സംവരണം പാഴ്വാക്കാകുന്ന പാലക്കാട് മെഡിക്കല്‍ കോളേജ്

പട്ടികജാതിക്കാരുടെ പേരില്‍, അവരുടെ സ്വന്തം വകുപ്പു തുടങ്ങിയ സ്ഥാപനം അവര്‍ക്കെതിരാകുന്ന സ്ഥിതി കേരളത്തിന്റെ മുഴുവന്‍ നവോത്ഥാന പാരമ്പര്യത്തിനും എതിരായി സാക്ഷ്യം പറയുന്ന സ്ഥിതിയാണുള്ളത്
സംവരണം പാഴ്വാക്കാകുന്ന പാലക്കാട് മെഡിക്കല്‍ കോളേജ്

മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ദളിത് വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പാക്കാന്‍ രാജ്യത്ത് ആദ്യമായി എട്ടുവര്‍ഷം മുന്‍പ് കേരളം അഭിമാനത്തോടെ തുടക്കമിട്ട പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആശുപത്രി ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ ഇനിയും തുടങ്ങാനായില്ല. പട്ടിക ജാതി, വര്‍ഗ്ഗ, പിന്നാക്ക ക്ഷേമവകുപ്പിനും ആരോഗ്യവകുപ്പിനും തരംപോലെ തട്ടിക്കളിക്കാന്‍ പാകത്തില്‍ സംസ്ഥാനത്ത് ഒരൊറ്റ മെഡിക്കല്‍ കോളേജ് മാത്രമേയുള്ളൂ; ഇതാണത്. കേരളപ്പിറവിക്ക് 65 തികയുമ്പോഴും നിരവധി മേഖലകളില്‍ പട്ടികജാതി, വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളോടു മാറ്റമില്ലാതെ തുടരുന്ന അനീതിയുടെ ഭാഗം തന്നെയായി ഈ സ്ഥാപനവും മാറിയിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത ദുരവസ്ഥ. രണ്ടു വകുപ്പുകള്‍ക്കും ഈ സ്ഥാപനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ല. രണ്ടാമത്തെ എം.ബി.ബി.എസ് ബാച്ച് ഇറങ്ങാറായിട്ടും ആശുപത്രിയില്ല; ഉള്ളത് പേരിനൊരു ഔട്ട്‌പേഷ്യന്റെ വിഭാഗം മാത്രം. കിടത്തിചികിത്സ (ഐ.പി) വിഭാഗം ഇതുവരെ തുടങ്ങാനായില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ ക്ലിനിക്കല്‍ പരിശീലനത്തിന് വേറെ ആശുപത്രികളുടെ സഹായം തേടണം. 

അദ്ധ്യാപകേതര ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ മെല്ലെപ്പോക്കും സംവരണവിരുദ്ധ നടപടികളും ജീവനക്കാര്‍ക്കിടയില്‍ പുകയുന്നു. അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരോടുള്ള സമീപനത്തിലെ വിവേചനം പ്രകടമാണ്. അതില്‍ ജാതി കൂടി വരുന്നതോടെ ജീവനക്കാര്‍ക്കിടയില്‍ പട്ടികവിഭാഗക്കാരും അല്ലാത്തവരും എന്ന ചേരിതിരിവിനും ഇടയാക്കുന്നു. ഒരു വര്‍ഷമായി ശമ്പളം സമയത്തു കിട്ടാറില്ല. മാസത്തില്‍ ഏതെങ്കിലുമൊരു ദിവസമാണ് ശമ്പളം. ഇതിനെതിരെ ജീവനക്കാര്‍ എസ്.സി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പ്രിന്‍സിപ്പലിനും നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞമാസത്തെ ശമ്പളം ജൂണ്‍ 15 വരെ കിട്ടിയിട്ടുമില്ല. മെഡിക്കല്‍ കോളേജ് നടത്തിപ്പ് ചുമതല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസിന് (ഐ.ഐ.എം.എസ്) ആണ്. പട്ടിജകാതി വകുപ്പിന്റെ സ്പെഷല്‍ കംപോണന്റ് പ്ലാന്‍ (എസ്.സി.പി) ഫണ്ടില്‍നിന്നാണ് മെഡിക്കല്‍ കോളേജിനുവേണ്ടി ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് ശമ്പളം വൈകുന്നതു പ്രശ്‌നമില്ല. കാരണം, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യചികിത്സ സര്‍ക്കാര്‍ നിരോധിച്ചതാണെങ്കിലും ഇവിടുത്തെ പല ഡോക്ടര്‍മാരും അതു പാലിക്കുന്നില്ല. മറ്റു ജീവനക്കാര്‍ക്കാണ് ദുരിതം. കഴിഞ്ഞ ഫെബ്രുവരി 10-ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അദ്ധ്യാപകേതര ജീവനക്കാര്‍ നല്‍കിയ നിവേദനത്തില്‍ ഒരു വര്‍ഷമായി ഓരോ മാസവും ശമ്പളം ലഭിച്ച തീയതി അടങ്ങുന്ന ഒരു പട്ടിക ചേര്‍ത്തിരുന്നു. 2020 ജനുവരിയിലെ ശമ്പളം കിട്ടിയത് ഫെബ്രുവരി ഒന്നിന്, ഫെബ്രുവരിയിലെ കിട്ടിയത് മാര്‍ച്ച് ആറിന്, മാര്‍ച്ചിലെ കിട്ടിയത് ഏപ്രില്‍ രണ്ടിന് എന്നിങ്ങനെ വലിയ കുഴപ്പമില്ലാതെ നീങ്ങുന്നത് പൊടുന്നനെ മാറി മാറി വരുന്നു. ഏപ്രിലിലെ ശമ്പളം കിട്ടിയത് മേയ് 15-ന്, നവംബറിലെ കിട്ടിയത് ഡിസംബര്‍ 22-ന്, 2021 ജനുവരിയിലേത് ആ ദിവസം കിട്ടിയിട്ടില്ല. അത് ജനുവരി 18-നാണ് കിട്ടിയത്. ഏപ്രില്‍ 20-ന് പട്ടിക ജാതിക്കാരായ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാര്‍ ഒന്നിച്ച് ഈ വിഷയത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന് കത്തെഴുതേണ്ടി വന്നു. ഒരു വര്‍ഷത്തോളമായി ശമ്പളം ഓരോ മാസവും രണ്ടാഴ്ചയെങ്കിലും വൈകുന്നതും അത് കുടുംബങ്ങളിലെ ദൈനംദിനകാര്യങ്ങളെ ബാധിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. മാര്‍ച്ചിലെ ശമ്പളം ആ ദിവസം വരെ കിട്ടിയിരുന്നില്ല.

ജില്ലാ ആശുപത്രിയല്ലാതെ സര്‍ക്കാരിന്റെ മറ്റു വലിയ ആശുപത്രികളോ വന്‍കിട സ്വകാര്യ ആശുപത്രികളോ ഇല്ലാത്ത പാലക്കാടിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഭിമാനപ്രശ്‌നല്ല, അത്യാവശ്യമാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും കെ. രാധാകൃഷ്ണന്‍ പട്ടികജാതി, വര്‍ഗ്ഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രിയാവുകയും ചെയ്തതോടെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയും ജീവനക്കാരും വിദ്യാര്‍ത്ഥികളും. 

ആരു പറഞ്ഞാലും അനക്കമില്ല

പട്ടികജാതി, വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട  പത്തു ശതമാനം സംവരണം എം.ബി.ബി.എസ് പ്രവേശനത്തില്‍ കിട്ടുന്നില്ല എന്നു ബോധ്യമായതോടെയാണ് അവര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ 2011-2016 കാലയളവിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. അര്‍ഹമായതിന്റെ പകുതിയില്‍ താഴെ മാത്രമാണ് എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശന പ്രാതിനിധ്യം എന്ന് പട്ടികജാതി, വര്‍ഗ്ഗ ക്ഷേമവകുപ്പ് കണക്കുകളുള്‍പ്പെടെ മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നു. സംവരണനഷ്ടത്തിന്റെ കാരണം തേടിയപ്പോള്‍ വ്യക്തമായത് അന്ന് കേരളത്തിലെ ആറ് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ പട്ടികവിഭാഗ സംവരണം നാമമാത്രമായിപോലും പാലിക്കുന്നില്ല എന്നാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പത്തു വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ പട്ടിക വിഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരുടെ എണ്ണം കുത്തനെ കുറയുമെന്നും സംവരണത്തിന് ആനുപാതികമായി തസ്തികകള്‍ നികത്താന്‍പോലും കഴിയാതെ വരുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. എന്നാല്‍, പുതിയ മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകളും പട്ടികവിഭാഗത്തിനു മാത്രമായി നീക്കിവയ്ക്കണമെന്ന വകുപ്പിന്റെ ആവശ്യം നടപ്പായില്ല. 70 ശതമാനം എസ്.സി, രണ്ട് ശതമാനം എസ്.ടി, 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, 13 ശതമാനം ഓപ്പണ്‍ ക്വാട്ട എന്ന അനുപാതമാണ് തീരുമാനിച്ചത്. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ഈ സംവരണം പാലിക്കാന്‍ കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ഗവണ്‍മെന്റ് മേഖലയില്‍ 1545 എം.ബി.ബി.എസ് സീറ്റുകളും സ്വകാര്യമേഖലയില്‍ 2150 സീറ്റുകളുമാണുള്ളത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഉയര്‍ന്ന പ്രവേശന സംവരണം എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്. അതേസമയം, ആദിവാസി സംവരണം പൊതുമാനദണ്ഡപ്രകാരമുള്ള രണ്ടു ശതമാനം മാത്രമാക്കിയിരിക്കുന്നത് ഉയര്‍ത്തണം എന്ന ആവശ്യം തുടക്കം മുതലുണ്‍ ്. സ്വകാര്യ മേഖലയിലെ സംവരണം അട്ടിമറി തുടരുകതന്നെയാണ്. തീരെ നടപ്പാക്കാതിരിക്കുകയോ കുറഞ്ഞതോതില്‍ മാത്രം നടപ്പാക്കുകയോ ചെയ്യുന്നു.
 
പാലക്കാട് മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനത്തിലും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍, അദ്ധ്യാപക നിയമനത്തില്‍ ഇന്നുവരെ ഇതു നടപ്പായിട്ടില്ല. പക്ഷേ, ഒന്നുണ്ടായി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ വളരെക്കുറവായ അദ്ധ്യാപകരുടെ നിയമനങ്ങള്‍ വേഗത്തില്‍ സ്ഥിരപ്പെടുത്തി. എസ്.സി, എസ്.ടി സംവരണം പാലിച്ചു നിയമിച്ച അദ്ധ്യാപകേതര ജീവനക്കാരെ എട്ടു വര്‍ഷമായിട്ടും സ്ഥിരപ്പെടുത്തിയിട്ടില്ല. നാന്നൂറിലധികം ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയായതായും ഫയല്‍ സെക്രട്ടേറിയറ്റിലാണെന്നും ഇതേക്കുറിച്ച് ഐ.ഐ.എം.എസ് ഡയറക്ടര്‍ ഡോ. എം.എസ്. പത്മനാഭന്‍ പറയുന്നു. നിലവിലുള്ളവരെ സ്ഥിരപ്പെടുത്തല്‍, ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍, സംവരണ സ്ഥിതി തുടങ്ങിയ എല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാന്‍ ഈയാഴ്ചതന്നെ ഉന്നത തല യോഗം ചേരുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അതിനു മുന്നോടിയായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിലവിലെ സ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ''ഇങ്ങനെ പോയാല്‍ പറ്റില്ല എന്നുതന്നെയാണ് സര്‍ക്കാരിന്റെ സമീപനം. നിലവില്‍ ഒ.പി മാത്രമാണുള്ളത്. കിടത്തി ചികിത്സ ഉള്‍പ്പെടെ സമയബന്ധിതമായി ആരംഭിക്കാനുള്ള നടപടികളിലേക്കു പോവുകയാണ്'' - മന്ത്രി പറയുന്നു. 

2019 ജനുവരി 31-ന് ദേശീയ പട്ടികജാതി കമ്മിഷന്‍ അന്നത്തെ എസ്.സി, എസ്.ടി വികസന വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കും ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷയ്ക്കും അയച്ച കത്തിന്റെ ഉള്ളടക്കം സംശയരഹിതമാണ്. ''പാലക്കാട് എസ്.സി മെഡിക്കല്‍ കോളേജ് നിയമനങ്ങളിലെ സംവരണ നയം നടപ്പാക്കല്‍ അവലോകനം ചെയ്യാന്‍ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ഐ. മുരുഗന്‍ എത്തുന്നു. ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പാക്കണം.'' എസ്.സി മെഡിക്കല്‍ കോളേജ് എന്ന കമ്മിഷന്റെ വിശേഷണം ശ്രദ്ധേയമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 ഫെബ്രുവരി ഏഴിന് ഐ. മുരുഗന്‍ എത്തിയത്. സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് പരിശോധനയില്‍ അദ്ദേഹത്തിനു മനസ്സിലായി. അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ മുഴുവന്‍ നിയമനങ്ങളിലും കൃത്യമായി സംവരണം പാലിച്ചേ പറ്റൂ എന്നു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, മെഡിക്കല്‍ കോളേജ് അതു പാലിച്ചില്ല എന്നതിന് കമ്മിഷന്‍ 2020 ഒക്ടോബര്‍ 22-ന് എസ്.സി, എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ക്കും എഴുതിയ കത്ത് തന്നെ ഏറ്റവും വലിയ തെളിവ്.'' കമ്മിഷന്‍ ഉപാധ്യക്ഷന്‍ 2019 ഫെബ്രുവരി ഏഴിനു നേരിട്ടു നടത്തിയ അവലോകനത്തില്‍ ബോദ്ധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥനത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിലും പ്രത്യേക സംവരണ ചട്ടങ്ങള്‍ നടപ്പാക്കാനും അവരെ സ്ഥിരപ്പെടുത്തി തല്‍സ്ഥിതി അറിയിക്കാനുമുള്ള നിര്‍ദ്ദേശം ഇതുവരെ പാലിച്ചതായി കാണുന്നില്ല. ആവശ്യമായ മുഴുവന്‍ നടപടികളും സ്വീകരിച്ച് 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നു.'' ഒന്നുമുണ്ട ായില്ല. ഇതോടെ, 2020 നവംബര്‍ 23-ന് കമ്മിഷന്‍ വീണ്ടും കത്തയച്ചു. പത്ത് ദിവസത്തിനുള്ളില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. അതു കഴിഞ്ഞിട്ട് ഏഴു മാസമായിരിക്കുന്നു. സംവരണം പാലിച്ച് അനദ്ധ്യാപക ജീവനക്കാരെ മുഴുവന്‍ സ്ഥിരപ്പെടുത്താന്‍ പോകുന്നുവെന്നും പ്രത്യേക ചട്ടങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു എന്നും ഇപ്പോഴും പറയുകയാണ് അധികൃതര്‍. സംവരണത്തില്‍ വീഴ്ച പാടില്ലെന്ന് ആവശ്യപ്പെട്ടു 2019 ജൂണിലാണ് സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷനും ഉത്തരവിറക്കിയിരുന്നു. 

അതിനിടെ, ഡെപ്യൂട്ടേഷന്‍ നിയമനങ്ങളില്‍ സ്വന്തക്കാരേയും മതിയായ യോഗ്യത ഇല്ലാത്തവരേയും പോലും കൊണ്ടുവരുന്നു എന്ന പരാതിയുമുണ്ട്. പലപ്പോഴായി ഡെപ്യൂട്ടേഷനില്‍ എത്തിയവരില്‍ ബഹുഭൂരിപക്ഷവും പട്ടികേതര വിഭാഗക്കാരാണ്.

പ്രതീക്ഷകള്‍
 
മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ 50 ഏക്കര്‍ ഭൂമിയും 100 കോടി രൂപയുമാണ് 2013-ല്‍ അനുവദിച്ചത്. യാക്കര വില്ലേജില്‍ 1987-ല്‍ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിനു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 100 ഏക്കറില്‍ ഉപയോഗിക്കാതിരുന്ന 72.77 ഏക്കര്‍ തിരിച്ചെടുത്ത് അതില്‍ നിന്നാണ് 50 ഏക്കര്‍ നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് പട്ടികജാതി, വര്‍ഗ്ഗ വികസന വകുപ്പിനു ഭൂമി കൈമാറി 2013 ഫെബ്രുവരി 23-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ചില നിബന്ധനകളുണ്‍ ്. അതില്‍ ഒന്നാമത്തേത് ഭൂമി ലഭ്യമായി ഒരു വര്‍ഷത്തിനകം തന്നെ പ്രവര്‍ത്തനമാരംഭിക്കണം എന്നതാണ്. ഒരു വര്‍ഷത്തിനകം ആരംഭിക്കാനായില്ലെങ്കിലും പിറ്റേ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് തുടക്കമിടാന്‍ കഴിഞ്ഞു. പക്ഷേ, എട്ടു വര്‍ഷത്തിനുശേഷവും ആ ദൗത്യം പൂര്‍ത്തിയായിട്ടില്ല. അനുവദിച്ച ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിബന്ധനയുണ്‍ ്. എന്നാല്‍, അഞ്ചേക്കര്‍ ഭൂമി ഇതില്‍നിന്നു സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിനു കൈമാറി. 80 ശതമാനം കേന്ദ്ര വിഹിതവും 20 ശതമാനം സംസ്ഥാന വിഹിതവും ചേര്‍ന്ന, പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനു പ്രത്യേകം വകയിരുത്തിയ എസ്.സി.പി ഫണ്‍ ് പട്ടികവിഭാഗങ്ങള്‍ക്കു ഗുണം കിട്ടുന്ന വിധം വേണം ചെലവഴിക്കാനെന്നു കേന്ദ്ര ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശമുണ്‍ ്. പല സംസ്ഥാനങ്ങളിലും ഫണ്ട് ദുരുപയോഗം ഉണ്ടായിട്ടുള്ളതുകൊണ്ടുകൂടിയാണ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്. എസ്.സി.പി ഫണ്‍ ് ഉപയോഗിക്കുമ്പോള്‍ കുറഞ്ഞത് 50 ശതമാനം ഗുണഭോക്താക്കള്‍ പട്ടികജാതിക്കാര്‍ ആയിരിക്കണം. മെഡിക്കല്‍ കോളേജിനും ആശുപത്രിക്കും അനുബന്ധമായി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മരുന്നുല്പാദന യൂണിറ്റ് തുടങ്ങിയവ കൂടി തുടങ്ങാനും ക്രമേണ അവയില്‍നിന്നു ലഭിക്കുന്ന വരുമാനം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാനുമുള്ള നിര്‍ദ്ദേശമാണ് ഉണ്ടായിരുന്നു. എസ്.സി ഡയറക്ടറായിരുന്ന എസ്. സുബ്ബയ്യ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് ഇതിനു മാര്‍ഗ്ഗരേഖയാക്കുകയും അദ്ദേഹത്തെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. സര്‍വ്വീസില്‍നിന്നു വിരമിച്ച ശേഷവും അദ്ദേഹത്തെ സ്പെഷ്യല്‍ ഓഫീസറായി തുടരാന്‍ അനുവദിച്ചു. 2016 ജൂണില്‍ കാലാവധി അവസാനിച്ച സുബ്ബയ്യയ്ക്കു പുതിയ സര്‍ക്കാര്‍ നീട്ടിക്കൊടുത്തില്ല. അന്നത്തെ എസ്.സി, എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനാണ് പകരം അധികച്ചുമതല നല്‍കിയത്. രണ്ട് വര്‍ഷം അദ്ദേഹം ആ ചുമതല കുഴപ്പമില്ലാതെ നിറവേറ്റിയെങ്കിലും മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണ സ്ഥാപനമായി മാറിയില്ല. പിന്നീടാണ് ഡോ. എം.എസ്. പത്മനാഭനെ ഡയറക്ടറായി നിയമിച്ചത്. പാതിവഴി പോലും പിന്നിടാത്ത മെഡിക്കല്‍ കോളേജ് 2016-ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അവകാശവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. പട്ടികജാതി വകുപ്പിനു കീഴിലെ എസ്.സി, എസ്.ടി റെസിഡന്‍ഷ്യല്‍ എജുക്കേഷന്‍ സൊസൈറ്റിക്കു കീഴിലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ സൊസൈറ്റി ഫോര്‍ ദ മാനേജ്മെന്റ് ഓഫ് ഐ.ഐ.എം.എസിനാണ് ഭരണച്ചുമതല. ഇതിലും പട്ടികവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. 

പട്ടികവിഭാഗങ്ങള്‍ ഏറ്റവുമധികമുള്ള ജില്ലയാണ് എന്നതും മറ്റ് വലിയ ആശുപത്രികള്‍ ഇല്ല എന്നതും കൂടിയാണ് പാലക്കാട് തന്നെ എസ്.സി മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ കാരണം. തുടക്കത്തില്‍ 305 അനുവദനീയ തസ്തികകളാണ് ഉണ്ടായിരുന്നത്. 124 അദ്ധ്യാപകര്‍, 181 അനദ്ധ്യാപകര്‍. 2019-ല്‍ അദ്ധ്യാപകരുടെ എണ്ണം 161 ആയി. ഇതില്‍ പട്ടികവിഭാഗക്കാര്‍ 17 മാത്രം. അതായത് 75 ശതമാനത്തിനു പകരം പത്തു ശതമാനം. പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ സ്പെഷ്യല്‍ റൂള്‍സ് നിര്‍മ്മിച്ച് സംവരണ തസ്തികകളിലെ നിയമനം സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ അവസാന കാലത്ത് തീരുമാനിച്ചിരുന്നു. അതുകൂടി ചേര്‍ന്ന ഫയലാണ് സെക്രട്ടേറിയറ്റിലുള്ളത് എന്നാണ് ഡയറക്ടര്‍ പറഞ്ഞത്. സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കുമ്പോള്‍ മാത്രമാണ് വിശദാംശങ്ങള്‍ പുറത്തുവരിക. നിയമനം സ്ഥിരപ്പെടാനുള്ളവര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
 

ഇനിയെന്ത്? 

ഒ.പി തുടങ്ങിയെങ്കിലും പക്ഷേ, കാര്യമായി ആളുകള്‍ ചികിത്സ തേടി എത്തിയിരുന്നില്ല. പാലക്കാട് പട്ടണത്തില്‍നിന്ന് 73 കിലോമീറ്ററോളം ദൂരെ കിഴക്കേ യാക്കരയിലാണ് മെഡിക്കല്‍ കോളേജ് എന്നതുതന്നെയാണ് ഒന്നാമത്തെ അസൗകര്യം. ലബോറട്ടറി, മരുന്നുകടകള്‍ തുടങ്ങി ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ കാര്യമായി പുറത്തും ഇല്ല എന്നത് മറ്റൊന്ന്. ഇങ്ങനെ, ദിവസവും 20 പേര്‍ പോലും ഒ.പിയില്‍ എത്താത്ത സ്ഥിതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് കൊവിഡ് വന്നത്. അതോടെ ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി. അവിടുത്തെ ഒ.പി കൂടി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇത് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ദുരിതം കൂട്ടുകയാണ് ചെയ്തത്. യാത്രാ സൗകര്യം കുറവ്, പരിശോധനകള്‍ക്ക് പട്ടണത്തില്‍ പോകണം. വേറെ നിര്‍വ്വാഹമില്ലാത്തതുകൊണ്ട് ആളുകള്‍ ആശ്രയിക്കുന്ന സ്ഥാപനം എന്നതാണ് അവസ്ഥ. 

അനുബന്ധ സ്ഥാപനങ്ങള്‍ എന്നു തുടങ്ങുമെന്നു പറയാനാകില്ല. മെഡിക്കല്‍ കോളേജിന്റെ അക്കാദമിക മേല്‍നോട്ടം ആരോഗ്യവിദ്യാഭ്യാസ വകുപ്പിനാണെങ്കിലും എസ്.സി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായതുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് ഇതില്‍ താല്പര്യമില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നുമുണ്ട്. മറ്റു മെഡിക്കല്‍ കോളേജുകള്‍ പോലെ ഇതും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ കിട്ടണം എന്നാണ് ആരോഗ്യ വകുപ്പ് ആഗ്രഹിക്കുന്നത്. അങ്ങനെയായിക്കഴിഞ്ഞാല്‍ എസ്.സി.പി ഫണ്ടിനുപകരം ബജറ്റില്‍ തുക വകയിരുത്തി മറ്റു മെഡിക്കല്‍ കോളേജുകളെപ്പോലെ ഇതും ആരോഗ്യ വകുപ്പ് വികസിപ്പിക്കും. പക്ഷേ, 72 ശതമാനം പട്ടികജാതി, വര്‍ഗ്ഗ സംവരണം ഇല്ലാതാകും. സാധാരണപോലെ പത്തു ശതമാനം മാത്രമായിരിക്കും സംവരണം. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പാതിവഴിയില്‍ അവസാനിക്കുകയും ചെയ്യും. എന്നാല്‍, എസ്.സി, എസ്.ടി പിന്നാക്ക ക്ഷേമ വകുപ്പ് അതിനു തയ്യാറല്ല. എ.കെ. ബാലനും ഇപ്പോള്‍ കെ. രാധാകൃഷ്ണനും അക്കാര്യത്തില്‍ ഒരേ നിലപാടില്‍ത്തന്നെയാണ്.
 
72 ശതമാനം എസ്.സി, എസ്.ടി സംവരണത്തിനെതിരെ മറ്റൊരു സമുദായത്തിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് കോടതിയെ സമീപിക്കുകപോലും ചെയ്തു എന്നതാണ് വിചിത്രം. എന്നാല്‍, കോടതി അയാളുടെ വാദങ്ങള്‍ അംഗീകരിച്ചില്ല. കേസ് തള്ളിപ്പോയി. ഏതുവിധവും ഉന്നത വിദ്യാഭ്യാസമേഖലയിലെ ദളിത് മുന്നേറ്റം തടയാന്‍ നടക്കുന്ന പല ശ്രമങ്ങളുടെ ഭാഗമായിരുന്നു ആ ഹര്‍ജിയും എന്ന സൂചന ശക്തമാണ്. വലിയൊരു വിഭാഗം എസ്.സി ജീവനക്കാരുടെ നിയമനം സ്ഥിരപ്പെടുത്താതെ വര്‍ഷങ്ങളായി അനിശ്ചിതത്വത്തില്‍ നിര്‍ത്തുന്നത് ഇതേ കരുനീക്കങ്ങളുടെ തുടര്‍ച്ച തന്നെയായി മാറുന്നു. തൊഴില്‍ മേഖലയിലും ദളിത് പ്രാതിനിധ്യം അട്ടിമറിക്കുകയാണ് ലക്ഷ്യം. കോടതി തള്ളിയ വാദങ്ങള്‍ മറ്റൊരു വിധത്തില്‍ അവതരിപ്പിച്ച് വീണ്ടും വ്യവഹാരങ്ങള്‍ക്കു നീക്കമുണ്‍ ്. പി.എസ്.സിക്കു വിടുന്നതോടെ സാധാരണഗതിയില്‍ പട്ടികവിഭാഗങ്ങള്‍ക്കു കിട്ടുന്ന പൊതുസംവരണം മാത്രമാണോ ഇവിടെയും നടപ്പാവുക അതോ നിലവിലെ 72 ശതമാനം സംവരണം നിലനിര്‍ത്താന്‍ കഴിയുമോ എന്നതും പ്രധാനമാണ്. 

മതിയായ എണ്ണം ആളുകള്‍ അപേക്ഷിക്കാത്തതുകൊണ്ടും അപേക്ഷിച്ചവര്‍ തന്നെ എല്ലാവരും അഭിമുഖത്തിന് എത്താത്തതുകൊണ്ടും ജോലി കിട്ടിയ പലരും പിന്നീട് വേറെ സ്ഥാപനങ്ങളിലേക്കു പോകുന്നതുകൊണ്ടുമാണ് അദ്ധ്യാപക നിയമനങ്ങളില്‍ എസ്.സി സംവരണം പാലിക്കാന്‍ കഴിയാത്തത് എന്നാണ് ഐ.ഐ.എം.എസിന്റെ ഒരു വാദം. എന്നാല്‍, ഇതു ശരിയല്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. താല്‍ക്കാലിക നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി മാധ്യമങ്ങളില്‍ അറിയിപ്പു നല്‍കിയിരുന്നില്ല. ജില്ലയില്‍ മാത്രം അറിയിപ്പു നല്‍കി. താല്‍ക്കാലിക നിയമനത്തിനു കുറഞ്ഞ ശമ്പളമായിരുന്നതുകൊണ്ട്, പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങളുടെ അത്താണികളായ ദളിത് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാതിരുന്നതും മുതലെടുത്തു. താല്‍ക്കാലിക നിയമനം ലഭിച്ച ദളിതരല്ലാത്തവരെ പിന്നീട് സ്ഥിരപ്പെടുത്തുകയും കുത്തനെ ശമ്പളം ഉയര്‍ത്തുകയും ചെയ്തു. തുടക്കത്തില്‍ മനപ്പൂര്‍വ്വം സംവരണം അട്ടിമറിച്ച് നിയമനങ്ങള്‍ നടത്തിയതായി പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷണമുണ്ടായി. നിയമിക്കപ്പെട്ടവരുടെ യോഗ്യതക്കുറിച്ചുള്‍പ്പെടെ ലഭിച്ച പരാതികളിലെ വിജിലന്‍സ് അന്വേഷണം പോയ വഴിയില്ല. 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ)യുടെ അംഗീകാരം കിട്ടുന്നതിനാണ് അദ്ധ്യാപക തസ്തികകളില്‍ സംവരണം നോക്കാതെ നിയമനങ്ങള്‍ നടത്തിയത് എന്നാണ് ഒരു വാദം. എം.സി.ഐയുടെ സ്ഥിരം അംഗീകാരം കിട്ടണമെങ്കില്‍ അദ്ധ്യാപക നിയമനങ്ങള്‍ സമയബന്ധിതമായി സ്ഥിരപ്പെടുത്തണം എന്ന് മുഖ്യമന്ത്രിയേയും കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രി എ.കെ. ബാലനേയും തെറ്റിദ്ധരിപ്പിച്ചതായി ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുന്‍പേ അംഗീകാരം ലഭിച്ചിരുന്നു എന്നാണ് വാദം. എം.സി.ഐ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും മെയിന്‍ ബ്ലോക്ക് ഉദ്ഘാടനവും നിര്‍വ്വഹിക്കാന്‍ 2019 ജൂലൈ ഒന്‍പതിന് എത്തിയ മുഖ്യമന്ത്രി ഇതു മനസ്സിലാക്കി. അവിടെ നിന്നു മടങ്ങിയ ശേഷം എ.കെ. ബാലനേയും അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറേയും ഇതിലെ നീരസം അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അദ്ധ്യാപക ജീവനക്കാരുടെ നിയമനം സ്ഥിരപ്പെടുത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എ.കെ. ബാലനോ ശൈലജ ടീച്ചറോ ആയിരുന്നില്ല. ആശുപത്രിയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ഉപജാപക സംഘത്തിന്റെ കരുനീക്കമായിരുന്നു അത്. തരംപോലെ ഇടത്തും വലത്തും നില്‍ക്കുന്നവരും ദളിത് വിരുദ്ധരുമായ ചിലരാണ് ഈ സംഘത്തിലുള്ളത്. അതിലൊരു പ്രധാനിയുടെ എം.ബി.ബി.എസ് യോഗ്യതയെക്കുറിച്ച് സംശയവും പരാതിയും ഉയര്‍ന്നിരിക്കുകയാണ്. ഉന്നത തല അന്വേഷണവും നടക്കുന്നു.

പട്ടികജാതിക്കാരുടെ പേരില്‍, അവരുടെ സ്വന്തം വകുപ്പു തുടങ്ങിയ സ്ഥാപനം അവര്‍ക്കെതിരാകുന്ന സ്ഥിതി കേരളത്തിന്റെ മുഴുവന്‍ നവോത്ഥാന പാരമ്പര്യത്തിനും എതിരായി സാക്ഷ്യം പറയുന്ന സ്ഥിതിയാണുള്ളത്. ജോലി ഉറയ്ക്കാത്തവര്‍, കുറഞ്ഞ ശമ്പളക്കാര്‍, രണ്ടാം തരക്കാര്‍. അവിടം കൊണ്ടും തീരുന്നില്ല; എസ്.സി ജീവനക്കാരോട് മോശമായി പെരുമാറിയതിനു മറ്റു സമുദായക്കാരായ സഹജീവനക്കാര്‍ക്കെതിരെ കേസുകള്‍ വരെയുണ്ട് കോടതിയില്‍. ദളിതരല്ലാത്ത ഉദ്യോഗസ്ഥരില്‍ ചിലര്‍ സ്ഥാപനത്തെ മാത്രമല്ല, സഹപ്രവര്‍ത്തകരായ ദലിതരെയും 'ഭരിക്കാന്‍ ശ്രമിക്കുന്നതിന്റെ' പ്രത്യാഘാതം കൂടിയാകുന്നു ഇത്.

സംവരണതത്ത്വം പാലിക്കാതെ പോയത് അംഗീകാരത്തെപ്രതി 

ഡോ. എം.എസ്. പത്മനാഭന്‍ 
ഡയറക്ടര്‍, പാലക്കാട് മെഡിക്കല്‍ കോളേജ് 

-സ്പെഷ്യല്‍ റൂള്‍സ് പ്രകാരം നടപ്പാക്കേണ്ടത് ഉള്‍പ്പെടെ 400-ല്‍പ്പരം അദ്ധ്യാപകേതര ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനുള്ള നടപടികള്‍ വേഗത്തില്‍ നടക്കുകയാണ്. സെക്രട്ടേറിയറ്റിലാണ് ഫയലുകള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് കൊടുത്തത്.

-500 കിടക്കകളുള്ള ആശുപത്രി സജ്ജമാകുമ്പോള്‍ വേണ്ടിവരുന്ന 980 ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാനുള്ള പ്രപ്പോസല്‍ തയ്യാറായിട്ടുണ്ട്. 

-ചില വിഭാഗങ്ങളില്‍ എസ്.സി ജീവനക്കാര്‍ കുറവാണ് എന്നതു ശരിയാണ്. ഒഴിവുകള്‍ പി.എസ്.സി മുഖേന നികത്തുമ്പോള്‍ ഇതു പരിഹരിക്കാന്‍ കഴിയും. ഇനിയുള്ള നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

-അദ്ധ്യാപകരില്‍ പട്ടികജാതിക്കാര്‍ കുറവായത്, പലവട്ടം അഭിമുഖം വിളിച്ചപ്പോഴും യോഗ്യരായ എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ വരാത്തതുകൊണ്ടാണ്. വന്നവര്‍ പിന്നീട് മറ്റു സ്ഥാപനങ്ങളിലേക്കു പോയിട്ടുമുണ്ട്. എം.സി.ഐ അംഗീകാരവുമായി ബന്ധപ്പെട്ട് മതിയായ നിയമനങ്ങള്‍ നടത്തേണ്ടി വരുമ്പോള്‍ സ്വാഭാവികമായും സംവരണം പാലിക്കാതെ നിയമിക്കേണ്ടി വന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിര്‍ത്താന്‍ അത് ആവശ്യമായിരുന്നു.

-സീനിയര്‍ തസ്തികകളില്‍ കരാര്‍ നിയമനങ്ങളാണ് മിക്കതും. അവരെ മാറ്റും. ആ തസ്തികകളില്‍ പി.എസ്.സി മുഖേന നിയമനം നടക്കുമ്പോള്‍ സംവരണം പാലിക്കാന്‍ കഴിയും

കിഫ്ബി പണം ആവശ്യമില്ല

എസ്. സുബ്ബയ്യ 
മുന്‍ സ്പെഷ്യല്‍ ഓഫീസര്‍, പാലക്കാട് മെഡിക്കല്‍ കോളേജ് 

-മെഡിക്കല്‍ കോളേജിന് എസ്.സി.പി ഫണ്ട് എല്ലാക്കാലത്തും ഉപയോഗിക്കാന്‍ പറ്റില്ല. മെഡിക്കല്‍ കോളേജ് നടത്തിപ്പിന് വേറെ വരുമാനം ഉണ്ടാവുകതന്നെ വേണം.
 
-ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും കൂടി യാഥാര്‍ത്ഥ്യമാകണം. അപ്പോള്‍ മാത്രമാണ് ഈ സ്ഥാപനത്തിനു സ്വന്തം കാലില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാനാവുക.

-ആശുപത്രിക്ക് അംഗീകാരം കിട്ടിയ ശേഷം ബാക്കി സ്ഥാപനങ്ങളുടെ കാര്യത്തിലേക്കു നീങ്ങാം എന്നാണ് തുടക്കത്തില്‍ വിചാരിച്ചത്. അതുകൊണ്ടാണ് താന്‍ സ്പെഷ്യല്‍ ഓഫീസറായിരിക്കുമ്പോള്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാതിരുന്നത്.

-കിഫ്ബിയില്‍നിന്നെടുത്തു നടത്തിക്കൂടേ എന്നു നിയമസഭയില്‍ ചോദ്യമുണ്ടായപ്പോള്‍ മന്ത്രി അനുകൂലമായി പ്രതികരിക്കുന്നതു കേട്ടു. പക്ഷേ, അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ മെഡിക്കല്‍ കോളേജ് നടത്താന്‍ പറ്റും. പുതിയ മന്ത്രിയോട് ഈ കാര്യങ്ങള്‍ സംസാരിക്കാന്‍ അവസരം തേടുകയാണ്. 

അദ്ധ്യാപക ജീവനക്കാര്‍ 163, പട്ടികജാതിക്കാര്‍ 8. സംവരണ ശതമാനം 4.9

അനദ്ധ്യാപക ജീവനക്കാര്‍ 75 ശതമാനം; പക്ഷേ, എട്ട് വര്‍ഷമായിട്ടും നിയമനം സ്ഥിരപ്പെടുത്തിയില്ല.

ദേശീയ, സംസ്ഥാന പട്ടികജാതി കമ്മിഷനുകളുടെ ഇടപെടല്‍ പോലും ഫലം കണ്ടില്ല.

ശമ്പളം പതിവായി വൈകുന്നു; ജീവനക്കാരുടെ നിവേദനത്തിനു ഫലമില്ല, ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com