ഐസിയുവിലെ ലൈംഗിക പീഡനംഎങ്ങുമെത്താതെ അന്വേഷണം

ഐസിയുവിലെ ലൈംഗിക പീഡനംഎങ്ങുമെത്താതെ അന്വേഷണം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ രോഗി ഐ.സി.യു.വില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ട് ആറുമാസം കഴിഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ ഗുരുതരമായ വീഴ്ചയും ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന സ്ത്രീ വരെ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയും പക്ഷേ, കേരളത്തിലെ ഭരണസംവിധാനത്തേയോ ആരോഗ്യവകുപ്പ് അധികൃതരേയോ ഒട്ടുമേ ആശങ്കപ്പെടുത്തിയില്ല. അതിഗുരുതരമായ ഒരു കുറ്റകൃത്യം നടന്നിട്ടും തങ്ങളുടെ ഭാഗം ന്യായീകരിക്കാനും അതിന് നിയമസാധുത ഉണ്ടാക്കിയെടുക്കാനുമുള്ള എല്ലാ അവസരങ്ങളും മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്വേഷണം നടക്കുന്നു എന്ന പതിവ് കേള്‍വി പൊലീസിന്റെ ഭാഗത്തുനിന്ന്. 'കൂടെയുണ്ട്' എന്ന ആവര്‍ത്തനം ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും. 
നീതിക്കായി കഴിഞ്ഞ ആറുമാസമായി പൊലീസ് സ്റ്റേഷനുകളിലും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലും മന്ത്രിമാരുടെ ഓഫീസിലും കയറിയിറങ്ങുകയാണ് ഈ മുപ്പത്തിമൂന്നുകാരി. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍വെച്ച് പീഡിപ്പിക്കപ്പെട്ടിട്ടും നീതിക്കായി തിരുവനന്തപുരം വരെ പോയി വകുപ്പ് മന്ത്രിയെ കാത്തിരുന്ന് കണ്ട് അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ എത്ര ദയനീയമാണ്.

അധികാരം അനീതി കാണിക്കുമ്പോള്‍ 

2023 മാര്‍ച്ച് 18-ന് രാവിലെയാണ് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്ന ഓപ്പറേഷന് ഇവര്‍ വിധേയയായത്. ഓപ്പറേഷന് ശേഷം റിക്കവറി റൂമിലേക്ക് മാറ്റുകയും റിക്കവറി റൂമില്‍നിന്ന് ഹോസ്പിറ്റല്‍ അറ്റന്‍ഡറായ എം.എം. ശശീന്ദ്രന്‍ ഇവരെ ഐ.സി.യു.വിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ഐ.സി.യു.വില്‍ വെച്ചാണ് ലൈംഗികമായി ഉപദ്രവിക്കുന്നത്. സംഭവത്തിനു ശേഷം ഐ.സി.യു.വിലെത്തിയ നേഴ്സിനോട് ഇക്കാര്യം പറഞ്ഞെങ്കിലും ആശ്വസിപ്പിക്കുകയല്ലാതെ പൊലീസിലോ മേലുദ്യോഗസ്ഥരെ അറിയിക്കാനോ തയ്യാറായില്ല. രാത്രി പരിശോധനയ്ക്കായി എത്തിയ ഡോക്ടറാണ് ഇക്കാര്യം അറിഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതരെ വിവരം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് അന്വേഷണസമിതി രൂപീകരിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ.പി. സുനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. ഡാനിഷ് ഇ., ചീഫ് നഴ്സിങ് ഓഫീസര്‍ സുമതി വി.പി. എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന് എം.എം. ശശീന്ദ്രന്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തിനു ശേഷം ടൂറിലായിരുന്ന പ്രതി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധന നടക്കുന്നത് മൂന്ന് ദിവസത്തിനു ശേഷമാണ്. സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം ഗൈനക്കോളജിസ്റ്റായ ഡോ. കെ.വി. പ്രീതി വൈദ്യപരിശോധനയ്ക്ക് എത്തിയെങ്കിലും മുറിവുകളൊന്നും ഉള്ളതായി കണ്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇവര്‍ പരുഷമായി പെരുമാറുകയും കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ലെന്നും പരിശോധന റിപ്പോര്‍ട്ടില്‍ മുറിവുള്ളതായി സൂചിപ്പിച്ചില്ലെന്നും കാണിച്ച് പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും വീണ്ടും പരാതി നല്‍കേണ്ടിവന്നു.

 മാര്‍ച്ച് 28 വരെ ഹോസ്പിറ്റലില്‍ തുടര്‍ന്ന അതിജീവിതയെ സ്വാധീനിക്കാനും കേസില്‍നിന്ന് പിന്മാറ്റാനും നീക്കങ്ങളുണ്ടായി. ഇക്കാര്യവും പരാതിയായി ഉന്നയിച്ചപ്പോള്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന് ആസ്യ എന്‍.കെ, ഷൈനി ജോസ്, ഷലൂജ വി., ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട് ഷൈമ പി.ഇ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെ അന്വേഷണ വിധേയമായി മാര്‍ച്ച് 23-ന്  സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, മെഡിക്കല്‍ കോളേജില്‍ തന്നെ രൂപീകരിച്ച അന്വേഷണ കമ്മിറ്റി ഇവര്‍ കുറ്റം ചെയ്തിട്ടില്ല എന്ന് റിപ്പോര്‍ട്ട് നല്‍കുകയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഉത്തരവ് പ്രകാരം മെയ് 31-ന് സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. സസ്പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ചുകൊണ്ടായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. തിരിച്ചെടുത്തതിനെതിരെ വീണ്ടും പരാതി നല്‍കി. ഇത് വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി ഇടപെട്ട് റദ്ദ് ചെയ്തു. കേസ് നടക്കുന്ന കാലയളവിലും പ്രതി മെഡിക്കല്‍ കോളേജില്‍ വന്നുപോകുന്നുണ്ടായിരുന്നു. ഇതിനെതിരെയും പരാതിപ്പെടേണ്ടിവന്നു. 

വീണാ ജോര്‍ജ്
വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് നേരിട്ട് പോയി ആരോഗ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചു. വൈദ്യപരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ. പ്രീതി, സസ്പെന്‍ഷനിലായവരെ തിരിച്ചെടുത്ത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാവുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകനാണ് ശശീന്ദ്രന്‍. രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ആരോഗ്യമന്ത്രി അതിജീവിതയെ അറിയിച്ചു. ഗുരുതരമായ ഒരു കുറ്റകൃത്യത്തിന് ഇരയാകേണ്ടിവന്നിട്ടും ഓരോ തവണയും തെറ്റ് തിരുത്താന്‍ വീണ്ടും വീണ്ടും പരാതിയും അപേക്ഷയുമായി കയറിയിറങ്ങുകയാണ് കഴിഞ്ഞ ആറുമാസമായി ഇവര്‍.

അതിജീവിത
അതിജീവിത

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തനിക്ക് നേരിട്ട ദുരനുഭവം ഇവര്‍ പറയുന്നു: ''പതിനാല് വര്‍ഷത്തോളമായി തൈറോയ്ഡിന്റെ ചികിത്സ ചെയ്യുന്നുണ്ട്. ഇടയ്ക്ക് കുറച്ച് ഭേദമുണ്ടായിരുന്നു. പിന്നെയും കൂടിയപ്പോഴാണ് സര്‍ജറി തീരുമാനിച്ചത്. ആദ്യം മുതല്‍ മെഡിക്കല്‍ കോളേജില്‍ തന്നെയാണ് കാണിച്ചത്. ഞാന്‍ എന്ത് അസുഖം ഉണ്ടെങ്കിലും കുട്ടികള്‍ക്കായാലും മെഡിക്കല്‍ കോളേജില്‍ വരുന്ന ആളാണ്. സ്വകാര്യ ആശുപത്രികളില്‍ കാണിക്കാനുള്ള സാമ്പത്തികവും ഇല്ല, താല്പര്യവും തോന്നിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളെ തന്നെയല്ലേ നമ്മള്‍ ആശ്രയിക്കേണ്ടത്. എന്റെ വീട്ടില്‍നിന്ന് 20 മിനിറ്റ് ദൂരമേയുള്ളൂ മെഡിക്കല്‍ കോളേജിലേക്ക്. മെഡിക്കല്‍ കോളേജില്‍ എനിക്ക് നല്ല വിശ്വാസവുമായിരുന്നു. മൂന്നു കുട്ടികളാണ് എനിക്ക്. എല്ലാ ഡെലിവറിയും അവിടെ തന്നെയായിരുന്നു. ഇതുവരെ എനിക്കിങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ മോള്‍ക്ക് അസുഖം വന്നപ്പോഴൊക്കെ ഞാന്‍ ഒറ്റയ്ക്കായിരുന്നു അവിടെ നിന്നത്. രാത്രി ഏത് സമയത്തും ടെസ്റ്റിനും മറ്റുമായി പോകാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തോടെ പോകാന്‍ കഴിയുന്ന ഒരു സ്ഥലമായിട്ടാണ് തോന്നിയത്. 

ഭയം കാര്‍ന്നുതിന്ന
മണിക്കൂറുകള്‍

2023 മാര്‍ച്ച് 13-നാണ് അഡ്മിറ്റായത്. 18-ന് രാവിലെയായിരുന്നു സര്‍ജറി. സര്‍ജറി കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഐ.സി.യു.വിലേക്ക് മാറ്റി. ഐ.സി.യു.വില്‍ വേറെയും രോഗികളുണ്ട്. നമുക്ക് അവരെ കാണാന്‍ പറ്റും. പല സ്റ്റേജിലുള്ള ആളുകളാണ്. അനസ്ത്യേഷ്യയുടെ ചെറിയ മയക്കം ഉണ്ടെങ്കിലും റിക്കവറി റൂമില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റുന്ന സമയത്തുതന്നെ എനിക്ക് എല്ലാം അറിയാന്‍ പറ്റുന്നുണ്ടായിരുന്നു. ഭര്‍ത്താവും സഹോദരന്റെ ഭാര്യയും ഉണ്ടായിരുന്നു ആ സമയത്ത്. അവരെന്നോട് വേദനയുണ്ടോ എന്നൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ അതിന് ആംഗ്യംകൊണ്ട് മറുപടി കൊടുക്കുന്നുണ്ട്. സംസാരിക്കാനൊന്നും പറ്റുന്നില്ല.

ഈ അറ്റന്‍ഡര്‍ ഇവരോട് സംസാരിക്കുന്നതൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട്. ഇവര് മയക്കത്തിലായിരിക്കും, എന്ത് പറഞ്ഞാലും ഓര്‍മ്മയുണ്ടാവില്ല എന്നൊക്കെ ഇയാള്‍ പറയുന്നുണ്ട്. ഐ.സി.യു.വില്‍നിന്ന് ബെഡ് എടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നത് ഇയാളാണ്. ഈ ബെഡിലേക്ക് മാറ്റിയതും ഇയാളാണ്. ഇയാള്‍ ഒറ്റയ്ക്കാണ് എന്നെ ഐ.സി.യു.വിലേക്ക് മാറ്റുന്നതും. ഒരു ലേഡിസ്റ്റാഫുപോലും ഇക്കാര്യത്തിനുണ്ടായില്ല. ഐ.സി.യു.വില്‍ ആ സമയം വേറൊരു രോഗി ക്രിട്ടിക്കലായിരുന്നു. ഡോക്ടര്‍മാരും നഴ്സുമാരും അതിന്റെ തിരക്കിലായിരുന്നു. അതൊക്കെ ഇയാള്‍ മനസ്സിലാക്കിയിട്ടുണ്ടാകണം. ഇയാള്‍ എന്നെ ചെയ്യുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ട്. പക്ഷേ, കയ്യോ കാലോ ചലിപ്പിക്കാനോ സംസാരിക്കാനോ ഒന്നും പറ്റാത്ത ഒരവസ്ഥയില്ലേ, അത് വല്ലാത്തൊരു അവസ്ഥയാണ്. നമുക്ക് ഒരാളോട് പറഞ്ഞ് മനസ്സിലാക്കാന്‍ പോലും പറ്റാത്ത ഒരവസ്ഥ. പലതും ചെയ്യാനും പ്രതികരിക്കാനും തോന്നിയെങ്കിലും ഒന്നിനും കഴിയാത്ത ഒരു സമയം. അതാണ് അയാള്‍ ആ സമയത്ത് ചെയ്തതും. നമ്മള്‍ ഒന്നുകൊണ്ടും പ്രതികരിക്കില്ല എന്ന് അയാള്‍ക്ക് അറിയാം.

കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട് മെഡിക്കല്‍ കോളേജ്


 
എന്നെ ഇതൊക്കെ ചെയ്ത ശേഷം അയാള്‍ പുറത്തേക്ക് പോയി. പിന്നീട് എന്റെ വലതുഭാഗത്ത് ഒരു രോഗിയെ കൊണ്ടുവന്ന് കിടത്തി. അതിനുശേഷം എന്റെടുത്ത് വന്ന് എന്റെ കൈക്ക് പിടിച്ച് എന്താ മോളേ എന്നൊക്കെ ചോദിച്ചു. എനിക്ക് ബോധം ഉണ്ടോ എന്ന് അറിയാനായിരിക്കും. പിന്നെയും അയാള്‍ മുറിയില്‍നിന്നുപോയി തിരിച്ചുവന്നു. എന്റെ എതിര്‍വശത്തായുള്ള ഭാഗത്ത് അയാള്‍ വേറൊരു രോഗിയെ കൊണ്ടുവന്ന് കിടത്തി. എനിക്ക് കാണാം.  അപ്പോഴും അയാള്‍ എന്നെ നോക്കുന്നുണ്ട്. അയാള്‍ നോക്കുന്നത് കണ്ടപ്പോള്‍ എനിക്ക് പേടിയായി. എന്റെ ഇടത് ഭാഗത്തുള്ള രോഗിയുടെ അടുത്ത് ഒരു നഴ്സുണ്ടായിരുന്നു ആ സമയത്ത്. അവരെ ഞാന്‍ തൊട്ടുവിളിച്ച് ഇങ്ങനെ ആംഗ്യം കാണിച്ചു. സംസാരിക്കാന്‍ കഴിയില്ലല്ലോ. നഴ്സ് വേഗം എതിര്‍വശത്തുള്ള രോഗിയുടെ അടുത്തേക്ക് പോയി നോക്കി. ആ രോഗിയേയും അയാള്‍ മുണ്ട് മാറ്റി അതുപോലെ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്തിനാണ് അവരുടെ മുണ്ട് മാറ്റുന്നത് എന്ന് നഴ്സ് ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അപ്പോള്‍ അയാള്‍ പറഞ്ഞത്, യൂറിന്‍ ബാഗ് ഉണ്ടോ എന്ന് നോക്കിയതാണ് എന്നാണ്. എനിക്കിതൊക്കെ കേള്‍ക്കാം. അതും തൈറോയ്ഡിന്റെ പേഷ്യന്റായിരുന്നു. തൈറോയ്ഡ് പേഷ്യന്റിന് യൂറിന്‍ ബാഗ് ഉണ്ടാവില്ല എന്ന് അറിയില്ലേ എന്ന് നഴ്സ് ചോദിച്ചപ്പോള്‍ അയാള്‍ പുറത്തേക്ക് ഇറങ്ങിപ്പോകുകയും ചെയ്തു.
 
ഈ നഴ്സിനോട് ഞാന്‍ എന്നെ ചെയ്ത കാര്യവും ആംഗ്യത്തിലൂടെ പറഞ്ഞിട്ടുണ്ട്. പേടിക്കേണ്ട, ഇനി അയാള്‍ ഇങ്ങോട്ട് വരില്ല എന്നും പറഞ്ഞ് അവര്‍ എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പക്ഷേ, അതിനപ്പുറം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ എന്റെ വീട്ടുകാരോട് പറയുകയോ ഒന്നും അവര്‍ ചെയ്തിട്ടില്ല. അത് അവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. എന്നെ ബാത്റൂമില്‍ കൊണ്ടുപോകാന്‍ എന്റെ ഉമ്മ വന്നിരുന്നു. ഞാന്‍ ഉമ്മയോട് ഇക്കാര്യം പറഞ്ഞെങ്കിലും ഉമ്മയ്ക്ക് അത് അത്ര മനസ്സിലായിട്ടില്ല. ഒന്നാമത് എനിക്ക് സംസാരിക്കാനും പറ്റില്ലല്ലോ.
എനിക്ക് നല്ല പേടി തോന്നിയതുകൊണ്ട് എന്നെ റൂമിലേക്ക് മാറ്റണം ഇവിടെ കിടക്കില്ല എന്ന് സിസ്റ്ററിനോട് പറഞ്ഞു. അങ്ങനെ അന്ന് രാത്രി 12 മണിയോടെ തന്നെ എന്നെ റൂമിലേക്ക് മാറ്റി. ശരിക്കും പറഞ്ഞാല്‍ സര്‍ജറി കഴിഞ്ഞതു മുതല്‍ ഞാന്‍ ഉറങ്ങിയിട്ടില്ലായിരുന്നു. കണ്ണടക്കാന്‍ പോലും പറ്റിയിട്ടില്ല. ഉള്ളില്‍ ഭയമായിരുന്നു. വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ തന്നെ ഞാന്‍ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ പൊലീസില്‍ പരാതി കൊടുത്തു. പത്ത് ദിവസത്തോളം കഴിഞ്ഞാണ് ഡിസ്ചാര്‍ജായത്. പരാതി കൊടുത്തപ്പോള്‍ തന്നെ എ.സി.പി വന്നു മൊഴിയെടുത്തു. വൈകുന്നേരം ഇയാളുടെ ഫോട്ടോ കാണിക്കാന്‍ പൊലീസ് വന്നിരുന്നു. ഞാന്‍ ആളെ തിരിച്ചറിയുകയും ചെയ്തു. ആ ദിവസം അയാള്‍ സ്ഥലത്തില്ലായിരുന്നു. ടൂറിലായിരുന്നു. ടൂര്‍ കഴിഞ്ഞ് വന്നപ്പോഴാണ് അറസ്റ്റ് നടന്നത്.
 
അവിടെയുണ്ടായിരുന്ന നഴ്സിങ് സ്റ്റാഫെല്ലാം കണ്ട കാര്യങ്ങളെല്ലാം കൃത്യമായി മൊഴി കൊടുത്തിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധന നടത്തിയ ഡോ. പ്രീതിയാണ് എതിരായി റിപ്പോര്‍ട്ട് നല്‍കിയത്. 20-ാം തീയതിയാണ് വൈദ്യപരിശോധന നടത്തിയത്. മുറിവൊക്കെ കണ്ടിട്ടും അവരതൊന്നും രേഖപ്പെടുത്തിയില്ല. വൈദ്യപരിശോധനയ്ക്കൊക്കെ ശേഷമാണ് അവിടത്തെ ചില ജീവനക്കാര്‍ വന്ന് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. പൈസ എന്തെങ്കിലും തരാം, അയാള്‍ക്ക് കുടുംബമുണ്ട്, മകളുടെ കല്യാണം അടുത്തിരിക്കുകയാണ് കേസിന് പോവരുത് എന്നൊക്കെയാണ് അവരെന്നോട് പറഞ്ഞത്. ഞാന്‍ അവരോടൊന്നും സംസാരിച്ചില്ല. എനിക്ക് തീരെ വയ്യായിരുന്നു. ആദ്യം രണ്ട് പേരാണ് വന്ന് സംസാരിച്ചത്. അതുകഴിഞ്ഞ് അവര്‍ എന്റെ ഭര്‍ത്താവിന്റെ അടുത്തേക്കു പോയി. ഭര്‍ത്താവും എന്റെ സഹോദരനും ഉണ്ട്. അവരോടും ഇതേ കാര്യങ്ങള്‍ പറഞ്ഞു. നിങ്ങളുടെ വീട്ടിലെ ആരെയെങ്കിലും ഇങ്ങനെ ചെയ്ത് കുറച്ച് പൈസ തന്നാല്‍ മതിയാകുമോ എന്ന് അവര്‍ തിരിച്ചു ചോദിച്ചപ്പോള്‍ ആ ജീവനക്കാര്‍ ഇറങ്ങിപ്പോയി.
 
അതിനുശേഷം വന്ന സ്റ്റാഫ് സംസാരിച്ചപ്പോഴാണ് എനിക്ക് സ്ത്രീകളോടുപോലും പുച്ഛം തോന്നിപ്പോയത്. ''നിങ്ങളുടെ ഭര്‍ത്താവ് ഇങ്ങനെയൊക്കെ ചെയ്യുന്നതല്ലേ, പിന്നെ ഇയാള്‍ ചെയ്തതുകൊണ്ട് എന്താ കുഴപ്പം'' എന്നാണ് ആ സ്ത്രീ ചോദിച്ചത്. അവരുടെ സംസാരം കേട്ടപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി. എനിക്കൊന്നും സംസാരിക്കാന്‍ പറ്റിയില്ല. ഭയങ്കര വിഷമം തോന്നി. പിന്നീട് വന്നയാള്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ കളവ് പറഞ്ഞതല്ലേ എന്നാണ്. എനിക്കയാളോട് ഒരു ദേഷ്യവുമില്ല, അറിയുകയുമില്ല, പിന്നെന്തിന് ഞാന്‍ കളവ് പറയണം എന്ന് ഞാനും ചോദിച്ചു. 
എന്റെ ഭര്‍ത്താവിനോട് കേസ് കൊടുക്കണം എന്ന് പറഞ്ഞ സമയത്ത് അതിന്റെ ബുദ്ധിമുട്ടുകളൊക്കെ അദ്ദേഹം പറഞ്ഞുതന്നു. കേസ് ആയാല്‍ അതിന്റെ പിന്നില്‍ നമ്മള്‍ കുറേ നടക്കേണ്ടിവരും. മാധ്യമങ്ങളുടെ മുന്നില്‍ പോവേണ്ടിവരും. പല ഇഷ്യൂസും ഉണ്ടാവും. പക്ഷേ, ആ സമയത്ത് എനിക്കതൊന്നും പ്രശ്നമല്ലായിരുന്നു. എന്റെ മനസ്സില്‍ അപ്പോള്‍ ഉണ്ടായത് എന്റെ ഉമ്മയുടേയും മകളുടേയും മുഖമാണ്.  മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് പറയുന്നു എന്ന് ഞാന്‍ ചിന്തിക്കുന്നില്ല, ഇനി ഇതൊരാള്‍ക്ക് സംഭവിക്കരുത് എന്നുമാത്രമാണ് ചിന്തിച്ചത്. ഞാന്‍ അത്രയും വേദന സഹിച്ചിട്ടുണ്ട്. ഒരാളോടും എനിക്കത് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല. ക്രൂരമായിട്ടാണ് അയാളെന്നോട് പെരുമാറിയത്. എനിക്ക് അപമാനമാണുണ്ടായത്. എന്റെ ശരീരത്തെ അയാള്‍ അപമാനിച്ചു. അതിലും കൂടുതലായിരുന്നു വേദന. ആ സമയത്ത് ഞാന്‍ വേദന അറിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് നീറ്റലും പുകച്ചിലും ആയിരുന്നു. മൂത്രം ഒഴിക്കാന്‍ പോലും പറ്റാത്ത പോലെ. വെള്ളം തട്ടുമ്പോള്‍ പുകച്ചിലായിരുന്നു. ആ മുറിവൊക്കെ കണ്ടിട്ടും അതൊന്നും ഡോക്ടര്‍ രേഖപ്പെടുത്തിയില്ല. ഈ ഡോക്ടര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതും. വന്നപ്പോള്‍തന്നെ ദേഷ്യപ്പെട്ടപോലെയാണ്. നമ്മള്‍ പറയുന്നത് കേള്‍ക്കാനുള്ള ഒരു മനസ്സ് പോലും ഇല്ല. 

വനിതാ കമ്മിഷനിലും പരാതി കൊടുത്തിരുന്നു. എന്നെ അദാലത്തില്‍ ഹിയറിങ്ങിന് വിളിപ്പിക്കുകയായിരുന്നു. അത് ഞാന്‍ പബ്ലിക്കായി പറഞ്ഞപ്പോള്‍ അവര്‍ക്ക് ദേഷ്യമായി മാറി. ഞാന്‍ അങ്ങനെ മീഡിയയോട് സംസാരിച്ചത് അവര്‍ക്ക് ഇഷ്ടമായില്ല. ഹോസ്പിറ്റലിലുള്ള സമയത്ത് മന്ത്രി വീണാ ജോര്‍ജ് വിളിച്ച് കൂടെയുണ്ട് എന്ന രീതിയില്‍ സംസാരിച്ചിരുന്നു. പക്ഷേ, കേസ് ഈ രീതിയില്‍ പോകുന്നത് കണ്ടിട്ടാണ് നേരിട്ട് തിരുവനന്തപുരത്ത് പോയി കണ്ടത്. അന്നും പോസിറ്റീവായിട്ടാണ് സംസാരിച്ചത്.
 
ഹോസ്പിറ്റല്‍ ജീവനക്കാര്‍ അവരുടെ ആളുകളെ സംരക്ഷിക്കാനല്ലേ നോക്കുള്ളൂ. പാര്‍ട്ടി പിന്‍ബലത്തില്‍ ജോലിക്ക് കേറിയ ആളുകള്‍ക്ക് പാര്‍ട്ടി സംരക്ഷണം കൊടുക്കുന്ന രീതിയുണ്ട് എന്ന് തോന്നുന്നു. അവര്‍ ആദ്യമൊക്കെ വിചാരിച്ചത് ഞാന്‍ പാവപ്പെട്ട ഒരാളാണ്, അധികം വിദ്യാഭ്യാസമൊന്നുമില്ല, ഈ കേസുമായി അധികം മുന്നോട്ടുപോകില്ല എന്നൊക്കെയാണ്. പരാതി കൊടുത്തെങ്കിലും തുടര്‍നടപടികള്‍ക്കൊന്നും ഞാന്‍ നില്‍ക്കില്ല എന്നായിരുന്നു അവരുടെ ഇടയിലുണ്ടായ സംസാരം എന്ന് ഞാന്‍ അറിഞ്ഞിരുന്നു. തിരുവനന്തപുരം വരെ ഇതിനായി പോകും എന്നൊന്നും അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കോഴിക്കോട് ജില്ല വിട്ട് ആദ്യമായി പുറത്തേക്കു പോകുന്നത് ഈ കാര്യത്തിനുവേണ്ടിയാണ്.

 
സാമ്പത്തിക ചെലവുകളുണ്ട് ഇതിന്റെ പിന്നില്‍ നടക്കാന്‍. ഞങ്ങള്‍ സാമ്പത്തികമായി നല്ല നിലയിലൊന്നും ഉള്ള ആളുകളല്ല. എന്നിട്ടും ഇതിനുവേണ്ടി പോകുകയാണ്. ഒരു ഭാഗത്തുനിന്നും നമുക്കൊരു സഹായം എന്നു പറയാനില്ല. വനിതാകമ്മിഷന്‍ പോലും ഇടപെടുന്നത് ആ രീതിയിലാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നല്ലേ എനിക്ക് ഇത് നേരിടേണ്ടിവന്നത്. അവരുടെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ചയും അവര്‍ അംഗീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഞാന്‍ കടന്നുപോയത് വല്ലാത്തൊരു ഘട്ടത്തിലൂടെയായിരുന്നു.
 
ഈ അഞ്ചുപേര്‍ എന്റെടുത്ത് വന്ന് ഇത്ര ധൈര്യത്തില്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഇത് ആദ്യത്തെ സംഭവമാണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇതിന് മുന്‍പും ഇതുപോലെ സംഭവിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്തിട്ടുണ്ടാകാം.
 
അനസ്തേഷ്യ കൊടുത്ത സമയമാണല്ലോ. നമുക്ക് തോന്നിയതാണോ എന്നൊക്കെയുള്ള സംശയമുണ്ടാകാം. എന്നോട് ചില ആളുകള്‍ ഇത് ചോദിച്ചിട്ടുമുണ്ട്. തോന്നലില്‍ ശരീരത്തില്‍ മുറിവ് സംഭവിക്കില്ലല്ലോ എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സമ്മര്‍ദ്ദമുണ്ടാകും. ചില റിപ്പോര്‍ട്ടുകള്‍ എതിരാകുന്നത് അതുകൊണ്ടാവാം. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഞാന്‍ എപ്പോഴും ബോള്‍ഡായി നില്‍ക്കുന്ന ഒരാളാണ്. പക്ഷേ, ഇപ്പോള്‍ പേടിയും ഉണ്ട്. അയാള്‍ പാര്‍ട്ടിയുടെ പിന്‍ബലമുള്ള ഒരാളാണ്. പേടിയോടെ തന്നെയാണ് ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com