'ഞങ്ങള്‍ക്കില്ലാത്ത ഒരാവശ്യം എന്തിനാണ് അടിച്ചേല്പിക്കുന്നത്'

ആവിക്കല്‍തോടില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് വരുന്നതിനെതിരെയാണ് സമരം
'ഞങ്ങള്‍ക്കില്ലാത്ത ഒരാവശ്യം എന്തിനാണ് അടിച്ചേല്പിക്കുന്നത്'

കോഴിക്കോട് ബീച്ചിനടുത്തുള്ള ആവിക്കല്‍ തോട്- പുതിയകടവ് കടപ്പുറത്ത് വൈകുന്നേരം കുട്ടികള്‍ കളിയിലാണ്. ഒരുപാട് പേരുണ്ട്. അടുത്തെത്തി നോക്കിയപ്പോള്‍ ക്രിക്കറ്റോ ഫുട്ബോളോ ഒളിച്ചുപൊത്തിയോ ഒന്നുമല്ല. പ്രതിഷേധക്കാരും പൊലീസും ലാത്തിച്ചാര്‍ജുമാണ് അവരുടെ കളി. മുദ്രാവാക്യം വിളികളുമായി കുറേ കുട്ടികള്‍. അവരെ തടയാനായി കൈകോര്‍ത്ത് പിടിച്ച് കുറച്ചുപേര്‍ പൊലീസുകാരായി നില്‍ക്കുന്നു. 'പ്രതിഷേധം' കനത്തപ്പോള്‍ ഉന്തും തള്ളും ലാത്തിച്ചാര്‍ജും. പാഞ്ഞുമാറുന്ന പ്രതിഷേധക്കുട്ടികള്‍- ''വേണ്ടേ വേണ്ട തീട്ട പ്ലാന്റ്, പ്രതിഷേധം പ്രതിഷേധം''- ഇതൊക്കെയാണ് കുട്ടികളുടെ മുദ്രാവാക്യങ്ങള്‍.

കഴിഞ്ഞ എട്ടുമാസത്തോളമായി അവര്‍ നിരന്തരം കാണുന്ന ഒരു കാഴ്ചയാണിത്. കോഴിക്കോട് നഗരത്തില്‍ ബീച്ചിനോട് ചേര്‍ന്ന് സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 66-ാം വാര്‍ഡിലെ ആവിക്കല്‍തോടില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് വരുന്നതിനെതിരെയാണ് സമരം. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കോര്‍പ്പറേഷനെതിരെയും പ്ലാന്റിനെതിരേയും സമരത്തിലാണിവിടെ. പ്രതിഷേധക്കാരെ ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും മറ്റുമായി നേരിട്ടുകൊണ്ടിരിക്കുകയാണ് പൊലീസും. സമരത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കെതിരെ പലവിധ കുറ്റങ്ങള്‍ ചാര്‍ത്തി നിരവധി കേസുകളും ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. 200-ലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളുടേയും അതിനെ നേരിടുന്ന രീതിയുടേയും ഒരു മാതൃക കൂടിയാണ് ആവിക്കലിലും കാണാന്‍ കഴിഞ്ഞത്. അടിച്ചും കേസെടുത്തും മാവോവാദി, തീവ്രവാദി ബന്ധമാരോപിച്ചും സാധാരണക്കാരുടെ ന്യായമായ സമരങ്ങളെ മായ്ച്ചുകളയാം എന്ന ഭരണകൂട ധാര്‍ഷ്ട്യം തന്നെയാണ് ഇവിടെയും. ജനാധിപത്യപരമായോ സാംസ്‌കാരികമായോ സംവദിക്കാനും പരിഹരിക്കാനുമുള്ള ശ്രമങ്ങളൊന്നും തന്നെ ഇവിടെയുമില്ല.

ഏഴ് മാസമായി നടക്കുന്ന സമര സംഘർഷം കുട്ടികളേയും ബാധിച്ചിരിക്കുന്നു. ആവിക്കൽ തോട്ടിലെ കുട്ടികളുടെ ലാത്തിച്ചാർജ് കളി/ ഫോട്ടോ: ​ഗോകുൽ ഇ/ എക്സ്പ്രസ്
ഏഴ് മാസമായി നടക്കുന്ന സമര സംഘർഷം കുട്ടികളേയും ബാധിച്ചിരിക്കുന്നു. ആവിക്കൽ തോട്ടിലെ കുട്ടികളുടെ ലാത്തിച്ചാർജ് കളി/ ഫോട്ടോ: ​ഗോകുൽ ഇ/ എക്സ്പ്രസ്

ആവിക്കല്‍ തോട്ടിലെ പ്ലാന്റ്

കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷനാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല. പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന 66-ാം വാര്‍ഡും തൊട്ടുള്ള രണ്ട് വാര്‍ഡുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ഈ വാര്‍ഡുകളിലെ വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം പൈപ്പ് വഴി പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കും. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്. കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് കോര്‍പറേഷന്‍. മണ്ണുപരിശോധന നടത്തികഴിഞ്ഞു. ആവിക്കലിനു പുറമെ കോതിയിലും മാലിന്യപ്ലാന്റ് വരുന്നുണ്ട്. ഇതിനെതിരെ നാട്ടുകാര്‍ കോടതിയില്‍ പോവുകയും നിര്‍മ്മാണത്തിന് സ്റ്റേ ലഭിക്കുകയും ചെയ്തു. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട് നിയമപരമായി നീങ്ങാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് സമരസമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നിത്യവൃത്തിക്ക് ജോലിചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് വക്കീലിനെ ഏര്‍പ്പെടുത്തി കോടതിയില്‍ പോയി ഭരണകൂടത്തിനെതിരെ വാദിച്ച് ജയിക്കാന്‍ പരിമിതിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കോടതി നേരിട്ട് ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. 

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ലഭിക്കേണ്ട പ്രാഥമികമായ അവകാശങ്ങളൊന്നും ലഭ്യമല്ലാത്ത ജനതയാണ് പുതിയകടവ് മൂന്നാലിങ്കല്‍ ഭാഗത്തുള്ളവര്‍. 1300-ലധികം വീടുകള്‍ ഈ പ്രദേശത്തുണ്ട്. വെള്ളയില്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് ഏറെയും. ഒരു സെന്റിലും രണ്ട് സെന്റിലുമായി അടുക്കിയടുക്കി നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍. ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുപോകാന്‍ മാത്രം അകലമാണ് വീടുകള്‍ തമ്മില്‍. പലയിടങ്ങളിലും ഇത്തരം സ്ഥലപരിമിതി കാരണം കുടിവെള്ള പൈപ്പുകള്‍ പോലും ഇടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ മാലിന്യപൈപ്പിന് എങ്ങനെ സ്ഥലം കണ്ടെത്തുമെന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. വീടുകളില്‍ പലതിനും ഇതുവരെ പട്ടയം കിട്ടിയിട്ടില്ല. കടലിനോട് ചേര്‍ന്നുള്ള റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിരവധി വീടുകള്‍ പൊളിക്കേണ്ടിവരുമെന്ന് കേട്ട ആശങ്കയും ഇവര്‍ പങ്കുവെച്ചു. നഗരത്തിനോട് ചേര്‍ന്നാണെങ്കിലും അതിന്റെ ഒരുതരത്തിലുമുള്ള മോടിയും എത്തിക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു പ്രദേശവും ജനങ്ങളുമാണ് ഇവിടെയുള്ളത്. ഈ പദ്ധതി ഞങ്ങള്‍ക്കു വേണ്ടിയുള്ളതല്ല, തൊട്ടടുത്ത പ്രദേശത്തെ വന്‍കിട ഫ്‌ലാറ്റുകളിലേയും ഹോട്ടലുകളിലേയും ശുചിമുറി മാലിന്യം ഒഴുകിയെത്താനുള്ളതാണ് എന്നാണ് ഇവിടുത്തുകാരെല്ലാം പറയുന്നത്. ഇക്കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാനോ നാട്ടുകാരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 70 കോടിയിലധികമാണ് പദ്ധതിയുടെ ചെലവ്.

ആവിക്കൽ തോട് മാലന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്ന സ്ഥലത്ത് പ്രതിഷേധക്കാർ കൊണ്ടിട്ട വള്ളത്തിന് മുകളിലിരിക്കുന്ന നാട്ടുകാരൻ
ആവിക്കൽ തോട് മാലന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്ന സ്ഥലത്ത് പ്രതിഷേധക്കാർ കൊണ്ടിട്ട വള്ളത്തിന് മുകളിലിരിക്കുന്ന നാട്ടുകാരൻ

തീവ്രവാദി ആരോപണം

നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ സമരസമിതിക്ക് പ്രദേശത്തെ വിവിധ സംഘടനകളുടേയും ക്ലബ്ബുകളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ആരാധനാലയങ്ങളുടേയും പിന്തുണയുണ്ട്. ജനങ്ങളുടെ ആവശ്യമായതിനാല്‍ ആരും തന്നെ പദ്ധതിക്കനുകൂലമല്ല. സമരത്തിനെതിരെ വ്യാപക പ്രചരണവുമായി സി.പി.എം നേതൃത്വം മുന്നോട്ടുപോകുമ്പോഴും പ്രദേശത്തെ സി.പി.എം അനുഭാവികളില്‍ പലരും സമരത്തിനൊപ്പമാണ്. ഈ സമരത്തിനെതിരെയാണ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് മാധ്യമങ്ങളോടും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയിലും തീവ്രവാദബന്ധം ആരോപിച്ചത്. സി.പി.എമ്മിന്റെ ജില്ലാ, പ്രാദേശിക ഘടകങ്ങള്‍ അതിന് പ്രചാരണവും നല്‍കി. ആവിക്കല്‍തോട് സമരവുമായി ബന്ധപ്പെട്ട് എം.കെ. മുനീര്‍ നല്‍കിയ അടിയന്തര പ്രമേയത്തിലായിരുന്നു മന്ത്രിയുടെ മറുപടി. ജനകീയസമരങ്ങളില്‍ ഇത്തരം ആരോപണങ്ങള്‍ പുതുമയല്ലെങ്കിലും ആവിക്കലുക്കാരുടെ പ്രതിഷേധം ശക്തമാകാന്‍ ഈ ആരോപണങ്ങള്‍ കൂടി കാരണമായിട്ടുണ്ട്. ഉത്തരവാദപ്പെട്ടവരുടെ ഉത്തരവാദിത്വമില്ലാത്ത ആരോപണങ്ങളിലൂടെയാണ് ഇപ്പോഴും ജനകീയ സമരങ്ങളെ അധികാരികള്‍ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. പദ്ധതിക്കനുകൂലമായി എല്‍.ഡി.എഫ്. നടത്തിയ വിശദീകരണയോഗത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. 2023 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഞങ്ങള്‍ ആവശ്യപ്പെട്ട ഒരു പദ്ധതിയല്ല ഇതെന്നും കക്കൂസ് മാലിന്യവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഞങ്ങള്‍ കോര്‍പറേഷനില്‍ കൊടുത്തിട്ടില്ലെന്നും സമരസമിതി ചെയര്‍മാന്‍ ടി. ദാവൂദ് പറയുന്നു. ''എല്ലാ വീടുകള്‍ക്കും ടാങ്കുണ്ട്. ഞങ്ങള്‍ക്കില്ലാത്ത ഒരാവശ്യം എന്തിനാണ് അടിച്ചേല്പിക്കുന്നത്. ഇവര്‍ക്ക് പരീക്ഷണം നടത്തി കളയാനുള്ളതാണോ സര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപ.  വര്‍ഷങ്ങളായി കോര്‍പറേഷന്‍ ഇതിനെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് പറയുന്നത്. 2021 ഡിസംബറിലാണ് ഇതിനെക്കുറിച്ച് കൗണ്‍സിലര്‍ ഞങ്ങളോട് പറയുന്നത്. ജനുവരിയിലാണ് കോര്‍പറേഷന്‍ അധികൃതര്‍ ഇക്കാര്യം പറയുന്നത്. ഞങ്ങള്‍ നാലംഗസമിതിയെവെച്ച് ഇക്കാര്യങ്ങള്‍ പഠിച്ചു. അതിനുശേഷമാണ് സമരവുമായി പോകാന്‍ തീരുമാനിക്കുന്നത്. 

പൊലീസ് ലാത്തിച്ചാജിൽ പരിക്കേറ്റ വീട്ടമ്മ
പൊലീസ് ലാത്തിച്ചാജിൽ പരിക്കേറ്റ വീട്ടമ്മ

''പദ്ധതി വിശദീകരണം എന്ന പേരില്‍ മേയര്‍ ബീന ഫിലിപ്പും ഡെപ്യൂട്ടി മേയറും വന്നിരുന്നു. പക്ഷേ, ജനങ്ങളുടെ ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. ഈ പരിസരത്തെ നാല് വാര്‍ഡുകളിലും കൂടി 18 ഫ്‌ലാറ്റുകളുണ്ട്. അവിടെയൊന്നും കൃത്യമായ സംസ്‌കരണം നടക്കുന്നില്ല. അതൊക്കെ ഒഴുകിവരുന്നത് ഇവിടേക്കാണ്. എന്നിട്ട് ഈ തോടിലെ വെള്ളമെടുത്ത് പരിശോധന നടത്തി മാലിന്യമുണ്ട് എന്നു പറഞ്ഞാല്‍ അത് ഞങ്ങള്‍ ഒഴുക്കി വിടുന്നതാണോ. കടപ്പുറത്തുള്ളവര്‍ക്ക് വിവരമില്ല എന്ന ധാരണയാണ് ഇവര്‍ക്ക്. സാധാരണ മനുഷ്യനുള്ള എല്ലാ ബുദ്ധിയും ഇവിടെയുള്ളവര്‍ക്കുമുണ്ട്. എന്തും പേറാനുള്ള ആളുകളാണോ ഇവിടെയുള്ളത്''- ടി. ദാവൂദ് പറയുന്നു.  

ബ്രേക്ക് വാട്ടര്‍ ഹാര്‍ബറാണ് വെള്ളയിലേതെന്നും മാലിന്യം ഹാര്‍ബര്‍ മുഖത്ത് കെട്ടിക്കിടക്കുമെന്നും സമരസമിതി പ്രവര്‍ത്തകന്‍ റോഷന്‍ പറയുന്നു. ഹാര്‍ബറിലെ വെള്ളം ഉപയോഗിച്ച് കഴുകിയാണ് മീനെടുക്കുന്നത്. പ്ലാന്റ് വരുന്നതോടെ വെള്ളത്തില്‍ മാലിന്യം കയറുകയും ഇത് ഉപയോഗിക്കാന്‍ പറ്റാതാവുകയും ചെയ്യുമെന്നും റോഷന്‍ പറയുന്നു. ഇര്‍ഫാന്‍ ഹബീബാണ് സമരസമിതി കണ്‍വീനര്‍.

ലാത്തിച്ചാർജിനിടെ കുഴഞ്ഞു വീണവരെ ആശുപത്രിയിലേക്ക് മാറ്റുന്നു
ലാത്തിച്ചാർജിനിടെ കുഴഞ്ഞു വീണവരെ ആശുപത്രിയിലേക്ക് മാറ്റുന്നു

ജനസഭകള്‍ നടത്തി എം.എല്‍.എയും കോര്‍പറേഷന്‍ അധികൃതരും ഒരു ഭാഗത്തും വിശദീകരണ യോഗങ്ങളുമായി സി.പി.എമ്മും പദ്ധതി നടപ്പാക്കാന്‍ സജീവമായി രംഗത്തുണ്ടെങ്കിലും പ്രദേശവാസികളുടെ ചോദ്യങ്ങളെ നേരിടാനോ പരിഹരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ബലപ്രയോഗമാണ് ഉചിതമായ മാര്‍ഗ്ഗം എന്ന വിശ്വാസത്തിലാണ് അധികൃതരുടെ പോക്ക്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com