അനീതിയുടെ പക്ഷത്താണ് ഇടതു സര്‍ക്കാരും 

സമരത്തില്‍ പങ്കെടുത്തവരേയും അല്ലാത്തവരേയും അറസ്റ്റുചെയ്ത് ക്രൂരതകള്‍ക്കിരയാക്കിയ നാളുകള്‍. എന്നാല്‍, ഭരണകൂടത്തിന്റേയും പൊലീസിന്റേയും ഈ അനീതി ചോദ്യം ചെയ്യാന്‍ ആരുമുണ്ടായില്ല
കെകെ സുരേന്ദ്രൻ/ ഫോട്ടോ: രൂപേഷ് കുമാർ
കെകെ സുരേന്ദ്രൻ/ ഫോട്ടോ: രൂപേഷ് കുമാർ

2003-ല്‍ മുത്തങ്ങയില്‍ പൊലീസ് നടത്തിയത് സമാനതകളില്ലാത്ത ക്രൂരതകളായിരുന്നു. ഭൂമിക്കുവേണ്ടി സമരം നടത്തിയ ആദിവാസികള്‍ക്ക് അതിക്രൂരമായി മര്‍ദ്ദനം, കുടിലുകള്‍ കത്തിക്കല്‍, വെടിവെയ്പ്-ഭയാനകമായ അന്തരീക്ഷം. സമരത്തില്‍ പങ്കെടുത്തവരേയും അല്ലാത്തവരേയും അറസ്റ്റുചെയ്ത് ക്രൂരതകള്‍ക്കിരയാക്കിയ നാളുകള്‍. എന്നാല്‍, ഭരണകൂടത്തിന്റേയും പൊലീസിന്റേയും ഈ അനീതി ചോദ്യം ചെയ്യാന്‍ ആരുമുണ്ടായില്ല. കേസുകള്‍ ഏകപക്ഷീയമായി അന്വേഷിക്കപ്പെട്ടു. ആദിവാസികള്‍ക്കെതിരെ നടന്ന അക്രമമോ പൊലീസ് വെടിയേറ്റു മരിച്ച ജോഗി എന്ന ആദിവാസിയുടെ മരണമോ ഇന്നും അന്വേഷിക്കപ്പെട്ടിട്ടില്ല. മുത്തങ്ങ സംഭവത്തില്‍ ആദിവാസികള്‍ക്കെതിരെയുള്ള കേസുകള്‍ മാത്രമാണ് വിചാരണ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട സുല്‍ത്താന്‍ ബത്തേരി ഡയറ്റ് അദ്ധ്യാപകന്‍ കെ.കെ. സുരേന്ദ്രന്‍ കേസുമായി മുന്നോട്ട് പോയത്. 

സമരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ഇദ്ദേഹത്തെ അന്യായമായി അറസ്റ്റ് ചെയ്യുകയും ഭീകരമായി മര്‍ദ്ദിക്കുകയും ജയിലിലിടുകയും ചെയ്തതിനെതിരെയായിരുന്നു ആ നിയമപോരാട്ടം. 17 വര്‍ഷത്തിനുശേഷം അദ്ദേഹത്തിന് അനുകൂലമായി വിധി വന്നു. സുല്‍ത്താന്‍ ബത്തേരി സി.ഐ. ആയിരുന്ന വി. ദേവരാജ്, എസ്.ഐ. പി. വിശ്വംഭരന്‍, എ.എസ്.ഐ. സി.എം. മത്തായി, ഹെഡ് കോണ്‍സ്റ്റബിള്‍ ഇ. വസന്ത് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ കെ.ആര്‍. രഘുനാഥന്‍, വര്‍ഗ്ഗീസ് എന്നീ ആറ് പൊലീസുകാരായിരുന്നു കുറ്റക്കാര്‍. അഞ്ച് ലക്ഷം രൂപയും മൂന്നു ശതമാനം പലിശയും കോടതി ചെലവുമായിരുന്നു ബത്തേരി സബ് കോടതിയുടെ നഷ്ടപരിഹാര വിധി.

വൈകിയാണെങ്കിലും അനീതിക്കും അന്യായത്തിനുമെതിരായ ഈ കോടതിവിധിയില്‍ ആശ്വാസം കൊള്ളുന്നതിനിടയിലാണ് സര്‍ക്കാര്‍ ഇതിനെതിരെ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ചെയ്തത് അന്യായമാണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി പറഞ്ഞിട്ടും പൊലീസിന്റെ ആത്മവീര്യം തകരാതെ നോക്കേണ്ടതിന്റെ ബാധ്യത ഏറ്റെടുത്ത സര്‍ക്കാര്‍ വിധിക്കെതിരെ നീങ്ങിയിരിക്കുന്നു. എന്തുതരം സന്ദേശമാണ് ഈ അപ്പീലിലൂടെ കേരള സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

കെകെ സുരേന്ദ്രൻ
കെകെ സുരേന്ദ്രൻ

അനീതിയുടെ ഓര്‍മ്മപ്പെടുത്തല്‍ 

ഭൂമി ആവശ്യപ്പെട്ട് 2001-ല്‍ തിരുവനന്തപുരത്ത് കുടില്‍കെട്ടി സമരം നടത്തിയ ആദിവാസികള്‍ക്ക് അന്നത്തെ ആന്റണി സര്‍ക്കാര്‍ ഭൂമി നല്‍കാം എന്നതടക്കമുള്ള കരാറുകള്‍ വെച്ചു. എന്നാല്‍, ഇതു പാലിക്കപ്പെട്ടില്ല. 2003 ജനുവരിയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങി. പിന്നീട് ഫലപ്രദമായ ചര്‍ച്ചകളോ തീരുമാനങ്ങളോ ഇക്കാര്യത്തിലുണ്ടായില്ല. 2003 ഫെബ്രുവരി 19-നായിരുന്നു സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചത്. അതിനു രണ്ടുദിവസം മുന്‍പുതന്നെ കലാപാന്തരീക്ഷത്തിലായിരുന്നു മുത്തങ്ങ. വെടിവെയ്പില്‍ ജോഗി എന്ന ആദിവാസി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു. 

സംഭവത്തില്‍ 700-ലധികം ആദിവാസികളുടെ പേരില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വനം കയ്യേറ്റം, വന്യജീവി സങ്കേതത്തില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങി ഫോറസ്റ്റ് ഒഫന്‍സുമായി ബന്ധപ്പെട്ടതായിരുന്നു ആറ് കേസുകള്‍. ഫോറസ്റ്റ് കേസുകളില്‍ രണ്ടെണ്ണം തള്ളിപ്പോയി. ബാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് റദ്ദാക്കി. എന്നാല്‍ ആദിവാസികള്‍ക്കെതിരെ നടന്ന അക്രമങ്ങളൊന്നും അന്വേഷിക്കപ്പെട്ടില്ല.

വി ദേവരാജ്
വി ദേവരാജ്

ലോക്കല്‍ പൊലീസില്‍നിന്നു കേസുകള്‍ പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒരു മാസത്തിനകം കേസ് സി.ബി.ഐയ്ക്ക് കൈമാറി. സി.ബി.ഐ. അത് മൂന്നു കേസുകളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. വിനോദ് കൊല്ലപ്പെട്ടതില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 57 പ്രതികളാണ്. പൊലീസുകാരെ അക്രമിച്ചു എന്ന കേസില്‍ 73 പേര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു എന്ന കേസില്‍ 53 പേര്‍. അങ്ങനെ 150-ലധികം പേര്‍ മുത്തങ്ങ കേസുമായി വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. 2004 മുതല്‍ എറണാകുളത്ത് പോയി ഹാജരാകേണ്ടി വന്നു ഇവര്‍ക്ക്. പിന്നീട് 2016-ല്‍ രണ്ട് കേസുകള്‍ കല്പറ്റ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിലെ പലരും മരണപ്പെട്ടു. ജോഗിയുടെ മരണമുള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മൂന്നു വര്‍ഷത്തോളം കേസ് നടത്തിയിരുന്നു. 

വർ​ഗീസ്
വർ​ഗീസ്

2003 മാര്‍ച്ചില്‍ത്തന്നെ മുത്തങ്ങക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. പിന്നീട് ആദിവാസികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍കൂടി ക്രൈംബ്രാഞ്ചില്‍നിന്ന് സി.ബി.ഐയെ ഏല്പിക്കാന്‍ ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ ക്രിമിനല്‍ കേസ് അന്വേഷിക്കേണ്ട ഏജന്‍സി എന്ന നിലയില്‍ ആദിവാസികള്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുകയും മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞ അന്വേഷണം നടത്താതിരിക്കുകയും ചെയ്യുകയായിരുന്നു എന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍ പറയുന്നു. ''ഞങ്ങള്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. അന്വേഷണം ഏകപക്ഷീയമാണ്, അതുകൊണ്ട് പുനരന്വേഷണം വേണം എന്ന്. പക്ഷേ, ഹൈക്കോടതി അത് അംഗീകരിച്ചില്ല'' -അദ്ദേഹം പറയുന്നു.
 
മുത്തങ്ങ സംഭവവുമായി ബന്ധമില്ലാത്ത നിരവധി പേര്‍ കേസില്‍ പ്രതികളാക്കപ്പെട്ടിരുന്നു. സ്ഥലത്തില്ലാത്തവര്‍, സമരസ്ഥലത്ത് പോകാത്തവര്‍ ഒക്കെ. അതിലൊരാളായിരുന്നു സുല്‍ത്താന്‍ ബത്തേരി ഡയറ്റ് അദ്ധ്യാപകനായ കെ.കെ. സുരേന്ദ്രന്‍.

വസന്തകുമാർ
വസന്തകുമാർ

നീതിക്കായി പോരാടിയ 17 വര്‍ഷങ്ങള്‍ 

2003 ഫെബ്രുവരി 22-നു രാവിലെ പത്തരയോടെയാണ് കെ.കെ. സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന അദ്ദേഹം ആദിവാസി വിഷയങ്ങള്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. മുത്തങ്ങ സമരത്തിലും ആദിവാസികളുടെ ന്യായമായ അവകാശപ്പോരാട്ടത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റേയും നിലപാടുകള്‍. പക്ഷേ, അദ്ദേഹം സമരത്തില്‍ പങ്കെടുത്തിരുന്നില്ല. ആദിവാസി ഗോത്രമഹാസഭയുമായും ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍, ആദിവാസികള്‍ക്ക് ആയുധപരിശീലനത്തിനു ക്ലാസ്സെടുത്തു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പൊലീസ് ആരോപിച്ചത്. ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ബത്തേരി സ്റ്റേഷനിലെത്തിച്ചതു മുതല്‍ മര്‍ദ്ദനം തുടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ കര്‍ണ്ണപടം തകര്‍ന്നു. ഇതേ രീതിയുള്ള മര്‍ദ്ദനമാണ് സ്റ്റേഷനില്‍ എം. ഗീതാനന്ദനും സി.കെ. ജാനുവും അശോകനുമടക്കമുള്ള ആളുകള്‍ക്കും ഏല്‍ക്കേണ്ടിവന്നത്. മര്‍ദ്ദനത്തില്‍ ഗീതാനന്ദന്റെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ജാനുവിന്റെ അടികൊണ്ട് വീര്‍ത്ത കവിളില്‍ പൊലീസ് വീണ്ടും മര്‍ദ്ദിച്ചുകൊണ്ടിരുന്നതായി കെ.കെ. സുരേന്ദ്രന്‍ ഓര്‍ക്കുന്നു. അനങ്ങാന്‍പോലും കഴിയാതെ സ്റ്റേഷന്റെ മൂലയില്‍ അവരെല്ലാം ഇരുന്നു. പൊലീസുകാര്‍ വരുന്നതിനനുസരിച്ച് മര്‍ദ്ദനവും തുടര്‍ന്നു. പിറ്റേന്നാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കെ.കെ. സുരേന്ദ്രനെ കണ്ണൂര്‍ ജയിലിലേയ്ക്ക് മാറ്റി. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും. 34 ദിവസത്തെ ജയില്‍വാസത്തിനു ശേഷം വര്‍ഷങ്ങളോളം നീണ്ട ചികിത്സയ്ക്കു ശേഷമാണ് നിവര്‍ന്നു നടക്കാനെങ്കിലുമായതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ജോലിയും നഷ്ടമായിരുന്നു.

ആട്ടിയോടിക്കപ്പെട്ട ആ​​ദിവാസികൾ
ആട്ടിയോടിക്കപ്പെട്ട ആ​​ദിവാസികൾ

സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് ഇദ്ദേഹം കുറ്റവിമുക്തനാകുന്നത്. കുറ്റപത്രത്തില്‍ ഇദ്ദേഹത്തിന്റെ പേരില്ലായിരുന്നു. തുടര്‍ന്ന് അന്യായമായ അറസ്റ്റ്, ക്രൂരമായ മര്‍ദ്ദനം, ജയിലിലിടല്‍ എന്നിവ ആരോപിച്ച് കേസിനു പോയി. ജോലിയും തിരികെ ലഭിച്ചു. 17 വര്‍ഷം നീണ്ട കേസിനൊടുവിലാണ് ജനുവരിയില്‍ ബത്തേരി സബ്ബ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 

എസ്.ഐ. പി. വിശ്വംഭരന്‍, സി.ഐ. ദേവരാജന്‍, ഇ. വസന്തകുമാര്‍, സി.എം. മത്തായി, കെ.ആര്‍. രഘുനാഥന്‍, വര്‍ഗീസ് എന്നീ പൊലീസുകാരായിരുന്നു പ്രതികള്‍. അഞ്ചുലക്ഷം രൂപയും പലിശയും കോടതി ചെലവും സര്‍ക്കാര്‍ നല്‍കുകയും ഈ തുക പ്രതികളില്‍നിന്ന് ഈടാക്കുകയും വേണമെന്നാണ് കോടതി വിധി. കേസില്‍ ഒന്നാംകക്ഷി ചീഫ് സെക്രട്ടറിയാണ്. എന്നാലിപ്പോള്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നു. ജയിലിലെത്തി പരിശോധന നടത്തിയ ഡോ. വി.സി. രവീന്ദ്രനടക്കമുള്ള ഡോക്ടര്‍മാരേയും സ്റ്റേഷനില്‍ ഒപ്പമുണ്ടായിരുന്ന സി.കെ. ജാനുവടക്കമുള്ളവരേയും പത്രപ്രവര്‍ത്തകരേയും മറ്റു പല സാക്ഷികളേയും വിചാരണ ചെയ്തതിന്റേയും ചികിത്സാരേഖകളടക്കമുള്ള മെഡിക്കല്‍ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതിവിധി പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് സര്‍ക്കാറിന്റെ അപ്പീല്‍.

സികെ ജാനു പൊലീസ് കസ്റ്റഡിയിൽ
സികെ ജാനു പൊലീസ് കസ്റ്റഡിയിൽ

ഒരു സാധാരണക്കാരനെതിരെ കേസ് നടത്തുക എന്നത് സര്‍ക്കാറിനു ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിലെ ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ അര്‍ഹിക്കുന്ന നീതിക്കുവേണ്ടി പോരാടേണ്ടിവരിക എന്നത് സാമ്പത്തികവും മാനസികവുമായി എളുപ്പമല്ല. സാധാരണ മനുഷ്യന്റെ അവകാശങ്ങളേക്കാള്‍ പ്രധാനമാണ് പൊലീസിന്റെ ക്രൂരതകള്‍ സംരക്ഷിക്കപ്പെടേണ്ടത് എന്നു വിശ്വസിക്കുന്ന ഒരു ഭരണകൂടത്തില്‍നിന്നും എന്തുതരം നീതിയാണ് പ്രതീക്ഷിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com