രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 
2021 മെയ് 20ന് ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു
2021 മെയ് 20ന് ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു

ണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൂടാത്തതും തിരുത്തേണ്ടതുമായ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ടു ചൂണ്ടിക്കാണിക്കാന്‍ മുഖ്യ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണ്. എന്നാല്‍, കൂടുതല്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണിക്കു ഭരണത്തുടര്‍ച്ച കിട്ടിയ ശേഷവും യു.ഡി.എഫിന്റെ കാഴ്ചയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ ചെയ്തത് എല്ലാം തന്നെ കുഴപ്പമാണ്. അതുപോലും ശക്തമായി പറയാനുള്ള ത്രാണി ഇപ്പോള്‍ പ്രതിപക്ഷമുന്നണിക്കും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്സിനുമില്ല. സര്‍ക്കാരിനെ തിരുത്താനുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്തവിധം നേതൃമാറ്റത്തിന്റേയും തോല്‍ക്കാനിടയായ കാരണങ്ങളുടേയും തര്‍ക്കങ്ങളില്‍പ്പെട്ടു പോയിരിക്കുന്നു അവര്‍. പുതിയ പ്രതിപക്ഷ നേതാവ് തുടങ്ങിയിട്ടേയുള്ളുതാനും. എതിര്‍ക്കുക മാത്രം ചെയ്ത് ജനരോഷം ഏറ്റുവാങ്ങിയ രമേശ് ചെന്നിത്തലയുടെ അനുഭവം മുന്നിലുള്ളതുകൊണ്ട് സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുഴപ്പമാകുമോ എന്ന ആശയക്കുഴപ്പം വി.ഡി. സതീശന്റെ ആദ്യ പ്രതികരണങ്ങളില്‍ പ്രകടം. പക്ഷേ, എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ വീണ്ടും വന്നു എന്നതുകൊണ്ടും പ്രതിപക്ഷം ദുര്‍ബ്ബലമാണ് എന്നതുകൊണ്ടും കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ മുഴുവന്‍ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റുകളിലേക്കു വിരല്‍ ചൂണ്ടുമ്പോള്‍ തെരഞ്ഞെടുപ്പു ഫലത്തിന്റെ കാമ്പ് നിഷേധിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നേയുള്ളൂ. കാടടച്ചു വെടിവയ്ക്കുന്നത് ജനവിധിയെ നിഷേധിക്കലായി മാറും; പറയാനുള്ളത് പറയാതിരുന്നാല്‍ ജനവിധി എല്ലാ കുഴപ്പങ്ങളുടേയും തുടര്‍ച്ചയ്ക്കുള്ള അംഗീകാരമായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയേറെ. പ്രധാനപ്പെട്ട ചില വകുപ്പുകളുടെ നടപടികളും നടപടികളില്ലായ്മയും ജനപക്ഷത്തുനിന്ന് എത്രത്തോളം അകലെയായിരുന്നുവെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നത്; ജനവിരുദ്ധമായിരുന്നു എന്നതുകൊണ്ടുതന്നെ അവ തിരുത്താനുള്ള ആര്‍ജ്ജവാണ് പുതിയ സര്‍ക്കാരിനുണ്ടാകേണ്ടത്; ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും.

സ്ത്രീകളോടും കുട്ടികളോടും
 
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു പ്രത്യേക വകുപ്പ് എന്നത് 2016-ല്‍ എല്‍.ഡി.എഫ് പ്രകടനപത്രികയിലെ ഏറ്റവും ആകര്‍ഷകമായ വാഗ്ദാനങ്ങളിലൊന്നായിരുന്നു. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര വകുപ്പ്, അതിനു മാത്രമായി മന്ത്രി, മന്ത്രാലയം തുടങ്ങിയ പ്രതീക്ഷകള്‍ക്കുമേല്‍ നിരാശയുടെ ആണിയടിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ 'പടിയിറങ്ങിയത്.' വാഗ്ദാനം നടപ്പാക്കാന്‍തന്നെ രണ്ടു വര്‍ഷമെടുത്തു. നടപ്പാക്കിയപ്പോഴാകട്ടെ അപ്രധാനമായ ഒരു വകുപ്പിന്റെ രൂപവും ഭാവവുമാണ് ഉണ്ടായത്, സ്വതന്ത്ര വകുപ്പായില്ല. കെ.കെ. ശൈലജ ടീച്ചര്‍ക്ക് ആരോഗ്യ വകുപ്പിനു വളരെത്താഴെ കടലാസില്‍ മാത്രമായിരുന്നു സാമൂഹികനീതി വകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും. അതിനിടെ, നിപയും കൊവിഡും പോലെ ആരോഗ്യവകുപ്പിനു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായതോടെ വനിതാ, ശിശുക്ഷേമ വകുപ്പ് തികച്ചും അപ്രധാനമായി മാറി. സാമൂഹികനീതി വകുപ്പില്‍നിന്നു പുതിയ വകുപ്പില്‍ ഉള്‍പ്പെടുത്താനുള്ള കാര്യങ്ങള്‍ വേര്‍പെടുത്താന്‍ ഒരു വര്‍ഷത്തോളം എടുത്തു. ജീവനക്കാരുടെ സീനിയോറിറ്റിയും സ്ഥാനക്കയറ്റ സാധ്യതകളും നഷ്ടപ്പെടാതിരിക്കാന്‍ ഈ പ്രക്രിയയിലുടനീളം സംഘടനകള്‍ ഇടപെട്ടുകൊണ്ടിരുന്നു. 

ഈ സര്‍ക്കാരിലും വനിതാ ശിശുക്ഷേമം ആരോഗ്യമന്ത്രിയെത്തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സാമൂഹികനീതി ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും. പക്ഷേ, ആരോഗ്യ മന്ത്രിയെന്ന നിലയിലാണ് വീണാ ജോര്‍ജ്ജ് തുടക്കത്തില്‍ത്തന്നെ കൂടുതല്‍ ശ്രദ്ധിക്കുന്നത്. കൊവിഡിലും ലോക്ഡൗണിലും കുരുങ്ങിയ ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള തിരക്കിലാണ് പ്രൊഫ, ആര്‍. ബിന്ദു. വനിതാ ശിശുക്ഷേമം, കുടുംബക്ഷേമം, സാമൂഹികനീതി വകുപ്പുകള്‍ക്കായി ഒരു പ്രത്യേക മന്ത്രിയെ നിയോഗിച്ചിരുന്നെങ്കില്‍ സ്ത്രീകള്‍ക്കു മാത്രമല്ല, നിരവധി പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ക്കും സര്‍ക്കാരിന്റെ കൂടുതല്‍ പരിഗണനയും ശ്രദ്ധയും കിട്ടുമായിരുന്നു.
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി നല്‍കേണ്ട മിക്ക സ്ഥാപനങ്ങളും സംവിധാനങ്ങളും തീരെ ദുര്‍ബ്ബലമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വക്കൂടുതല്‍ മാത്രമല്ല, ഗ്ലാമറും ഷൈലജ ടീച്ചറെ ഭ്രമിപ്പിച്ചോ എന്നു തോന്നിപ്പിക്കും വിധമായിരുന്നു മറ്റു വകുപ്പുകളോടുള്ള അവഗണന. അനുബന്ധ സംവിധാനങ്ങളേയും അതു ബാധിച്ചു. ബന്ധപ്പെട്ട മേഖലയില്‍ പരിചയമില്ലാത്തവരും എതിരായി പ്രവര്‍ത്തിച്ചവരും മറ്റും ഈ സ്ഥാപനങ്ങളെ നയിക്കുന്ന സ്ഥിതിയുണ്ടായി. ജില്ലാ ശിശുക്ഷേമ സമിതികള്‍ (സി.ഡബ്ല്യു.സി) ഏറ്റവും നല്ല ഉദാഹരണം. ഒരു ജില്ലയില്‍ സി.ഡബ്ല്യു.സി ചെയര്‍മാനായി പ്രവര്‍ത്തിച്ചയാള്‍ സ്ത്രീയോടു മോശമായി പെരുമാറിയെന്ന പരാതിയും കേസുമുണ്ടായി. അദ്ദേഹത്തെ പിന്നീട് മാറ്റേണ്ടി വന്നു. രണ്ട് ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനും കൊലയ്ക്കും വിധേയരായ വാളയാര്‍ കേസ് അട്ടിമറിക്കുന്നതില്‍ പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ വലിയ പങ്കുവഹിച്ചു എന്ന വിമര്‍ശനം സര്‍ക്കാരിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്.
കുട്ടികള്‍ ഇരകളായ കേസുകളില്‍ അവര്‍ക്കുവേണ്ടി പറയാന്‍ ആരുമില്ലാത്ത സ്ഥിതി രൂക്ഷമായിരുന്നു. കുട്ടിക്ക് സ്വന്തംഭാഗം വിശദീകരിക്കാനും നീതി സ്വന്തം നിലയില്‍ ഉറപ്പാക്കാനും സാധിക്കില്ല എന്നിരിക്കെ, കുട്ടികള്‍ക്കു നീതിനിഷേധിക്കപ്പെടുന്നത് മുതിര്‍ന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിനേക്കാള്‍ ഗൗരവ്വമുള്ള കാര്യമാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനു ശിക്ഷ ഉറപ്പാക്കാനുള്ള പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഒഫന്‍സസ്) കേസുകളില്‍ പ്രോസിക്യൂട്ടര്‍മാരെ കക്ഷിരാഷ്ട്രീയാഭിമുഖ്യം നോക്കി മാത്രം നിയമിച്ചതാണ് മറ്റൊരു ഗുരുതര പിഴവ്. എല്ലാ പ്രോസിക്യൂട്ടര്‍മാരും കുഴപ്പക്കാരോ അനീതിയുടെ പക്ഷം ചേരുന്നവരോ ആയിരുന്നില്ല; ഇപ്പോഴുമല്ല. പക്ഷേ, അത്തരക്കാരുണ്ട്. അതിനു തെളിവുകളുമുണ്ട്. കേസുകള്‍ കോടതിയില്‍ വരുമ്പോള്‍ പ്രതികള്‍ക്ക് പ്രോസിക്യൂട്ടറുടെ പരോക്ഷ പിന്തുണ കിട്ടുന്ന സ്ഥിതി. പ്രതികള്‍ രക്ഷപ്പെടുന്നവിധമുള്ള അത്തരം ഇടപെടലുകള്‍ നിരവധിയുണ്ടായി. 

ഫാ. റോബിന്‍ വടക്കാഞ്ചേരി പ്രതിയായ പീഡനക്കേസില്‍ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാനും അംഗവും പ്രതിക്ക് അനുകൂലമായി ഇടപെട്ടത് പുറത്തുവന്നിരുന്നു. അതോടെയാണ് എല്ലാ ജില്ലകളിലേയും സി.ഡബ്ല്യു.സികള്‍ അഴിച്ചുപണിയാന്‍ തീരുമാനിച്ചത്. വയനാട് സി.ഡബ്ല്യു.സിയുടെ ഗുരുതരവീഴ്ചകള്‍ കണ്ടെത്തിയെങ്കിലും സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തില്ല. അവരെ കോടതി കുറ്റമുക്തരാക്കിയതിനെതിരെ അപ്പീല്‍ പോയുമില്ല. 

സി.ഡബ്ല്യു.സി പുനഃസംഘടന വേണ്ടവിധം ഫലപ്രദമായില്ല. അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണമാണ് വിശ്വാസ്യത നഷ്ടപ്പെടുത്തിയത്. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ വരുന്നത് സ്വാഭാവികമാണെങ്കിലും മേഖലയുമായി ബന്ധമില്ലാത്തവര്‍ അതിന്റെ വിശ്വാസ്യതയിലും കാര്യശേഷിയിലും താല്‍പ്പര്യം കാണിച്ചില്ല. തിരുവനന്തപുരത്ത് തഹസീല്‍ദാര്‍ പ്രതിയായ പീഡനക്കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ 16 തവണയാണ് കൗണ്‍സിലിംഗിനു വിധേയയാക്കിയത്. സി.ഡബ്ല്യു.സി കൂടി ഇതിനു കൂട്ടുനിന്നു, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസ് അന്വേഷണം കൃത്യമാണോ എന്നു നോക്കാന്‍ അധികാരമുള്ള സംവിധാനമാണ് സി.ഡബ്ല്യു.സി. പക്ഷേ, ആ അധികാരം ഇരകള്‍ക്കുവേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. കൗണ്‍സിലിംഗില്‍ കുട്ടികള്‍ സത്യം പറയുന്നില്ലെന്നു വരുത്തി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. കൗണ്‍സിലിംഗ് ചോദ്യം ചെയ്യലായി മാറ്റുന്ന സ്ഥിതിയും കുട്ടികള്‍ക്കുവേണ്ടി നിലകൊള്ളേണ്ടവര്‍ പ്രതികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സാഹചര്യവും ഉണ്ടായി. നിയമത്തില്‍ ഇത്തരം കൗണ്‍സിലിംഗല്ല, കേസിലെ മൊഴി സംബന്ധിച്ച് വ്യക്തതക്കുറവുണ്ടായാല്‍ ഉപയോഗിക്കാനുള്ള മനശ്ശാസ്ത്രപരമായ രീതിയായാണ് നിര്‍ദ്ദേശിക്കുന്നത്. സി.ഡബ്ല്യു.സി ദുര്‍ബ്ബലമാകുമ്പോള്‍ ഇരകളാക്കപ്പെട്ട കുട്ടികള്‍ക്കു കിട്ടേണ്ട നീതിയും ദുര്‍ബ്ബലമാകുന്നു. 
ബാലാവകാശ കമ്മിഷനിലെ നിയമനങ്ങളും കമ്മിഷന്റെ ചില ഇടപെടലുകളും ആ സ്ഥാപനത്തെ അപഹാസ്യമാക്കി. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തിയ ഇ.ഡി ആ വീട്ടിലെ കുട്ടികളെ ഉള്‍പ്പെടെ തടഞ്ഞുവച്ചു. പരിശോധനയുമായി സഹകരിക്കേണ്ടവരൊഴികെയുള്ളവര്‍ക്കൊപ്പം കുട്ടികളെ ഉടന്‍ പുറത്തുവിടണമെന്ന നോട്ടീസ് നല്‍കാന്‍ കമ്മിഷന് അധികാരമുണ്ട്. അത് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് പൊലീസ് മുഖേനതന്നെ ആവശ്യപ്പെടുകയും ചെയ്യാം. പക്ഷേ, ആ അധികാരത്തെക്കുറിച്ചു ശരിയായി മനസ്സിലാക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിനുപകരം കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും ആ വീടിനു മുന്നില്‍പ്പോയി ബഹളം വയ്ക്കുകയാണ് ചെയ്തത്. അത് സര്‍ക്കാരിനുതന്നെ നാണക്കേടായി മാറി.

- വാളയാര്‍ കേസിലും പത്മരാജന്‍ എന്ന അദ്ധ്യാപകന്‍ പ്രതിയായ പാലത്തായി പീഡന കേസിലും മറ്റും പൊലീസിന്റെ ഭാഗത്തുനിന്നു പ്രതികള്‍ക്കുവേണ്ടി തുറന്ന ഇടപെടലുണ്ടായി എന്ന വിമര്‍ശനത്തെ പ്രതിരോധിക്കാനായില്ല. ഇവ ഒറ്റപ്പെട്ട സഭവങ്ങളാണ്. പക്ഷേ, ആളുകള്‍ക്ക് ഇത്തരം കേസുകളില്‍ പൊലീസില്‍ വിശ്വാസം കുറഞ്ഞു.

ലൈംഗികാതിക്രമത്തിന് ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ അഭയകേന്ദ്രമായ നിര്‍ഭയയെ തകര്‍ത്തു എന്നു പറയാവുന്ന വിധമുള്ള നടപടികളുണ്ടായി. നിര്‍ഭയ എന്ന പേരുമാറ്റിയതല്ല കാര്യം; ഘടനാപരമായി അതിന്റെ സ്വഭാവംതന്നെ മാറിപ്പോയി. സ്വതന്ത്ര നടത്തിപ്പും കൗണ്‍സിലര്‍മാര്‍ക്കുള്‍പ്പെടെ നല്‍കി വന്ന പരിശീലനങ്ങളും ഇല്ലാതായി. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ അറിയാതെ, അവരുടെ അഭിപ്രായത്തിനു പരിഗണന കൊടുക്കാതെ വിവിധ ഷോര്‍ട്ട് സ്റ്റേ ഹോമുകളിലെ അന്തേവാസികളെ തൃശൂരിലെ ഒരൊറ്റ ഹോമിലേക്കു മാറ്റാന്‍ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തല്‍ക്കാലത്തേക്കു നീട്ടിവച്ചെങ്കിലും ഇപ്പോള്‍ മാറ്റാനുള്ള കുട്ടികളുടെ പട്ടിക തയ്യാറായിരിക്കുന്നു.

- ജില്ലകളിലെ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ തസ്തികയ്ക്കു വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. പൊലീസുമായി ഉള്‍പ്പെടെ ഏകോപനമില്ല, വേണ്ടത്ര പരിശീലനമില്ല, എല്ലാ ജില്ലകളിലും ആളുമില്ല. മറ്റേതെങ്കിലും തസ്തികയിലുള്ളവര്‍ക്ക് അധികച്ചുമതല നല്‍കുന്ന സ്ഥിതി പലയിടത്തുമുണ്ട്.

- തൊഴില്‍ ഇടങ്ങളിലെ സ്ത്രീസുരക്ഷ സംബന്ധിച്ച നിയമം നടപ്പാക്കുന്നതില്‍ ഗുരുതരമായ അശ്രദ്ധ. എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐ.സി.സി) രൂപീകരിക്കണം എന്ന നിയമം ലോക്സഭ പാസ്സാക്കിയിട്ടു വര്‍ഷങ്ങളായി. പക്ഷേ, മറ്റു പല സംസ്ഥാനങ്ങളിലേയും പോലെ കേരളത്തിലും അത് ഫലപ്രദമായി നടപ്പായിട്ടില്ല. പരാതികള്‍ ഉണ്ടാകുമ്പോള്‍ തട്ടിക്കൂട്ടു സമിതികളാണ് പലയിടത്തും ഉണ്ടാകുന്നത്. 

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലും സ്ത്രീശാക്തീകരണത്തിലും ഏറ്റവും ഗുണകരമാകുന്ന ചില കാര്യങ്ങള്‍ അടിവരയിട്ട് ചെയ്യേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ത്രീവിദ്യാഭ്യാസം ഏറ്റവുമധികമുള്ള കേരളത്തില്‍ത്തന്നെയാണ് തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവ്. അതായത് പഠിച്ച നിരവധി സ്ത്രീകള്‍ വെറുതേ ഇരിക്കുന്നു, അത് സമൂഹത്തിനും നഷ്ടമാണ്.
 
ജനകീയാസൂത്രണ പ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെയൊക്കെ തുടര്‍ച്ചയായി രൂപീകരിക്കപ്പെട്ട കുടുംബശ്രീയെ ഒരു സാമ്പത്തിക പദ്ധതി മാത്രമാക്കി മാറ്റിയതുള്‍പ്പെടെ തിരുത്തപ്പെടേണ്ടവയുടെ പട്ടികയിലുണ്ട്. അതാകട്ടെ, ഒന്നാം പിണറായി സര്‍ക്കാരിന്റെ വീഴ്ചകൊണ്ടു മാത്രം സംഭവിച്ചതുമല്ല. പക്ഷേ, സ്ത്രീകളുടെ സാമൂഹിക ശാക്തീകരണത്തിനു വേണ്ടത്ര ഊന്നല്‍ കൊടുത്ത് കുടുംബശ്രീയെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ഈ സര്‍ക്കാരിനു കഴിയുമോ എന്നത് പ്രധാനമാണ്. 

ഫയല്‍ പൂഴ്ത്തുന്നവരോട് 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിചാരണാ അനുമതിക്ക് അയച്ച മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലെ ഫയലില്‍ മൂന്നു വര്‍ഷമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത് തുടക്കമിട്ട ആ സര്‍ക്കാരിനും അതിന്റെ തുടര്‍ച്ചയായ ഇപ്പോഴത്തെ സര്‍ക്കാരിനുംമേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്ന ഇടപെടലാണ് ഇതില്‍ നടന്നത്. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട 12 കേസുകളാണുള്ളത്. ഇതില്‍ ആറെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു കേസില്‍ ഇതുവരെ വിചാരണയ്ക്ക് അനുമതി കൊടുക്കാതെ പിടിച്ചുവച്ചിരിക്കുന്നു. അതാണ് ഏറ്റവും ഗൗരവമുള്ള കുറ്റപത്രം. സി.പി.എം നേതാവും മുന്‍ എം.എല്‍.എയും മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ ബോര്‍ഡംഗവുമായിരുന്ന പി. ഉണ്ണി, വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട കേസാണിത്. ചെറിയ തുകയ്ക്കു ചെയ്തു തീര്‍ക്കാവുന്ന പ്രവൃത്തി കോടികള്‍ക്ക് കരാര്‍ കൊടുത്തതുമായി ബന്ധപ്പെട്ട കേസ്. കൊല്ലപ്പെട്ട മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്‍ ഇതിലെ വിയോജിപ്പ് ഫയലില്‍ എഴുതിയിരുന്നു. ഈ ഫയല്‍ ഒളിപ്പിച്ചുവച്ച നിലയില്‍ പിന്നീടാണ് കണ്ടെത്തിയത്. പിന്നീട് എം.ഡി പത്മകുമാര്‍ ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് എഴുതി. വിജിലന്‍സ് അന്വേഷണത്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തില്‍ ഉന്നതരുടെ പങ്കാളിത്തം വ്യക്തമായതോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു. അഴിമതി കേസില്‍ വിചാരണയ്ക്ക് സര്‍ക്കാര്‍ അനുമതി വേണം എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നീടാണ് വന്നത്. ഈ കേസും അതില്‍പ്പെടുത്തി വിജിലന്‍സ് വകുപ്പ് പൂഴ്ത്തിവച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ പുതിയ നിര്‍ദ്ദേശം ഈ കേസിനു ബാധകമല്ല; മുന്‍കാല പ്രാബല്യമില്ല. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് കത്തെഴുതി. വിജിലന്‍സ് ഡയറക്ടറേറ്റ് ഫയല്‍ സര്‍ക്കാരിന് അയച്ചതും ബാക്കി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വ്യവസായ വകുപ്പിനു കൈമാറിയതും അവിടെനിന്ന് ഫയല്‍ ആഭ്യന്തര വകുപ്പിനു പോയിതും ഉള്‍പ്പെടെ വിശദാംശങ്ങള്‍ ആ കത്തിലുണ്ടായിരുന്നു. ഫയല്‍ പൂഴ്ത്തുന്ന വഴിവിട്ട നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ഉള്‍പ്പെട്ട കത്തായിരുന്നു അത്. അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സിനു നിര്‍ദ്ദേശം നല്‍കി. കേസ് കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ എസ്.പിക്കു കൈമാറുകയും ചെയ്തു. 

പരാതിക്കാരനായ ജോയി കൈതാരത്തിന്റെ മൊഴിയെടുത്തു. പ്രതികളെ രക്ഷിക്കാനും പരാതിയില്‍ കഴമ്പില്ലെന്നു വരുത്താനുമാണ് ശ്രമമെന്ന് ജോയി കൈതാരത്ത് പറയുന്നു. പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ വ്യവസായ വകുപ്പിന് ഉദ്ദേശ്യമില്ല എന്നു വ്യക്തമാക്കുന്ന നിലപാട് പ്രകടമായിരുന്നു. വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ മൗനവും സംശയകരം. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായിയും മറ്റും പ്രതികളായ മറ്റൊരു അഴിമതിക്കേസില്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അസാധാരണമായ ഒരു എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ ജോണ്‍ മത്തായി, മുരളീധരന്‍ നായര്‍, പത്മനാഭന്‍ നായര്‍ എന്നിവരെ പ്രതിസ്ഥാനത്തുനിന്നു നീക്കി. പിന്നീടു വന്ന പിണറായി സര്‍ക്കാരും വിജിലന്‍സ് കോടതിയില്‍ ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ല എന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായിരുന്നു ആ നിലപാട്.

ഈ ഘട്ടത്തിലാണ് അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവും ജോയി കൈതാരത്തും കേസില്‍ കക്ഷി ചേര്‍ന്നത്. പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദ്ദേശിക്കാന്‍ അതിടയാക്കി. സര്‍ക്കാര്‍ നിലപാടിനു തിരിച്ചടി കിട്ടുകയും ചെയ്തു. എന്നിട്ടും മറ്റൊരു ഗുരുതര അഴിമതിക്കേസില്‍ ഫയല്‍ പിടിച്ചുവച്ചിരിക്കുക തന്നെ ചെയ്തിരിക്കുന്നു. ഈ സര്‍ക്കാരും പുതിയ വ്യവസായ മന്ത്രി പി. രാജീവും ആ നിലപാട് തിരുത്തുമോ എന്നത് വളരെ പ്രധാനമാണ്. പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസിലാകട്ടെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രതിയോഗികളെ ഉള്‍പ്പെടെ കേസില്‍നിന്ന് ഊരിക്കൊടുക്കുക എന്ന ഗുരുതര വീഴ്ചയാണ് കഴിഞ്ഞ സര്‍ക്കാരില്‍ നിന്നുണ്ടായത്.

തലസ്ഥാന ജില്ലയില്‍ മാത്രം ഗവണ്‍മെന്റ് പ്ലീഡറും പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പൊലീസിന്റേയോ ജില്ലാ കളക്ടറുടേയോ റിപ്പോര്‍ട്ടുണ്ട്. കാര്യക്ഷമതക്കുറവല്ല, പ്രതികള്‍ക്കുവേണ്ടി കണ്ണടയ്ക്കുന്നതാണ് ഇവരുടെ അയോഗ്യത. ഒരിടത്ത് സി.പി.എം ഏരിയാ സെക്രട്ടറിയുടെ ഭാര്യയും മറ്റൊരിടത്ത് മുന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഈ പട്ടികയലുണ്ട് എന്നതാണ് ദുരന്തം. ആ കണ്ണടയ്ക്കലില്‍ റവന്യൂ കേസുകളും പോക്സോ കേസുകളുമുണ്ട്. നേരത്തെ തിരുവനന്തപുരത്ത് പോക്സോ കോടതി പ്രോസിക്യൂട്ടറായിരുന്ന വല്‍സാ വര്‍ഗ്ഗീസിനെ മാറ്റിയ മാതൃക ഇവരുടെ കാര്യത്തിലും തുടരുമോ എന്നത് പ്രധാനമാണ്.

പാവപ്പെട്ട ആദിവാസികളോട്
 
വിദ്യാഭ്യാസ മേഖലയില്‍ കൊവിഡിന്റെ ഒന്നാം വരവ് ഉണ്ടാക്കിയ മാറ്റങ്ങള്‍ ഏറ്റവുമധികം ബാധിച്ചത് കേരളത്തിലെ ദളിത് വിഭാഗങ്ങളെയാണ്. പക്ഷേ, ഇത് വേണ്ടവിധം കണക്കിലെടുക്കാനോ അതിനനുസരിച്ചുള്ള ഇടപെടല്‍ നടത്താനോ പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ വകുപ്പോ വിദ്യാഭ്യാസ വകുപ്പോ താല്‍പ്പര്യം കാണിച്ചില്ല. കൊവിഡ് രണ്ടാം തരംഗം പിടിച്ചുകുലുക്കുമ്പോഴും അതില്‍ മറ്റാരെക്കാള്‍ പെട്ടുപോയിരിക്കുന്നത് ഈ വിഭാഗങ്ങള്‍ തന്നെയാണ്. ഇതില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ പിഴവ് തിരുത്താന്‍ മന്ത്രി പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കുമാണ് കഴിയേണ്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനും മാറി നില്‍ക്കാനാകില്ല.

കൊവിഡ് കാലത്ത് ഹോസ്റ്റലുകള്‍ ഒഴിപ്പിച്ചതോടെ പട്ടികവര്‍ഗ്ഗ മേഖലകളിലെ കുട്ടികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഊരുകളിലേക്കു മടങ്ങേണ്ടി വന്നു. ഹോസ്റ്റലുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സുരക്ഷിതത്വം അവര്‍ക്ക് സ്വന്തം വീടുകളില്‍ ഇല്ല എന്നതാണ് വസ്തുത. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ തന്നെ ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. അച്ഛനും അമ്മയും ജോലിക്കു പോയിക്കഴിഞ്ഞാല്‍ ഒറ്റയ്ക്കാകുന്ന പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനു വിധേയരാകുന്ന സംഭവങ്ങള്‍ പഴങ്കഥയല്ല.

ലിങ്കണ്‍ യൂണിവേഴ്സിറ്റിയും കേരള സര്‍ക്കാരിന്റെ കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലും (K-DISC) ചേര്‍ന്ന് വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി നടത്തുന്ന 'ട്രൈബല്‍ എഡ്യൂക്കേഷന്‍ മെത്തഡോളജി പദ്ധതി'യുടെ ഭാഗമായി 1000 ആദിവാസി കുട്ടികള്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച സര്‍വ്വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രസക്തമാണ്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സാമഗ്രികള്‍ വന്‍ തോതില്‍ കൊടുത്തെങ്കിലും പലയിടത്തും കണക്റ്റിവിറ്റി ഇല്ലാത്തത് പഠനം ദുസ്സഹമാക്കി. പഠനത്തിനു സഹായിക്കാന്‍ ആരുമില്ലെന്ന് കുട്ടികള്‍ തുറന്നു പറഞ്ഞു. സമയത്ത് ഫോണ്‍ ഡാറ്റ റീ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാത്തവര്‍, അച്ഛന്‍ ജോലിക്കു പോകുമ്പോള്‍ ഫോണ്‍ കൊണ്ടുപോകുന്നതുകൊണ്ട് ക്ലാസ്സുകള്‍ നഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ല. മാനന്തവാടി ബ്ലോക്കിലെ അടിയര്‍, പണിയര്‍, കുറിച്യര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് 10 ശതമാനം വീതം എന്ന നിരക്കിലാണ് വിവരശേഖരണം നടത്തിയത്. പ്രാദേശികമായി ചുരുങ്ങിജീവിക്കുന്ന ഇവര്‍ക്ക് കേരളത്തിന്റെ ഭാഗം എന്ന നിലയില്‍ വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും സാധ്യത ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രാപ്യത കുറവാണ്. ഇത് മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളും കുറവ്. വ്യക്തിഗതമായ കരുതലും വിവിധ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഇല്ല. സര്‍വ്വേയില്‍ പങ്കെടുത്ത കുട്ടികളില്‍ ചുരുക്കം പേര്‍ മാത്രമാണ് സ്‌കൂള്‍ സൗഹൃദം ആസ്വദിക്കുന്നത്. ഫലത്തില്‍ കുട്ടികളുടെ ഒരുവര്‍ഷം നഷ്ടപ്പെട്ടു. പല കുട്ടികളും പഠനം ഉപേക്ഷിച്ചു പണിക്കുപോയി. ബാലവേലയും ബാലവിവാഹങ്ങളുമുണ്ടായി. ഇതാരും ശ്രദ്ധിച്ചില്ല. കേരളത്തില്‍ പത്താം ക്ലാസ് വരെ ലഭിക്കുന്ന സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ആദിവാസി വിഭാഗങ്ങള്‍ നന്നായി ഉപയോഗിച്ചു വരികയായിരുന്നു. ഊരുകളിലേക്കാള്‍ സ്‌കൂളും ഹോസ്റ്റലിലും ലഭിക്കുന്ന സുരക്ഷിതത്വം കൂടിയായിരുന്നു കാരണം. അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങളുടെ സാഹചര്യം കഴിഞ്ഞ സര്‍ക്കാര്‍ വൈകിയാണ് ഗൗരവത്തിലെടുത്തത്. ആദിവാസികളുടെ, പ്രത്യേകിച്ചും ഗര്‍ഭിണികളുടേയും കുഞ്ഞുങ്ങളുടേയും ചികിത്സയ്ക്കുള്ള വലിയ തുക പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയെ ഏല്‍പ്പിച്ചിരിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസി അമ്മയും കുഞ്ഞും മരിക്കാതിരിക്കാന്‍ പെരിന്തല്‍മണ്ണയില്‍ എത്തിക്കേണ്ട സ്ഥിതി. 

കൊവിഡ് കാലം തുടങ്ങുന്നതിനു തൊട്ടുമുന്‍പുണ്ടായ, നേരിട്ടറിയാവുന്ന ഒരു സംഭവം: അപൂര്‍വ്വരോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ കാണാന്‍ ഓഫീസില്‍ ചെന്നു. മന്ത്രി എത്താന്‍ വൈകുമെന്നറിഞ്ഞ് പ്രൈവറ്റ് സെക്രട്ടറിയോട് വിവരങ്ങള്‍ പറഞ്ഞു. നിങ്ങള്‍ പണമുണ്ടാക്കാന്‍ തട്ടിക്കൂട്ടുന്ന ഓരോരോ പരിപാടികളല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രക്ഷിതാക്കളുടെ സംഘടനയാണെന്നും തങ്ങളോരോരുത്തരും രോഗികളായ ഓരോ കുട്ടിയുടെ അമ്മയോ അച്ഛനോ ആണെന്നും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയാണ് അവര്‍ ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ മുഖമെന്ന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട വനിതാമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ഈ അനുഭവമെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യത്വമുള്ളവരേയും നെല്ലും പതിരും വേര്‍തിരിച്ചറിയുന്ന വിവേചനബുദ്ധിയുള്ളവരേയും അത്തരം സ്ഥാനങ്ങളില്‍ നിയോഗിക്കാന്‍ ഓരോ മന്ത്രിക്കും ഓരോ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്. ''തുടര്‍ഭരണത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായി പറയേണ്ടത് കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളും സര്‍ക്കാരും തമ്മിലുണ്ടായ പാരസ്പര്യത്തെക്കുറിച്ചാണ്. ജനങ്ങളുടെ പരിപൂര്‍ണ്ണ പങ്കാളിത്തത്തിലൂടെയാണ് ഓരോ പ്രതിസന്ധികളേയും കേരളം അതിജീവിച്ചത്; ആ പങ്കാളിത്തവും സഹകരണവും തന്നെയാണ് ഇന്നാട്ടില്‍ അനന്യമായ വികസനക്കുതിപ്പിനു കാരണമായതും'' എന്നാണ് സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞത്. ആ പാരസ്പര്യത്തിനേറ്റ മുറിവുകള്‍ കാണാതെ പോകരുത്.

പൊലീസിനോട് പറയേണ്ടത്
 
ഒന്നാം പിണറായി സര്‍ക്കാരിന്റെ പിഴവുകളില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട അതിപ്രധാനകാര്യങ്ങളുടെ പട്ടികയില്‍ ആദ്യംതന്നെ വരേണ്ട ഒന്നുണ്ട്: പൊലീസിനെ നിലയ്ക്കു നിര്‍ത്തുക. അതിനര്‍ത്ഥം പൊലീസിനെ ഭരണമുന്നണി നേതാക്കളുടെ വരുതിയില്‍ നിര്‍ത്തുക എന്നല്ല. കള്ളക്കേസുകളും ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡിമരണങ്ങളും കൊലയാളികളെ സംരക്ഷിക്കലും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തലും സ്വന്തം അലങ്കാരമായി കൊണ്ടുനടക്കാന്‍ പൊലീസിനെ അനുവദിക്കരുത്. സി.പി.എമ്മും എല്‍.ഡി.എഫും മുഖ്യമന്ത്രി പിണറായി വിജയനും അടിസ്ഥാനപരമായി മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നു തോന്നിക്കുന്ന വിധത്തിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷത്തോളം പൊലീസ് അഴിഞ്ഞാടിയത്. 2018-ല്‍ കോട്ടയത്ത് കെവിന്‍ പി. ജോസഫ് എന്ന യുവാവ് കൊല്ലപ്പെട്ടതിനു തുടര്‍ച്ചയായി സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളോടെയാണ് പൊലീസൊന്നു നിലയ്ക്കുനിന്നത്. പിന്നീടും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും മനപ്പൂര്‍വ്വമെന്നതുപോലെ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്ന ചെയ്തികള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിച്ചു. തുടക്കത്തിലെപ്പോലെ ഒടുക്കവും പൊലീസ് പെരുമാറിയിരുന്നെങ്കില്‍ ഉറപ്പാകില്ലായിരുന്നു ഭരണത്തുടര്‍ച്ച. അതുകൊണ്ട് പൊലീസിന്റെമേല്‍ സുസ്ഥിര ജാഗ്രത ഉണ്ടാവുക പ്രധാനമാണ്.
 
മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ ഈ സര്‍ക്കാരിലും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായിരിക്കുമോ എന്ന് അറിയില്ല. കഴിഞ്ഞ സര്‍ക്കാരില്‍ പൊലീസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത് രമണ്‍ ശ്രീവാസ്തവയുടെ ഉപദേശങ്ങളാണെങ്കില്‍ ആ ഉപദേഷ്ടാവിനെ മാറ്റേണ്ടത് തിരുത്തല്‍ പ്രക്രിയയ്ക്കു പ്രധാനമാണ്. 

രമണ്‍ ശ്രീവാസ്തവയുടെ കാര്യം എന്തുതന്നെ ആയാലും പൊലീസിനുമേല്‍ ദൈനംദിന ഉത്തരവാദിത്വമുള്ള പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ മാറ്റിയിട്ടില്ല. അഞ്ചു വര്‍ഷത്തെ അധികാരം ഏറെ മാറ്റിയ സി.പി.എം നേതാവാണ് സംസ്ഥാന കമ്മിറ്റിയംഗം പുത്തലത്ത് ദിനേശന്‍ എന്ന വിമര്‍ശനമുള്ളത് സി.പി.എമ്മിനുള്ളില്‍ത്തന്നെയാണ്. പക്ഷേ, മുഖ്യമന്ത്രി വിശ്വസിക്കുന്നത് ഉപദേഷ്ടാവിനേയോ പൊളിറ്റിക്കല്‍ സെക്രട്ടറിയേയോ മാത്രമായിരിക്കുമോ എന്നത് മുഖ്യമാണ്.
 
കൃഷിവകുപ്പിനു കീഴിലുള്ള കേരള അഗ്രോ മെഷീനറി കോര്‍പറേഷനില്‍ (കാംകോ) 1000 കോടിയുടെ ക്രമക്കേട് നടന്നതായി സി.എ.ജി കണ്ടെത്തിയ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അവിടെ എം.ഡിയായിരുന്ന എന്‍.കെ. മനോജിനെ ഒന്നാം പിണറായി സര്‍ക്കാര്‍ സംരക്ഷിച്ചതെന്തിനെന്നു പിടികിട്ടുന്നില്ല. ഒരുപക്ഷേ, അത്തരം പല പിടികിട്ടാത്ത കാര്യങ്ങളും മുഖ്യമന്ത്രിക്കും വ്യക്തമായതുകൊണ്ടാകണം അന്നത്തെ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഈ സര്‍ക്കാരില്‍ മാത്രമല്ല, നിയമസഭയിലും ഇല്ലാത്തത്. 'ടേം മാനദണ്ഡം' ഇത്തവണ സി.പി.എം കര്‍ക്കശമാക്കിയത് ഇ.പി. ജയരാജനെ പുറത്തുനിര്‍ത്താനാണ് എന്ന മര്‍മ്മരം ഇപ്പോഴും സി.പി.എമ്മില്‍ത്തന്നെയുണ്ടുതാനും. 

അഴിമതിക്കാരോട് എന്ത്, എങ്ങനെ?  

മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കാംകോയില്‍നിന്ന് എം.കെ. മനോജിനെ മാറ്റിയിരുന്നു. അപ്പോഴാണ് ഇ.പി. ജയരാജന്‍ കരകൗശല വികസന കോര്‍പറേഷനില്‍ നിയമിച്ചത്. ഇപ്പോഴും അവിടെ തുടരുകയാണ്. മനോജ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ (കൈക്കോ) എം.ഡിയായിരിക്കെ വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്നു. പിന്നീടാണ് കാംകോ മാനേജിങ് ഡയറക്ടറായിരുന്നപ്പോള്‍ 1000 കോടി രൂപയിലധികം ക്രമക്കേടുകള്‍ നടന്നതായി സി.എ.ജി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സി.എ.ജി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്. കൈക്കോ മാനേജിങ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ ഉത്തരവുകള്‍ ദുര്‍വ്വ്യാഖ്യാനം ചെയ്ത് ശമ്പളം അധികമായി കൈപ്പറ്റിയതായി ധനകാര്യപരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ധനകാര്യ പരിശോധനാവിഭാഗം സര്‍ക്കാരിനു ശുപാര്‍ശയും നല്‍കി. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും ധനകാര്യപരിശോധനാ വിഭാഗത്തിന്റേയും റിപ്പോര്‍ട്ടുകള്‍ വ്യവസായ വകുപ്പിനു കൈമാറുകയും ചെയ്തു. 

സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് എന്‍.കെ. മനോജ് തുടരാന്‍ ഇപ്പോഴും അനുവദിച്ചിരിക്കുന്നത്. മനോജിനെ മാറ്റണമെന്ന് സി.പി.എമ്മിലെത്തന്നെ ഒരു വിഭാഗം നേതാക്കള്‍ ഇ.പി. ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം കേട്ടഭാവം നടിച്ചില്ല. സി.എ.ജി ശുപാര്‍ശപ്രകാരമുള്ള വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യവും നടപ്പായിട്ടില്ല. ഇനിയെങ്കില്‍ എം.ഡിയെ മാറ്റി അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

കേരളത്തിലെ ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷയിലേക്കുള്ള കവാടമായി സ്വയം വിശേഷിപ്പിക്കുന്ന സപ്ലൈകോയിലെ അഴിമതിയും അഴിമതിക്കാര്‍ക്ക് ഉന്നതങ്ങളില്‍നിന്നു സംരക്ഷണം ലഭിച്ചതും പുറത്തുവന്നതാണ്. ആ ഇടപെടലുകളെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും വിശദമായി അറിയാവുന്ന അന്നത്തെ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനിലാണ് ഇപ്പോള്‍ ഭക്ഷ്യ, പൊതുവിതരണ മന്ത്രി. അന്നത്തെ പിഴവുകള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. അഴിമതിക്ക് അന്ത്യം കുറിക്കും; സദ്ഭരണം ഉറപ്പാക്കും എന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി പ്രകടനപത്രിക പ്രഖ്യാപിച്ചത്. തലസ്ഥാനത്തെ സപ്ലൈകോ പീപ്പിള്‍സ് ബസാറിലെ ക്രമക്കേടും ആരോപണ വിധേയര്‍ക്കു ലഭിക്കുന്ന സംരക്ഷണവും എല്‍.ഡി.എഫിലും സി.പി.ഐയിലും സര്‍ക്കാരിലും സപ്ലൈകോയിലും പുകഞ്ഞ ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ, അതൊരു പൊട്ടിത്തെറിയായി പുറത്തേയ്ക്കു വരാതെ അമര്‍ത്താന്‍ കഴിഞ്ഞു. 

ക്രമക്കേട് നടത്തിയതായി തെളിവുകള്‍ ഉള്‍പ്പെടെ ആരോപണം നേരിടുന്നവരെ മാത്രമല്ല, ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തയാള്‍ക്കും സ്ഥലം മാറ്റമുണ്ടായി. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന യുവതിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. കാലങ്ങളായി ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴൊക്കെ ഈ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും അവരുടെ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയും അഴിമതിക്കാരുടെ സംരക്ഷക വേഷത്തിലാണ്. അനിലിന് അതു മാറ്റാനാകുമോ എന്നതാണ് പ്രധാനം. 

50,000 രൂപയ്ക്കു മുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ആരോപണവിധേയരെ സസ്പെന്‍ഡ് ചെയ്യണമെന്നും അടിയന്തരമായി രേഖാമൂലം പൊലീസിനു പരാതി നല്‍കണമെന്നുമുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പായില്ല. കാല്‍ക്കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും പൊലീസില്‍ പരാതിപ്പെടാനോ ക്രമക്കേട് നടത്തിയവരെ സസ്പെന്‍ഡ് ചെയ്യാനോ മാനേജിംഗ് ഡയറക്ടര്‍ തയ്യാറായില്ല. അന്നത്തെ വനിതാ എം.ഡിക്ക് മുകളില്‍ നിന്നുള്ള കല്‍പ്പനകളെ മറികടക്കാന്‍ കഴിയാത്തതായിരുന്നു കാരണം. ജൂണിയര്‍ അസിസ്റ്റന്റ് കെ. അശോക് കുമാര്‍ (പൗഡിക്കോണം അശോകന്‍), ജൂണിയര്‍ അസിസ്റ്റന്റ് എ. അനില്‍ കുമാര്‍, അസിസ്റ്റന്റ് സെയില്‍സ്മാന്‍ കെ. ബിജു പ്രദീപ്, പീപ്പിള്‍സ് ബസാറിന്റെ ചുമതലക്കാരനായിരുന്ന എ. സജീവ് കുമാര്‍, തൊട്ടുമുന്‍പത്തെ ചുമതലക്കാരനായിരുന്ന എസ്. മാഹീന്‍ എന്നിവരെയാണ് മാറ്റിയത്. സപ്ലൈകോയുടെ വിജിലന്‍സ് ഓഫീസര്‍ വി. സുരേഷ് കുമാര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എം.ഡിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ജനറല്‍ മാനേജര്‍ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. എന്നാല്‍, സജീവ് കുമാര്‍ നടത്തിയ സ്റ്റോക്കെടുപ്പ് പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളാണ് ഈ അന്വേഷണത്തിലേക്ക് എത്തിച്ചത്. പക്ഷേ, മാറ്റം വന്നപ്പോള്‍ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനും അതില്‍പ്പെടുന്ന  സ്ഥിതിയുണ്ടായി. ഒന്നാം പിണറായി സര്‍ക്കാരിനു പേരുദോഷമുണ്ടാക്കിയ ഇത്തരം സംഗതികള്‍ ആവര്‍ത്തിക്കുന്നില്ല എന്നുകൂടിയാണ് ഉറപ്പുവരുത്തേണ്ടതുണ്ട്. 

സംവരണ അനുപാത വിവാദം 

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലെ സാമുദായിക സംവരണ അനുപാതത്തില്‍ വിവേചനമുണ്ടെന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയപ്പോള്‍ത്തന്നെ അവരുടെ തെറ്റിദ്ധാരണ നീക്കിയിരുന്നെങ്കില്‍ ഇന്നത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. അതിനുപകരം റിട്ടയേഡ് ജഡ്ജി ജെ.ബി. കോശി അധ്യക്ഷനായി കമ്മിഷനെ നിയമിക്കുകയാണ് ചെയ്തത്. 80:20 അനുപാതത്തിനെതിരെ ഹൈക്കോടതിവിധി വരികകൂടി ചെയ്തതോടെ വന്‍ പ്രതിസന്ധിയിലാണ് സര്‍ക്കാരും ഇടതുമുന്നണിയും പെട്ടിരിക്കുന്നത്. പക്ഷേ, ഇപ്പോഴും കാര്യങ്ങള്‍ തുറന്നുപറയാന്‍ മുഖ്യമന്ത്രിയോ ഭരണ രാഷ്ട്രീയ നേതൃത്വമോ തയ്യാറാകുന്നില്ല. സ്‌കോളര്‍ഷിപ്പ് അനുപാതത്തിനു പിന്നിലെ വസ്തുത ചൂണ്ടിക്കാട്ടി മുന്‍ വിദ്യാഭ്യാസ മന്ത്രിയും സി.പി.എം പി.ബി അംഗവുമായ എം.എ. ബേബി നടത്തിയ പ്രതികരണം പാര്‍ട്ടിയോ മുന്നണിയോ ഏറ്റെടുത്തുമില്ല.
 
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് 80 ശതമാനവും ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും 20 ശതമാനവും എന്ന അനുപാതം പുനപ്പരിശോധിക്കണം എന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. മറ്റു ക്രൈസ്തവ വിഭാഗങ്ങള്‍ക്കുകൂടി ഇതു വീതിച്ചുനല്‍കണം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് പഠനം വേണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ്, റിട്ടയേഡ് ജില്ലാ ജഡ്ജി സി.വി. ഫ്രാന്‍സിസ് എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ് 2020 നവംബര്‍ അഞ്ചിനു രൂപീകരിച്ച കമ്മിഷന്‍. 

യഥാര്‍ത്ഥത്തില്‍ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാണ് ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്സുകളിലെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും ഏര്‍പ്പെടുത്തിയത്. 2008 ആഗസ്റ്റ് 16-നാണ് ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഇറക്കിയത്. അതായത് 13 വര്‍ഷം മുന്‍പ്; മുഖ്യമന്ത്രി പറയുന്നതുപോലെ ദശാബ്ദങ്ങളായി തുടരുന്നതല്ല. തുടക്കത്തില്‍ ഈ സ്‌കോളര്‍ഷിപ്പുകള്‍ മുഴുവനായും മുസ്ലിം സമുദായത്തിനു മാത്രമായിരുന്നു. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായ രൂപീകരിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചു നടപ്പാക്കിയ മുസ്ലിം ക്ഷേമ പദ്ധതികളിലൊന്നായിരുന്നു ഇത്. കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവനായും പിന്നാക്കവിഭാഗമാണ് എന്നതാണ് ഈ നടപടികള്‍ക്കു പരിഗണിച്ചത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട 11 അംഗ പാലോളി സമിതി മാസങ്ങളോളം കേരളം മുഴുവന്‍ സിറ്റിംഗുകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തിലെ ലത്തീന്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ എന്നിവര്‍ മാത്രമാണ് പിന്നാക്ക വിഭാഗ പട്ടികയിലുള്ളത്. സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ ആനുകൂല്യങ്ങള്‍ക്ക് ഇവരിലെ മുന്നോക്കക്കാര്‍ അര്‍ഹരുമാണ്. ഇത് വസ്തുതാപരമായി ചൂണ്ടിക്കാണിക്കാതെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ജെ.ബി. കോശി കമ്മിഷനെ നിയോഗിച്ചത്. 

സ്‌കോളര്‍ഷിപ്പുകളും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും നല്‍കാനുള്ള തീരുമാനം ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ടു നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമാണെന്ന വാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് 2011-ലാണ് മറ്റു രണ്ടു വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത്. മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റ്ല്‍ സ്റ്റൈപ്പന്റ് എന്നിവ ലത്തീന്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കു കൂടി അനുവദിച്ച് 2011 ഫെബ്രുവരി 22-ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആകെ എണ്ണത്തിന്റെ 20 ശതമാനമാണ് ഇവര്‍ക്ക് അനുവദിക്കുന്നത് എന്നും ഓരോ വര്‍ഷവും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്കു നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയുടെ എണ്ണം യഥാക്രമം 5000, 2000 ആയി തുടരുന്നതാണെന്നും ഈ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 

ജെ.ബി. കോശി കമ്മിഷനെ നിയമിക്കാന്‍ ഇടയാക്കിയ നിവേദനത്തെത്തുടര്‍ന്ന് ഭരണ രാഷ്ട്രീയ നേതൃത്വം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ അനുവദിക്കുന്നതില്‍ ക്രൈസ്തവ സമുദായത്തിനു ലഭിക്കുന്നത് മറ്റെല്ലാ സമുദായങ്ങളേക്കാള്‍ ഉയര്‍ന്ന പരിഗണനയാണെന്നു കണ്ടെത്തുകയും ചെയ്തു. നാക്കി(നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍)ന്റെ ഉയര്‍ന്ന ഗ്രേഡായ എ പ്ലസ്പ്ലസ് ഉള്ള കോളജുകള്‍ക്ക് കോഴ്സുകള്‍ അനുവദിക്കുമെന്ന് 2020-ലെ ബജറ്റില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. 20 കോളജുകള്‍ക്കു മാത്രമാണ് ബജറ്റ് മാനദണ്ഡപ്രകാരം കോഴ്സുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നത്. കൂടുതല്‍ കോളജുകള്‍ക്ക് കോഴ്സുകള്‍ അനുവദിക്കണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡം പുനഃക്രമീകരിച്ചു. അതനുസരിച്ച് എ പ്ലസ്പ്ലസ്, എ പ്ലസ് ഗ്രേഡുകള്‍ ലഭിച്ച കോളേജുകള്‍ക്ക് രണ്ട് കോഴ്സുകള്‍ വീതവും എ ഗ്രേഡ് ലഭിച്ച കോളേജുകള്‍ക്ക് ഒരു കോഴ്സ് വീതവും നല്‍കാന്‍ തീരുമാനിച്ചു. ഇങ്ങനെ കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ 56 ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകള്‍ക്കായി 65 കോഴ്സുകള്‍ ലഭിച്ചു. 12 മുസ്ലിം മാനേജ്മെന്റ് കോളേജുകള്‍ക്കും മൂന്ന് എസ്.എന്‍ മാനേജ്മെന്റ് കോളേജുകള്‍ക്കുമാണ് അര്‍ഹതയുണ്ടായിരുന്നത്. ഗ്രേഡ് മാനദണ്ഡങ്ങള്‍ വീണ്ടും പരിഷ്‌കരിച്ച് എസ്.എന്‍ മാനേജ്മെന്റിലെ 11 കോളേജുകള്‍ക്കും മുസ്ലിം മാനേജ്മെന്റിലെ നാല് കോളേജുകള്‍ക്കും കൂടി കോഴ്സുകള്‍ അനുവദിക്കുകയാണ് ചെയ്തത്. നാക് ഗ്രേഡ് പരിഗണിക്കാതെ കോഴ്സുകള്‍ അനുവദിച്ചത് എസ്.സി, എസ്.ടി വിഭാഗത്തിന്റേയും ദേവസ്വം ബോര്‍ഡിന്റേയും കോളജുകള്‍ക്കു മാത്രമാണ്. 

ഈ കണക്ക് മുഖ്യമന്ത്രിയുടേയും സി.പി.എം നേതൃത്വത്തിന്റേയും പക്കലുണ്ട്. സ്‌കോളര്‍ഷിപ്പ് അനുപാതവിധി വന്നപ്പോഴും ഉന്നത വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സ്ഥാപനങ്ങള്‍ അഗണിക്കപ്പെടുന്നില്ല എന്ന സത്യം വെളിപ്പെടുത്തി ആരോപണങ്ങള്‍ പ്രതിരോധിച്ചിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന സംവരണ അനുപാത വിവാദത്തിന്റെ മുനയൊടിക്കുകയും തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയമായിക്കൂടി പ്രധാനമാണ്. പരസ്പരം കായികമായി ആക്രമിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളേക്കാള്‍ മാരകമാണ് കുപ്രചരണങ്ങള്‍. മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ചുനില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശക്തമായി ഇടപെട്ടുവെന്ന അവകാശവാദം വസ്തുതാപരമാകണമെങ്കില്‍ സാമുദായിക സൗഹാര്‍ദ്ദത്തിനെതിരായ പുതിയ വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കുകകൂടി വേണ്ടിവരും. രണ്ടാം പിണറായി സര്‍ക്കാരിന്റെ മാറ്റുരയ്ക്കുന്ന വിഷയമായി മാറുകയാണ് ഇത്. 

2016ൽ ​ഗവർണർ പി സദാശിവത്തിന് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു
2016ൽ ​ഗവർണർ പി സദാശിവത്തിന് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു

തുടര്‍ച്ച പാടില്ലാത്തവയെക്കുറിച്ച് സര്‍ക്കാരിനു ധാരണ വേണം 

ബി.ആര്‍.പി ഭാസ്‌കര്‍

ഭരണത്തുടര്‍ച്ച എന്നത് നല്ല കാര്യമായാണ് ഞാന്‍ കാണുന്നത്. കാരണം നാലു പതിറ്റാണ്ടായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഭരണത്തിലിരിക്കുന്നവരെ താഴെയിറക്കി എതിര്‍പക്ഷത്തെ അധികാരത്തിലേറ്റുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആരെയും അമിതമായി ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് അതില്‍ കാണാന്‍ കഴിയുന്നത്. ആരെയും അഞ്ചു കൊല്ലത്തിലധികം ഇരുത്തേണ്ടെന്നാണ് ചിന്തിക്കുന്നത്. അതുകൊണ്ട്, ഇത്തവണ നമ്മളെ താഴെയിറക്കുമെന്ന് അധികാരത്തിലിരിക്കുന്നവര്‍ക്കും തിരിച്ചുവരാമെന്ന് പ്രതിപക്ഷത്തിനും അറിയാം. നല്ലതു ചെയ്താലും ചീത്ത ചെയ്താലും പുറത്താകും; അഞ്ചുകൊല്ലം കാത്തിരുന്നാല്‍ വീണ്ടും അവസരം കിട്ടും. അതൊരു നല്ല സാഹചര്യമല്ല. അതു മാറുന്നു എന്നതാണ് ഒരു നല്ല കാര്യമായി കാണുന്നത്. 

അതോടൊപ്പം തന്നെ, മാറ്റത്തിലൊരു സന്ദേശവുമുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ജനത്തിനു ബോധ്യമായാല്‍ ഒരവസരം കൂടി കൊടുക്കാന്‍ തയ്യാറാണെന്നതാണ് അത്. ഇത്രയും കാലം അതില്ലായിരുന്നു. പിണറായി വിജയന്റെ ആദ്യത്തെ സര്‍ക്കാരിനെക്കുറിച്ച് പൊതുവേ നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം, ആ കാലഘട്ടത്തിലെ അത്യാഹിതങ്ങളും വിഷമംപിടിച്ച പ്രശ്‌നങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്നതില്‍ വിജയിച്ചു എന്ന ജനവിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. ഒന്നാം സര്‍ക്കാരിന്റെ നല്ല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയും പിണറായിയും ഒരു ഭരണത്തുടര്‍ച്ച ആവശ്യപ്പെട്ടത്. ആ ആവശ്യം ജനങ്ങള്‍ അംഗീകരിച്ചു.

അതേസമയം, തെറ്റുകള്‍ ചെയ്യാത്ത സര്‍ക്കാര്‍ ആയിരുന്നില്ല കഴിഞ്ഞ സര്‍ക്കാര്‍. പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രിതന്നെ സമ്മതിക്കുന്ന സ്ഥിതിയുണ്ടായി. ചില വിഷയങ്ങളിലെടുത്ത തീരുമാനത്തില്‍നിന്നു പിന്നോട്ടു പോകേണ്ടി വന്നിട്ടുണ്ട്. സ്പ്രിംഗ്ലറും ആഴക്കടല്‍ മത്സ്യബന്ധന കരാറും ഉദാഹരണം. നല്ലതല്ലാത്ത കാര്യങ്ങളും ഉണ്ടായി എന്നു തിരിച്ചറിയാനും തിരുത്താനും കഴിയണം. എന്താണ് തുടരാവുന്നത്, എന്താണ് തുടര്‍ന്നു കൂടാത്തത് എന്ന കാര്യത്തില്‍ സര്‍ക്കാരിനു തീര്‍ച്ചയായും നല്ല ധാരണയുണ്ടാകണം. 

സ്പ്രിംഗ്ലറും ആഴക്കടല്‍ മത്സ്യബന്ധനക്കരാറും പോലുള്ള കാര്യങ്ങളില്‍ പ്രധാനമായും മനസ്സിലാകുന്ന ഒന്ന്, സര്‍ക്കാര്‍ ഏതെങ്കിലും പഠനത്തിന്റേയോ മറ്റോ അടിസ്ഥാനത്തില്‍ അങ്ങോട്ടു പോയി ആവശ്യപ്പെട്ടതല്ല എന്നാണ്; അവര്‍ ഇങ്ങോട്ടു വരികയായിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നു. അതു ശരിയായ സമീപനമല്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്നു നമ്മള്‍ പഠിക്കുകയും അതിനുള്ള സഹായം എവിടെയും ലഭ്യമാകും എന്ന് അന്വേഷിക്കുകയുമാണ് വേണ്ടത്. അനുഭവത്തില്‍നിന്ന് ഇതു പഠിക്കണം. 

വനിതാ ശിശുക്ഷേമം ഇങ്ങനെയൊക്കെ മതിയോ?
 
അഡ്വ. ജെ. സന്ധ്യ 

2016-ലെ വൈകല്യമുള്ള വ്യക്തികളുടെ അവകാശനിയമം, 2017-ലെ മാനസികാരോഗ്യ പരിപാലന നിയമം എന്നീ സുപ്രധാന നിയമങ്ങള്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ ഒരു നടപടികളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായില്ല. നല്ല ശതമാനം ഭിന്നശേഷിക്കാരുള്ള കേരളത്തില്‍ അവരുടെ അവകാശങ്ങള്‍ സുദൃഢമാക്കുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന സാഹചര്യവുമായി അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ ഇടപെടലുകള്‍ ഈ രംഗത്ത് ഉണ്ടാകണം.
വനിതാ-ശിശുക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാനായി വകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെടലും മേല്‍നോട്ടവും കഴിഞ്ഞ കാലത്തേക്കാള്‍ ഉണ്ടാകണം. ഏറ്റവും കൂടുതല്‍ സമയവും പരിഗണനയും വേണ്ട ആരോഗ്യ വകുപ്പിന്റെ മന്ത്രിക്കുതന്നെ ഈ വകുപ്പിനെ ഏല്‍പ്പിച്ചതില്‍ ആശങ്കയുണ്ട്. ജനസംഖ്യയില്‍ കൂടുതലുള്ള സ്ത്രീകളുടെ കാര്യത്തിലും കുട്ടികളുടെ ക്ഷേമ-അവകാശ പ്രവര്‍ത്തനങ്ങളിലും ഒട്ടേറെ ഇടപെടലുകളുമായി മുന്‍പോട്ട് പോകേണ്ടതുണ്ട്.
നിയമനങ്ങളില്‍ കക്ഷി രാഷ്ട്രിയം കാര്യമായി കഴിഞ്ഞ കാലത്ത് പരിഗണിച്ചിരുന്നു. ഈ പ്രാവശ്യം മെറിറ്റിനു പ്രാധാന്യം നല്‍കുന്ന ഒരു നയം ഉണ്ടായിക്കാണണം.

ജനങ്ങളുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിപ്പിക്കണം

എന്‍. പത്മനാഭന്‍ 

പ്രധാനമായും തിരുത്തേണ്ടത് പൊലീസിന്റെ സമീപനം തന്നെയാണ്. ജനമൈത്രി പൊലീസെന്നും ജനകീയ പൊലീസെന്നും പേരിട്ടുവിളിക്കുന്ന നമ്മുടെ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തവിധം അവര്‍ അക്രമാസക്തമായിട്ടുണ്ട്. ഭരണമുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായ സി.പി.ഐ അതിരൂക്ഷമായി പരസ്യ വിമര്‍ശനം ഉന്നയിച്ച മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊല ഇതിന്റെ ഭാഗമാണ്. ഒന്നല്ല, മൂന്നു സംഭവങ്ങളുണ്ടായി. യു.എ.പി.എയുടെ കാര്യത്തില്‍ നിസ്സാരമായ സമീപനം സ്വീകരിച്ചു. അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളുടെ കാര്യം ഉദാഹരണം.

വികസനം സംബന്ധിച്ച സമീപനത്തില്‍ തിരുത്തേണ്ടതും പുനര്‍ചിന്ത വേണ്ടതുമായ സംഗതികളുണ്ട്. 6000 കോടി രൂപയാണ് തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയിലിനു നീക്കിവയ്ക്കുന്നത്. ഡല്‍ഹിയിലെ അതിവേഗ റെയിലുമായി അതിനു താരതമ്യമില്ല. കേരളത്തില്‍ നാലു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടോ തിരിച്ചോ എത്തേണ്ട എത്ര പേരുണ്ടാകും? വളരെക്കുറവ്. ഇത് ആരുടെ പ്ലാനാണെന്നും അതിനു പിന്നില്‍ ആരാണെന്നും മനസ്സിലാകുന്നില്ല. അതിനുപകരം ഈ 6000 കോടിയുടെ പകുതി ഉപയോഗിച്ചാല്‍ കേരളത്തില്‍ റെയില്‍പ്പാത നാലു വരിയാക്കാന്‍ കഴിഞ്ഞേക്കും. അങ്ങനെ വന്നാല്‍ ഈ പറഞ്ഞ യാത്ര അഞ്ചോ ആറോ മണിക്കൂര്‍കൊണ്ട് സാധ്യമാകും. നമുക്കും അതിവേഗ റെയിലുണ്ട് എന്നു മേനി നടിക്കാനേ ഉതകുകയുള്ളൂ. ഭരണവുമായി ജനങ്ങള്‍ക്കുള്ള പ്രാപ്യത കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കുറവായിരുന്നു. അതൊരു വസ്തുതയാണ്. പ്രളയകാലം മുതല്‍ മുഖ്യമന്ത്രി ജനങ്ങളുമായി പതിവായി മാധ്യമങ്ങളിലൂടെ സംസാരിക്കുന്ന രീതിയുണ്ടായത് ശരിയാണ്. അദ്ദേഹത്തിന്റേയും സര്‍ക്കാരിന്റേയും വിശ്വാസ്യത വര്‍ദ്ധിക്കാന്‍ അതിടയാക്കി. പക്ഷേ, അധികാരവുമായി ജനങ്ങളുടെ ഇടപെടല്‍ ശേഷി അപ്പോഴും അകലെത്തന്നെയായിരുന്നു. അത് മാറണം.

ഒന്നാം പിണറായി സര്‍ക്കാര്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്തു. പക്ഷേ, ജനപക്ഷത കുറച്ചുകൂടി ഉണ്ടാകണം. ഭരണമാറ്റം എന്ന പതിവു രീതി മാറാതെ ഭരണത്തുടര്‍ച്ച ഉണ്ടായത് ഗവണ്‍മെന്റിന്റെ മെച്ചംകൊണ്ടു മാത്രമല്ല പ്രതിപക്ഷത്തിന്റെ മെച്ചമില്ലായ്മ കൊണ്ടുകൂടിയാണ് എന്ന ഓര്‍മ്മ വേണം. 

അധികാര കേന്ദ്രീകരണത്തോടു ജാഗ്രത വേണം

ഡോ. ജെ. പ്രഭാഷ് 

അധികാരത്തിന്റെ കേന്ദ്രീകരണം സംഭവിക്കാന്‍ പാടില്ല. റൂള്‍സ് ഓഫ് ബിസിനസ്സില്‍ ഭേദഗതി വരുത്തി അധികാരങ്ങള്‍ മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്കാന്‍ ശ്രമിച്ചതും പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി സമൂഹമാധ്യമങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ ക്യാംപെയ്ന്‍ നേരിടാന്‍ ശ്രമിച്ചതും ഉദാഹരണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. 

ആഴക്കടല്‍ മത്സ്യബന്ധന കരാറും സ്പ്രിംഗ്ലര്‍ ഡാറ്റാ കൈമാറ്റ കരാറും പോലെയുള്ള കാര്യങ്ങള്‍ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ല. ചില ബ്യൂറോക്രാറ്റുകളുടെ അമിത താല്‍പ്പര്യം മൂലമൊക്കെയായിരിക്കാം അവ വന്നിട്ടുള്ളത്. അതൊഴിവാക്കാന്‍, തങ്ങളുടെ വകുപ്പുകളില്‍ നടക്കുന്നതെന്തൊക്കെയാണെന്ന് ഓരോ മന്ത്രിമാര്‍ക്കും പൂര്‍ണ്ണബോധ്യം ഉണ്ടാകണം. അവര്‍ അറിഞ്ഞായിരിക്കണം അവരുടെ വകുപ്പുകളില്‍ എല്ലാം നടക്കുന്നത്. മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടംപോലെ കാര്യങ്ങള്‍ നടത്താമെന്നുള്ള രീതി ഉണ്ടാകാന്‍ പാടില്ല. 

വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം നല്ലതുപോല നടക്കണം, പ്രത്യേകിച്ചും വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവുമായി തിരിച്ച് രണ്ടു മന്ത്രിമാര്‍ക്ക് കൊടുത്ത സാഹചര്യത്തില്‍ ഈ ഏകോപനം പ്രധാനമാണ്. ഇതു കാര്യക്ഷമമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മേല്‍നോട്ടം വഹിക്കണം. അതേസമയം, അത് അധികാരത്തിന്റെ കേന്ദ്രീകരണമാകാനും പാടില്ല. മറ്റു വകുപ്പുകളില്‍ അരുതാത്തത് നടന്നാല്‍ മുളയിലേ നുള്ളിക്കളയാന്‍ പറ്റുന്ന ഒരു സംവിധാനമായി അതു മാറണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com