ചാരക്കേസ്; വീണ്ടും സി.ബി.ഐ വരുമ്പോള്‍

അന്വേഷണം അവസാനിപ്പിച്ച് എറണാകുളം സി.ജെ.എം കോടതിക്ക് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത് 1996 ഏപ്രില്‍ 30-നായിരുന്നു. മെയ് രണ്ടിന് കോടതി അത് അംഗീകരിച്ചു
നമ്പി നാരായണൻ/ ഫയൽ
നമ്പി നാരായണൻ/ ഫയൽ

1996 മെയ് രണ്ടിലെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിയില്‍നിന്ന് 2021 ഏപ്രില്‍ 15-ലെ സുപ്രീംകോടതി വിധി വരെയുള്ള കാല്‍ നൂറ്റാണ്ടുദൂരം മാത്രമല്ല, ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ രണ്ട് സി.ബി.ഐ അന്വേഷണങ്ങള്‍ തമ്മിലുള്ള ദൂരം. മറ്റ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതെല്ലാം വാസ്തവവിരുദ്ധം എന്ന് എണ്ണിപ്പറഞ്ഞ് കേസ് അവസാനിപ്പിച്ച സി.ബി.ഐ തന്നെ വീണ്ടും അതു തുറക്കുമ്പോള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

അന്വേഷണം അവസാനിപ്പിച്ച് എറണാകുളം സി.ജെ.എം കോടതിക്ക് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത് 1996 ഏപ്രില്‍ 30-നായിരുന്നു. മെയ് രണ്ടിന് കോടതി അത് അംഗീകരിച്ചു. കേസില്‍ അഞ്ചാം പ്രതിയായിരുന്ന നമ്പി നാരായണന് പൊലീസ് പീഡനം ഉണ്ടായതിനെക്കുറിച്ചും കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കാനാണ് ഈ മാസം 15-ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഒരു നിരപരാധിയുടെ ജീവിതം നശിപ്പിച്ചവര്‍ക്കെതിരായ അന്വേഷണ സൂചന പ്രകടം. ചാരപ്രവര്‍ത്തനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമുള്ള 1996-ലെ സി.ബി.ഐ വാദത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. മൂന്നുതവണയായി സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ ഒരു കോടി 90 ലക്ഷം രൂപ, സ്വന്തം ആത്മകഥ, പത്മഭൂഷണ്‍ തുടങ്ങിയതൊക്കെ 'കള്ളക്കേസില്‍ പീഡിപ്പിക്കപ്പെട്ട' നിരപരാധി എന്ന നമ്പിനാരായണന്റെ പ്രതിച്ഛായ ഉറപ്പിച്ചു. സംസ്ഥാന പൊലീസില്‍ ഡി.ജി.പി ആയി വിരമിച്ച, കേസിന്റെ തുടക്കത്തില്‍ അന്വേഷിച്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ നയിച്ച ഡി.ഐ.ജി സിബി മാത്യൂസ്, മുന്‍ എസ്.പി കെ.കെ. ജോഷ്വ, സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐയായിരുന്ന എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ തുടരന്വേഷണം. ഇവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതേ ഹര്‍ജി 2015-ല്‍ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ഇവര്‍ക്കെതിരെ നടപടി വേണമെന്ന് 1996 മേയില്‍ത്തന്നെ സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മിഷനും ഈ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, നടപടി വേണ്ട എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി. എങ്കിലും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഇടക്കാല നഷ്ടപരിഹാരമായ പത്തു ലക്ഷം രൂപ നമ്പി നാരായണനു നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് അതു നല്‍കിയത്. പിന്നീട് നമ്പി നാരായണന് 50 ലക്ഷം രൂപ നല്‍കാനും അത് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ നടക്കുന്ന നഷ്ടപരിഹാരക്കേസിന്റെ അന്തിമവിധി അനുകൂലമായാല്‍ അതില്‍നിന്നു കുറയ്ക്കാനും സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനിടെ വിധിയുണ്ടായി. യഥാര്‍ത്ഥത്തില്‍ അത്തരമൊരു ആവശ്യം കോടതിക്കു മുന്നില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ആ 50 ലക്ഷം രൂപ നല്‍കി. 

മുന്‍സിഫ് കോടതിയിലെ കേസില്‍ വിധി വരുന്നതിനു മുന്‍പ് കോടതിക്കു പുറത്ത് സര്‍ക്കാര്‍ ഉണ്ടാക്കിയ 'ഒത്തുതീര്‍പ്പിലാണ്' ഒരു കോടി 30 ലക്ഷം നല്‍കിയത്. ഒരു കോടി ആവശ്യപ്പെട്ടായിരുന്നു കേസ്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് ഈ ഒത്തുതീര്‍പ്പില്‍ സര്‍ക്കാരിനും നമ്പി നാരായണനും ഇടയില്‍ നിന്നത്. കോടതി വിധി കാത്തുനില്‍ക്കാതെ, ആവശ്യപ്പെട്ടതിലും അധികം രൂപ പൊതുഖജനാവില്‍നിന്നു നല്‍കിയത് വിചിത്ര ഇടപെടലായി നിലനില്‍ക്കുകയാണ്. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനു സഹായകമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2018 സെപ്റ്റംബര്‍ 14-ന് റിട്ട. ജഡ്ജി ഡി.കെ. ജയിന്‍ അദ്ധ്യക്ഷനായ സമിതിയെ കോടതി നിയോഗിച്ചതോടെയാണ് ചാരക്കേസില്‍ പുതിയ വഴിത്തിരിവുണ്ടായത്. കേരള സര്‍ക്കാരിലേയും കേന്ദ്രസര്‍ക്കാരിലേയും ഓരോ സെക്രട്ടറിമാരായിരുന്നു സമിതിയിലെ മറ്റു രണ്ട് അംഗങ്ങള്‍. ജസ്റ്റിസ് ജയിന്‍ ഒരിക്കല്‍പ്പോലും കേരളത്തില്‍ വന്നില്ല. ആരോപണവിധേയരായ മൂന്നുപേരെയും അദ്ദേഹമോ മറ്റംഗങ്ങളോ കേട്ടില്ല. വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഹര്‍ജിക്കാരന്റെ മാത്രം മൊഴിയെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് തുടരന്വേഷണ വിധി. ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സിബി മാത്യൂസും മറ്റും ആവശ്യപ്പെട്ടെങ്കിലും കോടതി നല്‍കിയില്ല.

റിപ്പോര്‍ട്ട് ഏകപക്ഷീയമായാണ് തയ്യാറാക്കിയത് എന്ന ആരോപണവിധേയരുടെ പരാതി ശക്തമായി നിലനില്‍ക്കുന്നു. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ചാരക്കേസിന്റെ മെറിറ്റിലേക്കു പോകുന്ന അന്വേഷണം ഉണ്ടായേക്കും എന്ന പ്രതീക്ഷ പുലര്‍ത്തുന്നവര്‍ നിരവധി. ചാരക്കേസിന്റെ തുടക്കത്തില്‍ കേരളത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഡെപ്യൂട്ടി ഡയറക്ടറായിരുന്ന, ഗുജറാത്ത് ഡി.ജി.പി ആയി വിരമിച്ച ആര്‍.ബി. ശ്രീകുമാറാണ് ഇപ്പോഴത്തെ അന്വേഷണത്തിന്റെ യഥാര്‍ത്ഥ ഉന്നമെന്ന നിരീക്ഷണങ്ങളും സജീവമാണ്. 2002-ലെ ഗുജറാത്ത് വംശഹത്യാ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍.ബി. ശ്രീകുമാര്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ തുടര്‍ച്ചയായി സ്വീകരിച്ച നിലപാടുകളും മൊഴികളും അദ്ദേഹത്തെ അവരുടെ ശത്രുവാക്കിയതാണ് ഇങ്ങനെ കരുതാന്‍ കാരണം. 2013-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നമ്പി നാരായണന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത് തന്നെ കുടുക്കിയതില്‍ ആര്‍.ബി. ശ്രീകുമാറിനു പങ്കുണ്ട് എന്നാണ്. ഈ പരാതി പൊടിതട്ടിയെടുത്ത് അന്വേഷണം ആര്‍.ബി. ശ്രീകുമാറിലേക്കു നീങ്ങിക്കൂടെന്നില്ല. 

അതിനിടെയാണ്, ചാരപ്രവൃത്തി നടന്നിട്ടില്ല എന്ന വാദങ്ങള്‍ തള്ളി റോ (റിസര്‍ച്ച് - അനാലിസിസ് വിംഗ്) മുന്‍ ഉദ്യോഗസ്ഥന്‍ രാജേഷ് പിള്ളയുടെ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. റോയുടെ അന്വേഷണം സജീവമായി നീങ്ങുന്നതിനിടെ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു നിര്‍ദ്ദേശമുണ്ടായി; പിന്നീട് പ്രധാന പ്രതികളിലൊരാളായി മാറിയ മാലി സ്വദേശി മറിയം റഷീദയുടെ സന്ദര്‍ശനത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നിങ്ങനെ വന്‍ വഴിത്തിരിവുണ്ടാക്കുന്ന തുറന്നുപറച്ചിലുകളാണ് രാജേഷ് പിള്ളയുടേത്. 

സിബി മാത്യൂസിനും മറ്റുള്ളവര്‍ക്കുമൊപ്പം കേരളവും സി.ബി.ഐയെ കാത്തിരിക്കുകയാണ്. 'ചാരക്കേസ് അട്ടിമറിച്ചത് ഇങ്ങനെ?' എന്ന ചോദ്യമുയര്‍ത്തി നിരവധി തെളിവുകളുടെ പിന്‍ബലത്തോടെ 2014 നവംബര്‍-14 ലക്കത്തില്‍ ഞങ്ങള്‍ വിശദ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതിന് നമ്പി നാരായണന്റെ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും അദ്ദേഹം പാരീസ് യാത്രയിലായിരുന്നു. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായും അദ്ദേഹവുമായി ബന്ധപ്പെട്ടു. പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്. ''ഞാന്‍ പറയുന്നത് അതേവിധം നിങ്ങള്‍ പ്രസിദ്ധീകരിക്കും എന്നതില്‍ എനിക്കു സംശയമില്ല. പക്ഷേ, അതിനു മുകളില്‍ സിബി മാത്യൂസിന്റേയും വിജയന്റേയും കൂടി പ്രതികരണങ്ങള്‍ കൊടുക്കും എന്നുറപ്പാണല്ലോ'' എന്നു പറയുകയും ചെയ്തു. 

ഉന്നമെങ്കില്‍ പേടിക്കാതെ ശ്രീകുമാര്‍ 

സി.ബി.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1999-ല്‍ ചാരക്കേസുമായി ബന്ധപ്പെട്ട ഒന്‍പത് ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിരുന്നുവെന്നും അതിലൊരാള്‍ താനായിരുന്നു എന്നും ആര്‍.ബി. ശ്രീകുമാര്‍ ഓര്‍ക്കുന്നു. സി.ബി.ഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ടിനുശേഷം നല്‍കിയ ശുപാര്‍ശ പരിഗണിച്ചായിരുന്നു അത്. പക്ഷേ, ആ നടപടി വേണ്ടെന്നു വച്ചു. അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധാരണ ലഭിക്കേണ്ട സ്ഥാനക്കയറ്റത്തിനും മെഡലുകള്‍ക്കും തടസ്സമുണ്ടായുമില്ല. എന്നാല്‍, മാറിയ സാഹചര്യത്തില്‍ത്തന്നെ ഉന്നം വയ്ക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. 

''2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രമുഖ വ്യക്തികളെ കാണുന്നതിന് നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ നമ്പി നാരായണന്‍ അദ്ദേഹവുമായി ഒറ്റയ്ക്കു സംസാരിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വന്നതാണ്. അതിനുശേഷം അധികം വൈകാതെയാണ് നമ്പി നാരായണന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എനിക്കെതിരെ പരാതി നല്‍കിയത്. ആര്‍.ബി. ശ്രീകുമാറിന്റെ താല്പര്യപ്രകാരം ചാരക്കേസില്‍ തനിക്കെതിരെ രേഖകള്‍ ചമയ്ക്കുകയും തന്നെ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പരാതിയുടെ ചുരുക്കം. ആ സമയത്ത് തിരുവനന്തപുരത്ത് ഐ.ബിയുടെ സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോ(എസ്.ഐ.ബി)യുടെ മേധാവി ഞാനല്ലായിരുന്നു. 1992 മുതല്‍ 2000 ആഗസ്റ്റ് വരെ ഞാന്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നത് ശരിയാണ്. ചാരക്കേസിന്റെ കാലത്ത് ഡി.ഐ.ജി റാങ്കില്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. എനിക്കു മുകളില്‍ ഐ.ജി റാങ്കില്‍ ജോയിന്റ് ഡയറക്ടറായി മാത്യു ജോണ്‍ എന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു. ഞാന്‍ നമ്പര്‍ 2 മാത്രമായിരുന്നു. ആ അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകള്‍ എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, ഐ.എസ്.ആര്‍.ഒയുടെ ക്രയോജനിക് സാങ്കേതികവിദ്യയുടെ വികാസം 20 വര്‍ഷം പിറകോട്ടു കൊണ്ടുപോയ ദേശദ്രോഹിയാണ് ആര്‍.ബി. ശ്രീകുമാര്‍ എന്നും ഇയാളാണ് മോദിക്കെതിരെ ഗുജറാത്ത് സംഭവങ്ങളില്‍ തെളിവുകള്‍ കൊടുത്തിരിക്കുന്നത് എന്നും ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചു. 

ഇപ്പോള്‍ സുപ്രീംകോടതി സി.ബി.ഐ അന്വേഷണം നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള പരാതി വേണമെങ്കില്‍ എനിക്കെതിരെ ഉപയോഗിക്കാന്‍ കഴിയും. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് എവിടെയൊക്കെ പരാതികള്‍ ഉണ്ടോ അതെല്ലാം സി.ബി.ഐ സംഘത്തിന് ശേഖരിക്കാമല്ലോ. തുടര്‍ന്ന് എന്നെ വിളിച്ചുവരുത്താനോ എഫ്.ഐ.ആര്‍ ഇടാനോ സാധിച്ചേക്കും'' ആര്‍.ബി. ശ്രീകുമാര്‍ പറയുന്നു. പക്ഷേ, ആശങ്കയും ഭയവുമില്ലെന്നും സത്യമല്ലാതൊന്നും ആത്യന്തിക ജയം നേടില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

ജയിന്‍ സമിതി തകര്‍ത്ത പ്രതീക്ഷ 

ജയിന്‍ സമിതിയുടെ രൂപീകരണം വലിയ ഒരു ആശ്വാസമായിരുന്നു എന്ന് എസ്. വിജയന്‍ പറയുന്നു. പൊലീസില്‍നിന്നു വിരമിച്ചശേഷം തിരക്കുള്ള അഭിഭാഷകനായി മാറിയ അദ്ദേഹത്തിന് ജയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമായതില്‍ അമ്പരപ്പാണ്; രോഷവും. ''എന്നെ കേള്‍ക്കാന്‍ അവര്‍ വരുമെന്നും അപ്പോള്‍ എന്റെ കയ്യിലുള്ള തെളിവുകള്‍ നല്‍കാമെന്നും കരുതി. ഞാനെടുത്ത കേസിന്റെ സ്വഭാവവും നമ്പി നാരായണന്‍ ആരാണെന്നും എനിക്കു പറയാന്‍ സാധിക്കും; മാത്രമല്ല, സമിതി അനുവദിക്കുകയാണെങ്കില്‍ നമ്പി നാരായണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ എനിക്കു ക്രോസ് വിസ്താരം ചെയ്യാം. ഞാന്‍ അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്തിട്ടില്ല, അറസ്റ്റു ചെയ്തിട്ടില്ല, ചോദ്യം ചെയ്തിട്ടില്ല. ഇതെല്ലാം അദ്ദേഹംതന്നെ പറയേണ്ടിവരുമായിരുന്നു. 246/94 എന്ന നമ്പറില്‍ ഞാനൊരു കേസെടുത്തിരുന്നു. അത് മാലിക്കാരായ സ്ത്രീകള്‍ക്കെതിരെയായിരുന്നു. അവരെ രണ്ടുപേരെയുമാണ് ഞാന്‍ അറസ്റ്റു ചെയ്തത്. വേറെയാരെയും അറസ്റ്റു ചെയ്തിട്ടില്ല. 1994 നവംബര്‍ 30-നാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 15-ന് ചിക്കന്‍ പോക്‌സ് ബാധിച്ച് ഞാന്‍ ആശുപത്രിയിലാവുകയും ചെയ്തു. കേസ് കേരള പൊലീസില്‍നിന്ന് സി.ബി.ഐയ്ക്കു കൈമാറിയ ശേഷമാണ് രോഗം ഭേദമായി തിരിച്ചുവന്നത്. പിന്നെങ്ങനെയാണ് ഞാന്‍ നമ്പി നാരായണനെ പീഡിപ്പിക്കുന്നത്? എങ്ങനെയാണ് കേസെടുക്കാന്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തുന്നത്? മാത്രമല്ല, സിബി മാത്യൂസ് സാറും ഞാനും തമ്മില്‍ ഈ കേസില്‍ ഇടപെടേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ല. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയപ്പോള്‍ ആ അന്വേഷണസംഘത്തിന്റെ തലവനായിപ്പോയി അദ്ദേഹം. ആ ടീമിലെ മറ്റൊരു ഉദ്യോഗസ്ഥനായിപ്പോയി ജോഷ്വ. ഞങ്ങള്‍ മൂന്നു പേരും കൂടി ഗൂഢാലോചന നടത്തിയിട്ടാണ് കേസെടുത്തത് എന്നു പറയുന്നത് വലിയ തമാശയാണ്. അത്തരത്തിലൊരു ഗൂഢാലോചന ഉണ്ടെന്നും അത് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതാണെന്നും ജയിനിനെപ്പോലെ മുതിര്‍ന്ന ഒരു ന്യായാധിപന്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്തത്. എന്നിട്ട് ആ റിപ്പോര്‍ട്ട് സുപ്രീംകോടതി രഹസ്യമായി വച്ചിരിക്കുകയാണ്'' എസ്. വിജയന്‍ പറയുന്നു. 

''സംഭവത്തില്‍ ആദ്യ കേസെടുത്തതിന്റെ അടുത്ത ദിവസം, 1994 ഒക്ടോബര്‍ 24-നു ഇന്റലിജന്‍സ് ഡി.ഐ.ജിക്ക് അദ്ദേഹത്തിന്റെ താഴെയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അയച്ച റിപ്പോര്‍ട്ട് ഉണ്ട്. അതിനെക്കുറിച്ച് ഡി.ജി.പി ടി.വി. മധുസൂദനന്‍ സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടുണ്ട്. ആ റിപ്പോര്‍ട്ടുകളൊക്കെ നിലനില്‍ക്കുമ്പോള്‍ എന്തു ഗൂഢാലോചനയാണ് ആരോപിക്കാന്‍ കഴിയുക? മാത്രമല്ല, വേറെന്തെങ്കിലും താല്പര്യമുണ്ടെങ്കില്‍ കേരള പൊലീസിന്റെ കയ്യില്‍ത്തന്നെ വയ്ക്കുകയല്ലേ ചെയ്യുക. ഇതില്‍ സി.ബി.ഐ അന്വേഷണമാണ് നല്ലത് എന്ന് കേരള പൊലീസാണ് സര്‍ക്കാരിനെ അറിയിച്ചത്.'' 

രണ്ടര വര്‍ഷത്തോളം പ്രവര്‍ത്തിച്ച ജയിന്‍ സമിതി ആരോപണവിധേയരെ കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഈ കാര്യങ്ങളൊക്കെ അറിയാന്‍ കഴിയുമായിരുന്നു. അതില്‍ താല്പര്യം കാണിക്കാതെയാണ് ഓണ്‍ലൈനില്‍ നമ്പി നാരായണനു പറയാനുള്ളതു മാത്രം കേള്‍ക്കാന്‍ തയ്യാറായത്. അതിന്റെ അടിസ്ഥാനത്തില്‍, സി.ബി.ഐയോട് ഗൂഢാലോചന അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് നിയമത്തിന്റെ അങ്ങേയറ്റത്തെ ദുരുപയോഗമാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. 

സര്‍വ്വീസില്‍നിന്നു രാജിവച്ചു പോകാന്‍ തയ്യാറായി നമ്പി നാരായണന്‍ രാജിക്കത്തു കൊടുത്തിരുന്നു. ബിസിനസ് ചെയ്യുന്നതിനാണ് രാജിവയ്ക്കുന്നത് എന്നാണ് പിന്നീട് അദ്ദേഹം തന്നെ പൊലീസിനു നല്‍കിയ മൊഴി. അങ്ങനെയൊരാള്‍ക്ക് എന്തിന്റെ പേരിലാണ് നഷ്ടപരിഹാരം നല്‍കിയത് എന്ന ചോദ്യവും വിജയന്‍ ഉന്നയിക്കുന്നു. 1994 ഡിസംബര്‍ നാല് വരെയാണ് നമ്പി നാരായണന്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. തിരുമലയിലെ ശ്രീകൃഷ്ണാ ആശുപത്രിയിലെ ഡോ. സുകുമാരന്‍ നമ്പി നാരായണന്റെ ബന്ധുവിനോടു പറഞ്ഞ ഒരു കാര്യം മാത്രമാണ് നഷ്ടപരിഹാരങ്ങളുടെ അടിസ്ഥാനം എന്നാണ് വിജയന്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്നു തന്നെ വിളിച്ചുകൊണ്ടുപോയെന്നും ചെന്നപ്പോള്‍ വളരെ അവശനായിരിക്കുന്ന നമ്പി നാരായണനെ കണ്ടുവെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. അദ്ദേഹത്തിന് ഒരു ചെറിയ ഗുളികയും ഒരു വലിയ ഗുളികയും കാലില്‍ പുരട്ടാന്‍ ഒരു ഓയിന്റ്മെന്റും നല്‍കി. ആത്മകഥയിലെ 108-ാം പേജില്‍ അദ്ദേഹം തന്നെ അത് എഴുതിയിട്ടുണ്ട്. ആ നിസ്സാര ചികിത്സയില്‍ മാറി എന്നു പറയുന്ന 'പീഡന'ത്തിനു നല്‍കിയ നഷ്ടപരിഹാരമാണ് ഒരു കോടി 90 ലക്ഷം രൂപ. വിചാരണ നേരിടുകയോ ജയിലില്‍ പോവുകയോ ചെയ്തിട്ടില്ല. സര്‍വ്വീസില്‍ യാതൊന്നും നഷ്ടപ്പെട്ടില്ല. തിരിച്ചു കയറിയശേഷം സര്‍വ്വീസ് പൂര്‍ത്തിയാക്കി വിരമിക്കുകയാണ് ചെയ്തത്'' -വിജയന്‍ പറയുന്നു. ആര്‍.ബി. ശ്രീകുമാര്‍ ആയിരിക്കാം ഒരു ലക്ഷ്യമെന്നു സംശയിക്കണമെന്ന് വിജയനും അഭിപ്രായപ്പെടുന്നു. ''ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്ത ആളാണ് അദ്ദേഹം എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, അദ്ദേഹം അന്ന് ഇവിടെ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നെങ്കിലും ഈ കേസുമായി നേരിട്ട് ബന്ധമൊന്നും ഉണ്ടായിരുന്നതായി അറിയില്ല.'' 

ഗൂഢാലോചന തള്ളി സി.ബി.ഐ 

സുപ്രീംകോടതി ഡി.കെ. ജയിനെപ്പോലെ ഒരു മുന്‍ ന്യായാധിപന്റെ റിപ്പോര്‍ട്ടിനു നല്‍കിയ ഗൗരവം വളരെ വലുതാണ്. അതായിരിക്കാം അതിന്റെ മാത്രം അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് എന്ന നിരീക്ഷണങ്ങളുണ്ട്. പക്ഷേ, റിപ്പോര്‍ട്ട് തയ്യാറാക്കിയതിലെ ഏകപക്ഷീയത സ്വാഭാവിക നീതിയുടെ നിഷേധമാണ് എന്ന പൊതുവിമര്‍ശനം നിലനില്‍ക്കുകയാണ്. അതേസമയം, ജയിന്‍ സമിതിക്ക് സിബി മാത്യൂസിനേയും മറ്റും കേട്ടശേഷവും നമ്പി നാരായണന്റെ വാദങ്ങള്‍ക്ക് മുന്‍തൂക്കമുള്ള റിപ്പോര്‍ട്ട് കൊടുക്കാമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതുകൊണ്ട് അവര്‍ക്ക് സി.ബി.ഐയുടെ മുന്നില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം കിട്ടിയേക്കും; കേസിന്റെ തുടക്കം മുതല്‍ അന്വേഷിക്കുമോ എന്നും ഗൂഢാലോചന മാത്രമെങ്കില്‍ ആ അന്വേഷണം എത്രത്തോളം വസ്തുനിഷ്ഠമാകും എന്നും മറ്റുമുള്ള സംശയങ്ങള്‍ നിയമ, നീതിന്യായ വൃത്തങ്ങളില്‍ തുടരുകയാണ്. മാത്രമല്ല, മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ ചാരക്കേസിലെ സി.ഐ.എ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പി.എസ്. ശ്രീധരന്‍ പിള്ളയായിരുന്നു അഭിഭാഷകന്‍. അന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് തങ്ങള്‍ കേസ് അന്വേഷിച്ച സമയത്തുതന്നെ ഇത്തരം ഗൂഢാലോചനകളെക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ്. അങ്ങനെയൊരു ഗൂഢാലോചന നടന്നിട്ടില്ല എന്നു കണ്ടെത്തിയതായും അതില്‍ പറഞ്ഞിരുന്നു. അതും സി.ബി.ഐയുടെ തുടരന്വേഷണഘട്ടത്തില്‍ ഉയര്‍ന്നുവരാന്‍ പോകുന്ന ചോദ്യങ്ങളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com