ഒലിച്ചു പോകുന്ന തീരങ്ങള്‍...

പൊന്മന, വെള്ളാനത്തുരുത്ത്, ആലപ്പാട്, തോട്ടപ്പള്ളി... പടിഞ്ഞാറ് കടലെടുക്കുന്ന തീരഗ്രാമങ്ങളുടെ പേരുകള്‍ ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ട്
ഒലിച്ചു പോകുന്ന തീരങ്ങള്‍...

പൊന്മന, വെള്ളാനത്തുരുത്ത്, ആലപ്പാട്, തോട്ടപ്പള്ളി... പടിഞ്ഞാറ് കടലെടുക്കുന്ന തീരഗ്രാമങ്ങളുടെ പേരുകള്‍ ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ട്. ഇതില്‍ വെള്ളാനത്തുരുത്തെന്ന ഗ്രാമം ഏതാണ്ട് പൂര്‍ണ്ണമായി കടലെടുത്തു. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് വട്ടക്കായലിനുമിടയിലുള്ള ആലപ്പാട് ഒരു നേര്‍ത്ത മണല്‍ത്തിട്ട പോലെയായി. കുട്ടനാടിനെ പ്രളയത്തില്‍നിന്ന് രക്ഷിക്കാനെന്ന പേരില്‍ തോട്ടപ്പള്ളി പൊഴിയില്‍ തുടങ്ങിയ മണല്‍ ഖനനം വലിയഴീക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പല്ലന, പുന്തല, പുറക്കാട്, പുന്നപ്ര തീരങ്ങളേയും ഇല്ലാതാക്കുന്നു. ആലപ്പാടിനു പുറമേ വലിയഴീക്കല്‍ ഹാര്‍ബറിലും തോട്ടപ്പള്ളി ഹാര്‍ബറിലും പൊഴിമുഖത്തും ഖനനം തുടരുന്നു. വര്‍ഷം പിന്നിടുമ്പോള്‍ പടിഞ്ഞാറന്‍ തീരത്തെ സമ്പന്നമായ കരിമണല്‍ നിക്ഷേപങ്ങള്‍ക്കു മേലുള്ള വ്യവസായിക താല്പര്യങ്ങള്‍ കാലം ചെല്ലുന്തോറും കൂടുകയാണ്. ഒന്നര ദശാബ്ദം മുന്‍പ് വലിയ സമരത്തിലൂടെയാണ് ഈ തീരം സ്വകാര്യ കമ്പനികള്‍ക്കു തീറെഴുതാനുള്ള നീക്കത്തെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചത്. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇയും കെ.എം.എം.എല്ലും സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി നടത്തിയ ഖനനമാണ് തീരത്തെയൊന്നാകെ ഇല്ലാതാക്കിയെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ ജനം തിരിച്ചറിയുന്നു. അതിനിടയിലാണ് പുതിയ നിയമഭേദഗതിയിലൂടെ സ്വകാര്യ കമ്പനികള്‍ക്കു ഖനനത്തിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

നിലവില്‍ കരിമണല്‍ ഖനനം ചെയ്യാനുള്ള അധികാരം നിലവില്‍ പൊതുമേഖലയ്ക്ക് മാത്രമാണ്. അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനും. എന്നാല്‍, പുതിയ നിയമഭേദഗതി  വന്നാല്‍ സ്വകാര്യമേഖലയ്ക്ക് ഖനനാനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു സാധിക്കും. ഖനനം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന നയമാണ് സര്‍ക്കാരിന്റേത്. ആണവധാതുക്കളുടെ പട്ടികയിലുള്ള പന്ത്രണ്ട് എണ്ണത്തില്‍ എട്ടെണ്ണത്തെ അതില്‍നിന്നു മാറ്റി ക്രിട്ടിക്കല്‍ മിനറല്‍സ് വിഭാഗത്തിലാക്കുകയും ചെയ്യും. ധാതുഖനനത്തിനായുള്ള 1957-ലെ എം.എം.ഡി.ആര്‍. നിയമമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ഭേദഗതി ചെയ്യുന്നത്. മോണോസൈറ്റ്, ഇല്‍മനൈറ്റ്, സില്‍മിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍ എന്നിവ ഉള്‍പ്പെടെ എട്ടെണ്ണമാണ് പട്ടികയില്‍നിന്ന് ഒഴിവാക്കുക. ഇവയുടെ ഉല്പാദനം വ്യാവസായിക ആവശ്യങ്ങള്‍ക്കു തികയുന്നില്ലെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്നത്. ആണവധാതുക്കളുടെ പട്ടികയായ ബി വിഭാഗത്തില്‍നിന്ന് ഡി വിഭാഗത്തിലേക്ക്(ക്രിട്ടിക്കല്‍ ആന്‍ഡ് സ്ട്രാറ്റജിക്കല്‍) ഇവയെ മാറ്റിയിട്ടുണ്ട്. സാമ്പത്തിക പ്രാധാന്യമേറിയതാണെന്നും ഭൗമശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഇവയുടെ വിതരണത്തില്‍ അസ്ഥിരത നിലനില്‍ക്കുന്നുവെന്നുമുള്ള വാദവും സര്‍ക്കാര്‍ ഉന്നയിക്കുന്നു. ബഹിരാകാശ വ്യവസായം, ഇലക്ട്രോണിക്സ്, ഐ.ടി, ഊര്‍ജ്ജം, ഇലക്ട്രിക് ബാറ്ററി, ആണവ വ്യവസായം എന്നീ മേഖലകളില്‍ ഉപയോഗിക്കുന്ന ഈ ധാതുക്കള്‍ ആഗോളതാപനം കുറയ്ക്കാനുള്ള നെറ്റ്-സീറോ ലക്ഷ്യം കൈവരിക്കാന്‍ അത്യന്താപേക്ഷികമാണെന്നും ഖനനമന്ത്രാലയം വാദിക്കുന്നു.  

ആണവധാതുക്കളുടെ പട്ടികയില്‍നിന്ന് ഇത് മാറുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ നയത്തെ മറികടന്ന് കേന്ദ്രസര്‍ക്കാരിനു നേരിട്ട് ഖനനാനുമതി നല്‍കാനാകും. എം.എം.ഡി.ആര്‍ നിയമപ്രകാരം ഖനന പാട്ടം സ്വകാര്യമേഖലയ്ക്ക് നല്‍കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അതിന് അവകാശവുമുണ്ടായിരിക്കും. എം.എം.ഡി.ആര്‍ ആക്റ്റിന്റെ ആദ്യ ഷെഡ്യൂള്‍ പ്രകാരം പാര്‍ട്ട് എയില്‍ ഹൈഡ്രോ കാര്‍ബണും ഊര്‍ജ്ജധാതുക്കളുമാണ് ഉള്‍പ്പെടുക. പാര്‍ട്ട് ബിയില്‍ ആണവധാതുക്കളും. പാര്‍ട്ട് സിയില്‍ ലോഹവും അല്ലാത്തതുമായ ധാതുക്കളുമാണുള്ളത്. ഈ പട്ടികയാണ് ഭേദഗതിയോടെ മാറ്റിമറിക്കപ്പെട്ടത്. ശരാശരി വില്‍പ്പന വില, ഖനനപ്രദേശത്തിന്റെ വിസ്തീര്‍ണം, പരിസ്ഥിതി-വനംമന്ത്രാലയത്തിന്റെ അനുമതികള്‍ എന്നിവയൊക്കെ ഭേദഗതിയുടെ ഭാഗമാണ്. സെക്ഷന്‍ 8(5), സെക്ഷന്‍ 8എ (7എ) പ്രകാരം ഖനനം ചെയ്യുന്ന കമ്പനിക്ക് അവരുടെ വാര്‍ഷിക ഉല്പാദനത്തിന്റെ 50 ശതമാനം ഒരു നിയന്ത്രണവുമില്ലാതെ വില്‍ക്കാനുമാകും. ഭേദഗതിയോടുള്ള പൊതുജനാഭിപ്രായം തേടി കേന്ദ്ര ഖനിമന്ത്രാലയം മേയ് 25-ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉത്തരവിനുള്ള മറുപടിയായി ഈ ഭേദഗതിക്കെതിരെ ജൂണ്‍ 25-ന് വ്യവസായവകുപ്പ് കത്ത് നല്‍കി. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

കരിമണൽ ഖനനത്തിനെതിരേ തോട്ടപ്പള്ളിയിൽ നടന്ന സമരം
കരിമണൽ ഖനനത്തിനെതിരേ തോട്ടപ്പള്ളിയിൽ നടന്ന സമരം

ഈ ഭേദഗതിക്കെതിരേയുയര്‍ന്ന് വന്ന ആശങ്കളില്‍ പ്രധാനം ഇതാണ്. ഒന്ന്, നിലവിലുള്ള ഖനനം തന്നെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. വ്യാവസായികാടിസ്ഥാനത്തില്‍ കൂടുതല്‍ സ്വകാര്യ കമ്പനികള്‍ രംഗത്ത് വരുന്നതോടെ പടിഞ്ഞാറന്‍ തീരങ്ങള്‍ തന്നെ ഇല്ലാതാകും. രണ്ട്, വലിയ സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്ക് അത് വഴിതെളിക്കും. മത്സ്യത്തൊഴിലാളികളടങ്ങുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും അത് ഭീഷണിയാണ്. വലിയൊരു പലായനമായിരിക്കും സംഭവിക്കുക. മൂന്ന്, പാരിസ്ഥിതിക തകര്‍ച്ച കൊണ്ടുള്ള തൊഴില്‍ നഷ്ടം കണക്കാക്കുന്നതിലുമപ്പുറമാണ്. നാല്, ധാതുക്കളിലുള്ള സംസ്ഥാനത്തിന്റെ അവകാശം ഇല്ലാതാക്കുന്നു. ഖനനപ്പാട്ടം നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കരസ്ഥമാക്കുന്നത് ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നത് ജനാധിപത്യവിരുദ്ധവുമാണ്. അഞ്ച്, തോറിയം അടങ്ങുന്ന മോണോസൈറ്റ് മിനറല്‍സ് ഖനനം ചെയ്യാന്‍ സ്വകാര്യമേഖലയ്ക്ക് അനുമതി കിട്ടുന്നത് രാജ്യസുരക്ഷയെത്തന്നെ പ്രതികൂലമായി ബാധിക്കും.

സ്വകാര്യനീക്കം മുന്‍പും

സ്വകാര്യമേഖലയില്‍ ഖനനം എന്നത് ഇതാദ്യമല്ല ഉയര്‍ന്നുകേള്‍ക്കുന്നത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയില്‍സ് ലിമിറ്റഡ്(സി.എം.ആര്‍.എല്‍), തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വി.വി. മിനറല്‍ എന്നീ രണ്ട് സ്വകാര്യ കമ്പനികളുടെ പേരാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്നു കേട്ടത്.  1995 മുതല്‍ സി.എം.ആര്‍.എല്‍ കമ്പനി അനുമതിക്കായി ശ്രമിക്കുന്നു. 1994-ല്‍ ഓസ്ട്രേലിയന്‍ കമ്പനിയായ വെസ്ട്രേലിയന്‍സ് ലിമിറ്റഡിനേയും അമേരിക്കന്‍ കമ്പനിയായ റെന്നിസണ്‍ ഗോള്‍ഡ് ഫീല്‍സ് കോര്‍പ്പറേഷനേയും ഖനന മേഖലയിലേക്ക് കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചു. പ്രതിഷേധം ഉയര്‍ന്നതോടെ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു. സി.എം.ആര്‍.എല്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ വരവ് ഇതോടെയാണ്. പൊതു-സ്വകാര്യ മേഖലയിലെ സംയുക്ത സംരംഭം എന്ന രീതിയാണ് സി.എം.ആര്‍.എല്‍ ഉന്നയിച്ചത്. കെ.എസ്.ഐ.ഡി.സിക്ക് നാമമാത്രമായ ഓഹരി നല്‍കി സി.എം.ആര്‍.എല്ലും അവരുടെ എക്സ്പോര്‍ട്ടിങ് കമ്പനികളും പങ്കാളിയായി കേരള റെയര്‍ എര്‍ത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. എന്നാല്‍, ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനൊടുവില്‍ ഈ നീക്കവും പരാജയപ്പെട്ടു. 1997-ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ അതുവരെ സ്ട്രാറ്റജിക് മിനറല്‍സ് എന്ന ഗണത്തില്‍പ്പെടുത്തിയ ധാതുമണല്‍ വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കാന്‍ ഉത്തരവിട്ടു. സംയുക്തമേഖലയില്‍ സ്വകാര്യവല്‍ക്കരണമാകാമെന്നായിരുന്നു ആ നയം. ഈ അനുകൂല സാഹചര്യം മുതലെടുക്കാന്‍ സി.എം.ആര്‍.എല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ജനരോഷം ഭയന്ന് ഇടത്-വലത് സര്‍ക്കാര്‍ കൂട്ടുനിന്നില്ല. കരിമണല്‍ കിട്ടാതെ സി.എം.ആര്‍.എല്‍ പ്രതിസന്ധിയിലാണെന്നും ഐ.ആര്‍.ഇ ഇല്‍മനൈറ്റ് തരുന്നില്ലെന്നുമായിരുന്നു പിന്നീടുള്ള പ്രചരണം. സ്വകാര്യ ലോബികളുടെ സ്വാധീനത്തിനു വഴങ്ങിക്കൊടുത്ത രാഷ്ട്രീയക്കാര്‍ ഈ വാദം ഏറ്റുപിടിച്ചിട്ടുമുണ്ട്. 2003-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാലു സ്വകാര്യ കമ്പനികള്‍ക്കു ഖനനത്തിനു തത്വത്തില്‍ അനുമതി നല്‍കി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. വി.എം. സുധീരനായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന നേതാവ്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍ താഴെ വോട്ടിനു തോറ്റു. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഖനനത്തിനായി വാദിച്ചത്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോഴും രണ്ടഭിപ്രായമുണ്ടായി. 
 
സി.എം.ആര്‍.എല്ലിന് ഖനനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകള്‍ 2013-ല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് വരെ സംഘടിപ്പിച്ചു. പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഇപ്പോഴും ഖനനത്തിന്റെ പ്രയോജനം ലഭിക്കുന്നത് സി.എം.ആര്‍.എല്ലിനാണ്. കരിമണലില്‍നിന്നു വേര്‍തിരിക്കുന്ന ജോലിയാണ് കെ.എം.എം.എല്ലും ഐ.ആര്‍.ഇയും ചെയ്യുന്നത്. വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് സിന്തറ്റിക് റൂട്ടെയിലിന്റേയും ടൈറ്റാനിയം ഡോയോക്സൈഡ് പിഗ്മെന്റിന്റേയും ഉല്പാദനത്തിന് കെ.എം.എം.ആര്‍.എല്‍ ഉപയോഗിക്കും. ആണവധാതുവായ മോണോസൈറ്റ് ഐ.ആര്‍.ഇ എടുക്കും. ഐ.ആര്‍.ഇ ഖനനം ചെയ്യുന്ന മണലില്‍നിന്ന് ഇല്‍മനൈറ്റ് വേര്‍തിരിച്ച് സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കും. ആണവമേഖലയ്ക്ക് ആവശ്യമായവ തോറിയത്തിന്റെ നിര്‍മ്മാണത്തിനായി ആലുവയിലെ ഐ.ആര്‍.ഇ പ്ലാന്റിലേക്കും അയക്കും. അതായത് സി.എം.ആര്‍.എല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ക്ക് ഇല്‍മനൈറ്റ് ഇപ്പോഴും നല്‍കുന്നത് ഐ.ആര്‍.ഇയാണ്. ഇവരുടെ പക്കല്‍നിന്നും ഇല്‍മനൈറ്റ് വാങ്ങി പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് സി.എം.ആര്‍.എല്ലിന്റെ വാദം.

കേരളതീരത്ത് ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി 2016 ഏപ്രില്‍ അനുമതി നല്‍കി. സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ വിധി. ഇതിനാധാരം 2006-ല്‍ ആറാട്ടുപുഴയില്‍ ഖനനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയായിരുന്നു. വന്‍പ്രതിഷേധത്തെത്തുടര്‍ന്ന് ഈ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. സി.എം.ആര്‍.എല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഖനനാനുമതി പിന്‍വലിച്ച തീരുമാനം റദ്ദാക്കി. അതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കമ്പനിക്ക് അനുകൂലമായിരുന്നു. എന്നാല്‍, പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഈ ഉത്തരവ് നടപ്പായില്ല. നിയമനടപടികള്‍ തുടര്‍ന്ന സി.എം.ആര്‍.എല്ലിന് അനുകൂലമായാണ് കോടതി നിരീക്ഷണങ്ങളുണ്ടായത്. ആണവോര്‍ജ്ജ ഉല്പാദനത്തില്‍ കരിമണല്‍ നിര്‍ണ്ണായകമാണെന്നു പറഞ്ഞ കോടതി അത് കിട്ടുന്ന സ്ഥലം രേഖപ്പെടുത്തി ഖനനത്തിനായി നല്‍കണമെന്ന് നിരീക്ഷിച്ചു. കേരളതീരത്ത് ഇല്‍മനൈറ്റിന്റെ ഭീമമായ ശേഖരമുള്ളപ്പോള്‍ വന്‍ നഷ്ടം സഹിച്ച് ഇറക്കുമതി ചെയ്താണ് കമ്പനി നടത്തുന്നതെന്നാണ് സി.എം.ആര്‍.എല്‍ വാദിച്ചിരുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാളും കൂടിയ നിരക്കിലാണ് ഐ.ആര്‍.ഇ ഇല്‍മനൈറ്റ് സി.എം.ആര്‍.എല്ലിന് നല്‍കുന്നതെന്നും അവര്‍ വാദിക്കുന്നു. പുതിയ ഭേദഗതിയോടെ സി.എം.ആര്‍.എല്ലിനെപ്പോലുള്ള കമ്പനികള്‍ക്ക് ഖനനാനുമതി ലഭിക്കാനുള്ള വഴി വീണ്ടും തുറക്കുകയാണ്.

വലിയഴീക്കൽ പാലത്തിനു സമീപമുള്ള റോഡിൽ കടൽ കയറിയപ്പോൾ. പാലത്തിൽ നിന്ന് കഷ്ടിച്ച് 20 മീറ്റർ മാത്രം അകലെയാണ് കടൽ കയറിയിരിക്കുന്നത്
വലിയഴീക്കൽ പാലത്തിനു സമീപമുള്ള റോഡിൽ കടൽ കയറിയപ്പോൾ. പാലത്തിൽ നിന്ന് കഷ്ടിച്ച് 20 മീറ്റർ മാത്രം അകലെയാണ് കടൽ കയറിയിരിക്കുന്നത്

എല്ലാം വികസനത്തിന്റെ പേരില്‍ 

ഖനനം നടത്തി തീരം തകര്‍ക്കല്‍. കടലേറ്റമുണ്ടാകുമ്പോള്‍ തീരം വിട്ടുപോകാനായി പുനര്‍ഗേഹം പദ്ധതി. സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍ പറയുന്ന അതേ തീരത്ത് റോഡ് വികസനം. തീരം സുരക്ഷിതമല്ലെങ്കില്‍ റോഡ് നിര്‍മ്മിക്കുന്നത് എന്തിന്? ആര്‍ക്കുവേണ്ടി?  ഈ ചോദ്യമാണ് ആലപ്പാട് സമരസമിതിയുടെ കെ.സി. ശ്രീകുമാറിനു ചോദിക്കാനുള്ളത്. 146 കോടി മുടക്കിയാണ് വലിയഴീക്കല്‍ പാലം നിര്‍മ്മിച്ചത്. ഈ പാലത്തിന്റെ അപ്രോച്ച് റോഡ് വരെ കടല്‍കയറി. ഇതാണോ വികസനം. തീരദേശപരിപാലന നിയമപ്രകാരം ജനങ്ങളെ വീട് വച്ച് താമസിക്കാന്‍ അനുവദിക്കില്ല. അതേസമയം റോഡ് വികസിപ്പിക്കാം. അപ്പോള്‍ ഈ വികസനം ഏതുവിഭാഗം ജനങ്ങളുടെ വികസനത്തിനാണെന്ന് ചോദിക്കുന്നു അദ്ദേഹം. ഇരച്ചുകയറിവരുന്ന സമുദ്രത്തിനറിയില്ല കരിമണല്‍ വാരുന്നത് സ്വകാര്യമുതലാളിയാണോ സര്‍ക്കാര്‍ സ്പോണ്‍സേഡ് മുതലാളിയാണോ എന്ന്. ചുരുക്കത്തില്‍ സ്വകാര്യമായാലും പൊതുമേഖലയായാലും കടല്‍ത്തീരത്ത് ആഘാതം ഒരുപോലെയാണെന്നും നിലവില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരേയുള്ള മുറവിളി പരമ്പരാഗത മുതലാളിമാരും പുത്തന്‍ മുതലാളിമാരും തമ്മിലുള്ള മത്സരം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്രയും കാലം കരിമണല്‍ ഖനനം ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതും സ്വകാര്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ വാരുന്ന മണലും ഇത്രയും കാലം കവര്‍ന്നെടുത്ത് കൊണ്ടുപോയ തീരവും ബഹുരാഷ്ട്ര കുത്തകകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കുമാണ് കൊടുത്തതെന്നും അദ്ദേഹം പറയുന്നു. 

വലിയഴീക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പല്ലന, തോട്ടപ്പള്ളി, പുന്തല, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര ഈ തീരത്ത് ഉണ്ടാകുന്ന തീരശോഷണത്തിന് മുഖ്യകാരണം വലിയഴീക്കല്‍ ഹാര്‍ബര്‍, തോട്ടപ്പള്ളി ഹാര്‍ബര്‍, തോട്ടപ്പള്ളി പൊഴിമുഖം എന്നിവിടങ്ങളില്‍ നടക്കുന്ന അനധികൃത മണല്‍ ഖനനമാണെന്ന് പറയുന്നു സുരേഷ് കുമാര്‍ തോട്ടപ്പള്ളി. ഇവിടെ നിന്നും 24 മണിക്കൂറും മണല്‍ കടത്തുകയാണ്. ഒരു ദിവസം 450 ലോഡുകളാണ് ഇവിടെനിന്നും പോകുന്നത്. ഒരു ലോഡ് എന്ന് പറഞ്ഞാല്‍ 14 വീലുകള്‍ ഉള്ള വണ്ടിയില്‍ 45 ടണ്‍ മണലാണ്. ഒരു ദിവസം ഏകദേശം 2 ഏക്കര്‍ ഭൂമി ഇവിടെനിന്ന് ലോറിയില്‍ കയറ്റുന്നു. ഈ മണല്‍ കടല്‍ ഉല്പാദിപ്പിക്കുന്നതല്ല. തീരത്തുള്ള മണല്‍ കടലിനു കളിക്കുവാനുള്ളതാണ്. തീരത്ത് നിന്നും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും എന്നേ ഉള്ളു. ഇത് വാരി കടത്തിയാല്‍ സര്‍വ്വവും നശിക്കും. മണല്‍ എടുത്തതുമൂലം 79 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് 6.87 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി ചുരുങ്ങിയെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലെഴുതിയ കുറിപ്പില്‍ പറയുന്നു.

വലിയഴീക്കൽ പാലത്തിനു തൊട്ടടുത്ത് കടൽ കയറി തീരദേശപാത തകർന്നപ്പോൾ
വലിയഴീക്കൽ പാലത്തിനു തൊട്ടടുത്ത് കടൽ കയറി തീരദേശപാത തകർന്നപ്പോൾ

നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോഴുള്ള ഖനനം തുടരുന്നത്. ഖനനപ്രവര്‍ത്തനം കടല്‍നിരപ്പ് ഉയരുന്നതിന്റെ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നു. തിരമാലകള്‍ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്ന സന്തുലനാവസ്ഥയിലുള്ള മണല്‍ നിക്ഷേപമാണ് കടല്‍ത്തീരത്തുള്ളത്. ഖനനം തുടങ്ങിയതോടെ ഈ സ്വാഭാവിക പ്രക്രിയയുടെ താളം തെറ്റി. തീരത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഖനനം മൂലം മാറിയതോടെ കരയിലേക്ക് മണല്‍ നിക്ഷേപിക്കാന്‍ കടലിനു കഴിയാതായി. അതോടെ തീരം ഒലിച്ചുപോയിത്തുടങ്ങി. ഈ പ്രദേശങ്ങളിലെല്ലാം കടല്‍കയറ്റം രൂക്ഷമാകുന്നതിനു തീരമിടിച്ചില്‍ കാരണമാകുകയും ചെയ്തു. ഇതാണ് യാഥാര്‍ത്ഥ്യം.

ഈ റിപ്പോർട്ട് കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com