സംവാദാത്മക ക്യാമ്പസുകളെ ഭരണകൂടം ഭയക്കുമ്പോള്‍

സംവാദാത്മക ക്യാമ്പസുകളേയും വിമര്‍ശനാത്മക സമീപനത്തിലൂന്നിയുള്ള വിജ്ഞാനോദ്പാദനത്തിനേയും ഭരണകൂടം ഭയക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര സര്‍വ്വകലാശാലയിലെ അദ്ധ്യാപകനെതിരെയുള്ള നടപടി
കാസർക്കോട്ടെ കേന്ദ്ര സർവ്വകലാശാല
കാസർക്കോട്ടെ കേന്ദ്ര സർവ്വകലാശാല

മ്മുടെ സര്‍വ്വകലാശാലകള്‍ കഴിഞ്ഞ കുറച്ചുകാലമായി രൂക്ഷമായ ഭരണകൂട ഇടപെടലുകള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാനവ്യാപനത്തിന്റേയും സംവാദങ്ങളുടേയും ഇടം എന്നതില്‍നിന്ന് നിരന്തര നിരീക്ഷണങ്ങളുടേയും നിയന്ത്രണങ്ങളുടേയും ഇടങ്ങളായി അവ മാറിക്കൊണ്ടിരിക്കുന്നു. മറുവശത്ത്, ഭരണകൂടങ്ങളുടെ താല്പര്യങ്ങള്‍ പരിഷ്‌കാരങ്ങളെന്ന പേരില്‍ ഏകപക്ഷീയമായി അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്നു. ക്ലാസ്സ് മുറികളും അദ്ധ്യാപകരും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ഉദ്യോഗസ്ഥരുടേയും നിരന്തര നിരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നു. സൈ്വര്യമായ അദ്ധ്യാപനത്തേയും ആശയപ്രകാശനത്തേയും തടസ്സപ്പെടുത്തുന്ന തരത്തില്‍ ഈ പ്രവണത മാറുന്നുണ്ട്. തങ്ങള്‍ നിശ്ചയിക്കുന്ന രാഷ്ട്രീയത്തോട് ആഭിമുഖ്യമോ വിധേയത്വമോ പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ നടപടികള്‍ വരുന്നു. രാജ്യത്തെമ്പാടുമുള്ള ഈ പ്രവണതയുടെ അവസാന ഉദാഹരണമാണ് കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകന്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെയുണ്ടായ നടപടി. ഫാസിസത്തെക്കുറിച്ചുള്ള ക്ലാസ്സില്‍ ഇന്ത്യയിലെ സമകാലിക ഭരണകൂടം ഫാസിസ്റ്റ് സ്വഭാവങ്ങള്‍ ഉള്ളതാണോ എന്നു വിലയിരുത്താനും ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളെ പ്രോട്ടോ ഫാസിസ്റ്റ് മാതൃകയായി കണക്കാക്കാമോ എന്നും വിദ്യാര്‍ത്ഥികളോട് ചര്‍ച്ച ചെയ്തു എന്നതാണ് അദ്ദേഹത്തിനു നേരെ ഉയര്‍ന്ന ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു എന്നാരോപിച്ച് എ.ബി.വി.പിയും സംഘപരിവാര്‍ അനുകൂലികളും ഗില്‍ബര്‍ട്ടിനെതിരെ പരാതി നല്‍കി. ഇത് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുന്നതിലാണ് കലാശിച്ചത്. 

ഓണ്‍ലൈന്‍ ക്ലാസ്സിലെ പരാതി
 
ഏപ്രില്‍ 19-ന് എം.എ വിദ്യാര്‍ത്ഥികള്‍ക്ക് 'ഫാസിസം ആന്റ് നാസിസം' എന്ന വിഷയത്തില്‍ നല്‍കിയ ഓണ്‍ലൈന്‍ ക്ലാസ്സിലെ പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എച്ച്. വെങ്കടേശ്വരലു സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യയിലെ ആര്‍.എസ്.എസും അനുബന്ധ സംഘടനകളും ഉള്‍പ്പെടുന്ന സംഘപരിവാറിനെ പ്രോട്ടോ ഫാസിസ്റ്റായി കണക്കാക്കാം എന്ന് ഫാസിസ്റ്റ് ആന്റ് പ്രോട്ടോഫാസിസ്റ്റ് സ്റ്റേറ്റ് എന്ന വിഷയം വിശദീകരിക്കുന്നതിനിടയില്‍ പരാമര്‍ശിച്ചതാണ് നടപടിയിലേക്ക് നയിക്കുന്നതിനു കാരണമായത്. സ്പെയിനിലെ ജനറല്‍ ഫ്രാങ്കോ, ചിലിയിലെ പിനോഷെ, പോര്‍ച്ചുഗലിലെ സലസാര്‍, അര്‍ജന്റീനിയയിലെ ഹുവാന്‍ പെറോണ്‍ എന്നീ ഭരണാധികാരികളുടെ കാലത്തെ ഫാസിസവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് സമകാലിക ഇന്ത്യയിലെ നരേന്ദ്ര മോദി ഭരണത്തെക്കുറിച്ചും ഈ പശ്ചാത്തലത്തില്‍ വിലയിരുത്താന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികളില്‍ വിമര്‍ശനാത്മക ചിന്ത വളര്‍ത്തുന്നതിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങള്‍ ക്ലാസ്സ് മുറികളില്‍ സാധാരണമാണ്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന ഭരണം, 1990-കളുടെ ആദ്യം റുവാണ്ടയില്‍ നടന്ന വംശഹത്യ എന്നിവയൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനിടെ കേന്ദ്രസര്‍ക്കാറിന്റെ വാക്‌സീന്‍ നയത്തേയും വിമര്‍ശന വിധേയമാക്കുന്നു. ഇക്കാര്യങ്ങളാണ് എ.ബി.വി.പിയേയും സംഘപരിവാര്‍ അനൂകൂലികളേയും പ്രകോപിപ്പിച്ചത്.

ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ്സ് മുറിയില്‍ പറയേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ സംഗതികള്‍ തന്നെയാണെന്ന് ഗില്‍ബര്‍ട്ടിനെ അനുകൂലിക്കുന്ന അദ്ധ്യാപകര്‍ പറയുന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളേയും രാഷ്ട്രീയപ്പാര്‍ട്ടികളേയും പരാമര്‍ശിക്കാതേയും ചര്‍ച്ച ചെയ്യാതേയും പൊളിറ്റിക്കല്‍ സയന്‍സടക്കമുള്ള വിഷയങ്ങള്‍ പഠിപ്പിക്കാനോ പഠിക്കാനോ സാധിക്കില്ല. നമ്മുടെ രാജ്യത്തെ രാഷ്ട്രീയരീതികളും പ്രവര്‍ത്തനവും ഉദാഹരിക്കേണ്ടതായും വരും. നിങ്ങള്‍ക്ക് ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും മുന്‍വര്‍ഷങ്ങളില്‍ ചില വിദ്യാര്‍ത്ഥികള്‍ ഇതിനോട് വിയോജിച്ചിരുന്നു എന്നും ഗില്‍ബര്‍ട്ട് ക്ലാസ്സില്‍ പറയുന്നുണ്ട്. തുറന്ന സംവാദത്തിനുള്ള ഇടം നല്‍കിക്കൊണ്ടാണ് ക്ലാസ്സ് അവസാനിക്കുന്നത്.

ക്ലാസ്സ് നടന്ന ഏപ്രില്‍ 19-നു തന്നെയാണ് കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള പരാതി ലഭിക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ മോണിറ്ററിംഗ് കമ്മിറ്റി ഓണ്‍ എജുക്കേഷന്‍ മെമ്പര്‍ എ. വിനോദ് കരുവാരക്കുണ്ടാണ് പരാതിക്കാരന്‍. എ.ബി.വി.പിയും പരാതി നല്‍കി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ എം.എ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കാന്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണം എന്നുമാണ് പരാതിയിലെ ആവശ്യം. 

ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമാണ് എന്ന് ഒരു പഠനവും ഗവേഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യവിരുദ്ധരായ ചിലര്‍ ഇന്ത്യയെ ഫാസിസ്റ്റ് രാജ്യമായി മുദ്രകുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് എ.ബി.വി.പിയുടെ വാദം. അദ്ധ്യാപകനെതിരെ നടപടിയെടുക്കാന്‍ വലിയരീതിയുള്ള പ്രതിഷേധവും സമ്മര്‍ദ്ദവും എ.ബി.വി.പിയുടെ ഭാഗത്തുനിന്നുമുണ്ടായി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ മൂന്നംഗങ്ങളുള്ള ഇന്റേണല്‍ കമ്മിറ്റിയെ വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തി. അക്കാദമിക് ഡീന്‍ പ്രൊഫ. കെ.പി. സുരേഷ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫ. എം.എസ്. ജോണ്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. മുരളീധരന്‍ നമ്പ്യാര്‍ എന്നിവരായിരുന്നു കമ്മിറ്റിയംഗങ്ങള്‍. കമ്മിറ്റി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സസ്പെന്‍ഷന്‍ എന്നതാണ് സര്‍വ്വകലാശാല വാദം. 

സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസസ് (കോണ്ടക്ട്) ആക്ടിലെ റൂള്‍ 9 ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. സര്‍ക്കാറിനേയോ സര്‍ക്കാര്‍ നയങ്ങളേയോ വിമര്‍ശിക്കുകയോ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ നടത്തരുത് എന്നുമാണ് ഇതില്‍ പറയുന്നത്. എന്നാല്‍, ജീവനക്കാര്‍ക്കുള്ള ഈ ചട്ടം സര്‍വ്വകലാശാല അദ്ധ്യാപകര്‍ക്കുമേല്‍ നടപ്പാക്കുന്നതു ശരിയല്ല എന്ന് അദ്ധ്യാപകര്‍ തന്നെ അഭിപ്രായപ്പെടുന്നു. അതിനു പുറമെ ഒരാളുടെ ജോലിയുടെ ഭാഗമായുള്ള പരാമര്‍ശങ്ങള്‍ക്ക് ചട്ടം ബാധകമല്ല എന്നും പറയുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. കള്ളികള്‍ക്കുള്ളില്‍നിന്നുകൊണ്ട് സര്‍വ്വകലാശാലകളില്‍ പഠനം സാധ്യമാവില്ല. 

ക്ലാസ്സ് നോട്ടുകള്‍ ചോര്‍ത്തി വിവാദം 

എം.എ വിദ്യാര്‍ത്ഥികള്‍ക്ക് വാട്സ്ആപ്പിലും മെയിലിലുമായി അയച്ചു നല്‍കിയ പവര്‍പോയിന്റ് സ്ലൈഡുകളും ഓഡിയോയുമാണ് പരാതിയുടെ അടിസ്ഥാനം. എന്നാല്‍, അദ്ധ്യാപകന്റെ ക്ലാസ്സ് നോട്ടുകള്‍പോലും രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ചോര്‍ത്തപ്പെട്ടത് അനാശാസ്യമായ പ്രവണതയാണെന്ന് ഇതിനകം അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ സസ്പെന്‍ഷനെതിരേയും പ്രതിഷേധം വ്യാപകമാണ്. അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടെങ്കിലും മറ്റു വിദ്യാര്‍ത്ഥി സംഘടനകളെല്ലാം അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. 

സര്‍ക്കാറിനു കീഴിലുള്ള ഒരു പൊതുഇടത്തില്‍ രാജ്യത്തിനെതിരായ വ്യാജപ്രചാരണം നടത്തുകയാണ് അദ്ധ്യാപകന്‍ ചെയ്തതെന്നാണ് എ.ബി.വി.പിയുടെ വാദം. ഇതിലൂടെ തന്റെ ആശയങ്ങളെ വിദ്യാര്‍ത്ഥികളിലേക്ക് കടത്തിവിടുകയാണ് ചെയ്തതെന്നും ഗുരുതരമായ രാജ്യവിരുദ്ധ പ്രവൃത്തിയാണെന്നുമാണ് അവര്‍ പറയുന്നത്. 

എന്നാല്‍, ഭരിക്കുന്ന സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ പറയുന്നത് രാജ്യവിരുദ്ധമായി കാണുന്ന രീതിയെ ഉറപ്പിക്കുന്നതാണ് അഡ്മിനിസ്ടേഷന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി വ്യക്തമാക്കുന്നത് എന്നത് എസ്.എഫ്.ഐ പറയുന്നു. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെപ്പോലുള്ളവരെ നിശ്ശബ്ദരാക്കുന്ന എ.ബി.വി.പിയുടെ പ്രവൃത്തികളെ പിന്തുണക്കുകയാണ് അഡ്മിനിസ്ട്രേഷന്‍ ചെയ്തതെന്നും നടപടി നിരാശാജനകമാണെന്നും എസ്.എഫ്.ഐ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സിലെ വീഡിയോ ചോര്‍ത്തുകയും അദ്ധ്യാപകനെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തുകയും ചെയ്ത എ.ബി.വി.പിയുടെ നടപടി അപലപനീയമാണെന്ന് എന്‍.എസ്.യു അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളില്‍നിന്നും അവര്‍ പിന്മാറണമെന്നും സ്വതന്ത്രമായ അക്കാദമിക് അന്തരീക്ഷം ഉണ്ടാക്കാന്‍ സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നടപടി അക്കാദമിക് സ്വാതന്ത്രത്തിന്റെ ലംഘനമാണെന്നും എന്നാല്‍, വലതുപക്ഷ രാഷ്ട്രീയത്തോടും നയങ്ങളോടുമുള്ള യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ പ്രതിബദ്ധതയില്‍ അദ്ഭുതമില്ലെന്നും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ നടപടിയെന്നും അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പറയുന്നു. വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള നടപടി ഫാസിസമാണെന്നും നടപടി പിന്‍വലിക്കണമെന്നും എം.എസ്.എഫും ആവശ്യപ്പെട്ടു.

അക്കാദമിക് സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന എല്ലാവരും ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ സസ്പെന്‍ഷനെതിരെ ശബ്ദമുയര്‍ത്തണമെന്ന് ശശി തരൂര്‍ എം.പി പറയുന്നു. ''ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ത്തന്നെ ക്യാംപസുകളില്‍ വിയോജിക്കാനുള്ള ഇടങ്ങള്‍ ഇല്ലാതാവുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തി തന്നെയാണ് ഈ കേസിനേയും കാണുന്നത്'' -അദ്ദേഹം പറയുന്നു.

നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എം.പി വി. ശിവദാസന്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനു കത്ത് നല്‍കിയിട്ടുണ്ട്. ഫാസിസ്റ്റാണോ എന്നു സംശയം ഉന്നയിച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് തങ്ങളുടെ ഫാസിസ്റ്റ് സ്വഭാവം തെളിയിക്കുകയാണ് സംഘപരിവാര്‍ ചെയ്തതെന്ന് വി. ശിവദാസന്‍ എം.പി പറയുന്നു. ''ഒരദ്ധ്യാപകന്‍ തന്റെ വീക്ഷണകോണില്‍നിന്നു വിദ്യാര്‍ത്ഥികളോട് സംവദിച്ചതിനു സസ്പെന്‍ഷന്‍പോലുള്ള നടപടി സ്വീകരിക്കുന്നത് സ്വതന്ത്രചിന്തയേയും വിമര്‍ശനത്തേയും നിശ്ശബ്ദമാക്കുന്നതിനു തുല്യമാണ്. ക്ലാസ്സ് മുറികള്‍ തുറന്ന ചര്‍ച്ചയ്ക്കുള്ള ഇടമായിരിക്കണം. എങ്കില്‍ മാത്രമേ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ വേരുറക്കുകയുള്ളൂ'' - അദ്ദേഹം പറയുന്നു. കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താനും ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പുവും സസ്പെന്‍ഷനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com