വോട്ടര്‍പട്ടികയില്‍ മൂന്നുലക്ഷം സ്ത്രീകളെ കാണാനില്ല!

അഞ്ചുലക്ഷം പുരുഷവോട്ടര്‍മാര്‍ ഇത്തവണത്തെ വോട്ടര്‍പട്ടികയില്‍ അധികമായി ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് രത്‌നകുമാറും ഹരി കുറുപ്പും നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് 
കോഴിക്കട് മടപ്പള്ളി കോളജിലെ പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ സ്ത്രീകൾ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
കോഴിക്കട് മടപ്പള്ളി കോളജിലെ പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ സ്ത്രീകൾ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഉയര്‍ന്നുവന്ന വിവാദമായിരുന്നു വോട്ടര്‍പട്ടികയിലെ പേരുകളുടെ വന്‍തോതിലുള്ള ഇരട്ടിപ്പ്. പാകപ്പിഴകളുള്ള വോട്ടര്‍പട്ടികയുമായി തെരഞ്ഞെടുപ്പു നടത്തിയാല്‍ കൃത്രിമം നടക്കാനിടയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. മുന്‍പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാല്‍, സമയക്കുറവുമൂലം വോട്ടര്‍പട്ടിക പരിഷ്‌കരിക്കുക എന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിച്ചത്. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നാലുലക്ഷത്തിലധികം പേരുകള്‍ ഇരട്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ഈ പട്ടിക വെബ്സൈറ്റില്‍ പുറത്തുവിടുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ, പെട്ടെന്ന് ഒരു സംഘത്തെ നിയോഗിച്ച് ഇരട്ടിപ്പുള്ളത് 38,586 പേരുകള്‍ മാത്രമാണെന്നു കണ്ടെത്തി വിവാദം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതു സംബന്ധിച്ച് പിന്നീട് പരിശോധനകളൊന്നും ഉണ്ടായില്ല. ഇരട്ടിപ്പ് ഉണ്ടെന്നു മനസ്സിലായെങ്കിലും അതു സംബന്ധിച്ച് അന്വേഷണങ്ങളോ നടപടികളോ ഉണ്ടായില്ല. പകരം വോട്ടര്‍പട്ടിക ചോര്‍ത്തി എന്ന് ആരോപിച്ച് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് കമ്മിഷന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൂക്ഷിച്ച 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ ലാപ്ടോപ്പില്‍നിന്നും ചോര്‍ത്തി എന്ന് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനൊപ്പം വോട്ടര്‍മാരുടെ ഡാറ്റ കൈകാര്യം ചെയ്യാന്‍ നിയമിക്കപ്പെട്ട ഇരുന്നൂറോളം കെല്‍ട്രോണ്‍ ജീവനക്കാരെ പിരിച്ചുവിട്ടു. കമ്മിഷന്റെ പരാതിയിന്മേല്‍ ഐ.ടി ആക്ടിന്റെ ലംഘനം, ഗൂഢാലോചന, മോഷണം എന്നീ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുന്നത്. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ലഭ്യമാവുന്ന വോട്ടര്‍പട്ടികയിലുള്ള വിവരങ്ങളില്‍നിന്നാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. 

ഇതിനിടെ, വോട്ടര്‍പട്ടിക ചോര്‍ത്തി എന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോവുമ്പോഴും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്. 4.34 ലക്ഷം വ്യാജ വോട്ടര്‍മാര്‍ കേരളത്തിലെ വോട്ടര്‍ പട്ടികയിലുണ്ട് എന്നാണ് തെളിവു സഹിതം രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറയുകയും തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുകയും ചെയ്തത്. ആദ്യം പ്രാദേശിക തലത്തില്‍ നടത്തിയ പരിശോധനകളില്‍ ക്രമക്കേട് ബോധ്യപ്പെട്ടതോടെ കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ ഇരട്ടവോട്ടുകളും കണ്ടെത്തി. പട്ടികയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഈ ആരോപണങ്ങളെ ലാഘവത്വത്തോടെയാണ് ഇലക്ഷന്‍ കമ്മിഷന്‍ നേരിട്ടത്. ക്രമക്കേടുകളുള്ള പട്ടിക വെച്ച് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതും. ഈ പശ്ചാത്തലത്തിലാണ് ന്യൂഡല്‍ഹി ആസ്ഥാനമായ സ്പീക്കേര്‍സ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് സെല്ലിലെ റിസര്‍ച്ച് ഫെല്ലോയും അദ്ധ്യാപകനുമായ ഡോ. ജെ. രത്‌നകുമാറും കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് സാമ്പത്തിക ശാസ്ത്രവിഭാഗം ഡിപ്പാര്‍ട്ട്മെന്റ് തലവനായ ഡോ. കെ.കെ. ഹരി കുറുപ്പും നടത്തിയ പഠനം പ്രസക്തമാകുന്നത്.

ഡോ. ജെ രത്നാകരൻ
ഡോ. ജെ രത്നാകരൻ

അഞ്ചുലക്ഷം പുരുഷവോട്ടര്‍മാരുടെ അസാധാരണ വര്‍ദ്ധന 

അഞ്ചുലക്ഷം പുരുഷവോട്ടര്‍മാര്‍ ഇത്തവണത്തെ വോട്ടര്‍പട്ടികയില്‍ അധികമായി ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് രത്‌നകുമാറും ഹരി കുറുപ്പും നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. മൂന്നുലക്ഷത്തോളം സ്ത്രീവോട്ടര്‍ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള വോട്ടര്‍പട്ടികയില്‍, അധികമായി വന്ന അഞ്ചുലക്ഷം പുരുഷ വോട്ടര്‍മാരെ ഒഴിവാക്കുകയും മൂന്ന് ലക്ഷം സ്ത്രീ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുകയും ചെയ്താലേ വോട്ടര്‍പട്ടിക പൂര്‍ണ്ണമാകൂ എന്നാണ് ഇവരുടെ നിഗമനം. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ രണ്ടുലക്ഷം വോട്ടര്‍മാരുടെ ഇരട്ടിപ്പ് ഉണ്ടായിട്ടുണ്ടെന്നാണ് ഈ പഠനത്തിലെ നിഗമനം. നിലവിലെ വോട്ടര്‍പട്ടികയില്‍, ഓരോ ലക്ഷത്തില്‍നിന്നും 730 വോട്ടര്‍മാരെ വീതം ഒഴിവാക്കിയാലേ പട്ടികയിലെ ക്രമക്കേട് പരിഹരിക്കാനാകൂ എന്നാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. പല മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കാന്‍ പാകത്തിലുള്ളതാണ് ഈ ക്രമക്കേട് എന്നത് വ്യക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഒന്‍പത് മണ്ഡലങ്ങളില്‍ 1500-ല്‍ താഴെയാണ് ഭൂരിപക്ഷം. മുന്നണികള്‍ തമ്മിലുള്ള വോട്ടു വ്യത്യാസം നാമമാത്രമായതിനാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ പര്യാപ്തമായിരുന്നു ഈ ക്രമക്കേടുകള്‍ എന്നു വ്യക്തമാണ്. വോട്ടര്‍പട്ടിക സമയബന്ധിതമായി പുതുക്കാത്തതാണ് പൊരുത്തക്കേടുകള്‍ വരാന്‍ പ്രധാനകാരണമെന്ന് ഡോ. ജെ. രത്‌നകുമാര്‍ പറയുന്നു. വോട്ടര്‍മാരുടെ എണ്ണത്തിലെ കൃത്യത ജനസംഖ്യയുമായുള്ള താരതമ്യപഠനത്തിലൂടെ മാത്രമേ നിര്‍ണ്ണയിക്കാന്‍ പറ്റൂ. 2021-ലെ സെന്‍സസ് ലഭ്യമല്ലാത്തതിനാല്‍ യോഗ്യരായ വോട്ടര്‍മാരുടെ എണ്ണം പ്രത്യക്ഷത്തില്‍ ലഭ്യമല്ല. സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തില്‍ 2018 വരെയുള്ള ജനസംഖ്യാ കണക്കുകള്‍ ലഭ്യമാണ്. ഇതും 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയ ജനസംഖ്യയും പ്രത്യുല്‍പ്പാദന നിരക്ക്, ആയുര്‍ദൈര്‍ഘ്യം, കുടിയേറ്റ നിരക്ക് തുടങ്ങി മറ്റു പുതിയ ജനസംഖ്യാ സൂചികകകളും പരിശോധിച്ചാണ് ഇവരുടെ പഠനത്തിനാസ്പദമായ ഡാറ്റ തയ്യാറാക്കിയത്. സംസ്ഥാനതലത്തിലുള്ള വോട്ടര്‍പട്ടികയും 18 വയസ്സിനു മുകളില്‍ വരാന്‍ സാധ്യതയുള്ള വിഭാഗവും തമ്മിലുള്ള താരതമ്യപഠനമാണ് നടത്തിയത്. 

അപ്രത്യക്ഷരായ മൂന്നുലക്ഷം സ്ത്രീവോട്ടര്‍മാര്‍ 

കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍ മൂന്ന് ലക്ഷത്തോളം പട്ടികയില്‍ കുറവാണ് എന്നു പഠനത്തില്‍ പറയുന്നു. 2.74 കോടി വോട്ടര്‍മാരാണ് 2021 നിയമസഭാ തെരഞ്ഞെടുപ്പിന്റെ പട്ടികയിലുണ്ടായിരുന്നത്. 1.33 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും. 2011-ല്‍ 2.32 കോടിയായിരുന്നു വോട്ടര്‍മാര്‍. 1.11 കോടി പുരുഷന്മാരും 1.21 കോടി സ്ത്രീകളും.

2011-ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയില്‍ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ ആയിരുന്നെങ്കില്‍ വോട്ടര്‍മാര്‍ക്കിടയിലെ ഈ അനുപാതം 1142 ആണ്. പക്ഷേ, വോട്ടര്‍പട്ടികയിലെ അനുപാതം നോക്കിയാല്‍ 1000 പുരുഷ വോട്ടര്‍മാര്‍ക്ക് 1090 സ്ത്രീ വോട്ടര്‍മാര്‍ മാത്രമേയുള്ളൂ. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടിയതിനാല്‍ ഈ അനുപാതം ജനസംഖ്യാ അനുപാതത്തേക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുകയാണ് വേണ്ടത്. 

2016 മുതല്‍ 2019 വരെ വോട്ടര്‍പട്ടികയില്‍ ഒരു ലക്ഷം വോട്ടര്‍മാര്‍ മാത്രമാണ് വര്‍ദ്ധിച്ചത്. സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ മാറ്റമൊന്നുമുണ്ടായതുമില്ല. പുരുഷ വോട്ടര്‍മാര്‍ 1.26 കോടിയില്‍നിന്ന് 1.27 കോടിയായി. സ്ത്രീ വോട്ടര്‍മാര്‍ 1.35 കോടിയില്‍ത്തന്നെ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സസ് അടിസ്ഥാനമാക്കിയാല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏകദേശം പത്ത് ലക്ഷം പേരുടെ വര്‍ദ്ധനയുണ്ടാവേണ്ടിടത്താണ് ഒരു ലക്ഷം മാത്രം ഉണ്ടായത്. ഇതില്‍ അഞ്ച് ലക്ഷം സ്ത്രീവോട്ടര്‍മാര്‍ വരേണ്ടതായിരുന്നു. വോട്ടര്‍പട്ടികയിലെ ആകെ വോട്ടര്‍മാരും സെന്‍സസിലെ സമാനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍തോതില്‍ വ്യത്യാസം കാണാം. എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ത്രീ വോട്ടര്‍മാര്‍ യഥാര്‍ത്ഥ എണ്ണത്തേക്കാള്‍ കുറവാണ് വോട്ടര്‍പട്ടികയില്‍ എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ ഒരു ലക്ഷത്തില്‍ 730 വോട്ടര്‍മാരെ നീക്കം ചെയ്യേണ്ടതാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് ലിംഗ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഓരോ ലക്ഷം പുരുഷവോട്ടര്‍മാരില്‍നിന്നും 3759 പേരെ നീക്കുകയും ഓരോ ലക്ഷം സ്ത്രീവോട്ടര്‍മാര്‍ക്കുമൊപ്പം 2128 പോരെ കൂട്ടിചേര്‍ക്കുകയും ചെയ്താല്‍ മാത്രമേ പട്ടിക കൃത്യമാവുകയുള്ളൂ. സെന്‍സസ് നടന്ന വര്‍ഷവും നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷവും ഒന്നായിട്ടും 2011-ലെ വോട്ടര്‍പട്ടികയില്‍ ഏകദേശം എട്ട് ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഏഴ് ലക്ഷം സ്ത്രീകളും ഒരു ലക്ഷം പുരുഷന്മാരും പട്ടികയ്ക്ക് പുറത്തായിരുന്നു. 

ഡോ. കെകെ ഹരി കുറുപ്പ്
ഡോ. കെകെ ഹരി കുറുപ്പ്

സ്ത്രീ വോട്ടര്‍മാരെക്കുറിച്ച് പഠനങ്ങള്‍ വേണം 

2011 മുതല്‍ 2021 വരെയുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയതെന്ന് ഡോ. ജെ. രത്‌നകുമാര്‍ പറയുന്നു: ''രാഷ്ട്രീയ പ്രവര്‍ത്തകര്‍ താഴെതട്ടില്‍ ഇടപെടുന്നവരാണ്. ഒരു വാര്‍ഡിലെ വോട്ടര്‍പട്ടികയെടുത്താല്‍ തന്നെ അതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നു കണ്ടെത്താന്‍ അവര്‍ക്കു കഴിയും. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് യു.ഡി.എഫ് അത്തരത്തിലൊരു വിശദമായ പരിശോധന നടത്തിയത്. പല മണ്ഡലങ്ങളിലും പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത് ഇവരുടെ ജയസാധ്യതയെപോലും ബാധിക്കുന്നുണ്ട് എന്ന തരത്തിലായിരുന്നു അവരുടെ നിരീക്ഷണം. ചെറിയ മാര്‍ജിനുകളില്‍ ജയിക്കുന്ന മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ വരുന്നതോടെ ഫലം തന്നെ മാറിപോകുന്ന സാഹചര്യമുണ്ടാകും. അതാത് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യം മിണ്ടില്ല. ഐ.ഐ.എമ്മിലെ വിദഗ്ദ്ധരുടെ സഹായം കൂടി തേടിയാണ് അന്ന് ക്രമക്കേട് കണ്ടെത്തിയത്. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് അവരുടെ മെത്തഡോളജി വെച്ച് കണ്ടെത്തി. പക്ഷേ, ആ റിപ്പോര്‍ട്ടും പൊതുജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. എങ്കിലും നാല് ലക്ഷത്തിലധികം അവര്‍ കണ്ടെത്തി.''

''തെഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയത് 38000 മാത്രമായിരുന്നു. അപ്പോള്‍ എന്താണ് ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്നു പരിശോധിക്കാനാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ഇലക്ഷന്‍ കമ്മിഷന്‍ പറയുന്നതാണോ യു.ഡി.എഫ് പറയുന്നതാണോ ശരി എന്നത് വ്യക്തമാവണം എന്നു തോന്നി. ഞങ്ങളുടെ കണ്ടെത്തല്‍ യു.ഡി.എഫ് പറഞ്ഞതിനോട് വളരെ അടുത്തു നില്‍ക്കുന്നതാണ്. കണ്ടെത്തിയ മറ്റൊരു കാര്യം സ്ത്രീവോട്ടര്‍മാരുടെ കുറവാണ്. പഠനപ്രകാരം മൂന്ന് ലക്ഷം സ്ത്രീവോട്ടര്‍മാരുടെ കുറവ് നിലവില്‍ കേരളത്തിലെ വോട്ടര്‍പട്ടികയിലുണ്ട്. പൊതുജനങ്ങള്‍ സത്യാവസ്ഥ അറിയേണ്ടതുണ്ട്. ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാകണം. പഠനത്തിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചെങ്കിലും ഇതുവരെ അക്കാര്യത്തില്‍ ഒരു പ്രതികരണമോ മറുപടിയോ ഉണ്ടായിട്ടില്ല'' -രത്‌നകുമാര്‍ പറയുന്നു. 

അഞ്ച് ലക്ഷം പുരുഷ വോട്ടന്മാര്‍ അധികമായി വന്നിരിക്കുന്നു എന്നതും മൂന്നുലക്ഷം സ്ത്രീ വോട്ടര്‍മാര്‍ കുറവാണ് എന്നതുമാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. അതിന്റെ ആകെ തുക എടുക്കുന്നതിനുപകരം ആണ്‍, പെണ്‍ എന്ന രീതിയില്‍ത്തന്നെ കാണേണ്ടതാണ്. അണ്ടര്‍ ന്യൂമറേഷനും ഓവര്‍ ന്യൂമറേഷനും രണ്ടും പ്രത്യേകമായി കാണണം. ലിംഗസമത്വത്തില്‍ കേരളത്തിലെ സ്ത്രീകള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ് എന്നു പറയുമ്പോള്‍ തന്നെയാണ് ഇതു സംഭവിക്കുന്നത്. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതും കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ് ഡോ. രത്‌നകുമാര്‍ പറയുന്നു.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടും കള്ളവോട്ടും വര്‍ഷങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. പലപ്പോഴും അത് ഒറ്റപ്പെട്ട ബൂത്തുകളിലോ മണ്ഡലങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കാറാണെങ്കില്‍ ഇത്തവണ കേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലേയും ക്രമക്കേടുകള്‍ പുറത്തുവന്നു. കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും കള്ളവോട്ട് ആരോപണം സജീവമായി തെരഞ്ഞെടുപ്പ് സമയത്ത് നില്‍ക്കാറുണ്ട്. പരാതികളും നല്‍കാറുണ്ട്. തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ക്രമക്കേടുകള്‍ തന്നെയാണ് പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടാവാനുള്ള കാരണം. മരണം, സ്ഥലംമാറിപോകല്‍, കുടിയേറ്റം എന്നിവ കൃത്യമായി രേഖപ്പെടുത്താത്തതാണ് പ്രധാന കാരണം. ഒരേ മണ്ഡലത്തില്‍ത്തന്നെ ഒന്നിലധികം വോട്ടുകള്‍ മറ്റു മണ്ഡലങ്ങളിലും വോട്ടുകള്‍ തുടങ്ങി പ്രത്യക്ഷത്തില്‍ത്തന്നെ തെളിവുകളുള്ള ഇരട്ടിപ്പുകള്‍പോലും കൃത്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍പോലെ തന്നെ വ്യാജവോട്ടും സ്വാഭാവികവല്‍ക്കരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും പ്രവര്‍ത്തകരും നമുക്കിടയിലുണ്ട്. കള്ളവോട്ട് ചെയ്തതിനു ശിക്ഷിക്കപ്പെടുകയോ വ്യാജവോട്ടര്‍പട്ടിക ഉണ്ടാക്കിയതിന് നടപടിയെടുക്കുകയോ ചെയ്തതായി കേരളത്തില്‍ അധികം കേട്ടിട്ടില്ല. കള്ളവോട്ടിനെതിരെ ഹൈക്കോടതിയില്‍ പോയി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തന്നെ തിരുത്തിച്ച് ആദ്യമായി നിയമസഭയില്‍ എത്തിയ ആളാണ് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. 1991-ല്‍ എടക്കാട് മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നു എന്ന സുധാകരന്റെ പരാതിയിലാണ് അന്ന് ഇടതു സ്ഥാനാര്‍ത്ഥി ഒ. ഭരതന്റെ വിജയം അസാധുവാക്കിയത്. 2016 തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നതിനെതിരെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ ആരോപണം എന്നതില്‍നിന്നു മാറി തെളിവുകള്‍ സംസാരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും ജനാധിപത്യപരമായ ഇടപെടല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്. തെരഞ്ഞെടുപ്പു കാലത്തുമാത്രം പട്ടികയിലെ ക്രമക്കേടുകള്‍ ഉന്നയിക്കുന്ന ശീലത്തില്‍നിന്നു കുറെക്കൂടി ഗൗരവതരമായ രീതിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെ സമീപിക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com