പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിയമനം സ്ഥിരപ്പെടുത്താത്ത ജീവനക്കാരില്‍ ബഹുഭൂരിഭാഗവും ദളിതര്‍

By പി.എസ്. റംഷാദ്  |   Published: 25th October 2023 11:05 AM  |  

Last Updated: 25th October 2023 12:43 PM  |   A+A-   |  

രാജ്യത്തെ ഒരേയൊരു പട്ടികജാതി-വർഗ്ഗ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിയമനങ്ങളിൽ പട്ടികജാതി-വർഗ്ഗ സംവരണവിരുദ്ധർ വിജയിച്ചുനിൽക്കുന്നത് അത്ഭുതപ്പെടുത്തുന്ന യാഥാർത്ഥ്യം. അതും ജാതിവിരുദ്ധ നവോത്ഥാന പാരമ്പര്യമുള്ള കേരളത്തിൽ; ഇടതുപക്ഷ സർക്കാർ തുടർഭരണത്തിലിരിക്കുമ്പോൾ. ഒന്‍പതു വർഷം മുന്‍പു നിയമിതരായവരിൽ അദ്ധ്യാപകരെ മൂന്നു വർഷം മുന്‍പ് (2020-) സ്ഥിരപ്പെടുത്തി. അദ്ധ്യാപക നിയമനം ആദ്യം നടന്നത് 2012 ഫെബ്രുവരിയിൽ മെഡിക്കൽ കോളേജിനു സാങ്കേതികമായി തുടക്കമിടുകയും എന്നാൽ, പ്രവർത്തനം തുടങ്ങുകയും ചെയ്യുന്നതിനു മുന്‍പാണ്. 19 പേരെയാണ് ആദ്യം നിയമിച്ചത്.

അദ്ധ്യാപകേതര തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതി ഇപ്പോഴും അസ്ഥിരമായി തുടരുന്നു. ജോലി സ്ഥിരപ്പെടാത്തവരും കാലാനുസൃത ശമ്പളവർദ്ധനവിന്റെ പരിധിയിൽ വരാത്തവരുമായ 38 പേരിൽ 29 പേരും പട്ടികജാതിക്കാർ. ഇവരെ തുല്യത ഇല്ലാത്ത ജാതി വിവേചന അനുഭവത്തിൽ നീറാൻ വിട്ട് സാമൂഹികനീതിയെക്കുറിച്ചു വലിയ വർത്തമാനം പറഞ്ഞവരും അതു തുടരുന്നവരുമായ ചിലരുടെ പേരുകൾ ഇതാ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി സർക്കാരിലെ പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.പി. അനിൽകുമാർ, ഒന്നാം പിണറായി വിജയൻ സർക്കാരിലെ പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ, ഇപ്പോഴത്തെ പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ ദളിത് വിഭാഗങ്ങൾക്ക് അർഹമായ പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യത്ത് ആദ്യമായി ഒന്‍പതു വർഷം മുന്‍പ് (2014-) കേരളം അഭിമാനത്തോടെ പ്രവർത്തനം തുടങ്ങിയതാണ് പാലക്കാട് മെഡിക്കൽ കോളേജ്. ഇക്കാലമത്രയുമായി അദ്ധ്യാപകേതര ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ മെല്ലെപ്പോക്കും സംവരണവിരുദ്ധ നടപടികളും ജീവനക്കാർക്കിടയിൽ പുകയുകയാണ്. അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരോടുള്ള സമീപനത്തിലെ വിവേചനം പ്രകടം. ജില്ലാ ആശുപത്രിയല്ലാതെ സർക്കാരിന്റെ മറ്റു വലിയ ആശുപത്രികളോ വൻകിട സ്വകാര്യ ആശുപത്രികളോ ഇല്ലാത്ത പാലക്കാടിന് സർക്കാർ മെഡിക്കൽ കോളേജ് അഭിമാനപ്രശ്നമല്ല; അത്യാവശ്യമാണ്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുകയും കെ. രാധാകൃഷ്ണൻ പട്ടികജാതി, വർഗ്ഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രിയാവുകയും ചെയ്തതോടെ കാര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലയും ജീവനക്കാരും വിദ്യാർത്ഥികളും. ആ പ്രതീക്ഷയ്ക്കേറ്റ ആഘാതം ചെറുതല്ല.

ആകെ അദ്ധ്യാപകേതര ജീവനക്കാർ 38. ഇവരിൽ 30 പേരെ ഐ.എം.ജിയും ആറ് പേരെ സ്പെഷ്യൽ ഓഫീസർ നേരിട്ടുമാണ് നിയമിച്ചത്. ബാക്കി രണ്ടു പേർ ദിവസ വേതനക്കാർ. 38 പേരിൽ 32-ഉം സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. അവരെ കബളിപ്പിക്കാനും വഴിയാധാരമാക്കാനും കൂടിയാണ് ഫലത്തിൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന നേതൃത്വങ്ങൾ മാറി മാറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്തിയാൽ പ്രതിമാസം അധികം വേണ്ടി വരുന്നത് 3,18,955 രൂപ മാത്രമാണ്. വർഷത്തിൽ 38,27,460 രൂപ. നിലവിൽ പ്രതിമാസം 10,53,625 രൂപയും വർഷത്തിൽ 1,26,43,500 രൂപയുമാണ് ഇവരുടെ ശമ്പളം ഇനത്തിൽ വേണ്ടി വരുന്നത്.

ലക്ഷ്യം നന്നായിരുന്നു

പട്ടികജാതി, വർഗ്ഗ വിദ്യാർത്ഥികൾക്ക് നിയമപരമായി ലഭിക്കേണ്ട പത്തു ശതമാനം സംവരണം എം.ബി.ബി.എസ് പ്രവേശനത്തിൽ കിട്ടുന്നില്ല എന്നു ബോധ്യമായതോടെയാണ് അവർക്ക് കൂടുതൽ പ്രാമുഖ്യം നൽകി ഒരു മെഡിക്കൽ കോളേജ് തുടങ്ങാൻ 2011-2016 കാലയളവിലെ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്. അർഹമായതിന്റെ പകുതിയിൽ താഴെ മാത്രമാണ് എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശന പ്രാതിനിധ്യം എന്ന് പട്ടികജാതി, വർഗ്ഗ ക്ഷേമവകുപ്പ് കണക്കുകളുൾപ്പെടെ മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ കൊണ്ടുവന്നു. സംവരണനഷ്ടത്തിന്റെ കാരണം തേടിയപ്പോൾ വ്യക്തമായത് അന്ന് കേരളത്തിലെ ആറ് സ്വകാര്യ മെഡിക്കൽ കോളേജുകൾ പട്ടികവിഭാഗ സംവരണം നാമമാത്രമായിപ്പോലും പാലിക്കുന്നില്ല എന്നാണ്. ഈ സ്ഥിതി തുടർന്നാൽ പത്തു വർഷം കഴിയുമ്പോൾ കേരളത്തിൽ പട്ടിക വിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ എണ്ണം കുത്തനെ കുറയുമെന്നും സംവരണത്തിന് ആനുപാതികമായി തസ്തികകൾ നികത്താൻപോലും കഴിയാതെ വരുമെന്നുമാണ് സർക്കാർ വിലയിരുത്തിയത്. എന്നാൽ, പുതിയ മെഡിക്കൽ കോളേജിൽ 100 സീറ്റുകളും പട്ടികവിഭാഗത്തിനു മാത്രമായി നീക്കിവയ്ക്കണമെന്ന വകുപ്പിന്റെ ആവശ്യം നടപ്പായില്ല. 70 ശതമാനം എസ്.സി, രണ്ട് ശതമാനം എസ്.ടി, 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, 13 ശതമാനം ഓപ്പൺ ക്വാട്ട എന്ന അനുപാതമാണ് തീരുമാനിച്ചത്. വിദ്യാർത്ഥി പ്രവേശനത്തിൽ ഈ സംവരണം പാലിക്കാൻ കഴിഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഗവൺമെന്റ് മേഖലയിൽ 1545 എം.ബി.ബി.എസ് സീറ്റുകളും സ്വകാര്യ മേഖലയിൽ 2150 സീറ്റുകളുമാണുള്ളത്. പാലക്കാട് മെഡിക്കൽ കോളേജിലെ ഉയർന്ന പ്രവേശന സംവരണം എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ്. അതേസമയം, ആദിവാസി സംവരണം പൊതുമാനദണ്ഡപ്രകാരമുള്ള രണ്ടു ശതമാനം മാത്രമാക്കിയിരിക്കുന്നത് ഉയർത്തണം എന്ന ആവശ്യം തുടക്കം മുതലുണ്ട്. സ്വകാര്യ മേഖലയിലെ സംവരണം അട്ടിമറി തുടരുകതന്നെയാണ്. തീരെ നടപ്പാക്കാതിരിക്കുകയോ കുറഞ്ഞതോതിൽ മാത്രം നടപ്പാക്കുകയോ ചെയ്യുന്നു.

പാലക്കാട് മെഡിക്കൽ കോളേജിൽ അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനത്തിലും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനിച്ചത്. എന്നാൽ, അദ്ധ്യാപക നിയമനത്തിൽ ഇന്നുവരെ ഇതു നടപ്പായിട്ടില്ല. പക്ഷേ, ഒന്നുണ്ടായി. എസ്.സി, എസ്.ടി വിഭാഗക്കാർ വളരെക്കുറവായ അദ്ധ്യാപക നിയമനങ്ങൾ വേഗത്തിൽ സ്ഥിരപ്പെടുത്തി. എസ്.സി, എസ്.ടി സംവരണം പാലിച്ചു നിയമിച്ച അദ്ധ്യാപകേതര ജീവനക്കാരെ പത്തു വർഷമാകാറായിട്ടും സ്ഥിരപ്പെടുത്തിയിട്ടില്ല. നാനൂറിലധികം ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ പൂർത്തിയായതായും ഫയൽ സെക്രട്ടേറിയറ്റിലാണെന്നുമാണ് ഇതേക്കുറിച്ച് ഐ..എം.എസ് ഡയറക്ടർ ഡോ. എം.എസ്. പത്മനാഭൻ 2021 ജൂണിൽ പറഞ്ഞത്. നിലവിലുള്ളവരെ സ്ഥിരപ്പെടുത്തൽ, ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കൽ, സംവരണ സ്ഥിതി തുടങ്ങിയ എല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാൻ ഈയാഴ്ചതന്നെ ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി കെ. രാധാകൃഷ്ണനും അന്നു പറഞ്ഞു. പല ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഒരു തീരുമാനവും ഉണ്ടായില്ല. നിയമവകുപ്പും ധനവകുപ്പും ഉടക്കിടുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. രാഷ്ട്രീയ തീരുമാനമെടുത്ത് അർഹമായ സ്ഥിരപ്പെടുത്തലും ശമ്പളവർദ്ധനവും നൽകുമെന്നും പറയുന്നു. ഇതു പറയാൻ തുടങ്ങിയിട്ടും മാസങ്ങളായി.

സംവരണത്തിനു പുല്ലുവില

2019 ജനുവരി 31-ന് ദേശീയ പട്ടികജാതി കമ്മിഷൻ അന്നത്തെ എസ്.സി, എസ്.ടി വികസന വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കും ഡയറക്ടർ പി.എം. അലി അസ്ഗർ പാഷയ്ക്കും കത്ത് അയച്ചിരുന്നു: “പാലക്കാട് എസ്.സി മെഡിക്കൽ കോളേജ് നിയമനങ്ങളിലെ സംവരണ നയം നടപ്പാക്കൽ അവലോകനം ചെയ്യാൻ കമ്മിഷൻ ഉപാധ്യക്ഷൻ എൽ. മുരുഗൻ എത്തുന്നു. ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പാക്കണം.” എസ്.സി മെഡിക്കൽ കോളേജ് എന്ന കമ്മിഷന്റെ വിശേഷണം ശ്രദ്ധേയമാണ്. 2019 ഫെബ്രുവരി ഏഴിന് എൽ. മുരുഗൻ എത്തി; സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് പരിശോധനയിൽ അദ്ദേഹത്തിനു മനസ്സിലാവുകയും ചെയ്തു. അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ മുഴുവൻ നിയമനങ്ങളിലും കൃത്യമായി സംവരണം പാലിച്ചേ പറ്റൂ എന്നു നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, അതു പാലിച്ചില്ല. 2020 ഒക്ടോബർ 22-ന് എസ്.സി, എസ്.ടി പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ കോളേജ് ഡയറക്ടർക്കും എഴുതിയ കത്ത് തന്നെ ഏറ്റവും വലിയ തെളിവ്. “കമ്മിഷൻ ഉപാധ്യക്ഷൻ 2019 ഫെബ്രുവരി ഏഴിനു നേരിട്ടു നടത്തിയ അവലോകനത്തിൽ ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥനത്തിൽ പാലക്കാട് മെഡിക്കൽ കോളേജിലെ മുഴുവൻ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിലും പ്രത്യേക സംവരണ ചട്ടങ്ങൾ നടപ്പാക്കാനും അവരെ സ്ഥിരപ്പെടുത്തി തൽസ്ഥിതി അറിയിക്കാനുമുള്ള നിർദ്ദേശം ഇതുവരെ പാലിച്ചതായി കാണുന്നില്ല. ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നു.” അതിനുശേഷവും ഒന്നുമുണ്ടായില്ല. 2020 നവംബർ 23-ന് കമ്മിഷൻ വീണ്ടും കത്തയച്ചു. നടപടിയെടുത്തു പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. അതിലും നടപടിയുണ്ടായില്ല.

പട്ടിക വിഭാഗങ്ങൾ ഏറ്റവുമധികമുള്ള ജില്ലയാണ് എന്നതും മറ്റു വലിയ ആശുപത്രികൾ ഇല്ല എന്നതും കൂടിയാണ് പാലക്കാട് തന്നെ എസ്.സി മെഡിക്കൽ കോളേജ് തുടങ്ങാൻ കാരണം. തുടക്കത്തിൽ 305 അനുവദനീയ തസ്തികകളാണ് ഉണ്ടായിരുന്നത്. 124 അദ്ധ്യാപകർ, 181 അനദ്ധ്യാപകർ. 2019-ൽ അദ്ധ്യാപകരുടെ എണ്ണം 161 ആയി. ഇതിൽ പട്ടികവിഭാഗക്കാർ ഏഴ് മാത്രം. അതായത് 75 ശതമാനത്തിനുപകരം പത്തു ശതമാനം. പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സ്പെഷ്യൽ റൂൾസ് നിർമ്മിച്ച് സംവരണ തസ്തികകളിലെ നിയമനം സ്ഥിരപ്പെടുത്താൻ കഴിഞ്ഞ സർക്കാർ അവസാനകാലത്ത് തീരുമാനിച്ചിരുന്നു. പക്ഷേ, നടപടിയായില്ല.

മെഡിക്കൽ കോളേജിന്റെ അക്കാദമിക മേൽനോട്ടം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനാണെങ്കിലും എസ്.സി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായതുകൊണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് ഇതിൽ താൽപ്പര്യമില്ല. മറ്റു മെഡിക്കൽ കോളേജുകൾപോലെ ഇതും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ കിട്ടണം എന്നാണ് ആരോഗ്യവകുപ്പ് ആഗ്രഹിക്കുന്നത്. അങ്ങനെയായിക്കഴിഞ്ഞാൽ എസ്.സി.പി ഫണ്ടിനു പകരം ബജറ്റിൽ തുക വകയിരുത്തി മറ്റു മെഡിക്കൽ കോളേജുകളെപ്പോലെ ഇതും ആരോഗ്യവകുപ്പ് വികസിപ്പിക്കും. പക്ഷേ, നിശ്ചിത ശതമാനം പട്ടികജാതി, വർഗ്ഗ സംവരണം ഇല്ലാതാകും. സാധാരണപോലെ പത്തു ശതമാനം മാത്രമായിരിക്കും സംവരണം. പാലക്കാട് മെഡിക്കൽ കോളേജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പാതിവഴിയിൽ അവസാനിക്കുകയും ചെയ്യും.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടുന്നതിനാണ് അദ്ധ്യാപക തസ്തികകളിൽ സംവരണം നോക്കാതെ നിയമനങ്ങൾ നടത്തിയത് എന്നാണ് ഒരു വാദം. മെഡിക്കൽ കൗൺസിൽ സ്ഥിരം അംഗീകാരം കിട്ടണമെങ്കിൽ അദ്ധ്യാപക നിയമനങ്ങൾ സമയബന്ധിതമായി സ്ഥിരപ്പെടുത്തണം എന്ന് മുഖ്യമന്ത്രിയേയും കഴിഞ്ഞ സർക്കാരിലെ മന്ത്രി എ.കെ. ബാലനേയും തെറ്റിദ്ധരിപ്പിച്ചതായി ഒരു വിഭാഗം ജീവനക്കാർ പറയുന്നു. സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുന്‍പേ അംഗീകാരം ലഭിച്ചിരുന്നു എന്നാണ് വാദം. എം.സി.ഐ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും മെയിൻ ബ്ലോക്ക് ഉദ്ഘാടനവും നിർവ്വഹിക്കാൻ 2019 ജൂലൈ ഒന്‍പതിന് എത്തിയ മുഖ്യമന്ത്രി ഇതു മനസ്സിലാക്കി. അവിടെനിന്നു മടങ്ങിയ ശേഷം എ.കെ. ബാലനേയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറേയും ഇതിലെ നീരസം അറിയിക്കുകയും ചെയ്തു.

ഭരണസിരാകേന്ദ്രത്തിലെ ഫലിതങ്ങൾ

നാലു മാസം മുന്‍പ്, അതായത് 2023 മെയ് 11-ന് ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പാലക്കാട് മെഡിക്കൽ കോളേജിന്റെ നടത്തിപ്പു ചുമതലയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർക്ക് ഒരു കത്ത് അയച്ചു. വിഷയം അനദ്ധ്യാപക ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്‌കരണം അനുവദിക്കുന്നതു സംബന്ധിച്ചുതന്നെ. ഡയറക്ടർ കഴിഞ്ഞ ഏപ്രിലിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനുള്ള ഈ മറുപടിക്കത്തിൽ ഉന്നയിച്ചിരുന്ന ചോദ്യങ്ങൾ കൗതുകകരമായിരുന്നു. ശമ്പള സ്‌കെയിലിലുള്ള അനദ്ധ്യാപക ജീവനക്കാർക്ക് നിലവിലെ സ്‌കെയിൽ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭ്യമാക്കണം എന്നതാണ് ഒന്നാമത്തെ നിർദ്ദേശം. അതായത് പാലക്കാട് മെഡിക്കൽ കോളേജ് ഡയറക്ടർ അദ്ദേഹത്തിന്റെ ചുമതലയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവർദ്ധനവു ചോദിച്ചപ്പോൾ കിട്ടിയ മറുപടി, അവരിൽ ചിലർക്ക് കൂടുതൽ ശമ്പളം കിട്ടിയതിന്റെ സർക്കാർ ഉത്തരവ് എവിടെ എന്ന മറുചോദ്യം. അത് പാലക്കാട്ടിരിക്കുന്ന ആൾ തിരുവനന്തപുരത്ത് കൊടുക്കണംപോലും. അവിടെ സർക്കാർ ഉത്തരവു കിട്ടാൻ വഴിയില്ല. ആ ജീവനക്കാർക്ക് ഇൻക്രിമെന്റ് നൽകിയിരുന്നോ, ഇതിന് സർക്കാർ അനുമതി നൽകിയിരുന്നോ എന്നീ ചോദ്യങ്ങളുമുണ്ട്. സർക്കാർ ഉത്തരവുകൾ വിരൽത്തുമ്പിൽ കിട്ടുന്ന ഭരണ സിരാകേന്ദ്രത്തിലിരുന്ന് സ്വന്തം വകുപ്പിലെ മുൻ ഉത്തരവുകൾ ചോദിച്ച് പാലക്കാട്ടേക്ക് കത്തെഴുതുന്ന ഭരണാധികാരികൾ. ഇങ്ങനെ പാലക്കാട് പട്ടിക ജാതി-വർഗ്ഗ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും അർത്ഥങ്ങൾ പലതാണ്.

ബഹുഭൂരിഭാഗവും ദളിതരുള്ള അനദ്ധ്യാപക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പാലക്കാട് മെഡിക്കൽ കോളേജ് യൂണിറ്റ് മന്ത്രി കെ. രാധാകൃഷ്ണനു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിശദമായ നിവേദനം കൊടുത്തിരുന്നു. വിശദവും സമഗ്രവുമായിരുന്നു അത്. “2014 മുതൽ സ്ഥിരം ജീവനക്കാരായി നിയമനം ലഭിച്ച് ജോലി ചെയ്തുവരുന്ന ഞങ്ങൾക്കു വകുപ്പിനു കീഴിൽ ജോലി ക്രമപ്പെടുത്തി (റഗുലറൈസ്) തന്നിട്ടില്ല. പട്ടികജാതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിട്ടു പോലും പട്ടികജാതിക്കാരായ ഞങ്ങൾ കടുത്ത അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്”, ആ നിവേദനത്തിലെ വരികളാണ്. ആത്മാഭിമാനത്തിനു സ്വയം മുറിവേൽപ്പിക്കാതെ പറയാവുന്നതിന്റെ പരമാവധി. സ്ഥിരം ജീവനക്കാരായി നിയമനം ലഭിച്ചു എന്നു പറയുന്നുണ്ടെങ്കിലും അവർക്ക് സ്ഥാപനത്തിൽനിന്ന് എന്തെങ്കിലുമൊരു കത്തോ സർട്ടിഫിക്കറ്റോ മറ്റോ വേണ്ടിവരുമ്പോഴറിയാം വസ്തുത; അഥവാ തനിനിറം. ‘സ്ഥിരപ്പെടുത്താത്ത ആൾ’ എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് കിട്ടുന്ന വിചിത്ര സ്ഥിതി നേരിട്ടിട്ടുണ്ട് ഇവിടുത്തെ ജീവനക്കാർ.

2023 മെയ് എട്ടിന് ഇവർക്ക് നിയമനം കിട്ടിയിട്ട് ഒന്‍പതു വർഷം പൂർത്തിയായി. അതായത് ഇപ്പോൾ ഒന്‍പതര വർഷമായിരിക്കുന്നു. 121 അദ്ധ്യാപക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് 2020-. കരാർ-താൽക്കാലിക നിയമനം കിട്ടിയവരായിരുന്നു ഇവരിൽ കൂടുതൽ പേരും. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെടുന്ന ഡോക്ടർമാർ വളരെക്കുറവ്. നേരത്തെ, സ്ഥാപനത്തിലെ സ്പെഷ്യൽ ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നു. അതു ചൂണ്ടിക്കാട്ടി, അന്വേഷണം കഴിയാതെ സ്ഥിരപ്പെടുത്തൽ നടക്കില്ല എന്നാണ് ഒരു ഘട്ടത്തിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിച്ചത്. നിയമനാധികാരി സ്പെഷ്യൽ ഓഫീസറായിരുന്നു. ജീവനക്കാർക്ക് ബാധകമല്ലാത്ത ഒരു അന്വേഷണത്തിന്റെ പേര് പറഞ്ഞു സ്ഥിരപ്പെടുത്തൽ നീട്ടുമ്പോൾത്തന്നെയാണ് അദ്ധ്യാപക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. മാത്രമല്ല, നിയമനങ്ങളിൽ അഴിമതി നടന്നിട്ടില്ല എന്ന് 2020 ഡിസംബറിൽ എസ്.സി വകുപ്പിന് വിജിലൻസ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതേത്തുടർന്ന്, സ്ഥിരപ്പെടുത്താൻ യോഗ്യരായ അനദ്ധ്യാപക ജീവനക്കാരുടെ വിശദ പട്ടികയും സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും 2021 ജനുവരിയിൽ മെഡിക്കൽ കോളേജ് ഡയറക്ടറോട് സർക്കാർ ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ സർക്കാരിനു വിശദമായ പ്രപ്പോസൽ സമർപ്പിച്ചു. അതാണ് ധനവകുപ്പിനും എസ്.സി, എസ്.ടി വകുപ്പിനുമിടയിൽ തട്ടിക്കളിക്കുന്നത്. ധനമന്ത്രിയും എസ്.സി, എസ്.ടി മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. രാഷ്ട്രീയ തീരുമാനമെടുക്കാൻ ഇരുവരും മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ നിയമമന്ത്രിയും ചേർന്ന് മുഖ്യമന്ത്രിയെ കാര്യങ്ങൾ അതിന്റെ മെറിറ്റിൽ ധരിപ്പിക്കുകയാണ് വേണ്ടത്. പാർട്ടിക്കു മുന്നിൽ എസ്.സി, എസ്.ടി മന്ത്രി കെ. രാധാകൃഷ്ണൻ ഈ വിഷയം വയ്ക്കുമ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാലും നിയമമന്ത്രി പി. രാജീവും എതിർക്കാതിരിക്കാൻ അതുമതിയാകും. അതോടെ അനദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ പാർട്ടിയും സ്വാഭാവികമായും മുന്നണിയും അനുമതി നൽകും. അതിനാണ് രാഷ്ട്രീയ തീരുമാനമെടുക്കുക എന്നു പറയുന്നത്. അതാണു സ്വന്തം വകുപ്പിനു കീഴിലെ പട്ടികവിഭാഗക്കാരായ വലിയൊരു വിഭാഗം ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും മന്ത്രി കെ. രാധാകൃഷ്ണനു ചെയ്യാവുന്ന നീതി. അല്ലാതെ ക്ഷേത്രത്തിന്റെ ചടങ്ങിൽ ജാതി വിവേചനം നേരിട്ടു എന്ന് എട്ടു മാസം കഴിഞ്ഞു വെളിപ്പെടുത്തുന്നതുപോലെ വേണോ വേണ്ടയോ എന്നു തലപുകയ്ക്കേണ്ട വിഷയമല്ല.

ഈ റിപ്പോര്‍ട്ട് കൂടി വായിക്കാം

കടം മാത്രം കൊയ്യുന്ന കര്‍ഷകര്‍