് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് മാതൃക. മോദി മുഖ്യമന്ത്രിയായിരിക്കെ വിദ്യാഭ്യാസരംഗം പൂര്‍ണ്ണമായി കാവിവല്‍ക്കരിക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. പിന്നീട് ബി.ജെ.പിയുടെ ഭരണത്തില്‍ വന്ന മറ്റു സംസ്ഥാനങ്ങളിലും ഈ ഗുജറാത്ത് മാതൃക പിന്‍പറ്റുകയുണ്ടായി. ഇതുപോലെ കേരളത്തിലും മാറ്റം വേണമെന്നാണ് പബ്ലിക് പോളിസി റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടിലുള്ളത്. 

ഗുജറാത്തില്‍, സംഘ് ബുദ്ധിജീവിയായ ദീനാനാഥ് ബത്രയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ എട്ടു പുസ്തകങ്ങളടക്കം ഒമ്പതു പുസ്തകങ്ങളാണ് സംഘപരിവാര്‍ ആശയങ്ങള്‍ കുട്ടികളിലെത്തിക്കാനായി 2014-ല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അന്ന് അത് എന്‍.സി.ഇ.ആര്‍.ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അധികവായനയ്‌ക്കെന്ന പേരിലാണ് പാഠ്യപദ്ധതിയില്‍ തിരുകി കയറ്റുന്നത്. ചരിത്രവിരുദ്ധത, ശാസ്ത്രവിരുദ്ധത, മതമൂല്യങ്ങള്‍ക്കു നല്‍കുന്ന അമിതപ്രാധാന്യം, കമ്പോളതാല്‍പ്പര്യങ്ങള്‍ എന്നിവയുടെ പിടിയലമര്‍ന്ന വിദ്യാഭ്യാസ സങ്കല്പമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത് എന്നു വ്യാപകമായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രാജ്യം ഭരിക്കുന്നവര്‍ വിദ്യാഭ്യാസരംഗത്തെ കാണുന്നത് പുതുതലമുറയെ സിദ്ധാന്തം പഠിപ്പിക്കുന്നതിനുള്ള ഒരു ഇടമായിട്ടാണ്. കൊവിഡ് പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ പഠിപ്പിക്കേണ്ടതില്‍ 35 ശതമാനം വെട്ടിക്കുറവ് വരുത്തിയപ്പോള്‍ സ്വാതന്ത്ര്യസമരം സംബന്ധിച്ച പാഠങ്ങളൊഴിവാക്കാനായിരുന്നു നിര്‍ദ്ദേശം. മിക്ക സംസ്ഥാനങ്ങളും ഈ നിര്‍ദ്ദേശം അനുസരിച്ചു നീങ്ങുകയും ചെയ്തു. കേരളം ഒഴികെ. 

അതിദേശീയതാ സങ്കല്പങ്ങള്‍ക്ക് പ്രചാരം കിട്ടുന്നതിനുവേണ്ടി പൗരാണിക ഭാവനയുടെ ഭാഗമായ കെട്ടുകഥകളെ ശാസ്ത്രസത്യമായി അവതരിപ്പിക്കുന്ന രീതിയാണ് ഗുജറാത്തിലും മറ്റും വിദ്യാഭ്യാസരംഗത്ത് പയറ്റിയത്. ലോകത്ത് ആദ്യമായി വിമാനം പറത്തിയത് ഇന്ത്യന്‍ പുരാണങ്ങളിലെ കഥാപാത്രങ്ങളാണെന്നും ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സവര്‍ണ്ണവ്യവസ്ഥ ശാസ്ത്രീയമായ സാമൂഹ്യസംഘാടനമാണെന്നും കുട്ടികളെ പഠിപ്പിച്ചാല്‍ അത് നമ്മുടെ യഥാര്‍ത്ഥ ശാസ്ത്രപാരമ്പര്യത്തെ തമസ്‌കരിക്കുന്നതിലും സമൂഹത്തില്‍നിന്നും ശാസ്ത്രബോധത്തെ ഉച്ചാടനം ചെയ്യുന്നതിലുമാണ് കലാശിക്കുക എന്നു സാമൂഹ്യശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടിക്കാണിക്കുന്നു. യൂണിയന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നതിന് അനുസരിച്ച് താരതമ്യേന മെച്ചപ്പെട്ട സമീപനമുള്ളത് എന്നു രാജ്യവും ലോകവും വിലയിരുത്തുന്ന നമ്മുടെ സംസ്ഥാന പാഠ്യപദ്ധതി പൊളിച്ചെഴുതിയാല്‍ ഇതുവരെ നാം ഈ രംഗത്തു നേടിയ പുരോഗതി ഇല്ലാതാകുകയായിരിക്കും ഫലം എന്നും. 

വിദ്യാഭ്യാസരംഗത്തെ പുതിയ സമീപനം ജനാധിപത്യവിരുദ്ധം

ജെ. പ്രസാദ് 

ഇത്രയും കാലം രാജ്യത്തെ ഭരണാധികാരികള്‍ വിദ്യാഭ്യാസരംഗത്തു പുലര്‍ത്തിപ്പോന്ന ഉദാരമായ സമീപനത്തിനു വിരുദ്ധമായാണ് ഇപ്പോള്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണത്തിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന സമീപനം. കഴിഞ്ഞമാസം, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (National Curriculam Framework-NEF) തയ്യാറാക്കുന്നതു മുന്‍നിര്‍ത്തി എന്‍.സി.ഇ.ആര്‍.ടി (National Council of Educational Research and Training) എസ്.ഇ.ആര്‍.ടി (State Council of Educational Research and Training) തലവന്മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത എസ്.ഇ.ആര്‍.ടി ഡയറക്ടറായ ഞാന്‍ സംസ്ഥാന പാഠ്യപദ്ധതി പൊളിച്ചെഴുതണമെന്ന നിര്‍ദ്ദേശത്തെ സംസ്ഥാന താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായി എതിര്‍ക്കുകയുണ്ടായി. 

2005-ലെ എന്‍.ഇ.എഫ് അനുസരിച്ച് 2007-ല്‍ രൂപീകരിക്കപ്പെട്ട സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് വളരെയേറെ പുരോഗമനപരമായിരുന്നു. സോഷ്യല്‍ കണ്‍സ്ട്രക്ടിവിസം, വിശ്വമാനവികത, യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവയെ ആസ്പദമാക്കിയായിരുന്നു അന്ന് ആ ഫ്രെയിംവര്‍ക്ക് ഉണ്ടാക്കിയത്. ഇപ്പോള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ട ചട്ടക്കൂട് 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഈ ദേശീയനയമാകട്ടെ, ഇന്ത്യയില്‍ ഇന്നു ശക്തിപ്പെട്ടിട്ടുള്ള ഒരേസമയം ഹിന്ദുദേശീയതാ രാഷ്ട്രീയത്തേയും കമ്പോളവല്‍ക്കരണത്തേയും ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന വിമര്‍ശനത്തിനു ഏറെ വിധേയമായ ഒന്നുമാണ്. 

ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഭരണഘടനാമൂല്യങ്ങളല്ല, ധാര്‍മ്മികമൂല്യങ്ങളാണ്, മതം നിഷ്‌കര്‍ഷിക്കുന്ന ധര്‍മ്മത്തെ ആസ്പദമാക്കിയ മൂല്യങ്ങളാണ് വലുത് എന്ന വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് ഈ പൊളിച്ചെഴുത്ത് നടക്കുന്നത് എന്നും കാണണം. ഫെഡറലിസം എന്ന തത്ത്വത്തിനു പ്രാധാന്യം നല്‍കാതെയുള്ള നിലപാടുകളാണ് പ്രയോഗത്തില്‍ വിദ്യാഭ്യാസരംഗത്തും കേന്ദ്രം കൈക്കൊള്ളുന്നത്. സമവര്‍ത്തി പട്ടികയിലുള്ളതാണ് വിദ്യാഭ്യാസം. 

എന്നാല്‍, ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോള്‍ വിവിധ കോണുകളില്‍ നിന്നുവന്ന നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ കാര്യമായി പരിഗണിക്കുകയുണ്ടായില്ല. കേന്ദ്രം പുറപ്പെടുവിച്ച കരടുനയത്തെ വിപുലീകരിക്കുക മാത്രമാണ് ചെയ്തത്. അതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് യെസ് അല്ലെങ്കില്‍ നോ എന്നുമാത്രം ഉത്തരം നല്‍കാനേ അനുവദിച്ചിരുന്നുള്ളൂ. ഡിസ്‌ക്രിപ്റ്റീവ് സ്‌പേസ് നല്‍കിയിരുന്നില്ല. ഇപ്പോള്‍ 'ബോട്ടം ടു അപ്' എന്ന തത്ത്വമാണ് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കാര്യത്തില്‍ അവലംബിച്ചിട്ടുള്ളത് എന്ന് കേന്ദ്രം അവകാശപ്പെടുന്നു. അതുപ്രകാരം ഓരോ സംസ്ഥാനവും ഒരു ഫ്രെയിംവര്‍ക്ക് കേന്ദ്രത്തിനു സമര്‍പ്പിക്കണം. 

അവയില്‍നിന്ന് കേന്ദ്രം ഒരു പുതിയ ഫ്രെയിംവര്‍ക്ക് നിര്‍ദ്ദേശിക്കും. അതനുസരിച്ചുവേണം എസ്.ഇ.ആര്‍.ടികള്‍ മുന്നോട്ടുപോകാന്‍. സംഭവിക്കാന്‍ പോകുന്നത് ദേശീയ വിദ്യാഭ്യാസനയത്തിന്റെ കാര്യത്തിലെന്നപോലെ സംസ്ഥാനതലത്തില്‍നിന്നു ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അവഗണിക്കപ്പെടുകയും കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ഫ്രെയിംവര്‍ക്ക് മാത്രം പിന്‍പറ്റേണ്ടിവരികയും ചെയ്യുക എന്നതാണ്. 

ധ്രുവീകരണതാല്‍പ്പര്യങ്ങളെ ചെറുത്തുതോല്‍പ്പിക്കും

ടി.എന്‍. പ്രതാപന്‍ എം.പി. 
അംഗം, വിദ്യാഭ്യാസം സംബന്ധിച്ച പാര്‍ലമെന്ററി സമിതി

വിദ്യാഭ്യാസത്തെ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്‍പാകെ രണ്ടു സംഘടനകളാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് പൊളിച്ചെഴുതണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാഷ്ട്രീയ ശിക്ഷക് ആയോഗും പോളിസി റിസര്‍ച്ച് സെന്ററും. എന്‍.സി.ഇ.ആര്‍.ടിയെപ്പോലും വിമര്‍ശിക്കുന്ന നിലപാടാണ് ഈ സംഘടനകള്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ചരിത്ര വിരുദ്ധവും വര്‍ഗ്ഗീയവാദപരവുമായ ഒന്നാണ്. രാജ്യത്തിന്റെ ചരിത്രത്തേയും ഭാവിയേയും ഒരുപോലെ അപകടത്തിലാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയരണം. ഞാന്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മിറ്റിയിലെ മറ്റംഗങ്ങളായ ടി.ഡി.പി പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന കൃഷ്ണയുമായും സി.പി.ഐ.എമ്മിന്റെ വെങ്കിടേശനുമായും ഇതു സംബന്ധിച്ച് ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ജെ.എന്‍.യു പോലുള്ള  രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും അക്കാദമീഷ്യനുകളുമായും കൂടിയാലോചിച്ച് ഒരു ബദല്‍ പ്രൊജക്ട് കമ്മിറ്റിക്കു മുന്‍പാകെ വെയ്ക്കാനുള്ള നീക്കമാണ് ഞങ്ങള്‍ നടത്തുന്നത്. ജൂലൈ 19-ന് പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കുന്നതോടുകൂടി ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിലവില്‍ എന്‍.സി.ഇ.ആര്‍.ടിയും എസ്.സി.ഇ.ആര്‍.ടിയും പ്രസിദ്ധീകരിക്കുന്ന ചരിത്ര പുസ്തകങ്ങള്‍ തെറ്റാണെന്നും അടിയന്തിരമായി അവ മാറ്റി എഴുതണമെന്നുമാണ് ഇവരുടെ പ്രധാന നിര്‍ദ്ദേശം. ഇങ്ങനെയൊരു അവതരണം നടന്നപ്പോള്‍ തന്നെ അതിനെ എതിര്‍ത്തു. കാരണം പി.പി.ആര്‍.സിയുടെ കണ്ടെത്തല്‍ മുഴുവന്‍ ഹിന്ദു-മുസ്ലിം ധ്രുവീകരണത്തെ ചുറ്റിപ്പറ്റിയാണ്. ചരിത്രരചനയുള്‍ച്ചേരുന്ന അടിസ്ഥാന നൈതികതയെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി അട്ടിമറിക്കുന്നതാണ് അവരുടെ ഓരോ കണ്ടെത്തലുകളും.

പ്രാചീന-മധ്യകാല ഭാരത ചരിത്രത്തില്‍ കാണുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നതെന്തിനാണെന്ന് ചോദിക്കുന്ന പി.പി.ആര്‍.സി ജാതി വ്യവസ്ഥയും അതുണ്ടാക്കിയ അടിമത്ത സമ്പ്രദായവും നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട എന്ന പക്ഷത്താണ്. ചാതുര്‍വര്‍ണ്ണ്യവും സാമൂഹിക അസമത്വവും എതിര്‍ക്കപ്പെടുന്ന ഒരു കാഴ്ചപ്പാട് ഭാവി തലമുറയില്‍ ഇല്ലാതിരിക്കുക എന്ന മനോഭാവമാണ് പി.പി.ആര്‍.സിയെ നയിക്കുന്നത്. ഇവിടെ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വങ്ങളെക്കുറിച്ച് പഠിച്ചുതന്നെ വേണ്ടേ നമ്മുടെ തലമുറകള്‍ വളരാന്‍? ഇതൊക്കെ ഇവിടെ നിലനിന്നിരുന്നു എന്നും അതിനി ആവര്‍ത്തിക്കരുതെന്നും കുട്ടികളെ ആവര്‍ത്തിച്ചു ബോധിപ്പിച്ചു കൊണ്ടിരിക്കണം. എന്നാല്‍, സംഘപരിവാരത്തിനു വേണ്ടത് ജാതീയതയും അടിമത്തവും തിരികെ വരുന്നതാണല്ലോ. ഭക്തി-സൂഫി പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത സാമൂഹിക സാഹചര്യങ്ങളും അവയുടെ സ്വാധീനം ഇപ്പോള്‍ പഠിപ്പിക്കുന്നതുപോലെ പഠിപ്പിച്ചാല്‍ പോരെന്നും അവര്‍ പറയുന്നു. പിന്നെ, മുസ്ലിം-ഹിന്ദു ധ്രുവീകരണത്തിനു പോന്ന മട്ടില്‍ ഒരാഖ്യാനം വേണമായിരിക്കും. മധ്യകാല ഭാരത ചരിത്രത്തില്‍നിന്ന് ഡല്‍ഹി സുല്‍ത്താന്മാരുടേയും മുഗള്‍ സാമ്രാജ്യത്തിന്റേയും ചരിത്രങ്ങള്‍ വെട്ടിക്കുറക്കണമെന്നാണ് പി.പി.ആര്‍.സി ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. വിവിധ സാമ്രാജ്യങ്ങള്‍ക്കിടയില്‍ നിന്നിരുന്ന രാഷ്ട്രീയ താല്പര്യങ്ങളെ മതപരമായി ചിത്രീകരിക്കാനും ഡല്‍ഹി, മുഗള്‍, രജപുത്ര, മാറാത്ത, വിജയനഗര, മൈസൂര്‍ എന്നിങ്ങനെ തുടങ്ങി വിവിധ കാലങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനിന്ന സാമ്രാജ്യങ്ങള്‍ പുലര്‍ത്തിപ്പോന്ന ബഹുസ്വര സംസ്‌കൃതിയെ വിസ്മരിക്കാനുള്ള തിടുക്കമാണ് സംഘപരിവാരത്തിന്റേത്. 

കേരള പാഠപുസ്തകങ്ങളില്‍ ടിപ്പു സുല്‍ത്താനെപ്പറ്റി പറയുന്നുണ്ടെന്നും എന്നാല്‍, സിഖ് രാജവംശങ്ങളെപ്പറ്റി വിശദമായി പഠിപ്പിക്കുന്നില്ലെന്നുമാണ് പി.പി.ആര്‍.സിയുടെ കണ്ടെത്തല്‍. എനിക്കത് കേട്ട് ചിരിവന്നു. ടിപ്പു സുല്‍ത്താന്‍ എന്തുകൊണ്ട് കേരളത്തിന്റെ ചരിത്രത്തിനും ചരിത്ര പുസ്തകങ്ങള്‍ക്കും ഇത്രമേല്‍ പ്രധാനപ്പെട്ടതാകുന്നു എന്നതിനു കാരണം അവര്‍ക്കു മനസ്സിലാകില്ല. എന്‍.സി.ഇ.ആര്‍.ടിയുടേയും നമ്മുടെ എസ്.സി.ഇ.ആര്‍.ടിയുടേയും പുസ്തകങ്ങളും ഗുജറാത്ത് സി.ആര്‍.ടി പുസ്തകങ്ങളും വെച്ചുള്ള താരതമ്യത്തിലാണ് പി.പി.ആര്‍.സിയുടെ പ്രധാന ഊന്നല്‍ എന്ന ഒറ്റ സംഗതി മതിയല്ലോ ഇവരുടെ നിലവാരവും നില്‍പ്പും മനസ്സിലാക്കാന്‍. 

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിരവധി അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നില്ലെന്നാണ് പി.പി.ആര്‍.സിയുടെ ആശങ്ക. സ്‌കൂളില്‍ കുട്ടികള്‍ ചരിത്രം മാത്രമല്ലല്ലോ പഠിക്കുന്നത്. ചരിത്രത്തില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് കൂടുതല്‍ വിശദമായി പഠിക്കാമല്ലോ. മാത്രവുമല്ല, വീരേതിഹാസ ചരിത്രങ്ങളൊക്കെ പഠിപ്പിക്കുമ്പോള്‍ മാപ്പെഴുതിക്കൊടുത്തതും ഒറ്റുകൊടുത്തതുമായ സംഘ നേതാക്കളുടെ ചരിത്രത്തിന് ഇടം കാണാത്തത് സ്വാഭാവികമല്ലേ.   ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു ആഘോഷിക്കപ്പെടുന്നതിലും പി.പി.ആര്‍.സിക്ക് വലിയ സങ്കടമാണ്. എന്‍.സി.ആര്‍.ടിയും കേരളത്തിലെ പുസ്തകങ്ങളും നെഹ്റുവിന്റെ നേട്ടങ്ങളെ വലിയ പ്രാധാന്യത്തോടെ പഠിപ്പിക്കുന്നു എന്നതാണ് അവരുടെ പ്രശ്‌നം. 

പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജന്‍ഡയാണ് എന്നു ഞാന്‍ മുന്‍പും പറഞ്ഞിരുന്നു.  ധ്രുവീകരണ താല്‍പ്പര്യത്തോടെ ചരിത്രപുസ്തകങ്ങളെ വികലമാക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. മതേതരമായ പ്ലാറ്റ്‌ഫോമില്‍നിന്നുകൊണ്ട് ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com