പരിഷ്‌കാരത്തിന്റെ 30 വര്‍ഷം; ആഗോളവല്‍ക്കരണം കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായത്? 

1991-ലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് മുപ്പതാണ്ട് തികയുന്നു. ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് മത്സരക്ഷമത കൂട്ടാനും സാമ്പത്തികവളര്‍ച്ച കൈവരിക്കാനുമാണ് ഘടനാപരമായ പരിഷ്‌കാരം നടപ്പാക്കിയത്
1991ൽ പ്രധാനമന്ത്രി നരസിംഹ റാവുവും ധനമന്ത്രി മൻമോഹൻ സിങും
1991ൽ പ്രധാനമന്ത്രി നരസിംഹ റാവുവും ധനമന്ത്രി മൻമോഹൻ സിങും

ഗോളവല്‍ക്കരണം മുപ്പതാണ്ട് പിന്നിടുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയുടെ ഉത്ഭവം വുഹാനിലെ ലാബില്‍നിന്നാണോ അതല്ല വവ്വാലുകളില്‍നിന്നാണോ എന്നറിയാനുള്ള അന്വേഷണങ്ങളില്‍ ഇനിയും ഉത്തരങ്ങളായിട്ടില്ല. എന്നാല്‍, വൈറസിന്റെ വ്യാപനത്തിന് ഒരു കാരണം ആഗോളവല്‍ക്കരണമാണെന്നതില്‍ തര്‍ക്കമില്ല. ഒരു ചെറുപ്രവിശ്യയിലുണ്ടായ രോഗം പൊടുന്നനെ ലോകം മുഴുവന്‍ വ്യാപിച്ചതില്‍ തുറന്ന വിപണിക്കും ലോകത്തിനും പങ്കുണ്ട്. ദേശവും അതിര്‍ത്തികളുമില്ലാതെ, മനുഷ്യരുടെയും മൂലധനത്തിന്റെയും ചരക്കുകളുടെയും ഒഴുക്കില്‍ കൊവിഡും ഒപ്പം ചേര്‍ന്നു. തൊണ്ണൂറുകളില്‍ ലോകമാകെ ഗുണം പ്രദാനം ചെയ്യുന്ന മഹാശക്തിയായി ആഗോളീകരണം മാറുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതിന് അപകടകരവും അനിയന്ത്രിതവുമായ മാരകവ്യാധികള്‍ക്ക് ഇടം നല്‍കുന്ന മറ്റൊരു മുഖം കൂടിയുണ്ടെന്ന് ആരും സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. ആഗോളവല്‍ക്കരണത്തെ കൊവിഡിനെയുമായി ബന്ധിപ്പിക്കാവുന്ന കണ്ണി ഇത് മാത്രമല്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വളര്‍ച്ചയും കരുത്തും വാഗ്ദാനം ചെയ്തെത്തിയ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്ത ഒരു സാമ്പത്തിക-ഭരണവ്യവസ്ഥയാണ്  ഈ പ്രതിസന്ധികാലത്ത് ദര്‍ശിക്കാനായത്.

നരേന്ദ്ര മോദി സ്വപ്നം കാണുന്ന 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ഇപ്പോള്‍ 3.1 ശതമാനമാണ്. മോദി ആദ്യമായി അധികാരത്തിലെത്തുമ്പോള്‍ വളര്‍ച്ച ഏഴിനും എട്ടിനും ഇടയിലായിരുന്നു. ജി.ഡി.പിയുടെ 58.8 ശതമാനമാണ് ഇപ്പോള്‍ പൊതുകടം. തൊണ്ണൂറുകളിലെ ബാധ്യതയുടെ നിരക്കും ഏതാണ്ട് ഇത്രതന്നെയായിരുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ്. മൂന്നു ദശാബ്ദത്തിനിടെ തൊഴില്‍ലഭ്യത കൂടിയത് 1.04 ശതമാനം (റിസര്‍വ് ബാങ്ക് കണക്ക്) മാത്രം. മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ഏഴരക്കോടിയിലധികം പേര്‍ കടുത്ത ദാരിദ്യത്തിലേക്ക് വീണു. കയറ്റുമതി 300 ബില്യണ്‍ ഡോളറില്‍നിന്ന് മുന്നോട്ടുപോകാനായിട്ടില്ല. 

ആര്‍ക്കാണ് ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങളുണ്ടായത്. ദാരിദ്ര്യവും രോഗവും മറ്റു വറുതികളും ഇല്ലായ്മകളും ജന്മനാ അനുഭവിക്കാന്‍ നൂറ്റാണ്ടുകളായി വിധിക്കപ്പെട്ട മനുഷ്യരുടെ സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല അവസ്ഥയുടെ കാഠിന്യം കൂടുതല്‍ ദയനീയമായി മാറുകയും ചെയ്തു. വിണ്ടുകീറിയ പാദങ്ങളുമായി ആകെയുള്ള സമ്പാദ്യമായ തുണിക്കെട്ട് തോളിലേറ്റി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ജന്മനാടുകളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യര്‍ കൊവിഡ് കാലത്തെ നേര്‍കാഴ്ചയായിരുന്നു. അവരൊന്നും ഭരണകൂടത്തിന്റെ കണക്കുകളില്‍പ്പോലും പെടുന്നവരായിരുന്നില്ല. ജി.ഡി.പി വളര്‍ച്ചയുടെ കാലത്തു പോലും ഈ മനുഷ്യര്‍ വളര്‍ച്ചയുടെ ചിത്രത്തിലില്ലായിരുന്നു.

മാരുതി ഉ​​ദ്യോ​ഗ് ലിമിറ്റഡ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തപ്പോൾ. 2003ലാണ് മാരുതി ലിസ്റ്റ് ചെയ്തത്
മാരുതി ഉ​​ദ്യോ​ഗ് ലിമിറ്റഡ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തപ്പോൾ. 2003ലാണ് മാരുതി ലിസ്റ്റ് ചെയ്തത്

പ്രതിസന്ധിയുടെ കാലഘട്ടം

1991 ജൂണ്‍ 20-ന് പുതിയ ന്യൂനപക്ഷസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു തൊട്ടുമുന്‍പത്തെ സായാഹ്നത്തില്‍ ഡല്‍ഹിയിലെ വില്ലിങ്ടണ്‍ ക്രെസന്റില്‍ നിയുക്ത പ്രധാനമന്ത്രി നരസിംഹറാവു മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടു. രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയായിരുന്നു വിഷയം. ഗുരുതരസ്ഥിതിയെക്കുറിച്ച് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ദീപക് നയ്യാര്‍ റാവുവിന് വിശദീകരിച്ചു കൊടുത്തു. ഒപ്പം ധനകാര്യ സെക്രട്ടറി എസ്.പി. ശുക്ലയും. ബാലന്‍സ് ഓഫ് പേയ്മന്റ് പ്രശ്‌നം അത്രമാത്രം ഗുരുതരമായിരുന്നു. 1980 മുതല്‍ നടപ്പിലാക്കിയ സാമ്പത്തികരംഗത്തെ പരിഷ്‌കാരങ്ങള്‍ വഴി കയറ്റുമതി വര്‍ദ്ധിച്ചെങ്കിലും വിദേശകടത്തിലും ഭീമമായ വര്‍ദ്ധനയുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ഗള്‍ഫ് യുദ്ധം എരിതീയില്‍ എണ്ണയായി. എണ്ണവില ഉയര്‍ന്നതോടെ വിദേശനാണ്യശേഖരത്തെ സാരമായി ബാധിച്ചു. മുന്‍ സര്‍ക്കാരുകള്‍ (വി.പി. സിങ്, ചന്ദ്രശേഖര്‍) ഈ പ്രശ്നങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തിരുന്നില്ല. റേറ്റിങ് ഏജന്‍സികള്‍ ക്രെഡിറ്റ് കുറച്ചതോടെ വിദേശഫണ്ടുകളും വായ്പകളും ലഭ്യമല്ലാതായി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതും ഒരു ഘടകമായിരുന്നു. ജൂണ്‍ അവസാനത്തോടെ ഇന്ത്യയുടെ കരുതല്‍ ശേഖരം 1,124 മില്യണായി കുറഞ്ഞു. രണ്ടാഴ്ചത്തേക്ക് ഇറക്കുമതിക്കുള്ള തുക മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. റാവു അധികാരമേറ്റെടുത്ത ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക്, ധനകാര്യമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. വിനിമയനിരക്കിലായിരുന്നു ആദ്യത്തെ തീരുമാനം. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറവായതിനാല്‍ കയറ്റുമതിയില്‍ തിരിച്ചടി നേരിട്ടതെന്ന കാര്യത്തില്‍ ഇവര്‍ക്ക് ഒരേ അഭിപ്രായമായിരുന്നു. ലോകബാങ്കും ഐ.എം.എഫും വായ്പ നല്‍കി സഹായിക്കാമെന്നേറ്റു. പകരം ചില പരിഷ്‌കാരങ്ങള്‍ അവര്‍ മുന്നോട്ടുവച്ചു. അങ്ങനെ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പ്രത്യക്ഷമായി നടപ്പാക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കപ്പെട്ടു. അതിനു മുന്‍പ് തന്നെ ചില ഉദാരവല്‍ക്കരണ നയങ്ങള്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നെങ്കിലും ഘടനാപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1991-ലാണ്. അതും രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്ന കാലയളവില്‍. ആ പരിഷ്‌കരണങ്ങളുടെ ചുവടുപറ്റിയാണ് ഇന്നും സാമ്പത്തിക മാറ്റങ്ങള്‍ നടപ്പാക്കുന്നത്.    

പരിഷ്‌കരണത്തിന്റെ മുപ്പതാണ്ടുകള്‍

കാലത്തിന്റെ സഞ്ചാരത്തില്‍ പരിഷ്‌കാരം എന്ന വാക്കിനുണ്ടായിരുന്ന അര്‍ത്ഥമല്ല ഇന്നുള്ളത്. പരിഷ്‌കരണമെന്നാല്‍ അറുപതുകളിലും എഴുപതുകളിലും അത് ഭൂപരിഷ്‌കരണവും ദേശസാല്‍ക്കരണവുമായിരുന്നു. ഇന്നതിന്റെ അര്‍ത്ഥം നേര്‍വിരുദ്ധകോണിലുള്ള സ്വകാര്യവല്‍ക്കരണം എന്നായി മാറി. സമസ്തമേഖലകളിലും വ്യാപിച്ച ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും കണക്കെടുപ്പിനും വിലയിരുത്തലുകള്‍ക്കും പരിമിതിയുണ്ട്. മുപ്പതാണ്ടിന് മുന്‍പ് വിപണി തുറന്നു നല്‍കുന്നതിന് പറഞ്ഞ കാരണങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്നോ എന്ന ചോദ്യത്തില്‍ തുടങ്ങേണ്ടി വരും ആ അന്വേഷണം. 1991 ജൂലൈയില്‍ ബജറ്റ് പ്രസംഗത്തിലാണ് മന്‍മോഹന്‍ സിങ് നവലിബറല്‍ നയങ്ങളിലേക്കുള്ള മാറ്റം പ്രഖ്യാപിച്ചത്. സാമ്പത്തികപ്രതിസന്ധിയിലുഴലുന്ന സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന മട്ടിലാണ് അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. ഇത് മറികടക്കാന്‍ താന്‍ സ്വീകരിക്കുന്ന തന്ത്രവും നയവും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

മൊണ്ടേക് സിങ് അലുവാലിയ 
മൊണ്ടേക് സിങ് അലുവാലിയ 

വ്യവസായങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംരക്ഷണവും പിന്തുണയും അവയുടെ പ്രയോജനക്ഷമതയെ ബാധിക്കുന്നുണ്ടെന്നും അത് ആഗോള വിപണിയില്‍ മത്സരക്ഷമത ഇല്ലാതാക്കുന്നുവെന്നും കയറ്റുമതിയെ ഇത് ബാധിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. 1991-ലെ ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിക്ക് കാരണമായത് ഇതാണെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഇതിന് മന്‍മോഹന്‍ സിങ് കണ്ടെത്തിയ പരിഹാരം വിപണി തുറന്നുനല്‍കലായിരുന്നു. അങ്ങനെ വന്നാല്‍ മത്സരക്ഷമത നിലനിര്‍ത്തി വിദേശകമ്പനികളോടും സ്ഥാപനങ്ങളോടും മത്സരിച്ച് ഇന്ത്യന്‍ കമ്പനികള്‍ ആഗോളവിപണിയില്‍ മുന്നേറ്റം നടത്തും. കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതിയിലും വ്യവസായിക മേഖലയിലും ഇങ്ങനെ ആഗോള സാന്നിധ്യം കൈവരിക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആഭ്യന്തര വ്യവസായങ്ങള്‍ക്കുള്ള സംരക്ഷണം നല്‍കിയിരുന്ന നെഹ്റുവിയന്‍ പ്രായോഗികതന്ത്രത്തില്‍നിന്ന് നേര്‍വിപരീതമായിരുന്നു ഈ വാദം.

തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ സാമ്പത്തികവിവേകത്തെക്കുറിച്ചുള്ള നെഹ്റുവിന്റെ അവിശ്വാസമായിരുന്നില്ല മന്‍മോഹനില്‍ അന്ന് ദര്‍ശിച്ചത്. 1950-ല്‍ ആസൂത്രണ കമ്മിഷന്‍ സ്ഥാപിക്കുമ്പോള്‍ നെഹ്റുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു അത്. എന്നാല്‍, നാലു ദശാബ്ദങ്ങള്‍ക്ക് ശേഷം മന്‍മോഹന്‍ തന്റെ സാമ്പത്തികപരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഒപ്പം അതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും രൂപീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പ്രത്യേകിച്ച് റോളുകളൊന്നുമുണ്ടായിരുന്നില്ല. ഈ അവഗണന സംസ്ഥാന സര്‍ക്കാരുകളോടുള്ള അവിശ്വാസം കൂടിയായിരുന്നു. ഈ വിശ്വാസരാഹിത്യം സംസ്ഥാനതലത്തിലുള്ള സാമ്പത്തികസ്ഥാപനങ്ങളോടുമുണ്ടായിരുന്നു. ഓഹരി വിപണികള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാനസൗകര്യമൊരുക്കലായിരുന്നു അതെന്ന് ഇന്ന് ഏവരും തിരിച്ചറിയുന്നുണ്ട്.

1991-ഓടെ ഓഹരി കമ്പോളത്തില്‍ ഇന്ത്യ വിജയമായി. പ്രാദേശിക സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ ഓഹരി കമ്പോളത്തിലൂടെ പല ധനികരും അവരുടെ സ്ഥാപനങ്ങളും ഉയര്‍ന്നു വന്നു. 1980-കളില്‍ അധികം അറിയപ്പെടാതിരുന്ന ധിരുഭായ് അംബാനിയെപ്പോലെയുള്ളവര്‍ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി മാറി. ഓഹരി കമ്പോളത്തിന്റെ വളര്‍ച്ച പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. അത് കൈകാര്യം ചെയ്യാന്‍ പരിഷ്‌കരണവും ഒരു ഭരണസംവിധാനവും ആവശ്യമായി വന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളിലൊന്ന് മുംബൈയിലേതായിരുന്നു. മന്‍മോഹന്‍സിങ്ങിനു പ്രാദേശിക സ്ഥാപനങ്ങളോടുള്ള വിശ്വാസരാഹിത്യമാണ് നാഷണല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ കാരണം. ഇതോടെ പ്രാദേശിക ഓഹരിവിപണികള്‍ക്ക് സ്ഥാനമില്ലാതെയായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ എന്‍.എസ്.ഇ തകര്‍ത്തില്ലെങ്കിലും ഓരോ ചെറിയ സ്റ്റോക്ക് മാര്‍ക്കറ്റുകളും ക്രമേണ ഇല്ലാതായി. ഇതിന്റെ പ്രത്യാഘാതം രൂക്ഷമായിരുന്നു. പ്രാദേശിക ഓഹരി വിപണികളെ പ്രയോജനപ്പെടുത്തി ദേശീയതലത്തില്‍ അറിയപ്പെടാന്‍ കഴിയുമായിരുന്ന ചെറുകിട വ്യവസായ സംരംഭങ്ങളുടെ സാധ്യതയാണ് ഇതു വഴി ഇല്ലാതായത്. സ്വാഭാവികമായും സംരംഭകര്‍ക്ക് വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സഹായമില്ലാതെ മൂലധനം സ്വരൂപിക്കാന്‍ കഴിയില്ലെന്നു വന്നു. 

വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാകട്ടെ ഇത് പ്രയോജനപ്പെടുത്തി ആഗോളസാന്നിധ്യം ഉറപ്പിച്ചു. ആഗോള കമ്പനികളുമായി മത്സരിക്കാനല്ല, പകരം അവരുമായി സഹകരിച്ച് ലാഭം നേടാനായിരുന്നു ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ലക്ഷ്യം. അതായിരുന്നു മുതലാളിത്ത ലോകത്ത് അവര്‍ കണ്ട പ്രായോഗിക വഴി. പല ഇന്ത്യന്‍ കമ്പനികളും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ സബ്സിഡിയറിയായി മാറി. 

കൊക്കക്കോളയും തംസപ്പും

ഒരു ഉദാഹരണം ഇതാണ്. 1977-ലാണ് തംസ് അപ്പ് എന്ന സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡ് ഇന്ത്യയില്‍ തുടങ്ങുന്നത്. ദേശസാല്‍ക്കരണ നയങ്ങളുടെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ കൊക്കകോള ഇന്ത്യയില്‍നിന്ന് പിന്‍മാറിയപ്പോള്‍ സഹോദരന്‍മാരായ രമേഷ് ചൗഹാനും പ്രകാശ് ചൗഹാനും ഭാനു വകിലും കൂടി ചേര്‍ന്ന് തുടങ്ങിയതാണ് ഈ കമ്പനി. പാര്‍ലെ കമ്പനിയുടെ ഉടമസ്ഥരായിരുന്നു ചൗഹാന്‍ സഹോദരന്‍മാര്‍. പാര്‍ലെ ലിംക, ഗോള്‍ഡ് സ്പോട്ട് എന്നീ ബ്രാന്‍ഡുകളും പുറത്തിറക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ കമ്പനിയായ പാര്‍ലെയ്ക്ക് 85 ശതമാനം വിപണി വിഹിതമാണ് സോഫ്റ്റ്ഡ്രിങ്ക് വിപണിയിലുണ്ടായിരുന്നത്. തംസ് അപ്പ് എന്ന ഇന്ത്യന്‍ ബ്രാന്‍ഡിന് അത്രമാത്രം സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍, ആഗോള കുത്തകയായ കൊക്കകോളയുടെ തിരിച്ചുവരവോടെ ഈ കമ്പനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നു. 1993-ല്‍ 60 മില്യണ്‍ യു.എസ് ഡോളറിന് കൊക്കകോള ഈ കമ്പനിയെ ഏറ്റെടുത്തു. മത്സരക്ഷമത വര്‍ദ്ധിക്കുകയായിരുന്നില്ല, ആഗോള കുത്തകകള്‍ക്കു മുന്നിലുള്ള ദയാരഹിതമായ കീഴടങ്ങലായിരുന്നു ആഗോളവല്‍ക്കരണം സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാന്‍ ഈ ഒരു ഉദാഹരണം മതി.

ക്രമേണ എല്ലാ മേഖലകളിലും ഇത് വ്യാപകവുമായി. സഹകരണത്തോടെ ആഗോള കമ്പനികളും ഇന്ത്യന്‍ കമ്പനികളും വിപണി കൈയടക്കുന്നതാണ് പിന്നെ കണ്ടത്. ആഗോളകമ്പനികളുടെ മൂലധനത്തോട് പിടിച്ചുനില്‍ക്കാതെ മിക്ക ഇന്ത്യന്‍ കമ്പനികളും കീഴടങ്ങി. അല്ലാത്തവ കരാറുകളിലൂടെ ഇന്ത്യന്‍ സബ്സിഡിയറിയായി മാറി. പ്രതിയോഗിയല്ല, സഹകാരിയായിട്ടുള്ള ഇന്ത്യന്‍ വ്യവസായത്തിന്റെ മാറ്റം വേഗത്തിലായിരുന്നു. ആഭ്യന്തരവ്യവസായം ശക്തിപ്പെടുത്തുന്നതിനു പകരം വിദേശനിക്ഷേപം ആകര്‍ഷിക്കാനാണ് പിന്നെ ഇന്ത്യന്‍ കമ്പനികള്‍ മത്സരിച്ചത്. പതിയെ ഉടമസ്ഥാവകാശത്തിന് പ്രസക്തിയില്ലായതായി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ആഗോള കോര്‍പ്പറേറ്റുകളുടെ ഒരു റിസോഴ്സ് പ്രൊവൈഡര്‍ മാത്രമായി ഒതുങ്ങി. ഐ.ടി മേഖലയിലടക്കം ഇന്ന് ഇന്ത്യന്‍ കമ്പനികള്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ മാത്രമാണെന്നോര്‍ക്കണം. റിലയന്‍സിനെപ്പോലെയുള്ള വലിയ കമ്പനികള്‍ വിദേശനിക്ഷേപത്തിന്റെ പിന്‍ബലത്തില്‍ ആഗോള വിപണിയില്‍ മത്സരിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, അത് ഇന്ത്യന്‍ താല്പര്യങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയുടെ ക്ഷമതയ്ക്കും വേണ്ടിയാണെന്ന് വിശ്വസിക്കാന്‍ തരമില്ല. ഓഹരിവിപണി കുതിച്ചുകയറുകയും ഒപ്പം സമ്പദ്വ്യവസ്ഥ തകരുകയും ചെയ്യുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം. 

അതായത് മന്‍മോഹന്‍ സ്വപ്നം കണ്ടിരുന്ന സാമ്പത്തികവളര്‍ച്ച ഉണ്ടായില്ലെന്ന് മാത്രമല്ല കോര്‍പ്പറേറ്റ് സാമ്രാജ്യത്വത്തിന് വഴിയൊരുക്കാന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ കാരണവുമായെന്നതാണ് മൂന്നു ദശാബ്ദങ്ങള്‍ക്കിപ്പുറമുള്ള യാഥാര്‍ത്ഥ്യം. ഒരു ബദല്‍ കൊണ്ടുവരാന്‍ പിന്നീട് അധികാരത്തിലിരുന്നവരാരും ശ്രമിച്ചതുമില്ല. നരസിംഹറാവുവിനു ശേഷം വന്ന സര്‍ക്കാരുകളെല്ലാം നവലിബറല്‍ നയങ്ങള്‍ പിന്തുടര്‍ന്നത് തന്റെ വിജയമായാണ് മന്‍മോഹന്‍ സിങ് അവകാശപ്പെട്ടിരുന്നത്. പാവപ്പെട്ടവര്‍ അതീവ ദരിദ്രരായി, ധനികര്‍ കോടിപതികളായി. എല്ലാ മേഖലകളിലും സാമ്പത്തിക അസമത്വം ദൃശ്യമായി. ഏറ്റവും അടിത്തട്ടിലുള്ള ജനതയുടെ 10 ശതമാനം വരുന്നവര്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നു-കെയര്‍ റേറ്റിങ് ഏജന്‍സിയുടെ ചീഫ് ഇക്കണോമിസ്റ്റായ മദന്‍ സബ്നാവിസ് പറയുന്നു. ഇക്കണോമിക് ഡാര്‍വനിസം എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.  

സി രം​ഗരാജൻ
സി രം​ഗരാജൻ

തിരിച്ചുപോക്കിന്റെ പാതയില്‍

ഗുണകരമോ അല്ലാത്തതോ എന്ന വിചിന്തനമില്ലാതെ തൊണ്ണൂറുകളില്‍ സാമ്പത്തികരംഗത്തെ ആപ്തവാക്യമായി ആഗോളവല്‍ക്കരണം മാറി. ഓരോ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകള്‍ അതിന്റെ ഭാഗമായി. ഗുണനിലവാരം കൂടിയ വിദേശവസ്തുക്കള്‍ വാങ്ങാമെന്നതായിരുന്നു ഉപഭോക്താവിന്റെ നേട്ടം. തെരഞ്ഞെടുക്കാനും വിലതാരതമ്യത്തിനും അവസരം കിട്ടി. ഉല്പാദനവും ജനങ്ങളുടെ ജീവിതനിലവാരവും വര്‍ദ്ധിപ്പിക്കാന്‍ ആഗോളവല്‍ക്കരണം സഹായിച്ചെന്നാണ് നവലിബറല്‍ അനുകൂലികളുടെ വാദം. ആഗോളതലത്തില്‍ കേന്ദ്രീകരിക്കുന്ന വിപണി പല രാജ്യങ്ങളിലും മെച്ചപ്പെട്ട തൊഴിലും വേതനവും നല്‍കുന്നതിന് സഹായകരമായെന്നും അവര്‍ വാദിക്കുന്നു. വലിയ സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളെ ചൂഷണം ചെയ്യുന്നതിന് ഇത് അനുവദിക്കുന്നു. ഏതു മേഖലയിലാണോ രാജ്യം ക്രിയാത്മകമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിലേക്ക് നിക്ഷേപമൊഴുക്ക് മാറ്റാന്‍ ഇതുവഴി കഴിഞ്ഞെന്നും അവര്‍ പറയുന്നു. തിരിച്ചു വരുമാനം കിട്ടാത്ത ഭവനനിര്‍മ്മാണപദ്ധതികളില്‍ അത് കുരുങ്ങിക്കിടന്നില്ലെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീതമാണ്. തൊഴില്‍വേതനം കുറവുള്ള രാജ്യങ്ങളില്‍ മത്സരം വര്‍ദ്ധിച്ചതോടെ തൊഴില്‍ തന്നെ ഇല്ലാതായി. ധനികരായ പല സമ്പദ്വ്യവസ്ഥകളിലും വേതനം കുറച്ചു. മത്സരക്ഷമത കൂട്ടാന്‍ വേതനത്തിനൊപ്പം സാമൂഹ്യസേവന പദ്ധതികളും വെട്ടിക്കുറച്ചു. പരിസ്ഥിതിയിലുള്ള സര്‍ക്കാരിന്റെ നിയന്ത്രണവും കുറച്ചു. 

സ്വന്തം സാമ്പത്തികനയങ്ങളില്‍നിന്ന് പല രാജ്യങ്ങള്‍ക്കും വ്യതിചലിക്കേണ്ടിയും വന്നു. 1992-ലും 1993-ലും യൂറോപ്പിലും 94-ലും 95-ലും മെക്സിക്കോയിലും 97-ല്‍ തെക്കന്‍ ഏഷ്യയിലുമുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ സാമ്പത്തികവിപണിയുടെ സ്വാധീനം കൂടിയതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോഴത്തെ വിപണിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പഴയ ചരിത്രം ഓര്‍മ്മിക്കാതെ നിവൃത്തിയില്ലെന്ന് പറയുന്നു നവലിബറല്‍ വക്താക്കള്‍. ഒന്നാം ലോകയുദ്ധത്തിന് മുന്‍പ് ഇത്തരം ചരക്കുകളുടെയും മൂലധനത്തിന്റെയും മാനവശേഷിയുടെയും ഒഴുക്കുണ്ടായിരുന്നു. ഗതാഗതചെലവില്‍ വന്ന കുറവാണ് വ്യാപാരപ്രതിബന്ധങ്ങള്‍ ഒഴിവാക്കിയത്. റെയില്‍വേയും ആവിക്കപ്പലുകളും ചരക്കുനീക്കം സുഗമമാക്കി. ഒന്നാം ലോകയുദ്ധത്തോടെ ആഗോളവല്‍ക്കരണത്തിന് പൊടുന്നനെ തടസ്സം നേരിട്ടു. തുടര്‍ന്ന് ലോകരാജ്യങ്ങള്‍ സ്വദേശിവല്‍ക്കരണത്തിലേക്ക് നീങ്ങി. മൂലധനമൊഴുക്കിന് കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തി. 1930-കളില്‍ അമേരിക്ക നികുതികള്‍ വന്‍തോതില്‍ ഉയര്‍ത്തി. സ്വാഭാവികമായും മറ്റു രാജ്യങ്ങളും. മുപ്പതുകളിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ഇത് വര്‍ദ്ധിപ്പിച്ചു. ലോകവ്യാപാരവും കുറഞ്ഞു. മൂലധനനിയന്ത്രണം രാജ്യങ്ങള്‍ ശക്തമാക്കിയതോടെ രാജ്യാന്തര നിക്ഷേപമൊഴുക്കുമുണ്ടായില്ല. രണ്ടാം ലോകയുദ്ധാനന്തരവും നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നു. ജയിച്ച രാജ്യങ്ങള്‍ അവരുടെ വിനിമയ നിരക്ക് നിശ്ചയിച്ചു. വലിയ സാമ്പത്തികശക്തികള്‍ വ്യാപാരനിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ ധാരണയായി. ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നത് സംബന്ധിച്ചു നടന്ന ഗാട്ട്(ജനറല്‍ എഗ്രിമെന്റ് ഓണ്‍ താരിഫ് ആന്‍ഡ് ട്രെഡ്) ചര്‍ച്ചകള്‍ നടന്നു. 1995ല്‍ ഗാട്ടിനു പകരം ലോക വ്യാപര സംഘടന വന്നു. വ്യാപാരം വീണ്ടും മെച്ചപ്പെട്ടു. 

പി ചിദംബരം
പി ചിദംബരം

2016-ല്‍, 43 വര്‍ഷത്തെ സഹകരണത്തിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയാനുള്ള ബ്രിട്ടണിന്റെ തീരുമാനമാണ് പിന്നീട് നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കിയത്. തുടര്‍ന്ന് പ്രസിഡന്റായ ട്രംപ് ആഗോളവല്‍ക്കരണം തള്ളിക്കളഞ്ഞു. ആഗോള മുതലാളിത്ത വ്യവസ്ഥയില്‍ ദശകങ്ങളായി നിലനില്‍ക്കുന്ന സന്തുലിതാവസ്ഥയില്‍ത്തന്നെ വിള്ളലുണ്ടാക്കുന്നതില്‍ ട്രംപിന്റെ വ്യക്തിഗതമായ സ്വഭാവ വിശേഷത്തിനൊരു പങ്കുണ്ടെങ്കില്‍പ്പോലും യഥാര്‍ത്ഥ പ്രശ്‌നം ലോക മുതലാളിത്തത്തെ ബാധിച്ചിരിക്കുന്ന അഗാധമായ പ്രതിസന്ധിയായിരുന്നു. ഡബ്ല്യു.ടി.ഒയുടെ മുന്‍ഗാമിയായ ഗാട്ട് കരാര്‍ ഉണ്ടാക്കിയത് അമേരിക്കയാണെങ്കിലും സംരക്ഷണവാദം ഉയര്‍ത്തി ട്രംപ് ലോകവ്യാപാര സംഘടനയില്‍നിന്ന് പിന്‍മാറി. അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്ന ദേശീയ സങ്കുചിതവാദം ആഗോള മുതലാളിത്തത്തിന് വെല്ലുവിളിയുമായിരുന്നു. അമേരിക്ക മാത്രമല്ല ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയുമൊക്കെ ഇത്തരം സാമ്പത്തിക സംരക്ഷണവാദത്തിലേക്ക് മാറി. ഇവ നാലുമാണ് യൂറോപ്പിലെ ഏറ്റവും വലിയ നാലു സമ്പദ്വ്യവസ്ഥകള്‍. ബ്രെക്സിറ്റോടെ ബ്രിട്ടണ്‍ നേരത്തേ തന്നെ ദിശ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും ഉഴലുന്ന ഇറ്റലിയിലാകട്ടെ വലതുപക്ഷ പോപ്പുലിസ്റ്റ് രാഷ്ട്രീയകക്ഷികള്‍ ഇറ്റലി ഫസ്റ്റ് എന്ന മുദ്രാവാക്യം നേരത്തേ തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ആ രാഷ്ട്രീയകക്ഷികള്‍ക്ക് മികച്ച ജനപിന്തുണയും കിട്ടിയിരുന്നു. യൂറോ പ്രതിസന്ധിയുടെ കാലത്ത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തലവനായിരുന്ന മരിയോ ഡാര്‍ഗിയാണ് ഇപ്പോള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി. പ്രൊട്ടക്ഷനിസത്തിനെതിരാണ് അദ്ദേഹം. എന്നാല്‍, എത്രകാലം ആ നിലപാടുമായി അദ്ദേഹത്തിന് മുന്നോട്ടുപോകാനാകുമെന്നതാണ് സംശയം. 

ഫ്രാന്‍സില്‍ കടുത്ത ദേശീയവാദം ഉയര്‍ത്തുന്ന മരീന്‍ ലെ പെന്‍ നയിക്കുന്ന പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. ജര്‍മനിയിലും വലതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി. യൂബര്‍ ഈറ്റ്സ് അടക്കമുള്ള മള്‍ട്ടിനാഷണലുകള്‍ ഇന്ത്യ വിടുന്നതിന്റെ പിന്നില്‍ ഡീഗ്ലോബലൈസേഷനാണ് കാരണമെന്ന് കരുതുന്നവരുണ്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് പറയുന്നത് അനുസരിച്ച് ആഗോളവ്യാപാരം 2017 മുതല്‍ 2019 വരെ അഞ്ചര ശതമാനത്തില്‍നിന്ന് രണ്ടു ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ്. ഒപ്പം നിക്ഷേപമൊഴുക്കിലും കുറവുണ്ട്. കൊവിഡിനു മുന്‍പുള്ള കണക്കാണ് ഇത്. ഇത് ആഗോളവല്‍ക്കരണത്തില്‍നിന്ന് രാജ്യങ്ങള്‍ പിന്തിരിയുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com