പോഷകാഹാരക്കുറവിന് ഇതോ പ്രതിവിധി?

ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് കൃത്രിമമായി വിറ്റാമിനും ധാതുക്കളും അരിയില്‍ ചേര്‍ത്തുകൊടുക്കുന്നത്
പോഷകാഹാരക്കുറവിന് ഇതോ പ്രതിവിധി?

പോഷകാംശങ്ങള്‍ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ആദ്യവാരമായിരുന്നു. ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് കൃത്രിമമായി വിറ്റാമിനും ധാതുക്കളും അരിയില്‍ ചേര്‍ത്തുകൊടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേരളത്തില്‍ വിതരണത്തിനായി തെരഞ്ഞെടുത്തത് വയനാട് ജില്ലയാണ്. വയനാട് ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഇനി സമ്പുഷ്ടീകരിച്ച അരിയാണ് ജനങ്ങള്‍ക്ക് ലഭിക്കുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മൊത്തം പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്നത് ഇത്തരം അരി ആക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, വ്യത്യസ്തമായ ആരോഗ്യാവസ്ഥയും ജീവിത സമ്പ്രായങ്ങളുമുള്ള രാജ്യത്ത് പോഷകാഹാരത്തിനുള്ള ഒറ്റമൂലിയായി ഈ രീതിയെ ആശ്രയിക്കുന്നതില്‍ പോരായ്മയുണ്ട്. ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിനു ശാസ്ത്രീയമായ മാര്‍ഗ്ഗമാണ് സമ്പുഷ്ടീകരണം എന്ന് ചൂണ്ടിക്കാട്ടുന്ന ഫലപ്രദമായ പഠനങ്ങളൊന്നുമില്ല. കൂടാതെ പൊതുവിതരണ സമ്പ്രദായത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആദിവാസികളടക്കമുള്ള ജനവിഭാഗത്തിന്റെ ആരോഗ്യാവസ്ഥയെ പരിഗണിക്കാതെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതും. സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത വയനാട് തെരഞ്ഞെടുക്കപ്പെട്ടിട്ടും വലിയ പ്രചാരത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചതല്ലാതെ സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടത്തുകയോ ചര്‍ച്ച ചെയ്യുകയോ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയോ ചെയ്തില്ല.

സമ്പുഷ്ടീകരണം

2021-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 2024 ഓടെ ഇന്ത്യയിലെ എല്ലാ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയും ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 2019-ല്‍ തന്നെ പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ഇത് പരീക്ഷിച്ചുതുടങ്ങിയിരുന്നു. 2019 മുതല്‍ മൂന്നുവര്‍ഷത്തേക്ക് 175 കോടിയുടേതായിരുന്നു പൈലറ്റ് പ്രൊജക്ട്. ഇതിനായി 15 സംസ്ഥാനങ്ങളിലെ 15 ജില്ലകളേയും തെരഞ്ഞെടുത്തു. 2022 ഏപ്രിലോടെ 257 ജില്ലകളില്‍ അരി വിതരണം വ്യാപിപ്പിച്ചു. ഒരു കോടിയിലധികമായിരുന്നു ഗുണഭോക്താക്കള്‍. ഇതിനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും വിവിധ സംസ്ഥാന ഏജന്‍സികളും പ്രത്യേക മില്ലുകളില്‍നിന്നും സമ്പുഷ്ടീകരിച്ച അരി വലിയ അളവില്‍ ശേഖരിച്ചുവെച്ചു.

വലിയ വിഭാഗം ആളുകളില്‍ വിറ്റാമിനും മിനറല്‍സും എത്തിക്കാന്‍ താരതമ്യേന ഫലപ്രദമായ മാര്‍ഗ്ഗമായാണ് ഭക്ഷ്യവസ്തുക്കള്‍ സമ്പുഷ്ടീകരിക്കുന്നതിനെ സര്‍ക്കാരുകള്‍ കാണുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ സമ്പുഷ്ടീകരണം നടത്തുക എന്നതാണ് എളുപ്പമുള്ള മാര്‍ഗ്ഗം. ഇന്ത്യയിലെ 65 ശതമാനം ആളുകളും അരി പ്രധാന ഭക്ഷണമായി കഴിക്കുന്നവരാണ്. മാസം 6.8 കിലോഗ്രാമാണ് ഇന്ത്യയിലെ പ്രതിശീര്‍ഷ അരി ഉപയോഗം. അരി ഉല്പാദനത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. ആഗോളതലത്തിലെ അരി ഉല്പാദനത്തിന്റെ 22 ശതമാനവും ഇന്ത്യയിലാണ്. ഇക്കാരണത്താലാണ് അരി സമ്പുഷ്ടീകരിച്ച് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ആളുകളിലെത്തിക്കുന്നത് ഫലപ്രദമാണെന്ന് വിലയിരുത്തുന്നത്. അയേണ്‍, ഫോളിക് ആസിഡ്, ബി കോംപ്ലക്സ് വിറ്റാമിന്‍സ്, വിറ്റാമിന്‍ എ, സിങ്ക് എന്നിവയാണ് സമ്പുഷ്ടീകരിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മിനറല്‍സും വിറ്റാമിന്‍സും അരിയില്‍ മിക്സ് ചെയ്യുന്ന രീതിയും കൃത്രിമ വിറ്റാമിനുകള്‍ അരിയുടെ രൂപത്തിലാക്കി സാധാരണ അരിയില്‍ ചേര്‍ത്തുകൊടുക്കുന്ന രീതിയുമാണ് ഉള്ളത്. ഒരു കിലോ അരിയില്‍ 10 ഗ്രാം എന്ന രീതിയിലാണ് ചേര്‍ക്കുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നയപ്രകാരം ഒരു കിലോ അരിയില്‍ 28 മുതല്‍ 42.5 മൈക്രോ ഗ്രാം വരെ അയേണ്‍ ഉള്‍പ്പെടുത്തണം. 75-125 മൈക്രോ ഗ്രാം ഫോളിക് ആസിഡ്, 0.75-1.25 മൈക്രോ ഗ്രാം വിറ്റാമിന്‍ ബി-12, 10-15 സിങ്ക്, 500-750 വിറ്റാമിന്‍ എ, 1-1.5 വിറ്റാമിന്‍ ബി-1, 1.25- 1.75 വിറ്റാമിന്‍ ബി-2, 12.5-20 വിറ്റാമിന്‍ ബി-3, 1.5-2.5 വിറ്റാമിന്‍ ബി-6 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ കണക്ക്.

അനീമിയ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയുടെ 2021 സെപ്തംബറിലെ കണക്ക് പ്രകാരം ഇന്ത്യയിലെ 15 മുതല്‍ 49 വയസ്സുവരെയുള്ള സ്ത്രീകളില്‍ 57 ശതമാനവും വിളര്‍ച്ചയുള്ളവരാണ്. ഗര്‍ഭിണികളില്‍ 52.2 ശതമാനവും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 59.1 ശതമാനവും അനീമിക് ആണ്. ആറുവയസ്സുവരെയുള്ള കുട്ടികളില്‍ 67.1 ശതമാവും കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 31.1 ശതമാനവും 15 മുതല്‍ 49 വരെയുള്ള പുരുഷന്മാരില്‍ 25 ശതമാനവും അനീമിയ ഉള്ളവരാണ്. ഇത് പരിഹരിക്കാന്‍ പല ഘട്ടങ്ങളില്‍ പ്രത്യേക പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് വിവിധ അളവുകളില്‍ അയേണ്‍ എത്തിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടന്നിരുന്നു. എന്നാല്‍, ആരോഗ്യാവസ്ഥയോ ജൈവികമായ പ്രത്യേകതകളോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേ അളവിലുള്ള ഒറ്റമൂലി എന്ന നിലയിലാണ് നിലവിലെ അരി സമ്പുഷ്ടീകരണം പ്രയോഗത്തില്‍ വരുന്നത്.

ആരോഗ്യപ്രശ്നങ്ങള്‍

അയേണ്‍ ഫോര്‍ട്ടിഫൈഡ് അരി ഫലപ്രദമാണെന്നു ചില സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍, അനീമിയ പ്രതിരോധിക്കുന്നതില്‍ ഈ മാര്‍ഗ്ഗം ഫലപ്രദമല്ലെന്നു തെളിയിക്കുന്ന പഠനങ്ങളും ലഭ്യമാണ്. ഇതിനേക്കാള്‍ ഗുരുതരമാണ് പലതരം ആരോഗ്യാവസ്ഥയിലുള്ളവര്‍ ഇത്തരം അരി കഴിക്കരുത് എന്നത്. സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം), തലാസീമിയ എന്നീ രോഗങ്ങളുള്ളവര്‍ ഇത്തരം അരി കഴിക്കാന്‍ പാടില്ല. അയേണിന്റെ അളവിലുണ്ടാവുന്ന വ്യതിയാനം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇവരില്‍ ചുവന്ന രക്തകോശങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും. മലേറിയ, ടി.ബി എന്നിവ ഉള്ളവര്‍ക്കും ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇന്ത്യയില്‍ ഇത്തരം രോഗികള്‍ പല മേഖലകളിലും ഉണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. കേരളത്തില്‍ വയനാട്ടിലാണ് സിക്കിള്‍സെല്‍ അനീമിയ കൂടുതലുള്ളത്. അതേ ജില്ലയെ തന്നെയാണ് സംസ്ഥാനത്തെ പൈലറ്റ് പ്രൊജക്ട് നടപ്പാക്കാന്‍ തെരഞ്ഞെടുത്തതും. കഴിക്കരുത് എന്ന മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും രോഗനിര്‍ണ്ണയം നടത്തിയവര്‍ തന്നെ ചെറിയ ശതമാനമാണ് എന്നതുകൂടി പരിഗണിക്കപ്പെടണം. കൃത്യമായ പരിശോധനയും രോഗനിര്‍ണ്ണയവും തുടര്‍ചികിത്സയും സിക്കിള്‍സെല്‍ അനീമിയ, തലാസീമിയ രോഗികളില്‍ ഉണ്ടാവാറില്ല. സര്‍ക്കാര്‍ സംവിധാനങ്ങളിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. പൊതുവിതരണ സമ്പ്രദായത്തെയാണ് ഭക്ഷ്യധാന്യങ്ങള്‍ക്കായി ഈ വിഭാഗത്തിലുള്ളവര്‍ കൂടുതലും ആശ്രയിക്കുന്നതും. ഇത്തരം രോഗികള്‍ ഫോര്‍ട്ടിഫൈഡ് അരി കഴിക്കരുത് എന്ന് പാക്കറ്റിനു മുകളില്‍ മുന്നറിയിപ്പുണ്ട്. കൃത്യമായ രോഗനിര്‍ണ്ണയം നടക്കാത്ത സ്ഥിതിക്ക് ഇതിന്റെ പ്രായോഗികത കുറവായിരിക്കും. അരി തൂക്കിനല്‍കുന്നതിനാല്‍ ചാക്കിനു പുറത്തുള്ള മുന്നറിയിപ്പുകള്‍ ഗുണഭോക്താക്കളില്‍ എത്താനും സാധ്യത കുറവാണ്. റേഷന്‍ വിതരണക്കാര്‍ക്ക് പ്രദേശത്തെ ആളുകളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ധാരണയുണ്ടാകാനുമിടയില്ല. 

അരിവിതരണത്തിനു മുന്‍പ് ഗുണഭോക്താക്കളുമായി സംസാരിക്കുകയോ വിശദീകരിക്കുകയോ റേഷന്‍ കടയുടമകളുമായി ചര്‍ച്ചകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റുമായി പോലും ആരോഗ്യമന്ത്രാലയം ഇക്കാര്യങ്ങള്‍ എവിടെയും ചര്‍ച്ച ചെയ്തിട്ടില്ല. 2011-ലെ സെന്‍സസ് പ്രകാരം 10.42 കോടിയാണ് ഇന്ത്യയില്‍ പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം. കേരളത്തില്‍ 4.85 ലക്ഷമാണ് പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം. ഇതില്‍ 1.5 ലക്ഷം വയനാട്ടിലാണ്. സിക്കിള്‍സെല്‍ അനീമിയ, തലാസീമിയ തുടങ്ങിയ രോഗമുള്ളവരുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമല്ല. ചെറിയ ശതമാനം മാത്രമാണ് രോഗനിര്‍ണ്ണയം നടക്കുന്നത്. വയനാട്ടില്‍ മാത്രം രോഗം കണ്ടെത്തിയ ആയിരത്തിലധികം പേരുണ്ട്. ഇന്ത്യയില്‍ 8000 മുതല്‍ 10000 വരെ കുട്ടികള്‍ ഒരു വര്‍ഷം തലാസീമിയ എന്ന ജനിതക രോഗവുമായി ജനിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇത്തരം രോഗികള്‍ സമ്പുഷ്ടീകരിച്ച അരി കഴിക്കുമ്പോള്‍ ശരീരത്തില്‍ അയേണിന്റെ അളവില്‍ വ്യതിയാനം വരുകയും ഇത് കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുകയും ചെയ്യും. ചില സ്വകാര്യസംഘടനകള്‍ പല കാലങ്ങളിലായി സ്‌കൂളുകളിലും ഗ്രാമങ്ങളിലും നടത്തിയ പഠനത്തെയാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയവും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും പദ്ധതി ഫലപ്രദമാണ് എന്ന് ചൂണ്ടിക്കാട്ടാന്‍ ഉപയോഗിക്കുന്നത്.

ആദിവാസി മേഖലകളിലെ പഠനം

പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ വിതരണം ചെയ്ത സമ്പുഷ്ടീകരിച്ച അരി കഴിച്ച് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റൈറ്റ് ടു ഫുഡ് ക്യാംപെയ്ന്‍, അലെയ്ന്‍സ് ഫോര്‍ സസ്റ്റയിനബിള്‍ ആന്റ് ഹോളിസ്റ്റിക് അഗ്രിക്കള്‍ച്ചര്‍ (ആശ-കിസാന്‍ സ്വരാജ്) എന്നിവ ചേര്‍ന്ന് 2022 മെയില്‍ പഠനം നടത്തി. ഈ മേഖലകളിലുണ്ടായ ആരോഗ്യപ്രശ്നങ്ങളും സാമൂഹ്യ സാമ്പത്തിക അവസ്ഥയും പദ്ധതി നടത്തിപ്പിലെ പോരായ്മയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. പഠനറിപ്പോര്‍ട്ടും ആശങ്കകളും സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു. ഗ്രീന്‍പീസ് ഇന്ത്യയും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജാര്‍ഖണ്ഡില്‍ മാത്രമാണ് വിശദമായ പഠനം നടന്നതെങ്കിലും ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസ്സം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് പലതരത്തിലുള്ള പരാതികളും പ്രതിഷേധങ്ങളും ആരോഗ്യപ്രശ്നങ്ങളും അധികൃതരുടെ വിശദീകരണങ്ങളും വന്നുകൊണ്ടിരുന്നു.

ഇതേ സമയത്താണ് കേരളസര്‍ക്കാര്‍ വയനാട്ടില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് വിതരണം തുടങ്ങിയത്. മറ്റിടങ്ങളില്‍ നടന്ന പഠനങ്ങളോ പ്രതിഷേധങ്ങളോ ആരോഗ്യപ്രശ്നങ്ങളോ പരിഗണിക്കാതെയായിരുന്നു കേരളത്തില്‍ ആഗസ്റ്റ് ആദ്യവാരം വിതരണം തുടങ്ങിയത്. വയനാട്ടിലും ജൈവകര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് രാഷ്ട്രീയ സംഘടനകളും പ്രതിഷേധം ഏറ്റെടുത്തു. ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ വെക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞെങ്കിലും വിതരണം നിര്‍ത്തിവെക്കണമെന്നത് അംഗീകരിക്കപ്പെട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിര്‍ത്തിവെക്കാന്‍ ബുദ്ധിമുട്ടാണെന്നും കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയമിക്കാം എന്നുമാണ് ഭക്ഷ്യമന്ത്രി അറിയിച്ചതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി നേതാവ് എന്‍. ബാദുഷ പറയുന്നു. ''രോഗികളെ കണ്ടെത്തി ഒഴിവാക്കും എന്നാണ് പറയുന്നത്. പക്ഷേ, അത് എങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇത്തരം രോഗികളുടെ കൃത്യമായ ഒരു രജിസ്റ്റര്‍ പോലും ഇതുവരെയില്ല. വയനാട്ടില്‍ തനത് നെല്ലിനങ്ങളും ഭക്ഷ്യസംസ്‌കാരവുമുണ്ട്. ഇലക്കറികളും മത്സ്യങ്ങളും കിഴങ്ങുകളുമുണ്ട്. കൃത്രിമമായി പോഷകങ്ങള്‍ നല്‍കുന്നതിനു പകരം ഭക്ഷ്യവൈവിധ്യത്തിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുകയാണ് വേണ്ടത്.'' എന്‍. ബാദുഷ പറയുന്നു.

കോര്‍പ്പറേറ്റ് കമ്പനികളുമായി ചേര്‍ന്നുള്ള പദ്ധതിയാണിതെന്ന ആരോപണവും ശക്തമാണ്. കോടിക്കണക്കിനു രൂപ പല മേഖലകളിലുമായി ഉപയോഗപ്പെടുത്തേണ്ട പദ്ധതിയാണ് ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍. ഫോര്‍ട്ടിഫിക്കേഷന് ആവശ്യമായ മൈക്രോന്യൂട്രിയന്റ്സ് ആഗോള തലത്തില്‍ തന്നെ വിതരണം ചെയ്യുന്നത് ഏതാനും മള്‍ട്ടിനാഷണല്‍ കമ്പനികളാണ്. ഇന്ത്യയും ഇത്തരം കൃത്രിമ വിറ്റാമിനുകള്‍ ഇറക്കുമതി ചെയ്യേണ്ടിവരും. ഇതിനു പുറമെ ചെറുകിട മില്ലുകളേയും ഉല്പാദകരേയും ഇത് ദോഷകരമായി ബാധിക്കും. കോര്‍പ്പറേറ്റ് കമ്പനികളിലേക്കു മാത്രമായി ഫോര്‍ട്ടിഫിക്കേഷന്‍ എത്തപ്പെടും എന്ന ആശങ്കയുമുണ്ട്. സാധാരണ മില്ലുകളില്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ക്കു പകരം വന്‍തുക ചെലവഴിച്ച് പുതിയതരം ഉപകരണങ്ങള്‍ ഫോര്‍ട്ടിഫിക്കേഷനായി ആവശ്യമുണ്ട്. 

പൈലറ്റ് പ്രൊജക്ട് നടത്തുന്നത് ഒരു പദ്ധതിയുടെ എല്ലാ വശങ്ങളുടേയും പ്രായോഗികത അറിയാനും ന്യൂനതകള്‍ പരിഹരിക്കാനുമാണ്. എന്നാല്‍, നടപ്പാക്കിയ ഇടങ്ങളില്‍ ഇത്തരത്തിലുള്ള ആരോഗ്യ സാമൂഹ്യവശങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. 

സ്വകാര്യ വ്യക്തികളും സംഘടനകളും നടത്തിയ പഠനങ്ങളാണ് പലയിടത്തും ഇക്കാര്യത്തില്‍ ചര്‍ച്ചയാവുന്നതുതന്നെ. ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാന്‍ പ്രാദേശികമായ വിളകളും ഭക്ഷ്യധാന്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളുമടക്കം വൈവിധ്യമാര്‍ന്ന ഭക്ഷണസംസ്‌കാരത്തെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഇന്ത്യന്‍ ജനതയുടെ ആരോഗ്യവും ദരിദ്രാവസ്ഥയും പലതരത്തില്‍ വ്യത്യസ്തമാണ്. പൊതുവിതരണ സമ്പ്രദായത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നവരുടെ ആരോഗ്യാവസ്ഥ പോലും അവഗണിച്ചുകൊണ്ടാണ് 'അരി സമ്പുഷ്ടീകരണം പദ്ധതി' മുന്നോട്ടു പോകുന്നത്. പ്രാദേശികവും ജൈവികവും വൈവിധ്യവുമായ സ്വാഭാവിക മാര്‍ഗ്ഗങ്ങളെ ഉപയോഗപ്പെടുത്താതെയാണ് പോഷകാഹാരക്കുറവിന് രാജ്യം മുഴുവന്‍ ഒറ്റപ്രതിവിധി നടത്തുന്നത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com