കാലിക്കറ്റ് സര്‍വകലാശാല; അട്ടിമറിച്ച് നിയമങ്ങള്‍ വഴിവിട്ട് നിയമനങ്ങള്‍

ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ നിരാശയാണ് അടുത്തകാലത്തായി കേരളത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്
കാലിക്കറ്റ് സര്‍വകലാശാല; അട്ടിമറിച്ച് നിയമങ്ങള്‍ വഴിവിട്ട് നിയമനങ്ങള്‍

യര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ നിരാശയാണ് അടുത്തകാലത്തായി കേരളത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. തങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നേടാന്‍ ആവശ്യമായ പരമാവധി യോഗ്യതകള്‍ നേടി അഭിമുഖങ്ങള്‍ക്കു പോയാലും നമ്മുടെ പൊതുസ്ഥാപനങ്ങളില്‍നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഒഴിവാക്കപ്പെടുന്നു. വിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തിനനുസൃതമായി ഇവിടെ തസ്തികകളില്ല എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എങ്കിലും തൊഴില്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ യോഗ്യതകള്‍ ശരിയായി വിലയിരുത്തപ്പെടുന്നില്ല, വിഷയങ്ങളിലെ ജ്ഞാനമോ വൈദഗ്ദ്ധ്യമോ പരിശോധിക്കപ്പെടുന്നില്ല എന്ന തോന്നല്‍ ഉണ്ടാകുന്നു. അതുമാത്രമല്ല, പലപ്പോഴും സര്‍വ്വകലാശാലാ അദ്ധ്യാപകരുടേതുപോലുള്ള തസ്തികകളില്‍ അഭിമുഖത്തിനെത്തുന്നവര്‍ക്ക് തങ്ങള്‍ അപമാനിക്കപ്പെടുന്നു എന്നുകൂടി തോന്നുന്നു. എന്തുകൊണ്ട് ഉദ്യോ ഗാര്‍ത്ഥികള്‍ ഒഴിവാക്കപ്പെട്ടു എന്നു സ്വയം വിലയിരുത്തല്‍ നടത്താന്‍ ആവശ്യമായ വിവരങ്ങള്‍ ഒന്നും സ്ഥാപനങ്ങള്‍ നല്‍കുന്നില്ല. കാലിക്കറ്റ്, കാലടി സര്‍വ്വകലാശാലകളില്‍ അടുത്തിടെ നടന്ന അദ്ധ്യാപക നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തില്‍ വിവരങ്ങളുടെ സുതാര്യത പ്രധാനമാണെങ്കിലും സര്‍വ്വകലാശാലകള്‍ വിവരങ്ങളെ മറച്ചുവെക്കുകയും അതിനെ ഭരണസംവിധാനങ്ങളുപയോഗിച്ച് ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. ഒട്ടും പ്രതീക്ഷാവഹമല്ല നമ്മുടെ സര്‍വ്വകലാശാലകളുടെ അവസ്ഥ. അനീതികള്‍ക്കെതിരെ നീതിന്യായ സംവിധാനങ്ങളെ സമീപിക്കുന്നവരെ നേരിടാന്‍ യൂണിവേഴ്സിറ്റികള്‍ നേരത്തെ തന്നെ വിധികള്‍ സമ്പാദിച്ചുവെക്കുകയും അവരെ തോല്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. വിവരാവകാശ നിയമത്തിലൂടെ വിവരങ്ങള്‍ തേടുന്നവര്‍ക്ക് മറുപടി നല്‍കാതിരിക്കുകയോ പരിഹാസ്യമായ മറുപടികള്‍ നല്‍കുകയോ ചെയ്യുന്നു. കേരളം ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് 'നിരാശാനരക'മായി മാറുകയാണ്.

അടുത്തിടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിവിധ പഠനവകുപ്പുകളിലേക്ക് അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖങ്ങള്‍ നടന്നത്. 24 വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നടന്ന ഇന്റര്‍വ്യൂവും നിയമനങ്ങളും സുതാര്യതയില്ലാത്തതും ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടിയുള്ളതുമാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്തവര്‍ തന്നെ ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്. ചിലര്‍ നിയമനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, അവയെല്ലാം അവഗണിച്ചുകൊണ്ട് നിയമനങ്ങളുമായി മുന്നോട്ട് പോകുകയാണ് സര്‍വ്വകലാശാല ചെയ്യുന്നത്.

ശുപാര്‍ശകളുടേയും രാഷ്ട്രീയ സ്വാധീനത്തിന്റേയും അടിസ്ഥാനത്തില്‍ ഉന്നത യോഗ്യതയുള്ളവരെപ്പോലും പുറത്തുനിര്‍ത്തിയാണ് നിയമനങ്ങളേറെയും നടക്കുന്നതെന്നതാണ് പ്രധാനമായ ആരോപണം. അഭിമുഖങ്ങള്‍ പ്രഹസനമാണെന്നും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവര്‍ക്ക് നിയമനം കൊടുക്കുന്ന രീതിയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ തന്നെ പറയുന്നു. സംവരണപ്പട്ടിക പുറത്തിറക്കാതെയാണ് നിയമനങ്ങള്‍ നടക്കുന്നത് എന്നതുകൊണ്ടുതന്നെ എങ്ങനെയാണ് റൊട്ടേഷന്‍ എന്നത് മനസ്സിലാക്കാന്‍പോലും ഉദ്യോഗാര്‍ത്ഥികള്‍ക്കു കഴിയുന്നില്ല. ഇതിനെ ചോദ്യം ചെയ്തു നല്‍കിയ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ സംവരണ വിവരം രഹസ്യരേഖയാണ് എന്നാണ് യൂണിവേഴ്സിറ്റി പറഞ്ഞത്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള സംവരണക്രമം എന്തടിസ്ഥാനത്തിലാണ് രഹസ്യരേഖയാകുന്നത്? ഇന്റര്‍വ്യൂവിലെ മാര്‍ക്ക് മാത്രമാണ് നിയമനത്തിന്റെ അടിസ്ഥാനം എന്നതാണ് മറ്റൊരു വാദം. ഉദ്യോഗാര്‍ത്ഥിയുടെ അക്കാദമിക് യോഗ്യതകളെല്ലാം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ മാത്രമുള്ള യോഗ്യത മാത്രമാണെന്നാണ് വിശദീകരണം. എന്നാല്‍, ബോര്‍ഡംഗങ്ങള്‍ നല്‍കുന്ന മാര്‍ക്കിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ യൂണിവേഴ്സിറ്റി തയ്യാറാകുന്നുമില്ല. മാര്‍ക്ക് പുറത്തുവിടുന്നത് ബോര്‍ഡംഗങ്ങളുടെ ജീവനു ഭീഷണിയാണ് എന്നാണ് അതിനെ ന്യായീകരിക്കാന്‍ പറയുന്ന വാദം. നമ്മുടെ ക്രമസമാധാന സംവിധാനങ്ങളെത്തന്നെ സംശയത്തിന്റെ മുനയിലാക്കുന്നതാണ് യൂണിവേഴ്സിറ്റിയുടെ ഈ വാദം. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചല്ല ഇന്റര്‍വ്യു നടക്കുന്നത് എന്നു വ്യക്തമാണ്, യൂണിവേഴ്സിറ്റി അതിനെ ന്യായീകരിക്കുമ്പോഴും. ഉദ്യോഗാര്‍ത്ഥിയുടെ കഴിവിനെ വിലയിരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല എന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. 

ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴേ പല ഉദ്യോഗാര്‍ത്ഥികളും പരാതിയുമായി യൂണിവേഴ്സിറ്റിയേയും ഗവര്‍ണറേയും ഹൈക്കോടതിയേയും പട്ടികജാതി കമ്മിഷനേയുമടക്കം സമീപിച്ചു. കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കണോമിക്‌സ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും നിയമനം കിട്ടാതെ പുറത്താകപ്പെടുകയും ചെയ്ത രഞ്ജിത് ആര്‍. എന്ന ഉദ്യോഗാര്‍ത്ഥിക്ക് റാഞ്ചി ഐ.ഐ.എമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം കിട്ടിയതോടെയാണ് കാലിക്കറ്റിലെ നിയമന ക്രമക്കേട് കൂടുതല്‍ ചര്‍ച്ചയായത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള ഒരദ്ധ്യാപകന്‍പോലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഇല്ല എന്ന് അഭിപ്രായമുയരുമ്പോഴാണ് രഞ്ജിത്തിനെ പുറന്തള്ളാന്‍ യൂണിവേഴ്സിറ്റിക്ക് കഴിയുന്നതും. നാലൊഴിവുണ്ടായിട്ടും നാലാം റാങ്കുകാരനായ രഞ്ജിത്തിനു സംവരണ റൊട്ടേഷന്റെ സാങ്കേതികത്വം പറഞ്ഞാണ് നിയമനം നല്‍കാതിരുന്നത്. മൂന്നു പേരെ നിയമിച്ചു. നാലാമത്തേത് ഒഴിച്ചിട്ടു.

ഇങ്ങനെ തന്നെയാണ് പല പഠനവകുപ്പുകളിലും സംഭവിച്ചത്. നിലനില്‍ക്കുന്ന ഒഴിവുകളുടെ എണ്ണത്തിനുള്ളില്‍ത്തന്നെ റാങ്ക് നേടിയെങ്കിലും അവരെ ഒഴിവാക്കണം എന്ന നിര്‍ബ്ബന്ധ ബുദ്ധിപോലെ തസ്തികകള്‍ ഒഴിച്ചിടുന്നു. 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിവിധ വകുപ്പുകളില്‍ ഇന്റര്‍വ്യൂവിനു പങ്കെടുത്ത് പുറത്താകപ്പെട്ട കെ. പ്രമോദ്, അഭിമന്യു വിനയകുമാര്‍, ടി.എസ്. ശ്യാംകുമാര്‍, ആര്‍. രഞ്ജിത്ത് എന്നിവര്‍ അനുഭവങ്ങളും നിലപാടുകളും പങ്കുവെയ്ക്കുന്നു.

നമ്മുടെ സംവിധാനങ്ങളെ തിരുത്തേണ്ടതുണ്ട്

കെ. പ്രമോദ്  
(പോസ്റ്റ് ഡോക്ടര്‍ ഫെല്ലോ, ഐ.ഐ.ടി മദ്രാസ്)

മദ്രാസ് ഐ.ഐ.ടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയാണ് മലപ്പുറം സ്വദേശിയായ കെ. പ്രമോദ്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഫിസിക്‌സില്‍ പിഎച്ച്.ഡി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നാനോ സയന്‍സ് ആന്റ് ടെക്നോളജി, ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നടന്ന ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു. നിയമനത്തിലെ ക്രമക്കേടും അനീതിയും ബോധ്യപ്പെട്ട പ്രമോദ് ദേശീയ പട്ടികജാതി കമ്മിഷനും കേരള ഗവര്‍ണര്‍ക്കും പരാതി നല്‍കി. കമ്മിഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പട്ടികജാതി കമ്മിഷന്‍.

''ആ നിയമനങ്ങളൊക്കെ എല്ലാ മാനദണ്ഡങ്ങളേയും കാറ്റില്‍പറത്തിയാണ് നടന്നത്. നോട്ടിഫിക്കേഷന്‍ വിളിക്കുമ്പോള്‍ത്തന്നെ ഏതൊക്കെ ഡിപ്പാര്‍ട്ട്മെന്റുകളില്‍ എത്ര സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട് എന്ന കാര്യങ്ങളൊക്കെ വ്യക്തമായി പറയണം. അതൊന്നും പറയാതെയാണ് നോട്ടിഫിക്കേഷന്‍ വന്നത്. യു.ജി.സി അതൊക്കെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. സംവരണ റോസ്റ്ററുകള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ചോദിക്കുമ്പോഴുള്ള മറുപടി ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്. രഹസ്യരേഖയാണ് എന്നാണ് കോടതിയില്‍ പറഞ്ഞത്. അതുപോലെ ഇന്റര്‍വ്യൂ മാര്‍ക്ക് പുറത്തുവിട്ടാല്‍ ബോര്‍ഡംഗങ്ങളുടെ ജീവനു ഭീഷണിയാകും എന്നും പറയുന്നു. കേരളം എത്ര പുരോഗമനം പറഞ്ഞാലും ഇവിടത്തെ പട്ടികജാതി - വര്‍ഗ്ഗത്തിന്റെ പ്രാതിനിധ്യം എത്രത്തോളമുണ്ട് എന്നു നമുക്കറിയാം. ആ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബാക്ക്ലോഗുകള്‍ നികത്താതെയുള്ള നടപടികള്‍. സംവരണ റോസ്റ്ററുകള്‍ പ്രസിദ്ധീകരിക്കുന്നുമില്ല. 

അവിടെ ഇന്റര്‍വ്യൂവിനു പോയപ്പോള്‍ എനിക്കു തോന്നിയ ഒരു കാര്യം, ആളുകളെയൊക്കെ മുന്‍കൂട്ടി തീരുമാനിച്ചുവെച്ചതാണ് എന്നാണ്. ഞാന്‍ പങ്കെടുത്ത ഡിപ്പാര്‍ട്ട്മെന്റ് മാത്രമല്ല, മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലും പങ്കെടുത്ത എനിക്കു പരിചയമുള്ളവരും ഇക്കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. പ്രത്യേക താല്പര്യങ്ങളുടേയും ശുപാര്‍ശകളുടേയും അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. ഉയര്‍ന്ന യോഗ്യതയുള്ള പലരും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നാനോ സയന്‍സിലും ഫിസിക്‌സിലുമാണ് എനിക്ക് ഇന്റര്‍വ്യൂ ഉണ്ടായിരുന്നത്. തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു ഇന്റര്‍വ്യൂ. 

പോസ്റ്റ് ഡോക്ടറല്‍, റിസര്‍ച്ച് എക്‌സ്പീരിയന്‍സ്, പബ്ലിക്കേഷന്‍സ്, സെമിനാറുകള്‍ തുടങ്ങി ഒരുപാട് എക്‌സ്പീരിയന്‍സ് ഞാന്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ആളുകളുടെ കഴിവിനേയും എക്‌സ്പീരിയന്‍സിനേയും കൃത്യമായി അനലൈസ് ചെയ്യുന്ന രീതിയിലായിരിക്കണം ഇന്റര്‍വ്യൂവിന്റെ മെത്തഡോളജി ഉണ്ടാവേണ്ടത് എന്ന് യു.ജി.സി കൃത്യമായി പറയുന്നുണ്ട്. അല്ലാതെ എംഎസ്സിയില്‍ പഠിച്ച കാര്യങ്ങള്‍ ചോദിക്കുന്ന മെത്തഡോളജിയല്ല ഫോളോ ചെയ്യേണ്ടത്. നമ്മള്‍ കൊടുത്തിരിക്കുന്ന ക്രെഡന്‍ഷ്യല്‍സ് അളക്കുന്ന രീതിയിലായിരിക്കണം ഇന്റര്‍വ്യൂ ഉണ്ടാവേണ്ടത്. 

എംഎസ്സിയില്‍ ഫിസിക്‌സ് പഠിച്ചതില്‍നിന്നു പിന്നീട് നമ്മള്‍ ഒരു സ്പെഷ്യലൈസ്ഡ് ഏരിയയിലേക്ക് വന്നു. പ്രത്യേക ഫീല്‍ഡിലാണല്ലോ നമ്മള്‍ റിസര്‍ച്ച് ചെയ്യുന്നത്. പക്ഷേ, എന്നോടിപ്പോഴും ചോദിച്ചത് അന്നത്തെക്കാലത്തെ ചോദ്യങ്ങളാണ്. അതായത് ഒരു പ്രഹസനം പോലെയാണ് ഇന്റര്‍വ്യൂ. ഇതൊന്നും യൂണിവേഴ്സിറ്റിക്കു സ്വന്തമായി തീരുമാനിക്കാന്‍ അധികാരമില്ലാത്ത കാര്യങ്ങളാണ്. യു.ജി.സി പറയുന്ന മാനദണ്ഡങ്ങള്‍ വെച്ചുള്ള മെത്തഡോളജി ഉണ്ടാക്കണം. അങ്ങനെ വ്യത്യസ്ത ക്രൈറ്റീരിയക്കനുസരിച്ചുള്ള മാര്‍ക്കുകള്‍ വെച്ചാണ് ആ ഇന്റര്‍വ്യൂവിന്റെ പെര്‍ഫോമന്‍സ് അനലൈസ് ചെയ്യേണ്ടത്. അങ്ങനെയൊരു കാര്യമൊന്നും അവിടെ നടക്കുന്നേയില്ല. വരുന്ന ആളോട് രണ്ടോ മൂന്നോ ചോദ്യം ചോദിച്ച് തോന്നിയപോലെ മാര്‍ക്കിടാവുന്ന ഒരു സംഭവം അല്ല ഇത്.
 
ഇന്റര്‍വ്യൂവിന് ആദ്യം നമ്മളോട് സ്വയം പരിചയപ്പെടുത്താന്‍ പറയും. രണ്ടാംദിവസം ഫിസിക്‌സിന്റെ ഇന്റര്‍വ്യൂ ആയിരുന്നു. ഞാന്‍ തലേദിവസം നാനോ സയന്‍സില്‍ പ്രസന്റ് ചെയ്തിരുന്നതാണല്ലോ. നമ്മളുടെ സര്‍ട്ടിഫിക്കറ്റ് ഒക്കെ കൊടുക്കുന്നതില്‍ നമ്മുടെ ജാതി സര്‍ട്ടിഫിക്കറ്റും ഉണ്ടാവും. അതു നോക്കി ദളിത് ആണെന്നു മനസ്സിലാക്കിയിട്ടുണ്ടാകും. ഞാന്‍ നല്ല കോണ്‍ഫിഡന്‍സോടുകൂടിത്തന്നെയാണ് സംസാരിച്ചത്. അതുകഴിഞ്ഞ ഉടനെ വന്ന കമന്റ് ഇയാള്‍ ഇന്നലേയും ഉണ്ടായിരുന്നു എന്നാണ്. അവിടെ അങ്ങനെയൊരു ചോദ്യം വരേണ്ട ആവശ്യമില്ല. ഇന്നലേയും പ്രസന്റ് ചെയ്തതുകൊണ്ടാണ് ഇത്ര കോണ്‍ഫിഡന്റായി പറയാന്‍ പറ്റിയത് എന്ന രീതിയിലാണ്. അല്ലെങ്കില്‍ നമുക്കതൊന്നും കഴിയില്ല എന്ന തരത്തില്‍.

അതുപോലെതന്നെയാണ് നമ്മുടെ തീസിസിനെക്കുറിച്ച് ചോദിക്കുന്നില്ല. എം.എഫില്‍ കഴിഞ്ഞ് പിഎച്ച്.ഡി കഴിഞ്ഞ് പോസ്റ്റ് ഡോക്ടറല്‍ ചെയ്യുന്ന എന്നോട് അതിനെക്കുറിച്ചൊന്നും ചോദിക്കുന്നില്ല. ആര്‍ക്കും അതൊന്നും അറിയേണ്ട. പോകാന്‍ നേരത്ത് മേശപ്പുറത്ത് വെച്ച തീസീസ് ഞാന്‍ എടുക്കുമ്പോള്‍ ബോര്‍ഡിലുണ്ടായിരുന്ന ഒരംഗം ചോദിച്ചു, ഇതു നിങ്ങളുടെ തീസീസ് ആണല്ലേ എന്ന്. അതേ ഇതാണ് എന്റെ തീസിസ് എന്നു ഞാന്‍ മറുപടിയും പറഞ്ഞു. ഇതാണ് അതിനെപ്പറ്റി നടന്ന ആകെ ഡിസ്‌കഷന്‍. ഒന്നാലോചിച്ചു നോക്കൂ. ഇതാണ് അവിടെ നടക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസറായ ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസറോ പ്രൊഫസറോ ആകാന്‍ വേണ്ടി പരിഗണിക്കപ്പെടുന്നതിനുള്ള മാനദണ്ഡം അക്കാദമിക് പെര്‍ഫോമന്‍സ് റിസര്‍ച്ച് എക്‌സ്പീരിയന്‍സ്, എന്തൊക്കെ തരം പബ്ലിക്കേഷന്‍സ്, അവാര്‍ഡുകള്‍ ഇതൊക്കെയാണ്. അതൊക്കെ ഇപ്പോഴേ എനിക്ക് ഉണ്ട്. അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. അതൊന്നും അസിസ്റ്റന്റ് പ്രൊഫസറാകന്‍ വേണ്ടിപ്പോലും വാല്യു ചെയ്യപ്പെടുന്നില്ല എന്നതാണ്.

എനിക്ക് അവിടെ അനീതി നേരിട്ടു എന്നു തോന്നിയതുകൊണ്ട് ഞാന്‍ അപ്പോള്‍ത്തന്നെ പട്ടികജാതി കമ്മിഷനും ഗവര്‍ണര്‍ക്കും പരാതിയയച്ചു. ഇത് മൊത്തത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഒരു സംഗതിയാണ്. ഇതിനെതിരെ പ്രതികരിക്കണം എന്ന് എനിക്കപ്പോള്‍ത്തന്നെ തോന്നി. ഇങ്ങനെയല്ല ഇതൊന്നും നടക്കേണ്ടത്. നോട്ടിഫിക്കേഷന് മുന്‍പുതന്നെ റിസര്‍വ്വേഷന്‍ എങ്ങനെയാണ് എന്നത് പറഞ്ഞ് അനുമതി വാങ്ങേണ്ടതാണ്. അപ്പോള്‍പ്പിന്നെ അതിന്റെമേല്‍ ചോദ്യങ്ങള്‍ വരില്ല. ഇതിപ്പോള്‍ ഇവര്‍ക്ക് വേണമെങ്കില്‍ മാറ്റിയിടാം. എങ്ങനെയാണ് സംവരണം വരുന്നത് എന്നത് നമ്മള്‍ക്കറിയില്ല. നമ്മുടെ സിസ്റ്റത്തെ കറക്ട് ചെയ്യേണ്ടതുണ്ട്. കേരളം പോലെയൊരു സ്ഥലത്ത് ഇതു ശരിയല്ല. എല്ലാ യുവാക്കളും ഇതു മനസ്സിലാക്കി ഇതിനെതിരെ പ്രതികരിക്കണം. 

കോടതിയില്‍ പോയാല്‍പ്പോലും നമ്മുടെ കയ്യില്‍ ആവശ്യത്തിനു തെളിവുകള്‍ ഉണ്ടാകില്ല. കാരണം ആര്‍.ടി.ഐ കൊടുത്താല്‍ യൂണിവേഴ്സിറ്റിയില്‍ മറുപടിയുണ്ടാകില്ല. അഥവാ കിട്ടിയാല്‍ത്തന്നെ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് കിട്ടുന്നത്. പലപ്പോഴും കോടതിയില്‍ പോയി വാദിക്കാനുള്ള സ്‌കോപ്പുപോലുമില്ല. പിന്നെ ഇതിന്റെ സാമ്പത്തിക ചെലവുകള്‍, സമയം. കുറേപ്പേര്‍ക്ക് ഭയമാണ്, വേറെ എവിടെയെങ്കിലും ജോലി കിട്ടുന്നതിനു തടസ്സമാകുമോ എന്ന ഭയം. എന്തൊരു ഗതികേടാണ് ഇവിടുത്തെ ഉദ്യോഗാര്‍ത്ഥികളുടേത് എന്നാലോചിച്ചു നോക്കൂ. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും പാര്‍ട്ടിയുടേയും ഒക്കെ താല്പര്യങ്ങളും ശുപാര്‍ശകളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.''

നിയമനങ്ങള്‍ നീതിയുക്തമല്ല 

ടി.എസ്. ശ്യാംകുമാര്‍ (സംസ്‌കൃതം അദ്ധ്യാപകന്‍)

കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. നേടിയ ശ്യാംകുമാര്‍ കോട്ടയം കുമരകം സ്‌കൂളില്‍ സംസ്‌കൃത അദ്ധ്യാപകനാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്‌കൃതം അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാംറാങ്ക്. 
''റൊട്ടേഷന്‍ നിശ്ചയിക്കാതെ ഇന്റര്‍വ്യൂ നടത്തി എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. സംവരണ റോസ്റ്റര്‍ പുറത്തുവിടാതെ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ തല്പരകക്ഷികള്‍ക്ക് നിയമനം കൊടുക്കാന്‍ കഴിയും. പി.എസ്.സിയിലൊക്കെ ഒരു നിയമനം നടന്നാല്‍ റൊട്ടേഷന്‍ നമുക്കു കണ്ടുപിടിക്കാന്‍ പറ്റും. ഇവിടെ ഏതു ഡിപ്പാര്‍ട്ട്മെന്റില്‍ ഏതു സമുദായത്തില്‍പ്പെട്ടയാള്‍ക്കാണ് വരുന്നത് എന്നു കണ്ടുപിടിക്കാന്‍ സാധിക്കില്ല. സംവരണ റോസ്റ്റര്‍ പുറത്തു വിട്ടാല്‍ മാത്രമേ നമുക്ക് അത് അറിയാന്‍ സാധിക്കൂ. രഹസ്യരേഖയാണെന്ന് കോടതിയില്‍ പറയുന്നതോടുകൂടി ഒരു നിഗൂഢത ആ ഇന്റര്‍വ്യൂവിനു വരുന്നുണ്ട്. ബാക്ക്ലോഗ് നികത്തിയ ശേഷം മാത്രമേ പുതിയ നിയമനങ്ങള്‍ നടത്താവൂ എന്ന് കോടതിയും യു.ജി.സിയും പറയുന്നുണ്ട്. ഇക്കാര്യങ്ങളൊന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ബാധകമായിട്ടേയില്ല. അതുകൊണ്ടുതന്നെ നീതിയുക്തമായാണോ അഭിമുഖം നടന്നത് എന്നതില്‍ സംശയമുണ്ട്. പ്രത്യേക വിഭാഗത്തിലുള്ളവര്‍ക്ക് 'സംവരണ'മാണെങ്കില്‍ ഈ മുഴുവന്‍ ആളുകളേയും ഇന്റര്‍വ്യൂവിനു വിളിച്ച് അപമാനിക്കുന്ന പരിപാടിയില്‍നിന്നെങ്കിലും യൂണിവേഴ്സിറ്റിക്ക് പിന്‍വാങ്ങാമായിരുന്നു. 

സംസ്‌കൃതത്തില്‍ മൂന്ന് ഒഴിവാണ് പറഞ്ഞത്. ഒരു മുസ്ലിം, ഒരു പി.എച്ച്., ഒരു ഇ.ടി.ബി എന്ന നിലയ്ക്കാണ് സംവരണക്രമം വന്നിരിക്കുന്നത്. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഒരദ്ധ്യാപകനാണ്. യു.പി സ്‌കൂള്‍ അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ പോലെയാണ് എനിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അനുഭവപ്പെട്ടത്. യു.പി സ്‌കൂള്‍ സംസ്‌കൃത അദ്ധ്യാപകനോട് ഉള്ളതുപോലെയുള്ള ഒരു ചോദ്യോത്തര ശൈലിയാണ് അവിടെ നടന്നത്. സംസ്‌കൃത ഗ്രന്ഥങ്ങളില്‍നിന്നുള്ള ആഴത്തിലുള്ള ചോദ്യങ്ങള്‍ നമ്മള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് പ്രതീക്ഷിക്കും. പക്ഷേ, അതിനുപകരം ഉപരിപ്ലവമായ ചോദ്യങ്ങളാണ് ഉണ്ടായത്. ഉപരിപ്ലവമായ ചോദ്യങ്ങള്‍ വെച്ച് ഒരാളെ എങ്ങനെ അളക്കാന്‍ പറ്റും. സ്‌കൂള്‍ അദ്ധ്യാപകന്റെ ഇന്റര്‍വ്യൂവിനു പോയപ്പോള്‍ പി.എസ്.സി ഇതിനേക്കാള്‍ മനോഹരമായി ആ ഇന്റര്‍വ്യൂ നടത്തി എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.

മറ്റൊന്ന്, ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഒരംഗത്തിന്റെ കീഴില്‍ ഗവേഷണം നടത്തിയ ആള്‍ക്കു തന്നെയാണ് ഒന്നാംറാങ്ക് എന്നത് സംശയാസ്പദമായ കാര്യമാണ്. അവര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകാമോ എന്നത് ധാര്‍മ്മികമായ പ്രശ്‌നമാണ്. ശിഷ്യന്മാര്‍ പങ്കെടുക്കുന്ന ഇന്റര്‍വ്യൂവില്‍ ബോര്‍ഡംഗം ആകാന്‍ പാടില്ല എന്നൊരു റൂളൊന്നുമില്ല. അതൊരു പ്രധാന ആക്ഷേപമായി ഉന്നയിക്കാനും കഴിയില്ല. പക്ഷേ, അവരുടെ കുട്ടികള്‍ തന്നെ ഒന്നാംറാങ്കൊക്കെ നേടുമ്പോഴാണ് അതു കൂടുതല്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട വിഷയമായി മാറുന്നത്. പട്ടികജാതിയില്‍ത്തന്നെ പോസ്റ്റ് ഡോക്ടറല്‍ വരെയുള്ള ആളുകളൊക്കെ ഏറ്റവും അവസാന റാങ്കിലാണ് വന്നിരിക്കുന്നത്. അപ്പോള്‍ പോസ്റ്റ് ഡോക്ടറല്‍ എടുക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥി ഏറ്റവും മോശമാണ് എന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. റാങ്ക് പട്ടികയില്‍ ആദ്യത്തെ ഒന്‍പതും സവര്‍ണ്ണരാണ് എന്നതും നമ്മള്‍ കാണേണ്ട മറ്റൊരു പ്രശ്‌നമാണ്. പത്താം റാങ്കാണ് എനിക്ക്. ഇന്റര്‍വ്യൂ ബോര്‍ഡ് പക്ഷപാതരഹിതമായാണ് കാര്യങ്ങള്‍ നടത്തുന്നത് എന്നു നമുക്കു വിചാരിക്കാനേ സാധ്യമല്ല. 

കേരളത്തിലെ പിന്നോക്ക പട്ടികജാതിക്കാരായ ആളുകളെ സംസ്‌കൃത പണ്ഡിതരായി അംഗീകരിക്കാത്ത ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ ഒഴിവ് വരുമ്പോള്‍ മാത്രമാണ് അവരെ നിയമിക്കുന്നത്. സംസ്‌കൃതത്തെ സംബന്ധിച്ച് സവര്‍ണ്ണവിഭാഗത്തിലുള്ള അദ്ധ്യാപകരെ മാത്രം തെരഞ്ഞെടുക്കുന്ന ഒരു ശൈലി കേരളത്തിലെമ്പാടും നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഒരു ബാക്കിപത്രമെന്ന നിലയ്ക്കാണ് ഇതിനെ കാണേണ്ടത്. സംവരണം വന്നാല്‍ മാത്രം മുസ്ലിമോ പട്ടികജാതിക്കാരനോ വരുന്ന ഒരു സാഹചര്യമാണ് കേരളത്തില്‍ സംസ്‌കൃതത്തെ സംബന്ധിച്ചുള്ളത്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എത്ര പട്ടികജാതി - പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ സംസ്‌കൃത അദ്ധ്യാപകരായി ഉണ്ട് എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. പട്ടികജാതി - വര്‍ഗ്ഗങ്ങളില്‍നിന്ന് സംസ്‌കൃത പണ്ഡിതരില്ലാത്തതുകൊണ്ടാണോ? അങ്ങനെയില്ലാത്തതു കൊണ്ടാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറ്റൊരു തരത്തില്‍ ജാതി ഘടനയുടെ പുറന്തള്ളല്‍ പ്രക്രിയ കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. പി.എസ്.സി മാത്രമാണ് ഒരു പ്രതീക്ഷയുള്ളത്. അതുതന്നെ വളരെ വിരളമായ പോസ്റ്റുകളേയുള്ളൂ. സര്‍വ്വകലാശാലാ നിയമനങ്ങളൊക്കെ ഇങ്ങനെയാണെങ്കില്‍ എന്താണ് നമുക്കു പ്രതീക്ഷിക്കാനുള്ളത്. 

സത്യത്തില്‍ വേദങ്ങളെക്കുറിച്ചൊക്കെ 'ദിവ്യമാണ്' എന്നൊക്കെ പറയുന്നതുപോലെ ഒരു 'ദിവ്യരേഖ'യായി സംവരണ റോസ്റ്റര്‍ നില്‍ക്കുകയാണ്. അത് അവരുടെ തല്പരകക്ഷികളെ നിലനിര്‍ത്താനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. പുരോഗമന കേരളം എന്നൊക്കെ പറയുന്നതിന്റെ നേര്‍വിപരീതമാണ് നിയമന കാര്യത്തില്‍ സംഭവിക്കുന്നത്.

കോടതിയില്‍നിന്നുമാത്രം കിട്ടേണ്ട നീതിയാണ് ഇത് എന്നു പൊതുവെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട ഒരു നീതിയാണ്. പകരം കേസ് നടത്തി ജയിക്കേണ്ട ഒന്നാണെന്നു ഞാന്‍ വ്യക്തിപരമായി കരുതുന്നില്ല. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുതന്നെ നീതിയുക്തമായ ഒരു നിയമനരീതി ഉണ്ടായിവരണം. കോടതി കയറിയിറങ്ങി തികഞ്ഞ വ്യവഹാരിയായി മാറേണ്ട ഒരവസ്ഥയാണ് നിലവില്‍. യൂണിവേഴ്സിറ്റി കൊണ്ടുവരുന്ന സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റികള്‍ക്ക് അനുകൂലമായാണ് പലപ്പോഴും കോടതികള്‍ വിധി പറയാറുള്ളത്. രഹസ്യരേഖയാണ് പുറത്തുവിടാന്‍ പാടില്ല എന്ന് യൂണിവേഴ്സിറ്റി കോടതിയോടും പറഞ്ഞിട്ടും, കോടതി എന്താണ് പൊതുസമൂഹത്തോട് പറഞ്ഞത്. വലിയ സാമ്പത്തികമൊക്കെ മുടക്കി വ്യവഹാരത്തിനു പലരും മുതിരാത്തതും അതുകൊണ്ടുതന്നെയാണ്. ഇതു കോടതിയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ട ഒന്നാണ് എന്നു ഞാന്‍ വിചാരിക്കുന്നേയില്ല. ഇടതുപക്ഷമാണല്ലോ ഭരിക്കുന്നത്. ഭരണകൂടം ഇടപെട്ടെങ്കില്‍ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. എന്തുകൊണ്ടാണ് ഇടതുപക്ഷം ഭരിക്കുന്ന ഒരു സ്ഥലത്ത് ഇങ്ങനെ സംവരണ റോസ്റ്റര്‍ രഹസ്യമാക്കി വെയ്ക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ എന്തിനാണ് രഹസ്യം? അപ്പോ എന്തോ ഒളിപ്പിക്കാനുണ്ട് എന്നല്ലേ അതിനര്‍ത്ഥം?

താല്പര്യമുള്ള ആളുകളെ നിയമിക്കാന്‍ വേണ്ടി ഈ റോസ്റ്റര്‍ തന്നെ അട്ടിമറിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. യൂണിവേഴ്സിറ്റിയെ മൊത്തം ഒറ്റ യൂണിറ്റായി കണക്കാക്കിയാണ് നിയമനം നടത്തുന്നത് എന്നാണ് പറയുന്നത്. നിലവില്‍ സംസ്‌കൃതം ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു പ്രൊഫസര്‍ മാത്രമേ ഉള്ളൂ എസ്.സി വിഭാഗത്തില്‍നിന്ന്. ആ ഡിപ്പാര്‍ട്ട്മന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒറ്റ എസ്.സിക്കാരന്‍പോലും ഇല്ല. എസ്.സിയുടെ പ്രാതിനിധ്യം ഇല്ലാതിരിക്കുന്നതില്‍ ഒരു പ്രശ്‌നമില്ലേ? എനിക്കു കിട്ടുന്നോ ഇല്ലയോ എന്ന വ്യക്തിപരമായ പ്രശ്‌നമായിട്ടല്ല ഞാന്‍ അതിനെ കാണുന്നത്. അതൊരു പൊതുപ്രശ്‌നമാണ്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങള്‍ ഒട്ടുമേ നീതിയുക്തമല്ല. അത്തരം കാര്യങ്ങളില്‍ പൊതുസമൂഹത്തിന്റെ ഒരു വിചാരണ ആവശ്യമാണ്. പൊതുസമൂഹത്തിന്റെ മുന്‍പില്‍ ഇത് ഒരു ചര്‍ച്ചയായി ഉയര്‍ന്നുവരണം.''

മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട നിയമനങ്ങള്‍

അഭിമന്യു വിനയകുമാര്‍  (നാടക സംവിധായകന്‍)

കേരളത്തിലെ അറിയപ്പെടുന്ന നാടക സംവിധായകനും അഭിനേതാവുമാണ് അഭിമന്യു. കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തിയേറ്റര്‍ ആര്‍ട്ട്സില്‍ എം.പി.എയും പിഎച്ച്.ഡിയും. സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ നാലാംറാങ്ക്. യൂണിവേഴ്സിറ്റി നിയമന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അഭിമന്യുവും റാങ്ക് പട്ടികയിലെ ആറാം റാങ്കുകാരനായ ജെബിനും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 

''ആ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 14 പേരില്‍ തിയേറ്റര്‍ എന്ന ഡിസിപ്ലിനകത്ത് നാടകം ചെയ്യുകയും പ്രൊഡക്ഷന്‍ ചെയ്യുകയും ചെയ്യുന്ന ഏക ആളായിരുന്നു ഞാന്‍. ഒരുതരത്തിലും നമ്മളെ മാറ്റിനിര്‍ത്തുമെന്നോ താഴത്തേക്ക് പോകുമെന്നോ വിചാരിച്ചിട്ടല്ല ഇന്റര്‍വ്യൂവിനു പോകുന്നത്. അക്കാദമിക് യോഗ്യതയും എക്‌സ്പീരിയന്‍സും വെച്ച് ആത്മവിശ്വാസത്തോടെയാണ് പോയതും. കൂടുതല്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നില്ല എന്നതാണ്. പക്ഷേ, അവിടെ വളരെ തന്ത്രപരമായ നീക്കങ്ങളാണ് നടന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്റര്‍വ്യൂ നടക്കുന്നതിന് മുന്‍പുതന്നെ കാര്യങ്ങളൊക്കെ തീരുമാനിക്കപ്പെട്ടിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഞ്ചു ഒഴിവിലേക്കാണ് വിളിച്ചത്. ഇതില്‍ മൂന്ന് ഒഴിവുകളില്‍ മാത്രമേ നിയമനം നടത്തുന്നുള്ളൂ എന്നതൊക്കെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരുന്നു. ഇതൊക്കെ പക്ഷേ, ഇന്റര്‍വ്യൂ കഴിഞ്ഞാണ് ഞങ്ങള്‍ അറിയുന്നത്. 

എനിക്ക് നാലാംറാങ്കാണ് കിട്ടിയത്. അപ്പോള്‍ അഞ്ചുപേര്‍ക്ക് ജോലി കിട്ടുമ്പോള്‍ സ്വാഭാവികമായും എനിക്കു കിട്ടണമല്ലോ. എന്നാല്‍, മൂന്നു പേര്‍ക്ക് ജോലി കൊടുത്ത് ബാക്കി ഒഴിച്ചിടുകയാണ് ചെയ്തത്. ഒന്ന് ഫിസിക്കലി ഹാന്റിക്യാപ്ഡിനായി ഒഴിച്ചിട്ടു. പി.എച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നാടകം പഠിക്കുന്നവരോ പ്രാക്ടീസ് ചെയ്യുന്നവരോ ഇല്ലാ എന്നുതന്നെ പറയാം. നാടകത്തില്‍ കൂടുതലായി പി.എച്ച് ഒഴിവുകള്‍ വരികയും അതിലേക്ക് ആരും വരാതിരിക്കുകയും ആ പോസ്റ്റുകള്‍ നിയമനം നടത്താതെ ഒഴിച്ചിടുകയും ചെയ്യുന്നതിനെതിരെ കേസ് നടന്നതുമാണ്. എന്നാല്‍, ഇത്തവണയും അതു തുടരുകയും ആ പോസ്റ്റ് ഒഴിച്ചിടുകയും ചെയ്തു. നമ്മളെ എടുക്കരുത് എന്ന സ്ട്രാറ്റജിയുടെ ഭാഗമായി നേരത്തെ പ്ലാന്‍ ചെയ്യുന്ന കാര്യമായിട്ടാണ് എനിക്കു തോന്നിയത്. ആ ഇന്റര്‍വ്യൂവില്‍ 14 പേരില്‍ ഒരു എസ്.സി വിഭാഗത്തില്‍പ്പെട്ടയാള്‍ മാത്രമാണ് പങ്കെടുത്തത്. അദ്ദേഹം റാങ്ക് ലിസ്റ്റില്‍ ഒന്നാമതായി. യൂണിവേഴ്സിറ്റി ചെയ്തത് അത് ജനറല്‍ കാറ്റഗറിയായി പരിഗണിക്കുകയും എസ്.സി റിസര്‍വ്വേഷന്‍ ഒഴിച്ചിടുകയുമാണ്. അങ്ങനെ നാലും അഞ്ചും സീറ്റുകളില്‍ നിയമനം നടത്താതെ വിട്ടു. ഇതൊക്കെ നോക്കുമ്പോള്‍ വളരെ ആസൂത്രിതമായി നടപ്പാക്കിയ കാര്യമാണ് എന്നു തോന്നുന്നു. 

ഇന്റര്‍വ്യൂവിലൊക്കെ വലിയ രീതിയില്‍ ഹരാസ് ചെയ്യുകയാണ് ചെയ്തത്. ഞാന്‍ കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. നാല് ഇന്റര്‍നാഷണല്‍ സെമിനാറുകള്‍ ചെയ്തിട്ടുണ്ട്. യു.ജി.സി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുണ്ട്. നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ മൂന്നോ നാലോ നാടകങ്ങള്‍ കേരളത്തിലും പുറത്തും ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെലുകളില്‍ കളിച്ചിട്ടുണ്ട്. വിദേശ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിട്ടുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലാണ് പിഎച്ച്.ഡി. ഇത്രയൊക്കെ ഉള്ള ഞാന്‍ ഇങ്ങനെയൊരു അപമാനം സഹിക്കേണ്ടിവരും എന്നു പ്രതീക്ഷിച്ചില്ല. എന്റെ യോഗ്യതകളുടെ ഒരു വലിയ ഫയല്‍ തന്നെ എന്റെ കയ്യിലുണ്ടായിരുന്നു. എന്നാല്‍, എന്നോട് ഇന്റര്‍വ്യൂവില്‍ ചോദിച്ച ചോദ്യം എന്താണ് ഡ്രാമ? എന്നാണ്. കളിയാക്കാന്‍ വേണ്ടിയൊക്കെ ചോദിക്കില്ലേ, അതുപോലെ. എന്തു മറുപടിയാണ് പറയേണ്ടത്. എന്നെ പരിഹസിച്ച് മാനസികനില തകര്‍ക്കുന്ന രീതിയിലേക്ക് ഇന്റര്‍വ്യൂ കൊണ്ടുപോകാനുള്ള പ്ലാന്‍ പോലെയായിരുന്നു. എന്റെ ഗൈഡ് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നു. ഇന്റര്‍വ്യുവിനു കയറിയപ്പോള്‍ ആദ്യം തന്നെ ഞാന്‍ ഇയാളുടെ ഗൈഡ് ആണെന്നു പറഞ്ഞിട്ടാണ് തുടങ്ങുന്നത്. അങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. പിന്നെ എന്റെ വര്‍ക്കൊന്നും കാണിക്കേണ്ടതില്ല എന്നാണ് എന്നോട് പറഞ്ഞത്. നിങ്ങള്‍ ചെയ്ത കാര്യങ്ങളൊക്കെ എനിക്കറിയാം എന്ന്. ഞാന്‍ ഇതുവരെ ചെയ്ത വര്‍ക്കിനെപ്പറ്റി സംസാരിക്കേണ്ടെങ്കില്‍പ്പിന്നെ ഞാന്‍ എന്താണ് അവിടെ പറയേണ്ടത്. ഇതുവരെയുള്ള വര്‍ക്കിന്റെ വീഡിയോ പോര്‍ട്ട്ഫോളിയോ ഉണ്ടാക്കി ഞാന്‍ കൊണ്ടുപോയിരുന്നു. പക്ഷേ, അതൊന്നും അവര്‍ക്ക് കാണണ്ട. എന്നിട്ടാണ് എന്നോട് കളിയാക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. ജോലി കിട്ടുക എന്നതിലുപരി ആളുകളെ അപമാനിക്കുന്ന ഒരു പ്രക്രിയ യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് ശരിയല്ല. 

നിയമനങ്ങളിലൊന്നും സംവരണ റോസ്റ്റര്‍ പുറത്തിറക്കുകയോ പാലിക്കപ്പെടുകയോ ചെയ്യുന്നില്ല. അങ്ങനെയാണെങ്കില്‍ എല്ലാ ഒഴിവുകളും നികത്തപ്പെടും. ബാക്ക്ലോഗ് ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാനാണല്ലോ ഇതു പാലിക്കപ്പെടണം എന്നു പറയുന്നത്. അല്ലാതെ വീണ്ടും ബാക്ക് ലോഗ് കൊണ്ടുവരാനല്ല. രണ്ട് തരത്തിലാണ് യൂണിവേഴ്സിറ്റിയുടെ നിയമന മാനദണ്ഡങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ക്കൂടി അറിഞ്ഞത്. ഒന്ന്, പി.എസ്.സി മാനദണ്ഡം അനുസരിച്ചാണ് റൊട്ടേഷന്‍ എന്നാണ്. അങ്ങനെയാണെങ്കില്‍ ഒന്നിടവിട്ട് ജനറല്‍ കാറ്റഗറിയിലുള്ള ആളുകള്‍ക്ക് ജോലികിട്ടും. അത് ഇതിനകത്ത് വരുന്നില്ല. മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ മൂന്ന് ജനറല്‍ കാറ്റഗറിയായിരുന്നു. തിയേറ്ററില്‍ ഒന്നും മൂന്നും ജനറലും പിന്നെ വരുന്ന നാലും അഞ്ചും റിസര്‍വ്വേഷനാണ്. പി.എസ്.സി മാനദണ്ഡമാണ് പാലിക്കുന്നതെങ്കില്‍ അഞ്ചാമത്തേത് ജനറല്‍ അല്ലേ വരേണ്ടത്. അങ്ങനെയല്ല നടന്നത്. അങ്ങനെയാണെങ്കില്‍ എനിക്ക് നിയമനം കിട്ടേണ്ടതാണ്. പിന്നെ പറയുന്നത് ഒറ്റ യൂണിറ്റായി കണക്കാക്കി പാലിക്കുകയാണ് എന്നാണ്. അങ്ങനെയാണെങ്കില്‍ ഒഴിച്ചിടേണ്ട കാര്യം വരില്ല. 82 എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. പിന്നെ എങ്ങനെയാണ് എസ്.സി പോസ്റ്റുകള്‍ ഒഴിച്ചിടുന്നത്. അതുപോലെതന്നെ പി.എച്ചിലും വേറെ ഒഴിവുണ്ടെങ്കില്‍ അയാള്‍ക്കവിടെ ജോലി കിട്ടണം. അങ്ങനെയല്ലേ അതിന്റെ രീതി. ഇതിന്റെയൊക്കെ പിന്നില്‍ വലിയ രീതിയില്‍ പണം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടതാണ്. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലും ഇതു തന്നെയാണ് സ്ഥിതി. എന്നെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും സംവരണ റൊട്ടേഷന്‍ വന്നതുകൊണ്ടാണ് കിട്ടാതെ പോയത് എന്ന രീതിയിലേക്ക് വരുത്തുകയുമാണ് ചെയ്തത്.

ഇതുവരെയുള്ള ഒഴിവുകള്‍ ഈ നിയമനങ്ങളിലൂടെ നികത്തും എന്നും നോട്ടിഫിക്കേഷനില്‍ പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ നിയമനം നടത്താതെ ഒഴിച്ചിടുന്നതെങ്ങനെയാണ്. തിയേറ്ററിന്റെ റാങ്ക് പട്ടികയില്‍ എം.എ മ്യൂസിക് യോഗ്യതയുള്ള ആളെ വരെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുപോലെ പല രീതിയില്‍ അവിടെ ക്രമക്കേടുകളും കളികളും ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കലും നടക്കുന്നുണ്ട് എന്നു തോന്നിയതുകൊണ്ടാണ് ഹൈക്കോടതിയില്‍ കേസിനു പോയത്. ഇതൊരു പേഴ്സണല്‍ ഫൈറ്റ് അല്ല. സോഷ്യല്‍ ഫൈറ്റായിട്ടാണ് ഞാന്‍ കാണുന്നത്. ഇത് ഇങ്ങനെ ആയിക്കൂട എന്നതുകൊണ്ടുതന്നെ കേസുമായി മുന്നോട്ടുപോകും.'' 

നാലാം റാങ്ക്, നാലൊഴിവ് എന്നിട്ടും നിയമനമില്ല

ആര്‍. രഞ്ജിത്ത്  (അസിസ്റ്റന്റ് പ്രൊഫസര്‍ ഐ.ഐ.എം റാഞ്ചി)

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിയമനം ലഭിക്കാതിരിക്കുകയും ശേഷം റാഞ്ചി ഐ.ഐ.എമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിക്കുകയും ചെയ്തതോടെ രഞ്ജിത്തിന്റെ അനുഭവങ്ങള്‍ വലിയ ചര്‍ച്ചയായി. ഇക്കണോമിക്‌സ് വിഭാഗത്തില്‍ നാലാംറാങ്ക്. നാലൊഴിവുണ്ടായിട്ടും നിയമനം ലഭിച്ചില്ല. ഒരു പോസ്റ്റ് ഒഴിച്ചിടുകയായിരുന്നു. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും എം.എയും മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് പിഎച്ച്.ഡിയും. നിയമന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രഞ്ജിത്ത് നല്‍കിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നു.

''അപേക്ഷിക്കുന്ന സമയത്ത് ഞാന്‍ പിഎച്ച്.ഡി പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍, ഇന്റര്‍വ്യൂ സമയത്ത് പിഎച്ച്.ഡി സര്‍ട്ടിഫിക്കറ്റും മൂന്ന് ജേണല്‍ പബ്ലിക്കേഷനുമടക്കം നല്‍കി. സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്യുന്ന സമയത്ത് പിഎച്ച്.ഡി കിട്ടിയ കാര്യം പറഞ്ഞെങ്കിലും അപേക്ഷയില്‍ കാണിച്ച യോഗ്യതകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം കാണിച്ചാല്‍ മതിയെന്നും പിഎച്ച്.ഡിയുടെ കാര്യം ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ പറഞ്ഞാല്‍ മതിയെന്നുമാണ് പറഞ്ഞത്. ബോര്‍ഡിനു മുന്‍പില്‍ ഇക്കാര്യം ഞാന്‍ പറഞ്ഞു. എന്റെ പബ്ലിക്കേഷനൊന്നും നോക്കാന്‍പോലും അവര്‍ തയ്യാറായിരുന്നില്ല. പിഎച്ച്.ഡിയുടെ കാര്യം ഞാന്‍ പറഞ്ഞിട്ടും ബോര്‍ഡംഗങ്ങള്‍ തമ്മില്‍ അപേക്ഷയില്‍ പിഎച്ച്.ഡിയുടെ കാര്യം പറഞ്ഞില്ല എന്നതു സംസാരിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന പിഎച്ച്.ഡി സര്‍ട്ടിഫിക്കറ്റ് അവര്‍ നോക്കിയതുമില്ല. 

നോട്ടിഫിക്കേഷനില്‍ ഇക്കണോമിക്‌സില്‍ നാലൊഴിവാണ് പറഞ്ഞത്. ഇന്റര്‍വ്യുവിനുശേഷം മൂന്നെണ്ണത്തില്‍ നിയമനം നടത്തി. അതെങ്ങനെയാണ് നിയമിച്ചത് എന്നതില്‍ അവ്യക്തതയുണ്ട്. നാലാമത്തെ സീറ്റ് എന്തുകൊണ്ട് ഒഴിച്ചിട്ടു എന്നതും വ്യക്തമല്ല. എനിക്ക് നാലാംറാങ്കായിരുന്നു. അതും ഞാന്‍ അറിഞ്ഞത് യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലൂടെയല്ല. കൃത്യമായ സമയത്ത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നടപടി പോലും ഉണ്ടായില്ല. യൂണിവേഴ്സിറ്റിയിലെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വഴിയൊക്കെയാണ് റാങ്ക് വിവരം അറിഞ്ഞതുതന്നെ. നിയമനം കൊടുത്തതിനുശേഷമാണ് യൂണിവേഴ്സിറ്റി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിലെല്ലാം ഒരു അവ്യക്തതയും ക്രമക്കേടും നടന്നു എന്നു തോന്നിയതിനാലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഐ.ഐ.എമ്മില്‍ നിയമനം ലഭിച്ച ശേഷം പല സ്ഥലങ്ങളില്‍നിന്നും ആളുകള്‍ വിളിക്കുകയും സംസാരിക്കുകയും ചെയ്‌തെങ്കിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊന്നുമുണ്ടായില്ല. ഇക്കാര്യത്തില്‍ ഒരു വിശദീകരണവും അവര്‍ ഇതുവരെ നല്‍കിയിട്ടില്ല.
 
ഇന്റര്‍വ്യൂവിനുശേഷം അതില്‍ പങ്കെടുത്ത മറ്റുള്ളവരുമായി സംസാരിച്ചപ്പോഴാണ് ഇത് ഇക്കണോമിക്‌സില്‍ മാത്രം നടന്നതല്ല എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും ഇന്റര്‍വ്യൂവിന്റെ അവസ്ഥ ഇതായിരുന്നു എന്നു മനസ്സിലായത്. അതിനുശേഷമാണ് ഇതു ഗൗരവതരമായി എടുക്കേണ്ട വിഷയമാണെന്നു തോന്നിയത്. കേസും പിന്നീട് കൃത്യമായി ഫോളോ ചെയ്യാന്‍ തുടങ്ങി. സംവരണക്രമം പാലിച്ചാണ് നിയമനം നടത്തിയതെന്നും അതുകൊണ്ടാണ് എനിക്കു നിയമനം ലഭിക്കാതിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍, അതിന്റെ സത്യാവസ്ഥ ഇപ്പോഴും അറിയില്ല. ഇവിടെ നടന്നത് എസ്.സി - എസ്.ടി തസ്തികകളൊക്കെ ഒഴിച്ചിടുകയാണ്. ബാക്ക് ലോഗും യൂണിവേഴ്സിറ്റിയില്‍ ധാരാളമുണ്ട്. യു.ജി.സി നിര്‍ദ്ദേശപ്രകാരം ഒറ്റ യൂണിറ്റായി സംവരണം നടപ്പാക്കണം എന്നാണ് പറയുന്നത്. ഏകദേശം നൂറിലധികം ഒഴിവുകള്‍ നോട്ടിഫൈ ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ ഏതു റോസ്റ്റര്‍ ഫോളോ ചെയ്താലും എസ്.സി -  എസ്.ടിയിലുള്ളവര്‍ക്ക് നിയമനം കിട്ടേണ്ടതാണ്. അപ്പോള്‍ അങ്ങനെയല്ല നടന്നത് എന്ന് ഇവിടെ കൃത്യമായി മനസ്സിലാക്കാം. ഓരോ ഡിപ്പാര്‍ട്ട്മെന്റും ഓരോ യൂണിറ്റായി കണക്കാക്കിയാണെന്നു തോന്നുന്നു ചിലയിടത്ത് നിയമനം നടത്തിയത്. അങ്ങനെ വരുമ്പോള്‍ നാല് സീറ്റുകളില്‍ ചിലപ്പോള്‍ എസ്.സി - എസ്.ടി വിഭാഗക്കാര്‍ തള്ളിപ്പോകാം. നാലാമത്തേത് ഒ.ബി.സി റിസര്‍വ്വേഷനാണെന്നും ഒ.ബി.സിക്കാരില്ലാത്തതുകൊണ്ട് ഒഴിച്ചിട്ടു എന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇക്കണോമിക്‌സില്‍ 60 ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഈ 60 പേരില്‍ ഒരു ഒ.ബി.സിക്കാരന്‍പോലും ഉണ്ടായില്ല എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇന്റര്‍വ്യൂ മാര്‍ക്ക് മാത്രം നിയമനത്തിനുള്ള യോഗ്യതയായി പരിഗണിക്കുന്ന രീതിയും ശരിയല്ല. മെറിറ്റും പരിഗണിക്കപ്പെടേണ്ടതാണ്. മൊത്തം മാര്‍ക്കില്‍ ഒരു നിശ്ചിത ശതമാനം മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ കൊടുക്കുന്നതില്‍ തെറ്റില്ല. അല്ലാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷം ഇന്റര്‍വ്യൂ മാര്‍ക്ക് മാത്രം പരിഗണിക്കപ്പെടുന്നതു ശരിയല്ല.
 
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവിടത്തെ നടപടിക്രമങ്ങളെല്ലാം സുതാര്യമായിരിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ ഒരാള്‍ മറ്റൊരാളോട് വിധേയത്വം പുലര്‍ത്തി ഒരു സ്ഥാനത്ത് കയറിപ്പറ്റിയാല്‍ നാളെയും ഇതുതന്നെയാണ് ആവര്‍ത്തിക്കുക. അതുണ്ടാവാന്‍ പാടില്ല. ഞാന്‍ കേസ് നടത്തുന്നതും വീണ്ടും എനിക്ക് അവിടെയൊരു സ്ഥാനത്തിനു വേണ്ടിയല്ല. ഇനി വരുന്നവര്‍ക്കെങ്കിലും ഇതൊരു ഉപകാരമാവണം. യൂണിവേഴ്സിറ്റിയുടെ കാര്യങ്ങള്‍ സുതാര്യമാവുകയും വേണം എന്ന അര്‍ത്ഥത്തിലാണ് കേസുമായി മുന്നോട്ട് പോകുന്നത്. എല്ലാവര്‍ക്കും കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ല, ഇതിന്റെ സാമ്പത്തിക ചെലവുകൂടി കാണേണ്ടതുണ്ട്. എനിക്ക് ആ സമയത്ത് ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപക ജോലിയുണ്ടായിരുന്നതുകൊണ്ടാണ് കേസിനു പോകാന്‍ പറ്റിയത്. ഇതിന് മുമ്പും എസ്.സി.-എസ്.ടി വിഭാഗത്തിലുള്ള ആളുകള്‍ക്ക് ഇതുപോലെ നിയമനപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം കാരണം പലര്‍ക്കും കേസുകൊടുക്കാന്‍ കഴിഞ്ഞില്ല.
 
ജോലിയില്ലാതെ ചില ഇന്റര്‍വ്യൂകള്‍ മാത്രം പ്രതീക്ഷിച്ച് നില്‍ക്കുന്നുവരുണ്ടാകും. അവര്‍ക്ക് കേസ് നടത്തുക എന്നതൊക്കെ വലിയ ബുദ്ധിമുട്ടാണ്. യൂണിവേഴ്സിറ്റിയിലെ ഇന്റര്‍വ്യൂവിന് എത്തിപ്പെടാന്‍ തന്നെ നല്ലൊരു ചെലവ് വരുന്നുണ്ട്. ഇതിനു പുറമെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചവര്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണം. ഒരോ കോഴ്സിനും ഇത് വേണം. ഇതിനൊക്കെക്കൂടി വലിയൊരു തുക ഉദ്യോഗാര്‍ത്ഥികള്‍ക്കു ചെലവാക്കേണ്ടി വരുന്നുണ്ട്. അതിനുപുറമെയാണ് കേസിനും കൂടി പോകേണ്ടിവരുന്നത്. പലപ്പോഴും യൂണിവേഴ്സിറ്റിയുടെ കേസുകള്‍ റിസല്‍ട്ടൊന്നുമില്ലാതെ അവസാനിക്കും എന്നൊരു പേടിയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com