സഹകരണ മേഖലയിലും കേന്ദ്രം കൈവെയ്ക്കുമ്പോള്‍ 

സഹകരണ മേഖലയ്ക്കു മാത്രമായി പുതിയ മന്ത്രാലയം സൃഷ്ടിച്ചതു സംഘപരിവാറിനും കോര്‍പറേറ്റുകള്‍ക്കും കടന്നുകയറാന്‍ വഴിയൊരുക്കുന്നതിനുവേണ്ടിയാണ് എന്ന ആരോപണം പരക്കേയുണ്ട്
ഒഡിഷയിലെ ജ​ഗത്സിങ്പുർ ജില്ലയിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന പാൽ സംഭരണ കേന്ദ്രത്തിന് മുന്നിൽ സഹകാരികൾ കൂടിയായ വീട്ടമ്മമാർ
ഒഡിഷയിലെ ജ​ഗത്സിങ്പുർ ജില്ലയിലെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന പാൽ സംഭരണ കേന്ദ്രത്തിന് മുന്നിൽ സഹകാരികൾ കൂടിയായ വീട്ടമ്മമാർ

മോദി മന്ത്രിസഭയില്‍ ഈയിടെ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി ഇതാദ്യമായി കേന്ദ്രതലത്തില്‍ സഹകരണവകുപ്പ് രൂപീകരിക്കപ്പെട്ടു. മന്ത്രിസഭയില്‍ രണ്ടാമനായി കരുതപ്പെടുന്ന ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതല കയ്യാളുന്ന അമിത് ഷായ്ക്ക് ആണ് ഈ വകുപ്പിന്റെ ചുമതല നല്‍കിയത് എന്നത് ഈ നടപടിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന പട്ടികയില്‍പ്പെടുന്ന സഹകരണ മേഖലയില്‍ യൂണിയന്‍ ഗവണ്‍മെന്റ് സാരമായ ഇടപെടലുകള്‍ നടത്താന്‍ പോകുന്നു എന്നതിന്റെ പ്രത്യക്ഷ സൂചനയാണ് ഈ നീക്കം എന്നതാണ് കാരണം. 

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ട് പുതിയതായി രൂപീകരിക്കപ്പെട്ട മന്ത്രാലയം ഇവയുടെ ഭരണ, നിയമപരിപാലന, നയ തലങ്ങളില്‍ വ്യക്തമായ ഫ്രെയിംവര്‍ക്ക് സൃഷ്ടിക്കുമെന്നും 'ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള' പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും ബഹു സംസ്ഥാന സഹകരണ ബാങ്കുകളുടെ (മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക്-എം.എസ്.സി.ബികള്‍) വികസനം പ്രാപ്തമാക്കുന്നതിനും വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നുമാണ് ഗവണ്‍മെന്റ് ഈ വകുപ്പിന്റെ രൂപീകരണത്തിനു ന്യായീകരണമായി പറഞ്ഞത്. 

സഹകരണ മേഖലയില്‍ രാജ്യം ഭരിക്കുന്ന കക്ഷിക്ക് സവിശേഷ താല്‍പ്പര്യങ്ങളുണ്ടെന്നുള്ളത് പരസ്യമായ സംഗതിയാണ്. സമവര്‍ത്തിപ്പട്ടികയിലും (Concurrent list) സംസ്ഥാന പട്ടികയിലും പെടുന്ന മറ്റു പല മേഖലകളിലും കടന്നുകയറാന്‍ ജനം തെരുവുകളില്‍ ഇറങ്ങാന്‍ മടിക്കുന്ന കൊവിഡ് കാലം തന്നെയാണ് യൂണിയന്‍ ഗവണ്‍മെന്റ് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞവര്‍ഷം ജൂണിലാണ് 4.84 ലക്ഷം കോടി രൂപ നിക്ഷേപവും 8.6 കോടി നിക്ഷേപകരുമുള്ള രാജ്യത്തെ 1540 അര്‍ബന്‍ കോ-ഓപറേറ്റീവ്, മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കുകള്‍ ആര്‍.ബി.ഐയുടെ മാത്രം നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരുന്നത്. ഒന്നിലേറെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയാകുന്ന സംഘങ്ങള്‍ മന്ത്രാലയത്തിലെ സെന്‍ട്രല്‍ രജിസ്ട്രാറിന്റെ അധികാര പരിധിയിലായിരുന്നു. സംസ്ഥാന സഹകരണ നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സംഘങ്ങള്‍ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലും. ഈ സ്ഥാപനങ്ങളെ ആര്‍.ബി.ഐയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനായി ബാങ്കിങ് ഭേദഗതി നിയമം കൊണ്ടുവരികയും ചെയ്തു. 

നെഹ്‌റുവും മോദിയും സഹകരണ മേഖലയും
 
ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമായാണ് യൂണിയന്‍ ഗവണ്‍മെന്റ് സഹകരണവകുപ്പ് സൃഷ്ടിച്ചത് എന്നാണ് വ്യാഖ്യാനം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ വികസിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അനായാസമാക്കുന്നതിനും അവയ്ക്കായി ഭരണതലത്തില്‍ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. 

പൊതുവായ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി കൈകോര്‍ക്കുന്ന ഒരുകൂട്ടം വ്യക്തികള്‍ ഉള്‍പ്പെടുന്ന സന്നദ്ധ സംഘടനയായാണ് സഹകരണ സംഘങ്ങളെ നിര്‍വ്വചിച്ചിട്ടുള്ളത്. ഇപ്പോള്‍ സഹകരണ മേഖലയില്‍ യൂണിയന്‍ ഗവണ്‍മെന്റെടുക്കുന്ന പ്രത്യേക താല്‍പ്പര്യം മുന്‍നിര്‍ത്തി നെഹ്‌റുവിന്റെ കാലത്ത് എന്ന പോലെ ഈ ഗവണ്‍മെന്റും സഹകരണ മേഖലയെ രാഷ്ട്രനിര്‍മ്മാണത്തിനുള്ള മുഖ്യ ഉപാധിയായി കാണുന്നുവെന്നൊക്കെ വ്യാഖ്യാനമുണ്ട്. എന്നാല്‍, വിശദമായ പരിശോധനയില്‍ നെഹ്‌റുവിന്റേയും മോദിയുടേയും ഊന്നല്‍ വിഭിന്നമാണെന്നും കാണാം. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടേണ്ട ഒരു 'ധാര്‍മ്മികസമൂഹ'ത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നായിരുന്നു നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം സഹകരണ മേഖല. നാഗരികത മുന്നേറുകയും സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുമ്പോള്‍ പരസ്പരം സഹകരണം എന്ന ഘടകം മനുഷ്യര്‍ക്കിടയില്‍ കുറഞ്ഞുവരുന്നതായി കാണാമെന്നും ഈ കുറവ് ജീവിക്കുന്നതിന് ആവശ്യമായി നമുക്കു ലഭിക്കുന്ന എല്ലാത്തരം പരിശീലനങ്ങളേയും ഉപയോഗശൂന്യമാക്കുന്നുവെന്നും നെഹ്‌റുവിനു അഭിപ്രായമുണ്ടായിരുന്നു. മനുഷ്യസമൂഹത്തിനു ലഭിക്കുന്ന എല്ലാ മികവുകളും പരസ്പരമുള്ള പോരാട്ടത്തില്‍ പാഴാക്കപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കണ്ടു. ഒരുവിധത്തിലുമുള്ള പ്രേരണയോ നിര്‍ബ്ബന്ധമോ സഹകരണ മേഖലയിലെ പങ്കാളിത്തത്തിനായി വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കപ്പെടരുതെന്നും നെഹ്‌റു കരുതി. സഹകരണ സംഘങ്ങളില്‍ പുറമേ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകരുതെന്നും അവയ്ക്ക് സ്വയംഭരണം ഉണ്ടാകണമെന്നുമെന്നായിരുന്നു നെഹ്‌റുവിന്റെ ധാരണ. മനുഷ്യരെ തമ്മിലുള്ള ബന്ധം കൂടുതല്‍ വര്‍ദ്ധിപ്പിക്കുക, സാമൂഹിക ഐക്യം വളര്‍ത്തുക, പരസ്പരം കടമയുള്ളവരെന്ന ബോധം സൃഷ്ടിക്കുക എന്നിവയാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് അനിവാര്യമായും ഉണ്ടാകേണ്ട സ്വഭാവം എന്നും അദ്ദേഹത്തിനു അഭിപ്രായമുണ്ടായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തിലും നീതിയിലും അടിയുറച്ച ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ സഹകരണ മേഖലയ്ക്ക് വലിയ പങ്കുണ്ടെന്നും നെഹ്‌റു കണ്ടു. ജനങ്ങളില്‍ സ്വാശ്രിതത്വം വളര്‍ത്തുന്നതിന് സഹകരണ മേഖലയ്ക്കു നിര്‍ണ്ണായക പ്രാധാന്യം ഉണ്ടെന്നും രാഷ്ട്രശില്പി വിചാരിച്ചു. ഗവണ്‍മെന്റുകളുടെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണത്തിനോ ഇടപെടലുകള്‍ക്കോ എതിരായിരുന്നു ജവഹര്‍ലാല്‍. തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും സ്വയംഭരണവും നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഗവണ്‍മെന്റുകളുടെ ഇത്തരമൊരു സമീപനം സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ആളുകളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കും എന്നും അദ്ദേഹം കരുതി. ചുരുക്കത്തില്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ നിര്‍മ്മിതിക്ക് അനിവാര്യമായ ഒരു ഘടകമായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാടില്‍ സഹകരണമേഖല. 

കേന്ദ്രമന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി സഹകരണവകുപ്പ് രൂപീകരിച്ചപ്പോള്‍ ഒരു ദേശീയ ദിനപ്പത്രം വായനക്കാരെ ഓര്‍മ്മിപ്പിച്ചത് നെഹ്‌റുവിന്റെ കാലത്തേതിനു സമാനമാണ് ഈ ഇടപെടല്‍ എന്നാണ്. ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന് വരുംകാലങ്ങളില്‍ ഈ മേഖലയില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ നടത്തുന്ന ഇടപെടലുകളാണ് കൂടുതലായി വെളിവാക്കുക. എന്നാല്‍, വ്യത്യസ്ത മേഖലകളില്‍, നെഹ്‌റുവിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ട മൂല്യങ്ങളില്‍നിന്നുള്ള തിരിച്ചുപോക്കിനാണ് മോദി ഭരണം തുനിഞ്ഞിട്ടുള്ളത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തീര്‍ച്ചയായും നെഹ്‌റുവിയന്‍ സങ്കല്പങ്ങളുടെ തുടര്‍ച്ചയല്ല ഉണ്ടാകാന്‍ പോകുന്നത് എന്നു ന്യായമായും പറയാം. അതിരില്ലാത്ത കോര്‍പറേറ്റ് പ്രീണനത്തിനും ലക്കില്ലാത്ത ആസ്തി വില്‍പ്പനയും ഉറപ്പാക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് മന്ത്രിസഭാ പുന:സംഘാടനം ഉണ്ടായത് എന്ന ആരോപണം ശക്തമായ പശ്ചാത്തലത്തില്‍ നെഹ്‌റുവിന്റെ കാലത്തേതിനു സമാനമായ താല്‍പ്പര്യങ്ങളാണ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ ഇടപെടലിനു പിറകിലെന്ന ന്യായം എങ്ങനെ വിശ്വസിക്കാനാകുമെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. 

നെഹ്‌റുവിയന്‍ രാഷ്ട്രീയം ഊന്നല്‍ നല്‍കുന്ന ഫെഡറലിസത്തിന്റെ തത്ത്വങ്ങളെ ബലി കഴിച്ചാണ് കേന്ദ്രതലത്തില്‍ സഹകരണവകുപ്പ് രൂപീകരിച്ചത് എന്ന ആരോപണം വ്യാപകമായി ഉയരുന്നുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന പട്ടികയില്‍പ്പെടുന്നതാണ് സഹകരണവകുപ്പ്. എന്നാല്‍, സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും കൂടാതെയാണ് സംസ്ഥാന പട്ടികയില്‍പ്പെടുന്ന സഹകരണ മേഖലയ്ക്കായി കേന്ദ്രതലത്തില്‍ വകുപ്പു സൃഷ്ടിച്ചതെന്ന് വിമര്‍ശനവും ശക്തമാണ്. 

ഏറെ വിചിത്രമായ മട്ടിലാണ് സഹകരണവകുപ്പുകൂടി രൂപീകരിച്ചുകൊണ്ടുള്ള മോദി മന്ത്രിസഭയുടെ പുന:സംഘാടനം ഇത്തവണ ഉണ്ടായത്. വിരുദ്ധവും വിഭിന്നവുമായ താല്‍പ്പര്യങ്ങളുള്ള രാസവളആരോഗ്യ മന്ത്രാലയങ്ങള്‍ ഒരാളുടെ കീഴിലാക്കി. പതിവുതെറ്റിച്ച് വ്യവസായമന്ത്രിക്കു തന്നെ ഉപഭോക്തൃകാര്യത്തിന്റേയും ചുമതല നല്‍കി. ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുണ്ടായ പൊതുമേഖലാ വകുപ്പിനെ ധനമന്ത്രാലയത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇങ്ങനെ വിചിത്രങ്ങളെന്നു വിലയിരുത്തപ്പെടുന്ന ഓരോ പുന:ക്രമീകരണവും വ്യക്തമായ ഉദ്ദേശ്യത്തോടെ നിര്‍വ്വഹിക്കപ്പെട്ടവയാണ്. ഉദാഹരണത്തിന് ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാവകുപ്പിനെ ധനമന്ത്രാലയത്തിന്റെ കീഴിലാക്കിയത് വിറ്റഴിക്കല്‍ പ്രക്രിയയുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനാണ്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ 'എത്രയും വേഗം വിറ്റുതുലയ്ക്കാനുള്ള പരിപാടി'യുടെ ഭാഗം. 

ഈ തുടര്‍ച്ചയിലാണ് കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സഹകരണം എന്ന വിഷയത്തിനു പ്രത്യേക വകുപ്പ് സൃഷ്ടിച്ച് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അമിത് ഷായെ ഏല്‍പ്പിക്കുന്നത്. അതിനു ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇനി ലക്ഷ്യം സഹകരണ മേഖല? നരേന്ദ്ര മോദിയും അമിത് ഷായും
ഇനി ലക്ഷ്യം സഹകരണ മേഖല? നരേന്ദ്ര മോദിയും അമിത് ഷായും

അമിത് ഷായുടെ രാഷ്ട്രീയദൗത്യം 

മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിനു രണ്ടുദിവസം മുന്‍പേയാണ് സഹകരണ മേഖലയ്ക്കായി പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത്. അര്‍ബന്‍ ബാങ്കുകള്‍ക്കു മുകളില്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ റിസര്‍വ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കിയിട്ടുണ്ട്. ഒരു പ്രത്യേക വിജ്ഞാപനത്തിലൂടെ അത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കുന്നതിനു യൂണിയന്‍ ഗവണ്‍മെന്റിനു സാധ്യമാകും. അതോടെ വലിയ എതിര്‍പ്പുയര്‍ത്തിയ വൈദ്യനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് മുന്‍ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്. 

ആഭ്യന്തരമന്ത്രി അമിത് ഷായെ തന്നെ ഈ വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചതിനു പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഈ നീക്കത്തെ വിമര്‍ശിച്ച് പ്രസ്താവനയിറക്കിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിനു പുറമേ മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനം ശക്തമാണ്. മിക്കവയും കാര്‍ഷിക മേഖലയുമായും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയുമാണ്. ''സഹകരണം സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റില്‍ 32-ാം എന്‍ട്രിയായി സംസ്ഥാന വിഷയത്തില്‍പ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതില്‍ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍വേരോട്ടമാണുള്ളത്. ജനങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുള്ള ഗൂഢ അജന്‍ഡയുടെ ഭാഗമണ് ഈ നീക്കം'' രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. മഹാരാഷ്ട്രയിലെ കരിമ്പുള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരെ ചൂഷണത്തില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ സഹകരണ മേഖലയ്ക്ക് സാരമായ പങ്കുണ്ട്. 

അടുത്ത തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആയിട്ടാണ് കേന്ദ്രതലത്തില്‍ സഹകരണത്തിനു പ്രത്യേക മന്ത്രാലയം സൃഷ്ടിച്ചതിനേയും അതിനു അമിത് ഷായെ മന്ത്രിയായി നിയോഗിച്ചതും വിലയിരുത്തപ്പെടുന്നത്. തീര്‍ത്തും അസാധാരണമായ തീരുമാനങ്ങളാണ് മന്ത്രിസഭാ പുന:സംഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. അസാധാരണമായ അവയില്‍ ഏറ്റവും അസാധാരണത്വം നിറഞ്ഞതായിരുന്നു അങ്ങനെയൊരു മന്ത്രാലയസൃഷ്ടിയും അതിന്റെ ചുമതല അമിത് ഷായ്ക്ക് നല്‍കിയതും. ഗുജറാത്തിലെ സഹകരണ മേഖലയില്‍ പിടിമുറുക്കാന്‍ സാധിച്ചതാണ് പില്‍ക്കാലത്ത് ആ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയെ പ്രാപ്തമാക്കിയത്. ഗുജറാത്ത് ജനതയില്‍ മൂന്നിലൊന്നു പേര്‍ സഹകരണ മേഖലയുമായി ശക്തമായ ബന്ധമുള്ളവരാണ്. പട്ടേല്‍ സമരമുള്‍പ്പെടെയുള്ള ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഏല്‍പ്പിച്ച ക്ഷതങ്ങളില്‍നിന്ന് ബി.ജെ.പി രക്ഷനേടുന്നത് ഗ്രാമീണ സഹകരണസംഘങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. 

ഗുജറാത്തില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പേ സഹകരണ മേഖലയില്‍ തുടങ്ങിവച്ച സംഘപരിവാര്‍ വല്‍ക്കരണമായിരുന്നു. ഇന്ന് ആ സംസ്ഥാനത്ത് എണ്‍പതു ശതമാനം സഹകരണ ബാങ്കുകളും ബി.ജെ.പിയുടെ കയ്യിലാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനു പഴയപോലെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആകില്ലെന്നും കൊവിഡ് മൂലവും മറ്റും പ്രതിസന്ധിയിലായ ജനങ്ങള്‍ സാമ്പത്തിക മേഖലയിലെ ജനാനുകൂല ഇടപെടലുകള്‍ക്കാണ് ഉറ്റുനോക്കുന്നതെന്നുമുള്ള ബോദ്ധ്യം കൂടിയാകണം സഹകരണ മേഖലയെ അപ്പാടെ കൈപ്പിടിയിലൊതുക്കാന്‍ ബി.ജെ.പി വെപ്രാളപ്പെടുന്നതിന്റെ പിറകിലെ രഹസ്യം. സഹകരണ ബാങ്കുകള്‍ വഴി ലഭിക്കുന്ന സഹായധനവും അവയുടെ ക്ഷേമപദ്ധതികളും മറ്റും ജനമനസ്സിലേക്ക് വഴി തുറക്കുന്നതിനു നല്ല ഒരു ഉപാധിയാണല്ലോ. വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ട് യഥേഷ്ടം സഹകരണ സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനും യൂണിയന്‍ ഗവണ്‍മെന്റിനു ലക്ഷ്യമുണ്ട്. ഇത് വിവിധ സംസ്ഥാന ഗവണ്‍മെന്റുകളും മോദിഭരണവും തമ്മിലുള്ള ഉരസലുകള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമാണ് വഴിതുറക്കുക എന്നത് ഉറപ്പാണ്. സഹകരണമേഖലയിലെ മോദിയുടെ ഇടപെടല്‍ ഫെഡറലിസത്തിന്റെ തത്ത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് സീതാറാം യെച്ചൂരിയടക്കമുള്ള വിവിധ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. ഏതായാലും സഹകരണവകുപ്പ് രൂപീകരണവും പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്ന് വ്യക്തമായി കഴിഞ്ഞു. നിയമത്തെ ശക്തിയുക്തം എതിര്‍ക്കുമെന്ന് സി.പി.ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എന്‍.സി.പി നേതാക്കളും രമേശ് ചെന്നിത്തലയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഏകോപിച്ച ഒരു നീക്കം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്നു തീര്‍ച്ചയില്ലെങ്കിലും. 

സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണം മുഖ്യമായും കേരളത്തെയാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാനഭരണം കയ്യാളുന്ന സി.പി.ഐ.എം കരുതുന്നുണ്ട്. എന്നാല്‍, കേരളത്തിലെ സഹകരണ സംഘങ്ങള്‍ നിയമസഭ പാസ്സാക്കിയ നിയമമനുസരിച്ച് സഹകരണ രജിസ്ട്രാറുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലിരുന്ന് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ഉത്തരവു കൊടുക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, 2014-ല്‍ രൂപം നല്‍കിയ നിധി റൂള്‍ പ്രകാരം സ്ഥാപിതമായിട്ടുള്ള ഹിന്ദു ബാങ്കുകളെ ശക്തിപ്പെടുത്തുക വഴിയും ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 2020-ല്‍ ഭേദഗതിയുടെ മറവില്‍ റിസര്‍വ്വ് ബാങ്ക് മുഖാന്തിരം പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയും ജനകീയ സഹകരണ ബാങ്കിംഗ് മേഖലയെ ദുര്‍ബ്ബലമാക്കുകയാണ് ഉണ്ടാകുകയെന്ന് മുന്‍ ധനകാര്യമന്ത്രി പറയുന്നു. 

സംസ്ഥാനത്ത് രണ്ടരലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് സഹകരണ മേഖലയിലുള്ളത്. സംസ്ഥാനമുള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സഹകരണ മേഖലയേയും കോര്‍പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും സി.പി.ഐ.എം ആരോപിക്കുന്നു. 

ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാകണം
ഇളമരം കരീം (രാജ്യസഭാംഗം)

സഹകരണ മേഖലയെ കയ്യടക്കുകയാണ് മോദി ഗവണ്‍മെന്റിന്റെ ലക്ഷ്യം. സഹകരണ മേഖല സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നതാണ്. ഫെഡറലിസത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത രീതിയില്‍ ഈ മേഖലയില്‍ കടന്നുകയറാനും തകര്‍ക്കാനുമാണ് മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി മുഖാന്തിരവും ഇപ്പോള്‍ കേന്ദ്രതലത്തില്‍ മന്ത്രാലയം സൃഷ്ടിച്ചുമാണ് മേഖലയിലെ കടന്നുകയറ്റത്തിന് മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണിത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെ തകര്‍ക്കാനാണ് ഈ ഇടപെടലുകള്‍ ഉപകരിക്കാന്‍ പോകുന്നത്. 

സംസ്ഥാനത്ത് ലക്ഷക്കണക്കിനു കര്‍ഷകരും തൊഴിലാളികളും സാധാരണ മനുഷ്യരും ആശ്രയിക്കുന്ന മേഖലയാണ് സഹകരണരംഗം. നോട്ടുനിരോധന കാലത്ത് സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആരോപിച്ച് കേന്ദ്രം ഇടപെടലിന് വലിയൊരു ശ്രമം നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രത്യക്ഷമായി സമരരംഗത്ത് ഇറങ്ങിയതു കൊണ്ടാണ് ആ ഇടപെടലില്‍നിന്നും മോദി ഗവണ്‍മെന്റ് പിറകോട്ട് പോയത്. സഹകരണരംഗത്ത് ബാങ്കുകള്‍ മാത്രമല്ല ഉള്ളത്. 1967-ല്‍ ടി.വി. തോമസിന്റെ കാലത്ത് വ്യവസായരംഗത്തുകൂടി സഹകരണാടിസ്ഥാനത്തില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമായി. കൈത്തറി സഹകരണ സംഘങ്ങളും ദിനേശ് ബീഡിപോലുള്ള സഹകരണ സംഘങ്ങളുമൊക്കെ നമുക്കുണ്ടായി. നാനാതുറകളിലായി വ്യാപിച്ചു കിടക്കുകയാണ് സഹകരണരംഗം. കേരളം ഈ രംഗത്തു നേടിയ വളര്‍ച്ചയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യം.
 
കേന്ദ്രത്തിലിരുന്ന് ഈ മേഖലയെ വരുതിയ്ക്ക് നിര്‍ത്തലൊന്നും സാധ്യമല്ല. എന്നാല്‍ ഈ രംഗത്തെ താറുമാറാക്കാന്‍ കഴിയും. അതാണ് സംഭവിക്കാന്‍ പോകുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് ഉയരണം. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശക്തമായ ആയുധം കളഞ്ഞുകുളിക്കരുത്
ടി. നരേന്ദ്രന്‍ 
ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ

സഹകരണ മേഖല ജനങ്ങളുമായി ജൈവബന്ധമുള്ള രംഗമാണ്. അനിതര സാധാരണമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുമായി ജൈവബന്ധം സൂക്ഷിക്കുന്ന സഹകരണ മേഖലയാകട്ടെ സാമ്പത്തിക പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിന് സുപ്രധാനമായ പ്രതിരോധ ആയുധമാണ്. 

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ വായ്പ മുഖ്യമായ ഒരു ഉപാധിയാണ്. ന്യൂജനറേഷന്‍ ബാങ്കുകളോ കമേഴ്‌സ്യല്‍ ബാങ്കുകളോ നടത്തുന്ന പ്രവര്‍ത്തനങ്ങളേക്കാള്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ക്ക് കഴിയും. 

ഔപചാരിക മേഖലയില്‍ ആകെ ആറു ശതമാനം തൊഴിലാളികളാണ് ഉപജീവനം തേടുന്നത്. ബാക്കി 94 ശതമാനവും അനൗപചാരിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവരെ ശാക്തീകരിക്കാതെ നാടു രക്ഷപ്പെടില്ല. അംബാനി കുറേക്കൂടി കാശുകാരനായതുകൊണ്ട് ജനം രക്ഷപ്പെടില്ല. ഇന്ത്യയില്‍ അനൗപചാരിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന 50 കോടി ജനങ്ങളുണ്ട്. ഈ വിഭാഗത്തിന്റെ കയ്യില്‍ കാശുണ്ടാകണം. അവരുടെ കയ്യില്‍ കാശെത്തിക്കാന്‍ സഹകരണ ബാങ്കുകള്‍ നല്ലൊരു ഉപാധിയാണ്. 

സഹകരണ മേഖലയെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തിയാണ് മുന്‍കാലങ്ങളില്‍ ഭരണാധികാരികള്‍ കണ്ടിരുന്നത്. പ്രാദേശിക വിഭവങ്ങളുടെ ഉല്‍പ്പാദനത്തില്‍ പങ്കാളിത്തമുള്ള ജനങ്ങളാണ് സഹകരണ ബാങ്കുകളുടെ ഭാഗമായിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് നടത്തുന്നത് യൂണിറ്ററി സംവിധാനം എല്ലാ മേഖലയിലും ബാധകമാക്കാനുള്ള ശ്രമമാണ്. ഫെഡറലിസത്തിന്റെ തത്ത്വങ്ങളെ വകവെയ്ക്കാതെ എല്ലാം ഏകീകരിച്ചെടുക്കുന്ന രാഷ്ട്രീയ പരിപാടി. ഇത് തല്‍ക്കാലം ബി.ജെ.പിയുടെ രാഷ്ട്രീയ വിജയത്തിന് ഉപകാരപ്പെടും. എന്നാല്‍, ആത്യന്തികമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com