ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഈ തരത്തിലുള്ള നീക്കം നടക്കുന്നു; ആര് രക്ഷിക്കും കേരളാ വാട്ടര്‍ അഥോറിറ്റിയെ?  

ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്താതെയാണ് ഇപ്പോള്‍ 24x7 വാട്ടര്‍ സപ്ലൈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്
ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഈ തരത്തിലുള്ള നീക്കം നടക്കുന്നു; ആര് രക്ഷിക്കും കേരളാ വാട്ടര്‍ അഥോറിറ്റിയെ?  

കൊച്ചിയും കൊച്ചിയുടെ പരിസരപ്രദേശങ്ങളായ വൈപ്പിന്‍പോലുള്ള സ്ഥലങ്ങളും ജലസമൃദ്ധമാണ്. കായലും കടലും പുഴയും ചേര്‍ന്ന് ജീവന്റെ അമൃതം സുലഭമായി ജീവജാലങ്ങള്‍ക്കു കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ പ്രദേശം. പനിനീരു കണക്കെ കിഴക്ക് പര്‍വ്വതനിരകളില്‍നിന്നും ഉത്ഭവിച്ചു പല ശാഖകളായി വേമ്പനാട്ടു കായലില്‍ പതിക്കുന്നത് കൊച്ചി നഗരത്തിനു വടക്കുഭാഗത്തായിട്ടാണ്. കുറച്ചു തെക്കുമാറി മൂവാറ്റുപുഴയാറ് ഇരു കൈവഴികളായി പിരിഞ്ഞ് വേമ്പനാട്ടു കായലില്‍ തന്നെ പതിക്കുന്നു. കടമ്പ്രയാറും ചിത്രപ്പുഴയും ചമ്പക്കര കനാലും പുറമേ ഒട്ടനവധി തോടുകളുടെ ശൃംഖലയുമൊക്കെ കൊച്ചിയിലാണ്. 

എന്നാല്‍, മഴക്കാലത്തുപോലും ജലക്ഷാമം അനുഭവിക്കുന്ന പ്രദേശവും കൊച്ചിയും പ്രാന്തപ്രദേശങ്ങളും തന്നെ. പൊതുടാപ്പുകള്‍ക്കു താഴെ നിരന്നിരിക്കുന്ന പലനിറത്തിലുള്ള പ്ലാസ്റ്റിക് കുടങ്ങളുടെ ചിത്രങ്ങള്‍ നിരവധി തവണ വര്‍ത്തമാനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടും അവരുടെ ദുരിതം കാലങ്ങളായി പഴയപടി. ചാനലുകളില്‍ ജലദൗര്‍ലഭ്യം മൂലം ദുരിതമനുഭവിക്കുന്നവരുടെ കഥകള്‍ പലതവണ പറയപ്പെട്ടിട്ടും എല്ലാം പഴയപടി തന്നെ തുടരുന്നു. 

ആലുവയില്‍നിന്നും വിശാല കൊച്ചിയിലേക്കു കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ആഴ്ചകളോളം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. പൈപ്പ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കു ഒഴുകിയ വെള്ളത്തില്‍ റോഡുകള്‍ തകരുകയും പലയിടത്തും പുരയിടങ്ങളിലേക്കും കടകളിലേക്കും വെള്ളം കയറുകയും ചെയ്തു. ജലവിതരണം തടസ്സപ്പെടുകയും ജനം ദുരിതമനുഭവിക്കുകയും ചെയ്യുന്ന ഓരോ സന്ദര്‍ഭത്തിലും ജനവും മാദ്ധ്യമങ്ങളും ജലവിതരണ വകുപ്പിനെ നിശിതമായ വിചാരണയ്ക്ക് വിധേയമാക്കിപ്പോരുകയും ചെയ്യുന്നു. 

ഇത് കൊച്ചിയിലെ മാത്രം കഥയല്ല. 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന, 44 നദികളും 34 കായലുകളും തടാകങ്ങളും തോടുകളും കുളങ്ങളും ഉള്‍പ്പെടെ നിരവധി ജലാശയങ്ങള്‍ ഉള്ള കേരളത്തിലെ വേനല്‍ തുറിച്ചുനോക്കുന്നത് കടുത്ത കുടിവെള്ളക്ഷാമത്തേയും അതുകൊണ്ടുവരുന്ന കൊടും ദുരിതകാലത്തേയുമാണ്. 

ഈ പശ്ചാത്തലത്തില്‍ കേരള ജല അഥോറിറ്റിയെ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുന്നു എന്ന ആരോപണമുയര്‍ന്നാല്‍ എന്തായിരിക്കും ജനത്തിന്റെ പ്രതികരണം എന്നു ഊഹിക്കാവുന്നതേയുള്ളൂ. വിശേഷിച്ചും സര്‍ക്കാര്‍ വകുപ്പുകളുടെ കെടുകാര്യസ്ഥതയ്ക്ക് സ്വകാര്യവല്‍ക്കരണമാണ് ഒറ്റമൂലി എന്ന പ്രചാരണം ശക്തമായ ഈ ഉദാരവല്‍ക്കരണ യുഗത്തില്‍. മുന്‍കാലങ്ങളില്‍ ജലമേഖലയിലെ സ്വകാര്യവല്‍ക്കരണത്തേയും അതിനനുകൂലമായ പ്രചരണങ്ങളേയും ശക്തമായി എതിര്‍ക്കുകയും അതിനു പിറകിലെ ഉദ്ദേശ്യലക്ഷ്യങ്ങളെ തുറന്നുകാണിക്കുകയും ചെയ്തുപോന്നിട്ടുള്ള ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഈ തരത്തിലുള്ള നീക്കം നടക്കുമ്പോള്‍ ആരാണ് ഇനി കേരളാ വാട്ടര്‍ അഥോറിറ്റിയെ രക്ഷിക്കുക എന്ന ചോദ്യം ഉയരുകയാണ്. 

സംസ്ഥാന ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള വാട്ടര്‍ അഥോറിറ്റിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം കോര്‍പറേഷന്‍, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതും എല്ലാ സമയവും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി എ.ഡി.ബി സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനു പണം നല്‍കുന്ന എ.ഡി.ബി മുന്നോട്ടുവെച്ച ഉപാധിയാണ് കൊച്ചിയിലേയും തിരുവനന്തപുരത്തേയും കുടിവെള്ളരംഗത്തെ സ്വകാര്യവല്‍ക്കരണം. അതാകട്ടെ, ഈ രംഗത്തെ പരിപൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിനു നാന്ദി കുറിക്കലുമാണ്. 

സ്വകാര്യവല്‍ക്കരണത്തിനു കൊച്ചിയില്‍ തുടക്കം 

1984-ലാണ് കേരള വാട്ടര്‍ അഥോറിറ്റി രൂപീകൃതമാകുന്നത്. ഗവണ്മമെന്റില്‍നിന്നും പദ്ധതി ഇനത്തില്‍ ലഭിക്കുന്ന ഫണ്ടിനേയാണ് പ്രധാനമായും അഥോറിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഇങ്ങനെ ഗവണ്‍മെന്റില്‍നിന്നും ലഭിക്കുന്ന ഫണ്ടിനു പുറമേ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പ സ്വീകരിച്ചാണ് സംസ്ഥാനത്ത് ശുദ്ധജല വിതരണ പദ്ധതികള്‍ നടപ്പാക്കി പോരുന്നത്. എന്നാല്‍, ഇതില്‍നിന്നെല്ലാം വിഭിന്നമായി എ.ഡി.ബി വായ്പ സ്വീകരിച്ച് കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ നടപ്പിലാക്കുന്ന '24 x7 ADB Assisted Kerala Urban Water Service Improvement Project' (KUWSIP) പദ്ധതി പ്രകാരം ഈ മേഖലകളിലെ വാട്ടര്‍ അഥോറിറ്റിയുടെ സേവനങ്ങളെ മുഴുവനായും വന്‍കിട സ്വകാര്യ കുത്തകകള്‍ക്കു തീറെഴുതു എന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്. ഏറെ രഹസ്യ സ്വഭാവത്തിലാണ് ഇതു സംബന്ധിച്ച പ്രാരംഭ നടപടികളും പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജീവനക്കാരുടെ സംഘടനയായ കേരള വാട്ടര്‍ അഥോറിറ്റി സ്റ്റാഫ് അസ്സോസിയേഷനും വാട്ടര്‍ അഥോറിറ്റി എംപ്ലോയീസ് യൂണിയനും ആരോപിക്കുന്നു. തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഈ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ജീവനക്കാരുടെ ഭാവിയെന്താകുമെന്നോ സ്ഥാപനത്തിന്റെ നിലനില്‍പ്പ് എന്താകുമെന്നോ വരുമാനം ആര്‍ക്കെന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. 

മുന്‍കാലങ്ങളിലും വായ്പ സ്വീകരിച്ച് വാട്ടര്‍ അഥോറിറ്റിയില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ആ പദ്ധതികള്‍ വഴിയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും വാട്ടര്‍ അഥോറിറ്റിയുടെ കീഴില്‍ തന്നെയാണ് തുടര്‍ന്നുപോന്നത്. ഇതിനു വിപരീതമായി എ.ഡി.ബി വായ്പ സ്വീകരിച്ച് നടത്തുന്ന അര്‍ബന്‍ വാട്ടര്‍ സര്‍വ്വീസ് ഇംപ്രൂവ്‌മെന്റ് പദ്ധതി അതിന്റെ നടത്തിപ്പ് പൂര്‍ണ്ണമായും സ്വകാര്യ കമ്പനികളില്‍ നിക്ഷിപ്തമാക്കണമെന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വാട്ടര്‍ അഥോറിറ്റിയുടെ പ്രധാന വരുമാന സ്രോതസ്സ് ആയ എറണാകുളം, തിരുവനന്തപുരം കോര്‍പറേഷനുകളാണ് ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. 2511 കോടി രൂപയുടെ പദ്ധതിയില്‍ ആദ്യഘട്ടം നടപ്പാക്കുന്നത് കൊച്ചി കോര്‍പറേഷനിലാണ്. ആദ്യഘട്ടത്തിലേക്കു ഒന്നു കണ്ണോടിച്ചാല്‍ കോടിക്കണക്കിനു രൂപ ഒരു പ്രവൃത്തിയും ചെയ്യാതെ തന്നെ കണ്‍സള്‍ട്ടന്‍സിക്കു ലഭിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.

ബഹുരാഷ്ട്ര സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് മെട്രോപൊളിറ്റന്‍ സിറ്റിയായ കൊച്ചി നഗരത്തെപ്പറ്റിയോ ജലവിതരണ ശൃംഖലയെപ്പറ്റിയോ പഠിക്കാതെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ചോര്‍ച്ച മൂലം നഷ്ടപ്പെടുന്ന വെള്ളം (നോണ്‍ റവന്യൂ വാട്ടര്‍-NRW) 51 ശതമാനമാണ് എന്ന വിശദമായ പദ്ധതി രേഖയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇത് 20 ശതമാനമായി കുറയ്ക്കാനാണത്രേ പദ്ധതി. എന്നാല്‍, ജലനഷ്ടം സംബന്ധിച്ച കണക്ക് വസ്തുതാപരമല്ലെന്നു യൂണിയനുകള്‍ ആരോപിക്കുന്നു. 

പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുമ്പോള്‍

കൊച്ചി കോര്‍പറേഷനില്‍ തേവര, പാലാരിവട്ടം മേഖലകളില്‍ 24x7 എന്ന രീതിയില്‍ ഇപ്പോള്‍ തന്നെ വാട്ടര്‍ അഥോറിറ്റി ജലവിതരണം നടത്തുന്നുണ്ട്. ഇത് ഏകദേശം 35 ശതമാനം വരും. ബാക്കിവരുന്ന 65 ശതമാനം മേഖലയില്‍ ഇപ്പോള്‍ തന്നെ അമൃത്-2 പദ്ധതിയിലുള്‍പ്പെടുത്തി പൈപ്പ് ലൈന്‍ നീട്ടല്‍ പദ്ധതികളും കണക്ഷനുകളും നല്‍കുന്നത് പ്രാരംഭ ഘട്ടത്തിലാണ്. എ.ഡി.ബി പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത് കൊച്ചി കോര്‍പറേഷനിലെ 743 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ മാറ്റുവാനാണ്. ഇത് അനാവശ്യവും അപ്രായോഗികവുമായ പദ്ധതി നിര്‍ദ്ദേശമാണ്.

ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്താതെയാണ് ഇപ്പോള്‍ 24x7 വാട്ടര്‍ സപ്ലൈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏകദേശം 70 എം.എല്‍.ഡി വെള്ളം കൂടി ലഭിച്ചാല്‍ കൊച്ചിയുടെ ശുദ്ധജല ആവശ്യകത നിറവേറ്റാനാകും. എന്നാല്‍, ജലവിതരണം ആവശ്യത്തിനനുസരിച്ച് നടത്തുന്നത് ലക്ഷ്യമിട്ട് ഏകദേശം മൂന്നുവര്‍ഷം മുന്‍പ് അനുമതി ലഭിച്ച 140 എം.എല്‍.ഡി പദ്ധതി ഉപേക്ഷിക്കപ്പെട്ടത് ആര്‍ക്കു വഴിയൊരുക്കാനാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40,000 കോടി രൂപയുടെ പദ്ധതികള്‍ ഗ്രാമീണ മേഖലയിലും ഏകദേശം 1,500 കോടി രൂപയുടെ പദ്ധതികള്‍ നഗരമേഖലയിലും ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്ന വാട്ടര്‍ അഥോറിറ്റിക്ക് കേവലം 2511 കോടി രൂപയുടെ കോര്‍പറേഷനുകളിലെ ജലവിതരണ സേവന വിപുലീകരണ പദ്ധതി നല്‍കാതെ സ്വകാര്യ കമ്പനിക്കു നല്‍കുന്നത് ദുരൂഹമാണെന്നും യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

കൊച്ചിയില്‍തന്നെ ഒരു ഡിവിഷന്‍ ഓഫിസും നാലു സബ് ഡിവിഷന്‍ ഓഫിസുകളും ഒന്‍പതു സെക്ഷന്‍ ഓഫിസും ഉള്‍പ്പെടെ ബൃഹത്തായ ഒരു ഓഫീസ് ശൃംഖലയും വലിയ പ്രവൃത്തിപരിചയവുമുള്ള വാട്ടര്‍ അഥോറിറ്റിക്ക് ഇപ്പോള്‍ പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞതിലും കുറഞ്ഞ തുക വിനിയോഗിച്ച് 24x7 ജലവിതരണം നടത്താന്‍ സാധിക്കും. 

തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ജല അഥോറിറ്റി കുടിവെള്ള വിതരണത്തിനു സജ്ജമാക്കിയിട്ടുള്ള പശ്ചാത്തല സൗകര്യങ്ങളാണ് എ.ഡി.ബിയില്‍നിന്നും പണം ലഭിക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ സ്വകാര്യ കമ്പനിയെ ഏല്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതിന്റെ നടപടിക്രമങ്ങളുമായി ജല അഥോറിറ്റി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ടെണ്ടര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ തന്നെ ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജല അഥോറിറ്റിയിലെ ജീവനക്കാരുടെ സംഘടനകളും ഓഫീസര്‍മാരുടെ സംഘടനകളുമെല്ലാം ഇതിനകം സമരവുമായി രംഗത്തുവന്നുകഴിഞ്ഞു. 2511 കോടി രൂപയുടെ ഈ പദ്ധതിപ്രകാരം 10 വര്‍ഷത്തേക്ക് കുടിവെള്ള വിതരണത്തിന്റെ ചുമതല സ്വകാര്യ കമ്പനിയില്‍ നിക്ഷിപ്തമാകും. തിരുവനന്തപുരവും കൊച്ചിയുമാണ് അഥോറിറ്റിക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന ഡിവിഷനുകള്‍. ഈ ഡിവിഷനുകളുടെ നഷ്ടം ജല അഥോറിറ്റിയുടെ റവന്യൂ വരുമാനത്തില്‍ വലിയ ഇടിവു വരുത്തും. അതുകൊണ്ട് ഈ പദ്ധതി അഥോറിറ്റി തന്നെ നേരിട്ട് നടപ്പാക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നു. കെ.എസ്.ഇ.ബിയില്‍ സംഭവിച്ചതുപോലെ സി.ഐ.ടി.യു തന്നെയാണ് ഈ പദ്ധതിയ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ത്തിയിട്ടുള്ളത്. മാനേജ്‌മെന്റ് എന്തുകൊണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നില്ലെന്നും യൂണിയനുകളുടെ നേതൃത്വം ചോദിക്കുന്നു. 

2016-ല്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് കുടിവെള്ള മേഖലയില്‍ വികസനപദ്ധതികള്‍ വിഭാവനം ചെയ്തിരുന്നു. അതിനായി എ.ഡി.ബി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയും തേടിയിരുന്നു. ഇതിനായി ADB Assisted Kerala Urban Water Supply Improvement Project (KUWSIP) എന്ന പദ്ധതിയും പ്രഖ്യാപിച്ചു. ആദ്യഘട്ടം പഠനം നടത്തുകയും തിരുവനന്തപുരം കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്കായി രൂപരേഖ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ വസ്തുതാപരമായ ചില ആശങ്കകള്‍ യൂണിയനുകള്‍ ഉയര്‍ത്തി. ഖകഇഅ അമൃത് പദ്ധതിയുടേയും വിവിധ സ്റ്റേറ്റ് പ്ലാന്‍ പദ്ധതികളുടെ പുരോഗതിയുടേയും പശ്ചാത്തലത്തില്‍ കോഴിക്കോട് പദ്ധതി പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ചു. 

തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ക്കായി 24x7 ജലവിതരണം ഉറപ്പ് വരുത്തു ന്നതിന് 2016 മുതല്‍ 2018 വരെ നടത്തിയ പഠനമാണ് പദ്ധതി തയ്യാറാക്കുന്നതിനായി ഉപയോഗിച്ചത്. 2020-ല്‍ 2511 കോടിയുടെ പദ്ധതിക്കു ഭരണാനുമതിയുമായി. ഒന്നാംഘട്ടമായി കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് 834 കോടി രൂപയുടെ പദ്ധതിയില്‍ വിതരണ ശൃംഖലയിലെ പൈപ്പുകള്‍ മാറുന്നതിനും മീറ്ററുകള്‍ മാറുന്നതിനുള്ള പദ്ധതിക്കു സാങ്കേതികാനുമതി നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ രഹസ്യമായി ആസൂത്രണം ചെയ്ത ഘട്ടത്തിലാണ് സംഘടനകള്‍ വീണ്ടും വിശദാംശങ്ങള്‍ക്കായി മാനേജ്‌മെന്റിനെ സമീപിച്ചത്. 

എഡിബിക്കു വേണ്ടി പദ്ധതി ഇല്ലാതാക്കി

2016-ല്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി എറണാകുളം, തിരുവനന്തപുരം നഗരങ്ങള്‍ക്കായി തയ്യാറാക്കിയ വിശദ പദ്ധതിരേഖയിലെ (ഡി.പി.ആര്‍) പല കണ്ടെത്തലുകളും തെറ്റാണെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. അവ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയുമാണ്. 2018-ലെ പ്രളയാനന്തരം നടപ്പാക്കിയ ആര്‍.കെ.ഐ (Rebuilt Kerala Initiative), അമൃത് പദ്ധതിയുടേയും ഭാഗമായി പൂര്‍ത്തീകരിച്ച വിപുലീകരണത്തെ മറച്ചുവച്ചുകൊണ്ടാണ് ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും യൂണിയനുകള്‍ ആരോപിക്കുന്ന. കൊച്ചി നഗരത്തിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പിണറായിയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ വിഭാവനം ചെയ്ത് ഭരണ/സാങ്കേതികാനുമതി നേടി ടെണ്ടര്‍ പൂര്‍ത്തിയാക്കിയ 350 കോടിയുടെ 145 ങഘഉ പദ്ധതി ടെണ്ടര്‍ റദ്ദു ചെയ്ത് പുതുക്കിയ പദ്ധതിയുടെ എസ്റ്റിമേറ്റ് ഷെല്‍ഫില്‍ ഭദ്രമായി പൂട്ടിവെച്ചത് 800 കോടിയുടെ അഉആ പദ്ധതിയില്‍ കണ്ണുനട്ടാണ്. ആലുവയിലെ നിര്‍ദ്ദിഷ്ട ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം അട്ടിമറിച്ചത് വാട്ടര്‍ അഥോറിറ്റിയിലേയും ജലവിഭവ വകുപ്പിലേയും ഉന്നതരും എ.ഡി.ബി പ്രമാണിമാരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായിട്ടുമാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന് ഭരണപക്ഷ യൂണിയനുകള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കിയത് എ.ഡി.ബി നിശ്ചയിച്ച കണ്‍സള്‍ട്ടന്റാണ്. അതനുസരിച്ച് തയ്യാറാക്കിയ പദ്ധതി രേഖയാണ് ടെണ്ടറിംഗിനായി പരിഗണിക്കുന്നത്. ലോകോത്തര നിലവാരമുള്ള വാസ്‌കോണ്‍ (WASCON) എന്ന കണ്‍സള്‍ട്ടന്‍സി വാട്ടര്‍ അഥോറിറ്റിക്ക് സ്വന്തമായി ഉള്ളപ്പോഴാണ് ഇത്. കോടിക്കണക്കിനു രൂപയുടെ ദുര്‍വ്യയമാണ് ഇതു വഴി ഉണ്ടായത്.

കൊച്ചി പദ്ധതിയില്‍ ആകെയുള്ള 19 ലക്ഷം മീറ്റര്‍ പൈപ്പുകള്‍ ഉള്ളതില്‍ കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമായ പൈപ്പുകള്‍ മാറേണ്ടതിനു പകരം സാങ്കല്പികമായ ചോര്‍ച്ച കണക്കാക്കി പൈപ്പുകള്‍ മാറ്റുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ആകെയുള്ള പൈപ്പുകളില്‍ 56 ശതമാനം പൈപ്പുകള്‍ മാറുക വഴി 82 ശതമാനം ചോര്‍ച്ചയും മാറ്റാമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഒരു കിലോമീറ്റര്‍ പൈപ്പ് ലൈനില്‍ 0.4 ലീക്ക് എന്ന നിലയില്‍ കുറക്കാനാവുമത്രേ. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പഠനമോ വിലയിരുത്തലോ ഉണ്ടായിട്ടില്ല. ആലുവയില്‍നിന്നു വെള്ളം പമ്പ് ചെയ്യുന്ന പ്രഷര്‍ ഉപയോഗപ്പെടുത്തിയാണ് കൊച്ചിയില്‍ ജല വിതരണം സാധ്യമാക്കുന്നത്. ഇതിനു പകരം നിലവില്‍ പണി പൂര്‍ത്തിയായിക്കിടക്കുന്ന ഓവര്‍ ഹെഡ് ടാങ്കുകളില്‍ ജലം സംഭരിച്ച് സമീകൃത സമ്മര്‍ദ്ദത്തില്‍ ജലവിതരണം നടത്താനായാല്‍ വിതരണം മെച്ചപ്പെടുത്താനാകുമെന്ന് വിദഗ്ദ്ധരും യൂണിയനുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനായി ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കണം. (ഈ പദ്ധതി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല).

325 ദശലക്ഷം ലീറ്റര്‍ ജലമാണ് പ്രതിദിനം സംസ്‌കരിച്ച് വിതരണം ചെയ്യുന്നത് എന്നു കണക്കാക്കി 51 ശതമാനം ജലം പാഴാകുന്നു എന്നത് തെറ്റും അശാസ്ത്രീയവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അഥോറിറ്റി കാര്യക്ഷമതയില്ലാത്ത സ്ഥാപനമാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്. യഥാര്‍ത്ഥത്തില്‍ 35 ശതമാനം ജലമാണ് വിതരണ നഷ്ടമായി 2018-ല്‍ അഥോറിറ്റി തന്നെ കണക്കാക്കിയിട്ടുള്ളത്. അന്തര്‍ദ്ദേശീയ ശരാശരിയായ 20 ശതമാനത്തിനടുത്താണ് കൊച്ചിയിലേയും വിതരണനഷ്ടം എന്നിരിക്കെയാണ് പെരുപ്പിച്ച കണക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. 2018-നു ശേഷം അമൃത് പദ്ധതിയുടെ ഭാഗമായി പഴകിയ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചതിനാല്‍ വിതരണനഷ്ടം 2018-ല്‍ കണക്കാക്കിയ 35 ശതമാനത്തിലും താഴെയായിരിക്കും. കരാറിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്ക ദൂരീകരിക്കുന്നതിനായി മാനേജ്‌മെന്റുമായി നടന്ന പ്രാരംഭ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയ റവന്യൂ സംബന്ധമായ ജോലികള്‍ ഉള്‍പ്പെടുന്ന കണ്‍സ്യൂമര്‍ സര്‍വ്വീസ് പൂര്‍ണ്ണമായും വാട്ടര്‍ അഥോറിറ്റിയുടെ ചുമതലയായിരിക്കും എന്ന വ്യവസ്ഥ കരാറിന്റെ മറ്റൊരു ഭാഗത്ത് അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

''വാട്ടര്‍ അഥോറിറ്റിയില്‍ നിലനില്‍ക്കുന്ന ഒരു ദുഷ്പ്രവണതയാണ് ലംപ്‌സം കരാറുകള്‍. ഒരു വര്‍ക്കിന്റെ ഡി.പി.ആര്‍ ഇല്ലാതെയാണ് ഇത്തരം ടെണ്ടറുകള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഉദാഹരണം ഒരു പ്ലാന്റ് പണിയുന്നതിന് ഒരു കരാറുകാരനെ ചുമതലപ്പെടുത്തുമ്പോള്‍, ആ ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഉപ ജോലികളുടേയും അളവും ഗുണവും വിലയിരുത്തി ബില്‍ തയ്യാറാക്കുന്നതിനു പകരം ആകെ ജോലിയുടെ ബില്‍ മാറുന്നു. ഇതു പ്രകാരം കരാറുകാരനു സ്വന്തം കൂടുതല്‍ ലാഭം കിട്ടുന്ന വിധത്തില്‍ ജോലി പൂര്‍ത്തീകരിക്കാന്‍ കഴിയും. ചെയ്യാത്ത ജോലിക്കും പണം കൊടുക്കേണ്ടിവരും. ഇതും ഈ കരാറിന്റെ രീതിയിലുള്ളത് പുനഃപരിശോധിക്കണം.'' അസ്സോസിയേഷന്‍ ഒഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫിസേഴ്‌സ് (അക്വ) പ്രസിഡന്റ് സന്തോഷ് കുമാര്‍ ഇ.എസ്. ചൂണ്ടിക്കാട്ടുന്നു. 

അന്തര്‍ദ്ദേശീയ ഗുണനിലവാരമായ IS:10500 പ്രകാരമുള്ള ജലവിതരണം നടത്തുന്ന അഥോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതാണെന്നു കണക്കാക്കിയിരിക്കുന്നു.  10 വര്‍ഷത്തേക്ക് ഓപ്പറേഷനും അറ്റകുറ്റപ്പണികളും സ്വകാര്യ കമ്പനികളെ ഏല്പിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. വാട്ടര്‍ അഥോറിറ്റി നേരിട്ട് ഓപ്പറേഷന്‍ നിര്‍വ്വഹിച്ച് സംസ്ഥാനത്തുതന്നെ സാമ്പത്തികമായി ഏറ്റവും ലാഭകരമായി ജലവിതരണം നടത്തുന്ന മൂന്ന് ഡിവിഷനുകളിലൊന്നാണ് കൊച്ചി ഡിവിഷന്‍. ജലവിതരണം വിപുലപ്പെടുത്തുന്നതിനും സേവന രംഗം കാര്യക്ഷമമാക്കുന്നതുമായിരുന്നു ഈ പദ്ധതിയെങ്കില്‍ ഏറ്റവും കാര്യക്ഷമത കുറഞ്ഞ മറ്റേതെങ്കിലും പദ്ധതികള്‍ ഏറ്റെടുക്കാമായിരുന്നു. 

''ഇപ്പോള്‍ നടന്നുവരുന്ന പദ്ധതികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്യം നേടാമെന്നിരിക്കെ കൂടുതല്‍ സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്ന ഈ പദ്ധതി പുന:പരിശോധിക്കണം. ഇതൊന്നും പരിഗണിക്കാതെ നിലവില്‍ കാര്യക്ഷമമായി ജലവിതരണം നിര്‍വ്വഹിക്കുന്ന പദ്ധതികളെത്തന്നെ കണ്ണ്വയ്ക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ് എന്നു സംശയമുണ്ട്. ഇത്തരത്തില്‍ അബദ്ധവും അശാസ്ത്രീയവുമായ പഠനവും നുണയും അര്‍ദ്ധസത്യവും കുത്തിനിറച്ച പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ പരമാവധി വായ്പ വാങ്ങുക, ധൂര്‍ത്തടിക്കുക. പിന്നീട് എന്തെങ്കിലും ചെയ്‌തെന്നു വരുത്തി ശരിയായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നേട്ടം അവകാശപ്പെടുക. ഇതാണ് ലക്ഷ്യം.'' സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. 

Kerala Urban Water Supply Improvement Project (നഗരങ്ങളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി) എ.ഡി.ബി സഹായത്തോടെ നടപ്പാക്കുന്നതിലെ മാനേജ്‌മെന്റ് ഒളിച്ചുകളി അവസാനിപ്പിച്ച് മാനേജ്‌മെന്റ് ജീവനക്കാരുടെ ആശങ്ക ചര്‍ച്ച ചെയ്യണം. നിലവില്‍ സാമാന്യം തൃപ്തികരമായ രീതിയില്‍ 24x7 ജലവിതരണമുള്ള തിരുവനന്തപുരത്തിനു പുതിയ വിപുലീകരണ പദ്ധതികള്‍ ആവശ്യമില്ല. കൊച്ചി നഗരത്തില്‍ 35 ശതമാനം മേഖലയിലും 24x7 ജലവിതരണം നിലവിലുണ്ട്. മാത്രമല്ല, അമൃത് പദ്ധതിയുടേയും ജല ജീവന്‍ പദ്ധതിയുടേയും ഭാഗമായി നിരവധി വിപുലീകരണവും വിതരണശൃംഖലയുടെ നവീകരണവും നടന്നുവരുന്നു. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് State Planല്‍ 360 കോടി രൂപ മുതല്‍മുടക്കില്‍ 190 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയും വിഭാവനം ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ നിലവിലുള്ള പദ്ധതികള്‍ തന്നെ പൂര്‍ത്തിയാകുമ്പോള്‍ ലക്ഷ്യം നേടാമെന്നിരിക്കെ പുതിയ എ.ഡി.ബി പദ്ധതി അനാവശ്യമാണ്.

പദ്ധതി ആശങ്കയുയര്‍ത്തുന്നത്

ഇ.എസ്. സന്തോഷ് കുമാര്‍
ജനറല്‍ സെക്രട്ടറി, അസ്സോസിയേഷന്‍ ഒഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫിസേഴ്‌സ് (അക്വ)

ജലവിതരണ മേഖലയിലെ സംഘടനകള്‍ ഈ പദ്ധതിയെക്കുറിച്ച് പ്രാരംഭതലത്തിലുള്ള ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പൊതുസമൂഹത്തിനു മുന്‍പാകെ വെയ്ക്കുകയും ജീവനക്കാരോട് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും വേണമെന്ന ആവശ്യമുയര്‍ത്തിയിട്ടുണ്ട്. പക്ഷേ, ഇതിന്റെ നടപടിക്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുമ്പോള്‍പോലും പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം മാനേജ്‌മെന്റ് ഇതുവരേയും നിറവേറ്റിയിട്ടില്ല. വാട്ടര്‍ അഥോറിറ്റി എംപ്ലോയിസ് യൂണിയന്‍ (സി.ഐ.ടി.യു), ആള്‍ കേരള വാട്ടര്‍ അഥോറിറ്റി ഓഫിസേഴ്‌സ് അസ്സോസിയേഷന്‍ (അക്വ) ആയാലും വിദേശ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഈ മേഖലയില്‍ പുതിയ പദ്ധതി ആരംഭിക്കുമ്പോള്‍ അതിനെ കണ്ണുമടച്ച് എതിര്‍ക്കാനില്ല. എന്നാല്‍, ഇങ്ങനെയുള്ള ഫണ്ടുകളുപയോഗിച്ച് പുതിയ പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കുമ്പോള്‍ അത് എങ്ങനെ ഈ മേഖലയെ ബാധിക്കുമെന്നത് സംബന്ധിച്ചു ജനത്തിനും ജീവനക്കാര്‍ക്കും ആശങ്കയുണ്ട്. പലപ്പോഴും ഇങ്ങനെ ഫണ്ട് വരുമ്പോള്‍ അത് പൊതുവേ അത് ഗവണ്‍മെന്റിന്റെ നയകാര്യ മേഖലയിലേക്കും സാമ്പത്തിക രംഗത്തേക്കുമൊക്കെ കടന്നുകയറുകയും ഇടപെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. 

ഈ ഫണ്ടിനു പിറകില്‍ ഹിഡന്‍ അജന്‍ഡയുണ്ടോ എന്നും എന്താണ് ഇതു സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ എന്നും അറിയാന്‍ ജീവനക്കാര്‍ക്കും പൊതുസമൂഹത്തിനും അവകാശമുണ്ട്. പദ്ധതിയുടെ ടെന്‍ഡറുമായി ബന്ധപ്പെട്ടും ഞങ്ങള്‍ക്ക് ആശങ്കകളുണ്ട്. എന്തൊക്കെ നടപ്പാക്കാനാണ് ഈ ടെണ്ടര്‍ വിളിക്കുന്നത് എന്നും ജനത്തിനറിയേണ്ടതുണ്ട്.

സ്വകാര്യവല്‍ക്കരണ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം

പി. ഉണ്ണിക്കൃഷ്ണന്‍
ജനറല്‍ സെക്രട്ടറി, വാട്ടര്‍ അഥോറിറ്റി 
എംപ്ലോയിസ് യൂണിയന്‍ (സി.ഐ.ടി.യു)

ജലവിതരണത്തിന്റേയും മലിനജല ശേഖരണത്തിന്റേയും സംസ്‌കരണത്തിന്റേയും വികസനത്തിനും നിയന്ത്രണത്തിനും വേണ്ടി 1984-ലെ കേരള വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ ഓര്‍ഡിനന്‍സ് പ്രകാരം 1984 ഏപ്രില്‍ ഒന്നിനാണ് കേരള വാട്ടര്‍ അഥോറിറ്റി സ്ഥാപിതമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ അഥോറിറ്റി രൂപീകരിക്കുന്നതുതന്നെ ലോകബാങ്ക് സഹായത്തോടെയായിരുന്നു. ജലമേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടു തന്നെയുമായിരുന്നു. 

എന്നാല്‍, പിന്നീടു വന്ന ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ഈ രംഗത്ത് എടുത്ത നിലപാട് വിദേശവായ്പകള്‍ സ്വീകരിച്ചിരുന്നാല്‍പോലും ജലവിതരണമേഖലയെ ഒരുകാലത്തും സ്വകാര്യവല്‍ക്കരിക്കരുത് എന്നായിരുന്നു. അതേസമയം, സംസ്ഥാനത്ത് അധികാരത്തിലെത്തിയ വലതുപക്ഷ ഗവണ്‍മെന്റുകള്‍ നേരെ വിരുദ്ധമായ ഒരു നിലപാടാണ് സ്വീകരിച്ചു പോന്നിരുന്നത്. ആ നിലപാടുകളെ അതിജീവിച്ച് ജലവിതരണം പൊതുമേഖലയില്‍ നിലനില്‍ക്കുന്നത് വാട്ടര്‍ അഥോറിറ്റി എംപ്ലോയീസ് യൂണിയന്റേയും അസ്സോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫീസേഴ്‌സിന്റേയും ജനങ്ങളുടേയും ചെറുത്തുനില്‍പ്പു നിമിത്തമാണ്. 
 2003-ല്‍ എ.കെ. ആന്റണി ഗവണ്‍മെന്റ് കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം (Global Investers Meet-ജിം) സംഘടിപ്പിച്ച് പെരിയാറും മലമ്പുഴയുമൊക്കെ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിച്ചത് സി.പി.ഐ.എമ്മും ഞങ്ങളുടെ യൂണിയനുമൊക്കെ നേതൃത്വം നല്‍കിയ സമരങ്ങളിലൂടെയാണ്. പിന്നീട് ഉമ്മന്‍ ചാണ്ടി 51 ശതമാനം സ്വകാര്യ മൂലധനത്തോടു കൂടിയ കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കോ. ലിമിറ്റഡ് രൂപീകരിക്കാന്‍ നടത്തിയ ശ്രമവും ജീവനക്കാരും ജനങ്ങളും ചേര്‍ന്നു പരാജയപ്പെടുത്തി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ജലവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വലതുപക്ഷ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഇടതു മുന്നണി സര്‍ക്കാരിന്റെ ഭരണത്തിലും ചില കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സജീവമാണ് എന്നുവേണം മനസ്സിലാക്കാന്‍.

അഴിമതിയും സ്വകാര്യവല്‍ക്കരണവും ലക്ഷ്യം

പി. ബിജു 
ജനറല്‍ സെക്രട്ടറി കേരള വാട്ടര്‍ അഥോറിറ്റി സ്റ്റാഫ് അസ്സോസിയേഷന്‍ (ഐ.എന്‍.റ്റി.യു.സി)

കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേരളാ വാട്ടര്‍ അഥോറിറ്റിയെ തകര്‍ക്കാനും ജലമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള ശ്രമമമാണ് ഇപ്പോള്‍ നടക്കുന്നത്. ഞങ്ങള്‍ എ.ഡി.ബി വായ്പയ്ക്ക് എതിരല്ല. എന്നാല്‍, നമ്മുടെ സ്വയംപര്യാപ്തതയേയും സ്വാശ്രയത്വത്തേയും ഇല്ലാതാക്കുന്ന രീതിയിലുള്ള സോപാധിക വായ്പകള്‍ സ്വീകരിക്കരുത്. 

ജല അഥോറിറ്റിയുടെ ആകെ റവന്യൂവരുമാനത്തിന്റെ 35 ശതമാനം ലഭിക്കുന്ന രണ്ടു കോര്‍പറേഷനുകളിലെ ജലവിതരണം സ്വകാര്യവല്‍ക്കരിക്കുന്നത് വാട്ടര്‍ അഥോറിറ്റിയുടെ നിലനില്‍പ്പ് അവതാളത്തിലാകും. രണ്ടുതരത്തിലാണ് ജല അഥോറിറ്റിക്ക് വരുമാനം. റവന്യൂ വരുമാനത്തിനു പുറമേ നോണ്‍ പ്ലാന്‍ ഗ്രാന്റും. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ജീവനക്കാരുടെ ശമ്പളം വിതരണം വരെ. പ്രധാന വരുമാനസ്രോതസ്സുകള്‍ അടയുന്നതോടെ അഥോറിറ്റിയുടെ നടത്തിപ്പ് അവതാളത്തിലാകും.

കെ.എസ്.ആര്‍.ടി.സിയില്‍ സ്വിഫ്റ്റ് ബസ് സര്‍വ്വീസുകള്‍ ലാഭകരമായ റൂട്ടില്‍ ഓടിക്കുന്നതുപോലെ, റവന്യൂവരുമാനം നല്‍കുന്ന ഡിവിഷനുകള്‍ വാട്ടര്‍ അഥോറിറ്റിയില്‍നിന്നും എടുത്തുമാറ്റി സ്വകാര്യ കമ്പനിയെ ഏല്പിക്കാനാണ് നീക്കം.

ഒരുവിധം നന്നായി കാര്യങ്ങള്‍ നടന്നുപോരുന്ന പ്രദേശമാണ് ഇപ്പോള്‍ ഈ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്ന കൊച്ചി കോര്‍പറേഷന്‍. ആകെ 1500 കിലോമീറ്ററാണ് അവിടെ പൈപ്പ് ലൈനുള്ളത്. അതില്‍ 750 കിലോമീറ്റര്‍ റിപ്ലേയ്‌സ് ചെയ്യാനാണ് നിര്‍ദ്ദേശം. പത്ത് പമ്പ് ഹൗസുകളുടെ നവീകരണവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതിനകം തന്നെ പല നവീകരണ പ്രവര്‍ത്തനങ്ങളും മറ്റു പല പദ്ധതികളും ഉള്‍പ്പെടുത്തി നടന്നുകഴിഞ്ഞു. അവ വീണ്ടും ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് അഴിമതിയെ മുന്‍നിര്‍ത്തിയാണ്. ഇപ്പോള്‍ കാര്യങ്ങള്‍ ഒരുവിധം നന്നായി നടക്കുന്ന കൊച്ചിപോലുള്ള ഇടങ്ങളെയാണ് അധികൃതരും എ.ഡി.ബിയും പുതിയ പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം ആലപ്പുഴയെപ്പോലെ അടിയന്തരശ്രദ്ധ പതിയേണ്ട ഇടങ്ങളിലല്ല എ.ഡി.ബിയുടേയും ഗവണ്മമെന്റിന്റേയും താല്പര്യം. 

മറ്റൊന്നു ജീവനക്കാരുടെ പുനര്‍വിന്യാസമാണ്. പദ്ധതി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനി നിയോഗിക്കുന്ന ജീവനക്കാരായിരിക്കും അവിടെ ഉണ്ടാകുക. 295 ജീവനക്കാരെയാണ് ഇവിടെ നിന്നും മാറ്റുക. പകരം ജീവനക്കാരെ കമ്പനിയുടെ സ്വന്തം ഇഷ്ടപ്രകാരം നിയോഗിക്കും.

ഗവണ്‍മെന്റുകള്‍ ജലവിതരണം കയ്യൊഴിയുന്നു

ചാള്‍സ് ജോര്‍ജ്ജ് 
(എം.എല്‍.പി.ഐ-റെഡ് ഫ്‌ലാഗ്)

ജലവിഭവവും വിതരണവുമെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം എല്ലാക്കാലത്തും ഇവിടെ നടന്നിട്ടുണ്ട്. ഇപ്പോള്‍ എ.ഡി.ബി വായ്പയുടെ മറവില്‍ കൊച്ചിയിലേയും തിരുവനന്തപുരത്തേയും ജലവിതരണത്തിന്റെ മുഴുവന്‍ ചുമതലയും സ്വകാര്യ കമ്പനിയെ ഏല്പിക്കാനുള്ള പദ്ധതിയും ആ ദിശയിലുള്ള ശ്രമമാണ്. 

2003-ല്‍ ആഗോള നിക്ഷേപക സംഗമത്തില്‍ പെരിയാര്‍ നദി കുത്തകകള്‍ക്കു തീറെഴുതാനുള്ള ശ്രമം സി.പി.ഐ.എം.എല്ലിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ചെറുത്തുതോല്പിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ ആലുവ മണപ്പുറത്ത് രണ്ടു ദിവസത്തെ സമ്മേളനം നടത്തി. പെരിയാര്‍ ഒരു നദിയല്ല, ഒരു സംസ്‌കാരമാണ്. കുടിവെള്ളം ഒരു വില്പനച്ചരക്കല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ബഹുജന കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. വൈപ്പിന്‍കരയിലെ കുടിവെള്ള സ്വകാര്യവല്‍ക്കരണത്തിനെതിരെ നടന്ന സമരം ഉദ്ഘാടനം ചെയ്തത് വി.എസ്. അച്യുതാനന്ദനാണ്. 

1989-ല്‍ കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുകയെന്ന ലക്ഷ്യവുമായി കൊച്ചിയിലെത്തിയ ലോകബാങ്ക് വൈസ് പ്രസിഡന്റ് ആറ്റില കരോസ് മനോഗ്ലൂവിനെ കൊച്ചിയില്‍ യുവജനവേദി പ്രവര്‍ത്തകര്‍ ഉപരോധിച്ച ചരിത്രവും നമുക്ക് മുന്‍പിലുണ്ട്. അന്ന് ഐ.ജി ലക്ഷ്മണയേയാണ് ഈ സമരത്തെ അടിച്ചൊതുക്കാന്‍ ഗവണ്‍മെന്റ് നിയോഗിച്ചത്. 

ലോകമെമ്പാടും കുറേക്കാലമായി ഫിനാന്‍സ് കാപിറ്റലിസം കുടിവെള്ളത്തെ കച്ചവടവല്‍ക്കരിക്കാന്‍ ശ്രമിച്ചുപോരുന്നുണ്ട്. കൊച്ചബാമ്പയിലെ സമരമൊക്കെ ഓര്‍ക്കേണ്ടതാണ്. ഇന്നിപ്പോള്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ മറവില്‍ എല്ലാ ഗ്രാമങ്ങളിലും ഗുണഭോക്തൃ സമിതികളുണ്ടാക്കി കുടിവെള്ള വിതരണത്തിന്റെ ചുമതലയില്‍നിന്ന് തലയൂരാനാണ് ഗവണ്‍മെന്റുകള്‍ ശ്രമിച്ചുപോരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com