പുരാരേഖ വകുപ്പ് ചരിത്രം മായ്ക്കുകയാണ്

കേരള ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരാകേണ്ട സംസ്ഥാന പുരാരേഖാ വകുപ്പ് ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയം
തിരുവനന്തപുരത്തെ പുരാരേഖ വകുപ്പ് ആസ്ഥാനം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
തിരുവനന്തപുരത്തെ പുരാരേഖ വകുപ്പ് ആസ്ഥാനം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കേരള ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരാകേണ്ട സംസ്ഥാന പുരാരേഖാ വകുപ്പ് ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയം. ഡിജിറ്റല്‍വല്‍ക്കരണവും പാളിയതോടെ നാടിന്റെ ഇന്നലെകളിലേക്കു വെളിച്ചം വീശുന്ന രേഖകള്‍ നശിക്കുന്നു. ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങി 12 വര്‍ഷമായിട്ടും ഡിജിറ്റല്‍ രേഖകളൊന്നും ഗവേഷകര്‍ക്കു കിട്ടുന്നില്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ വകുപ്പിലെ ഉന്നതരെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഫലമില്ല. 

വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ പോലുമില്ല മറുപടി; കൊവിഡും ലോക്ഡൗണും മൂലം ഓഫീസ് അടച്ചിട്ടതും പിന്നീട് ജീവനക്കാരുടെ ഹാജര്‍ നിയന്ത്രിച്ചതുമൊക്കെ വിവരങ്ങള്‍ തരാതിരിക്കാന്‍ കാരണമാക്കി. ഞങ്ങള്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടുവട്ടം പുരാരേഖാ വകുപ്പിനോടു വിവരാവകാശ നിയമപ്രകാരം ചോദിച്ച കാര്യങ്ങള്‍ ഇവയാണ്: ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് പുരാരേഖാ വകുപ്പും സി-ഡിറ്റും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ്.  എന്നു മുതലാണ് ഈ കരാര്‍ പ്രകാരമുള്ള ജോലികള്‍ തുടങ്ങിയത്? സംസ്ഥാന ആര്‍ക്കൈവ്സ് ഡയറക്ടറേറ്റിലും എറണാകുളം, കോഴിക്കോട് ഓഫീസുകളിലും ഇതുവരെ എത്ര പേജുകള്‍ ഡിജിറ്റൈസ് ചെയ്തു?  ഈ ജോലികള്‍ സി-ഡിറ്റ് നേരിട്ടാണോ ചെയ്തത്? ഇതുമായി ബന്ധപ്പെട്ട് സി-ഡിറ്റിന് എത്ര രൂപയാണ് നല്‍കിയത്, ഇതില്‍ കേന്ദ്രഫണ്ട് ഉണ്ടോ?  ഇതു വരെ ഓരോ ഓഫീസിലും ഗവേഷകര്‍ക്കു ലഭ്യമാക്കാന്‍ പാകത്തില്‍ എത്ര ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കി? ഇവ ഓണ്‍ലൈനില്‍ ലഭ്യമാണോ? ഇന്‍ഡക്‌സ് പരിശോധിക്കാന്‍ കഴിയുമോ; ഇതുമായി ബന്ധപ്പെട്ട് ഓരോ ഓഫീസിലുമുള്ള കോപ്പിയിങ്ങ് മെഷീനുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ? അല്ലെങ്കില്‍ എന്താണ് തകരാറ്? ഓരോ ഓഫീസിലും മൈക്രോഫിലിം ചെയ്ത രേഖകള്‍ എത്ര? അവ ഇപ്പോള്‍ ലഭ്യമാണോ?

മൗനമാണ് പ്രതികരണം. പുരാരേഖാ ഡയറക്ടര്‍ ജെ. റെജികുമാറുമായി സംസാരിച്ചപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള മറുപടികള്‍ തരാതിരിക്കുന്നതിനെക്കുറിച്ചു ചൂണ്ടിക്കാണിച്ചിരുന്നു. അദ്ദേഹം അതില്‍ അത്ഭുതം പ്രകടിപ്പിക്കുകയും ആ ചോദ്യങ്ങള്‍ തനിക്ക് വാട്സാപ്പില്‍ അയച്ചുതന്നാല്‍ മറുപടി തരാന്‍ വേണ്ടതു ചെയ്യാം എന്നു പറയുകയും ചെയ്തു. അദ്ദേഹത്തിന് അയച്ചുകൊടുത്ത ശേഷം രണ്ടു ദിവസം കഴിഞ്ഞു വിളിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് കൊവിഡാണ് എന്ന, രണ്ടുമാസത്തിനിടെ പലവട്ടം പുരാരേഖാ വകുപ്പ് ആസ്ഥാനത്തു വിളിക്കുമ്പോള്‍ കിട്ടുന്ന മറുപടി തന്നെയാണ് കിട്ടിയത്. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറെക്കൊണ്ട് ഫയല്‍ വിളിപ്പിച്ചിട്ടുണ്ട്; തിങ്കളാഴ്ചയെങ്കിലും (സെപ്റ്റംബര്‍ 13) മറുപടി കിട്ടാന്‍ വേണ്ടതു ചെയ്യാം എന്നും പറഞ്ഞു: പക്ഷേ, കിട്ടിയില്ല. അപ്പോഴേക്കും രണ്ടാമത്തെ പ്രാവശ്യം ചോദ്യങ്ങള്‍ തപാലില്‍ അയച്ചിട്ട് ഒരു മാസവും ഒരാഴ്ചയും കഴിഞ്ഞിരുന്നു. വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കേണ്ടിയിരിക്കെയാണ് ഇത്.  ''പ്രാഥമിക രേഖകളായ പേപ്പര്‍ രേഖകള്‍ കേടുപാടുകള്‍ തീര്‍ത്ത് സൂക്ഷിക്കാനാണ് സി-ഡിറ്റുമായി ധാരണ ഉണ്ടാക്കിയത്. ആ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയാകുന്നതോടെ കോടിക്കണക്കിനു രേഖകള്‍ ഭാവിയില്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ കഴിയും'' -ഡയറക്ടര്‍ പറയുന്നു: 

''തിരുവനന്തപുരത്ത് താളിയോല മ്യൂസിയം തുടങ്ങാനുള്ള ശ്രമങ്ങള്‍ അതിവേഗം നടക്കുകയാണ്. ഒരു കോടിയിലധികം രേഖകളാണുള്ളത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു മ്യൂസിയം. വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയം, കയ്യൊപ്പ് രേഖാമ്യൂസിയം, അഞ്ചു ജില്ലകളില്‍ ഹെറിറ്റേജ് കേന്ദ്രം എന്നിവ വൈകാതെ തടങ്ങും. നാടിന്റെ ചരിത്രത്തെക്കുറിച്ചു കുട്ടികള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ഹെറിറ്റേജ് ക്ലബ്ബ്, ഹെറിറ്റേജ് അവാര്‍ഡ് എന്നിവയൊക്കെ വകുപ്പിന്റെ പ്രഖ്യാപിത പദ്ധതികളാണ്. മറ്റൊന്ന്, പുരാരേഖകള്‍ ഉള്ളിടത്തു ചെന്നു സംരക്ഷിക്കുന്ന പദ്ധതിയാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ പ്രസംഗങ്ങളും മതിലകം രേഖകളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും.'' 

സെപ്റ്റംബര്‍ 12-നു പുരാരേഖാ വകുപ്പിന്റെ കൂടി ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ ഫോണില്‍ വിളിച്ചു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി കിട്ടാത്ത കാര്യം പറഞ്ഞിരുന്നു. വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാം എന്നും മറുപടി വേഗത്തില്‍ ഉറപ്പാക്കാം എന്നും അദ്ദേഹവും അറിയിച്ചു. യഥാര്‍ത്ഥത്തില്‍ വിവരാവകാശ നിയമപ്രകാരം ഒരു സര്‍ക്കാര്‍ വകുപ്പിനോട് വിവരങ്ങള്‍ ചോദിച്ച ശേഷം ഇങ്ങനെ പിന്തുടര്‍ന്ന് അന്വേഷിക്കേണ്ടി വരുന്നതുതന്നെ അസാധാരണമാണ്. 

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് 2017ൽ തിരുവനന്തപുരത്ത് നടത്തിയ പ്രദർശനത്തിൽ നിന്ന്
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് 2017ൽ തിരുവനന്തപുരത്ത് നടത്തിയ പ്രദർശനത്തിൽ നിന്ന്

പരാതികള്‍, മുന്നറിയിപ്പുകള്‍ 

സംസ്ഥാന ആര്‍ക്കൈവ്സിന്റെ ദുരവസ്ഥ എന്നാണ് പ്രമുഖ എഴുത്തുകാരനും ഗവേഷകനുമായ ചെറായി രാമദാസ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിലെ സാംസ്‌കാരിക മന്ത്രി എ.പി. അനില്‍കുമാറിനു നല്‍കിയ കത്തിന്റെ തലക്കെട്ടുതന്നെ. നിരവധി വിവരങ്ങള്‍ നേരിട്ടു മനസ്സിലാക്കിയ അദ്ദേഹം പുരാരേഖാ വകുപ്പിനെ നന്നാക്കാന്‍ നടത്തിയ ശ്രമമായിരുന്നു അത്. ''ഒരു എളിയ ഗവേഷകനും എഴുത്തുകാരനുമാണ് ഞാന്‍. ഏതാനും കൊല്ലങ്ങളായി സംസ്ഥാന ആര്‍ക്കൈവ്സ് കേന്ദ്രങ്ങളിലെ, പ്രത്യേകിച്ച് എറണാകുളം കേന്ദ്രത്തിലെ പുരാരേഖകളുമായി അടുത്ത പരിചയമുണ്ട്. ഈ അനുഭവത്തില്‍നിന്നു ദു:ഖകരമായ ഒരു സത്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്'' എന്നായിരുന്നു തുടക്കം. ''നൂറ്റാണ്ടുകളുടെ പഴക്കമുള്ള പതിനായിരക്കണക്കിനു രേഖകളില്‍ ഭൂരിഭാഗവും അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരിടത്തും കിട്ടാത്ത കയ്യെഴുത്തു രേഖകളും നശിക്കുന്നു. 19-ാം നൂറ്റാണ്ടിലെ 83 കൊല്ലം നീണ്ട ബ്രിട്ടീഷ് റെസിഡന്റ്സ് ലെറ്റേഴ്സ്, 84 കൊല്ലം നീണ്ട ദിവാന്‍സ് ഇംഗ്ലീഷ് ഡയറീസ്, 19, 20 നൂറ്റാണ്ടുകളിലെ 49 കൊല്ലം നീണ്ട ദിവാന്‍സ് ഡി ഒ കറസ്പോണ്ടന്‍സ് തുടങ്ങിയവയില്‍പ്പെടുന്ന പതിനായിരക്കണക്കിനു രേഖകളുടെ സ്ഥിതി ഉദാഹരണം. ഒന്നൊന്നര നൂറ്റാണ്ടിന്റെ കൊച്ചി-തിരുവിതാംകൂര്‍-മലബാര്‍ ഗസറ്റുകള്‍ തുടങ്ങിയ അച്ചടിച്ച രേഖകളും പൊടിഞ്ഞുതീരുകയാണ്. ചുരുക്കത്തില്‍ കേരളചരിത്ര രേഖകളുടെ നൂറ്റാണ്ടുകള്‍ നീണ്ട അമൂല്യമായ ഈടുവയ്പാണ് അശ്രദ്ധ മൂലം ഇല്ലാതാകുന്നത്.''

അദ്ദേഹത്തിന്റെ വിശദമായ കത്ത് വസ്തുതാപരമായി ഓരോ പിഴവുകളും ചൂണ്ടിക്കാട്ടുന്ന രേഖ തന്നെയായിരുന്നു. സമഗ്രവും ആധുനിക നിലവാരമുള്ളതുമായ ഒരു കാറ്റലോഗ് പോലുമില്ല, ഉള്ള കാറ്റലോഗില്‍ പറയുന്ന ചില പ്രധാന രേഖകള്‍ എവിടെയെന്ന് ആര്‍ക്കും അറിയുകയുമില്ല. ഇങ്ങനെ രേഖകള്‍ കാണാതാകുന്നത് ഒറ്റപ്പെട്ടതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു സാധാരണ സര്‍ക്കാര്‍ ഓഫീസിന്റെ നിലയില്‍ മാത്രം ആര്‍ക്കൈവ്സിനെ കണ്ടുവരുന്നതുമൂലമുണ്ടായ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ''അപകടഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ സ്പിരിറ്റാണ് മന്ത്രിയില്‍നിന്നു പ്രതീക്ഷിക്കുന്നത്'' എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 2006 നവംബറിലായിരുന്നു അത്. അന്നു പ്രതിപക്ഷ എം.എല്‍.എ ആയിരുന്ന ഡോ. ടി.എം. തോമസ് ഐസക് വഴിയാണ് മന്ത്രിക്കു കത്തു നല്‍കിയത്. ഫലമുണ്ടാകാതിരുന്നപ്പോള്‍ അതേ കത്ത് രജിസ്റ്റേഡ് തപാലില്‍ നേരിട്ട് അയച്ചു. പരാതി കിട്ടിയെന്നും മേല്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസില്‍നിന്ന് ഒരു ഔപചാരിക മറുപടി വന്നു. മന്ത്രിക്കു കിട്ടുന്ന ഏതു നിവേദനത്തിനുമുള്ള പതിവ് അച്ചടിച്ച മറുപടി. അതിനുശേഷവും ഒന്നുമുണ്ടാകാതെ വന്നപ്പോഴാണ് മൂന്നാമതും എഴുതിയത്. പുരാരേഖാ കേന്ദ്രങ്ങളിലെ ഭൂരിഭാഗം രേഖകളും ദിവസങ്ങള്‍ ചെല്ലുന്തോറും വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അതില്‍ ആവര്‍ത്തിച്ചു. ''ഒരു ദേശീയ നഷ്ടത്തെപ്പറ്റിയാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. വരുംതലമുറകള്‍ നമ്മളെ കുറ്റവാളികളെന്നു മുദ്രയടിക്കാന്‍ ഇടയാകാതിരിക്കട്ടെ'' -അദ്ദേഹം വികാരപരമായി എഴുതി. 

കേരള ചരിത്രവുമായി ബന്ധപ്പെട്ട ഡച്ച് രേഖാ ശേഖരം ചെന്നൈ ആര്‍ക്കൈവ്സിലുണ്ട് എന്ന് ഡോ. വി. വേണുവിനെ ഇ-മെയില്‍ മുഖേന അറിയിച്ചതും ചെറായി രാമദാസ് ആണ്. 2019 മെയ് 18-ന് അദ്ദേഹം അയച്ച ഇ-മെയിലിന് 20-നു വേണു മറുപടി എഴുതി. കേരള ചരിത്രവുമായി ബന്ധപ്പെട്ട ഡച്ച് രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ് എന്ന് ഈയിടെയാണ് അറിഞ്ഞതെന്നും അവ ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെടാന്‍ പുരാരേഖാ ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കാം എന്നുമായിരുന്നു മറുപടി. അതില്‍ തുടര്‍ നടപടികളുമുണ്ടായി. അതേസമയം, ചെറായി രാമദാസ് എഴുതുന്നതിനു മുന്‍പേ വിവരം അറിഞ്ഞിട്ടും പുരാരേഖാ വകുപ്പ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരിക്കുകയായിരുന്നു എന്നുകൂടിയാണ് വ്യക്തമായത്. 

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് 2017ൽ തിരുവനന്തപുരത്ത് നടത്തിയ പ്രദർശനത്തിൽ നിന്ന്
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് 2017ൽ തിരുവനന്തപുരത്ത് നടത്തിയ പ്രദർശനത്തിൽ നിന്ന്

കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിമവ്യാപാര രേഖകള്‍ തമിഴ്നാട് പുരാരേഖാ വകുപ്പ് കേരളത്തിനു നല്‍കുകയാണ് ചെയ്തത്. 1605 മുതല്‍ 1625 വരെ ഡച്ചുകാരുടെ അധീനതയിലായിരുന്ന കാലത്തെ രേഖകളാണ് ഇവ. ഡച്ചുകാരുടെ കാലത്ത് കേരളത്തില്‍നിന്നു ലേലത്തില്‍ വിറ്റു നിരവധിയാളുകളെ വിദേശങ്ങളിലേക്കു കടത്തിയിരുന്നു. അതിന്റെ ചരിത്ര സാക്ഷ്യമാണ് ഈ രേഖകള്‍. അടിമച്ചന്തകളില്‍ ജീവിതം മാറിപ്പോയവരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ രേഖകളാണ് പ്രത്യേകിച്ച് അദ്ധ്വാനമൊന്നുമില്ലാതെ കേരളത്തിനു കിട്ടിയത്. ഡച്ച് ഭാഷയിലാണ് രേഖകള്‍. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയുടെ ശേഖരത്തില്‍നിന്നാണ് തമിഴ്നാടിനു പകര്‍പ്പ് കിട്ടിയത്. കൊച്ചി രാജ്യത്തിന്റെ ചരിത്രവുമായാണ് ഇതിനു കൂടുതല്‍ ബന്ധം. 

14-ാം നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസ് 2019 ജൂണ്‍ 27-നു നിയമസഭയില്‍ ഇതേക്കുറിച്ചു ചോദിച്ചു. ഒന്നാം പിണറായി സര്‍ക്കാരില്‍ പുരാരേഖാ വകുപ്പിന്റെ ചുമതല മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു. കൊച്ചി രാജ്യത്തിന്റെ ചരിത്രത്തേയും അക്കാലത്തെ അടിമക്കച്ചവടത്തേയും കുറിച്ചുള്ള രേഖകള്‍ ചരിത്രപഠനത്തിന് ഉപകാരമാകും എന്നതിനാല്‍ ചെന്നൈ ആര്‍ക്കൈവ്സില്‍നിന്നു രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ എന്തൊക്കെയാണ് എന്നായിരുന്നു ചോദ്യം. രേഖകള്‍ ചെന്നൈ ആര്‍ക്കൈവ്സില്‍നിന്നു വീണ്ടെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി മറുപടിയും നല്‍കി. അതിന്റെ തുടര്‍ച്ചയായി മൂന്നംഗ ഉന്നത ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിച്ചാണ് തമിഴ്നാടുമായി ചര്‍ച്ചകള്‍ നടത്തിയതും രേഖകള്‍ നേടിയെടുത്തതും. അഞ്ച് ഹാര്‍ഡ് ഡിസ്‌ക്കുകളിലായി സൂക്ഷിച്ചിരുന്ന 1633 ഫയലുകളുടെ സമാഹാരം കേരളത്തിനു പകര്‍പ്പെടുക്കാന്‍ അനുമതി ലഭിച്ചത് നിസ്സാര കാര്യമായിരുന്നില്ല. മൂന്നു ലക്ഷത്തോളം പേജുകളുള്ള രേഖകളാണ് അവ. പക്ഷേ, അതിന്റെ ഗൗരവം പിന്നീട് കേരളത്തിന്റെ പുരാരേഖാ വകുപ്പിന് ഉണ്ടായില്ല.

പുരാരേഖാ വകുപ്പില്‍ നിന്ന് ആര്‍ക്കൈവിസ്റ്റ് ആയി വിരമിച്ച സി.പി. അബ്ദുല്‍ മജീദ് ഇപ്പോഴത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു കഴിഞ്ഞ ജൂണില്‍ ഒരു കത്ത് അയച്ചിരുന്നു. അതില്‍ ഈ വകുപ്പിന്റെയൊരു വ്യക്തമായ ചിത്രമുണ്ട്. കോഴിക്കോട്, എറണാകുളം മേഖലാ കേന്ദ്രങ്ങള്‍ക്കും തിരുവനന്തപുരത്തെ കേന്ദ്രത്തിനും ആര്‍ക്കൈവ്സിനു മാത്രമായ കെട്ടിടം നിര്‍മ്മിക്കണം എന്നതാണ് അദ്ദേഹം നിര്‍ദ്ദേശിച്ച കാര്യങ്ങളില്‍ ഒന്നാമത്തേത്. ഏതാനും ഗവേഷകര്‍ ഒരേ സമയം രേഖകള്‍ തേടി എത്തിയാല്‍ സ്ഥലപരിമിതി പ്രശ്‌നമാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. രേഖകളുടെ ബാഹുല്യം കൊണ്ട് ഈ മൂന്നു കേന്ദ്രങ്ങളും ഒരേ സമയം സമ്പന്നമായിരിക്കുകയും ശ്വാസം മുട്ടല്‍ അനുഭവിക്കുകയും ചെയ്യുന്നു. 2010-ല്‍ പാറ്റ്നയില്‍ നടന്ന ആര്‍ക്കൈവിസ്റ്റുകളുടെ ദേശീയ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തപ്പോള്‍ അദ്ദേഹം ഈ വിഷയം ഉന്നയിച്ചിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കെട്ടിട നിര്‍മ്മാണച്ചെലവിന്റെ 75% കേന്ദ്രം അനുവദിക്കാമെന്നു വാഗ്ദാനവും ലഭിച്ചു. പക്ഷേ, സ്ഥലം കണ്ടെത്താന്‍ സംസ്ഥാന പുരാരേഖാ വകുപ്പിന് ഇതുവരെ കഴിഞ്ഞില്ല. ഇതിനിടെ പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്റെ ഇടപടലില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി അനുവദിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. പിന്നീട് അതില്‍ തുടര്‍നീക്കങ്ങള്‍ ഉണ്ടായില്ല. അതേസമയം, കേരള സര്‍വ്വകലാശാലയുമായി ചേര്‍ന്ന് തിരുവനന്തപുരം കാര്യവട്ടത്ത് അന്തര്‍ദ്ദേശീയ പുരാരേഖാ ഗവേഷണ കേന്ദ്രം സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്നും സര്‍വ്വകലാശാല ഇതിനായി ഒരേക്കര്‍ ഭൂമി നല്‍കിയെന്നും ഡയറക്ടര്‍ ജെ. റെജികുമാര്‍ പറയുന്നു. 

പൊതുരേഖകളുടേയും സ്വകാര്യ രേഖകളുടേയും ശാസ്ത്രീയ സൂക്ഷിപ്പിനും അവ കുറ്റമറ്റ വിധം കൈകാര്യം ചെയ്യുന്നതിനും സംസ്ഥാനത്ത് പബ്ലിക് റെക്കോഡ്സ് ആക്റ്റ് നടപ്പാക്കണം എന്നതായിരുന്നു കത്തിലെ രണ്ടാമത്തെ ശുപാര്‍ശ. 1993-ല്‍ കേന്ദ്ര സര്‍ക്കാര്‍ പബ്ലിക് റെക്കോഡ്സ് ആക്റ്റ് നടപ്പാക്കിയതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ രേഖകളുടെ സൂക്ഷിപ്പ്, നീക്കം ചെയ്യല്‍, സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ വ്യവസ്ഥാപിതമായി നടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ത്തന്നെ എടുത്തു പറയേണ്ടതാണ് മഹാരാഷ്ട്ര 2005-ല്‍ നടപ്പാക്കിയ നിയമം. കേരളത്തില്‍ ഈ നിയമം ഇല്ലാത്തതുകൊണ്ട് വിവിധ വകുപ്പുകളിലെ ലക്ഷക്കണക്കിനു രേഖകള്‍ ശരിയായി സൂക്ഷിക്കുന്നതിനോ അവ മൂല്യനിര്‍ണ്ണയം നടത്തി പുരാരേഖാ ശേഖരത്തിലേക്കു മാറ്റേണ്ടവ മാറ്റാനോ അതുവഴി ഗവേഷകര്‍ക്കു പഠനത്തിനു നല്‍കാനോ കഴിയുന്നില്ല. പൊന്നാനിയില്‍ തുറമുഖ വകുപ്പ് ഓഫീസിന്റെ ഭാഗമായ റെക്കോഡ്സ് മുറി വര്‍ഷങ്ങള്‍ക്കു മുന്‍പു സന്ദര്‍ശിച്ച അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഭരണപരമായി മാത്രമല്ല, ചരിത്രപരമായും പ്രാധാന്യമുള്ളതും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ആയിരക്കണക്കിനു രേഖകള്‍ പഴയ ചാക്കുകളിലും മറ്റും കുത്തിനിറച്ച് വായുവും വെളിച്ചവും കടക്കാത്തിടത്ത് കൂട്ടിയിട്ടിരിക്കുന്നു. മിക്ക വകുപ്പുകളുടേയും റെക്കോഡ്സ് മുറികളുടെ സ്ഥിതി ഇതാണ്. 

ജീവനക്കാര്‍ക്ക് പുരാരേഖാ പഠനത്തില്‍ പരിശീലനം നല്‍കണം എന്നായിരുന്നു മറ്റൊരു നിര്‍ദ്ദേശം. രേഖകളുടെ ശരിയായ സൂക്ഷിപ്പ്, അവയുടെ ഭരണനിര്‍വ്വഹണം, ശാസ്ത്രീയ സംരക്ഷണം, ഗവേഷകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, വിവിധ വകുപ്പുകളുടെ റെക്കോഡ്സ് മുറികള്‍ സന്ദര്‍ശിച്ച് ഉചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, രേഖകളുടെ മൂല്യനിര്‍ണ്ണയവും സൂചികകള്‍ തയ്യാറാക്കലും തുടങ്ങിയതെല്ലാം ഉള്‍പ്പെട്ടതാകണം പരിശീലനം. ഏതെല്ലാം രേഖകളാണ് ശേഖരത്തില്‍ ഉള്ളതെന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസ്സെടുക്കാന്‍ കഴിയുന്നവരായി പുരാരേഖാ വകുപ്പിലെ ജീവനക്കാരെ മാറ്റിയെടുക്കണം. വകുപ്പ് നടത്തുന്ന പ്രദര്‍ശനങ്ങളും ശില്പശാലകളും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയുന്ന പ്രൊഫഷണലുകളായും അവരെ ഈ പരിശീലനത്തിലൂടെ മാറ്റാന്‍ കഴിയും. ചരിത്രപഠനവുമായി ബന്ധപ്പെട്ട വകുപ്പായതുകൊണ്ട് നാഷണല്‍ ആര്‍ക്കൈവ്സിലും മിക്കവാറും സംസ്ഥാനങ്ങളിലും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നാഷണല്‍ ആര്‍ക്കൈവ്സില്‍നിന്നു പുരാരേഖാ പഠനത്തില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമയും ഉള്ളവരെയാണ് ആര്‍ക്കൈവിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളില്‍ നിയമിക്കുന്നത്. കേരളത്തിലാകട്ടെ, ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദം മാത്രമുള്ളവരെ ഈ തസ്തികകളിലേക്കു സ്ഥാനക്കയറ്റം നല്‍കി നിയമിക്കുകയാണ്. പ്രൊഫഷണലുകളുടെ അഭാവം പ്രവര്‍ത്തനങ്ങളുടെ നിലവാരത്തെ ബാധിക്കുന്നു. സൂക്ഷിക്കുന്ന ആയിരക്കണക്കിനു രേഖകള്‍ക്ക് ഇനിയും ശരിയായ സൂചികകള്‍ തയ്യാറാകേണ്ടതായുണ്ട്. സൂചികകള്‍ ഇല്ലാതെ രേഖകള്‍ ആര്‍ക്കും പ്രയോജനപ്പെടില്ല. കൂടുതല്‍ പ്രാധാന്യമുള്ളതും ഗവേഷകര്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നതുമായ ലക്ഷക്കണക്കിനു പേജുകള്‍ വരുന്ന രേഖകളുടെ ശാസ്ത്രീയ സംരക്ഷണമാണ് മറ്റൊരു ഗൗരവമുള്ള കാര്യമായി കത്തില്‍ ചൂണ്ടിക്കാട്ടിയത്. കാലപ്പഴക്കം കാരണം ഇതില്‍ പലതിനും ഇനി ആയുസ്സ് കുറവാണ്. പരമാവധി വേഗത്തില്‍ ശാസ്ത്രീയമായി ഇവ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഭാവിയിലും ഗവേഷകര്‍ക്കു മുതല്‍ക്കൂട്ടാകും. 

മറ്റിടങ്ങളില്‍ ലഭ്യമല്ലാത്തതും ചരിത്രപഠനത്തിന് ഏറെ പ്രയോജനകരവുമായ, നൂറിലധികം വര്‍ഷം പഴക്കമുള്ള മാപ്പുകള്‍ വകുപ്പില്‍ സൂക്ഷിച്ചിട്ടുണ്ട്. രേഖാ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാപ്പുകളും സംരക്ഷിക്കണം. 

മഹാരാഷ്ട്ര സംസ്ഥാന ആര്‍ക്കൈവ്സില്‍നിന്ന് 2013-ല്‍ മുപ്പതിനായിരത്തോളം പേജുകളുള്ള വളരെ പ്രധാനപ്പെട്ട രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് കേരളത്തിനു കിട്ടിയിരുന്നു. കേരള ആര്‍ക്കൈവ്സ് ഉദ്യോഗസ്ഥര്‍ പലവട്ടം സന്ദര്‍ശിച്ചു വിശദ പരിശോധന നടത്തിയ ശേഷമാണ് ഈ രേഖകള്‍ കണ്ടെത്തിയത്. 1792 മുതല്‍ 1800 വരെയുള്ള കാലയളവില്‍ മലബാര്‍ ജില്ല ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഈ രേഖകളില്‍ ബഹുഭൂരിഭാഗവും മലബാറുമായി ബന്ധപ്പെട്ട രേഖകളാണ്. മലബാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്തുന്ന പലരും ഈ രേഖകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഉപകാരപ്പെടും. ഇവയുടേയും സംരക്ഷണം വേണ്ടവിധം നടക്കുന്നില്ല എന്നാണ് വിമര്‍ശനം.

ചരിത്ര ഗവേഷകനും ആലപ്പുഴ സനാതനധര്‍മ്മ കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവിയുമായ പി. നാരായണന്‍ ഡോ. വി. വേണുവിനു കഴിഞ്ഞ ഫെബ്രുവരിയില്‍ അയച്ച കത്തും പ്രധാനമാണ്. എറണാകുളം മേഖലാ ആര്‍ക്കൈവ്സില്‍ ഗവേഷകര്‍ക്കു രേഖകള്‍ പരിശോധിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടുന്നതിനായിരുന്നു രണ്ട് ചരിത്ര പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അദ്ദേഹത്തിന്റെ കത്ത്. രേഖകള്‍ ദ്രവിച്ചും ചിതല്‍ പിടിച്ചും നശിക്കുകയാണ്. പഴയ ഗസറ്റുകള്‍, സര്‍വ്വേ രേഖകള്‍ എന്നിവ ഉള്‍പ്പെടുന്ന വിലപ്പെട്ട രേഖകള്‍ നശിക്കുന്നു. രാജശാസനങ്ങള്‍, വിളംബരങ്ങള്‍, കരാറുകള്‍ തുടങ്ങിയ നിരവധി രേഖകളാണ് ഇതിലുള്ളത്. ഓലകള്‍ നശിക്കുന്നു. ചരിത്രത്തോടും ചരിത്രപഠനത്തോടും പ്രതിബദ്ധതയുണ്ടെങ്കില്‍ ഇവയുടെ ശാസ്ത്രീയ സംരക്ഷണത്തില്‍ ശ്രദ്ധ വയ്ക്കണം. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറേ രേഖകള്‍ ഡിജിറ്റൈസ് ചെയ്‌തെങ്കിലും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങളുടെ അഭാവം കാരണം അതുകൊണ്ട് ഫലമുണ്ടായില്ല. ഗവേഷകനു ഗുണം കിട്ടുന്നുമില്ല. അതുകൊണ്ട് ഡിജിറ്റൈസ് ചെയ്ത രേഖകളുടെ സോഫ്റ്റ് കോപ്പി കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ നീക്കുക, ഒരിക്കല്‍ നടത്തിയ ഡിജിറ്റല്‍വല്‍ക്കരണം പരാജയമായെങ്കില്‍ ഒരിക്കല്‍ക്കൂടി ചെയ്യുക, മേഖലാ ഓഫീസിലെ മുഴുവന്‍ രേഖകളും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന് ആധുനികവും ശാസ്ത്രീയവുമായ നടപടികള്‍ സ്വീകരിക്കുക, വൃത്തിയോടേയും തരംതിരിച്ചും കാറ്റലോഗ് തയ്യാറാക്കിയും രേഖകള്‍ ഗുണഭോക്താക്കള്‍ക്കു പ്രയോജനപ്രദമായ വിധം ക്രമീകരിക്കുക തുടങ്ങിയ ചില നിര്‍ദ്ദേശങ്ങളും പി. നാരായണന്‍ മുന്നോട്ടു വച്ചു. ജനതയുടേയും നാടിന്റേയും ചരിത്രത്തോടും സ്വയം സംസാരിക്കുന്ന പുരാരേഖകളോടുമുള്ള ആത്മാര്‍ത്ഥ പ്രതിബദ്ധത മാത്രമാണ് ഇവരുടെയൊക്കെ ഇടപെടലുകള്‍ക്കു പിന്നില്‍. 

പുരാരേഖ വകുപ്പിന്റെ സംരക്ഷണയിലുള്ള താളിയോല ശേഖരം
പുരാരേഖ വകുപ്പിന്റെ സംരക്ഷണയിലുള്ള താളിയോല ശേഖരം

സംരക്ഷണമില്ലാതെ മായുന്ന രേഖകള്‍

എറണാകുളം മേഖലാ കേന്ദ്രത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പേപ്പര്‍ റെക്കോഡുകളുടെ ഏറ്റവും വലിയ ശേഖരം. 1962-ല്‍ തുടങ്ങിയതാണ് ഈ ഓഫീസ്. ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ രേഖകളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതുവരെ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ വകുപ്പിനു കഴിഞ്ഞിട്ടുള്ളത്. ഈ രേഖകളില്‍ മിക്കതിന്റേയും സ്ഥിതി മോശമാണ്; ഗവേഷകര്‍ക്ക് ഉപയോഗിക്കാനാകാത്തവിധം പൊടിഞ്ഞു. പുരാരേഖാ വകുപ്പ് രേഖകള്‍ ഏറ്റെടുക്കുന്നത് അവയുടെ പൂര്‍ണ്ണ സംരക്ഷണ ചുമതല ഏറ്റെടുത്തുകൊണ്ടാണ്. പക്ഷേ, ആ ഉത്തരവാദിത്വം നിറവേറ്റുന്നില്ല എന്ന വിമര്‍ശനം പി. നാരായണന്റെ കത്തിലുമുണ്ടായിരുന്നു. സംരക്ഷണത്തിന് എന്ന പേരില്‍ രണ്ടുവട്ടം നടത്തിയ ശ്രമങ്ങള്‍ ഫലത്തില്‍ നശീകരണമായാണ് മാറിയത്; കോടികള്‍ ചെലവു വരുന്ന നശീകരണം. 25 വര്‍ഷം മുന്‍പാണ് രേഖകളില്‍ ഒരു ഭാഗം മൈക്രോഫിലിം ചെയ്തത്. ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിരുന്ന അവ ഫംഗസ് ബാധിച്ചു നശിച്ചു. പിന്നീട് 2009-ലും 2017-ലും പേപ്പര്‍ രേഖകളില്‍ ഭൂരിഭാഗവും താളിയോലകളും മൈക്രോഫിലിം ചെയ്ത രേഖകളും ഉള്‍പ്പെടെ ഡിജിറ്റല്‍വല്‍ക്കരിച്ചു. സി-ഡിറ്റ് മുഖേന നടത്തിയ ഈ പ്രക്രിയയുടെ ഫലം പക്ഷേ, ഗവേഷകര്‍ക്കു പ്രയോജനപ്പെടണമെങ്കില്‍ പുരാരേഖാ ശേഖരത്തില്‍ ഡിജിറ്റല്‍വല്‍ക്കരിച്ച് എത്തണം. അതുണ്ടായിട്ടില്ല. കോടികള്‍ പാഴായി, രേഖകളും നഷ്ടമായി. സി-ഡിറ്റില്‍നിന്നു വിദഗ്ദ്ധര്‍ക്കു പകരം പ്രോജക്റ്റ് ട്രെയിനികളെ അയച്ചാണ് രേഖകള്‍ സ്‌കാന്‍ ചെയ്തത്. മറ്റു വകുപ്പുകളിലെ സാധാരണ രേഖകള്‍പോലെ പുരാരേഖകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതു ശരിയല്ലെന്നും പ്രൈമറി സോഴ്സ് ഇല്ലാതാകുമെന്നും അന്നുതന്നെ ജീവനക്കാര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഫലമുണ്ടായില്ലെന്നു മാത്രമല്ല, പ്രതികരണം മോശവുമായിരുന്നു. ആ രേഖകള്‍ പോയ വഴിയില്ല. സി-ഡിറ്റിന്റെ വീഴ്ചയാണോ അതോ മേല്‍നോട്ടത്തിലെ തകരാറാണോ എന്ന പരിശോധനയോ അന്വേഷണമോ ഉണ്ടായില്ല. രേഖാ സംരക്ഷണത്തിന്റെ പേരില്‍ വന്‍തോതിലുള്ള സാമ്പത്തിക ദുര്‍വ്വിനിയോഗമാണ് നടന്നത്. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായി എറണാകുളത്ത് രണ്ട് കംപ്യൂട്ടറുകളും യു.പി.എസ്സും വിലകൂടിയതും ശേഷി കൂടിയതുമായ നാല് ബാറ്ററികളും സജ്ജീകരിച്ചിരുന്നു. ഡയറക്ടറേറ്റില്‍നിന്നു സ്ഥാപിച്ച ഈ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാതായത് പലവട്ടം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, പ്രവര്‍ത്തിക്കാത്ത കംപ്യൂട്ടറുകള്‍ക്കുവേണ്ടി യു.പി.എസ്സും ബാറ്ററികളും പിന്നെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 

പൊതുസമൂഹത്തിന്റെ പൈതൃകനിധികളാണ് പുരാരേഖകള്‍. എന്നാല്‍, അവയുടെ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ സമൂഹം മാത്രമല്ല, സര്‍ക്കാരും അറിയുന്നില്ല. എറണാകുളം ഓഫീസിലെ ജീവനക്കാര്‍ വര്‍ഷങ്ങള്‍ അദ്ധ്വാനിച്ചു തയ്യാറാക്കിയ വിഷയ സൂചികകളുടെ വലിയ ശേഖരം തിരുവനന്തപുരത്തേക്കു കൊണ്ടുപോയിട്ട് മൂന്നു വര്‍ഷമായി. പലവട്ടം രേഖാമൂലം തിരിച്ചു ചോദിച്ചെങ്കിലും മറുപടി പോലുമില്ല. ഗവേഷകര്‍ക്ക് വളരെ ആവശ്യമുള്ളതാണ് ഇത്. 

കാലങ്ങളോളം പുരാരേഖാ വകുപ്പിനു പ്രത്യേകമായി ബജറ്റ് വിഹിതം ഉണ്ടായിരുന്നില്ല. സാംസ്‌കാരിക വകുപ്പിന്റെ പൊതുവിഹിതത്തില്‍നിന്നാണ് പണം നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. പ്രത്യേകം ബജറ്റ് വിഹിതം അനുവദിച്ചു തുടങ്ങി. പക്ഷേ, അത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് അനുഭവം. പുറമേയ്ക്ക് പേരിനു ചില പ്രദര്‍ശനങ്ങളൊക്കെ സംഘടിപ്പിച്ച് വലിയതെന്തോ അകത്തു നടക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുന്നു. പക്ഷേ, വിലപ്പെട്ട രേഖകള്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. 

അതിനിടെ സംഭവിക്കുന്ന മറ്റൊരു കാര്യം, മറ്റു വകുപ്പുകളില്‍നിന്നു പുരാരേഖാ നയത്തിനു വിരുദ്ധമായി സമീപകാലത്ത് രേഖകള്‍ ഏറ്റെടുക്കുന്നു എന്നതാണ്. അതായത്, ഗവേഷകരോ പൊതുജനമോ ആവശ്യപ്പെടാറില്ലാത്ത ലക്ഷക്കണക്കിനു രേഖകള്‍ കളക്ട്രേറ്റുകളില്‍നിന്നും താലൂക്ക് ഓഫീസുകളില്‍നിന്നും ഏറ്റെടുക്കുന്നു. അതുവഴി പുരാരേഖ വകുപ്പ് എന്ന പ്രസക്തിതന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു. സ്ഥലം മെനക്കെടുത്താനും പ്രധാന പൈതൃക രേഖകള്‍ക്കു ലഭിക്കുന്ന ശ്രദ്ധ കുറയാനും മാത്രമാണ് ഈ രേഖകള്‍ പ്രയോജനപ്പെടുന്നത്.  ചരിത്രബോധവും പുരാരേഖകള്‍ സംരക്ഷിച്ചു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് തിരിച്ചറിവുമുള്ള എല്ലാ കേന്ദ്രങ്ങളിലേയും ജീവനക്കാരും ഗവേഷകരും പ്രകടിപ്പിക്കുന്ന ഉത്തരവാദിത്വം ഉന്നത തലങ്ങളില്‍ ഇല്ല എന്നതാണ് വസ്തുത. പതിറ്റാണ്ടു പിന്നിട്ടിട്ടും ഫലം കാണാത്ത ഡിജിറ്റല്‍വല്‍ക്കരണത്തെക്കുറിച്ച് ഒരു സമഗ്ര അന്വേഷണം നടന്നാല്‍ സ്ഥിതി മാറും; ധനധൂര്‍ത്തും രേഖകളുടെ നശീകരണവും ഉള്‍പ്പെടെ പുറത്തുവന്നേക്കും. സര്‍ക്കാരിന്റെ ഇടപെടല്‍ എത്രയും വേഗത്തില്‍ ഉണ്ടാകുന്നോ അത്രയും നല്ലത് എന്നതാണ് സ്ഥിതി.

എന്താണ് പുരാരേഖാ വകുപ്പ്  

1962ലാണ് സംസ്ഥാന പുരാരേഖാ വകുപ്പ് രൂപീകരിച്ചത്; അതായത് അടുത്ത വര്‍ഷം രൂപീകരണത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കേണ്ട സ്ഥാപനമാണിത്. 14-ാം നൂറ്റാണ്ടുമുതലള്ള രേഖകളാണ് പുരാരേഖാ വകുപ്പു സൂക്ഷിക്കുന്നത്. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും 1400 വര്‍ഷത്തെ ചരിത്രം, തിരുവിതാംകൂറും കൊച്ചിയും മലബാറുമായി ബന്ധപ്പെട്ട താളിയോലകള്‍, പേപ്പര്‍ രേഖകള്‍, മൈക്രോഫിലിം രേഖകള്‍ എന്നിവയാണ് പ്രധാനമായും വകുപ്പിന്റെ പക്കലുള്ളത്. രേഖകളുടെ സംരക്ഷണം, പരിചരണം, ഭരണനിര്‍വ്വഹണം, ചരിത്രപരമായ മൂല്യമുള്ള രേഖകള്‍ നേടിയെടുക്കല്‍, വിവിധ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും രേഖകള്‍ കൈകാര്യം ചെയ്യുന്നതിലും സംരക്ഷിക്കുന്നതിലും സാങ്കേതിക ഉപദേശം നല്‍കല്‍ തുടങ്ങിയവ വകുപ്പിന്റെ പ്രധാന ഉത്തരവാദിത്വങ്ങളില്‍പ്പെടുന്നു. തിരുവനന്തപുരത്ത് ഡയറക്ടറേറ്റും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളും ഉണ്ട്. 1962-ല്‍ സ്വതന്ത്ര വകുപ്പായി മാറുന്നതിനു മുന്‍പ് സെക്രട്ടേറിയറ്റില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പ്രത്യേക വിഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ കാലയളവിനു മുന്‍പും തിരുവനന്തപുരത്തും എറണാകുളത്തും രണ്ട് പുരാരേഖാ ശേഖരങ്ങള്‍ ഉണ്ടായിരുന്നു. 

1964-ല്‍, ദേശീയതലത്തിലെ ആര്‍ക്കൈവിസ്റ്റുകളുടെ 17-ാമത് സമ്മേളനം സംസ്ഥാന പുരാരേഖാ വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് നടന്നു. അതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരാരേഖാ വകുപ്പു ഡയറക്ടര്‍മാര്‍ പങ്കെടുത്തിരുന്നു. ആ വര്‍ഷമാണ് തിരുവനന്തപുരത്തും എറണാകുളത്തും ഉള്ള കേന്ദ്ര രേഖകള്‍ അവിടുത്തെ ജീവനക്കാര്‍ക്കൊപ്പം ഔദ്യോഗികമായി സംസ്ഥാന ആര്‍ക്കൈവ്സില്‍ ലയിപ്പിച്ചത്. ഈ ഓഫീസുകള്‍ പിന്നീട് ആര്‍ക്കൈവ്സ് തിരുവനന്തപുരം, ആര്‍ക്കൈവ്സ് എറണാകുളം എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തു. 

1966-ല്‍ ആര്‍ക്കൈവ്സ് കോഴിക്കോട് എന്ന പേരില്‍ കോഴിക്കോട്ട് ഒരു പുതിയ മേഖലാ ഓഫീസും രൂപീകരിച്ചു. അതോടെ കോഴിക്കോട് കളക്ടറേറ്റില്‍ സംരക്ഷിച്ചിരുന്ന മലബാര്‍ പ്രദേശവുമായി ബന്ധപ്പെട്ട പുരാരേഖകളും സംസ്ഥാന പുരാരേഖാ ശേഖരത്തിന്റെ ഭാഗമായി. 

പുരാരേഖാപരമായി, അല്ലെങ്കില്‍ ചരിത്രപരമായി പ്രാധാന്യമുള്ളവയ്ക്ക് അതു നഷ്ടപ്പെടുന്നതിന്റെ അപകട സാധ്യതയ്‌ക്കെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ പൊതു ഓഫീസുകളിലെ നാശോന്മുഖമാകുന്ന രേഖകളുടെ സൂക്ഷ്മപരിശോധന, നിര്‍ദ്ദിഷ്ട ഫീസടയ്ക്കുന്ന അപേക്ഷകര്‍ക്ക് പൊതുരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കല്‍, ഗവേഷകര്‍ക്ക് അവരുടെ ഗവേഷണവിഷയവുമായി ബന്ധപ്പെട്ട പുരാരേഖകള്‍ ലഭ്യമാക്കുക, വിവിധ കാര്യങ്ങളില്‍ സര്‍ക്കാരിന് ആവശ്യമായ പഴയ രേഖകള്‍ നല്‍കല്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള ചരിത്ര പ്രാധാന്യമുള്ള രേഖകള്‍ കണ്ടെത്തുകയും സാധ്യമാകുന്നിടത്തെല്ലാം അവ ഏറ്റെടുക്കുകയും ചെയ്യുക, പൊതുജനങ്ങളെ പുരാരേഖാപരമായി കൂടുതല്‍ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക പ്രദര്‍ശനങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് പുരാരേഖാ വകുപ്പിന്റെ മുഖ്യ ചുമതലകള്‍. സംസ്ഥാന പുരാരേഖാ ശേഖരത്തില്‍നിന്നുള്ള തിരഞ്ഞെടുത്ത രേഖകള്‍, കേരള ചരിത്രത്തിലെ വിവിധ സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള മോണോഗ്രാഫുകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയും ഉത്തരവാദിത്വമാണ്.
 
പുരാരേഖാ വകുപ്പില്‍ ഇത്തരം രേഖകള്‍ അന്വേഷിച്ചു വരുന്നത് പ്രധാനമായും എഴുത്തുകാര്‍, ഗവേഷകര്‍ തുടങ്ങിയവരാണ്. വിദേശികള്‍ അടക്കമുള്ള ഗവേഷകര്‍ക്ക് പുരാരേഖാ വകുപ്പിനെക്കൊണ്ട് ഉപകാരമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com