വേദന ഇല്ലാതെ ജീവിക്കാന്‍ അനന്യ ആഗ്രഹിച്ചിരുന്നു 

അത്രമേല്‍ ദുരിതം താങ്ങാനാകാതെയാണ് ഇരുപത്തിയെട്ടാം വയസ്സില്‍ അവര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 20-നു ജീവിതം അവസാനിപ്പിച്ചത്
വേദന ഇല്ലാതെ ജീവിക്കാന്‍ അനന്യ ആഗ്രഹിച്ചിരുന്നു 

ഷ്ടമുള്ള ശരീരത്തില്‍ ജീവിക്കാനുള്ള അങ്ങേയറ്റത്തെ ആഗ്രഹത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായി എന്നൊരു 'തെറ്റ്' അല്ലാതൊന്നും അനന്യകുമാരി അലക്സ് എന്ന ട്രാന്‍സ് യുവതി ചെയ്തിട്ടില്ല. എന്നാല്‍, സ്വന്തം നിലയില്‍ ശസ്ത്രക്രിയയെക്കുറിച്ചു വേണ്ടവിധം മനസ്സിലാക്കാതിരിക്കുകയും നീതിപൂര്‍ണ്ണമായ ചികിത്സയെന്ന ഉത്തരവാദിത്വത്തോട് സത്യസന്ധരല്ലാത്ത ഡോക്ടര്‍മാരേയും സ്വകാര്യ ആശുപത്രിയേയും വിശ്വസിക്കുകയും ചെയ്തുപോയി അവര്‍. അതിനു പകരം കൊടുക്കേണ്ടിവന്നത് സ്വന്തം ജീവന്‍തന്നെയാണ്.  ശസ്ത്രക്രിയയിലെ വീഴ്ചകള്‍ അനന്യയുടെ തുടര്‍ജീവിതം ദുരിതപൂര്‍ണ്ണമാക്കി. ആദ്യത്തേത് ശരിയാകാതെ രണ്ടാമതും ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതും ശരിയായില്ല; നില്‍ക്കാനും ഇരിക്കാനും മാത്രമല്ല, ആഞ്ഞൊന്നു ചുമയ്ക്കാന്‍ പോലും വയ്യാത്ത നിലയിലായി. 

അത്രമേല്‍ ദുരിതം താങ്ങാനാകാതെയാണ് ഇരുപത്തിയെട്ടാം വയസ്സില്‍ അവര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 20-നു ജീവിതം അവസാനിപ്പിച്ചത്. മൂന്നു ദിവസം കഴിഞ്ഞു ജീവിതപങ്കാളി ജിജുവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷം ഒന്നാകാറായിട്ടും അവരോട് അനീതി ചെയ്തവരിലേക്ക് എത്താനോ കുറ്റക്കാരെ കണ്ടെത്തി കേസെടുക്കാന്‍ പോലുമോ പൊലീസിനു കഴിഞ്ഞിട്ടില്ല. ട്രാന്‍സ് വ്യക്തികള്‍ കേരളത്തില്‍പ്പോലും നേരിടേണ്ടി വരുന്ന തുടര്‍ അനീതികളുടെ ഇരകളില്‍ ഒടുവിലത്തേതാണ് ഈ യുവതി. പക്ഷേ, ഏറ്റവും ഒടുവിലത്തേതാകണമെങ്കില്‍ സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും വിട്ടുവീഴ്ച ഇല്ലാത്ത ഇടപെടലുകള്‍ വേണം. അത്തരം ഇടപെടലുകളുടെ തുടക്കമാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് ഫോര്‍ അനന്യ ആക്ഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. 

വസ്തുതതേടി അന്വേഷണം

''നമ്മളെയെല്ലാം വേദനയിലാഴ്ത്തിക്കൊണ്ട് അകാലത്തില്‍ വിടപറഞ്ഞ പ്രിയ സുഹൃത്തും കേരളത്തിലെ ക്വിയര്‍ പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്ന അനന്യകുമാരി അലക്സിന്റെ മരണം നടന്നിട്ട് ഒമ്പതുമാസങ്ങള്‍ പിന്നിടുകയാണ്. കേരളത്തില്‍ നടക്കുന്ന അശാസ്ത്രീയമായ ലിംഗമാറ്റ ശസ്ത്രക്രിയാ രീതികളോടും പ്രസ്തുത വിഷയത്തില്‍ തനിക്കു നേരിട്ട ഗുരുതരമായ ചികിത്സാ അലംഭാവത്തിനെതിരേയും അനീതിക്കെതിരേയും ശക്തമായ ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തിയിരിക്കെയാണ് അനന്യ മരണപ്പെട്ടത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് അനന്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ക്വിയര്‍ ആക്റ്റിവിസ്റ്റുകളും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ആര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. അത്തരമൊരു അവസ്ഥയിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട സത്യാവസ്ഥകള്‍ മനസ്സിലാക്കുന്നതിനായി നമ്മള്‍ ജസ്റ്റിസ് ഫോര്‍ അനന്യ സംസ്ഥാന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. തുടര്‍ന്ന് ഈ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി വിദഗ്ദ്ധരായവരെ ഉള്‍പ്പെടുത്തി ഒരു വസ്തുതാന്വേഷണ സംഘവും നമ്മള്‍ രൂപീകരിച്ചു.'' മെയ് 24-ന് ആലുവയില്‍ വച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെക്കുറിച്ച് അനന്യ ആക്ഷന്‍ കൗണ്‍സില്‍ ക്വിയര്‍ ഗ്രൂപ്പുകളില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിന്റെ ആമുഖമാണ് ഇത്. അനന്യയുടെ ദുരന്തത്തിനു പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചതിന്റെ പശ്ചാത്തലം ഇതിലുണ്ട്.

അനന്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്ന ലൈംഗിക ന്യൂനപക്ഷ സമൂഹാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നും പൊലീസില്‍നിന്നും മാധ്യമങ്ങളില്‍നിന്നും ഉള്‍പ്പെടെ മൊഴികളും തെളിവുകളും ശേഖരിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അനീതികളും ചികിത്സാ അലംഭാവങ്ങളും അനുഭവസ്ഥരില്‍ നിന്നും നേരിട്ടു മനസ്സിലാക്കി. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഇതുവരെ തീര്‍ന്നിട്ടില്ല. ഇനിയും തെളിവുകള്‍ പരിശോധിക്കാനുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍  അറിയിച്ചത്. അനന്യയുടെ ചികിത്സാ രേഖകള്‍ അച്ഛന്‍ അലക്സാണ്ടര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതരും പൊലീസും നല്‍കിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. ഈ വിഷയത്തില്‍ വളരെ സുപ്രധാനമായ തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന രേഖകളാണ് അവ. അന്വേഷണം നടക്കുന്ന കേസ് ആയതുകൊണ്ട് രേഖകള്‍ പൊലീസില്‍നിന്നു വാങ്ങണം എന്ന് ആശുപത്രി അധികൃതര്‍, അന്വേഷണം നടക്കുന്നതുകൊണ്ട് രേഖകള്‍ തരാന്‍ കഴിയില്ലെന്ന് പൊലീസിന്റെ സ്വാഭാവിക മറുപടി. പക്ഷേ, ജീവിച്ചിരിക്കെ, തന്റെ ശസ്ത്രക്രിയയും ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിക്കു പിഴവുകള്‍ സംഭവിച്ചു എന്ന ശക്തമായ സംശയത്തില്‍ അനന്യ തന്നെ ആവശ്യപ്പെട്ടിട്ടും ആശുപത്രി ചികിത്സാരേഖകള്‍ നല്‍കിയിരുന്നില്ല. അന്ന് കേസും അന്വേഷണവും അതുമായി ബന്ധപ്പെട്ട തടസ്സങ്ങളുമില്ലായിരുന്നല്ലോ. അനന്യയുടെ കയ്യിലുണ്ടായിരുന്ന ചില ചികിത്സാരേഖകള്‍, ബില്ലുകള്‍, അടുത്ത സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള വിവരങ്ങള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, അനന്യയുടെ നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് വസ്തുതാന്വേഷണം വിശകലനം ചെയ്തത്. പരിയാരം മെഡിക്കല്‍ കോളേജിലെ സാമൂഹികാരോഗ്യ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. എ.കെ. ജയശ്രീ, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രേഷ്മ ഭരദ്വാജ്, സൈക്കോളജിസ്റ്റും ക്വിയര്‍ അഫര്‍മേറ്റീവ് കൗണ്‍സലിംഗ് പ്രാക്ടീഷണറുമായ ആകാശ് മോഹന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഗായത്രി സീതാ നാരായണന്‍, ക്വിയര്‍ ആക്റ്റിവിസ്റ്റുകളായ ഫൈസല്‍ ഫസു, ആകാശ് രാജപ്പന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.സി. സന്തോഷ് കുമാര്‍, ചികിത്സാനീതി എന്ന സന്നദ്ധസംഘടനയുടെ സെക്രട്ടറി ഡോ. പ്രിന്‍സ് കെ.ജെ. എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
 
അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുള്ളില്‍ നിലനില്‍ക്കുന്ന ഭീതിയും സംശയങ്ങളും ദൂരീകരിക്കാന്‍ സര്‍ക്കാരിനും പൊലീസിനും സാധിച്ചില്ല എന്ന വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. അതാകട്ടെ, വസ്തുതാന്വേഷണവുമായി സഹകരിച്ച എല്ലാവരും ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയ കാര്യമാണ് എന്നും വ്യക്തമാക്കുന്നു. ''തങ്ങള്‍ ജീവിക്കുന്ന സമൂഹത്തോട്, ചുറ്റുമുള്ള ഒരുപാട് ആളുകളോട്, സ്ഥാപനങ്ങളോട് നിരന്തരം സമരം ചെയ്താണ് ഓരോ ട്രാന്‍സ് വ്യക്തിയേയും പോലെ അനന്യയും ജീവിച്ചത് എന്ന് ഈ മൊഴികള്‍ വ്യക്തമാക്കുന്നു. നിരന്തരം നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ട്രാന്‍സ് ജീവിതങ്ങള്‍ക്കു കേരളീയ സമൂഹം വില കല്പിക്കുന്നില്ല എന്ന തോന്നല്‍ ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്'' - റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അവരുടെ ആശങ്കയില്‍ കഴമ്പുണ്ട്. സ്വന്തം ജീവന്‍ വിലമതിക്കപ്പെടുന്നില്ല എന്ന സ്ഥിതി ആരെയും സംഘര്‍ഷത്തിലാക്കും എന്ന റിപ്പോര്‍ട്ടിലെ നിരീക്ഷണത്തിലും. അന്ന ഐറിന്‍, ധ്യാന്‍ വി.ആര്‍., ദയ ഗായത്രി, ഫൈസല്‍ ഫസു, നാദിറ മെഹ്‌റിന്‍, നവാസ്, നിഖില്‍ സേവ്യര്‍, രാഗരഞ്ജിനി, രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം, ഷെറിന്‍, ശ്രുതി സിതാര, താര പ്രസാദ് എന്നിവരും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റു രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമാണ് മൊഴി നല്‍കിയത്. സി.ബി.ഒ  (കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍) പ്രതിനിധികള്‍, സജീവമായി ഇടപെടുന്ന എല്‍.ജി.ബി.ടി.ക്യു.ഐ പ്ലസ് (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വിയര്‍, ഇന്റര്‍സെക്സ് തുടങ്ങിയവര്‍) സമുദായ അംഗങ്ങള്‍, അനന്യയുമായി അടുപ്പമുണ്ടായിരുന്നവര്‍ എന്നിവരെയെല്ലാം ക്ഷണിച്ച്, ഓണ്‍ലൈന്‍ കൂടിക്കാഴ്ചകള്‍ നടത്തി. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് (2021 ജൂലൈ 15-ന്) 'ദി ക്യൂ' എന്ന നവമാധ്യമ വാര്‍ത്താചാനല്‍ അനന്യയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതും അന്വേഷണത്തിനു സഹായകമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വേങ്ങര നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ അനന്യ പിന്നീട് പിന്മാറിയിരുന്നു. റേഡിയോ ജോക്കിയും വാര്‍ത്താ അവതാരകയുമായ ട്രാന്‍സ് യുവതി കേരള നിയമസഭയിലേക്ക് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ആയത് ഏറെ വാര്‍ത്താപ്രാധാന്യവും നേടി. ''തെരഞ്ഞെടുപ്പില്‍നിന്നു പിന്‍വാങ്ങി പൊതുപ്രസ്താവന നടത്തി നാലു മാസത്തിനുള്ളിലാണ് അനന്യയും പിന്നാലെ പങ്കാളി ജിജുവും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. ജിജുവിനെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയിലാണ് അനന്യ പരിചയപ്പെട്ടത് എന്നതും പ്രസക്തമാണ്. കൂടാതെ ആശുപത്രിക്കെതിരേയും അനന്യ മാധ്യമങ്ങള്‍ വഴി സംസാരിച്ചിരുന്നു. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ അനന്യയുടെ മരണാന്വേഷണത്തില്‍ പരിഗണിക്കേണ്ടതുണ്ട്'' - വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അനന്യയുടെ മരണത്തിലും അന്വേഷണ നടപടികളിലെ ഗുരുതര വീഴ്ചകളാണ് മരണസമയത്തു വന്നെത്തിയവര്‍ തങ്ങളുടെ അഭിമുഖങ്ങളില്‍  വിവരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്. അനന്യയുടെ മരണത്തിലെ അന്വേഷണത്തില്‍ പൊലീസിനു സംഭവിച്ച പാകപ്പിഴകള്‍ പരിഹരിച്ച് പുനരന്വേഷണം നടത്തുക, കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയയ്ക്കു പ്രത്യേക ലൈസന്‍സോ സര്‍ട്ടിഫിക്കേറ്റോ ഏര്‍പ്പെടുത്തുക തുടങ്ങി അതിപ്രധാനമാണ് കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും. 

വേദനയുടെ മുറിവുണങ്ങാതെ

2019 മെയ് രണ്ടിനാണ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രിയിലെ  എന്‍ഡോക്രൈ നോളജിസ്റ്റിനേയും സൈക്യാട്രിസ്റ്റിനേയും അനന്യ കാണുന്നത്. 2020 ഫെബ്രുവരി 26-ന് അതേ ആശുപത്രിയിലെ സര്‍ജനെ കണ്ടു സംസാരിച്ചു. മെയ് 17-ന് അനന്യയുമായി അടുപ്പമുള്ള മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ (ജെന്‍ഡര്‍ അഫര്‍മേഷന്‍ സര്‍ജറി- ജി.എ.എസ്) അവിടെ നടന്നിരുന്നു. അവരെ സന്ദര്‍ശിക്കാന്‍ പോയപ്പോഴും ഡോക്ടര്‍മാരുമായി സംസാരിച്ചു. പിന്നീടു കാര്യങ്ങള്‍ വേഗത്തിലാണു നീങ്ങിയത്. ജൂണ്‍ ഒന്നിനു തന്നെ സെറം ടെസ്റ്റ് നടത്തി, 12-ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും ജി.എ.എസ് നടത്താനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കുകയും ചെയ്തു. 14-നു ശസ്ത്രക്രിയ. 20-ന് ആശുപത്രി വിട്ട അനന്യയെ ശസ്ത്രക്രിയ മൂലമുണ്ടായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പിറ്റേന്നുതന്നെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28-നു വീണ്ടും ശസ്ത്രക്രിയ. ആദ്യ ശസ്ത്രക്രിയയില്‍ കുടലിന്റെ ഒരു ഭാഗം മുറിച്ചെടുത്തിരുന്നു. ഇതു കൂട്ടിയോജിപ്പിച്ചപ്പോള്‍ ഉണ്ടായ അപാകതകളും അസ്വസ്ഥതകളുമാണ് രണ്ടാഴ്ചയ്ക്കിടയില്‍ രണ്ടാമത്തേയും ശസ്ത്രക്രിയയ്ക്ക് കാരണമായത്. ജൂലൈ ഏഴിന് ആശുപത്രി വിട്ടെങ്കിലും ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. സെപ്റ്റംബര്‍ 25-നു വീണ്ടും ആശുപത്രിയില്‍. 28 മുതല്‍ ഒക്ടോബര്‍ 2 വരെ വീണ്ടും ആശുപത്രി വാസം. പക്ഷേ, പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. 2021 ജനുവരി 11-നു വീണ്ടും അഡ്മിറ്റായി. ശസ്ത്രക്രിയയ്ക്കു ശേഷം നാലാമത്തെ ആശുപത്രി പ്രവേശം. ഈ മാസങ്ങളത്രയും അധികനേരം നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു അനന്യ. ഒരു യോഗത്തിനിടയ്ക്ക് വേദന സഹിക്കാനാകാതെ വീട്ടില്‍ തിരിച്ചെത്തിയ പിന്നാലെ കുളിമുറിയില്‍ കുഴഞ്ഞുവീണു. അങ്ങനെയാണ് നാലാം വട്ടം ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ, ചികിത്സാ ബില്ലുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനില്‍നിന്ന് മര്‍ദ്ദനമേറ്റു. 

ഡല്‍ഹിയില്‍ പോയി വീണ്ടും ജി.എ.എസ് നടത്താനും വേദന ഇല്ലാതെയൊന്നു ജീവിക്കാനും അനന്യ ആഗ്രഹിച്ചിരുന്നു എന്നാണ് അടുപ്പമുണ്ടായിരുന്നവരുടെ മൊഴി. കൊച്ചിയിലെ ശസ്ത്രക്രിയ പരാജയമായിരുന്നു എന്നും ചികിത്സാസംബന്ധമായ അശ്രദ്ധ ഉണ്ടായി എന്നുമാണ് യു ട്യൂബ് ചാനല്‍ അഭിമുഖത്തില്‍ അനന്യ സംശയരഹിതമായി പറഞ്ഞത്. ഈ വിമര്‍ശനവും ആശുപത്രി രേഖകള്‍ മറച്ചുവയ്ക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് ആക്ഷന്‍ കൗണ്‍സിലും സംശയിക്കുന്നത് സ്വാഭാവികം. 2021 ജൂലൈ 5-ന് അഭിമുഖം നല്‍കിയ അനന്യയെ 20-നാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിറ്റേന്നുതന്നെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ സമരമുണ്ടായി. മാസം ഒമ്പതു കഴിഞ്ഞു; പ്രതിഷേധങ്ങളും ആകുലതകളും ബാക്കി. അനന്യയ്ക്കു മരണാനന്തരവും നീതി കിട്ടുന്ന സൂചനകളൊന്നുമില്ല. ചികിത്സാപിഴവ് പറ്റിയിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. ''ശസ്ത്രക്രിയയ്ക്ക് ആറുമാസത്തിനു ശേഷം പ്രതീക്ഷിച്ച ലൈംഗിക അവയവം ലഭിച്ചില്ല എന്ന പരാതിയാണ് അനന്യ ഉന്നയിച്ചത്. അവര്‍ക്ക് തുടര്‍ ചികിത്സയും നിയമ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സാരേഖകളും നല്‍കാമെന്ന് അറിയിച്ചിരുന്നു.'' ആശുപത്രി അധികൃതരുടെ വിശദീകരണം. 

ചൂഷണത്തിന്റെ ഇരകള്‍

ജെന്‍ഡര്‍ അഫര്‍മേഷന്‍ സര്‍ജറിയുമായി ബന്ധപ്പെട്ടു നടക്കുന്നത് നീതീകരിക്കാനാകാത്ത ചൂഷണങ്ങളാണെന്നു വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ''ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം ജി.എ.എസ് അവരുടെ തനിമയുടേയും ആത്മബോധത്തിന്റേയും ഭിന്നമല്ലാത്ത ഘടകമാണ്. വളരെ ആഗ്രഹത്തോടെയാണ് പലരും ശസ്ത്രക്രിയയെ സമീപിക്കുന്നത്'' - റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്ര്യത്തിനും തീരെ സുരക്ഷിതമല്ലാത്ത ജീവിത പരിസരങ്ങള്‍ക്കും തൊഴില്‍ സാഹചര്യങ്ങള്‍ക്കും ഇടയിലാണ് പലരും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശസ്ത്രക്രിയയ്ക്കു സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അതുകൊണ്ട് അസാധ്യമെന്നു കരുതിയിരുന്ന ശസ്ത്രക്രിയ സാധ്യമാകുന്നു. പക്ഷേ, മനുഷ്യത്വപൂര്‍ണ്ണമായി ഇതിനെ സമീപിക്കാനും ശസ്ത്രക്രിയാ ടേബിളിലെ ട്രാന്‍സ് വ്യക്തിയെ മനുഷ്യനായി കണ്ട് സുരക്ഷിതത്വം ഉറപ്പാക്കാനും കൂടി പരിശീലനം നല്‍കേണ്ട സാഹചര്യമാണുള്ളത്. ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും മാത്രമല്ല, സ്ത്രീപക്ഷ നവകേരള പ്രതീക്ഷകള്‍ക്കും കൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ തിരിച്ചടിയാകുന്നത്. 

''എല്ലാ തലങ്ങളിലും ട്രാന്‍സ് വ്യക്തികള്‍ നീതിനിഷേധം നേരിടുന്നു. അവരുടെ കുടുംബങ്ങളിലും വീടുകളിലും സ്‌കൂളില്‍, തൊഴിലിടങ്ങളില്‍, ചന്തയില്‍, കടകളില്‍, ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌കില്‍, പൊലീസ് ഓഫീസര്‍മാരില്‍നിന്ന്, ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന്, മറ്റു സേവന ദാതാക്കളില്‍നിന്ന്'', 2015 സെപ്റ്റംബര്‍ 22-നു പ്രഖ്യാപിച്ച സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ നയത്തിലെ ആമുഖത്തിലേതാണ് ഈ നിരീക്ഷണം. അതു പരിഹരിക്കാനാണ് നയം രൂപീകരിച്ചത്. ''വികസന അവസരങ്ങളിലും വിഭവങ്ങളിലും ആനുകൂല്യങ്ങളിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും തുല്യ അവകാശങ്ങളുള്ള സമൂഹം'' എന്നാണ് നയത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാമതായി പറയുന്നത്. അന്തസ്സായി ജീവിക്കാനും എല്ലാത്തരം അതിക്രമങ്ങളില്‍നിന്നു സ്വതന്ത്രമായി ജീവിതം ആസ്വദിക്കാനുമുള്ള അവകാശത്തെക്കുറിച്ചും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ നയത്തിലെ ആ വാഗ്ദാനങ്ങള്‍ക്ക് ഏല്‍ക്കുന്ന പ്രഹരമാണ് അനന്യയുടെ മരണം.

ഈ റിപ്പോർട്ട് കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com