പ്രതിപക്ഷം വീണ്ടും പ്രതിപക്ഷമായത് എങ്ങനെ 

ഭരണാനുകൂല വികാരത്തേക്കാള്‍ പ്രതിഫലിച്ചതു പ്രതിപക്ഷ വിരുദ്ധ വികാരമാണെന്നു കോണ്‍ഗ്രസ്സും യു.ഡി.എഫും സമ്മതിക്കുന്നില്ല. പുറമേയ്ക്കു വിരല്‍ ചൂണ്ടുന്നത് ചിലരിലേക്കു മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു
കെപിസിസി നേതൃത്വം ഇന്ദിരാഭവനിൽ
കെപിസിസി നേതൃത്വം ഇന്ദിരാഭവനിൽ

നത്ത തോല്‍വിയെക്കുറിച്ചു ലളിതമായി തുറന്നു പറയാന്‍ മടിച്ച് വലിയ കാരണങ്ങള്‍ അന്വേഷിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ്. ഭരണാനുകൂല വികാരത്തേക്കാള്‍ പ്രതിഫലിച്ചതു പ്രതിപക്ഷ വിരുദ്ധ വികാരമാണെന്നു കോണ്‍ഗ്രസ്സും യു.ഡി.എഫും സമ്മതിക്കുന്നില്ല. പുറമേയ്ക്കു വിരല്‍ ചൂണ്ടുന്നത് ചിലരിലേക്കു മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. പക്ഷേ, പരസ്യമായി പറയാന്‍ മടിക്കുന്ന കാരണങ്ങളും അതിനപ്പുറവും നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നു. അതൊന്നു പുറമേയ്ക്കു പറഞ്ഞു തുടങ്ങിയാല്‍ തിരുത്തലിന്റേയും തിരിച്ചുവരവിന്റേയും ആദ്യ ചുവടായേക്കും. പക്ഷേ, പറയില്ല. കേന്ദ്ര നേതൃത്വം നിയോഗിച്ച അന്വേഷണ സമിതിക്കു മുന്നിലും ഗ്രൂപ്പടിസ്ഥാനത്തിലല്ലാതെ വിശദീകരണം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പുകളികള്‍ മാറ്റിവച്ച് ഒരൊറ്റ പാര്‍ട്ടിയായി നില്‍ക്കാമെന്നൊന്നല്ല. ഒന്നല്ല പല തോല്‍വികളും മതിയാകാത്ത സ്ഥിതി. 

അറിയാനുള്ളത്, പാര്‍ട്ടിയേയും മുന്നണിയേയും നാണംകെടുത്തിയ തോല്‍വിയുടെ പേരില്‍ ഉണ്ടാകുമെന്നു പറയുന്ന പുനഃസംഘടന താഴേത്തട്ടില്‍ മാത്രമായിരിക്കുമോ എന്നാണ്. അതോ ബ്ലോക്ക് കമ്മിറ്റികള്‍ക്കു പകരം നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കുന്നതുപോലുള്ള ഘടനാപരമായ ചെറിയ മാറ്റങ്ങളില്‍ ഒതുങ്ങുമോ തിരുത്തല്‍. രമേശ് ചെന്നിത്തലയ്ക്കു ദേശീയ നേതൃപദവി, മുല്ലപ്പള്ളി രാമചന്ദ്രനു പ്രത്യേകിച്ചൊരു പദവിയുമില്ല, രാഷ്ട്രീയ വനവാസം എന്നീ രണ്ടു കാര്യപരിപാടികളിലൂന്നിയുള്ള ചര്‍ച്ചകളാണ് തെരഞ്ഞെടുപ്പിനുശേഷം ഏറ്റവുമൊടുവിലായി സജീവമായത്. പക്ഷേ, പഴയതുപോലെ സംസ്ഥാനങ്ങളില്‍ തോല്‍ക്കുകയോ തോല്‍വിക്കു കാരണക്കാരാവുകയോ ചെയ്യുന്ന നേതാക്കളെ പുനരധിവസിപ്പിക്കാവുന്ന സ്ഥിതിയിലല്ല കോണ്‍ഗ്രസ് ദേശീയ നേതൃത്വം. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയെ കേന്ദ്രത്തില്‍ കൊണ്ടുപോയി പ്രതിരോധ മന്ത്രിയാക്കിയതുപോലുള്ള നടപടികള്‍ക്കു തല്‍ക്കാലം വഴിയില്ല. ഭരണമില്ല എന്നു മാത്രമല്ല, തലയെടുപ്പും ഭദ്രതയുമുള്ള സുരക്ഷിതത്വം പ്രതിപക്ഷത്തുമില്ല. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കുക എന്ന നടപടിക്ക് - മുന്‍പ് ഉമ്മന്‍ ചാണ്ടിയോട് ചെയ്തതു പോലെ - ഉമ്മന്‍ ചാണ്ടിയെപ്പോലെ ചെന്നിത്തല നിന്നുകൊടുക്കില്ല എന്ന സൂചനകളും വ്യക്തം. മുല്ലപ്പള്ളിയുടെ കാര്യത്തിലാണെങ്കില്‍, ഈ പദവികളെല്ലാം വഹിച്ച നേതാവാണ്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്താന്‍ നേതൃത്വം നല്‍കിയതുമാണ്. തെരഞ്ഞെടുപ്പു നയിച്ചത് ഇവര്‍ ഇരുവരും മാത്രമല്ലാത്തതുകൊണ്ടുതന്നെ തങ്ങളെ മാത്രമായി പദവികളില്‍നിന്നു മാറ്റുന്നതിന്റെ യുക്തി ഇവര്‍ ദേശീയ നേതൃത്വത്തോടു ചോദിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ചോദിക്കാനൊക്കെ ഇപ്പോള്‍ പറ്റും. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെ കേരളത്തിലെ പ്രചാരണത്തില്‍ പ്രത്യേക താല്പര്യമെടുത്തവരായതുകൊണ്ട് തിരിച്ചിങ്ങോട്ടു വലിയ വര്‍ത്തമാനത്തിനൊന്നും നില്‍ക്കുകയുമില്ല. അപ്പോള്‍പ്പിന്നെ, തദ്ദേശ തെരഞ്ഞെടുപ്പിലേയും നിയമസഭാ തെരഞ്ഞെടുപ്പിലേയും തോല്‍വിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കൊടുക്കണം എന്നൊരു ടാര്‍ഗറ്റ് കൊടുത്ത് ഇപ്പോഴത്തെപ്പോലെതന്നെ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. കെ.സി. വേണുഗോപാലിനെ കേരള നേതൃത്വത്തിലേക്കു കൊണ്ടുവരികയും രണ്ടാംനിരയില്‍നിന്നു ചില നേതാക്കളെ മുകളിലേക്കു കൊണ്ടുവരികയും ചെയ്യുക എന്ന സാധ്യതകള്‍ ഇതിനിടയിലൂടെ പരിശോധിക്കാതിരുന്നില്ല. അതു വന്നതുപോലെ പോയി. മെയ് 18-നും 19-നും വിപുലമായി കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേര്‍ന്നു തോല്‍വി വിലയിരുത്തി താഴേത്തട്ടിലുള്ള നടപടികള്‍ ആദ്യം തീരുമാനിക്കാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. പക്ഷേ, ആ രണ്ടാംവട്ട രാഷ്ട്രീയകാര്യസമിതി കൊവിഡും ലോക്ഡൗണും മൂലം മാറ്റിവച്ചു. പക്ഷേ, വേണമെങ്കില്‍ മാറിയ സാഹചര്യത്തില്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗങ്ങളുമുള്‍പ്പെടെ നടത്തുന്ന രീതിയില്‍ സാങ്കേതികത്തികവുള്ള വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താവുന്നതേയുള്ളൂ. മാറിപ്പോകുന്നെങ്കില്‍ കുറച്ചുകൂടി അങ്ങനെ പോകട്ടെ എന്നു ചിന്തിക്കുന്ന വിധത്തിലാണ് ഈ നീട്ടിവയ്ക്കല്‍.

പാളയത്തിലെ പട 

തിരിച്ചുവരാന്‍ ശ്രമിക്കേണ്ട സമയത്ത് പാര്‍ട്ടിയിലേയും മുന്നണിയിലേയും ശത്രുക്കളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രാധാന്യം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനുമുണ്ടായ വലിയ തോല്‍വിയില്‍നിന്നു മുന്‍പെപ്പോഴുമെന്നതുപോലെ ഇപ്പോഴും ഒന്നും പഠിച്ചില്ല എന്നു വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടായത്. പഠിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല, അതില്‍ താല്പര്യവുമില്ല. മേയ് രണ്ടിനു തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം ഏഴിന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേര്‍ന്നു. ഇനി അഴിച്ചുപണിയാണെന്ന് അന്നു പറഞ്ഞു. മുകളിലും താഴെയുമായി ചെയ്യാനുദ്ദേശിക്കുന്ന അഴിച്ചുപണിയുടെ രൂപരേഖയുണ്ടാക്കാനാണ് വീണ്ടും ചേരാന്‍ തീരുമാനിച്ചത്. തോല്‍വി പഠിക്കുന്നതിന് സംസ്ഥാന തലത്തില്‍ ഒരു സമിതി വയ്ക്കുന്ന കാര്യം സജീവമായി പരിഗണിച്ചിരുന്നു. എന്തുകൊണ്ട് തോറ്റു? അകത്തുനിന്നുമുണ്ടായോ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍? ഓരോ മണ്ഡലത്തിലും സംഭവിച്ചതെന്തൊക്കെയാണ്? തുടങ്ങിയതെല്ലാം പഠിക്കാനാണ് ആലോചിച്ചത്. പക്ഷേ, സംസ്ഥാന സമിതി വേണ്ടെന്നും കേന്ദ്രസമിതി മതിയെന്നും കേന്ദ്രം തീരുമാനിച്ചു. അവര്‍ തോറ്റവരേയും ജയിച്ചവരേയും കണ്ടു സംസാരിക്കും. പക്ഷേ, കോണ്‍ഗ്രസ്സാണ് പാര്‍ട്ടി എന്നതുകൊണ്ട് ഈ അന്വേഷണത്തിലും പഠനത്തിലും അഴിച്ചുപണിയിലുമൊക്കെ പ്രതീക്ഷ വയ്ക്കുന്നത് അബദ്ധമായേക്കാനാണ് സാധ്യത. മുന്‍കാല അനുഭവങ്ങളാണ് സാക്ഷി. പലവട്ടം തോറ്റിട്ടുണ്ട്, വമ്പന്‍ തോല്‍വികളാല്‍ നാണംകെട്ടിട്ടുണ്ട്. അപ്പോഴൊക്കെ മുതിര്‍ന്ന നേതാക്കളുടെ അന്വേഷണ സമിതികളും ഉണ്ടായിട്ടുണ്ട്. സി.വി. പത്മരാജന്‍ സമിതി, തെന്നല ബാലകൃഷ്ണ പിള്ള സമിതി എന്നിവ ഉദാഹരണം. പക്ഷേ, ആ സമിതികള്‍ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങള്‍ വിശദമായ റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചതിനുശേഷം ഒന്നുമുണ്ടായിട്ടില്ല. അടുത്ത ജയത്തില്‍ തൊട്ടുമുന്‍പത്തെ തോല്‍വി മറക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; മുന്നണിയാണ് യു.ഡി.എഫ്. ഇപ്പോഴത്തെ പ്രധാന നേതാക്കള്‍ ശക്തരായി മാറിയ സമീപകാലത്തെ ചില ഉദാഹരണങ്ങള്‍ മാത്രം നോക്കിയാല്‍ അതു കൂടുതല്‍ വ്യക്തമാകും. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളോടെ യു.ഡി.എഫ് അധികാരത്തില്‍ വന്നു. എന്നാല്‍, തമ്മിലടിച്ച് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. കെ. കരുണാകരനും കെ. മുരളീധരനും ഉള്‍പ്പെടെ പാര്‍ട്ടി വിട്ടു. തോല്‍വിയെക്കുറിച്ചു പാര്‍ട്ടിതല അന്വേഷണമുണ്ടായി. പക്ഷേ, 2009-ലെ ജയത്തില്‍ അതിനു മുന്‍പുള്ളതെല്ലാം മറക്കുകയാണുണ്ടായത്.
 
പിന്നീട് 2011-ലെ തെരഞ്ഞെടുപ്പില്‍ വളരെച്ചെറിയ ഭൂരിപക്ഷത്തിനു മാത്രം അധികാരത്തിലെത്തിയപ്പോഴുമുണ്ടായി അന്വേഷണം. പക്ഷേ, അധികാരത്തിന്റെ ലഹരിക്ക് ഭൂരിപക്ഷക്കുറവ് മറയ്ക്കാന്‍ ശേഷിയുണ്ടായി. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയമുണ്ടായതില്‍ തൃപ്തരുമായി, 2009 മുതല്‍ കെ.പി.സി.സി അധ്യക്ഷനായ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെടുകപോലും ചെയ്തു: ''ഞാന്‍ അധ്യക്ഷനായ ശേഷം ഇത്രാമത്തെ വിജയം.'' 2016-ലെ നിയമസഭാ തോല്‍വി അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക തോല്‍വി മാത്രമായാണ് എണ്ണിയത്. 2019-ല്‍ 20-ല്‍ 19-ഉം ജയിച്ചതിന്റെ ആവേശം ഇനിയും അടങ്ങിയിട്ടുമില്ല. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പു പരാജയം, ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വി എന്നിവ ചോദിച്ചു വാങ്ങിയതാണ്. തെളിവുകളുണ്ട്. അഞ്ചു വര്‍ഷത്തിലൊരിക്കലുണ്ടാകാറുള്ള ഭരണമാറ്റത്തില്‍ അമിത പ്രതീക്ഷവച്ചായിരുന്നു നീക്കങ്ങളെല്ലാം. കേരളം നേരിട്ട മുന്‍പുണ്ടായിട്ടില്ലാത്ത അഞ്ചു വെല്ലുവിളികള്‍ കൂടി ഉള്‍പ്പെട്ട അഞ്ചു വര്‍ഷമാണ് കടന്നുപോയത് എന്നത് തങ്ങളെ തിരിച്ചടിക്കും എന്നു പ്രതിപക്ഷം ചിന്തിച്ചതേയില്ല. അതുകൊണ്ട് അതിനൊപ്പിച്ച തന്ത്രങ്ങളും രൂപപ്പെടുത്തിയില്ല. നിപ, രണ്ടു പ്രളയങ്ങള്‍, ഓഖി ചുഴലിക്കാറ്റ്, കൊവിഡ് എന്നീ വെല്ലുവിളികളെ ഗവണ്‍മെന്റ് എന്ന നിലയില്‍ സമര്‍ത്ഥമായി അഭിമുഖീകരിക്കുകയും ജനങ്ങളില്‍ ആത്മവിശ്വാസം നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു വിജയമായിരുന്നു. അത് ആദ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചതുമാണ്. അതു ശരിയായി വിലയിരുത്തുന്നതിലെ വീഴ്ചയാണ് പ്രതിപക്ഷത്തിനു തിരിച്ചടിയായത്. ബ്രൂവറിയും സ്പ്രിംഗ്ലറും മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വരെയുള്ള ആരോപണങ്ങളും സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷുമായി മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന് ഉണ്ടായിരുന്ന ബന്ധവും ആഘോഷിക്കാനാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ഒന്നൊന്നര വര്‍ഷം പൂര്‍ണ്ണമായി ചെലവിട്ടത്. ഇതില്‍ മിക്കതിലും വിവിധ കേന്ദ്ര ഏജന്‍സികള്‍ കൂടി സര്‍ക്കാരിനെ ഉന്നം വച്ചതോടെ ബി.ജെ.പിയുടേയും അജന്‍ഡ അതായി മാറി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടേയും ബി.ജെ.പിയുടേയും കേന്ദ്ര് ഏജന്‍സികളുടേയും അജന്‍ഡ പിണറായി സര്‍ക്കാരിനെ വീഴ്ത്തുക എന്ന ഒരൊറ്റ സി.പി.എം വിരുദ്ധ ലക്ഷ്യത്തിലേക്കു മാത്രം ഉന്നംവച്ചു. പക്ഷേ, ആരോപണങ്ങളെല്ലാം കോലാഹലങ്ങള്‍ മാത്രമായി മാറുകയും വളഞ്ഞിട്ട് ആക്രമിച്ചവര്‍ വോട്ടെടുപ്പില്‍ തോറ്റുപോവുകയും ചെയ്തു. ശരിയായ തിരുത്തലാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തുടങ്ങേണ്ടത് അവിടെ നിന്നാണ്. എന്തുകൊണ്ട് തങ്ങള്‍ പറഞ്ഞതിനേക്കാള്‍ ജനങ്ങള്‍ പിണറായി വിജയനും എല്‍.ഡി.എഫും പറഞ്ഞതു വിശ്വസിച്ചു എന്ന ചോദ്യത്തില്‍നിന്ന്. ആ ചോദ്യം ചോദിക്കാതെയാണ് പാര്‍ട്ടിയുടേയും മുന്നണിയുടേയും വ്യക്തികളുടേയും പിഴവുകളില്‍ തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നത്. 

ആക്രമണങ്ങള്‍, വാഴ്ത്തുമൊഴികള്‍ 

തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് തുടക്കത്തില്‍ കൂടുതല്‍ കണ്ടത്. ധര്‍മ്മടത്തു സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായ രഘുനാഥന്‍ കെ. സുധാകരനുവേണ്ടി മുല്ലപ്പള്ളിയെ കടന്നാക്രമിച്ചു. സുധാകരനെ പ്രസിഡന്റാക്കണം എന്നായിരുന്നു ആവശ്യം. ഉറക്കം തൂങ്ങി പ്രസിഡന്റിനെ നമുക്കെന്തിനാണ് എന്ന് ഹൈബി ഈഡന്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. യഥാര്‍ത്ഥത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ മുല്ലപ്പള്ളിയെ അടുപ്പിക്കാതിരുന്നവര്‍ മറഞ്ഞുനിന്ന് മറ്റുള്ളവരെക്കൊണ്ട് മുല്ലപ്പള്ളിക്കെതിരെ പറയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തില്‍ ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞത് നമ്മള്‍ ഉറപ്പായും ജയിക്കും; അഥവാ തോറ്റുപോയാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കായിരിക്കും എന്നാണ്. എന്നാല്‍, ഫലം വന്നു കഴിഞ്ഞ് അങ്ങനെയൊരു വാക്കും പറഞ്ഞില്ല അദ്ദേഹം. പ്രതിപക്ഷ നേതാവിന്റെ വാട്സാപ് ഗ്രൂപ്പിന്റെ പേര് ലീഡര്‍ - ഒപ്പോസിഷന്‍ എന്നതിനു പകരം രമേശ് ചെന്നിത്തല എന്നാക്കുക മാത്രമാണ് ചെയ്തത്.

ഹൈക്കമാന്‍ഡ് ഇടപെട്ട് തെരഞ്ഞെടുപ്പു പ്രചാരണ മേല്‍നോട്ടത്തിന് പത്തംഗ സമിതി രൂപീകരിച്ചിരുന്നു. ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടി. എന്നാല്‍, അദ്ദേഹവും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. സ്വന്തം മണ്ഡലത്തില്‍ ഒരു കിളുന്നു പയ്യനോട് മത്സരിച്ച് കുത്തനെ ഭൂരിപക്ഷം കുറഞ്ഞതിന്റെ അപമാനം കൂടിയുണ്ട് പുറമെ. മേല്‍നോട്ട സമിതിയിലെ അംഗങ്ങള്‍ മാത്രമായിരുന്നു മുല്ലപ്പള്ളി. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.എം. സുധീരന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവരെക്കാള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്കാണ്. പ്രചാരണത്തിന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞുപോയി. ഉറപ്പാണ് എല്‍.ഡി.എഫ് എന്ന പ്രചാരണവാക്യത്തിനു മറുപടിയായി പുറത്തിറക്കിയ ''നാടുനന്നാക്കാന്‍ യു.ഡി.എഫ്'' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹമുള്‍പ്പെടെയുള്ള നേതാക്കള്‍ താല്പര്യമെടുത്തില്ല.
 
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ അനുഭവ സമ്പത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു സഹായകമാകും എന്നാണ് മുസ്ലിംലീഗ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അന്ന് പറഞ്ഞത്. കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനം ധാര്‍മ്മികശക്തി പകരും, താഴേത്തട്ടിലെ സ്പന്ദനം അറിയുന്ന നേതാവാണ്, കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും വളരെ സ്വാഗതാര്‍ഹമായ തീരുമാനമാണ് എന്നും പറഞ്ഞു. ഇപ്പോള്‍ അതൊന്നും തിരിച്ചെടുക്കാനാകാതെ പരുങ്ങുകയാണ് ലീഗ്. കോണ്‍ഗ്രസ്സും ലീഗും പരസ്പരം മുഖാമുഖം നോക്കി തെരഞ്ഞെടുപ്പു വിലയിരുത്തല്‍ നടത്തുന്നില്ല. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും എതിരെ ഉമ്മന്‍ ചാണ്ടിയെ വീണ്ടും രംഗത്തിറക്കി അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ ഉത്തരവാദിത്തം ലീഗിനു കൂടിയുണ്ട്. അതാണ് കാരണം. 

സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പേ തിരിച്ചെത്തിച്ച് അദ്ദേഹത്തിന്റെ അപദാനങ്ങള്‍ തുടര്‍ച്ചയായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറച്ചു. നിയമസഭയില്‍ 50-ാം വര്‍ഷം ആഘോഷമാക്കിയത് ഈ തിരിച്ചുവരവ് പ്രഖ്യാപനം കൂടിയായിരുന്നു. അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാനുള്ള സ്വാഭാവിക സാധ്യതയ്ക്കും അവസരത്തിനും മേല്‍ സംശയത്തിന്റെ മറതീര്‍ത്തു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ നിരവധി യോഗങ്ങളില്‍ പങ്കെടുത്തു. ഇത്രയ്ക്കു രാഹുല്‍ ഗാന്ധി പ്രാധാന്യം കൊടുത്ത തെരഞ്ഞെടുപ്പു വേറെയില്ല സമീപകാലത്ത്. എ.കെ. ആന്റണി ദിവസങ്ങളോളം കേരളത്തില്‍ തങ്ങി നിരവധി പൊതുയോഗങ്ങളില്‍ പങ്കെടുത്തു. 

ഗ്രൂപ്പു പോര് ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന കാലം കൂടിയാണ് കടന്നുപോയത്. പ്രസിഡന്റായി ചുമതലയേറ്റ് ഒന്നര വര്‍ഷമയിട്ടും കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കാന്‍ മുല്ലപ്പള്ളിക്ക് സാധിച്ചില്ല. ഗ്രൂപ്പുകളാണ് അതിനു തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരുന്നത്. എ, ഐ ഗ്രൂപ്പുകള്‍ ഭാരവാഹിപ്പട്ടികയിലേക്കു നല്‍കിയ ജംബോ ലിസ്റ്റ് തന്നെ ആയിരുന്നു പ്രധാന കാരണം. കെ.സി. ജോസഫ് ഉമ്മന്‍ ചാണ്ടിയെ പ്രതിനിധീകരിച്ചും ശൂരനാട് രാജശേഖന്‍ രമേശ് ചെന്നിത്തലയെ പ്രതിനിധീകരിച്ചും ആളെണ്ണം കൂടിയ പട്ടിക പുതുക്കി നല്‍കിക്കൊണ്ടിരുന്നു. പരമാവധി 25 പേരെയേ ഭാരവാഹികളാക്കൂ എന്ന മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ ഗ്രൂപ്പുകള്‍ ചെറിയ സമ്മര്‍ദ്ദമൊന്നുമല്ല ചെലുത്തിയത്. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് മുല്ലപ്പള്ളി ജംബോ കമ്മിറ്റി അംഗീകരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പു ഫലം വന്ന പിന്നാലെ അതേ കെ.സി. ജോസഫ് മുല്ലപ്പള്ളിക്കെതിരെ പരസ്യ പ്രസ്താവന നടത്തി. ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ച ഹൈബി ഈഡന്‍, കെ. മുരളീധരനേയും കെ. സുധാകരനേയും അടൂര്‍ പ്രകാശിനേയും പോലെതന്നെ തിരിച്ചു നിയമസഭയിലേക്കു വരാനും 'മന്ത്രിയാകാനും' ആഗ്രഹിച്ചിരുന്നു. പക്ഷേ, കെ.പി.സി.സി പ്രസിഡന്റ് അതിനെ എതിര്‍ത്തു. അതാണ് മുല്ലപ്പള്ളിയെ ഉറക്കംതൂങ്ങി എന്ന് ആക്ഷേപിക്കാനുള്ള പ്രകോപനം. അവസരം കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു തോല്‍വി വീണുകിട്ടിയ അവസരമാക്കി മാറ്റുകയും ചെയ്തു. 

രാഹുല്‍ പോയ വഴി 

രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കും എന്നു പ്രതീക്ഷിച്ചാണ് കേരളത്തിലെ നേതാക്കള്‍ തെരഞ്ഞെടുപ്പുകാലം മുഴുവനും തള്ളി നീക്കിയത്. എന്നാല്‍, രാഹുല്‍ ഗാന്ധി നയിക്കുന്ന കേന്ദ്രത്തിലും കോണ്‍ഗ്രസ് സംഘടനാപരമായി എത്രത്തോളം ദുര്‍ബ്ബലമാണ് എന്നതിന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന്റെ അനുഭവമാണ് മികച്ച ഉദാഹരണം. ആറു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ച അവര്‍ക്ക് ഇപ്പോഴും എ.ഐ.സി.സി അംഗത്തിനു ലഭിക്കേണ്ട മുഴുവന്‍ കത്തിടപാടുകളും ലഭിക്കുന്നു. എ.ഐ.സി.സി അംഗമായിരിക്കെ കോണ്‍ഗ്രസ് ആസ്ഥാനത്തെ എല്ലാ ആശയവിനിമ പട്ടികകളിലും ഉള്‍പ്പെടുത്തിയ ഒരു നേതാവ് പാര്‍ട്ടി വിട്ടതും മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതുമൊന്നും അറിയേണ്ടവര്‍ അറിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് എത്രയോ മാറാനിരിക്കുന്നു എന്നതിന് ഇതിലപ്പുറം തെളിവ് എന്താണ് വേണ്ടതെന്ന് ഷാഹിദാ കമാല്‍ ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ഉണ്ടായത് അടുത്ത കാലത്തൊന്നും പരിഹരിക്കാന്‍ കഴിയുന്ന തകര്‍ച്ചയല്ലെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തിരുവല്ലം ഭാസി ചൂണ്ടിക്കാട്ടുന്നു: ''തകര്‍ച്ച പരിഹരിക്കണമെങ്കില്‍ അതിന്റെ കാരണങ്ങള്‍ ആഴത്തില്‍ പഠിക്കണം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അത്തരം ആഴത്തിലുള്ള പഠനങ്ങളൊന്നും നടത്തിയിട്ടില്ല, പേരിനു നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രായോഗിക പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയിട്ടുമില്ല.'' 

യഥാര്‍ത്ഥത്തില്‍ മുല്ലപ്പള്ളി വന്നശേഷമാണ് സംസ്ഥാന കോണ്‍ഗ്രസ്സിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളും സജീവമാക്കിയതെന്ന് ഗ്രൂപ്പുകളില്‍ അമിത താല്പര്യമില്ലാത്ത നേതാക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരില്‍ വന്‍ ക്യാംപെയ്നാണ് നടത്തിയത്. 25,000 ബൂത്തു കമ്മിറ്റികളുടേയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് സ്ത്രീകളെ ഉള്‍പ്പെടുത്തി. ഇതൊരു ചരിത്രമാണെന്ന് അന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് നിരവധി വേദികളില്‍ അഭിനന്ദിച്ചു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനു സിറ്റിംഗ് സീറ്റും കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തിന് കോഴിക്കോട് നോര്‍ത്ത് സീറ്റും നല്‍കിയപ്പോള്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിന് സീറ്റുറപ്പാക്കാന്‍ കെ.പി.സി.സി പ്രസിഡന്റിനു കഴിയാതെപോയി. എ ഗ്രൂപ്പുകാരിയായിരുന്ന ലതികയ്ക്കുവേണ്ടി മുല്ലപ്പള്ളി വാദിച്ചിട്ടും ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫിനു കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി വാശി പിടിച്ചതിലെ ദുരൂഹത ബാക്കിയാണ്, ഇക്കാര്യത്തിലും മുല്ലപ്പള്ളിയുടെ വാക്കിനു വിലകൊടുത്തില്ല. പക്ഷേ, ലതികാ സുഭാഷ് പ്രതിഷേധം അറിയിച്ച് ഇന്ദിരാ ഭവനു മുന്നില്‍ തലമുണ്ഡനം ചെയ്തപ്പോള്‍ അതിനു വേറെ വല്ല കാരണവും ഉണ്ടാകും എന്നു പറഞ്ഞ് മുല്ലപ്പള്ളി സ്ത്രീവോട്ടര്‍മാരുടെ മനസ്സില്‍ വില്ലനായി മാറി. കായംകുളത്ത് സ്ഥാനാര്‍ത്ഥി അരിതാ ബാബു ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങളേയും ചെറുപ്പക്കാരേയും നാടകീയമായി അവതരിപ്പിച്ചു കയ്യടി നേടിയതിന്റെ തൊട്ടടുത്ത നിമിഷത്തിലായിരുന്നു ഈ വീഴ്ച. എന്നാല്‍, തോല്‍വിയുടെ മൊത്തം ചുമതല ചുമലില്‍ കെട്ടിവയ്ക്കുന്നതിനു നിന്നുകൊടുക്കാന്‍ മുല്ലപ്പള്ളി തയ്യാറല്ല. ''ഹൈക്കമാന്റാണ് എന്നെ കെ.പി.സി.സി പ്രസിഡന്റാക്കിയത്. ഹൈക്കമാന്റ് പറയുന്നതുപോലെ ചെയ്യും. ആരൊക്കെയാണ് തോല്‍വിയുടെ കാരണക്കാര്‍ എന്ന് ഹൈക്കമാന്റിനു നന്നായി അറിയാം. എന്റെ രക്തം വേണമെങ്കില്‍ രക്തവും ജീവന്‍ വേണമെങ്കില്‍ ജീവനും വരെ നല്‍കാന്‍ തയ്യാറാണ്. പക്ഷേ, കൃത്യമായും ഉത്തരവാദിത്വം നിര്‍ണ്ണയിക്കണം. ആരൊക്കെ, എന്തൊക്കെ ചെയ്തു എന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും മനസ്സിലാകണം'' - മുല്ലപ്പള്ളി പറയുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊണ്ടുവന്നിട്ടും അതിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷനോട് ഒരു നല്ല വാക്കുപോലും ആരും പറഞ്ഞിരുന്നില്ല. അത് കണക്കിലെടുക്കാതിരിക്കുമ്പോഴാണ് തോല്‍വിയുടെ പേരിലുള്ള കടന്നാക്രമണം. അത് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. 20-ല്‍ 19 സീറ്റുകളിലും തോറ്റതിന്റെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ മുഖ്യമന്ത്രി പിണറായി വിജയനോ രാജിവയ്ക്കണം എന്നൊരു ആവശ്യം സി.പി.എമ്മിലോ എല്‍.ഡി.എഫിലോ ഉയര്‍ന്നില്ലെന്നും അദ്ദേഹം അടുത്ത സഹപ്രവര്‍ത്തകരോടു ചൂണ്ടിക്കാട്ടിയതായാണ് വിവരം. കൂട്ടായ നേതൃത്വം എന്നു പറയുകയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. മുല്ലപ്പള്ളിയെ മൂന്നാമന്‍ മാത്രമാക്കി. എം.എം. ഹസനെ നാലാമന്‍ പോലുമാക്കാതെ അവഗണിച്ചു. മേല്‍നോട്ട സമിതിയില്‍പ്പോലും യു.ഡി.എഫ് കണ്‍വീനറെ ഉള്‍പ്പെടുത്തിയില്ല. ആ സമിതിയില്‍ ഒരൊറ്റ വനിതാ നോതാവുപോലും ഉണ്ടായിരുന്നുമില്ല.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്നു തിരിച്ചുവരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ്സും മുസ്ലിംലീഗും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, പക്ഷേ, തോല്‍ക്കുമ്പോള്‍ എപ്പോഴും കോണ്‍ഗ്രസ്സില്‍ ഉണ്ടാകാറുള്ള തമ്മിലടി തുടരുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ തുടങ്ങിയ പോര് രണ്ടാംദിവസം ഹൈക്കമാന്‍ഡ് വിലക്കേണ്ടി വന്നു. പക്ഷേ, അകം പുകഞ്ഞുതന്നെയാണ് നിന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വം പരമാവധി വഷളാകട്ടെ എന്നു തീരുമാനിച്ച ഭാവമായിരുന്നു എ ഗ്രൂപ്പിന്. ഉമ്മന്‍ ചാണ്ടി ആയിരുന്നു പ്രതിപക്ഷ നേതാവെങ്കില്‍ എന്ന് ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പറയാതെ പറയുകയും ചെയ്തു. അതു മനസ്സിലായതുകൊണ്ട് മുഖ്യമന്ത്രിയാകുന്നെങ്കില്‍ താന്‍ തന്നെ എന്നുറപ്പിച്ചാണ് രമേശ് ചെന്നിത്തല നീങ്ങിയത്. 

തന്നെ വളഞ്ഞിട്ട് ആക്രമിക്കാന്‍ താനെന്തു തെറ്റു ചെയ്തു എന്നു തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാരാധീനനായി പ്രതികരിച്ചു. കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ദോഷം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനു മുന്‍കയ്യെടുത്തു എന്ന പേരിലാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അനഭിമതനായി മാറിയത്. കെ. സുധാകരനും കെ. മുരളീധരനും അന്നുമുതല്‍തന്നെ കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ നോട്ടമുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നിയമസഭയില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ കക്ഷിയായി മുസ്ലിംലീഗ് മാറിയേക്കും എന്ന സി.പി.എം പ്രചരണത്തെ വേണ്ടവിധം ചെറുക്കാന്‍ കോണ്‍ഗ്രസ്സിനും ലീഗിനും കഴിഞ്ഞില്ല. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കാനുള്ള തീരുമാനം വന്നതോടെ ആ ചര്‍ച്ചയ്ക്കു ശക്തി വര്‍ദ്ധിച്ചു. ഇതൊക്കെ നെഗറ്റീവ് വോട്ടായി മാറി. പക്ഷേ, ഇപ്പോഴും കോണ്‍ഗ്രസ് സ്വന്തം വ്യക്തിത്വം തിരിച്ചുപിടിച്ചിട്ടു വേണം മുന്നണി ശക്തിപ്പെടുത്താന്‍ എന്നു ചിന്തിക്കുന്നതായി സൂചനകളില്ല. ഗ്രൂപ്പ് പോര് എന്ന ശാപത്തില്‍നിന്നു കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാനാകാത്ത നിസ്സഹായതയുടെ പേരായി ദേശീയ നേതൃത്വം മാറുകയും ചെയ്തിരിക്കുന്നു.

രണ്ടാം നിരയുടെ സ്ഥിതിയും പരിതാപകരം 

തിരുവല്ലം ഭാസി  
(ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ മുതിര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍)

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചു പ്രതീക്ഷ നല്‍കുന്ന ഒന്നുംതന്നെ ഇല്ല. എങ്ങനെ തിരിച്ചുവരും, എവിടെയാണ് തിരിച്ചുവരവിനു തുടക്കം കുറിക്കേണ്ടത് എന്നതാണ് ആദ്യം അന്വേഷിക്കേണ്ടത്. ആഴത്തില്‍ പരിശോധിക്കണം.

കെ. കരുണാകരനെ കോണ്‍ഗ്രസ്സില്‍നിന്നു പടിയിറക്കിവിട്ടതു മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്സിന്റെ നാശം. അദ്ദേഹം കോണ്‍ഗ്രസ്സിന് ഒരുപാടു സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളില്‍ പാര്‍ട്ടിയില്‍ പലര്‍ക്കും വിയോജിപ്പുമുണ്ടായിട്ടുണ്ട്. പക്ഷേ, അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഒരു വലിയ മതേതര മുഖമായിരുന്നു. ആ യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാകില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും വേദികളില്‍ അദ്ദേഹത്തിനു സ്വീകാര്യത ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങളുടേയും ഭൂരിപക്ഷ വിഭാഗത്തിലെ എല്ലാ സമുദായങ്ങളിലും അദ്ദേഹം സ്വീകാര്യനായിരുന്നു. ഇന്നുള്ള പല നേതാക്കള്‍ക്കുമുള്ള വളഞ്ഞ വഴികള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു; കുറേ സത്യസന്ധതയുണ്ടായിരുന്നു. ആ സ്ഥാനത്ത് രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും തീരെ ചിന്തിക്കാന്‍ കഴിയില്ല. എല്ലാ വിധത്തിലും കുത്തഴിഞ്ഞ രാഷ്ട്രീയധാരയിലാണ് അവരൊക്കെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവരെ മാറ്റാമെന്നോ അവര്‍ മാറുമെന്നോ ധരിച്ചിട്ടു കാര്യമില്ല. 

സീറ്റുകള്‍ കുറഞ്ഞെങ്കിലും ശതമാനക്കണക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും പിന്തുണ വലിയ തോതില്‍ കുറഞ്ഞിട്ടില്ല എന്ന വാദമുണ്ട്. ശരിയാണ്, അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നു വലിയ തോതില്‍ ആളുകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട് എന്നാണ്. പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങള്‍. സവര്‍ണ്ണ സമുദായങ്ങള്‍ കോണ്‍ഗ്രസ്സിനെ മിക്കവാറും കയ്യൊഴിഞ്ഞ് ബി.ജെ.പിയില്‍ ചേക്കേറിത്തുടങ്ങി. പിന്നാക്ക വിഭാഗങ്ങളും ദളിതുകളും ന്യൂനപക്ഷങ്ങളുമാണ് കോണ്‍ഗ്രസ്സിനു ജീവന്‍ നല്‍കി നിലനിര്‍ത്തുന്നത്. 

കോണ്‍ഗ്രസ്സിനെ തിരിച്ചുകൊണ്ടുവരാന്‍ രണ്ടാംനിര നേതൃത്വം വേണം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ രണ്ടാംനിരയും പരിതാപകരമായ അവസ്ഥയിലാണ്. അവരെയും ഒന്നാം നിരക്കാല്‍ മലീമസമാക്കിക്കഴിഞ്ഞു. ഒന്നാംനിരക്കാരുടെ പിണിയാളുകളും പെട്ടിയെടുപ്പുകാരുമായി വലിയൊരു വിഭാഗം മാറിക്കഴിഞ്ഞു. സ്വതന്ത്ര കാഴ്ചപ്പാടുള്ള രണ്ടാംനിര നേതാക്കള്‍ അപൂര്‍വ്വമാണ്.

കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയിലാണ്. ഇതാര്‍ക്കും വേഗത്തില്‍ മനസ്സിലാക്കാനാകും. എത്ര കോളേജുകളിലും സര്‍വ്വകലാശാലകളിലും കെ.എസ്.യു ഉണ്ട്? കെ.എസ്.യുവില്‍നിന്നാണല്ലോ കോണ്‍ഗ്രസ്സിലെ അടുത്ത തലമുറ വരേണ്ടത്. യൂത്ത് കോണ്‍ഗ്രസ്സാകട്ടെ റെഡിമെയ്ഡ് സമരങ്ങള്‍ മാത്രം നടത്തി കാലം പോക്കുകയാണ്. ഓരോ നേതാക്കളുടെ ഗ്രൂപ്പുകളില്‍നിന്നു കുറേപ്പേര്‍ പങ്കെടുക്കും. പത്രങ്ങളില്‍ തലക്കെട്ടു വരുന്നവിധം ഒരു സംഘര്‍ഷമോ അടിയോ ഉണ്ടാക്കും. അടിസ്ഥാനവിഷയങ്ങളില്‍ ഒരു സമരവുമില്ല. മറുവശത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായാണ് തെരഞ്ഞെടുപ്പിലെ മികച്ച വിജയങ്ങള്‍ ഉണ്ടാകുന്നത്. 

കോണ്‍ഗ്രസ്സിനേയും യു.ഡി.എഫിനേയും ഇത്രയേറെ നശിപ്പിച്ചതില്‍ അവര്‍ക്കുവേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങള്‍ക്കുമുണ്ട് പങ്ക്. യു.ഡി.എഫിനെ സഹായിക്കാന്‍ അവരുണ്ടാക്കുന്ന ഓരോ നുണക്കഥകളും ചെന്നു പതിക്കുന്നത് കോണ്‍ഗ്രസ്സിന്റെ നാശത്തിലേക്കാണ്. കോണ്‍ഗ്രസ്സിനെ സഹായിക്കാനും ഇടതുപക്ഷത്തെ തകര്‍ക്കാനുമാണ് അവരിതൊക്കെ ചെയ്യുന്നത്. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്കറിയാം ഇതിന്റെയൊക്കെ പിന്നിലെ ഉദ്ദേശ്യമെന്തെന്ന്. ഇവരുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നു കൂട്ടുനിന്ന് ഇവര്‍ പറയുന്നതില്‍ സത്യമേത് കള്ളമേതെന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയിലായി. ഇവര്‍ സത്യം പറഞ്ഞാലും ജനം വിശ്വസിക്കാത്ത സ്ഥിതിയായി. അതുകൊണ്ട് കോണ്‍ഗ്രസ് ആദ്യമായി ഈ മാധ്യമങ്ങളുടെ തടവറയില്‍നിന്നു പുറത്തുവരണം. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. കാലം മാറിയെന്ന് ഈ മാധ്യമങ്ങള്‍ മനസ്സിലാക്കുന്നില്ല. ഓരോ വ്യക്തിയും ഇന്ന് ഓരോ മാധ്യമമാണ്. കള്ളക്കഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ അപ്പപ്പോള്‍ പുറത്തുകൊണ്ടുവരും. കോണ്‍ഗ്രസ് മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, ബി.ജെ.പി എന്ന വര്‍ഗ്ഗീയശക്തി തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ദുര്‍ബ്ബലരല്ല എന്നതാണ്. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബ്ബലമാകുന്നത് അവരെ കൂടുതല്‍ ശക്തിപ്പെടുത്തും.

കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചത് നേതാക്കള്‍

ഡോ. ഷാഹിദാ കമാല്‍ 
(കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്ന മുന്‍ എ.ഐ.സി.സി അംഗം, മുന്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി. നിലവില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം)

രണ്ടു മുന്നണികളും മാറിമാറി അധികാരത്തില്‍ വരും എന്ന ധാരണയാണ് ഇത്തവണ തകര്‍ന്നത്. അതിനു പ്രധാന കാരണങ്ങളിലൊന്ന്, അടിസ്ഥാനപരമായി സാധാരണക്കാരായ മനുഷ്യര്‍ക്ക് സ്വന്തം നാട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ സഹായിക്കുന്ന സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചത് എന്നതാണ്. പക്ഷേ, അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള ഭരണമാറ്റം സ്വാഭാവികമായും ഉണ്ടാകും എന്ന് കോണ്‍ഗ്രസ്സും യു.ഡി.എഫും വിചാരിച്ചു. വരുംകാല രാഷ്ട്രീയ നേതൃത്വത്തിന് ഇതൊരു പാഠമാണ്. കോണ്‍ഗ്രസ് നശിക്കരുത് എന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്; രാജ്യത്തു മറ്റിടങ്ങളിലുമുണ്ട്. അതിനു തെളിവാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു കോട്ടകള്‍പോലും യു.ഡി.എഫ് പക്ഷത്തേയ്ക്കു മാറിയത്. ബി.ജെ.പിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തണം എന്ന് ഏറ്റവും ആഗ്രഹിക്കുന്ന കേരളജനത അതിനാണ് അന്ന് യു.ഡി.എഫിന് വോട്ടു ചെയ്തത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കേണ്ടത് രാഷ്ട്രീയ മര്യാദയും ധാര്‍മ്മികതയും ഉത്തരവാദിത്തവുമാണെന്ന് കേരളം തീരുമാനിക്കുകയായിരുന്നു. പക്ഷേ, കോണ്‍ഗ്രസ് പറയുന്നത് മുഖവിലയ്‌ക്കെടുക്കാന്‍ സാധിക്കില്ലെന്നു പിന്നീട് കേരളം തിരിച്ചറിഞ്ഞു. താല്‍ക്കാലിക വിജയത്തിനും നേട്ടത്തിനും വേണ്ടിയാണ് അവര്‍ സംസാരിക്കുന്നതെന്നും മനസ്സിലാക്കി. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വലിയ ഭൂരിപക്ഷം നല്‍കിയത് ആ തിരിച്ചറിവാണ്. അതൊരു സൂചനയായിരുന്നു. അതു കണ്ടിട്ടുപോലും മനസ്സിലാക്കിയില്ല. അമിത ആത്മവിശ്വാസമായിരുന്നു യു.ഡി.എഫിന്. അതും അവരെ ചതിച്ചു. മുന്‍പൊക്കെ മാധ്യമങ്ങള്‍ പറയുന്നതു മാത്രമാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്. പക്ഷേ, സമൂഹമാധ്യമങ്ങളുടെ വരവോടെ മാധ്യമങ്ങളുടെ അജന്‍ഡകള്‍ തുടര്‍ച്ചയായി തുറന്നുകാട്ടപ്പെട്ടു. അതുകൊണ്ട് മാധ്യമങ്ങളെ വിശ്വസിച്ച് വോട്ടു ചെയ്യുന്ന കാലം പോയി. സ്വര്‍ണ്ണക്കടത്തു കേസ് തന്നെ ഏറ്റവും നല്ല ഉദാഹരണം. സമൂഹമാധ്യമങ്ങളും സോഷ്യല്‍ ഓഡിറ്റും ഇല്ലായിരുന്നെങ്കില്‍ ആ ഒരൊറ്റ വിഷയം തന്നെ എല്‍.ഡി.എഫിനെ വളരെ വലിയതോതില്‍ ബാധിക്കുമായിരുന്നു. സ്വര്‍ണ്ണം കൊടുത്തുവിട്ടത് ആരാണെന്നും ആര്‍ക്കാണ് കിട്ടിയതെന്നും കണ്ടുപിടിക്കാത്തതിനെക്കുറിച്ച് ജനങ്ങള്‍ സ്വയം ചോദിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഇടയാക്കി. അത് മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. തോല്‍വിയുടെ പ്രധാന ഉത്തരവാദിത്തം നേതാക്കള്‍ക്കു തന്നെയാണ്. കോണ്‍ഗ്രസ്സില്‍ എന്നും ഒരിപാടു ശബ്ദങ്ങളാണുള്ളത്. ജനാധിപത്യത്തില്‍ അതു നല്ലതാണ്. പക്ഷേ, ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ആ ശബ്ദങ്ങള്‍ ഉപയോഗപ്പെടണം. പക്ഷേ, വ്യക്തികളില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഒരു നേതാവ് ഒരു അഭിപ്രായം പറഞ്ഞാല്‍ അത് ശരിയാണോ എന്ന് ആലോചിക്കുന്നതിനു പകരം അയാള്‍ക്കെതിരെ പറയും. നേരിട്ടു പറയാന്‍ മടിയുണ്ടെങ്കില്‍ തൊട്ടുതാഴെയുള്ള സ്വന്തം ആളെക്കൊണ്ട് പറയിക്കും. 

ഇടതുപക്ഷം എല്ലാ വീട്ടിലും കയറി വോട്ടു ചോദിക്കും. പക്ഷേ, കോണ്‍ഗ്രസ് അങ്ങനെയല്ല. അതു നമുക്കു കിട്ടേണ്ട വോട്ടല്ല എന്നു പറഞ്ഞ് ഒഴിവാക്കും. കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലെ സ്ത്രീകള്‍പോലും ഇത്തവണ ഇടതുപക്ഷത്തിന് വോട്ടു ചെയ്തത് നേരിട്ടറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com