പുരുഷ കേന്ദ്രിത പാര്‍ട്ടികള്‍ക്ക് ഈ ഭാഷ എളുപ്പം ദഹിക്കണമെന്നില്ല; ലീഗിലെ 'ഹരിത'വിപ്ലവം

വനിതാ വിദ്യാര്‍ത്ഥിസംഘടനയായ ഹരിതയെടുത്ത നടപടിയും നിലപാടും മുസ്ലിംലീഗിനകത്തും കേരള രാഷ്ട്രീയത്തിലും ചര്‍ച്ചയാവുകയാണ്
ഹരിത സംഘടനയുടെ സമ്മേളനം
ഹരിത സംഘടനയുടെ സമ്മേളനം

നിതാ വിദ്യാര്‍ത്ഥിസംഘടനയായ ഹരിതയെടുത്ത നടപടിയും നിലപാടും മുസ്ലിംലീഗിനകത്തും കേരള രാഷ്ട്രീയത്തിലും ചര്‍ച്ചയാവുകയാണ്. കാലങ്ങളായി കണ്ടുശീലിച്ച രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ളിലെ പുരുഷനേതൃത്വത്തിന്റെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്ത പുതിയ തലമുറയുടെ പോരാട്ടമായി ഹരിതയുടെ നീക്കങ്ങളെ കാണേണ്ടതാണ്. ലിംഗസമത്വം, അടിസ്ഥാന മനുഷ്യാവകാശം, പരസ്പര ബഹുമാനം, തുല്യനീതി തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുന്ന പുതിയ രാഷ്ട്രീയ പ്രതീക്ഷ തന്നെയാണ് ഹരിതയുടെ പുറത്തായ നേതൃത്വം മുന്നോട്ടു വെയ്ക്കുന്നത്. പരമ്പരാഗതമായി പിന്‍തുടര്‍ന്നു പോകുന്ന നയങ്ങളും നിലപാടുകളുമല്ല ഇനിയും തുടരേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. പൊതുസമൂഹത്തിനോ കേരളത്തിലെ പുരുഷ കേന്ദ്രിത പാര്‍ട്ടികള്‍ക്കോ ഈ ഭാഷ എളുപ്പം ദഹിക്കണമെന്നില്ല. അതിന്റെ ഉദാഹരണമാണ് ഹരിതയെ മരവിപ്പിച്ചും പിന്നീട് പിരിച്ചുവിട്ടും നേതാക്കളെ പുറത്താക്കിയും തുടരുന്ന നേതൃത്വത്തിന്റെ രീതി. പരമ്പരാഗത ആണ്‍ ആധിപത്യ പാര്‍ട്ടികള്‍ക്ക് പുതിയ പെണ്‍മുന്നേറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള ആശയക്കുഴപ്പവും പ്രാപ്തിയില്ലായ്മയും കൂടിയാണ് മുസ്ലിംലീഗിന്റെ ഈ സമീപനത്തിലൂടെ വ്യക്തമാവുന്നത്. ഇത് മുസ്ലിംലീഗില്‍ മാത്രം ഒതുങ്ങുന്നതല്ല. സി.പി.എമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള മറ്റ് പാര്‍ട്ടികളിലും സ്ഥിതി സമാനമാണ്.

എം.എസ്.എഫിന്റെ വനിതാവിങ് എന്ന നിലയിലാണ് 2011-ല്‍ ഹരിത രൂപീകരിക്കുന്നത്. പി.കെ. ഫിറോസ് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റും ടി.പി. അഷ്റഫലി ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്താണ് ഹരിതയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പത്തു വര്‍ഷം കൊണ്ട് കേരളത്തിലെ ക്യാംപസുകളില്‍ സ്വാധീനം നേടിയെടുക്കാന്‍ ഹരിതയ്ക്ക് കഴിഞ്ഞു. ഇതിലെല്ലാം ഉപരിയായിരുന്നു അവര്‍ സംസാരിച്ച ഭാഷയും അവര്‍ നടത്തിയ ചര്‍ച്ചകളും സെമിനാറുകളും. ലിംഗനീതി, ഫെമിനിസം തുടങ്ങി കേരളത്തിന്റെ പൊതുസമൂഹത്തിനു തെറ്റിദ്ധാരണയുള്ള വിഷയങ്ങളായിരുന്നു അവര്‍ കൂടുതലും ചര്‍ച്ചയ്ക്കെടുത്തത്. മുസ്ലിംലീഗിനുള്ളിലും അത്തരം ചര്‍ച്ചകള്‍ കൊണ്ടുവരാനും നിലപാടുകളെടുക്കാനുമുള്ള അവസരങ്ങളെല്ലാം അവര്‍ ഉപയോഗിച്ചു. മുസ്ലിംലീഗില്‍ അതിനുള്ള ഇടം അവര്‍ക്കു ലഭിച്ചു എന്നതും പോസിറ്റീവായി കാണാം.
 
മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലുണ്ടായ മാറ്റത്തെ, പ്രത്യേകിച്ചും സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനു ശേഷം ദേശീയതലത്തിലും കേരളത്തിലുമുണ്ടായ മാറ്റം ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു. കോളേജുകളില്‍നിന്ന് ഡിഗ്രി എടുക്കുക എന്നതിലുപരി വിശാലമായ കാഴ്ചപ്പാടുകളും ചിന്താരീതികളും സ്വായത്തമാക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നുണ്ട്. കേരളത്തിനു പുറത്തേയ്ക്കും ഇന്ത്യയ്ക്ക് പുറത്തേയ്ക്കും മുസ്ലിം പെണ്‍കുട്ടികളുടെ പഠനം മാറുന്നത് ഇതിന്റെ ഉദാഹരണമാണ്. ഈ മാറ്റം തന്നെയാണ് രാഷ്ട്രീയത്തിലും സംഭവിക്കുന്നത്. 

എന്നാല്‍, ഇവരുയര്‍ത്തുന്ന വാദങ്ങളെ ഗ്രൂപ്പിസത്തിന്റേയും വിഭാഗീയതയുടേയും ഭാഗമാണ് എന്ന തരത്തിലാണ് ഇപ്പോഴും നേതൃത്വവും സമൂഹത്തിന്റെ വലിയൊരു വിഭാഗവും കാണുന്നത്. ഞങ്ങളുടെ പുറത്താക്കലുകള്‍കൊണ്ട് അവസാനിക്കുന്നതല്ല ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം എന്നാണ് ഹരിത മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പറയുന്നത്. എന്നാല്‍, പാര്‍ട്ടി അച്ചടക്കം ലംഘിച്ചു, പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല എന്നൊക്കെയാണ് മുസ്ലിംലീഗ് നേതൃത്വം കാണുന്ന തെറ്റുകള്‍. പരമാവധി സമവായത്തിനു ശ്രമിച്ചെങ്കിലും അവര്‍ ധാരണ തെറ്റിച്ചു എന്നാണ് ഇ.ടി. മുഹമ്മ്ദ് ബഷീര്‍ പറയുന്നത്. ലീഗെടുത്ത ഈ തീരുമാനം ശരിയാണ് എന്നാണ് വലിയൊരു വിഭാഗത്തിന്റേയും അഭിപ്രായം എന്നും അദ്ദേഹം പറയുന്നു.

തെരഞ്ഞെടുപ്പിലെ ജനാധിപത്യം

എം.എസ്.എഫിലേയും ഹരിതയിലേയും അംഗങ്ങള്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നത് ആദ്യമല്ല. എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും പുറത്തുവന്നതാണ്. എം.എസ്.എഫില്‍ ഭാരവാഹികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിലൂടെ വേണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പൊതുവെ ഭാരവാഹികളുടെ തീരുമാനം പാണക്കാട് നിന്നാണ് വരുന്നത്. ഇതില്‍നിന്നു മാറി  സംസ്ഥാന കൗണ്‍സിലില്‍ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തീരുമാനിക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നോമിനിയായി പി.കെ. നവാസ് എം.എസ്.എഫ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്നു. പി.കെ. നവാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കാത്ത വിഭാഗം കോഴിക്കോട് ലീഗ് ഹൗസില്‍ മുസ്ലിംലീഗ് നേതാക്കളെ തടഞ്ഞുവെയ്ക്കുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്തു. എം.എസ്.എഫിലേയും ഹരിതയിലേയും ഒരു വിഭാഗത്തിന്റെ വിയോജിപ്പുകള്‍ നിലനില്‍ക്കെത്തന്നെ തീരുമാനവുമായി മുസ്ലിംലീഗ് നേതൃത്വം മുന്നോട്ടു പോകുകയായിരുന്നു. ഹരിതയുടെ സംസ്ഥാന കമ്മിറ്റിയിലോ ജില്ലാക്കമ്മിറ്റികളിലോ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ പി.കെ. നവാസ് പക്ഷത്തിനു കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന് മലപ്പുറത്ത് ഹരിതയുടെ പുതിയ ജില്ലാക്കമ്മിറ്റിയെ തെരഞ്ഞെടുത്തു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുമായി ആലോചിക്കാതെ ജില്ലാക്കമ്മിറ്റിയെ തെരഞ്ഞെടുത്തതില്‍ ഹരിത പ്രതിഷേധമുയര്‍ത്തി. 

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്നും ഇതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമില്ലെന്നും ഹരിതയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറയും പ്രസ്താവനയിറക്കി. പുതിയ കമ്മിറ്റിയെ അംഗീകരിക്കാതെ 2018-ലുണ്ടാക്കിയ കമ്മിറ്റി തന്നെയാണ് ഔദ്യോഗിക ഹരിത ജില്ലാക്കമ്മിറ്റി എന്നും ഇവര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് നിലവിലെ പരാതിക്കിടയാക്കിയ പരാമര്‍ശങ്ങള്‍ എം.എസ്.എഫ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 

ചര്‍ച്ച നടക്കുന്നതിനിടയില്‍ ഹരിതയുടെ അഭിപ്രായത്തെ ''വേശ്യകള്‍ക്കും അവരുടെ ഭാഗം പറയാനുണ്ടാകും'' എന്ന പ്രയോഗമാണ് നടത്തിയതെന്നാണ് പരാതി. ഇതിനുപുറമെ ഹരിതയുടെ അംഗങ്ങള്‍ ഒരു പ്രത്യേക തരം ഫെമിനിസ്റ്റുകളാണെന്നും പാര്‍ട്ടിയില്‍ ഫെമിനിസം വളര്‍ത്തുകയാണെന്നും കല്യാണം കഴിക്കാനോ കുട്ടികളുണ്ടാകാനോ താല്പര്യമില്ലാത്തവരാണെന്നുമുള്ള തരത്തിലുള്ള പല പരാമര്‍ശങ്ങളും പലയിടങ്ങളിലുമുണ്ടായതായും ഹരിത ആരോപിക്കുന്നുണ്ട്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിത പരാതി ഉന്നയിച്ചത്. പാര്‍ട്ടി നേതൃത്വത്തിനു പരാതി കൊടുത്ത് രണ്ട് മാസത്തിനു ശേഷമാണ് വനിതാകമ്മിഷനില്‍ പരാതി നല്‍കിയത്. ഹരിതയിലെ പത്ത് അംഗങ്ങള്‍ ഒപ്പിട്ടതായിരുന്നു പരാതി. പിന്നീട് മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും പി.കെ. നവാസ് ഖേദപ്രകടനം നടത്താനുള്ള തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍, വനിതാകമ്മിഷനിലെ പരാതി പിന്‍വലിക്കാന്‍ ഹരിത തയ്യാറാവാത്തതിനെത്തുടര്‍ന്ന് മുഫീദ തെസ്നിയും നജ്മ തബ്ഷീറയും നേതൃത്വം നല്‍കിയ ഹരിതയെ ആദ്യം മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. 

അംഗങ്ങളെ സ്വഭാവഹത്യ നടത്തുന്ന രീതിയില്‍ ആരോപണങ്ങളുന്നയിക്കുന്ന എം.എസ്.എഫിന്റെ ഈ നേതാക്കള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നായിരുന്നു ഹരിതയെടുത്ത നിലപാട്. ഇവരെ മാറ്റിനിര്‍ത്തണം എന്നതായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. 

എന്നാല്‍ പലവട്ടം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പ്രശ്നം പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്തെന്നും പ്രശ്നപരിഹാരത്തിനായി പാര്‍ട്ടിയുണ്ടാക്കിയ ധാരണ തെറ്റിച്ചതിന്റെ പേരിലാണ് അച്ചടക്കനടപടി എന്നുമാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇവരെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നതിന്റെ പേരില്‍ അഡ്വ. കെ. ഫാത്തിമ തഹിലിയയെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു നടപടി.  പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്കു പകരം പുതിയ കമ്മിറ്റിയേയും മുസ്ലിംലീഗ് നേതൃത്വം നിയമിച്ചു. ഹരിതയില്‍ പരാതി ഉന്നയിച്ചവരേയും അവരെ പിന്തുണച്ചവരേയും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടായിരുന്നു പുതിയ നിയമനം. പഴയ കമ്മിറ്റിയിലെ ട്രഷറര്‍ ആയിഷബാനുവാണ് പുതിയ പ്രസിഡന്റ്. എം.എസ്.എഫിലെ ഒരു വിഭാഗം ഹരിതയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്.

ഞങ്ങള്‍ ഉയര്‍ത്തിയ  ആശയങ്ങളെ മാറ്റിനിര്‍ത്താനാകില്ല

നജ്മ തബ്ഷീറ  
(ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി)

ഞങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച സംഘടനയാണ്. പ്രവര്‍ത്തിക്കാനുള്ള സ്പേസും ഉണ്ടായിരുന്നു. നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍, സമീപകാലത്തായി നേതൃത്വത്തിന്റെ ഭാഗത്തുനിന്നു നിരാശാജനകമായ തീരുമാനങ്ങളും നടപടികളും ഉണ്ടാവുന്നുണ്ട്. 

മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സമൂഹത്തില്‍ ഇന്ന് വളരെ വിസിബിളാണ്. കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം എടുത്തുനോക്കിയാലും 80-20 ഒക്കെയാണ് പലയിടത്തും. എജ്യുക്കേഷന്‍ എന്നത് ഒരു ഡിഗ്രി മാത്രമല്ല. നമ്മള്‍ ഇടപെടുന്നവരും നമ്മുടെ ചര്‍ച്ചകളും ഒക്കെയാണ്. അത്തരം ഇടപെടലുകളേയും വാദഗതികളേയും ഉള്‍ക്കൊള്ളാന്‍ ചിലര്‍ വളര്‍ന്നിട്ടില്ല എന്നു തോന്നുന്നു. എല്ലാവരും അങ്ങനെയാണ് എന്നല്ല.

രാഷ്ട്രീയപ്പാര്‍ട്ടികളായാലും സ്ഥാപനങ്ങളായാലും ജെന്റര്‍ ഫ്രന്റ്ലി ആയ സമീപനമൊന്നും എവിടെയുമില്ല. പറയപ്പെടുന്ന തരത്തിലുള്ള പുരോഗമനമോ സ്ത്രീ സൗഹൃദാന്തരീക്ഷമോ ഇപ്പോഴും എവിടെയുമില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളെ നോക്കുമ്പോള്‍ അതിഭീകരമായ കേഡറിസം കൊണ്ട് പല പാര്‍ട്ടികള്‍ക്കും പരിമിതികളുണ്ട്. അത് ലീഗിനകത്തില്ല. മുസ്ലിംലീഗിനകത്ത് കുറച്ചുകൂടി ഡെമോക്രാറ്റിക് സ്പേസുണ്ട്. അതിനെ ഞങ്ങള്‍ ഉപയോഗിച്ചു. ഒരു പരിധിവരെ അതിനെ അവര്‍ അനുഭാവപൂര്‍വ്വം തന്നെയാണ് നോക്കിക്കണ്ടത്. ഒരു പരിധി കഴിഞ്ഞപ്പോള്‍ പല നേതാക്കള്‍ക്കും അത് ദഹിക്കാതായി. വനിതാകമ്മിഷനിലേയ്ക്ക് കേസെത്തിയപ്പോഴും അത് സമാന്തരമായി നടക്കുന്ന ഒരു കാര്യമായേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. അങ്ങനെ പോകാന്‍ ഞങ്ങള്‍ക്ക് അവകാശവുമുണ്ട്. അപ്പോഴും അത് പാര്‍ട്ടിക്കകത്ത് പരിഹരിക്കപ്പെടും എന്നുള്ള പ്രതീക്ഷയിലായിരുന്നു ഞങ്ങളുണ്ടായത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പെണ്‍കുട്ടികളുടെ തീരുമാനങ്ങള്‍ അവര്‍ ഒറ്റയ്ക്ക് എടുക്കുന്നതാണ് എന്ന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു പൊതുസമൂഹത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതുകൊണ്ടാണ് വിഭാഗീയത, ഗ്രൂപ്പിസം എന്നൊക്കെയുള്ള വാദങ്ങള്‍ പാര്‍ട്ടിയിലുയരുന്നത്. പൊതുസമൂഹത്തിന് എളുപ്പം ദഹിക്കുന്ന കാരണങ്ങളാണ് അതൊക്കെ. 

ഓരോ പാര്‍ട്ടിക്കും അതിന്റേതായ ശൈലികളുണ്ട്. മുസ്ലിംലീഗില്‍ പാണക്കാട് കുടുംബം എന്നത് നിര്‍ണ്ണായക ഘടകം തന്നെയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്ന് നീതിപരമായ നടപടികളുണ്ടായാല്‍ അതിനനുസരിച്ച് മുന്നോട്ടുപോകാന്‍ തന്നെയാണ് ഞങ്ങളും താല്പര്യപ്പെടുന്നത്. പക്ഷേ, നീതിയുക്തമല്ലാത്ത തീരുമാനങ്ങള്‍ ഏതൊരു അതോറിറ്റിയില്‍ നിന്നുണ്ടായാലും അത് ബുദ്ധിമുട്ടാണ്. അതോറിറ്റി ഇന്നതാണ് എന്നതുകൊണ്ടുമാത്രം നീതികേടിനൊപ്പം നില്‍ക്കുക എന്നത് ശരിയല്ലല്ലോ. പ്രത്യേകിച്ച് ആത്മാഭിമാനം പണയം വെച്ച് നീതികേടിനൊപ്പം നില്‍ക്കുക എന്നത്. 

വ്യക്തികേന്ദ്രീകൃതമായ പരാതിയായിരുന്നു. ആ വ്യക്തികള്‍ സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നു എന്നതുകൊണ്ടുമാത്രം അത് പാര്‍ട്ടിക്കെതിരാവുന്നില്ല. അതുകൊണ്ടുതന്നെ ഇത് പാര്‍ട്ടിക്കെതിരെയുള്ള സമരമൊന്നുമല്ല. പക്ഷേ, ആ വ്യക്തികളെ എന്തുകൊണ്ടു സംരക്ഷിക്കുന്നു എന്നൊരു ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് പാര്‍ട്ടിയോടുണ്ട്. 

ഞങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ട വലിയ 'പാപ'ങ്ങളിലൊന്ന് ഞങ്ങള്‍ പ്രത്യേകതരം ഫെമിനിസ്റ്റുകളാണ് എന്നതാണ്. എജ്യൂക്കേറ്റഡായ പുതിയ തലമുറയിലെ ആണ്‍കുട്ടികള്‍ക്കിടയില്‍പ്പോലും ഫെമിനിസം എന്നത് ഒരു ക്രൈമാണ് എന്ന തോന്നലുണ്ട്. വളരെ കുറച്ച് പെണ്‍കുട്ടികളിലും അങ്ങനെയൊരു കാഴ്ചപ്പാടുണ്ട്. അതിപ്പോഴും മാറിയിട്ടൊന്നുമില്ല. ന്യൂജനറേഷന്‍ വളരെ പുരോഗമനപരമാണ് എന്നതൊക്കെ തെറ്റിദ്ധാരണയാണ്. അതു മാറ്റാന്‍ വേണ്ടിയാണ് നിരന്തരം 'ഞങ്ങള്‍ ഫെമിനിസ്റ്റുകളാണ്' എന്ന് ഞങ്ങള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഹരിതയുടെ ഭാരവാഹിത്വത്തിലിരുന്ന സമയത്ത് 'എന്താണ് ഫെമിനിസം' എന്നതടക്കമുള്ള ചര്‍ച്ചകളും സെമിനാറുകളും ഞങ്ങള്‍ നടത്തിയിരുന്നു. അതിനെക്കുറിച്ചൊക്കെ നിരന്തരമായി ചര്‍ച്ചകളുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ നോര്‍മലൈസ് ചെയ്യാന്‍ ഞങ്ങളൊരുപാട് ശ്രമിച്ചിട്ടുണ്ട്. 

പാര്‍ട്ടിയുടെ പേരിന്റെ പേരില്‍ വേട്ടയാടപ്പെടുകയും പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിശകലനം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാണ് മുസ്ലിംലീഗ്. എന്നാല്‍, മറ്റ് പാര്‍ട്ടികളിലേക്കാള്‍ പൊളിറ്റിക്കലി ഒരു സ്പേസ് ലീഗിനുണ്ട്. അത് ലീഗ് ഉപയോഗപ്പെടുത്തി പോന്നിട്ടുമുണ്ട്. അതിന്റെ ഒരു ഉപയോഗം തന്നെയായിരുന്നു പാര്‍ട്ടിക്കകത്ത് ഞങ്ങള്‍ നടത്തിയ ഈ പോരാട്ടം. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അതവസാനം ചിലരുടെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ തോറ്റുപോയി. വിജയിക്കും എന്നു കരുതി ഞങ്ങള്‍ തുടങ്ങിവെച്ച ഒരു പോരാട്ടമായിരുന്നു. പരാജയപ്പെടും എന്നത് ഞങ്ങള്‍ ചിന്തിച്ചിട്ടേ ഇല്ല. കാരണം ഇതിനകത്ത് അങ്ങനെയൊരു സ്പേസുണ്ട് എന്നതുതന്നെയായിരുന്നു. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്ത് തീര്‍ക്കാവുന്ന ഒരു കാര്യത്തെ വ്യക്തികേന്ദ്രീകൃതമായ ഒരു വിഷയത്തെ പാര്‍ട്ടിക്കെതിരാണ് എന്ന തരത്തില്‍ മാറ്റിയത് പാര്‍ട്ടി തന്നെയാണ്. അത് പെട്ടെന്നുതന്നെ പരിഹരിക്കാവുന്നതായിരുന്നു. നമ്മുടെ ക്യാംപസിലെ പെണ്‍കുട്ടികളെ മനസ്സിലാക്കാന്‍ നമ്മള്‍ ഇനിയും വളരണം എന്ന തരത്തിലേക്കു കാര്യങ്ങള്‍ മാറി. മാനസികമായ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് ഞങ്ങള്‍ കോംപ്രമൈസ് ചെയ്യുന്ന പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഈ കുട്ടികള്‍ നല്‍കുന്ന ശക്തിയെ കുറിച്ചോര്‍ക്കുമ്പോഴാണ് ഞങ്ങളുടെ പോരാട്ടം കുറച്ചുകൂടി കനത്തതായി മാറുന്നത്. കരുത്തരാണ് പുതിയ ജനറേഷനിലെ പെണ്‍കുട്ടികള്‍. ഞങ്ങള്‍ നാലോ അഞ്ചോ ആളുകള്‍ മാത്രമല്ല ഹരിത എന്നു പറയുന്നത്. ഞങ്ങള്‍ ഉയര്‍ത്തിയ ഈ ആശയമൊന്നും ഞങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തീരുന്നതല്ല. ഭരണഘടന മനസ്സിലാക്കുന്ന, പാര്‍ട്ടിയുടെ ആദര്‍ശത്തെ മനസ്സിലാക്കുന്ന പെണ്‍കുട്ടികളുണ്ട്. അവരിലൂടെ അത് തുടരും.

നേതാക്കന്മാരെ നമ്മള്‍ അനുസരിക്കണം

ഖമറുന്നീസ അന്‍വര്‍
(വനിതാലീഗ് ദേശീയ വൈസ് പ്രസിഡന്റ്)

ഹരിതയുടെ നിലപാട് അച്ചടക്കലംഘനമാണ്. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കണം. അതവര്‍ ചെയ്തില്ല. പരാതി പിന്‍വലിക്കാന്‍ അവര്‍ക്ക് സമയം കൊടുത്തിരുന്നു. അതും ചെയ്തില്ല. അനുസരണക്കേട് കാണിച്ചു. സ്ത്രീകള്‍ക്കെതിരായ നിലപാടൊന്നും പാര്‍ട്ടിയിലില്ല. 1996-ല്‍ ആവശ്യപ്പെടാതെ തന്നെ പാര്‍ട്ടി എന്നെ കോഴിക്കോട് രണ്ടില്‍ മത്സരിപ്പിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ ഒരു സ്ത്രീയെ നിയമസഭയില്‍ മത്സരിപ്പിക്കേണ്ട കാര്യമില്ലല്ലോ. തോറ്റു എന്നുള്ളത് ശരിയാണ്. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് ദഹിക്കാത്ത ആളുകളുമുണ്ട്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങളൊന്നും എന്റെ അനുഭവത്തിലില്ല.

ഹരിതയുടെ നേതാക്കളോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരത് ചെയ്തില്ല. അത് അച്ചടക്കലംഘനം തന്നെയാണ്. പകരം പാര്‍ട്ടി വേറെ കമ്മിറ്റിയേയും വെച്ചു. പാര്‍ട്ടിയുടെ നേതൃത്വം പക്വതയുള്ളതാണ്. പ്രവര്‍ത്തനപരിചയമുള്ളവരാണ്. ലോകചരിചയമുള്ളവരാണ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ പറ്റുന്നവരാണ്. നേതാക്കന്മാരെ നമ്മള്‍ അനുസരിക്കണം.  ഹരിതയുടെ പ്രശ്നങ്ങളൊന്നും അവര്‍ ഞങ്ങളോട് സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിരുന്നില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന സ്ത്രീകള്‍ എന്ന നിലയില്‍ ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ ചോദിക്കാമായിരുന്നു. അങ്ങനെയാന്നുമുണ്ടായില്ല. കൂടുതല്‍ വിദ്യാഭ്യാസമുണ്ട് എന്നതുകൊണ്ട് അവര്‍ക്ക് അങ്ങനെ തോന്നിയിരിക്കില്ല. വനിതാലീഗിലും വിദ്യാഭ്യാസമുള്ളവരാണ്. 1966-ല്‍ മദ്രാസില്‍നിന്ന് ഡിഗ്രിയെടുത്തയാളാണ് ഞാന്‍. കല്യാണം കഴിഞ്ഞ് മക്കളേയും കൊണ്ടാണ് ബോംബെയില്‍നിന്ന് പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തത്. വിമന്‍ എംപവര്‍മെന്റില്‍ പിഎച്ച്.ഡിയും എടുത്തിട്ടുണ്ട്. പാര്‍ട്ടി വിളിച്ചു സംസാരിച്ചപ്പോള്‍ അവരത് അനുസരിക്കേണ്ടതായിരുന്നു. അവരത് ചെയ്തില്ല.

പുതിയ തലമുറയെ ഉള്‍ക്കൊള്ളണം; സംവിധാനങ്ങളും മാറണം

ഫാത്തിമ തഹിലിയ
(എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ്)

ചില സംവിധാനങ്ങളില്‍ അപ്ഡേഷന്‍സ് ഉണ്ടാകണം. അത് വളരെ പ്രധാനമാണ്. പുതിയ തലമുറയുടെ ചിന്തയെ ഉള്‍ക്കൊള്ളുന്ന തരത്തിലേയ്ക്ക് സംവിധാനങ്ങള്‍ മാറേണ്ടതുണ്ട്. പുതിയ കാലത്തെ പെണ്‍കുട്ടികളുടെ പ്രവര്‍ത്തനരീതിയെ ഉള്‍ക്കൊള്ളാതെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു മുന്നോട്ടുപോകാന്‍ കഴിയില്ല. 

സമൂഹത്തിലെ ഓരോ വിഭാഗം ആളുകള്‍ തന്നെയാണ് ഓരോ സംഘടനയിലും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പ്രതിഫലനം ആ സംഘടനയിലും ഉണ്ടാകും. ലൈംഗിക അതിക്രമങ്ങളെ രാഷ്ട്രീയത്തിനതീതമായി കാണാനും ഇരയോടൊപ്പം നില്‍ക്കാനും കഴിയണം. അതാണ് പൊതുസമൂഹം ചെയ്യേണ്ടത്. ആ കാഴ്ചപ്പാട് സംഘടനകള്‍ക്കും ഉണ്ടാകണം.

ജനറേഷന്‍ ഗ്യാപ് എന്നത് അഭിസംബോധന ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. എന്റെ തലമുറപോലും ഔട്ട്ഡേറ്റഡായി നില്‍ക്കുന്ന ഒരുകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പുതിയ തലമുറയെ മനസ്സിലാക്കാനും അതിനനുസരിച്ചുള്ള സ്പേസ് അവര്‍ക്ക് കൊടുക്കാനും നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. നീതിക്കുവേണ്ടി നമ്മള്‍ കാണാത്ത വാതായനങ്ങള്‍ അവര്‍ കാണുന്നുണ്ടെങ്കില്‍ അവരെ സഹായിക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ഈ പെണ്‍കുട്ടികള്‍ തോറ്റുപോയവരാണ് എന്ന് കരുതരുത്. പോരാടിയവരാണ് എന്ന് ചരിത്രം എവിടെയെങ്കിലും എഴുതിവെയ്ക്കും. 

ഫെമിനിസം എന്ന വാക്കുതന്നെ ഓരോരുത്തരും ഓരോ രീതിയിലാണ് ഉപയോഗിക്കുന്നത്. ഫെമിനിസം തന്നെ പലതരത്തിലുണ്ട്. പൊതുസമൂഹത്തിന് ഇത് അപകടമാണ് എന്ന തരത്തിലാണ് പ്രചരണം. ഞാനടക്കമുള്ള പെണ്‍കുട്ടികളെ അങ്ങനെയാണ് ഒരു വിഭാഗം കാണുന്നത്.

ഒരു വ്യക്തിയുടേയും വ്യക്തിപരമായ കാര്യങ്ങളിലേയ്‌ക്കോ സ്വാതന്ത്ര്യത്തിലേയ്‌ക്കോ കടന്നുചെല്ലാന്‍ ഒരു വ്യക്തിക്കോ സംഘടനയ്ക്കോ അവകാശമില്ല എന്നതാണ് അടിസ്ഥാനപരമായ മനുഷ്യാവകാശം. ഒരു സ്ത്രീ അക്രമിക്കപ്പെട്ടാല്‍  ആദ്യം അവളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറയും; അല്ലെങ്കില്‍ അവളുടെ നടപ്പുരീതികളെ കുറിച്ച് പറയും. ഇതാണ് പൊതുവില്‍ നമ്മള്‍ കണ്ടുവരുന്നത്. നീതിക്കുവേണ്ടി ഒരു സ്ത്രീ സംസാരിക്കുമ്പോള്‍, പ്രത്യേകിച്ച് പാട്രിയാര്‍ക്കല്‍ മനോഭാവത്തിന് എതിരെയാകുമ്പോള്‍, പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സംഘടനയിലുള്ള ആളുകള്‍ പലപ്പോഴും ചെയ്യുന്നത് ആവര്‍ ഏതെങ്കിലും ആളുകളുടേയോ ഗ്രൂപ്പിന്റേയോ പാവകളാണ് എന്ന് പ്രചരിപ്പിക്കലാണ്. അതെന്തിനാണ് എന്നുവെച്ചാല്‍ ഞങ്ങള്‍ നീതികൊടുക്കാത്ത പ്രശ്നമല്ല, ഞങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമല്ല എന്നൊക്കെ പറയാന്‍ വേണ്ടിയാണ്. ഇവിടെയും അതു തന്നെയാണ് നടന്നത്. ഇങ്ങനെയൊരു ന്യായീകരണം കൊടുത്താലെ അവരെടുക്കുന്ന നിലപാടുകളെ അവര്‍ക്ക് അവതരിപ്പിക്കാന്‍ പറ്റുള്ളൂ. വനിതാകമ്മിഷനിലോ പൊലീസിലോ കോടതിയിലോ പോകുന്നതിനെ പ്രശ്നവല്‍ക്കരിക്കുന്നത് എന്തിനാണ്. ഇതൊക്കെ ഈ ഭരണഘടന ഉറപ്പുനല്‍കുന്ന സംവിധാനങ്ങളാണ്. ഈ സംവിധാനങ്ങളൊക്കെ ഇവിടെയുള്ളത് ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ പരിഹരിക്കാനാണല്ലോ. ലീഗിലായാലും കോണ്‍ഗ്രസ്സിലായാലും സി.പി.എമ്മിലായാലും ബി.ജെ.പിയിലായാലും അകത്തൊരു പ്രശ്നം നടന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ തയ്യാറാകണം. സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളെല്ലാം വര്‍ക്ക്‌സ്പേസാണ്. അവിടെ സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ പരിഗണിക്കാന്‍ അത്തരം മെക്കാനിസം വേണം. ഇത് എത്ര രാഷ്ട്രീയ സംഘടനയില്‍ നടക്കുന്നുണ്ട്. ഈ രാഷ്ട്രീയ സംഘടനകള്‍ക്കൊക്കെ ഇതിനകത്ത് എന്തോ ഒളിച്ചുവെക്കാനുണ്ട് എന്നല്ലേ അതിനര്‍ത്ഥം. അങ്ങനെയല്ലാതെ സുതാര്യമായ സംവിധാനമാകാന്‍ ഓരോ സംഘടനയ്ക്കും പറ്റേണ്ടതുണ്ട്. സുതാര്യമായി പൊതുജനങ്ങളോട് സംസാരിക്കാന്‍ പറ്റേണ്ടതുണ്ട്. പൊതുജനങ്ങളുടെ വോട്ടല്ലേ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ പുറംലോകത്തോട് മാതൃകാപരമായ രീതിയില്‍ പെരുമാറാനും നിയമങ്ങള്‍ അനുസരിക്കാനും ഓരോ സംഘടനയ്ക്കും ബാധ്യതയുണ്ട്. 

കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്നതാണ്. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആരാണെങ്കിലും പുതിയ ജനറേഷന്റെ കാഴ്ചപ്പാടുകളേയും അവര്‍ പറയുന്ന വിഷയങ്ങളേയും കുറിച്ച് അപ്ഡേറ്റ് ആവേണ്ടതുണ്ട്. അല്ലെങ്കില്‍ ഞാനടക്കമുള്ള തലമുറ ഒരുപാട് പുറകിലായിപ്പോകും.

കാഴ്ചപ്പാട് എന്നത് പഠനത്തിലൂടെ മാത്രമുണ്ടാകുന്നതല്ല. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ റിസര്‍ച്ച് ചെയ്യുന്നുണ്ട്, ചുറ്റുപാടുള്ള കാര്യങ്ങള്‍ ഗ്രഹിക്കുന്നുണ്ട്, യാത്ര ചെയ്യുന്നുണ്ട്, അവരുടെ വ്യക്തിജീവിതം കുറച്ചുകൂടി വിശാലമാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പറ്റുന്നുണ്ട്. പണ്ടും പഠനം നടന്നിരുന്നെങ്കിലും വ്യക്തിപരമായ തീരുമാനങ്ങളേക്കാള്‍  കൂട്ടായ തീരുമാനങ്ങളാണ് സ്ത്രീകളുടെ വിഷയത്തില്‍ വരാറുള്ളത്. അതില്‍നിന്നു മാറി ഒറ്റയ്ക്കൊരു തീരുമാനം എന്നതിലേയ്ക്ക് എത്തുന്നുണ്ട്. അതവരുടെ യാത്രയും അന്വേഷണവും ഒക്കെത്തന്നെയാണ്. 

ആരോപിതരായ ആളുകളെ സംരക്ഷിക്കുന്ന ഒരു രീതിയായിരുന്നു പാര്‍ട്ടിയുടേത്. ഞങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നത്തെ കാണാന്‍ ഇപ്പോഴും പലയാളുകള്‍ക്കും പറ്റിയിട്ടില്ല എന്നാണ് തോന്നുന്നത്. അക്രമിക്കാന്‍ വേണ്ടി ലൈസന്‍സ് കിട്ടി എന്ന് വിചാരിക്കുന്ന ഒരു വിഭാഗം അത് നടത്തിക്കൊണ്ടേയിരിക്കുകയാണ്. ഞങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് ചിന്തിക്കുന്നവര്‍ മൗനത്തിലുമാണ്. മിണ്ടാതെ ഇരുന്ന് എത്ര വര്‍ഷം വേണമെങ്കിലും ഞങ്ങള്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്താം. പക്ഷേ, നേരിനുവേണ്ടി സംസാരിച്ചാല്‍ ചിലപ്പോള്‍ മണിക്കൂറുകളോളമേ ആയുസുണ്ടാവൂ. എന്നാലും ആ നേര് സംസാരിക്കുക എന്നതാണ് ശരി.

തലമുറ വ്യത്യാസത്തിന്റെ പ്രശ്നമല്ല, പാര്‍ട്ടി അച്ചടക്കത്തിന്റെ പ്രശ്നം

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
(മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി)

ഹരിത ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ പാര്‍ട്ടി വളരെ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ സമുന്നത നേതാക്കളുടെ എല്ലാവരുടേയും സാന്നിധ്യത്തില്‍ ധാരണയിലെത്തിയതുമാണ്. അതുകഴിഞ്ഞശേഷം അവര്‍ എടുത്ത നടപടികള്‍ പാര്‍ട്ടി എടുത്ത ധാരണയ്ക്ക് വിരുദ്ധമായിരുന്നു. അതുകൊണ്ട് അവരുടെ പേരില്‍ നടപടിയെടുത്തു. അത് പാര്‍ട്ടി സംവിധാനത്തില്‍ ആവശ്യമായ ഒരു നടപടിയാണ്. നടപടി വന്ന ശേഷവും എം.എസ്.എഫ് ദേശീയ നേതാവായ ഫാത്തിമ തഹിലിയ ഇതിനെ വിമര്‍ശിച്ചു കൊണ്ട് വീണ്ടും പ്രസ്താവനകളിറക്കി. അതും പാര്‍ട്ടി സര്‍ക്കിളിലല്ല വിമര്‍ശിച്ചത്, പരസ്യമായിട്ടായിരുന്നു. അവരുടെ ചെയ്തി തെറ്റാണെന്നു പറഞ്ഞ് സംസ്ഥാന കമ്മിറ്റി ദേശീയ കമ്മിറ്റിക്കു കത്തെഴുതി. അതിന്റെ അടിസ്ഥാനത്തില്‍ അവരേയും തല്‍സ്ഥാനത്തുനിന്ന് നീക്കി. അത് പാര്‍ട്ടിയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട ന്യായമായ ഒരു തീരുമാനമാണ്. 

പുതിയ തലമുറയ്ക്ക് വളരെ പ്രാമുഖ്യം കൊടുത്ത പാര്‍ട്ടിയാണ് ലീഗ്. പുതിയ തലമുറയുടെ വീക്ഷണങ്ങളുമായി ഒത്തുപോകണം എന്ന് വിചാരിക്കുന്ന ആളുകള്‍ തന്നെയാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെയാണ് ഈ സംഘടനകളെയൊക്കെ പരിപോഷിപ്പിച്ചതും. അച്ചടക്കം പാര്‍ട്ടിയുടെ ഒരു ഭാഗമാണ്. തിരുത്തുക എന്നത് പാര്‍ട്ടിയുടെ ഒരു ബാധ്യതയാണ്. ആ ബാധ്യതയാണ് ഞങ്ങള്‍ നിര്‍വ്വഹിച്ചത്. അത് തലമുറയുടെ വ്യത്യാസത്തിന്റെ പ്രശ്നമല്ല, പാര്‍ട്ടി അച്ചടക്കത്തിന്റെ പ്രശ്നമാണ്. 

മുസ്ലിംലീഗ് പുരുഷമേധാവിത്വ പാര്‍ട്ടിയാണ് എന്ന കാഴ്ചപ്പാടിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. വളരെ പിന്നോക്കം നിന്ന ഒരു വിഭാഗമാണ് ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷം. പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍. അവരെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് മുസ്ലിംലീഗ്. പൊതുസമൂഹത്തിന് അങ്ങനെയൊരു കാഴ്ചപ്പാടും ഇല്ല. പൊതുസമൂഹത്തിനുവേണ്ടി സംസാരിക്കുന്നയാളുകള്‍ മുസ്ലിംലീഗിനെ കുറ്റപ്പെടുത്തി ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അത് ഞങ്ങളുടെ കുറ്റമല്ല, അവരതിനെ കാണുന്നതിന്റെ പ്രശ്നമാണ്. 

ആരോപണം ഉന്നയിച്ചതിന്റെ പേരിലല്ല നടപടി എടുത്തത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ്. പാര്‍ട്ടി അതിന്റെ ഗുണവും ദോഷവും പരിശോധിച്ചിരുന്നു. കൃത്യമായി ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ ധാരണ, അവര്‍ക്ക് വായിച്ചു കേള്‍പ്പിച്ചു കൊടുത്തതാണ്. എന്നാല്‍, അതിന് വിരുദ്ധമായി പിറ്റേന്ന് പാര്‍ട്ടിയെ ഇകഴ്ത്തിക്കാണിക്കുന്ന തരത്തിലാണ് പെരുമാറിയത്. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിലകല്പിക്കാതിരുന്നു എന്നതിനാണ് നടപടി. പാര്‍ട്ടി സംവിധാനത്തിന് നേരെ അവരുയര്‍ത്തിയ വെല്ലുവിളികളെയാണ് ഞങ്ങള്‍ പരിഗണിച്ചത്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചു; ഒരുപാട് സമയമെടുത്തു. അന്ന് ഒരുമണിവരെ ഞങ്ങള്‍ ഇരുന്നു സംസാരിച്ചു. തീരുമാനം വായിച്ചുകേള്‍പ്പിച്ചു. ഞങ്ങളാലാവുംവിധം ഇത് നല്ല നിലയില്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചു. അതൊക്കെ അവര്‍ അന്ന് അംഗീകരിച്ചിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ ശേഷമാണ് പിറ്റേന്ന് അതിനെ തള്ളിപ്പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com