കൊലപാതകമാണ് നടന്നത്, ന്യായീകരണത്തിനിറങ്ങുമ്പോള്‍ അതാദ്യം ഓര്‍മ്മിക്കണം

By പി.എസ്. റംഷാദ്   |   Published: 14th August 2022 05:05 PM  |  

Last Updated: 14th August 2022 05:05 PM  |   A+A-   |  

sreeram

 

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന കളങ്കിത ഐ.എ.എസ്സുകാരനെ ആലപ്പുഴ കളക്ടറാക്കിയത് കേരളത്തിന്റെ നീതിബോധത്തിനേറ്റ മുറിവായിരുന്നു. എട്ടാംപക്കം ഉത്തരവു തിരുത്തി അദ്ദേഹത്തെ കളക്ടറല്ലാതാക്കിയപ്പോള്‍ അത് സര്‍ക്കാരിന്റെ മുറിവായി മാറി; ഒരു കാര്യവുമില്ലാതെ വരുത്തിവെച്ചത്. കേരളം കൂട്ടായി ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനു മുന്നിലാണ് തീരുമാനം മാറ്റേണ്ടിവന്നത്. കെ.എം. ബഷീര്‍ എന്ന യുവമാധ്യമ പ്രവര്‍ത്തകന്‍ കാറിടിച്ചു മരിക്കാന്‍ ഇടയാക്കിയ കേസിലെ ഒന്നാംപ്രതി അങ്ങനെയൊരു പദവിയിലിരിക്കാന്‍ യോഗ്യനല്ല എന്നത് കേരളത്തിന്റെ പൊതുവികാരമായാണ് മാറിയത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ഡോ. ശ്രീറാം വി. ഐ.എ.എസ്സിനെ ആലപ്പുഴ ജില്ലാ കളക്ടറായി മാറ്റി നിയമിച്ചിരിക്കുന്നു എന്ന തീരുമാനം ആറാമത്തെ ഇനമായി ഉള്‍പ്പെടുത്തിയ ജൂലൈ 23-ലെ സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവില്‍ വേറെ 18 തീരുമാനങ്ങള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍, ഈ നിയമനം മാത്രം വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത് ഡോ. ശ്രീറാം വി. എന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചു നിലതെറ്റി കാറോടിച്ചു കയറ്റി ഒരാളെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് എന്നതുകൊണ്ടു മാത്രമാണ്. 'മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ' എന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ശശ) വകുപ്പു പ്രകാരമുള്ള കൊലയും കൊല തന്നെയാണ്. അതിലേക്ക് എത്തിച്ചതാകട്ടെ, മദ്യലഹരിയിലെ നിയമവിരുദ്ധ ഡ്രൈവിംഗ്; ആരു ചെയ്താലും കുറ്റകരം. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുമ്പോള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടുതലാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് 2019 ഓഗസ്റ്റ് മൂന്നിലെ ആ ദാരുണ സംഭവത്തിനുശേഷം ശ്രീറാമിനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. ആറു മാസം കഴിഞ്ഞു തിരിച്ചെടുക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി മൂന്നു മാസംകൂടി നീട്ടിയത് കേരള പത്രപ്രവര്‍ത്തക യൂണിയനും സിറാജ് ദിനപത്രവും ശക്തമായി ഇടപെട്ടതുകൊണ്ടാണ്. പക്ഷേ, ഒന്നര മാസമായപ്പോഴേയ്ക്കും തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നല്‍കി ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാക്കി. അതു നിയമവിരുദ്ധമായിരുന്നു; അന്നത്തെ മൗനത്തിനുകൂടിയാണ് കേരളത്തിലെ മാധ്യമസമൂഹവും അനീതി നടപ്പാകരുതെന്ന് ആഗ്രഹിച്ചവരും ഇപ്പോള്‍ പ്രായശ്ചിത്തം ചെയ്തത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കു ബാധകമായ സര്‍വ്വീസ് ചട്ടങ്ങള്‍ മറയും മടിയുമില്ലാതെ ലംഘിച്ചാണ് കളക്ടറാക്കിയത്. എതിര്‍പ്പു വന്നാലിത്രയേ വരൂ എന്നും അതു തനിയെ കെട്ടടങ്ങിക്കൊള്ളും എന്നും കണക്കുകൂട്ടി എടുത്ത തീരുമാനമായിരുന്നു അത്. അതിനു പിന്നിലാകട്ടെ, ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണുകെട്ടുന്ന വലിയ ആസൂത്രണം ഉണ്ടാവുകയും ചെയ്തു. സ്വന്തം ജില്ലയായ എറണാകുളത്ത് കളക്ടറാക്കിയാല്‍ 'വിമര്‍ശനം' ഉണ്ടായാലോ എന്ന് 'ഭയന്ന്' അടുത്ത ജില്ലയില്‍ നിയമിച്ചു. പകരം അവിടുന്ന് ഭാര്യ രേണുരാജിനെ എറണാകുളം കളക്ടറാക്കി മാറ്റി. അതിനു കൂട്ടുനിന്ന ഐ.എ.എസ് ലോബിയെ സന്തോഷിപ്പിച്ച ശേഷം നിര്‍വ്വികാര ഭാവത്തില്‍ രാഷ്ട്രീയ നേതൃത്വം തത്ത്വം പറയുകയാണ് ചെയ്തത്. ''നമ്മുടെ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായിരിക്കുന്ന ആള്‍ ഓരോ ഘട്ടത്തിലായി ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായി ഇപ്പോള്‍ ചുമതല കൊടുത്തിരിക്കുകയാണ്'' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അത് ഈ വിഷയത്തിലെ സര്‍ക്കാര്‍ പക്ഷം അറിയേണ്ടവര്‍ക്കും പറയേണ്ടവര്‍ക്കും എഴുതേണ്ടവര്‍ക്കുമുള്ള ന്യായീകരണവാദമായിരുന്നു. ''മറ്റു കാര്യങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ വരുന്നുണ്ടോ എന്നതിനെ നോക്കിയാണ് നില്‍ക്കേണ്ടത്; ഇപ്പോള്‍ ആ ചുമതല ഏല്പിച്ചിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കും എന്നാണ് ഉദ്ദേശിക്കുന്നത്'' എന്ന അടുത്ത വാചകം ശ്രീറാമിനുള്ളതായിരുന്നു. സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ എപ്പോഴും ഇങ്ങനെ സംരക്ഷിക്കാന്‍ കഴിയില്ല എന്ന സൂചന. ബഷീറിന്റെ കേസില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ, ഇനിയും അത്രയേ ഉണ്ടാകൂ എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞു. അത് സിറാജ് പത്രം നടത്തുന്ന കാന്തപുരം സുന്നി വിഭാഗത്തിനുള്ളത്. ഒന്‍പത് മണിക്കൂര്‍ കഴിഞ്ഞു മാത്രം രക്തത്തിലെ മദ്യ അളവ് പരിശോധിക്കാന്‍ ശ്രീറാമിനു സൗകര്യം ചെയ്തു കൊടുത്തതു മുതല്‍ ബഷീറിന്റെ ഫോണുകളിലൊന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നു പറയുന്നതുള്‍പ്പെടെയുള്ള പൊലീസ് ചെയ്തികള്‍ ശക്തമായ നടപടികളാണ് എന്നു വിശ്വസിക്കുന്നവര്‍ക്കുള്ള വര്‍ത്തമാനം, അത്രതന്നെ. അവര്‍ പക്ഷേ, ഇത്തവണ അതില്‍ കൊത്തിയില്ല. അതുകൊണ്ടാണ് ജൂലൈ 30-നു 14 ജില്ലകളിലും വന്‍ പ്രതിഷേധ റാലികള്‍ നടത്തിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്ക് ബ്ലാങ്ക് ചെക്ക് പിന്തുണ നല്‍കിയ ഒരേയൊരു സമുദായ സംഘടനയാണ് മുറിവേറ്റ് ചീറി തെരുവിലിറങ്ങിയത്. ഒരാള്‍ക്കു മാത്രമെന്താ പ്രത്യേകത എന്ന് ഒന്നുമറിയാത്തതുപോലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോടു ചോദിച്ചത് അതിനു രണ്ടുദിവസം മുന്‍പാണ്. എല്ലാവരും ചേര്‍ന്ന് ഒത്തുകളിക്കുന്നു എന്ന തോന്നലാണ് പ്രതിഷേധ റാലികളില്‍ അത്രയ്ക്കു പങ്കാളിത്തം കൊണ്ടുവന്നത്. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധത്തിലും പതിവിലുമധികമായിരുന്നു ആളെണ്ണം. രാഷ്ട്രീയ മുതലെടുപ്പിനുമുണ്ടായി സ്വാഭാവിക ശ്രമങ്ങള്‍. യു.ഡി.എഫ് ആലപ്പുഴ ജില്ലയില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി. നെഹ്രു ട്രോഫി വള്ളംകളി ആലോചനായോഗത്തില്‍നിന്ന് അവര്‍ വിട്ടുനിന്നു. ആ ദിവസങ്ങളില്‍ ഒരൊറ്റ ടി.വി ചാനല്‍ ചര്‍ച്ചയിലും സി.പി.എം പ്രതിനിധികള്‍ ആ നിയമനത്തെ ന്യായീകരിക്കാന്‍ എത്തിയില്ല എന്നതും ശ്രദ്ധേയം. എന്തിനായിരുന്നു ആ നിയമനവും പഴിവാങ്ങലും എന്നത് ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.

സര്‍വ്വീസ് ചട്ടങ്ങള്‍ക്കെതിര് 

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമായതും ഇപ്പോള്‍ നിലവിലുള്ളതുമായ, സ്ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങളിലൂടെ ഒന്നു കടന്നുപോയാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഇപ്പോഴത്തെ നിയമനം മാത്രമല്ല, സ്ഥാനക്കയറ്റം നല്‍കി ജോയിന്റ് സെക്രട്ടറിയാക്കിയതും നിയമവിരുദ്ധമായിരുന്നു എന്നു വ്യക്തമാകും. ശ്രീറാം കോടതിയിലോ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലോ പോയി അനുകൂലവിധി നേടിയാല്‍ സര്‍ക്കാരിനത് തിരിച്ചടിയാകും എന്നു പ്രചരിപ്പിച്ചവരുണ്ട്. സ്ഥാനക്കയറ്റം നല്‍കിയതും കളക്ടറാക്കിയതും ന്യായീകരിക്കാന്‍ പറഞ്ഞ വാദങ്ങളിലൊന്നാണ് ഇത്. യഥാര്‍ത്ഥത്തില്‍ നേരെ തിരിച്ചാണ് വസ്തുത എന്ന് സര്‍വ്വീസ് ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. അതായത്, ഈ സ്ഥാനക്കയറ്റത്തിനും നിയമനത്തിനുമെതിരെ ആരെങ്കിലും കോടതിയില്‍ പോയാലായിരുന്നു സര്‍ക്കാര്‍ പേടിക്കേണ്ടത്. 2000 മാര്‍ച്ച് 28-നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 15 പേജുള്ള നമ്പര്‍ 20011/4/92  എ.ഐ.എസ്-ശശ സര്‍ക്കുലര്‍ സംശയരഹിതമാണ്. അതിലെ 11.1, 11.1 (എ), 11.2, 18.1, 18.2 ഖണ്ഡികകള്‍ ശ്രീറാമിന്റേതുപോലെ പശ്ചാത്തലമുള്ള ഒരാള്‍ക്കു സ്ഥാനക്കയറ്റവും സമാന നിയമനവും നല്‍കുന്നതിന് എതിരായ സാക്ഷ്യം തന്നെയാണ്. 

യു.പി.എസ്.സിയുടെ സ്ഥാനക്കയറ്റ ചാര്‍ട്ടനുസരിച്ച് ഒരു ഐ.എ.എസ് ഓഫീസര്‍ സര്‍വ്വീസിലെ ആദ്യത്തെ നാലു വര്‍ഷം സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് റാങ്കിലാണ് ജോലി ചെയ്യേണ്ടത്. 2012-ല്‍ സിവില്‍ സര്‍വ്വീസിലെത്തിയ ശ്രീറാം 2016-ല്‍ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടര്‍ സെക്രട്ടറി റാങ്കിലെത്തി. 2020-'23ല്‍ ജോയിന്റ് സെക്രട്ടറി അല്ലെങ്കില്‍ ജില്ലാ മജിസ്ട്രേട്ട് (കളക്ടര്‍) പദവിയിലെത്തണം. ജോയിന്റ് സെക്രട്ടറിയായി കയറ്റം കൊടുത്തു കഴിഞ്ഞതാണ്. 2024-'28ല്‍ ജില്ലാ കലക്ടര്‍/സ്‌പെഷ്യല്‍ സെക്രട്ടറി/ഡയറക്ടര്‍ പദവി വഹിക്കണം. അതായത് പദവി കൊടുക്കല്‍ നിര്‍ബ്ബന്ധമാണെങ്കില്‍പ്പോലും 2028-നകം കളക്ടര്‍ നിയമനം കൊടുത്താല്‍ മതി. അതായത് കെ.എം. ബഷീര്‍ കൊലക്കേസിന്റെ വിചാരണ തീര്‍ന്ന് ശ്രീറാം കുറ്റവിമുക്തനായാല്‍ മാത്രം ചെയ്യേണ്ട കാര്യമാണത്. മറ്റൊന്ന്, കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം 2008 മാര്‍ച്ച് മൂന്നിന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരവും അനുബന്ധമായി ചേര്‍ത്ത 1992 സപ്തംബര്‍ 14-ലെ എം.ഒ 22011/4/91എസ്റ്റാബ്ലിഷ്മെന്റ്(എ) ഓഫീസ് മെമ്മോറാണ്ടത്തിലെ 2 (ശശശ) ലും ക്രിമിനല്‍ നടപടിയോ അച്ചടക്ക നടപടിയോ നേരിടുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ വകുപ്പുതല സ്ഥാനക്കയറ്റ സമിതി ചേര്‍ന്നു തീരുമാനമെടുത്താലും ക്രിമിനല്‍ കേസ് തീര്‍പ്പാകുന്നതുവരെ മുദ്രവെച്ച കവറില്‍ സൂക്ഷിക്കണമെന്നാണ് 2.1-ല്‍ വ്യക്തമാക്കുന്നത്. 

''The Departmental Promotion Committee shall assess the suitability of Government servants coming within the purview of the circumstances mentioned above along with other eligible candidates without taking into consideration the disciplinary case/criminal prosecution pending. The assessment of the DPC including 'unfit for promotion' and the grading awarded by it will be kept in a sealed cover. The cover will be superscribed 'Findings regarding suitability for promotion to the grade/post of ...in respect of Shri... (name of the Government servant). Not to be opened till the terminator of the disciplinary case/criminal prosecution against Shri...' The proceeding of the DPC need only contain the note 'The findings are contained in the attached sealed cover.' The authority competent to fill the vacancy should be separately advised to fill the vacancy in the higher grade only in an officiating capacity when the findings of the DPC in respect of the suitability of a Government servant for his promotion are kept in a sealed cover.'

ക്രിമിനല്‍ കേസ് കാരണം സ്ഥാനക്കയറ്റം തടയപ്പെട്ട വ്യക്തിയുടെ ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കുകയും ഉദ്യോഗസ്ഥന്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെടുകയും ചെയ്താല്‍ അയാള്‍ക്കു നേരത്തേയുള്ള, അതായത് മുദ്രവെച്ച കവറിലെ തീരുമാനപ്രകാരം അനുയോജ്യമായ നിയമനം നല്‍കണം എന്നും ഖണ്ഡിക (3) ല്‍ പറയുന്നു. കാര്യങ്ങള്‍ ഇത്ര വ്യക്തമായിരിക്കെയാണ് ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ആലപ്പുഴ കളക്ടറായി ശ്രീറാമിനെ നിയമിച്ചത്. ആ ഒരാഴ്ച മാധ്യമ, ജനശ്രദ്ധ തിരിച്ചുവിട്ട് മറ്റെന്തെങ്കിലും വഴിവിട്ടു ചെയ്യാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നതായി തെളിവൊന്നുമില്ല. നടക്കുന്നെങ്കില്‍ നടക്കട്ടെ, അല്ലെങ്കില്‍ അപ്പോള്‍ നോക്കാം എന്നുറപ്പിച്ച് ഒരു തീരുമാനമെടുത്തതാണെങ്കില്‍ അത്രയ്ക്കു ശക്തമായ പ്രേരണ മുഖ്യമന്ത്രിക്ക് ഉണ്ടായിട്ടുണ്ട് എന്നു വ്യക്തം. അതാരാണ്? എന്തിന്? ഐ.എ.എസ് ലോബിയുടെ കൂട്ടായ സമ്മര്‍ദ്ദത്തിനു കാരണം തങ്ങളിലൊരുവനെ സംരക്ഷിക്കുക എന്നതു മാത്രമായിരിക്കാം. പക്ഷേ, പ്രത്യാഘാതങ്ങള്‍ അവഗണിച്ച് അതിനു കൂട്ടുനിന്നതാരാണ്? തലസ്ഥാനത്തെ മാധ്യമ, രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായിരിക്കുന്ന ഊഹാപോഹങ്ങള്‍ക്കു തെളിവിന്റെ പിന്‍ബലമില്ല; അതുകൊണ്ട് എഴുതാനും കഴിയില്ല. ശ്രീറാം വെങ്കിട്ടരാമനെ ജില്ലയുടെ ചുമതല ഇല്ലാത്തതും അപ്രധാനവുമായ ഒരു തസ്തികയിലേക്കു മാറ്റാന്‍ വൈകാതെ തീരുമാനമുണ്ടാകും എന്ന പ്രതീക്ഷ ശക്തമായിരുന്നു. ശ്രീറാമിനെ തുടരാന്‍ വിടുകയും പ്രതിഷേധം തണുപ്പിക്കാന്‍ വഴികള്‍ തേടുകയുമായിരിക്കും സി.പി.എമ്മും സര്‍ക്കാരും ചെയ്യുക എന്നു കണക്കുകൂട്ടിയവരുമുണ്ട്. രണ്ടാമത്തേതാണ് യു.ഡി.എഫും ബി.ജെ.പിയും ആഗ്രഹിച്ചത്. കനലടങ്ങരുത് എന്നും അത് ആളിക്കത്തിക്കാം എന്നും അവര്‍ പ്രതീക്ഷിക്കുകയും ചെയ്തു. തീരുമാനം മാറ്റിയത് ഇടതുമുന്നണിക്ക് അതുകൊണ്ടുതന്നെ ആശ്വാസമായി മാറുകയും ചെയ്യുന്നു. 

ശ്രീറാം, നിങ്ങള്‍ ചെയ്തത് ഇതാണ് 

കെ.എം. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ മാസം മൂന്നിന് മൂന്നു വര്‍ഷം തികഞ്ഞു. ബഷീറിന്റെ വിയോഗത്തിന്റെ സമീപദിനങ്ങളിലൊന്നില്‍ സുഹൃത്തും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മനോരമയിലെ സുജിത് നായര്‍ എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പുണ്ട്: ''ശ്രീറാം വെങ്കിട്ടരാമനെപ്പോലെ നിങ്ങളും നിങ്ങളറിയാവുന്ന പലരും മദ്യപിക്കില്ലേ? മദ്യപിച്ച് വണ്ടി ഓടിച്ചിട്ടില്ലേ? അപ്പോള്‍ ഇങ്ങനെ ഒക്കെ സംഭവിച്ചാലോ? ആര്‍ക്കും സംഭവിക്കാവുന്ന കാര്യമല്ലേ? നിഷ്‌കളങ്കമെന്നു തോന്നിപ്പിക്കുന്ന വാദങ്ങളാണ് ചില ന്യായീകരണ-ലഘൂകരണക്കാരുടെ. വായിക്കുന്നവരുടേയും മനസ്സില്‍ തോന്നും, ശരിയല്ലേ? ആ ന്യായീകരണക്കാരോടും അവരെ വിശ്വസിക്കാന്‍ മുതിരുന്നവരോടും ചില കാര്യങ്ങള്‍ അങ്ങോട്ടു ചോദിക്കാനും പറയാനുമുണ്ട്'' എന്ന മുഖവുരയോടെ സുജിത് എഴുതിയ കുറിപ്പ് ശ്രീറാം വെങ്കിട്ടരാമന് ഒരു അബദ്ധം പറ്റിയതല്ലേ എന്നു വാദിക്കുന്നവര്‍ ഉള്ളതുകൊണ്ട് എപ്പോഴും പ്രസക്തം.

അത് ഇങ്ങനെയാണ്: 

1) ഇവിടെ ചര്‍ച്ച ചെയ്യുന്ന സംഭവത്തില്‍ അപകടത്തില്‍പ്പെട്ട 35 വയസ്സുള്ള കെ.എം. ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ കയ്യോ കാലോ ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കുകയല്ല. ജീവിതം കരുപ്പിടിപ്പിച്ചു മാത്രം തുടങ്ങിയിട്ടുള്ള, സ്വന്തം തൊഴിലിനേയും കുടുംബത്തേയും കുറിച്ച് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്ന ആ മനുഷ്യന്‍ കൊല ചെയ്യപ്പെട്ടു. കൊലപാതകമാണ് നടന്നത്. ന്യായീകരണത്തിനിറങ്ങുമ്പോള്‍ അതാദ്യം ഓര്‍മ്മിക്കണം. 

2) മദ്യപിച്ച ശേഷം ആ വാഹനമോടിക്കേണ്ടിയിരുന്ന എന്ത് സാഹചര്യമാണ് ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നത്? തൊഴില്‍പരമായോ അല്ലാതെയോ ഒരു പാര്‍ട്ടി, ആഘോഷം നടന്നാല്‍ അതില്‍ പങ്കുകൊണ്ടശേഷം സ്വന്തം കാറോടിച്ച് വീട്ടില്‍ പോകാന്‍ ബാധ്യതപ്പെട്ടവരുണ്ട്. അതില്‍ ഞാനും നിങ്ങളുമെല്ലാം എപ്പോഴെങ്കിലുമുള്‍പ്പെട്ടിട്ടുണ്ടാകും. ഇവിടെ അതല്ല സംഭവിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാമിന് ഔദ്യോഗിക വാഹനമോ അല്ലാത്തതോ ലഭിക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. അയാള്‍ക്കൊപ്പം സുഹൃത്തുക്കളുണ്ടായിരുന്നു. അവരെയെല്ലാം ഉപേക്ഷിച്ചാണ് അയാള്‍ സുഹൃത്തായ, കാറുള്ള വഫയെ വിളിക്കുന്നത്. (അങ്ങനെയാണ് അവരുടെ മൊഴി). ആ സ്ത്രീ സ്വന്തം വാഹനമോടിച്ചാണ് അവിടെയെത്തിയത് (മൊഴി). തല കുമ്പിട്ട് ഏറെക്കുറെ അബോധാവസ്ഥയിലിരിക്കുന്ന ശ്രീറാമിനെ കവടിയാറില്‍ കണ്ടെത്തിയതും തന്റെ വാഹനത്തില്‍ കയറ്റി ഓടിച്ചുതുടങ്ങിയതും വഫയാണ് (മൊഴി). അപ്പോള്‍ സുരക്ഷിതമായി ഏതു സ്ഥലത്തും തന്നെ എത്തിക്കാന്‍ കഴിയുന്ന ഒരു ഡ്രൈവറുടെ സേവനം ശ്രീറാമിനു ലഭ്യമായിരുന്നു. അവരെ ഡ്രൈവിങ് സീറ്റില്‍നിന്നു മാറ്റിയിരുത്തിയാണ് സ്വബോധമില്ലാതെ അയാള്‍ സ്റ്റിയറിങ് ഏറ്റെടുത്തത്. മദ്യപിച്ചിട്ടില്ലാത്ത. വാഹനമോടിക്കാനറിയാവുന്ന ഒരു സുഹൃത്ത് നമ്മുടെ, നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ ഞാനോ നിങ്ങളോ ഇതു ചെയ്യുമോ? എങ്കില്‍ അതു വളരെ നിഷ്‌കളങ്കമായ ഒരു നടപടിയല്ല. 

3) നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്, വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു ചെറുപ്പക്കാരന്റെ ചെയ്തിയെക്കുറിച്ചല്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷയില്‍ രണ്ടാംറാങ്ക് നേടിയ വ്യക്തിയെക്കുറിച്ചാണ്. ഇന്ത്യയുടെ തന്നെ മനുഷ്യവിഭവശേഷി കണക്കിലെടുക്കുമ്പോള്‍ അതില്‍ ഒരു ഇടമുള്ള വ്യക്തി. ഏതു മോശമായ സാഹചര്യത്തിലും ഒരാളുടെ പ്രജ്ഞ പ്രവര്‍ത്തിക്കുന്ന രണ്ടറ്റങ്ങള്‍ക്കിടയിലെ ഒരിടമുണ്ട്. അതില്‍ നമുക്കു തിരിച്ചറിയാം, എനിക്കിതു പറ്റുമെന്നും ഇല്ലെന്നും. ശ്രീറാമിനെപ്പോലെ ഒരാള്‍ക്ക് എന്നെക്കാളും നിങ്ങളെക്കാളും മുകളിലായിരിക്കും ആ ബേസിക് ഇന്റലിജന്‍സ്. ഒന്നുകില്‍ വാഹനമെടുക്കുമ്പോള്‍ അതയാള്‍ വകവച്ചില്ല. അല്ലെങ്കില്‍ അതൊന്നുമാലോചിക്കാന്‍പോലും അശക്തനായ നിലയില്‍ അയാള്‍ അപ്പോള്‍ മോശമായിരുന്നു. മദ്യം ഉപയോഗിച്ചതുകൊണ്ടു മാത്രം അങ്ങനെ സംഭവിക്കുമെന്നു ഞാന്‍ കരുതുന്നില്ല. 

4) കേരളത്തില്‍ എത്ര മിടുക്കരായ ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്. ശ്രീറാമിലും പരിചയസമ്പന്നരുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ എന്തുകൊണ്ട് ഈ ചെറുപ്രായത്തില്‍ പ്രശസ്തനായി? മൂന്നാറില്‍ ഭൂമാഫിയക്കെതിരെ ഒറ്റയ്ക്കു പോരാടാനുള്ള ഇന്റഗ്രിറ്റി അയാള്‍ കാട്ടിയതുകൊണ്ടും അയാളുടെ ചെറുത്തുനില്‍പ്പിനെ മാധ്യമങ്ങള്‍ വഴി കേരളസമൂഹം അംഗീകരിച്ചതുകൊണ്ടുമാണ്. നമ്മുടെ സമൂഹം അയാളെ മതിച്ചിരുന്നു, അംഗീകരിച്ചിരുന്നു, അയാളില്‍ പ്രതീക്ഷവെച്ചിരുന്നു. അപ്പോള്‍ തിരിച്ച് ആ സമൂഹത്തോടും അയാള്‍ക്കൊരു മിനിമം ഉത്തരവാദിത്വമുണ്ട്. പാലിച്ചോ ശ്രീറാം അത്! ന്യായീകരണക്കാര്‍ പറയണം.
 
5) ഇതെല്ലാം കഴിഞ്ഞശേഷം അയാള്‍ ചെയ്തത് എന്താണ്? ആദര്‍ശനിഷ്ഠനായ ശ്രീറാമിന് കള്ളിറങ്ങിയപ്പോഴെങ്കിലും ആ ആദര്‍ശം ഉദിച്ചോ? ഇല്ല. ഒരു ക്രൈമില്‍ ഇന്‍വോള്‍വ്ഡ് ആയ ഏതൊരു കുറ്റവാളിയും ചെയ്യുന്നതുപോലെ അതില്‍നിന്നു രക്ഷപ്പെടാനുള്ള എല്ലാ തറവേലയും ചെയ്തു, ചെയ്തുകൊണ്ടേയിരിക്കുന്നു. കൂട്ടുകാരിയെ ഒറ്റുകൊടുക്കാന്‍ ആദ്യം നോക്കി. പരാജയപ്പെട്ടപ്പോള്‍ ഭരണത്തിന്റെ ഭാഗമായ കൂട്ടുകാരെ ഉപയോഗിച്ച് എങ്ങനെ തടി കാക്കാമെന്നു നോക്കിക്കൊണ്ടിരിക്കുന്നു. എനിക്കൊരു അബദ്ധം പറ്റി എന്നു ശ്രീറാം വെങ്കിട്ടരാമന്‍ തുറന്നുപറയുമെന്നു കരുതിയ കുറച്ചുപേരെങ്കിലുമുണ്ടാകില്ലേ! വാട്സാപ്പ് ഓണ്‍ലൈനില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെങ്കിലും അങ്ങനെയൊരു മെസ്സേജ് അയാള്‍ അയച്ചുകാണുമോ! ഇതൊന്നുമില്ലെങ്കിലും, കെ.എം. ബഷീര്‍. നിങ്ങളുടെ നന്മ അയാളെ വേട്ടയാടിക്കൊണ്ടേയിരിക്കും.''

കെഎം ബഷീർ

കേരളത്തിലെ ഓരോ മാധ്യമ പ്രവര്‍ത്തകന്റേയും എന്നല്ല, മനസ്സാക്ഷി മരവിച്ചുപോകാത്ത ഓരോ മലയാളിയുടേയും തീരാത്ത വേദനയാണ് കെ.എം. ബഷീര്‍ എന്നു പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജി ചൂണ്ടിക്കാണിക്കുന്നു: ''മദ്യപിച്ചു ലക്കുകെട്ട ഐ.എ.എസ്സുകാരന്‍ ആ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത് മുതല്‍ തുടങ്ങിയതാണ് മാധ്യമ പ്രവര്‍ത്തക സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടം. ബഷീറിന്റെ കൊലയാളിയെ രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങള്‍ക്ക് എതിരെ എത്രയെത്ര നീക്കങ്ങള്‍ വേണ്ടിവന്നു. അതിനൊടുവില്‍ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി വിചാരണക്കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞു എങ്കിലും തുടര്‍ന്നിങ്ങോട്ട് ഭരണകൂടം മെനയുന്ന ന്യായകഥകളില്‍ ഈ ഉന്നതനായ ക്രിമിനല്‍ കേസ് പ്രതി അധികാരത്തിന്റെ പടവുകള്‍ ഓടിക്കയറി. അതിന്റെ ഒടുവിലത്തെ കാഴ്ചയ്ക്കാണ് ആലപ്പുഴ കളക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. കൊവിഡ് കാലത്ത് ആരോഗ്യവിദഗ്ദ്ധന്റെ സേവനം അതി വിലപ്പെട്ടതാണ് എന്നതായിരുന്നു സസ്പെന്‍ഷന്‍ പിന്‍വലിച്ച് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അന്നു നിരത്തിയ ന്യായം. ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ ഭരണാധികാരിയുമായി ആലപ്പുഴയിലേക്ക് അയച്ചപ്പോഴും ഇത്തരം ന്യായവാദങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഭരണവര്‍ഗ്ഗം തുനിഞ്ഞിറങ്ങിയാല്‍ എന്തും നടക്കും എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയ തീരുമാനമായിരുന്നു അത്. ഏതായാലും സാമാന്യ നീതി വെല്ലുവിളിക്കപ്പെട്ട ആ തീരുമാനം തിരുത്തിയതു നന്നായി. നീതിപീഠത്തിനു മുന്നില്‍ വിചാരണ നേരിടുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ കസേരയില്‍ ഇരുന്ന് എങ്ങനെ ജനങ്ങള്‍ക്കു നീതി ലഭ്യമാക്കാനാവും? ആ പ്രതിയുടെ ചെയ്തികളില്‍ നീതിയുണ്ടെന്ന് ജനങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാനാവും? കളങ്കിത വ്യക്തികള്‍ ഭരണസ്ഥാനത്ത് ഇരുന്നാല്‍ ഭരണസംവിധാനം തന്നെ കളങ്കിതമാവും എന്നത് ലോകസത്യമാണ്. കളക്ടര്‍ കസേരയിലെ ശ്രീറാം വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ വേദനിപ്പിക്കുന്ന പ്രതീകമായിരുന്നേനെ. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രാകൃത വ്യവസ്ഥയില്‍നിന്നു പുറത്തുകടക്കാന്‍ നാം ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലിന്റെ പ്രതീകം. അയാളെ കളക്ടറല്ലാതാക്കിയ തീരുമാനം അതുകൊണ്ടുകൂടിയാണ് വലിയ ശരിയായി മാറുന്നത്'' -കെ.പി. റജി പറയുന്നു.

നീളുന്ന കേസ് 

കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊന്ന കേസ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി സെപ്റ്റംബര്‍ രണ്ടിനാണ് ഇനി പരിഗണിക്കുന്നത്. പ്രതികള്‍ രണ്ടുപേരും അന്നും ഹാജരാകണം. കുറ്റപത്രത്തില്‍ അന്ന് ഇരുഭാഗവും വാദം ബോധിപ്പിക്കാനാണ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പായ 304 (ശശ) ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ കുറ്റം ചുമത്തലിനു മുന്നോടിയായി കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാന്‍ ഏപ്രിലില്‍ സെഷന്‍സ് കോടതി ഉത്തരവിട്ട വേളയില്‍ പ്രോസിക്യൂഷന് പകര്‍പ്പ് നല്‍കാതെയുള്ള വഫയുടെ രഹസ്യ വിടുതല്‍ ഹര്‍ജി കോടതിയിലെത്തി. കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ മൂന്നുതവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് രഹസ്യ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമപരമായി ഇത് നിലനില്‍ക്കില്ലെങ്കിലും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗാമായായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം. സെഷന്‍സ് കോടതിയിലേക്ക് കൈമാറിയ കേസില്‍ കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കുന്നതിനു മുന്‍പുതന്നെ വിടുതല്‍ ഹര്‍ജി നല്‍കിയ പ്രതിഭാഗത്തിന്റെ നീക്കത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. 

കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

കേസില്‍ താന്‍ നിരപരാധിയാണെന്നും കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് വഫാ നജീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. നേരത്തെ വിടുതല്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ കുറ്റപത്രം വായിക്കുന്നത് കോടതി വീണ്ടും മാറ്റിവെച്ചിരുന്നു. അപകടം നടന്ന കവടിയാര്‍ - മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജി മൂലവും കോടതി നടപടികള്‍ ഒരു വര്‍ഷം നീണ്ടു.

2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. സംഭവത്തില്‍ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ  

ഒരു ശിക്ഷയും ആ മനുഷ്യനോട് ചെയ്ത അക്രമത്തിനു പകരമാവില്ല; കേരളത്തെ ഞെട്ടിച്ച, നാണം കെടുത്തിയ ക്രൂരത  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ