പഠനവും ജീവിതവും ആദിവാസി ജനതയുടെ ജീവനപാഠങ്ങള്‍

ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്ര സമുദായങ്ങളില്‍നിന്നും വനത്തിനുള്ളിലെ ഊരുകളില്‍ നിന്നുംവരെ കുട്ടികള്‍ കേരളത്തിലെ മികച്ച കോളേജുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആത്മവിശ്വാസത്തോടെ എത്തുകയാണ്
ആദിശക്തി സമ്മർ സ്കൂളിലെ വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം
ആദിശക്തി സമ്മർ സ്കൂളിലെ വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം

സിനിമ, സൗണ്ട് എന്‍ജിനീയറിങ്ങ്, ട്രാവല്‍ ആന്റ് ടൂറിസം, ഫിറ്റ്നസ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ജേര്‍ണലിസം, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്- കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഡിഗ്രി പ്രവേശനത്തിന് തെരഞ്ഞെടുത്ത ചില വിഷയങ്ങളാണിത്. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്ര സമുദായങ്ങളില്‍നിന്നും വനത്തിനുള്ളിലെ ഊരുകളില്‍ നിന്നുംവരെ കുട്ടികള്‍ കേരളത്തിലെ മികച്ച കോളേജുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആത്മവിശ്വാസത്തോടെ എത്തുകയാണ്. അഭിജിത്തും അനാമികയും ശാന്തിനിയും നിഖിലയും ചിത്രയും തുടങ്ങി നിരവധി പേര്‍ ഊരുകളില്‍ നിന്നെത്തി എറണാകുളത്തെ വിവിധ കോളേജുകളില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 

ഗോത്രമഹാസഭയുടെ നേതൃത്വത്തിലുള്ള ആദിശക്തി സമ്മര്‍ സ്‌കൂള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗോത്രവിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിനെത്തിക്കുകയാണ്. ഇത്തവണ വയനാട്ടില്‍ നിന്നും പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സഹകരണത്തോടെ ഗോത്രപ്രഭ പദ്ധതിയും മികച്ച കോളേജുകളിലേക്ക് കുട്ടികള്‍ക്കു വഴികാട്ടിയായി.

ഭൂമിക്കും വനാവകാശത്തിനും വേണ്ടിയായിരുന്നു കേരളത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ എന്നും പോരാടിയത്. ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്നമായി അത് നില്‍ക്കുന്നു. ഇതിനു പുറമെ ഗോത്രവിഭാഗങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളിലൊന്ന് വിദ്യാഭ്യാസമായിരുന്നു. സ്‌കൂളില്‍ പോലും എത്താന്‍ കഴിയാതേയും പഠനം മുഴുമിപ്പിക്കാനാവാതേയും ഊരുകളില്‍ കഴിയുന്ന കുട്ടികള്‍. പ്ലസ്ടു വിദ്യാഭ്യാസം വരെ എത്തുന്നവര്‍ക്ക് തുടര്‍ന്നങ്ങോട്ട് സ്ഥാപനങ്ങളോ സൗകര്യങ്ങളോ സീറ്റുകളോ ഇല്ലാത്ത അവസ്ഥ. ഇതിനെയെല്ലാം മറികടന്ന് കോളേജുകളിലെത്തുന്നവര്‍ ഫീസും ഹോസ്റ്റല്‍ സൗകര്യങ്ങളുമില്ലാതെ പാതിവഴിയില്‍ ക്യാംപസ് വിടാന്‍ നിര്‍ബ്ബന്ധിതരാകുന്നു. സര്‍ക്കാരോ പട്ടികവര്‍ഗ്ഗ വകുപ്പോ ഇതൊരു അടിസ്ഥാന മനുഷ്യാവകാശ പ്രശ്നമാണ് എന്ന് ഇപ്പോഴും കാണുന്നുമില്ല. ഈയൊരു സാഹചര്യത്തിലാണ് ഗോത്രവിഭാഗത്തിലെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാന്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിശക്തി സമ്മര്‍ സ്‌കൂള്‍ ആരംഭിച്ചത്. ആദിവാസികളുടെ ഭൂമിക്കും വനാവകാശത്തിനും വേണ്ടിയുള്ള സമരത്തിനു നേതൃത്വം നല്‍കുന്ന ആദിവാസി ഗോത്രമഹാസഭ ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കും അവരെ പ്രാപ്തരാക്കുകയാണ്.

ഈ വര്‍ഷം വയനാട് ജില്ലയില്‍ ഡോ. കെ.പി. നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗവകുപ്പുമായി സഹകരിച്ച് ഗോത്രപ്രഭ എന്ന ഹ്രസ്വകാല പദ്ധതിയും പ്രവര്‍ത്തിച്ചു. ഇതിലൂടെ ഒട്ടേറെ ഗോത്രവിദ്യാര്‍ത്ഥികള്‍ പല കോളേജുകളിലും ബിരുദപ്രവേശനം ഉറപ്പാക്കുകയാണ്. വയനാട്ടില്‍ മാത്രം 2500-നടുത്ത് വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറിയിലേക്ക് പ്രവേശനയോഗ്യത നേടുന്നുണ്ടെങ്കിലും 700 ഓളം സീറ്റ് മാത്രമേ ഇവര്‍ക്ക് ലഭ്യമാവുന്നുള്ളൂ. ബാക്കിയുള്ള വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുന്നോട്ടുള്ള വഴിയില്ലാതെ പഠനം നിര്‍ത്തുന്നവരാണ്.

ആദിശക്തിയിലൂടെ പുതുയു​ഗത്തിലേക്ക് 
ആദിശക്തിയിലൂടെ പുതുയു​ഗത്തിലേക്ക് 

ആദിശക്തി

ബിരുദ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തവണ അന്‍പതോളം കുട്ടികള്‍ ആദിശക്തിയുടെ നേതൃത്വത്തില്‍ ഇതുവരെ പ്രവേശനം നേടിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 175 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇതില്‍ 52 പേര്‍ എറണാകുളത്തെ വിവിധ കോളേജുകളിലാണ്. 2015-ലാണ് ആദിശക്തി സമ്മര്‍ സ്‌കൂള്‍ തുടങ്ങുന്നത്. അവധിക്കാലത്ത് ഓറിയന്റേഷന്‍ ക്യാംപ് എന്ന നിലയിലായിരുന്നു തുടക്കത്തില്‍ ആലോചിച്ചത്. ആദിവാസി ഗോത്രമഹാസഭയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഡിജീനസ് പീപ്പിള്‍സ് കളക്ടീവ് എന്ന സൊസൈറ്റിയുടെ പദ്ധതിയാണ് ആദിശക്തി സമ്മര്‍ സ്‌കൂള്‍. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കൂടിയായ എം. ഗീതാനന്ദനാണ് സൊസൈറ്റിയുടെ ചെയര്‍പേഴ്സണ്‍.

53 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍മാരും ആദിശക്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു പുറമെ നിരവധി വളണ്ടിയര്‍മാരുമുണ്ട്. പട്ടികജാതി-വിഭാഗക്കാരല്ലാത്തവരും വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഗവേഷകരും ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായത്തിനുണ്ട്.  ഉന്നതപഠനത്തിനു താല്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സുകളും കോളേജുകളും പരിചയപ്പെടുത്തുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രവേശന നടപടികളില്‍ സഹായിക്കുകയും ചെയ്യുകയാണ് സ്‌കൂളിന്റെ പ്രധാന പ്രവര്‍ത്തനം. ഫീസ് കണ്ടെത്താനും താമസ സൗകര്യമുറപ്പാക്കാനും ഇവര്‍ക്ക് കഴിയുന്നു. എറണാകുളം കേന്ദ്രീകരിച്ചാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.

കൃത്യമായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇല്ലാതെ വന്നതോടെ തമ്മനത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രണ്ട് ഹോസ്റ്റലുകളും തുടങ്ങി. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ പ്രവേശന നടപടികള്‍ക്കോ മറ്റോ നഗരത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താമസിക്കാനുള്ള ഷോര്‍ട്ട് സ്റ്റേ സൗകര്യവുമൊരുക്കിയിട്ടുണ്ട്.

ഗോത്രപ്രഭ

വയനാട്ടിലെ കുറുമ വിഭാഗത്തില്‍നിന്നും ആദ്യമായി പി.എച്ച്.ഡി നേടിയ ഡോ. കെ.പി. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഗോത്രപ്രഭ പദ്ധതി തുടങ്ങിയത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് സോഷ്യല്‍വര്‍ക്കിലായിരുന്നു പി.എച്ച്.ഡി. ആറളത്തെ ആദിവാസി പുനരധിവാസമായിരുന്നു നിതീഷിന്റെ ഗവേഷണ വിഷയം. പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ശേഷമാണ് ഗോത്രവിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിതീഷ് ശ്രമിച്ചത്. ഉന്നതപഠനത്തിന് അവരെ പ്രാപ്തരാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഗോത്രപ്രഭ എന്ന പേരിലുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ട്രൈബല്‍ ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. നാല് ലക്ഷം രൂപയായിരുന്നു പദ്ധതിച്ചെലവ് കണ്ടത്. ഐ.ടി.ഡി.പി ഓഫീസര്‍ ജില്ലാകളക്ടര്‍ക്ക് പദ്ധതി സമര്‍പ്പിച്ചതിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തി പദ്ധതി അംഗീകരിച്ചു. 2021 മാര്‍ച്ചോടെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നിതീഷ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഗോത്രവിഭാഗത്തിലുള്ള ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ഡാറ്റ ശേഖരിക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്തു. 724 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പട്ടികവര്‍ഗ്ഗ വകുപ്പിനു കീഴിലുള്ള മെന്റര്‍ ടീച്ചര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി പത്തുപേരടങ്ങുന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പുകളുണ്ടാക്കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ വന്ന പ്ലസ്ടു റിസല്‍ട്ടില്‍ 724 പേരില്‍ 286 പേര്‍ പാസ്സായില്ല. ബാക്കിയുള്ളവര്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ എന്നിവ നല്‍കി. യൂണിവേഴ്സിറ്റികളുടേയും കോളേജുകളുടേയും നോട്ടിഫിക്കേഷനുകള്‍ അവര്‍ക്ക് കൃത്യമായി എത്തിച്ചു. പനമരം, കമ്പളക്കാട്, മീനങ്ങാടി എന്നിവിടങ്ങളില്‍ അപേക്ഷകള്‍ അയക്കാനും മറ്റ് സൗകര്യങ്ങള്‍ ചെയ്യാനുമായി ഹെല്‍പ് ഡെസ്‌ക്കുകളും ആരംഭിച്ചു. 300 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സാധ്യമാകും എന്നാണ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ നിതീഷ്‌കുമാര്‍ പറയുന്നത്. പലരും കേരളത്തിലെ വിവിധ കോളേജുകളില്‍ പ്രവേശനം നേടിക്കഴിഞ്ഞു.

കോളേജുകളുടെ നോട്ടിഫിക്കേഷനും സ്പോട്ട് അഡ്മിഷന്‍ വിവരങ്ങളും ആദിവാസി വിദ്യാര്‍ത്ഥികളിലേക്ക് പലപ്പോഴും എത്താറില്ല. ആദ്യ അലോട്ട്‌മെന്റിനു ശേഷമുള്ള സ്പോട്ട് അഡ്മിഷന്‍ വിവരങ്ങള്‍ പലപ്പോഴും വെബ്സൈറ്റുകളില്‍ കൊടുക്കാറുമില്ല. പ്രാദേശിക പേജില്‍ കൊടുക്കുന്ന അറിയിപ്പുകള്‍ അന്നുതന്നെ ക്ലോസ് ചെയ്യുന്ന രീതിയാണ് പല കോളേജുകളും സ്വീകരിക്കുന്നത്. ഇങ്ങനെ എസ്.ടി വിഭാഗത്തിന്റെ സീറ്റുകള്‍ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റപ്പെടുകയാണ് രീതി. എസ്.എസി-എസ്.ടി. പ്രവേശനം പലയിടത്തും സുതാര്യമല്ല. ഓട്ടോണമസ് കോളേജുകളില്‍ അതുകൊണ്ടുതന്നെ ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ബുദ്ധിമുട്ടാണ്.

ഇത്തരം പരാതികള്‍ ചൂണ്ടിക്കാട്ടി എറണാകുളം സെന്റ് ആല്‍ബര്‍ട്സ്, സെന്റ് തെരേസാസ്, സേക്രട്ട് ഹാര്‍ട്ട് കോളേജുകള്‍ക്കെതിരെ ഗോത്രവിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇത്തവണയും സെന്റ് ആല്‍ബര്‍ട്സില്‍ എസ്.സി-എസ്.ടി സീറ്റുകള്‍ ജനറല്‍ കാറ്റഗറിയില്‍പ്പെടുത്തി സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നതിനിടയിലാണ് ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ അവിടെ പോവുകയും ഏഴ്പേര്‍ പ്രവേശനം നേടുകയും ചെയ്തതെന്ന് ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രവര്‍ത്തകര്‍ പറയുന്നു. അത്തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ ഈ കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ട്. ആറ് പേര്‍ വയനാട്ടില്‍നിന്നും ഒരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്തു നിന്നുമാണ് എത്തിയത്. നാല് പേര്‍ ജേണലിസത്തിലും രണ്ട് പേര്‍ ഫിസിക്കല്‍ എജ്യുക്കേഷനിലും ഒരാള്‍ ട്രാവല്‍ ആന്റ് ടൂറിസത്തിലും പ്രവേശനം നേടി.

പണിതിട്ടും തുറക്കാതെ ഹോസ്റ്റല്‍

ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി ഊരുകളില്‍നിന്നാണ് കൂടുതല്‍ കുട്ടികള്‍ ഉന്നതപഠനത്തിനായി നഗരങ്ങളിലേക്ക് എത്തുന്നത്. ഇവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി താമസ സൗകര്യമാണ്. പല കോളേജുകള്‍ക്കും ഹോസ്റ്റല്‍ സൗകര്യം പരിമിതമാണ്. ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ പഠനം നിര്‍ത്തി പോവുന്നവരുണ്ട്. ആദിശക്തിയുടെ കണക്കുപ്രകാരം 2016-ല്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ 15 വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തി ഊരുകളിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പലരുടേയും സഹായത്തോടെ ആദിശക്തിയുടെ നേതൃത്വത്തില്‍ രണ്ട് ഹോസ്റ്റലുകള്‍ വാടകക്കെട്ടിടത്തില്‍ കൊച്ചിയില്‍ ആരംഭിച്ചത്. എറണാകുളം പള്ളിമുക്കില്‍ പെണ്‍കുട്ടികള്‍ക്കായി പട്ടിവര്‍ഗ്ഗ വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഈ കൊവിഡ് കാലത്തും നഗരത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ പട്ടിവര്‍ഗ്ഗ വകുപ്പും തയ്യാറാവുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്.

ഗോത്രവിഭാഗങ്ങളുടെ വിദ്യാഭ്യാസ പരിമിതി മറികടക്കണം

എം. ഗീതാനന്ദന്‍

ഏറ്റവും താഴെത്തട്ടിലുള്ള പണിയ, അടിയ പോലുള്ള സമുദായങ്ങളുടെ പൊതുപരാധീനത വിദ്യാഭ്യാസപരമായും അവര്‍ ഏറ്റവും താഴെത്തട്ടിലാണ് എന്നതാണ്. വിദ്യാഭ്യാസമുള്ളവരുടെ പിന്‍ബലം ഉള്ളില്‍നിന്ന് അവരുടെ പല അവകാശ സമരങ്ങള്‍ക്കും ഇല്ല എന്നത് ഒരു പരിമിതിയാണ്. ഇതിനെ മറികടക്കല്‍ ആവശ്യമാണ്. വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ അവര്‍ അനുഭവിക്കുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ പലപ്പോഴും അവരിലെത്താറില്ല. യൂണിവേഴ്സിറ്റി വെബ്സൈറ്റുകള്‍ മാത്രമാണ് പലരും നോക്കുന്നത്. വയനാട്ടിലെ കുട്ടികളെ നോക്കുകയാണെങ്കില്‍ അവര്‍ കൂടുതലും കണ്ണൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ മാത്രമായിരിക്കും നോക്കുക. അതുകൊണ്ടുതന്നെ അവരാഗ്രഹിക്കുന്ന കോഴ്സുകള്‍ക്ക് പലര്‍ക്കും എത്തിച്ചേരാന്‍ കഴിയാറില്ല. 

ഫീസിന്റേയും ഹോസ്റ്റല്‍ സൗകര്യത്തിന്റേയും പ്രശ്നങ്ങള്‍ വേറെയുണ്ട്. ഇങ്ങനെ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നതിനാലാണ് പലരും കൊഴിഞ്ഞുപോകുന്നത്. ഹോസ്റ്റല്‍ പ്രശ്നം രൂക്ഷമായതോടെയാണ് തമ്മനത്ത് വാടകക്കെട്ടിടത്തില്‍ ഹോസ്റ്റലുകള്‍ ആരംഭിച്ചത്. കുറച്ചു കുട്ടികള്‍ക്ക് ഗ്രാന്റ് കിട്ടുന്നുണ്ട്. ബാക്കി പൊതുജനങ്ങളില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം.

2500 ഓളം കുട്ടികള്‍ ഹയര്‍സെക്കന്‍ഡറിയിലേക്ക് യോഗ്യത നേടി വയനാട്ടില്‍നിന്നു മാത്രം വരുന്നുണ്ട് എന്നത് നമ്മള്‍ കാണണം. അതിനനുസരിച്ചുള്ള സ്ഥാപനങ്ങളില്ല. ആദിശക്തി എന്ന പ്ലാറ്റ്ഫോം ഉണ്ടാവുന്നത് ഇത്തരം സാഹചര്യങ്ങളില്‍ നിന്നാണ്. ഹയര്‍സെക്കന്‍ഡറി ഫലം വന്നുകഴിഞ്ഞാല്‍ എല്ലാ വര്‍ഷവും കൊച്ചിയില്‍ ഓറിയന്റേഷന്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ ഹെല്‍പ് ഡസ്‌ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കുട്ടികളുടെ യാത്രാച്ചെലവ്, ഫീസ്, താമസം, പ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ ആദിശക്തിവഴി ചെയ്തുകൊടുക്കാന്‍ കഴിയുന്നുണ്ട്. ഏറ്റവും നല്ല ന്യൂജനറേഷന്‍ കോഴ്സുകള്‍ എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലാണ്. കൂടുതലും ഓട്ടോണമസ് കോളേജുകളാണെങ്കിലും. അതും കൂടി പരിഗണിച്ചാണ് ആദിശക്തി കൊച്ചി തെരഞ്ഞെടുത്തത്. കൂടാതെ ഇടുക്കി പോലുള്ള ഗോത്രമേഖലകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാനും സൗകര്യമുണ്ട്. വളണ്ടിയര്‍മാരായും അല്ലാതേയും ധാരാളം പേരുടെ സഹകരണവും ആദിശക്തിയുടെ പ്രവര്‍ത്തനത്തിനുണ്ട്.

വയനാട്ടില്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി വികസിപ്പിക്കണം

ഡോ. കെ.പി. നിതീഷ്‌കുമാര്‍

വയനാട് ജില്ലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു വരെ പഠിക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. വയനാട്ടിലെ കണക്കെടുത്താല്‍ കൂടുതല്‍ പേരും ഹ്യൂമാനിറ്റീസ് വിഷയം പഠിക്കുന്നവരാണ്. ഇവരെ ഉള്‍ക്കൊള്ളാനുള്ള കോളേജുകള്‍ ഇവിടെയില്ല. കേരളത്തില്‍ മൊത്തം നോക്കുകയാണെങ്കില്‍ സംവരണസീറ്റുകളില്‍ പലപ്പോഴും കുട്ടികള്‍ വരാറില്ല. ഇത് മറ്റ് വിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. നല്ല കോളേജുകളില്‍ കുട്ടികളെ എത്തിക്കണമെങ്കില്‍ പരിശ്രമം നടത്തേണ്ടതുണ്ട് എന്നു തോന്നി. അങ്ങനെയാണ് പി.എച്ച്.ഡി കഴിഞ്ഞയുടന്‍ പ്രൊജക്ട് തയ്യാറാക്കിയത്.

പലതരത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കു നല്‍കാനായി. പരമാവധി അവരെക്കൊണ്ട് തന്നെ ചെയ്യിക്കുക എന്നതായിരുന്നു ലക്ഷ്യം. ആശ്രിതത്വം ഇല്ലാതാക്കണം എന്നതായിരുന്നു. നിലവില്‍ പകുതിയോളം പേരുടെ പ്രവേശനം പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഒരു ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ സാധ്യത വയനാട്ടിലുണ്ട്. അത്തരത്തില്‍ വികസിപ്പിച്ചെടുക്കേണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒരു സ്ഥാപനം വയനാട് ചെതലയത്തുണ്ട്. 40 സീറ്റുകളാണ് സോഷ്യോളജിക്കുള്ളത്. ഏകദേശം 380-ലധികം ഗോത്രവിദ്യാര്‍ത്ഥികള്‍ അവിടെ അപേക്ഷിച്ചിട്ടുണ്ട്. ഇതൊക്കെ സര്‍ക്കാര്‍ കാണുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യണം. വകുപ്പു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സമാന്തരമായി പുതിയ ആശയങ്ങള്‍ കൊണ്ടുവരികയും വിജയിപ്പിക്കുകയും ചെയ്ത് ഒരു മാതൃക കാണിക്കുകയാണ്. കണ്‍വെന്‍ഷണല്‍ രീതിയില്‍നിന്ന് മാറി സമുദായത്തിന്റെ ആവശ്യമനുസരിച്ചുള്ള പുരോഗമനപരമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മാറ്റം ഉണ്ടാകും. അത് കാണിക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. ഭൂമിവിതണം, മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുക, വിദ്യാഭ്യാസം- ഈ മൂന്ന് കാര്യങ്ങളാണ് സമുദായത്തിനകത്ത് ഏറ്റവും അടിസ്ഥാനപരമായി വേണ്ടത്. അതില്‍ മൂന്നാമത്തേത് സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ചെയ്യാന്‍ പറ്റുന്ന മേഖലയായതുകൊണ്ട് അതില്‍നിന്ന് നമ്മള്‍ തുടങ്ങി. ഞാന്‍ ഈ സിസ്റ്റത്തിനോടുകൂടി പോകാനാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിന് ഫണ്ടുണ്ട്. 60 ലക്ഷം രൂപയാണ് വയനാട്ടില്‍ പട്ടികവകുപ്പില്‍നിന്ന് കഴിഞ്ഞതവണ ലാപ്സായി പോയത്. അപ്പോള്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കാന്‍ പറ്റണം. നമ്മള്‍ മറ്റു വഴിയില്‍ ചെയ്യാനാണെങ്കില്‍ എന്തിനാണ് ഈ സര്‍ക്കാരും സംവിധാനവും. ആറളം ഫാമിലെ ആദിവാസി പുനരധിവാസമായിരുന്നു എന്റെ പി.എച്ച്.ഡി. ആറളത്ത് 501 കുടുംബങ്ങളില്‍നിന്ന് പി.ജിക്ക് പോയത് മൂന്നുപേരാണ്. ഉന്നത വിദ്യാഭ്യാസമാണ് ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന കൃത്യമായ ധാരണയുണ്ടായിരുന്നു. കുട്ടികള്‍ക്ക് സഹായം ചെയ്യാന്‍ പലരും മുന്നോട്ടുവരും. സാമ്പത്തികമായി സഹായം ചെയ്ത് അവരെ ആശ്രിതത്വത്തിലേക്ക് മാറ്റരുത്. അനാവശ്യമായ ലക്ഷ്വറിയും കൊടുക്കരുത്. ഒരുതരത്തില്‍ പഠനവും ഒരു അതിജീവനമാണ്. ആ രീതിയിലാണ് ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com